✍️ RJ
“നിങ്ങളുടെ അച്ഛൻ പെൻഷൻ പറ്റി വീട്ടിലിരിക്കണ്ടായിരുന്നു ദാസേട്ടാ… എന്തൊരു ബുദ്ധിമുട്ടാണെന്നറിയ്യോ ഇപ്പോഴീ വീട്ടിലൂടെ കണ്ണു തുറന്നു നടക്കാൻ… ഓരോരോ കോപ്രായങ്ങൾ… അതും വയസ്സാംകാലത്ത്…. ഈ മുതുകിളവനാട്ടം കൂടി കാണാനുള്ള യോഗം ഉണ്ടാവും എന്റെ ജാതകത്തിൽ… അല്ലാതെ എന്താ ഞാനിപ്പോ ഇതിനെല്ലാം പറയുക….?
കയ്യിലിരുന്ന കുടി വെള്ളത്തിന്റെ ജഗ്ഗ് മേശപ്പുറത്ത് ശബ്ദത്തോടെ വെക്കുന്നതിനൊപ്പം തന്നെ പരാതിക്കെട്ടുകൂടി അഴിച്ചു വിതറി തന്നെ നോക്കുന്നവളെ ദയനീയമായ് തന്നെ ഇന്നും നോക്കി ദാസൻ….
ഈ അച്ഛനിന്നും എന്നെ പട്ടിണി കിടത്തുമല്ലോ എന്റെ ഭഗവാനെ എന്നൊരു ആത്മഗതത്തോടെ കിടക്കയിൽ നിന്നെഴുന്നേറ്റ് മേശയിൽ ചാരി നിൽക്കുന്ന അനുവിനരിക്കിലെത്തിയവൻ…
ഇന്നെന്താ അനൂട്ടീ നീ കണ്ടത്…?
അച്ഛൻ അമ്മയ്ക്ക് ചോറ് വാരിക്കൊടുക്കുന്നതാണോ…?
അതോ മുടി ചീവികെട്ടി പൂ വെയ്ക്കുന്നതോ…?
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തതുപോലെ പിന്നെയും പിറുപിറുത്തു കൊണ്ടിരിക്കുന്നവളുടെ കവിളൊന്ന് പിച്ചിവലിച്ച് ദാസൻ ചിരിയൊളിപ്പിച്ചു ചോദിച്ചതും അവന്റെ കൈ തന്റെ കവിളിൽ നിന്ന് ശക്തിയിൽ തട്ടിയെറിഞ്ഞു അനു… ഒപ്പം തനിയ്ക്കടുത്തേക്ക് കൊഞ്ചി ചേർന്നു വരുന്നവനെ പിന്നോക്കം തള്ളിയകറ്റുക കൂടി ചെയ്തവൾ
നീയെന്താടീ ഇങ്ങനെ… മനുഷ്യനെപ്പോ തൊട്ടാലും ആടിന്റെ മേത്ത് വെള്ളം തളിച്ച പോലെ തുള്ളി തെറിച്ച് മനുഷ്യനെ തള്ളി മാറ്റിക്കൊണ്ട്…
തള്ളി വിട്ടിടത്തു നിന്ന് തിരികെ വന്നനുവിന്റെ ദേഹത്തു തന്നെ ഒട്ടിച്ചേർന്ന് ദാസൻ പരിഭവം പറഞ്ഞ് മുഖം വീർപ്പിച്ചതും അവനെ കനപ്പിച്ചൊന്നു നോക്കി അനു
അതോടെ അവളിൽ നിന്നകന്ന് തിരികെ ബെഡ്ഡിൽ തന്നെ പോയിരുന്നു ദാസൻ… അവന്റെ നോട്ടമപ്പോഴും അനുവിൽ തന്നെയാണ്… അതറിഞ്ഞതും അനുവിന്റെ കണ്ണുകളും കൂർത്തു അവനു നേരെ…
ആകെ ആഴ്ചയിൽ രണ്ടു ദിവസമാണ് മനുഷ്യൻ വീട്ടിലേക്ക് വരുന്നത്..
