അതേ വഷളൻ നോട്ടവുമായി എന്റെ അടുത്തേക്ക് വരുകയും സ്കൂട്ടർ പരിശോധിക്കുകയും ചെയ്തു. പേടിച്ച് പോയി. മാറിൽ നിന്ന് ഇളകിയ ഷാൾ…

✍️ ശ്രീജിത്ത് ഇരവിൽ

ബോയ്ഫ്രണ്ടുമായി കൂടിയത് കൊണ്ട് നേരം പോയത് അറിഞ്ഞില്ല. പാതിരാത്രി ആയിരിക്കുന്നു. ഇനിയും വൈകിയാൽ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ് ഞാൻ ധൃതിയിൽ ഇറങ്ങി. സ്കൂട്ടറുണ്ട്. ഇരുപത് മിനുട്ടോളമുള്ള യാത്രയാണ്. ഹെൽമറ്റിനുള്ളിലേക്ക് തണുത്ത കാറ്റിന്റെ നേർത്ത സ്പർശനം അറിയാനുണ്ടായിരുന്നു…

പാതി ദൂരത്തിലേക്ക് എത്തിയപ്പോഴേക്കും സ്കൂട്ടർ നിന്നു. സ്റ്റാർട്ട്‌ ആകുന്നുണ്ട്. ആക്സലേറ്റർ കൊടുത്ത് രണ്ടടി മുന്നോട്ട് ചാടുമ്പോഴേക്കും ഓഫാകും. കേടായ സ്കൂട്ടറുമായി പാതിരാത്രിയിൽ പെണ്ണൊരുത്തി പാതയിൽ ഒറ്റപ്പെട്ട് പോകുന്നതിന്റെ ഭയം പതിയേ എന്നെ പിടികൂടി. അൽപ്പം മുന്നിൽ തെളിഞ്ഞ് നിൽക്കുന്ന തെരുവ് വെളിച്ചത്തിലേക്ക് ഞാൻ സ്കൂട്ടർ ഉരുട്ടി. അടുക്കുന്തോറും അതൊരു ബസ്റ്റോപ്പ് ആണെന്നും, അവിടെ ആരോ നിൽക്കുന്നുണ്ടെന്നതും ഞാൻ തിരിച്ചറിയുകയായിരുന്നു.

‘എടാ, സ്കൂട്ടറ് കേടായി. ഞാൻ പെട്ട് നിൽക്കുകയാണ്. നീ പെട്ടെന്നിങ്ങ് വാ… യൂബറൊന്നും നോക്കിയിട്ട് കിട്ടുന്നില്ല… നമ്മുടെ ബ്രിഡ്ജിനടുത്തുള്ള സ്റ്റോപ്പാണെന്ന് തോന്നുന്നു… അവിടെയാരോ നിൽപ്പുണ്ട്. ഞാൻ ഇരുട്ടിൽ നിൽക്കുകയാണ്… പേടിച്ച് മുള്ളിപ്പോകുന്ന അവസ്ഥയാണ്… പെട്ടെന്ന് വാ…’

പറഞ്ഞ് തീരുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു. അവ കവിയാൻ പാകമായിരുന്നു ബോയ്ഫ്രണ്ടിന്റെ മറുപടി.

‘എന്റെ ഹണീ… നീ പോയപ്പോൾ തന്നെ ഞാനിങ്ങി. കസിനെ റെയിൽവേ സ്റ്റേഷനിലേക്ക് ഡ്രോപ്പ് ചെയ്യാൻ പോയിക്കൊണ്ടിക്കുകയാണ്… ഒരു കാര്യം ചെയ്യാം. നീയാ സ്റ്റോപ്പിൽ തന്നെ നിൽക്ക്. ആരെയെങ്കിലും പറഞ്ഞ് വിടാം… പേടിക്കാതെ നില്ല്.. ബി പോസറ്റീവ്…’

ശരിയെന്ന് പറഞ്ഞ് ഫോൺ വെക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. അവൻ പറഞ്ഞത് പോലെ ബി പോസറ്റീവെന്ന് ഉരുവിട്ട് ആരോ നിൽക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന ആ ബസ്റ്റോപ്പിലേക്ക് ഞാൻ സ്കൂട്ടർ ഉരുട്ടി. ശരിയാണ്. അതൊരു മധ്യവയസ്കനായ പുരുഷനാണ്. നേരം പന്ത്രണ്ടാകുന്ന ഈ വേളയിൽ അയാൾ എന്തിനാണ് അവിടെ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഈ നേരത്തൊക്കെ ബസ്സ് ഉണ്ടോയെന്നും ചിന്തിച്ചു.

