എന്റെ ഭാര്യയ്ക്ക് വേണ്ടതും അതിലധികവും കൊടുക്കാൻ എനിയ്ക്ക് കഴിയും എന്നെനിയ്ക്ക് ഉറപ്പുണ്ടായിട്ടു തന്നെയാ ശശീ ഞാനൊരു….

“എടാ…. നിങ്ങളാരെങ്കിലും ആ മിണ്ടാ മുനി രാജൂന്റെ പെണ്ണിനെ കണ്ടായിരുന്നോടാ… ?

പണി കഴിഞ്ഞൊരു വൈകുന്നേരം ക്ഷീണം മാറ്റാനൊരു കുപ്പിയുമായ് മൈതാനത്തിന്റെ മൂലയ്ക്കിരിയ്ക്കും നേരത്താണ് തന്റെ കൂടെയുള്ളവരോട് ശശിയത് തിരക്കിയത്…

കൂട്ടത്തിലെ പരദൂഷണപ്രിയനായ ശശിയിലൂടെ നാട്ടിലെ ഒരു വിധം കാര്യങ്ങളെല്ലാം അറിയുന്ന അവന്റെ കൂട്ടുക്കാരവനെ സൂക്ഷിച്ചു നോക്കി…

“ഏതെടാ ആ മിണ്ടാമുനി രാജുവിന്റെ കാര്യമാണോ….? അവന്റെ കല്യാണം കഴിഞ്ഞവന് പെണ്ണും ആയോ…. ?
അതെപ്പോ…?

കേൾക്കാൻ പോകുന്നതൊരു പെൺ വിഷയമായതിന്റെ തിളക്കത്തോടെ ശശിയ്ക്കടുത്തേക്ക് ഒന്നുകൂടി ഒട്ടിയിരുന്ന് തിരക്കി ഷംസു…

“മിണ്ടാമുനി രാജൂന്റെ കാര്യം തന്നെയാണ് ഷംസു ഞാൻ പറഞ്ഞത്… അവന്റെ കല്യാണവും കഴിഞ്ഞു, അവനൊരടി പൊളി പെണ്ണിനേം കിട്ടി ഭാര്യയായിട്ട്….. ആ പെണ്ണെന്ന് പറഞ്ഞാൽ അതൊരു പെണ്ണ് തന്നെയാണെടാ… ഒന്ന്
കാണാൻ മാത്രം ഉണ്ടെടാ മക്കളെ ആ പെണ്ണ്…

കണ്ണുകളിലെ തിളക്കത്തിനൊപ്പം അതു പറയുമ്പോഴൊരു വഷള ചിരി കൂടിയുണ്ട് ശശിയുടെ മുഖത്ത്….

” നീയൊരുമാതിരി പെണ്ണുങ്ങളെ പോലെ അറ്റോം മൂലേം പറഞ്ഞു നിൽക്കാതെ നേരെ ചൊവ്വേ കാര്യം പറ ശശി…. എങ്ങനെ ആ പെണ്ണ്…?
കാണാനൊക്കെ സൂപ്പറാണോ… നീ കണ്ടോ….?

ഷംസുവിനടുത്തിരുന്ന് മുന്നിലെ മിച്ചറിലെ കടല മാത്രം തിരഞ്ഞ് വായിലിട്ടതു ചോദിക്കുമ്പോൾ ഇഷ്ടപ്പെട്ട കാര്യം കേൾക്കാൻ വൈകുന്നവന്റെ ചൊടിപ്പുണ്ട് സുരയുടെ ശബ്ദത്തിൽ…

” ഞാൻ കണ്ടു സുരേ ആ പെണ്ണിനെ… സൂപ്പറെന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും… നീളോം വണ്ണോം ഒത്തൊരു സുന്ദരി പെണ്ണെടാ… നല്ല വെളുത്ത് ചുവന്നിട്ട്… ഇവിടെയെവിടെയുമില്ല ഇത്രയും ചന്തത്തിലൊരു പെണ്ണ്… അവളെ ആദ്യം മുന്നിൽ കണ്ടപ്പോഴേ ഞാൻ ഞെട്ടിയത് അതിന്റെ ചന്തം കണ്ടിട്ടാണ്… പിന്നത് രാജൂന്റെ ഭാര്യയാണെന്നറിഞ്ഞപ്പോൾ എന്റെ തലക്കറങ്ങി പോയെടാ… സത്യം…

പറയുമ്പോൾ ശശിയുടെ സംസാരത്തിലെ ചമ്മൽ കൊണ്ടു തന്നെ മറ്റുള്ളവർക്കുറപ്പായിരുന്നു അവൻ പറയുന്നതെല്ലാം സത്യമാണെന്ന്….

