ദേണ്ടെടാ സുമേഷേ നമ്മുടെ മോഹനേട്ടന്റെ സെറ്റപ്പ് ചേച്ചി പോകുന്നു… കൂടെ ഉള്ളത് അവരുടെ മോളാണോ….

✍️ RJ

” ദേണ്ടെടാ സുമേഷേ നമ്മുടെ മോഹനേട്ടന്റെ സെറ്റപ്പ് ചേച്ചി പോകുന്നു…
കൂടെ ഉള്ളത് അവരുടെ മോളാണോ….?
ഇവരപ്പോൾ തിരികെ ഇവിടേക്കു തന്നെ താമസത്തിനു വന്നോ… വന്നെങ്കിൽ മോഹനേട്ടന് അന്തിക്കൂട്ടിനാളായല്ലോ… ഭാര്യതെറ്റി പോയിട്ട് കൊല്ലം കൊറച്ചായ സ്ഥിതിക്ക് വേണമെങ്കിൽ ഇനി ഇവരമ്മയേം മോളേം കൂടെ കൂട്ടാലോ മൂപ്പർക്ക്…

നാൽക്കവലമുക്കിലെ നീളൻ പോസ്റ്റിലിരുന്ന് ബാബുവൊരു വഷളൻ ചിരിയോടെ സുമേഷിനോടുറക്കെ വിളിച്ചു പറഞ്ഞതും കവലയിൽ അവിടെയും ഇവിടെയുമായ് നിന്നിരുന്ന സകല മനുഷ്യരുടെ നോട്ടവും ഇതെല്ലാം കേട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ പരസ്പരം സംസാരിച്ചു നടന്നു നീങ്ങുന്ന ആ അമ്മയിലും മകളിലുമെത്തി…

“ലതേച്ചിയുടെ മകളാണതെങ്കിൽ ഇനിയടുത്ത ചാൻസാ പെൺക്കുട്ടിക്കാണ്… അമ്മാതിരി ഫിഗറണല്ലോ ബാബുവേട്ടാ പെണ്ണിന്… തള്ള മോഹനേട്ടന്റെ മാത്രമായിരുന്നെങ്കിൽ മകൾ ഈ നാട്ടുക്കാരുടെ മുഴുവനും ആവാനൊരു ചാൻസു ഞാൻ കാണുന്നുണ്ട്… നിങ്ങളു കാണുന്നുണ്ടോ ബാബുവേട്ടാ അങ്ങനെയൊരു ചാൻസ്…?

കൺമുന്നിൽ കാണുന്ന ഏതൊരു പെൺകുട്ടിയെയും നോട്ടം കൊണ്ട് നഗ്നനാക്കാൻ കഴിവുള്ളത്ര വഷളനായസുമേഷിന്റെ ചോദ്യത്തിന് പരിഹാസചിരിയായിരുന്നവിടെ നിന്നവരുടെ എല്ലാം മുഖത്ത്…

“അമ്മ വേലി ചാടിയാൽ മകൾ മതിലുചാടും എന്നാണല്ലോ സുമേഷേ… ആ നിലയിൽ നീ പറഞ്ഞതുപോലാ പെണ്ണ് ഈ നാട്ടുക്കാരുടെ മുഴുവനും ആകാനൊരു ചാൻസ് ഞാനും കാണുന്നുണ്ട്… തള്ളയെ മോഹനേട്ടൻ എടുക്കുമ്പോൾ മോൾക്കും വേണ്ടേ ആരെങ്കിലും… അതു നമുക്കാവാം … പൊളിക്കില്ലേ…

ബാബുവിന്റെ സുമേഷിനുള്ള മറുപടി കൂടിയായതും ആ കവലയിലെ അന്നത്തെ അന്തി ചർച്ച ആ അമ്മയും മകളും മാത്രമായ് തീർന്നു

ഇതെല്ലാം കണ്ടും കേട്ടും ദേഷ്യമടക്കിയൊരുവൻ ആ ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നു, ഒരാളും തിരിച്ചറിഞ്ഞില്ല പക്ഷെ അവനെ… അതവനാണ് ഹർഷൻ… ഇത്ര നേരവും ആ കവലയിലുള്ളവർ പറഞ്ഞു രസിച്ചകഥയിലെ നായകനായ മോഹനന്റെ മകൻ ഹർഷൻ…

അവന്റെ കണ്ണുകളും തങ്ങി നിന്നത് കൺമുന്നിലൂടലസം നടന്നു മറയുന്ന ആ അമ്മയിലും മകളിലുമാണ്… അതോ മകളിൽ മാത്രമോ….?

