വിവാഹത്തിന് ശേഷം ഒരിക്കൽ പോലും മെൻസസ് ആവാതെ ഭാര്യ പ്രെഗ്നന്റ് ആയപ്പോൾ തുടങ്ങിയതാണ് കുഞ്ഞിന്റെ പിതൃത്വത്തെ…

വിവാഹത്തിന് ശേഷം ഒരിക്കൽ പോലും മെൻസസ് ആവാതെ ഭാര്യ പ്രെഗ്നന്റ് ആയപ്പോൾ തുടങ്ങിയതാണ് കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഭാര്യയോട് ഉള്ള വഴക്ക്…… കുഞ്ഞു ഉണ്ടായ ശേഷം വഴക്ക് ഉണ്ടാക്കുമ്പോൾ അവളുടെ കയ്യിലിരുന്നു കുഞ്ഞു ചിരിക്കുന്നത് കാണുമ്പോൾ എന്റെ മനസ്സ് ഇളകുമായിരുന്നു …… എങ്കിലും കുഞ്ഞിൻറെ മോണ കാട്ടിയുള്ള നിഷ്കളങ്കമായ ചിരിയിലും അച്ഛാ എന്നുള്ള വിളിയിലും എന്റെ മനസ്സ് അടിപതറാതെ പിടിച്ചു നിന്നു……. എനിക്കു എന്റെ ഭാര്യയെ അത്രയധികം സംശയം ആയിരുന്നു എന്നുള്ളതാണ് അതിന്റെ കാരണം…..

ഭാര്യക്ക് വിവാഹത്തിന് മുൻപൊരു ചെറുപ്പക്കാരനുമായി ബന്ധം ഉണ്ടായിരുന്നു എന്ന കാര്യം ആദ്യരാത്രിയിൽ തന്നെ അവൾ എന്നോട് തുറന്നു പറഞ്ഞതാണ്…… പെണ്ണ് കെട്ടിയ സന്തോഷത്തിലും ആദ്യമായി ഒരു സ്ത്രീയെ അറിയാൻ പോകുന്ന വെപ്രാളത്തിലും ഞാൻ അവൾ പറഞ്ഞ വാക്കുകൾക്കു അന്നേരം അധികപ്രാധാന്യം നൽകിയില്ല എന്നുള്ളതാണ് സത്യം…..

പക്ഷെ വിവാഹത്തിന് ശേഷം ഒരിക്കൽ പോലും മെൻസസ് ആവാതെ അവൾ പ്രെഗ്നന്റ് ആയപ്പോൾ എന്റെ മനസ്സ് തളർന്നു പോകുകയായിരുന്നു….. അവളുടെ പൂർവ കാമുകന്റെ ഓർമകളും സെക്സിനെ കുറിച്ചുള്ള എന്റെ അറിവ് ഇല്ലാഴിമായും എന്നെ പൂർണമായും ഒരു സംശയരോഗി ആയി മാറ്റിയിരുന്നു……. എനിക്കു തന്നെ മനസ്സിൽ ഉറപ്പായിരുന്നു എന്നെകൊണ്ട് ഒരിക്കലും ഇത്രയും വേഗം ഒരു പെണ്ണിനെ പ്രെഗ്നന്റ് ആക്കാൻ കഴിയില്ലായെന്നു….. അതുകൊണ്ട് തന്നെ ഭാര്യ പ്രെഗ്നന്റ് ആണെന്നുള്ള വാർത്ത ഞാൻ ഞെട്ടലോടെയും സങ്കടത്തോടെയുമാണ് കേട്ടത്…….കൂട്ടുകാർ എല്ലാം രസത്തിനു വേണ്ടി പെട്ടെന്ന് തന്നെ പണി ഒപ്പിച്ചു കളഞ്ഞു അല്ലേടാ,,, നീ ഒരു പട്ടാളക്കാരൻ ആവേണ്ടത് ആയിരുന്നു എന്നു പറയുന്നത് കേൾക്കുമ്പോൾ പൊതുവെ അഭിമാനം കൊള്ളാറുള്ളവർ ആണ് ആണുങ്ങൾ പക്ഷെ എനിക്കു അതു എന്നെ അവർ അപമാനിക്കും പോലെയാണ് തോന്നിയിരുന്നത്…..

