“കെട്ടിയവനും ഒപ്പത്തിനൊപ്പം വളർന്ന മൂന്നു മക്കളുമുണ്ടായിട്ടും പണ്ടത്തെ കൂട്ടുക്കാരനെ ഇന്നും കൂടെ കിടത്തുന്നവളല്ലേടീ നിന്റെ അമ്മ… ?
“ആ അമ്മയുടെ മകളായ നീ എന്നോടു ന്യായം വെക്കാൻ വന്നാൽ അനിയന്റെ ഭാര്യയാണ്, വലിയ കൊമ്പത്തെ സർക്കാരു ജോലിക്കാരിയാണ് എന്നതൊക്കെ അങ്ങ് മറന്ന് നിന്റെയീ ആണുങ്ങളെ മോഹിപ്പിക്കുന്ന ചന്തംകൂടി പോയ മുഖം ഞാനടിച്ചങ്ങ് പൊട്ടിയ്ക്കും വിദ്യേ….
“ഞാൻ പറയുന്നത് കേട്ട് മിണ്ടാതൊരു മൂലയ്ക്ക് അടങ്ങി ഒതുങ്ങി അനുസരിച്ചു നിന്നാൽ നിനക്ക് കൊള്ളാം… അല്ലേൽ നിനക്കു കൊള്ളും കേട്ടോ ടീ നാ….ത്തൂ…നേ… ”
പറയുന്നതിനൊപ്പം തന്നെ മിഴിച്ചു നോക്കി നിൽക്കുന്ന വിദ്യയുടെ കവിളത്ത് ചൂണ്ടുവിരൽ കൊണ്ടൊന്ന് വേദനിയ്ക്കും വിധം കുത്തുക കൂടി ചെയ്തു പ്രഭ…
വിദ്യയുടെ നോട്ടം പ്രഭയേയും കടന്ന് അവൾക്ക് പുറകിലിരുന്ന് ഇതെല്ലാം നോക്കീം കണ്ടും രസിച്ചു ചിരിച്ചിരിയ്ക്കുന്ന പ്രഭയുടെ അമ്മ ചന്ദ്രികയിലെത്തി…
“നീയെന്തിനാടീ എന്നെ നോക്കുന്നത്…. എന്റെ മോള് പറഞ്ഞതു തന്നെയേ എനിയ്ക്കും നിന്നോടു പറയാനുള്ളു…
നിന്റെ ആട്ടക്കാരി അമ്മയുടെ സ്വഭാവം നീ എന്റെയീ കുടുംബത്ത് എടുക്കരുത്… നിനക്ക് തനിച്ചു വരാനും പോകാനും പറ്റുമെങ്കിൽ മാത്രം നീ ഇവിടുന്ന് ജോലിയ്ക്ക് പോയാൽ മതി… അതല്ലാതെ ഇനിയേതെങ്കിലും ഒരുത്തന്റെ കൂടെ നീ ഇന്നു വന്നതു പോലെ ആടി കുഴഞ്ഞു കൊഞ്ചി കൊണ്ടു വരുന്നതു കണ്ടാൽ…
വിദ്യയുടെ മുഖത്തിനു നേരെ ചുണ്ടുവിരൽ വിലങ്ങനെയാട്ടി അമ്മ പറഞ്ഞതും അവരുടെ മുഖഭാവം കണ്ട് ഭയന്ന് കണ്ണൊന്നിറുക്കെ ചിമ്മിയടച്ചവൾ…
വിദ്യയുടെ ഭയന്ന മുഖവും പേടിച്ചുള്ള നിൽപ്പും കണ്ട് പരസ്പരം നോക്കി സംതൃപ്തിയോടെ വിജയചിരി ചിരിച്ചു പ്രഭയും അമ്മയും…
“നീയ്യീന്ന് ആരുടെ കൂടെയാടി വൈകീട്ട് ഓഫീസ് വിട്ടു വന്നത്….?