അങ്ങനെ, പല ചിന്തകളുമായി അയാളും സ്റ്റോപ്പും ഉൾപ്പെടുന്ന ആ തെരുവ് വെളിച്ചത്തിലേക്ക് ഞാനും ചേർന്നു. പ്രകാശം പൊതിഞ്ഞപ്പോൾ ചെറിയ ആശ്വാസം തോന്നി. എന്നെ കണ്ടപാടേ അയാൾ ആദ്യമൊന്ന് ഞെട്ടുകയാണ് ചെയ്തത്. ശേഷം ചിരിച്ചു. കണ്ടാൽ മാന്യനൊക്കെയാണ്. പക്ഷെ, ആ നോട്ടത്തിനൊരു വശപിശകുണ്ട്.

‘ഓഹ്… സ്കൂട്ടറ് കേടായല്ലേ… അതാണ്.. ഒറ്റ വാഹനത്തെയും വിശ്വസിക്കാൻ പറ്റില്ല. എപ്പോഴാണ് നിന്ന് പോകുകയെന്ന് പറയാൻ പറ്റില്ല…’

ഞാൻ വെറുതേയൊന്ന് ചിരിച്ച് കൊടുക്കുക മാത്രം ചെയ്തു. ആ മനുഷ്യൻ വിടാൻ ഒരുക്കമായിരുന്നില്ല. അതേ വഷളൻ നോട്ടവുമായി എന്റെ അടുത്തേക്ക് വരുകയും സ്കൂട്ടർ പരിശോധിക്കുകയും ചെയ്തു. പേടിച്ച് പോയി. മാറിൽ നിന്ന് ഇളകിയ ഷാൾ ശരിയാക്കിക്കൊണ്ട് ഒരടി പിന്നിലോട്ട് ഞാൻ ചാടുകയായിരുന്നു.

‘കാർബണേറ്റർ മാറ്റേണ്ടി വരും…’

ചെറിയ കിതപ്പോടെ അതിനും ഞാൻ ചിരിച്ച് കൊടുത്തു. തൽപ്പര കക്ഷിയല്ലായെന്ന് തോന്നിയത് കൊണ്ടായിരിക്കണം ആ മനുഷ്യൻ പിന്മാറിയത്. ശേഷം ഞങ്ങൾ യാതൊന്നും സംസാരിച്ചില്ല. അയാളൊരു സിഗരറ്റ് കത്തിച്ച് അൽപ്പം മാറി നിൽക്കുകയും ചെയ്തു. ഹോ.. ആശ്വാസമായി. അതിന്റെ വെളിച്ചെമെന്നോണം ബസ്റ്റോപ്പിന്റെ തെളിച്ചത്തിലേക്ക് ഒരു കാറ് വന്ന് നിൽക്കുകയായിരുന്നു.

ഗ്ലാസ്സ് താഴ്ത്തി ഹോൺ അടിച്ചപ്പോൾ തന്നെ ബോയ്ഫ്രണ്ട് അയച്ച കാറാണ് അതെന്ന് മനസ്സിലായി. സ്കൂട്ടറിൽ നിന്ന് ചാവിയും ഹെൽമറ്റുമെടുത്ത് ധൃതിയിൽ ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. പുറകിലെ ഡോറ് തുറന്ന് അകത്തേക്ക് കയറുമ്പോഴേക്കും, വലിച്ച് കൊണ്ടിരുന്ന സിഗരറ്റ് കളഞ്ഞ് ആ മനുഷ്യനും അരികിലേക്ക് എത്തിയിരുന്നു. മര്യാദയുടെ ഒരംശം പോലും കാട്ടാതെ മുൻവശ ഡോറ് തുറക്കുകയും അകത്തേക്ക് കയറുകയും ചെയ്തു.

‘ദേ, എനിക്ക് ഇയാളെ അറിയില്ലാട്ടോ…’

ഡ്രൈവറോട് ഞാൻ പറഞ്ഞു. അവൻ എന്റെ വായയും നോക്കി ചുമ്മാ ഉമിനീരും ഇറക്കി ഇരിക്കുകയാണ്.

‘അതൊന്നും കാര്യമാക്കേണ്ട… നമ്മളൊരുമിച്ചുള്ളത് തന്നെയാണ്. നീ വണ്ടിയെടുക്ക്…’

അയാളത് പറഞ്ഞപ്പോൾ സിഗരറ്റ് മണം മൂക്കിൽ തട്ടി എനിക്ക് ഓക്കാനം വന്നു. മുന്നിൽ ഇരിക്കുന്ന രണ്ടുപേരോടും ദേഷ്യം തോന്നുകയാണ്. അയാൾ പറയുന്നതും വിശ്വസിച്ച് ബോയ്ഫ്രണ്ടിന്റെ ഫ്രണ്ട് വണ്ടിയെടുത്തു. ഇങ്ങനെ ഒരുത്തനെ പറഞ്ഞയച്ച എന്റെ ആളെ പറഞ്ഞാൽ മതി. കനത്തിൽ സംസാരിക്കാൻ വിളിച്ചപ്പോൾ ഫോൺ എൻഗേജഡെന്ന് പറയുന്നു.