ഉള്ളിലുള്ള ദുഖങ്ങളൊക്കെ എന്റെ ഉള്ളിൽ മാത്രമാക്കി ഒതുക്കി ഭാര്യക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കുമ്പോളും എന്റെയുള്ളിൽ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു…… എങ്കിലും ഞാൻ വലിയ കുറവുകളൊന്നും വരുത്താതെ എന്റെ ഭാര്യക്ക് വേണ്ടതൊക്കെ ചെയ്തുകൊടുത്തു….. എരി തീയിൽ എണ്ണ ഒഴിക്കും പോലെ ഞങ്ങൾക്ക് ജനിച്ച കുഞ്ഞു നല്ല തൂവെള്ള കളർ ആയിരുന്നു…. ഭാര്യയുടെ കാമുകനെ പോലെ….. ഇരു നിറത്തിൽ ഉള്ള എനിക്കും ഭാര്യക്കും എങ്ങനെ ഇങ്ങനെയൊരു കുഞ്ഞു ഉണ്ടായി എന്നുള്ള എന്റെ ഉള്ളിൽ ഉള്ള ചോദ്യം എനിക്കു തന്ന ഉത്തരം ഭാര്യ ഒരു മോശക്കാരി ആണെന്ന് തന്നെയാണ്…..

കുഞ്ഞിന് മൂന്നു വയസ്സു ആയപ്പോൾ കുഞ്ഞു എന്നെ കളിക്കാൻ വിളിക്കുമ്പോൾ എനിക്കു അതിനോട് വെറുപ്പ്‌ ആയിരുന്നു…. അതിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഞാൻ ഭാര്യയുമായി അതും പറഞ്ഞു വഴക്ക് ഉണ്ടാക്കും…. എന്തൊക്കെ നമ്മൾ കുഞ്ഞിനെ നോക്കി പറഞ്ഞാലും ശപിച്ചാലും പിന്നെയും നമ്മൾ വരുമ്പോൾ ഓടി അടുത്തു കളിക്കാൻ വരുന്ന നിഷ്കളങ്കത എന്നെ മാനസികമായി കുഞ്ഞും ആയി അടുപ്പിച്ചു എങ്കിലും എന്റെ അപകർഷതാ ബോധം അതു എന്നെ വെളിയിൽ കാണിക്കാൻ അനുവദിച്ചില്ല……

മോൾക്ക് അഞ്ചു വയസ്സു ആകും വരെ ഞാൻ എന്റെ ഭാര്യയും ആയി സെക്സ് റിലേഷൻ നടത്തിയില്ല…… എനിക്കു അറപ്പും വെറുപ്പും ആയിരുന്നു സ്ത്രീകളോട് തന്നെ…… പക്ഷെ സ്വന്തം ചോരയിൽ ഒരു കുഞ്ഞു വേണമെന്നുള്ള എന്റെ ആഗ്രഹം ഭാര്യയും ആയി കൂടുതൽ ശാരീരികമായി അടുക്കാൻ എന്നെ പ്രേരിപ്പിച്ചു…… അല്ലാതെ വേറെയൊരു സ്ത്രീയുടെ അടുത്തു പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു എന്നുള്ളതാണ് വാസ്തവം…. എന്തായാലും എന്റെ പ്രാർത്ഥന ദൈവം കേട്ടു എനിക്കു ഓമനിക്കാനായി ഒരു ആൺകുഞ്ഞിനെ തന്നെ തന്നു….