“അച്ഛാ…. ഞാനിന്നു ലതാന്റിയെ കണ്ടു… കൂടെ ആന്റിയുടെ മകളുമുണ്ടായിരുന്നച്ഛാ… നല്ലൊരു സുന്ദരി പെൺക്കുട്ടി…

വീട്ടിലെത്തിയ ഹർഷൻ വൈകുന്നേരം അച്ഛൻ മോഹനനെ ഫോൺ വിളിച്ചു പറയുന്നതു കേട്ടതും അവന്റെ അമ്മ മീന ഒരു പകപ്പോടെയും ഞെട്ടലോടെയും ശ്വാസം കഴിക്കാൻ മറന്നെന്ന പോലെ നോക്കി നിന്നവനെ ….

എനിക്കച്ഛനെയൊന്നു നേരിട്ടു കാണണം അച്ഛാ … പറ്റുമെങ്കിൽ നാളെ തന്നെ… അച്ഛൻ നാളെ അവിടെ വീട്ടിലുണ്ടാവോ… ?

“ഓക്കെ അച്ഛാ… അപ്പോ നാളെ… എനിയ്ക്കുള്ള ബ്രേക്ഫാസ്റ്റ കൂടി കരുതണം .. ഞാൻ രാവിലെ എത്തും….,

ഹർഷന്റെ സംസാരത്തിനു മറുവശത്തു നിന്നു വന്ന മറുപടിയുടെ സന്തോഷം അവന്റെ മുഖത്തും സംസാരത്തിലും നിറയുന്നത് വല്ലാത്തൊരസ്വസ്ഥതയോടെ നോക്കി നിന്നു മീന…

ഫോൺ കോളവസാനിപ്പിച്ച് ഒരു മൂളിപ്പാട്ടോടെ ഹർഷൻ തിരിഞ്ഞതും കണ്ടു തന്നെ നോക്കി ദേഷ്യത്തിൽ നിൽക്കുന്ന അമ്മയെ..

അവരുടെ ദേഷ്യം നിറഞ്ഞ മുഖത്തേക്കും പകയാളുന്ന കണ്ണുകളിലേക്കും അലസമെന്നോണം നോട്ടമയച്ച് ഹർഷൻ വീടിനകത്തേക്ക് കയറി

ഹർഷാ…

മീന വിളിച്ചതും ആ ഒരു വിളി പ്രതീക്ഷിച്ചവൻ ചോദ്യഭാവത്തിലവരെ തിരിഞ്ഞു നോക്കി

“നീ എന്തിനാ നാളെ അയാളെ കാണാൻ പോവുന്നത്…?

അമ്മയുടെ ചോദ്യത്തിൽ ഹർഷന്റെ മുഖമൊന്നിരുണ്ടു…

ആരെ കാണാൻ പോവുന്ന കാര്യമാണ് അമ്മ ചോദിക്കുന്നത് …?
എനിയ്ക്ക് മനസ്സിലായില്ല…

ഹർഷൻ മീനയിൽ തന്നെ നോട്ടമുറപ്പിച്ചു തിരികെ ചോദിച്ചതും അവനോടുള്ള ദേഷ്യം നിറഞ്ഞു മീനയുടെ മുഖത്താകെ…

“നിന്റെ അച്ഛൻ മോഹനനെ നീ നാളെ എന്തിനാ കാണാൻ പോവുന്നതെന്നാണ് ഞാൻ ചോദിച്ചത്… മനസ്സിലായോ…?

പല്ലുകൾ കടിച്ചമർത്തി മീന ചോദിച്ചതും അവരെ പരിഹസിയ്ക്കും പോലെയൊരു ചിരി ഹർഷന്റെ ചുണ്ടിൽ തെളിഞ്ഞു

അമ്മയുടെ ചോദ്യത്തിലുണ്ട് അമ്മയ്ക്കുള്ള ഉത്തരവും.. അതെന്റെ അച്ഛനാണ്…. അതു കൊണ്ട് ഞാൻ കാണാൻ പോവുന്നു…

തികച്ചും സാധാരണയെന്ന വിധം പറഞ്ഞവൻ റൂമിലേക്കു കയറിയതും അവനു പിന്നാലെ തന്നെ റൂമിലേക്കു കയറി മീനയും…