‘കുട്ടിയെന്തിനാണ് പേടിക്കുന്നത്? ഞാനില്ലേ..? നതിംഗ് റ്റു വറി…’

മുൻവശ സീറ്റിൽ നിന്ന് പുറകിലേക്ക് ചെരിഞ്ഞാണ് അയാളത് പറഞ്ഞത്. കാറിന്റെ വേഗത കൂടുതലാണെന്ന് തോന്നിയപ്പോൾ പതിയേ പോകാൻ ഞാൻ പറഞ്ഞു. ഡ്രൈവ് ചെയ്യുന്നവൻ കേട്ടതായി ഭാവിച്ചില്ല. പുറത്തേക്ക് നോക്കിയപ്പോൾ ഇറങ്ങേണ്ട ഇടവും എത്താറായത് പോലെ തോന്നി.

ആ മനുഷ്യൻ ആണെങ്കിൽ, എന്തിനാണ് കുട്ടി പേടിക്കുന്നതെന്ന് ചോദിച്ച് എന്നിലേക്ക് തിരിഞ്ഞ് തന്നെ ഇരിക്കുകയാണ്. എനിക്കത് തീരേ ഇഷ്ടപ്പെട്ടില്ല. സീറ്റിൽ നിന്ന് കുറച്ച് കൂടി ഞാൻ നിരങ്ങി മാറി.

‘വീട്ടിലേക്ക് എത്തിക്കുന്നത് എന്റെ ഉത്തരവാദിത്തമാണ്… പേടിക്കാതെ ഇരിക്ക്..’

അയാൾ പറഞ്ഞു. എന്റെയോ ഡ്രൈവറുടെയോ അനുവാദം പോലും ചോദിക്കാതെ കാറിൽ കയറിയിരുന്ന ആ മനുഷ്യനോട്‌ വല്ലാത്ത അരിശം തോന്നി. താൻ ആരാടോ എന്നെ സംരക്ഷിക്കാനെന്ന് ചോദിച്ച് ഞാൻ കയർത്തപ്പോൾ അയാളുടെ ഭാവം മാറുകയായിരുന്നു.

‘മിണ്ടാതെ ഇരിക്കെടി… തലയിൽ കയറുന്നോ… അഹങ്കാരി…’

അങ്ങനെ കേട്ടപ്പോൾ നിയന്ത്രണം വിട്ടുപോയി. കൈയ്യിലുണ്ടായിരുന്ന ഹെൽമെറ്റെടുത്ത് അയാളുടെ തലയ്ക്കിട്ട് ഞാനൊന്ന് കൊടുത്തു. രക്തമൊന്നും വന്നില്ല. വേദന കാണും. അല്ലെങ്കിൽ പിന്നെ അടി കിട്ടിയ തലയും പിടിച്ച് അയാൾ ആ മുൻവശ സീറ്റിൽ കുനിഞ്ഞങ്ങനെ ഇരിക്കില്ലായിരുന്നുവല്ലോ…

‘എടോ നിർത്താൻ….!’

ഞങ്ങളെ മാറി മാറി നോക്കികൊണ്ട് ഡ്രൈവ് ചെയ്യുന്നവനോട്‌ ഞാൻ ഒച്ചത്തിൽ ശബ്ദിച്ചു. എന്തോ… കാറിന്റെ വേഗത കുറഞ്ഞു. ആ ട്രാൻസ്ഫോർമറിന്റെ അടുത്ത് ഒതുക്കാൻ കൽപ്പിച്ചപ്പോൾ അവൻ അനുസരിക്കുകയും ചെയ്തു.

‘ നിന്നോടൊന്നും യാതൊന്നും പറയാനില്ല. നിന്നെ പറഞ്ഞയച്ചവനെ വിളിക്കട്ടെ ഞാൻ…’

കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കിട്ടിയ ശ്വാസത്തിലാണ് ഞാനത് പറഞ്ഞത്. ശേഷം ബോയ്ഫ്രണ്ടിന്റെ നമ്പറിലേക്ക് ഡയലും ചെയ്തു. എൻഗേജ്ഡാണ്. ഹെൽമറ്റിന്റെ അടി കിട്ടിയപ്പോൾ ഒതുങ്ങിയ ആ മനുഷ്യൻ അപ്പോഴും അതേ ഇരുത്തത്തിൽ തന്നെയായിരുന്നു.

