ഇവിടെ ഒരു നിമിഷം എന്നെ ശ്രദ്ധിക്കാൻ പോലും നേരമില്ലെങ്കിൽ… ഈ പണം കൊണ്ട് നമുക്കെന്ത് ചെയ്യാനാണ്?”…

✍️ Shainy Varghese

“ഈ സാരി എങ്ങനെയുണ്ട് അഭിയേട്ടാ? അടുത്തയാഴ്ചത്തെ കല്യാണ ഫംഗ്‌ഷന് ഉടുക്കാനുള്ളതാണ്.”

ആരതി ആ നീല കാഞ്ചീപുരം സാരി ദേഹത്തോട് ചേർത്തുവെച്ച് പ്രതീക്ഷയോടെ ചോദിച്ചു. പക്ഷേ, ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ വിരലുകൾ വേഗത്തിൽ ചലിപ്പിച്ചു കൊണ്ട് അഭിജിത് മറുപടി പറഞ്ഞു:

“കൊള്ളാം.”

“ഒന്ന് നോക്കിയിട്ട് പറയൂ അഭിയേട്ടാ… അന്ന് ചേട്ടത്തി വന്നപ്പോൾ കൊണ്ടുവന്ന സാരിയാണ് ഇത്?”

അഭിജിത് അല്പം ദേഷ്യത്തോടെ ലാപ്ടോപ്പ് ടേബിളിലേക്ക് അമർത്തി അടച്ച് വെച്ചു.

“ആരതി! എനിക്കിപ്പോൾ സാരിയുടെ നിറം നോക്കലല്ല പണി. ഇതൊരു മില്യൺ ഡോളർ പ്രസന്റേഷനാണ്. നാളത്തെ ക്ലയന്റ് മീറ്റിംഗിൽ ഇത് ശരിയായില്ലെങ്കിൽ കമ്പനിക്ക് നഷ്ടം വരുന്നത് കോടികളാണ്. നിനക്ക് എപ്പോഴെങ്കിലും അത് മനസ്സിലാവുമോ?”

ആരതിയുടെ മുഖം മങ്ങി. അവൾ പതുക്കെ സാരി മടക്കി വെച്ചു.

“എനിക്ക് മനസ്സിലാകും അഭിയേട്ടാ. പക്ഷേ, ഇവിടെ ഒരു നിമിഷം എന്നെ ശ്രദ്ധിക്കാൻ പോലും നേരമില്ലെങ്കിൽ… ഈ പണം കൊണ്ട് നമുക്കെന്ത് ചെയ്യാനാണ്?”

“വീണ്ടും പഴയ പല്ലവി! നിനക്ക് സുഖമായി ജീവിക്കാൻ വേണ്ടിയാണ് ഞാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്. എന്നിട്ടും നിനക്ക് പരാതിയാണല്ലോ ആരതി.”

അഭിജിത് വീണ്ടും ലാപ്ടോപ്പ് തുറന്നു. ആരതി മറുപടിയൊന്നും പറയാതെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.

ദിവസങ്ങൾ കടന്നുപോയി. അഭിജിത്തിന്റെ തിരക്കുകൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി വളരെ വൈകി വീട്ടിലെത്തിയപ്പോൾ ആരതി ഡൈനിംഗ് ടേബിളിൽ തല വെച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് അവൾ ഞെട്ടിയുണർന്നു.

“നീ ഇതുവരെ കഴിച്ചില്ലേ? ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടി കാത്തിരിക്കണ്ട എന്ന്?” അഭിജിത് ടൈ അഴിച്ചുമാറ്റിക്കൊണ്ട് ചോദിച്ചു.

“എങ്ങനെയാ അഭിയേട്ടാ, ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നത്? ഈ വലിയ വീട്ടിൽ ഭിത്തികളോട് സംസാരിച്ച് എനിക്ക് ഭ്രാന്ത് പിടിക്കുന്നു.”

“ഓഹോ, അപ്പോൾ എന്റെ കൂടെ ജീവിക്കുന്നത് നിനക്ക് ഭ്രാന്താണല്ലേ? എങ്കിൽ നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാം.” അഭിജിത് പൊട്ടിത്തെറിച്ചു.

ആരതിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു:
“അഭിയേട്ടാ, ഞാനിവിടെ ഒരു വിധവയെപ്പോലെയാണ് ജീവിക്കുന്നത്… ഭർത്താവ് ജീവിച്ചിരിക്കുന്ന ഒരു വിധവ. എനിക്ക് വേണ്ടത് പണമല്ല, എന്നെ ഒന്ന് കേൾക്കാൻ, ഒന്ന് ചേർത്തുപിടിക്കാൻ ഒരു മനസ്സ്… അത്രമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.”