അതും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ലീവൊപ്പിച്ച് കെട്ടിയ പെണ്ണിന്റെ കൂടെ നിൽക്കാനുള്ള കൊതി കൊണ്ട്… എന്നിട്ട് വീട്ടിൽ വന്നാൽ ഇവിടൊരുത്തിയ്ക്ക് വല്ലപ്പോഴും വരുന്ന കെട്ടിയവനെ നോക്കാനോ അവനൊപ്പം ഇരുന്നും കിടന്നും ഭാവിതലമുറയെ വാർക്കാനുമൊന്നും സമയവും നേരവും ഇല്ല…
ഉള്ള സമയം മുഴുവൻ അമ്മായിഅപ്പന്റേം അമ്മായി അമ്മേടേം പിന്നാലെ നടന്ന് അവരുടെ സീൻ പിടിച്ച് അതും കുറ്റമാക്കി പറഞ്ഞു നടക്കുവാണ് അവളൊരുത്തി… ”
തന്നെ കൂർപ്പിച്ചു നോക്കുന്നവളെ അതേ പോലെ തിരിച്ചും നോക്കി ദാസൻ പറഞ്ഞതും മുറിയിൽ നിന്ന് വെട്ടി തിരിഞ്ഞിറങ്ങി പോയ് അനു
അങ്ങനെ ഇന്നത്തെ രാത്രിയും നിങ്ങളു കാരണം എന്റെ കാര്യം ഗോവിന്ദയായല്ലോ എന്റെ പൊന്നച്ഛാന്ന് പറഞ്ഞ് ദാസൻ കിടക്കയിലേക്കൊന്നു മലർന്നു കിടന്നു…
ഒട്ടു നേരത്തെ കിടപ്പിനു ശേഷം ചുണ്ടിലൊരു പുഞ്ചിരിയുമായ് കിടക്കയിൽ നിന്നെഴുന്നേറ്റ് അച്ഛന്റെ മുറിയ്ക്കു നേരെ ദാസൻ നടന്നതും അവനെതിരെ വന്ന അനു എങ്ങോട്ടാണെന്നതു പോലെ അവനെ നോക്കി
ആ നോട്ടമറിഞ്ഞിട്ടും അവളെന്നൊരാളെ കണ്ട ഭാവം നടിക്കാതെ അച്ഛന്റെ മുറി വാതിൽ ചെറുതായൊന്ന് തട്ടി പുറത്തു കാത്തു നിന്നു ദാസൻ..
ദാസൂട്ടാ.. കയറി വാടാ മോനെ…
അകത്തു നിന്നമ്മയുടെ ശബ്ദം കേട്ടതും വാതിൽ തള്ളിത്തുറന്ന ദാസൻ മുമ്പിലെ കാഴ്ചയിൽ പല്ലൊന്നിറുമ്മി…
അമ്മയുടെ മടിയിൽ തല വെച്ച് തന്നെ നോക്കി ചിരിക്കുന്ന അച്ഛൻ…
ആ ചിരിയിൽ അച്ഛനൊളിപ്പിച്ച കളിയാക്കൽ കണ്ടതും അവൻ വേഗത്തിൽ അമ്മയ്ക്കടുത്തെത്തി അച്ഛനെ ആ മടിയിൽ നിന്ന് തള്ളിമാറ്റി പകരം അവിടെ തലവെച്ചു കിടന്നച്ഛനെ പുച്ഛിച്ചു….