അത്താഴം കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് വിദ്യ എത്തിയതും അവളേറെ ഭയന്ന ആ ചോദ്യം അവളെ തേടിയെത്തി…
അവളുടെ ഭർത്താവ് പ്രമോദിന്റെ ചോദ്യം ചെയ്യലിനുള്ള സമയമാണിനി…
“വൈകീട്ട് പെട്ടന്ന് ബസുകൾ പണിമുടക്കിയതുകൊണ്ട് എനിയ്ക്ക് ഇങ്ങോട്ടു വരാൻ വണ്ടിയൊന്നും കിട്ടിയില്ല… അന്നേരം ഓഫീസിലെ അജിത്ത് സാറാണെന്നെ ഇവിടെ കൊണ്ടിറക്കിയത്… അല്ലെങ്കിൽ എനിയ്ക്ക് ഇപ്പോഴും ഇവിടെ എത്താൻ പറ്റില്ലായിരുന്നു പ്രമോദേട്ടാ…. ”
ഉള്ളിൽ പിടഞ്ഞുയരുന്ന ഭയം പുറമേക്ക് കാണിക്കാതെ പതിഞ്ഞ ശബ്ദത്തിൽ വിദ്യ പറയുമ്പോൾ അവളെ ആകെയൊന്നു ഉഴിഞ്ഞു നോക്കി പ്രമോദ്….
നൈറ്റ് ഡ്രസിന്റെ മനോഹാരിതയിൽ ശില്പഭംഗിയോടൊരുവൾ…
അവളെ അങ്ങനെ നോക്കി കിടന്നതും ഒരു മൃഗം ചുരമാന്തി അവനുള്ളിൽ…
“നിന്നെ അവൻ തൊട്ടോടി… നീയും അവനും മുട്ടിയുരുമ്മി ഇരുന്നാണോ വന്നതിങ്ങോട്ട്…?
ബെഡ്ഡിനോരം ചേർന്നു നിൽക്കുന്നവളെ വലം കയ്യാൽ തനിയ്ക്കടുത്തേയ്ക്ക് വലിച്ചു കിടത്തി അവളിലേക്ക് മുഖമടിപ്പിച്ചു മണത്തു നോക്കിയാണ് പ്രമോദിന്റെ ചോദ്യം…
അവന്റെ പിടുത്തതിലും തന്നോടടുത്തു നിൽക്കുന്നവന്റെ മുഖത്തെ ഭാവത്തിലും ദേഹത്തൊരു പുഴുവരിച്ചതു പോലെ അസ്വസ്ഥയായ് വിദ്യ….
അവളുടെ മുഖവും ചുളിഞ്ഞു പോയ്….
“ഞാനൊന്ന് കിടന്നു പോയെന്ന് കരുതി തന്നിഷ്ടത്തിനും തോന്ന്യാസത്തിനുമൊന്നും ഇവിടെ ജീവിക്കാൻ പറ്റില്ല… നിന്റെ അമ്മയുടെ സ്വഭാവം നീ എടുത്താൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും… മനസ്സിലായോ….?
കിടന്ന കിടപ്പിൽ കിടന്നു പറയുമ്പോഴും പ്രമോദിന്റെ ശബ്ദത്തിലെ ക്രൗര്യം അവളെ തളർത്തുന്നുണ്ട്…
അവന്റെ വാക്കുകളിൽ ഭയന്നവളുടെ ശരീരം കിടുത്തു പോവുന്നത് അവനറിയുന്നുണ്ട്…
അതൊരു ലഹരിയായ് അവനിൽ പടരുന്നത് അവളറിയുന്നില്ലെന്നു മാത്രം…
“എനിയ്ക്കൊന്നുറങ്ങണം .. നീ എന്നെയൊന്ന് നന്നായ് ഉറക്കി തന്നേടീ…….
നിന്റെ മണവും ചൂടും സാമർത്ഥ്യവും ഇടയ്ക്കൊന്നു ഞാനും അറിയട്ടെ… നാട്ടുകാരുമാത്രം അറിഞ്ഞിട്ട് കാര്യമില്ലല്ലോ… ഉടമസ്ഥനും അറിയണമല്ലോ കഴിവുകൾ… ”
പറയുന്നതിനിടയിൽ വിദ്യയെ തന്റെ ശരീരത്തിനു മുകളിലേക്ക് വലിച്ചിട്ടു കഴിഞ്ഞിരുന്നു അവൻ…
ശ്വാസമൊന്നു പൊള്ളി പിടഞ്ഞു വിദ്യയ്ക്ക്…
തന്നിൽ വേദന പടർത്തി കടന്നു പോവുന്ന പ്രമോദിന്റെ വലം കൈയും മുഖവുമെല്ലാം തന്നാലാവും വിധം തട്ടി മാറ്റാൻ നോക്കി വിദ്യ എങ്കിലും ആ സമയം അസാമാന്യ ശക്തിയായിരുന്നു പ്രമോദിന്….