“നീ നാളെ അയാളെ കാണാൻ പോവുന്നത് ആ അഴിഞ്ഞാട്ടക്കാരിയെയും അവളുടെ മകളെയും പറ്റി അയാളോടെന്തെങ്കിലും പറയാനാണോ… ആണങ്കിൽ അതു വേണ്ട… അവരുടെ ഒരു കാര്യത്തിലും നീ ഇടപ്പെടുകയോ നിന്റെ അച്ഛനെ ഇടപ്പെടുത്തുകയോ ചെയ്യണ്ട… മനസ്സിലായോ നിനക്ക്… ഒന്നൊഴിഞ്ഞു പോയതായിരുന്നു നാശം പിടിച്ചവൾ… ഇപ്പം വീണ്ടും വന്നേക്കു വാണ് മകളേം കൊണ്ട് ബാക്കിയുള്ളവന്റെ സമാധാനം കളയാനായ്… മുടിഞ്ഞു പോവത്തേയുള്ളവൾ… എന്റെ ജീവിതം തുലച്ച അവൾ നശിച്ചുപോവും… അതു ഞാനെന്റെ കണ്ണു കൊണ്ട് കാണും…. ”

ഇരു കൈകളും നിറുകയിൽ വെച്ച് ലതയെ ശപിക്കുന്ന മീനയെ കണ്ടതും മേശപ്പുറത്തിരുന്ന വെള്ളമടങ്ങിയ ജഗ്ഗ് നിലത്തേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞ് അവിടെ നിന്നിറങ്ങി പോയ് ഹർഷൻ….

അവന്റെയാ ഇറങ്ങിപോക്ക് നോക്കി നിന്ന മീനയുടെ മുഖത്ത് അന്നേരം പൈശാചികമായൊരു ഭാവം തെളിഞ്ഞു നിന്നു

കാറിൽ നിന്നിറങ്ങി ഓടികിതച്ചാണ് മീന ആ അമ്പലമുറ്റത്തേക്കെത്തിയത്….
വിയർപ്പിൽ കുതിർന്നിരുന്നവരുടെ മുഖമെങ്കിൽ വാരിവലിച്ചു ചുറ്റിയ ഒരു സാരിയാണവർ ധരിച്ചിരുന്നത്…

അമ്പലമുറ്റത്തെത്തിയതും പിടിച്ചുകെട്ടിയ പോലെ നിന്നു പോയ് മീന കൺമുന്നിലെ കാഴ്ചയിൽ…

ലതയുടെ മകൾ മായയെ താലിക്കെട്ടി സിന്ദൂരമണിയിക്കുന്ന തന്റെ മകൻ ഹർഷൻ…. അവനും അവൾക്കും അരികിലായ് ചിരിച്ചു സംസാരിച്ചു നിൽക്കുന്ന മോഹനനും ലതയും

നിയന്ത്രണം നശിച്ചുപോയ് മീനയുടെ

എടീ… നശിച്ചവളെ….

ഉറക്കെ അലറി കൈ വീശിയടുത്തു മീന മായയ്ക്കു നേരെ… എന്നാൽ മീനയുടെ കൈ മായയുടെ ശരീരത്തിൽ തട്ടും മുമ്പേ ആ കൈ തടുത്ത് അമ്മയ്ക്കു മുമ്പിലേക്ക് കയറി നിന്നു ഹർഷൻ… അന്നേരത്തെ അവന്റെ മുഖഭാവം മീനയിലൊരു ഭയം സൃഷ്ടിച്ചെങ്കിലും തനിയ്ക്കു തടസ്സമായ് വന്നവനെ തള്ളി മാറ്റി ലതയ്ക്കു നേരെ തിരിഞ്ഞുമീന

നീ എന്റെ അടുത്ത് നിന്നാദ്യം എന്റെ ഭർത്താവിനെ നിന്റെ ശരീരം കാട്ടി മയക്കി തട്ടിയെടുത്തു… ഇപ്പോ അതേ തന്ത്രം നീ നിന്റെ മകളെയും പഠിപ്പിച്ച് എന്റെ മോനെയും എന്റെ അടുത്ത്ന്ന് തട്ടിയെടുക്കാൻ നോക്കുന്നോടി പിഴച്ചവളെ നീ… എന്റെ ശരീരത്തിൽ ശ്വാസമുണ്ടെങ്കിൽ ഇതു ഞാൻ അനുവദിക്കില്ലെടി… തന്തയെ മാത്രം പോരാഞ്ഞിട്ടാണോ നീ എന്റെ മോനെയും വശീകരിച്ചത്….. ഒരുമ്പ…….