“ഇതെന്റെ ഭാര്യയാണ്… ഞാനാണിവിടെ കിടക്കേണ്ടത്… നിനക്ക് കിടക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ സ്വന്തമായിട്ടൊരുത്തി ഇല്ലേടാ…. അവളുടെ അടുത്തോട്ട് ചെല്ല് നീ…”
ദാസനെ വലിച്ചു താഴെയിടാൻ നോക്കി അച്ഛൻ പറഞ്ഞതും അവനച്ഛനെ കനപ്പിച്ചൊന്നു നോക്കി… അതു കണ്ടതും അച്ഛന്റെ മുഖത്തൊരു കള്ളച്ചിരിതെളിഞ്ഞു
അവളിന്നും നിന്നോട് പിണങ്ങി അല്ലേടാ… സോറി…
ദാസനോടു ചേർന്നു കിടന്നച്ഛൻ പറഞ്ഞതും അച്ഛനെ സൂക്ഷിച്ചു നോക്കി അവൻ
“ഇന്നെന്താണ് രണ്ടും കൂടി എന്റെ പെണ്ണിന്റെ മുന്നിൽ വെച്ചൊപ്പിച്ചത്… സത്യം പറയാലോ അച്ഛാ റിട്ടയർ ആയതിൽ പിന്നെ അച്ഛൻ വല്ലാതെ വഷളായിട്ടുണ്ടെന്ന് എന്റെ പെണ്ണ് വെറുതെ പറയുന്നതല്ലാട്ടോ… ചെറുപ്പക്കാർക്കില്ലാത്ത ഇളക്കമാണ് അച്ഛന്… അനൂന്റെ ഭാഷേൽ പറഞ്ഞ മുതുകിളവനാട്ടം…”
ദാസൻ പറഞ്ഞതും ഒരു പൊട്ടിച്ചിരി ഉയർന്നച്ഛനിൽ നിന്നും
ഞാനെന്റെ ഭാര്യയ്ക്ക് ഒരുമ്മ കൊടുത്തത് അവളു കണ്ടതിനാണെടാ അവളെന്നെ മുതു കിളവൻ ആക്കിയത്… ഞാനെ ചെറുപ്പക്കാരനാ… ചെറുപ്പക്കാരൻ….
ചിരി മായാതെ പറയുന്ന അച്ഛനെ ഇറുക്കി തന്നോടു ചേർത്തു പിടിച്ചു ദാസൻ പെട്ടന്ന്…
അവന്റെ ചേർത്തു പിടിക്കലറിഞ്ഞതും ചിരി നിർത്തി അവനെ നോക്കി അച്ഛനും അമ്മയും…
“നാളെ മടങ്ങുമ്പോൾ ഞാൻ അനൂനേം കൂടെ കൊണ്ടു പോകുവാണച്ഛാ… അവിടെ ക്വാർട്ടേസെല്ലാം റെഡിയാണ്…”
ദാസൻ പറഞ്ഞതും നിശബ്ദം അവനെ നോക്കിയവർ…
നിങ്ങളെ രണ്ടാളേം അവൾക്ക് ഭയങ്കര ഇഷ്ടാണച്ഛാ… ഈ കുറ്റം പറച്ചിലും പരാതിയും ഞാനവൾക്കൊപ്പം ഇല്ലാത്തതുകൊണ്ടാണ്… പാവം പെണ്ണല്ലേ അവള്.. എന്നോടുള്ള സ്നേഹം കൊണ്ടുള്ള പരാതിയാണിതെല്ലാം… അവളോടു ദേഷ്യമൊന്നും തോന്നല്ലേ ട്ടോ രണ്ടാൾക്കും…
അനുവിനോടുള്ള സ്നേഹത്താൽ വിങ്ങുന്ന സ്വരത്തിൽ ദാസൻ പറഞ്ഞതും അവനെ തന്നിലേക്കു ചേർത്ത് പിടിച്ചാ അച്ഛൻ
“ഞങ്ങൾക്കറിയാടാ അവള് പാവം കുട്ടിയാണെന്ന്… നിന്നോടുള്ള സ്നേഹ കൂടുതലാണ് ഞങ്ങളോടുള്ള പരിഭവമായിട്ടുമാറുന്നത്…
അവളേം കൂട്ടി പോയ് കുറച്ചുക്കാലം അവളുടെ മാത്രമായിട്ട് ജീവിക്ക് നീ… അങ്ങനെ ജീവിക്കുമ്പോഴേ ഈ ഞങ്ങളേയും ഞങ്ങളുടെ സ്നേഹത്തെയും അവൾക്ക് പരിഭവമേതുമില്ലാതെ പൂർണ്ണമനസ്സോടെ ഉൾക്കൊള്ളാൻ പറ്റൂ…