“എന്നാലും ആ രാജൂനൊരു പെണ്ണ്… അതുമൊരു സുന്ദരി…
എനിയ്ക്കതങ്ങ് സഹിക്കാൻ വയ്യെന്റെ ശശിയേ… ”

ഗ്ലാസിൽ നിറച്ച മദ്യമപ്പാടെയെടുത്ത് വായിലേക്ക് കമിഴ്ത്തി സങ്കടത്തോടെ സുര പറഞ്ഞതും ഒരു കൂട്ടച്ചിരി തന്നെ മുഴങ്ങിയവിടെ…

വയസ്സു മുപ്പതായിട്ടുമൊരു പെണ്ണ് കിട്ടാത്തതിന്റെ എല്ലാ വിഷമവുമുണ്ട് സുരയുടെ ശബ്ദത്തിൽ… ഒപ്പം എല്ലാവരും മിണ്ടാമുനിയെന്നു പറഞ്ഞ് കളിയാക്കുന്ന രാജുവിനുവരെ പെണ്ണ് കിട്ടിയതിന്റെ കുശുമ്പും….

പിറ്റേ ദിവസം പതിവിലും നേരത്തെ പണി കഴിഞ്ഞ് മൈതാനത്തിനടുത്തുള്ള ചായക്കടയിൽ വന്നിരുന്നു സുര…

ചായക്കടയിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്താണ് രാജുവിന്റെ വീട്…

രാജുവിന്റെ ഭാര്യയെ ഒന്നു കാണണം… ശശി പറഞ്ഞതുപോലെ ആ പെണ്ണൊരു സുന്ദരിയാണോന്ന് നേരിട്ട് കണ്ടുറപ്പിക്കണം… ഇതു രണ്ടുമാണ് സുരയുടെ ലക്ഷ്യം…

അതെന്തിനാണ് എന്നു ചോദിച്ചാൽ അതറിയില്ല സുരയ്ക്ക്… എന്നാലതു നേരിട്ടു കണ്ടുറപ്പിക്കാതെയും വയ്യ… അതാണ് സുരയുടെ ഇപ്പോഴത്തെ അവസ്ഥ….

ഇന്നത്തെ വിരുന്നു കഴിഞ്ഞുള്ള വരവാണോ രാജു…..?

ചായക്കടക്കാരൻ ഉസ്മാന്റെ ചോദ്യം കേട്ട് റോഡിലേക്ക് നോക്കിയ സുരയുടെ കണ്ണു മിഴിഞ്ഞു പോയ്….

ഇരുനിറത്തിൽ ,അധികം പൊക്കമില്ലാത്ത രാജുവിനൊപ്പം പാൽ പേട പോലൊരു പെണ്ണ്…. അവളുടെ ഉച്ചി മുതൽ ഉള്ളം കാൽവരെ സെക്കൻഡുകൾ കൊണ്ട് ഒപ്പിയെടുത്തു സുരയുടെ കണ്ണുകൾ…

ഇത്രയും സുന്ദരിയോ ഇവന്റെ ഭാര്യ…. സ്വയമറിയാതെ ചോദിച്ചു പോയവൻ…

“ഇവനീ പെണ്ണിനെ കെട്ടിക്കൊട്ടു വന്ന നാൾ മുതൽ നീ ചോദിച്ച ചോദ്യം തന്നെയാണ്
ഇവിടെയോരോരുത്തരം ചോദിക്കുന്നത് സുരേ…

ചായക്കടക്കാരൻ ഉസ്മാൻ പറഞ്ഞതും അയാളെ ചോദ്യഭാവത്തിൽ നോക്കി സുര..