മകൻ ഉണ്ടായതോടെ എനിക്കു മകളോടുള്ള വെറുപ്പ്‌ ഒരുപാട് കൂടി…… എല്ലാ കാര്യത്തിലും ഞാൻ ആ വേർതിരിവ് ശരിക്കും അവരെ കാണിച്ചു തന്നെ വളർത്തി…… എനിക്കു അതൊരു സന്തോഷം ആയിരുന്നു….എന്റെ മനസ്സിൽ മകന് മകൾക്കു മുകളിൽ ആണ് സ്ഥാനം എന്നു മറ്റുള്ളവരോട് പറയുകയും മനസ്സിൽ ഒന്നും ഇല്ലങ്കിൽ പോലും അങ്ങനെ കാണിക്കുകയും ചെയ്യുന്നത് എനിക്കൊരു ഹരമായി മാറിയിരുന്നു…… വീട്ടിൽ എന്റെ കൂടെ ജോലി ചെയ്യുന്നവരോ കൂട്ടുകാരോ ഒക്കെ വന്നാൽ ഞാൻ എന്റെ മകനെ മാത്രമേ അവർക്കു മുൻപിൽ നിർത്തുക ഉള്ളായിരുന്നു……. വീട്ടിലെ രണ്ടു വേലക്കാരികളെ പോലെ ഞാൻ ഭാര്യയെയും മകളെയും അടിമ ആക്കി മാറ്റി…..

എന്തിനു അധികം എന്റെ മകൾ ഒരു പെണ്ണായി മാറിയ സമയത്തു വീട്ടിൽ വലിയ ആഘോഷങ്ങൾ നടക്കുമ്പോളും ഞാൻ ഒരു സ്ഥലത്ത് മാറി ഇരുന്നേ ഉള്ളൂ….. ആരോടും എനിക്കു ഇതൊന്നും താല്പര്യമില്ല എന്ന് പറയാതെ പറയുന്നത് ആയിരുന്നു എനിക്കു ഇഷ്ടം…. എന്റെ തലോടലിനോ ആശ്വാസ വാക്കുകൾക്കോ മകൾ കൊതിച്ചിട്ടു ഉണ്ടാകുമെന്നു എന്റെ മനസ്സിൽ തോന്നിയെങ്കിലും എനിക്കു ഭാര്യയുടെ മുഖം ഓർമ്മ വരുമ്പോൾ മകളോട് പിന്നെയും മനസ്സിൽ ദേഷ്യം വരും…… അങ്ങനെ എന്റെ പുറമെയുള്ള വെറുപ്പും ഭാര്യയോട് മകളെ ചൊല്ലിയുള്ള വഴക്കും കാരണം പതിയെ പതിയെ മകളും എന്നിൽ നിന്നും അകലാൻ തുടങ്ങി…… എന്റെ നിഴൽവെട്ടം കാണുന്നത് പോലും അവൾക്കു ഇപ്പോൾ ഭയം ആണെന്ന് എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു…..

ഒരു ദിവസം ടീവിയിൽ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ ഞാനും മകനും സെറ്റിയിലും മകളും ഭാര്യയും താഴെ ഇരുന്നു കാണുമ്പോൾ മോഹൻലാൽ മീനയോട് നമ്മുടെ സ്നേഹം കണ്ട് വേണം മക്കൾ വളരാൻ എന്നു പറയുമ്പോൾ എന്റെ മനസ്സിൽ ദുഖത്തിന്റെ ആഴി ആളി കത്തുക ആയിരുന്നു……. ഞാൻ എന്താണ് എന്റെ മക്കൾക്ക്‌ പകർന്നത്…. എന്റെ മക്കൾക്ക്‌ അച്ഛനെന്നു പറഞ്ഞാൽ തന്നെ അമ്മയോട് എന്തൊക്കെയോ പറഞ്ഞു വഴക്ക് ഉണ്ടാക്കുന്ന രൂപം…. അതാണ് എന്റെ മക്കളുടെ മനസ്സിലെ അച്ഛൻ…. ആ സിനിമ അവസാനിക്കുമ്പോൾ മോഹൻലാൽ മകളെ ചേർത്തു പിടിച്ചു അച്ഛാ അല്ലേ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എനിക്കു ഇപ്പോൾ അച്ഛൻ പറഞ്ഞില്ലെങ്കിൽ പോലും മനസ്സിലാകും പറയുമ്പോൾ എന്റെ കണ്ണുകൾ ആരും കാണാതെ നിറഞ്ഞിരുന്നു….. എന്റെ മകളെ ഇത്രയും കാലമായിട്ടു ഒന്നു സ്നേഹത്തോടെ ചേർത്തുപിടിച്ചിട്ടില്ല എന്ന ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടി…. എന്തിനു കൂടുതൽ ചേർത്തുപിടിക്കാൻ പോയിട്ട് ഒന്നു ചിരിച്ചു കാണിച്ചിട്ടില്ല എന്റെ മകളെ….