“ഇപ്പോൾ ഇതെന്തിനാണ് പറയുന്നത്? എനിക്ക് വേറെ ടെൻഷനുകൾ ആവശ്യത്തിനുണ്ട് ആരതി. നിന്റെ റൊമാൻസ് കേൾക്കാൻ എനിക്ക് സമയമില്ല.”
അഭിജിത് ഭക്ഷണം പോലും കഴിക്കാതെ ബെഡ്റൂമിലേക്ക് പോയി…

ദിവസങ്ങൾ കഴിയുംതോറും പരാതിയും പരിഭവങ്ങളും കലഹങ്ങളിലേക്ക് വഴിമാറി..

“എനിക്ക് ഈ ജീവിതം മടുത്തു അഭിയേട്ടാ… ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു പോകുകയാണ്…”

“ആരതി, നീ എന്നെ ഒന്ന് മനസ്സിലാക്ക്. നിന്റെ ആവശ്യമില്ലാത്ത പിടിവാശികൾക്കും പിണക്കങ്ങൾക്കും വേണ്ടി ചെലവഴിക്കാൻ എനിക്ക് സമയം ഇല്ല.”

“അതുകൊണ്ടാണ് ഞാൻ പോകുകയാണ് എന്ന് പറഞ്ഞത്.”

“അതിന് മാത്രം നിനക്ക് എന്താണ് ഇവിടെ പ്രശ്നം? ആവശ്യത്തിന് പണം ഉണ്ട്. വീട്ടു ജോലിക്കും പുറം പണിക്കും ആളുകൾ ഉണ്ട്.. വെറുതെ തിന്നും കുടിച്ചും ടി.വി.യും കണ്ട് ഇരുന്നാൽ പോരേ?”

“ഇത്രയും സൗകര്യങ്ങൾ എന്റെ വീട്ടിലുമുണ്ട് അഭിയേട്ടാ.. ഇവിടെ കിട്ടാത്ത ഒന്ന് എന്റെ വീട്ടിൽ കൂടുതൽ കിട്ടും. എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും.” ഇതും പറഞ്ഞ് ആരതി റൂമിലേക്ക് പോയി.

അതിനുശേഷം കുറച്ചു ദിവസങ്ങൾ അഭിജിത് ശ്രദ്ധിച്ചത് ആരതിയുടെ മാറ്റമായിരുന്നു. അവൾ ഇപ്പോൾ പരാതി പറയാറില്ല. മുഖത്ത് എപ്പോഴും ഒരു തെളിച്ചം. അവൾ തനിയെ പാട്ടുപാടുന്നു, ഫോണിൽ നോക്കി ചിരിക്കുന്നു.

ഒരു ദിവസം രാവിലെ അവൾ ഒരുങ്ങി നിൽക്കുന്നത് കണ്ട് അഭിജിത് ചോദിച്ചു:
“എവിടെയേക്കാ രാവിലെ തന്നെ? മുഖത്തൊരു പ്രത്യേക സന്തോഷവുമുണ്ടല്ലോ?”

“ഓ, അതൊക്കെയുണ്ട്. ഞാൻ വെറുതെ ടൗൺ വരെ ഒന്ന് പോവുകയാണ്.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആ ചിരി അഭിജിത്തിനെ അസ്വസ്ഥനാക്കി. ‘ഇവൾക്ക് ഇതെന്തു പറ്റി? എന്നെ ഒഴിവാക്കാൻ തുടങ്ങിയോ?’ സംശയം സഹിക്കാനാവാതെ അഭിജിത് അന്ന് ഓഫീസിൽ പോകാതെ രഹസ്യമായി അവളെ പിന്തുടർന്നു…

‘ഇനി ഇവൾക്ക് വല്ല അവിഹിതവും ഉണ്ടോ? അയാളെ കാണാൻ പോകുന്നതാണോ?’ അഭിജിത്തിന്റെ ചിന്തകൾ കാട് കയറി.

ആരതിയുടെ കാർ ചെന്നുനിന്നത് നഗരത്തിലെ പ്രശസ്തമായ ഒരു ബ്യൂട്ടി പാർലറിന് മുന്നിലായിരുന്നു. ‘ഓ, ഇവിടേയ്ക്ക് ആണോ ഇവൾ പോന്നത്? വെറുതെ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചുകൂട്ടി.’

അഭിജിത് ദൂരെ മാറിനിന്ന് ആരതി തിരിച്ച് വരുന്നതും നോക്കി കാത്തിരുന്നു ആരതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു…

ആരതി ബ്യൂട്ടിപാർലറിലേക്ക് കയറിപ്പോയിട്ട് സമയം കുറെയായല്ലോ. എന്താണ് ഇവൾ ഇതുവരെയായിട്ടും തിരിച്ചു വരാത്തത്? അഭിജിത്ത് അക്ഷമനായി ഇടയ്ക്ക് വാച്ചിലേക്കും ബ്യൂട്ടി പാർലറിന് നേരെയും നോക്കും.

ഒരു ചെറു പുഞ്ചിരിയുമായി ആരതി ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും അഭിജിത്ത് തിരിച്ചു വീട്ടിലേക്കു പോയി.

അതീവ സന്തോഷവതിയായി വാതിൽ തുറന്ന് കയറി വന്ന ആരതിയെ കണ്ടപ്പോൾ അഭിജിത്തിന് വീണ്ടും സംശയമായി…

അന്ന് രാത്രി ആരതി ഉറങ്ങിയപ്പോൾ അഭിജിത്ത് ആരതിയുടെ ഫോൺ എടുത്ത് നോക്കി. എന്നാൽ സംശയിക്കത്തക്ക വിധത്തിൽ ഒന്നും ഫോണിൽ ഉണ്ടായിരുന്നില്ല.

പിറ്റേന്ന് അതിരാവിലെ ഉണർന്ന അഭിജിത്ത് ആരതി പോയ ബ്യൂട്ടിപാർലറിന് മുന്നിലെത്തി. പാർലറിന് മുന്നിലെ വലിയ ഫ്ലെക്സ് ബോർഡ് അയാളുടെ കണ്ണിൽപ്പെട്ടു.
“നിങ്ങൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ഞങ്ങളെ സമീപിക്കൂ. ‘ഹഗ് തെറാപ്പി’ (Hug Therapy)യിലൂടെ നിങ്ങളുടെ സമ്മർദ്ദം ഞങ്ങൾ മാറ്റുന്നു. വെറും 200 രൂപയ്ക്ക്…”

അഭിജിത് ഞെട്ടിപ്പോയി. “ഹഗ് തെറാപ്പിയോ? ഇരുന്നൂറ് രൂപ കൊടുത്താൽ ആരെയും കെട്ടിപ്പിടിച്ച് ആശ്വാസം നേടാമെന്നോ? ഇതിനാണോ ഇവൾ സന്തോഷത്തോടെ നടക്കുന്നത്?”

അന്ന് വൈകുന്നേരം വീട്ടിലെത്തിയ അഭിജിത് കലി തുള്ളുകയായിരുന്നു. ആരതി വാതിൽ തുറന്നതും അയാൾ അലറി:
“ആരതി! നിനക്ക് നാണമുണ്ടോ? വെറും ഇരുന്നൂറ് രൂപയ്ക്ക് അന്യപുരുഷനെ കെട്ടിപ്പിടിച്ച് ആശ്വാസം കണ്ടെത്താൻ പോയിരിക്കുന്നു!”

ആരതി കുലുങ്ങിയില്ല. അവൾ ശാന്തമായി അയാളെ നോക്കി.
“അതെ, ഞാൻ പോയി. അതിലെന്താ തെറ്റ്? സ്വന്തം ഭർത്താവിന്റെ നെഞ്ചിൽ ഒന്ന് തലചായ്ക്കാൻ എനിക്ക് അനുവാദമില്ല. ചോദിക്കുമ്പോൾ ആട്ടും തുപ്പും മാത്രം. എനിക്കും ജീവിക്കണ്ടേ അഭിയേട്ടാ? വെറും ഇരുന്നൂറ് രൂപയ്ക്ക് അവിടെ കിട്ടുന്ന സ്നേഹം പോലും എനിക്ക് ഇവിടെ കിട്ടുന്നില്ലല്ലോ.”

“നിർത്തടി! നിനക്ക് സ്നേഹമാണ് വേണ്ടതെങ്കിൽ അത് പുറത്തു പോയി വാങ്ങാൻ ഞാൻ സമ്മതിക്കില്ല. എന്നെ നാണംകെടുത്താൻ വേണ്ടി ഇറങ്ങിയിരിക്കുകയാണല്ലേ!” അഭിജിത്ത് രോഷം കൊണ്ട് പൊട്ടിത്തെറിച്ചു.

അപ്പോഴാണ് അഭിജിത്തിന്റെ ഫോൺ ബെല്ലടിച്ചത്. സുഹൃത്ത് അജയ് ആണ്.
“എടാ അഭീ, നീ ഒരു പുതിയ വാർത്ത അറിഞ്ഞോ? ടൗണിലെ ‘ജെന്റ്സ് പാർലറിൽ’ പുരുഷന്മാർക്ക് സമ്മർദ്ദം കുറയ്ക്കാൻ ‘ഹഗ് തെറാപ്പി’ തുടങ്ങിയിട്ടുണ്ട്. അവിടെ നല്ല അടിപൊളി പെൺകുട്ടികളാണ് തെറാപ്പി നൽകുന്നത്. ഞാനിപ്പോൾ അങ്ങോട്ട് പോവുകയാണ്. നീ വരുന്നോ? നിന്റെയൊക്കെ ടെൻഷൻ മാറാൻ ഇതിലും നല്ലൊരു വഴി വേറെയില്ല.”

ആരതിയുടെ വാക്കുകൾ ഏൽപ്പിച്ച മുറിവും, വാശിയും അഭിജിത്തിനെ ഒരു തീരുമാനത്തിലെത്തിച്ചു.

“ഞാനും വരുന്നു അജയ്! നീ അവിടെ നിൽക്ക്.”
ഫോൺ കട്ട് ചെയ്ത് അയാൾ ആരതിയെ നോക്കി വെല്ലുവിളിച്ചു:

“നിനക്ക് മാത്രമല്ല, എനിക്കും ആശ്വാസം വേണം. ഞാനും പോകുന്നു, നിന്നെക്കാൾ നല്ല സുന്ദരികളെ കെട്ടിപ്പിടിച്ച് ആശ്വാസം കണ്ടെത്താൻ!”

അജയനൊപ്പം ജെൻസ് പാർലറിൽ എത്തിയ അഭിജിത്ത് തന്റെ ഊഴം കാത്തിരുന്നു.
പാർലറിലെ മുറിയിൽ, മങ്ങിയ വെളിച്ചത്തിൽ ഒരു സ്ത്രീ രൂപം നിൽക്കുന്നത് കണ്ടപ്പോൾ അഭിജിത്തിന്റെ ഹൃദയം മിടിച്ചു. അതീവ സുന്ദരിയായ ഒരു യുവതി.

“വെൽക്കം സർ…” സ്പീക്കറിലൂടെ ഒരു ശബ്ദം.

വാശിയോടെയും ആകാംക്ഷയോടെയും അഭിജിത് ചെന്ന് ആ സ്ത്രീയെ മുറുകെ കെട്ടിപ്പിടിച്ചു.

പക്ഷേ… ആ നിമിഷം!
അഭിജിത് ഞെട്ടിവിറച്ചുപോയി. കെട്ടിപ്പിടിച്ച കൈകൾ പെട്ടെന്ന് അയഞ്ഞു. ആ ശരീരത്തിന് ചൂടില്ല… ഹൃദയമിടിപ്പില്ല… ശ്വാസത്തിന്റെ ഗന്ധമില്ല!
അതൊരു സിലിക്കൺ പാവയായിരുന്നു! മനുഷ്യശരീരത്തോട് കിടപിടിക്കുന്ന തരത്തിൽ നിർമ്മിച്ച വെറും ഒരു ‘നിർജ്ജീവ ഡമ്മി’.

ആ തണുത്തുറഞ്ഞ പാവയെ നോക്കി നിൽക്കുമ്പോൾ മുറിയിലെ സ്പീക്കറിലൂടെ ആ യാന്ത്രിക ശബ്ദം വീണ്ടും വന്നു:

“പ്രിയ ഉപഭോക്താവേ, നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ഹഗ് തെറാപ്പിയാണ്. ഈ തെറാപ്പിയിലൂടെ തലച്ചോറിൽ ‘ഓക്‌സിടോസിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ നിങ്ങൾക്ക് സന്തോഷം നൽകുന്നു. നിങ്ങളുടെ സമ്മർദം ഇല്ലാതാക്കുന്നു. വെറും ഇരുന്നൂറ് രൂപയ്ക്ക് ഞങ്ങൾ നൽകുന്നത് ശാശ്വതമായ ആശ്വാസമാണ്.”

അഭിജിത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഇരുന്നൂറ് രൂപയുടെ പ്ലാസ്റ്റിക് പാവയിൽ നിന്ന് കിട്ടാത്ത എന്തോ ഒന്ന്, തന്റെ വീട്ടിൽ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു. ജീവനുള്ള, ചൂടുള്ള, തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ഹൃദയം. തന്റെ ഒരു ആലിംഗനം കൊതിക്കുന്ന തന്റെ പ്രിയപ്പെട്ടവൾ.

അഭിജിത് വേഗത്തിൽ വീട്ടിലേക്ക് വണ്ടി വിട്ടു. ഉമ്മറത്ത് ആരെയോ കാത്തിരിക്കുന്ന മട്ടിൽ ഇരിക്കുകയായിരുന്നു ആരതി.
അഭിജിത് ഓടിച്ചെന്ന് അവളെ എഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തുപിടിച്ചു. അയാളുടെ കണ്ണുനീർ അവളുടെ തോളിൽ വീണു.

“സോറി… റിയലി സോറി ആരതി. നീ ഹഗ് ചെയ്ത പുരുഷനെ ഞാൻ ഇന്ന് കണ്ടു. അത് വെറുമൊരു പാവയായിരുന്നു എന്ന് പോലും മനസ്സിലാക്കാതെയാണ് ഞാൻ നിന്നെ സംശയിച്ചത്. പ്ലാസ്റ്റിക്കിന് പകരമാവില്ലല്ലോ പെണ്ണേ നിന്റെ സ്നേഹം. എനിക്ക് തെറ്റുപറ്റി…”

ആരതി അവനെ മെല്ലെ അടർത്തി മാറ്റി. അവളുടെ കണ്ണുകളിൽ കുസൃതി കലർന്ന ഒരു ചിരിയുണ്ടായിരുന്നു.
“അഭിയേട്ടാ…” അവൾ വാത്സല്യത്തോടെ വിളിച്ചു. “ഞാൻ അവിടെ പോയി എന്നത് സത്യമാണ്. പക്ഷേ ആരെയും ഹഗ് ചെയ്തിട്ടില്ല. നിങ്ങൾ അല്ലാതെ മറ്റൊരാളെ ഹഗ് ചെയ്യാൻ എന്റെ മനസ്സ് എന്നെ അനുവദിക്കുമോ? അവിടത്തെ തെറാപ്പി സിലിക്കൺ പാവകളാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.”

അഭിജിത് അവിശ്വസനീയതയോടെ അവളെ നോക്കി. “അപ്പോൾ…?”

“നിങ്ങളെ അവിടെ എത്തിക്കാൻ വേണ്ടി ഞാൻ നടത്തിയ ഒരു ചെറിയ നാടകം. അജയ് ചേട്ടനെ കൊണ്ട് ആ സമയത്ത് വിളിപ്പിച്ചതും ഞാൻ തന്നെയാണ്. അല്ലാതെ എന്റെ ഈ ‘തിരക്കുള്ള ബിസിനസ്സുകാരനെ’ ഒന്ന് എനിക്കായി ഇത്തിരി നേരം കിട്ടാൻ വേറെ എന്താ വഴി?”

അഭിജിത്തിന്റെ മുഖത്ത് അത്ഭുതവും സ്നേഹവും ഒന്നിച്ചു വിരിഞ്ഞു.
“നീ ആളൊരു ഭീകരിയാണല്ലോ…”

“എങ്ങനെ ഉണ്ടായിരുന്നു അഭിയേട്ടാ ഇന്ന് കെട്ടിപ്പിടിച്ച ആ സുന്ദരി?” അവൾ കളിയാക്കി ചോദിച്ചു.

“അവൾക്ക് നല്ല ഭംഗിയുണ്ട്, പക്ഷേ…” അഭിജിത് അവളെ വീണ്ടും ചേർത്തുപിടിച്ചു, “ഈ ഹൃദയമിടിപ്പിന്റെ ചൂടില്ല. ഈ സ്നേഹത്തിന്റെ ഊഷ്മളതയില്ല. ഇതിലും വലിയൊരു തെറാപ്പിയും ലോകത്തില്ല ആരതി.”

ആരതി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ വീട് അപ്പോൾ ശരിക്കും ശാന്തമായിരുന്നു.

ശുഭം

Shainy Varghese

Leave a Reply

Your email address will not be published. Required fields are marked *