സത്യം തന്നെയാടാ…ഇവിടെ ഒരാളോടും നേരെ ചൊവ്വമിണ്ടുകയോ എന്തിനൊന്ന് ചിരിക്കുക പോലും ചെയ്യാത്ത ആ മിണ്ടാ മുനി ചെക്കന് പെണ്ണ് കിട്ടീന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ
ചർച്ച മുഴുവൻ… അവൻ അവന്റെ ഇഷ്ടത്തിന് എന്തു വേണേൽ ചെയ്തോട്ടേന്ന് വെച്ചാൽ പോരെ ഈ നാണംക്കെട്ട നാട്ടുകാർക്ക്… നിന്റെയൊന്നും കയ്യീന്ന് ഒരു രൂപ പോലും വാങ്ങീട്ടല്ലല്ലോ അവൻ അവന്റെ പെണ്ണിനെ നോക്കുന്നത്….?
പിന്നെന്തിന്റെ കേടാടാ സുരേ നിനക്കൊക്കെ…?

സുരയൊട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷം ഉസ്മാൻ ശബ്ദമുയർത്തിയതും വിളറി സുര….

നിങ്ങളിങ്ങനെ എന്നോടു ചൂടാവണത് എന്തിനാ…. ഇതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ….?

കുടിച്ച ചായയുടെ പൈസ ഉസ്മാന്റെ മേശപ്പുറത്തു വെച്ച് അയാളോട് തിരികെ തട്ടിക്കയറി ആ കടയിൽ നിന്നിറങ്ങി പോവുമ്പോഴും സുരയുടെ മനസ്സിൽ തെളിഞ്ഞു മിഴിവോടെ നിന്നത് രാജുവും അവന്റെ ഭാര്യയും തമ്മിലുള്ള ശാരീരിക അന്തരമാണ്…

രാജുവിന്റെ പെണ്ണെന്ന് ഓർക്കുമ്പോൾ പോലും തന്റെ ഉള്ളിലൊരു കുളിരോടുന്നത് തിരിച്ചറിഞ്ഞ സുരയുടെ ചുണ്ടിലൊരു മൂളിപ്പാട്ട് വിരുന്നെത്തിയത് വേഗത്തിലാണ്…

ദിവസങ്ങൾ മുന്നോട്ടു നീങ്ങിയതും ഉസ്മാന്റെ ചായക്കടയിലും രാജുവിന്റെ വീട്ടുപരിസരത്തുമായ് പല തവണ പലരായ് സുരയെ കണ്ട് തുടങ്ങിയത് ഒരു അന്തി ചർച്ചയ്ക്ക് വഴിവെച്ചത് പെട്ടന്നാണ്…

എടാ നമ്മുടെ സുരയെ ആ രാജു അവന്റെ വീട്ടുമുറ്റത്തിട്ട് പൊതിരെ തല്ലുന്നുണ്ടെന്ന്… ഒന്ന് വേഗം വന്നേ നിങ്ങൾ…

മൈതാനത്തെ പതിവു വട്ടം കൂടലിനൊരുങ്ങുന്നവരോട് വേഗം വന്ന് ശശി പറഞ്ഞതും രാജുവിന്റെ വീടു ലക്ഷ്യമാക്കി വേഗത്തിൽ ഓടിയവർ…

ഓടി ചെന്നതും കൺമുന്നിൽ കണ്ട കാഴ്ചയിൽ നിശ്ചലരായ് ശശിയും കൂട്ടരും…

ഇന്നേ വരെ നാലാള് കൂടുന്നിടത്ത് നേരെ നിന്ന് സംസാരിക്കാത്ത രാജു സുരയെ തന്റെ കൈകളിൽ തൂക്കിയെടുത്തിട്ടാണ് അടിക്കുന്നത്…

“രാജു… നീയെന്താ ഈ കാണിക്കുന്നത്… അവനെ വിട്ടേ നീ… അവനെന്തു ചെയ്തിട്ടാണ് നീയവനെ ഇങ്ങനെ തല്ലുന്നത്…?