ആ സിനിമ അവസാനിച്ചപ്പോൾ ഞാൻ ഭാര്യയെയും മകളെയും ഒന്നു സൂക്ഷിച്ചു നോക്കി…. അവരുടെ മുഖത്തു സ്നേഹം കൊതിക്കുന്നു എന്നു എഴുതിവെച്ചേക്കുന്നത് പോലെയെനിക്ക് തോന്നി…. എനിക്കു ആ മുഖങ്ങൾ കാണുമ്പോൾ സങ്കടം ഉണ്ടായെങ്കിലും ഒന്നും പുറത്തു വരാതെ ഞാൻ പിടിച്ചു നിന്നു…. ഒരുപാട് തവണ മകളോടും ഭാര്യയോട് മനസ്സിൽ മാപ്പ് ചോദിച്ചു എനിക്കും നിങ്ങളെ ചേർത്തുപിടിക്കാൻ ആഗ്രഹം ഉണ്ടെന്നു മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു…..

എന്റെ അമിത ലാളനം കണ്ടിട്ട് ദൈവത്തിനു പോലും സഹിക്കാൻ വയ്യാത്തതുകൊണ്ടും എന്നെപോലെയൊരു ഭീരുവായ ഭർത്താവിൻറെ കൂടെ ജീവിതം നൽകിയതിൽ ഉള്ള പാശ്ചാപതാപം കൊണ്ടും ഒരു അപകടത്തിന്റെ രൂപത്തിൽ ദൈവം എന്റെ ഭാര്യയെയും മകനെയും അങ്ങു തിരിച്ചു വിളിച്ചു…. ഭാര്യയെ നഷ്ടം ആയത് ഉള്ളിൽ ദുഃഖം ഉണ്ടാക്കിയെങ്കിലും മകന്റെ വേർപാട് എന്നെ പാടെ തകർത്തു കളഞ്ഞു…. വീട്ടിൽ വേലക്കാരിയെ പോലെ ഒരു പെണ്ണ് ഉള്ള കാര്യം പോലും ഞാൻ മറന്നു മദ്യത്തിന് അടിമ ആയപ്പോൾ, ഡിഗ്രി കഴിഞ്ഞ മോൾ ജോലിക്ക് പോയാണ് സ്വന്തം കാര്യങ്ങൾ എല്ലാം നോക്കിയത്…..

മദ്യത്തിന്റെ അമിത ഉപയോഗം എന്റെ ശരീരത്തിനെ കീഴടക്കി എന്റെ രണ്ടു വൃക്കകളെയും ഒരുപോലെ നശിപ്പിച്ചു കളഞ്ഞപ്പോൾ ഞാൻ അറിയുക ആയിരുന്നു എന്റെ മരണ സമയം അടുത്തു കഴിഞ്ഞു എന്നു…. വയ്യാതെ ആയതുകൊണ്ട് ഒന്നിനും വയ്യാത്തതുകൊണ്ട് ഇപ്പോൾ മകൾ തരുന്ന ആഹാരം കഴിക്കാനും അവളുടെ കൂടെ ഹോസ്പിറ്റലിൽ പോകാനും ഒക്കെ എനിക്കു മടി ഇല്ലാതെയായി…

വേദനകൊണ്ടു പുളഞ്ഞു ഞാൻ ഒരു ദിവസം കട്ടിലിൽ കിടക്കുമ്പോൾ മകൾ വന്നു പറഞ്ഞു

“” അച്ഛൻ ഇനി അധികം വേദന തിന്നണ്ട… എന്തിനാണ് ഒരാൾക്ക് രണ്ടു വൃക്ക ഒരെണ്ണം തന്നെ ധാരാളം അല്ലേ…. ഞാൻ എന്റെയൊരെണ്ണം എന്റെ അച്ഛനു തരാൻ തീരുമാനിച്ചു…. ഡോക്ടർ ഓകെയാണ് പറഞ്ഞു അച്ഛാ…. അച്ഛൻ ഒന്നും കൊണ്ടും പേടിക്കണ്ട കേട്ടോ… എനിക്കു ഇപ്പോൾ ആണ് എന്റെ അച്ഛന്റെ സ്നേഹം കുറച്ചു കിട്ടുന്നത് അതു നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല അച്ഛാ…. “”