തന്റെ ലക്ഷ്യം പൂർത്തിയാക്കി ഒരു വിജയചിരിയോടെ പ്രമോദ് വിദ്യയെ തന്നിൽ നിന്നടർത്തി മാറ്റിയപ്പോൾ ശരീരമാകെ വേദനിച്ചു പുകഞ്ഞു കണ്ണുനീരൊഴുക്കി മെല്ലെ ബെഡ്ഡിൽ കിടന്നു പോയ് വിദ്യ….
“ശരീരത്തിന്റെ ഒരു ഭാഗം തളർന്നു കിടക്കയിൽ കിടക്കുന്ന ഒരുവനാണ് നിന്റെ ശരീരത്തിലീ കണ്ട പരാക്രമമെല്ലാം ചെയ്തുവെച്ചതെന്ന് നീ പറഞ്ഞാൽ അതു വിശ്വസിക്കാൻ എനിയ്ക്കിത്തിരി ബുദ്ധിമുട്ടുണ്ട് വിദ്യേ….?
തനിയ്ക്ക് മുന്നിൽ കണ്ണീരോടേയിരിക്കുന്നവളുടെ ദയനീയമായ മുഖത്തേക്ക് നോട്ടം ഉറപ്പിച്ച് ഗീതു പറഞ്ഞതും പകപ്പോടെ അവളെയൊന്നു നോക്കി വിദ്യ…
“നീ… നീയെന്താ പറഞ്ഞു വരുന്നത് ഗീതൂ…?
ഞാനും എന്റെ അമ്മയെ പോലൊരുവൾ ആണെന്നോ… ?
അതോ ഇന്നലെ രാത്രി ഞാൻ ബെഡ് ഷെയർ ചെയ്തതും ശരീരം പങ്കിട്ടത്തും പ്രമോദേട്ടനല്ലാതെ മറ്റൊരാൾക്കൊപ്പമാണെന്നോ… ?
ഇതിൽ ഏതാന്ന് നീ ഇപ്പോൾ പറഞ്ഞതിന്റെ ഉള്ളർത്ഥം…?
ഇത്ര നേരം തളർന്നു കരഞ്ഞു നിന്നവൾ നിവർന്നു നിന്ന് തന്റേടത്തോടെ ചോദിച്ചതും കരുണയോടവളെ നോക്കി ഗീതു….
പ്രസവിച്ച സ്ത്രീയൊരു മോശക്കാരിയായതിന്റെ പേരിൽ കഴിഞ്ഞജീവിതത്തിലുടനീളം വേദനയും നാണക്കേടും മാത്രം അനുഭവിച്ചു വളർന്നാരുവൾ…
നിന്റെ ചേച്ചിമാരെന്തു പറയുന്നു വിദ്യേ….?
തന്റെ ഉത്തരത്തിനായ് ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്നവളുടെ ചാര കണ്ണുകളിൽ തന്റെ മിഴികൾ കൊരുത്ത് ഗീതു ചോദിച്ചതും അത്രയും നേരം ദേഷ്യമിരച്ചു നിന്ന വിദ്യയുടെ മുഖത്ത് ഒരു വേദന നിറഞ്ഞു… ഒപ്പം അവളുടെ ചാര മിഴികളൊന്നു നിറയുക കൂടി ചെയ്തു…
“അവര് രണ്ടാളും അന്ന് വീട് വിട്ടിറങ്ങിയതിൽ പിന്നെ വീട്ടിലേക്ക് തിരികെ വന്നിട്ടില്ല… ഭർത്താക്കന്മാർക്കൊപ്പം ഗൾഫിൽ തന്നെയാണ്.. എന്നെ പോലുമൊന്നു വിളിക്കില്ല… ഞാനെന്തു ചെയ്തിട്ടാണ്…
മിഴികൾ തുടയ്ക്കാതെ വിതുമ്പി കരഞ്ഞു പറയുന്ന വിദ്യയ്ക്ക് അന്നേരമൊരു ബാലികയുടെ മുഖമായിരുന്നു… അവളോടുള്ള സ്നേഹത്തിൽ അലിഞ്ഞു ഗീതുവിന്റെ ഉള്ളം…
“നിന്റെ അച്ഛനിപ്പോഴും അമ്മയ്ക്കും അമ്മയുടെ കാമുകനും ഒപ്പം തന്നെയല്ലേ… മാറ്റമൊന്നുമില്ലല്ലോ അവർക്കിടയിൽ..?