വായിൽ വന്നൊരു തെറിയോടെ മീന പറഞ്ഞതും അവരുടെ മുഖമടച്ച് മോഹനന്റെ വലം കൈ വീണിരുന്നു…

അമ്മേ…. അമ്മയുടെ നശിച്ച സംശയരോഗം മൂലം തകർന്നു പോയൊരു ജീവിതമാണ് ലതാന്റിയുടെ… അമ്മ കാരണം നാട്ടുകാർക്കു മുമ്പിൽ നാണം കെടേണ്ടി വന്നൊരു പാവം… ഇനിയും അവരെ അമ്മ എന്തെങ്കിലും പറഞ്ഞാൽ പ്രതികരിക്കുക അച്ഛനാവില്ല… ഞാനാണ്….

കത്തുന്ന മുഖത്തോടെ ഹർഷൻ കൈ ചൂണ്ടിപറഞ്ഞതും ഒന്നു പിന്നോക്കം നിന്നുപോയറിയാതെ തന്നെ മീന…

അച്ഛന്റെ നല്ലൊരു സുഹൃത്തായിരുന്ന ലീനാന്റിയെ അച്ഛനൊപ്പം ചേർത്ത് അനാവശ്യ കഥ അമ്മ മെനഞ്ഞുണ്ടാക്കിയപ്പോൾ ഈ നാട്ടുകാർക്കവർ പിഴച്ചവളായ്…. അവരുടെ പേരും പറഞ്ഞ് അച്ഛനോട് തെറ്റിയമ്മ വീടുവിട്ടിറങ്ങിയപ്പോൾ അമ്മയുടെ വാക്കുകൾ വിശ്വസിച്ചിരുന്ന ഈ നാട്ടിലെ ചില ചെറ്റകൾ ഇവരുടെ വാതിലിലും അന്തിക്കൂട്ടിനാളെ തിരഞ്ഞപ്പോ ഈ നാടു തന്നെ ഉപേക്ഷിച്ചു പോവേണ്ടി വന്നിവർക്ക്..

ഭർത്താവു മരിച്ചിട്ടും മാനം മര്യാദയ്ക്ക് മകളെ വളർത്തി ജീവിച്ചു വന്നവരെ പിഴച്ചവളാക്കി മാറ്റിയ അമ്മയുടെ നാവ് ഞങ്ങളുടെ ജീവിതത്തിൽ വേണ്ട…. മായ എന്റെയാണ്… ഒപ്പം മായയുടെ അമ്മയും…. അമ്മ ഉപേക്ഷിച്ചിറങ്ങി വന്ന വീട്ടിലേക്കാണ് ഞങ്ങളുടെ ഇന്നത്തെ മടക്കം… അച്ഛന്റെ പഴയ അതേ സുഹൃത്തായ് ആന്റിയും ഉണ്ടാവും ആ വീട്ടിൽ ഞങ്ങൾക്കൊപ്പം… ഇത്രയും കാലം പറഞ്ഞതിലേറെയൊന്നും ഇനി നാട്ടുകാർ പറയില്ലല്ലോ… ഇവിടെ നിന്ന് സമയം കളയാതെ അമ്മ വീട്ടിലേക്ക് പോവാൻ നോക്ക്… പഴയ പോലെ ഞാനുണ്ടാവില്ല കൂട്ടിനാ വീട്ടിൽ… ഒരു സ്ത്രി തനിച്ചു നിൽക്കുന്ന ബുദ്ധിമുട്ട് അമ്മയും ഒന്നറിയുന്നത് നല്ലതാണ്…. ചെല്ല്… ”

ഉറച്ച ശബ്ദത്തിൽ അമ്മയോട് പറഞ്ഞു തന്റെ ഇരുഭാഗത്തുമായ് മായയേയും ലീനയെയും ചേർത്തു പിടിച്ച് ഹർഷൻ നടന്നതും അവളെ ആകെയൊന്ന് നോക്കി അവർക്കൊപ്പം നടന്നു മോഹനനും….

ആരും തുണയില്ലാതെ ആ അമ്പലമുറ്റത്തപ്പോഴും തന്റെ ദുഷിച്ച മനസ്സിലെ ദുഷിപ്പേറിയ ചിന്തകളുമായ് തനിച്ചു നിന്നു മീന… തോൽക്കാൻ മനസ്സില്ലാതെ … തിരുത്താൻ മനസ്സില്ലാതെ…

RJ

Leave a Reply

Your email address will not be published. Required fields are marked *