അവളുടെ ശിരസ്സിലൊരു ഉമ്മയും വെച്ചു ഞാൻ അവളോട് ഈ പാപിയായ അച്ഛനെ എങ്ങനെ സ്നേഹിക്കാൻ കഴിയുന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി എന്റെ അച്ഛൻ ആയതുകൊണ്ട് എന്നാണ്….. എന്റെ അച്ഛൻ എനിക്കു ദൈവം ആണെന്ന് അവൾ പറഞ്ഞപ്പോൾ എൻറെ ഹൃദയം പൊട്ടി പോകുന്ന കുറ്റബോധം എന്റെയുള്ളിൽ അലയടിക്കുക ആയിരുന്നു……

അച്ഛനു ഇപ്പോൾ വൃക്ക വേണ്ട മോളുടെ കല്യാണം നടന്നു കാണണം പറഞ്ഞപ്പോൾ ഇല്ല അച്ഛനെ രക്ഷിച്ചിട്ടു മതി കല്യാണം പറഞ്ഞവൾ ഒഴിയാൻ നോക്കി…… മോളുടെ കല്യാണം കഴിഞ്ഞു നമുക്കു വൃക്ക മാറ്റാം അല്ലങ്കിൽ വൃക്ക മാറ്റി വെക്കുമ്പോൾ അച്ഛനു വല്ലതും സംഭവിച്ചാൽ മോൾ ആരും ഇല്ലാത്തവൾ ആയി പോകുമെന്നും അതുപോലെ കല്യാണം കഴിഞ്ഞു വൃക്ക മാറ്റിവെക്കാൻ സമ്മതം തരുന്ന ചെറുക്കനെ മോൾ കല്യാണം കഴിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞപ്പോൾ അവൾ സമ്മതം മൂളി….. ചെറുക്കനോട് രഹസ്യമായി കല്യാണശേഷം മകളെ കാര്യം പറഞ്ഞു മനസിലാക്കാം പറഞ്ഞപ്പോൾ ആദ്യം വന്ന ചെറുക്കൻ തന്നെ എന്റെ സുന്ദരി മോളുടെ വരൻ ആയി….

മകളുടെ കല്യാണത്തിന് അവളെ അനുഗ്രഹിക്കും കൂടെ നെഞ്ച് പൊട്ടി ഞാൻ പ്രാർത്ഥിക്കുക ആയിരുന്നു അവൾക്കു ഇനി എങ്കിലും നല്ലൊരു ജീവിതം ഉണ്ടാകണമെന്ന്……. കല്യാണത്തിന് ഒരാഴ്ച കഴിഞ്ഞു വൃക്ക മാറ്റി വെക്കാൻ ഉള്ള കാര്യങ്ങളും ആയി അവൾ മുൻപോട്ടു പോയപ്പോൾ ആണ് മകൾ അതു വിടുന്ന ലക്ഷണം ഇല്ലെന്നു എനിക്കു ബോധ്യമായത്….. അവളുടെ ഭർത്താവിന്റെ നിസ്സഹായാവസ്ഥ ബോധ്യമായതുകൊണ്ടും അവളുടെ നിശ്ചയദാർഢ്യം മനസ്സിലാക്കിയതുകൊണ്ടും അവൾക്കു ഇനിയെങ്കിലും ഒരു നല്ല ജീവിതം കിട്ടാനായി ഒരു മുഴം കയറിൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുമ്പോളും എന്റെയുള്ളിൽ നിറയെ ഇവൾ എന്റെ മകൾ തന്നെയാണോ എന്നുള്ള സംശയം കൊണ്ടു ജീവിത കാലം മുഴുവൻ ഞാൻ മാറ്റി നിർത്തിയ എന്റെ ഭാര്യയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളു…….

A story by അരുൺ_നായർ

Leave a Reply

Your email address will not be published. Required fields are marked *