രാജുവിനും സുരയ്ക്കും ഇടയിലായ് കയറി നിന്ന് ശശി ചോദിച്ചതും തീപാറും പോലൊരു നോട്ടം ശശിയെ നോക്കി രാജു…

“എന്റെ ഭാര്യയ്ക്ക് വേണ്ടതും അതിലധികവും കൊടുക്കാൻ എനിയ്ക്ക് കഴിയും എന്നെനിയ്ക്ക് ഉറപ്പുണ്ടായിട്ടു തന്നെയാ ശശീ ഞാനൊരു പെണ്ണ് കെട്ടിയത്…. അവൾക്ക് ഞാൻ നൽകുന്നത്എന്തെങ്കിലും കുറവുണ്ട് എങ്കിൽ അതെന്നോടു തുറന്നു പറയാൻ അവൾക്കും അറിയാം… അതിനി പണം കൊണ്ടുള്ളതായാലും അതല്ല ശരീരം കൊണ്ടുള്ളതായാലും ശരി ഞാൻ നൽകുന്നത് മതി അവൾക്ക്….

” ഇനി മേലാൽ എന്റെ ഭാര്യയ്ക്ക് ഞാൻ നൽകുന്ന സുഖക്കുറവ് തിരക്കിയിവനെന്റെ വീട്ടുമുറ്റത്തെങ്ങാൻ കാലുകുത്തിയാൽ പിന്നൊരാളോടും സുഖം വേണോയെന്ന് ചോദിക്കാൻ വേണ്ട ആ സാധനം അതിവന്റെ അരയിൽ കാണില്ല….

” അരിഞ്ഞെടുത്ത് അര ഭിത്തിയിൽ തൂക്കും ഞാനത്…. പറഞ്ഞു കൊടുത്തേരെ സമയം പോലെ കൂട്ടുകാരനോടത്…”

ശശിയ്ക്ക് നേരെ സുരയെ ആഞ്ഞു തള്ളിയിട്ട് രാജു പറയുമ്പോൾ അവന്റെ ഭാവത്തിലും ഉയർന്ന ശബ്ദത്തിലും ഒന്നു ഭയന്നു ശശിയുൾപ്പെടെയുള്ള നാട്ടുകാർ….

രാജുവിന്റെ ഈ ഭാവവും സംസാരവും പുതിയതാണവർക്ക്…

ഇങ്ങനെയും ഒരു ഭാവമോ ഇവന്… ചിന്തിച്ചു പോയവർ…

രാജുവിന്റെ ഭാര്യയ്ക്കടുത്ത് ലോഹ്യം കൂടാൻ ശ്രമിച്ച് സുര ചെന്നിരുന്നതും അവന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അതു ചോദിക്കാനും പറഞ്ഞപ്പോൾ മാത്രമാണ് ശശി അറിയുന്നത്….

സുരയെ നോക്കുന്ന ഓരോ മുഖത്തും പുച്ഛം തെളിയുന്നതും അവരെല്ലാം രാജുവിനെ അത്ഭുതത്തോടെ നോക്കുന്നതും കണ്ട ശശി സുരയുടെ മേലുണ്ടായിരുന്ന തന്റെ കൈ മെല്ലെ പിൻവലിച്ചു

ഒരാളുടെയും രൂപം കണ്ടയാളെ വിലയിരുത്തരുതെന്ന പാoത്തോടെ അവിടെ കൂടിയിരുന്നവരെല്ലാം രാജുവിന്റെ വീടിന്റെപടിയിറങ്ങുമ്പോൾ ആരും കൂട്ടിനില്ലാതെയാ വീട്ടുമുറ്റത്ത് അടി
കൊണ്ടവശതയോടെ കിടന്നു സുര….

അവനെ താങ്ങിയാൽ തങ്ങളും അവനെ പോലെ ആളുകൾക്കിടയിൽ ചീഞ്ഞുനാറുമെന്ന പാoമുൾക്കൊണ്ട് സുരയെ പിന്നിലുപേക്ഷിച്ച് നടന്നു മറഞ്ഞവരുടെ കൂട്ടത്തിൽ ശശിയുൾപ്പെടെയുള്ള സുരയുടെ കൂട്ടുക്കാരെല്ലാമുണ്ടായിരുന്നു….

✍️ RJ

Leave a Reply

Your email address will not be published. Required fields are marked *