‘ഇയാളുടെ കാര്യം നീയെന്താന്ന് വെച്ചാൽ ചെയ്തോ…’

എന്നും പറഞ്ഞ് ഞാൻ പോകാൻ ഒരുങ്ങി. അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്. എന്നെ കേട്ടതിന് ശേഷം ആ ഡ്രൈവർ അരികിലിരിക്കുന്ന മനുഷ്യനെ തൊട്ട് സാറേയെന്ന് വിളിച്ചു. നമുക്ക് പോയ്ക്കൂടേയെന്നും ചോദിച്ചു. വണ്ടിയെടുക്കെന്ന മറുപടി തല ഉയർത്താതെ തന്നെ അയാൾ അവന് നൽകി. കാറ് ചലിക്കുകയും ചെയ്തു. ആ രംഗത്തെ കൃത്യമായിട്ട് മനസിലാക്കാൻ സാധിച്ചില്ല. അതേ കുറിച്ച് കൂടുതൽ ചിന്തിച്ചുമില്ല. ആപത്തിലൊന്നും പെടാതെ വീട് പറ്റിയല്ലോ…

അവർ എവിടേക്കെങ്കിലും പോകട്ടേയെന്ന ചിന്തയിൽ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോഴാണ് അതുവരെ എൻഗേജ്ഡ് ആയിരുന്നവൻ തിരിച്ച് വിളിക്കുന്നത്. യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ഒരുത്തനെയാണൊ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പറഞ്ഞ് വിടേണ്ടതെന്ന് കനത്തിൽ ചോദിക്കാൻ ഞാൻ ഫോൺ അറ്റന്റ് ചെയ്തു. എനിക്ക് മുമ്പേ അവൻ കയർക്കുകയായിരുന്നു…

‘എത്ര നേരാടി വിളിക്കുന്നത്… ഒരുത്തനവിടെ സ്റ്റോപ്പിൽ കാത്ത് നിൽക്കുന്നുണ്ട്. നീ എവിടെയാണ്? സ്കൂട്ടറ് മാത്രമേയുള്ളൂവെന്നാണ് അവൻ പറയുന്നേ…?’

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഹെൽമറ്റിന് അടികിട്ടിയപ്പോൾ തല കുനിഞ്ഞ ആ മനുഷ്യൻ ഉള്ളിൽ തെളിയുകയാണ്. ഡ്രൈവറുടെ സാറേയെന്ന വിളി കാതുകളിൽ മുഴങ്ങുകയാണ്. കാര്യങ്ങളൊക്കെ ബോയ്ഫ്രണ്ടിനോട്‌ പറഞ്ഞ് ഫോൺ വെക്കുമ്പോൾ ഞാൻ വിയർത്തിരുന്നു. തുടർന്ന്, തുറക്കാത്ത വാതിൽപ്പടിയിൽ ഇരുന്ന് നിസ്സംഗത പ്രകടിപ്പിച്ചു.

പാതിരാത്രിയിൽ പാതയിൽ പെട്ട് പോകുന്ന ആരെയും ഭദ്രമാക്കാൻ ഇനി ആ മനുഷ്യൻ ഒരുങ്ങില്ലായിരിക്കും. ഒരാൾ സഹായിക്കുന്നതാണെന്ന് പോലും തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തവളായിപ്പോയൊ ഞാൻ. അപരിചിതരായ ആണുങ്ങളെല്ലാം ആഭാസൻമ്മാരാണെന്ന തോന്നലായിരിക്കുമോ കാരണം…

കുറ്റബോധത്തിൽ മുങ്ങാൻ പാകം തലയിൽ തൊട്ട അനുഭവമാണോ സംഭവിച്ചതെന്ന് ചോദിച്ചാൽ അറിയില്ല. പ്രതിസന്ധികളിൽ പെടുന്ന മനുഷ്യരെ കൂടുതൽ വിയർപ്പിക്കാതിരിക്കാനും സഹായിക്കാൻ എത്തുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ഥിതീകരിക്കാതെ കാറിൽ കയറിയ എന്റെ തലയ്ക്കും കൊട്ട് കിട്ടേണ്ടത് തന്നെ… ക്ഷമിക്കൂ, അപരിചിതാ… ഉദ്ദേശം നല്ലതായിരുന്നുവെങ്കിലും, പെരുമാറ്റത്തിൽ ഞാൻ ഭയന്നുപോയി…!!!

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *