✍️ RJ
“എനിയ്ക്കിത്തിരി നല്ലോണം തടിയും തുടിപ്പുമെല്ലാം ഉള്ള പെണ്ണിനെയാണ് ഇഷ്ടം…അതിപ്പോ കൂടെ കൊണ്ടു നടക്കാനാണെങ്കിലും അതേ…. കൂടെ കിടക്കാനാണെങ്കിലും അതേ…
പെണ്ണുകാണാൻ വന്ന ചെക്കൻ മുഖത്തു നോക്കി വെട്ടി തുറന്നങ്ങു പറഞ്ഞതും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ആൻസി…
തന്റെ മുഖത്തെ ഞെട്ടൽ കണ്ടൊരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും തന്റെ ഉള്ളിലെ ഞെട്ടലും പതർച്ചയും പുറമെയറിയാത്ത വിധം ഉള്ളിലൊതുക്കിയവനെ മിഴി ചിമ്മാതെ തിരികെ നോക്കിയവൾ…
“എനിയ്ക്കിപ്പോഴുള്ള ഈർക്കിലി സൈസ് നടിമാരെ ഒന്നും ഇഷ്ടമില്ല കൊച്ചേ… പണ്ടത്തെ ശ്രീവിദ്യ, പിന്നെ നമ്മുടെ കാവ്യാ മാധവൻ അവരൊക്കെയാണെന്റെ പ്രിയനടിമാർ….. അവരെയെല്ലാം കാണുന്ന കാലത്തേ ഞാനാഗ്രഹിച്ചതാ കൊച്ചേ ഞാൻ കെട്ടുമ്പോൾ അവരെ പോലൊരു കൊച്ചിനെയേ കെട്ടുള്ളുവെന്ന്… കൊച്ച് കാണാനൊക്കെ അവരെക്കാളും കിടുവാണെന്നേ….. പക്ഷെ തടി അതു ഞാനാഗ്രഹിച്ച അത്രയില്ല… സാരമില്ല… അതു നമ്മുക്ക് കെട്ട് കഴിഞ്ഞ് റെഡിയാക്കാം കൊച്ചേ…
എല്ലാം തീരുമാനിച്ചുറപ്പിച്ചെന്ന പോലെ പറയുന്നവനെ ഒന്നും മനസ്സിലാവാതെ എന്നാലുള്ളിലൊരു പതർച്ചയോടെ നോക്കി ആൻസി
ഇന്നൊരാൾ തന്നെ പെണ്ണുകാണാൻ വരുമെന്ന് അപ്പച്ചൻ തന്നോടു പറഞ്ഞത് തന്നെ ചെക്കൻ വരുന്നതിന് അര മണിക്കൂർ മുമ്പാണ്..
കേട്ടതും പകച്ച് അപ്പച്ചനെ നോക്കിയെങ്കിലും അവിടെ യാതൊരു കുലുക്കവുമില്ല…
“അവനിന്നു തന്നെ കൊച്ചിനെ അങ്ങ് കെട്ടി കൊണ്ടുപോവുകയൊന്നുമില്ല കൊച്ചേ…. വന്നൊന്ന് കണ്ട് രണ്ടു വാക്ക് മിണ്ടി അവനങ്ങ് പൊക്കോളും കൊച്ചേന്ന് അപ്പച്ചൻ പറഞ്ഞവനാണ് വന്നു കണ്ട് അഞ്ചു മിനിറ്റ് തികയും മുന്നേ ഇമ്മാതിരി സംസാരിക്കുന്നത്…
ആ ചിന്ത ഉള്ളിൽ വന്നതും അറിയാതെ അവളുടെ കണ്ണുകൾ അപ്പച്ചനെ തേടി… ചെക്കന്റൊപ്പം വന്നവരുടെ അടുത്ത് കാര്യമായ സംസാരത്തിലാണ് അപ്പച്ചനും ചേട്ടായിയുമെന്ന് കണ്ടതും തന്റെ നോട്ടം പിൻവലിച്ചവൾ
” ഞാൻ എന്റെ ഇഷ്ടവും താൽപ്പര്യവും പറഞ്ഞതിനാണോ ആൻസി കൊച്ച് അപ്പച്ചനെ തിരയുന്നത്….?
എന്താ കൊച്ച് പേടിച്ചോ….?
ഇത്രയ്ക്കും ധൈര്യമില്ലാത്ത ഒരുത്തിയാണോ കുന്നുമ്മൽ വർഗ്ഗീസ്സിന്റെ മകൾ ആൻസി വർഗ്ഗീസ്… അതെനിയ്ക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു കൊച്ചേ… എനിയ്ക്കീ തടിയുള്ള പെണ്ണിനെ മാത്രമല്ല പേടിയുള്ള പെണ്ണിനേയും വല്ലാതെ ഇഷ്ടമാണ് കൊച്ചേ… ”
തന്റെ സംസാരത്തിലും നോട്ടത്തിലും ആകെ ചൊറിഞ്ഞു കയറി വിറച്ചു നിൽക്കുന്നവളെ കണ്ടതും അവളെ ദേഷ്യം പിടിപ്പിക്കാൻ അവനു വല്ലാത്തൊരു ഹരം തന്നെ തോന്നി….
‘എനിയ്ക്കാരെയും പേടിയില്ല, പ്രത്യേകിച്ച് നിങ്ങളെ…
എന്നെ പെണ്ണുകാണാൻ വന്നൊരാൾ എന്നതിനപ്പുറം നമ്മൾതമ്മിൽ യാതൊരു ബന്ധവും ഇല്ല….ഇനിയുണ്ടാവുകയും ഇല്ല…. ഞാനെങ്ങനെയാണോ അങ്ങനെ തന്നെയിരിക്കാനാണ് എനിയ്ക്കിഷ്ടം, ആരുടെയും ഇഷ്ടത്തിനനുസരിച്ച്മാറാൻ എനിയ്ക്ക്പറ്റില്ല….. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിനും സങ്കല്പത്തിനും അനുസരിച്ചൊരു പെൺക്കുട്ടിയെ കണ്ടെത്തി കല്യാണം കഴിച്ചോ… നമ്മള് തമ്മിൽ ശരിയാവില്ല…
പോട്ടെ…..
തന്റെ മുന്നിൽ നിൽക്കുന്നവനെ തറപ്പിച്ചൊന്നു നോക്കി പറയാനുള്ളത് മുഴുവൻ പറഞ്ഞ് ധ്യതിയിൽ അവനരികിൽ നിന്ന് പിൻ തിരിഞ്ഞു നടന്നു ആൻസി…
“ഹ…. അതെന്നാ ഒരു പോക്കാണ് കൊച്ചേ…. അങ്ങനങ്ങ് പോവാതെ ഒന്നു നിൽക്ക്….
ഇച്ചായനൊരു കാര്യം പറയട്ടെ…. ആൻസി കൊച്ചത് കേട്ടിട്ട് പോ…
പിൻതിരിഞ്ഞു നടക്കുന്നവളുടെ മുമ്പിൽ തടസ്സമായ് നിന്നവൻ പറഞ്ഞതും ഇച്ചായനോ….? ആരുടെ എന്നപോലവൾ അവനെ നോക്കി….
നമ്മൾ തമ്മിലൊരു ബന്ധവും ഇല്ലെന്നും,ഇനിയൊട്ട് ഉണ്ടാവുകയും ഇല്ലാന്നും കൊച്ചങ്ങനെ ഒറ്റയടിക്ക് പറയാതെ….ഞാനങ്ങനെ വെറുതെ കൊച്ചിനെ പെണ്ണു കണ്ടു പോവാൻ വന്നവനല്ല… കുറെ കാലമായ് കൊച്ചിനെ തന്നെ കണ്ടോണ്ടിരിക്കുന്ന ഒരുവനാണ്…. കൊച്ചിനെയേ ഞാൻ കെട്ടുവൊള്ളൂന്ന് കൊച്ചിന്റെ അപ്പച്ചനോട് കൊല്ലങ്ങൾക്ക് മുമ്പേ പറഞ്ഞ് കൊച്ചിന്റെ അപ്പച്ചന്റെ സമ്മതവും വാങ്ങി കൊച്ചിന്റെ പഠിത്തം കഴിയാൻ കാത്തു നിന്ന ഞാൻ കൊച്ചിനെയും കൊണ്ടേ ഇവിടുന്ന് മടങ്ങി നാട്ടിലേക്ക് പോവത്തുള്ളു കേട്ടോ…. കൊച്ച് എന്നാൽ ചെന്നാട്ടെ…. ബാക്കി കാര്യങ്ങൾ ഇച്ചായൻ കാർന്നോമാരുമായ് സംസാരിച്ചു സെറ്റാക്കിക്കോളാം…..”
തന്റെ സംസാരത്തിൽ മിഴിച്ച് പകപ്പോടെ തന്നെ നോക്കുന്നവളെ നോക്കി മിഴികൾ ചിമ്മിയവൻ അവളെ കടന്നുപോയിട്ടും കേട്ട കാര്യങ്ങളുടെ ഞെട്ടൽ മാറാതെ അവിടെ തരിച്ചുനിന്നു പോയ് ആൻസി
തന്നെ താനറിയാതെ ഒരുത്തൻ സ്നേഹിക്കുക, തന്നെ കെട്ടി കൂടെപ്പൊറുപ്പിക്കാനുള്ള സമ്മതം തന്റെ അപ്പച്ചന്റെ കയ്യീന്ന് വാങ്ങി തന്റെ പഠിത്തം തീരാൻ കാത്തു നിൽക്കുക…. ഒടുവിൽ പെണ്ണുകാണൽ നടത്തി എല്ലാമങ്ങ് തുറന്നു പറഞ്ഞ് മിടുക്കനായ് മടങ്ങി പോവുക…. ആകെയങ്ങ് പെരുത്ത് കയറിയവൾക്ക്….
ഉള്ളിലെ ദേഷ്യത്തോടെ തന്നെ അപ്പച്ചനെ തേടി ആൻസി വീടിനകത്തേയ്ക്ക് നടന്നതും കണ്ടു തന്നെ കാണാൻ വന്നവനെ ചിരിയോടെ കെട്ടി പിടിച്ചു നിറഞ്ഞ സന്തോഷത്തിൽ നിൽക്കുന്ന അപ്പച്ചനെയും ചേട്ടായിയെയും
ആൻസിയെ വാതിലിനരികെ കണ്ടതും അവൾക്കടുത്തേക്ക് അവനെയും കൂട്ടി വന്നപ്പച്ചൻ…
അപ്പച്ചന് വല്ലാത്ത സന്തോഷമായി കൊച്ചേ ,കൊച്ചിനിവനെ ഇഷ്ടമായെന്ന് ഇവൻ വന്നു പറഞ്ഞപ്പോ… അപ്പച്ചന് ഇവനെ ഒത്തിരി ഇഷ്ടമാ…. ഇവനാണെങ്കിൽ എന്റെ കൊച്ചിനേം….
ഇനി അപ്പച്ചൻ നിങ്ങടെ കെട്ടിനുള്ള കാര്യങ്ങൾ നോക്കാൻ പോവാണ് കേട്ടോ കൊച്ചേ …..”
നിറഞ്ഞ സന്തോഷത്തോടെ പറയുന്ന അപ്പച്ചനെ നിറക്കണ്ണുമായ് നോക്കി നിന്നതല്ലാതെ ഒന്നും തിരികെ പറഞ്ഞില്ല ആൻസി…. അവളുടെ നോട്ടം മുഴുവൻ അപ്പച്ചനെയും അപ്പച്ചനിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന സന്തോഷങ്ങളിലേക്കുമാണ്….
അതു മതി അവൾക്കും…. അവർക്കുറപ്പാണ് തന്റെ അപ്പച്ചൻ തനിയ്ക്ക് നേടിതരുന്നതെന്തും അത്രയും നല്ല ഒന്നായിരിക്കുമെന്ന്….
രണ്ടു വർഷങ്ങൾക്കപ്പുറമൊരു അർദ്ധരാത്രി അടുക്കള തിട്ടിൽ ഇരുന്ന് മൊരിഞ്ഞ ചൂടു ദോശ ഒന്നിനു പുറകെ ഒന്നായ് ആസ്വദിച്ചു കഴിക്കുന്നവളെ നിറഞ്ഞ സ്നേഹത്തോടെയും എന്നാലല്പം ചൊടിയോടെയും നോക്കി നിന്നവൻ….
അവനെന്നു പറഞ്ഞാൽ ആൻസി കൊച്ചിന്റെ ഇച്ചായൻ….
അവനാഗ്രഹിച്ചു മോഹിച്ച പെണ്ണിനേം കെട്ടി അവൾക്കഞ്ചാറു മാസം ഗർഭവും ആയതോടെയാണ് ഇച്ചായന്റെ സങ്കല്പങ്ങളും സ്വപ്നങ്ങളുമെല്ലാം നടത്തി കൊടുക്കാൻ ആൻസിയ്ക്ക് പറ്റിയത്…..
അവന്റെ കൊച്ചൊന്ന് വയറ്റിൽ വളർന്നതും ആൻസിയ്ക്ക് വിശപ്പിന്റെ അസുഖം തുടങ്ങി… ഏതു രാവും പകലും അവൾക്ക് വിശപ്പാണ്…. അവളാവശ്യപ്പെടുന്നതെല്ലാം എത്തിച്ചു കൊടുക്കും അവൻ… അതു കൊണ്ടെത്താ പണ്ട് സീറോ സൈസിൽ നിന്നിരുന്നവൾ ഇന്നൊരു ഗുണ്ടുമുളകായിട്ടുണ്ട് കാഴ്ചക്ക്…..
എന്നെ ഇപ്പോൾ കൂടെ കിടത്താനും ഒപ്പം കൊണ്ടു നടക്കാനുമെല്ലാം പറ്റും അല്ലേ ഇച്ചായാ…..?
ഞാനിപ്പോൾ കാവ്യാ മാധവനെക്കാളും സൂപ്പറാണല്ലേ ഇച്ചായാ…?
കൺമുന്നിൽ അവനെ കാണുമ്പോഴെല്ലാം അവൾ നേർത്ത പ്രതികാര ചുവയോടെ ആവർത്തിച്ച് ആ ചോദ്യം തന്നെ ചോദിയ്ക്കും… അതിനെല്ലാം നിറഞ്ഞ സന്തോഷത്തോടവൻ തലയാട്ടുമ്പോഴെല്ലാം പണ്ടങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ ഒരായിരം വട്ടം നെഞ്ചോടു ചേർക്കും…. കാരണം ആ തുറന്നു പറച്ചിലിലൂടെ അവൻ നേടിയത് അവന്റെ സ്വപ്നത്തെയാണ്… കെട്ടിപടുത്തത് അവൻ സ്വപ്നം കണ്ട അവരുടെ ജീവിതവും…
അതങ്ങനെ തടസ്സങ്ങളേതുമില്ലാതെ ഒഴുകട്ടെ മുന്നോട്ട്…… കണ്ടു നിൽക്കാം നമുക്ക്…..
ശുഭം…..
RJ