എന്റെ ജോലി തിരക്ക് കാരണം ഒത്തിരി കാലം നിന്റെ അമ്മയ്ക്ക് എന്നെ വേർപ്പിരിഞ്ഞ് നിൽക്കേണ്ടി വന്നത് കണ്ടറിഞ്ഞു വളർന്ന മകനല്ലേ നീ… അന്ന് നിന്റെ അമ്മയ്ക്ക് കൊടുക്കാൻ പറ്റാതെ ഞാൻ മാറ്റി വെച്ച സ്നേഹമാണ് ഇപ്പോൾ ഞാനവൾക്ക് കൊടുക്കുന്നത്… അതൊക്കെ ഞാനൊന്ന് കൊടുത്ത് തീർക്കുമ്പോഴേക്കും നിങ്ങള് പോയ് സ്നേഹത്തിന്റെ കടമേതുമില്ലാതെ സ്നേഹിച്ചു ജീവിച്ചു തിരിച്ചു വാടാ…
സ്നേഹത്തോടെ തന്നെ തഴുകി തലോടി പറയുന്ന അച്ഛനെ നോക്കി കണ്ണിറുക്കി അമ്മയുടെ മുഖം നിറയെ ഉമ്മ വെച്ച് ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാനൊരുങ്ങി ദാസൻ
എനിയ്ക്കും കൂടി രണ്ടുമ്മ താടാ… ഞാൻ നിന്റെ അച്ഛനല്ലേടാ…
അമ്മേ ഞാൻ തന്ന ഉമ്മയിൽ നിന്നൊരു രണ്ടെണ്ണം എന്റെ വകയായ് അച്ഛന് കൊടുത്തേക്ക് ട്ടോ…
പരിഭവം പറയുന്ന അച്ഛനെ ചിരിയോടെ നോക്കി ദാസൻ പറഞ്ഞതും ചിരിയോടമ്മ അച്ഛനു പുറകിൽ പതുങ്ങിയതും മനസ്സുനിറഞ്ഞു പോയ് ദാസന്…
അതുപോലെ ഈ സംസാരമെല്ലാം കേട്ടാ വാതിൽപ്പുറം നിന്നിരുന്ന അനുവിന്റെ കണ്ണിലും രണ്ടു തുള്ളി കണ്ണുനീർ തിളങ്ങി….
തന്നെ പൂർണ്ണമായും മനസ്സിലാക്കുന്ന ഒരു കുടുംബത്തെ സ്വന്തമായ് കിട്ടിയതോർത്ത്….
ഇഷ്ടമാണ് ഇവിടുത്തെ അമ്മയേം അച്ഛനേയും ദാസേട്ടനോളം തന്നെ… പക്ഷെ അമ്മയോടുള്ള അച്ഛന്റെ സ്നേഹവും പരിഗണനയുമെല്ലാം കാണുപ്പോൾ ദാസേട്ടൻ താനാഗ്രഹിക്കുമ്പോൾ തനിയ്ക്കരികിൽ ഇല്ലല്ലോ എന്ന ദേഷ്യം മനസ്സിലാകെ നിറയും… പിന്നെ കാണുന്നതിനോടും കേൾക്കുന്നതിനോടുമെല്ലാം പരാതിയും പരിഭവവുമാണ് തനിയ്ക്ക്…..
ജോലി മാറ്റം കിട്ടാൻ ദാസേട്ടന് ബുദ്ധിമുട്ടാണെന്നറിഞ്ഞും താൻ വാശി പിടിച്ചപ്പോൾ തന്നെ കൂടെ കൊണ്ടുപോവാനുള്ളതെല്ലാം ചെയ്തു വന്നിട്ടാണ് ദാസേട്ടൻ തന്റെ മുമ്പിലീ രണ്ടു ദിവസം നിന്നതും തന്റെ പരാതിയും പരിഭവവുമെല്ലാം കേട്ടതുമെന്നുമെല്ലാം ഓർത്തതും ദാസനോടുള്ള സ്നേഹത്താൽ വിങ്ങി അവൾക്കുള്ളം…
അവന്റെ നെഞ്ചിൽ ചേരാനും അവനിൽ അലയാനും അവളത്രയും മോഹിച്ചതും ദാസന്റെ കൈകളവളെ എടുത്തുയർത്തി മുറിയിലേക്ക് നടന്നിരുന്നു… അവരുടെ പ്രണയ ലോകത്തേക്ക്… ഒരാളിൽ മറ്റൊരാൾ ലയിച്ചു തീരും വരെ പ്രണയിക്കാൻ….
RJ