പെട്ടന്നുള്ള ഗീതുവിന്റെ ചോദ്യത്തിൽ നാണംകെട്ടു തല താഴ്ത്തികുനിഞ്ഞിരുന്നു പോയി വിദ്യ….
“നിന്റെ ചേച്ചിമാരാണ് വിദ്യേ ശരി… സ്വന്തം അമ്മ ഒരു വൃത്തിക്കെട്ട സ്ത്രീയാണെന്നറിഞ്ഞപ്പോൾ അവർ നിന്റെ വീടും ആ വീട്ടുക്കാരും ആയുള്ള സകല ബന്ധവും അവസാനിപ്പിച്ച് അവരെ മനസ്സിലാക്കുന്ന സ്നേഹിക്കുന്ന ഭർത്താക്കന്മാർക്കൊപ്പം നിന്നു…
നീയോ… ?
നീ ചെയ്തത് എന്താണ്….?
ഗീതുവിന്റെ ചോദ്യത്തിൽ ശബ്ദം നഷ്ടപ്പെട്ടിരുന്നു പോയ് വിദ്യ…
“നിനക്കുത്തരമില്ല അല്ലേ… എനിക്കറിയാം നിനക്ക് ഉത്തരമുണ്ടാവില്ലെന്ന്…
” സ്വന്തം ഭാര്യ മറ്റൊരുത്തനെ തന്റെ കിടപ്പറയിൽ കിടത്തുന്നതറിഞ്ഞിട്ടും അതിനെ ഒരു വാക്കു കൊണ്ടു പോലും എതിർക്കാതെ അവരിൽ നിന്ന് മദ്യവും പണവും സ്വീകരിച്ച് തോന്നിയ പടി ജീവിയ്ക്കുന്ന ഒരച്ഛനെ ഭയന്ന് അയാളുടെ വാക്കു കേട്ട് ശരീരത്തിന്റെ പാതിയും തളർന്നു പോയൊരുവനെ കെട്ടാൻ സമ്മതിച്ച് അയാളുടെ ഭാര്യയായിരിക്കുന്നവൾ….
നിന്റെ ചേച്ചിമാരുടെ ഭർത്താക്കൻമാരെ പോലെ നിന്നോടു സ്നേഹവും ഇഷ്ടവും ഉള്ള ഒരാളായിരുന്നു പ്രമോദെങ്കിൽ നീ ചെയ്തതൊരു പുണ്യ പ്രവർത്തിയാണെന്ന് പറഞ്ഞേനെ ഞാൻ…
‘ ഇതങ്ങനെയാണോ തെമ്മാടിത്തരത്തിന് കയ്യും കാലും വെച്ച ഒരുവനാണവനും അവന്റെ വീട്ടുക്കാരും.. നിന്നെ കെട്ടിച്ചു കൊടുത്തതിന്റെ പേരിലും നല്ലൊരു തുക നിന്റെ അച്ഛന് കള്ളുകുടിക്കാൻ നൽകിയിട്ടുണ്ടാവും അവനും അവന്റെ വീട്ടുക്കാരും…
ആരെയും ആശ്രയിക്കാതെ ജീവിക്കാൻ സ്വന്തമായൊരു ജോലിയുള്ള നിന്നെ പോലൊരു പെണ്ണ് ഇങ്ങനെ സർവ്വംസഹയുടെ വേഷം കെട്ടി എല്ലാം സഹിച്ചവിടെ ജീവിക്കുമ്പോൾ നിനക്കിട്ട് രണ്ടു തരാനാണ് എനിയ്ക്ക് സത്യത്തിൽ തോന്നുന്നത് വിദ്യേ… നിനക്കെല്ലാം നല്ല തല്ലിന്റെ കുറവാണ്…
പരിസരം മറന്ന് ഒച്ചയെടുത്തു ഗീതു
“ഞാൻ ഒന്നും ചെയ്യാതെ തന്നെ എല്ലാവരും എന്നെ കാണുന്നത് എന്റെ അമ്മയെ പോലെയാണ് ഗീതു… ഒരവസരം ഒത്തു കിട്ടിയാൽ എന്നെ കയറി പിടിയ്ക്കാൻ വരെ ശ്രമിയ്ക്കുന്നവർക്കിടയിൽ ഞാനെങ്ങനെയാണ് ആരുടെയും പിൻബലമില്ലാതെ നിൽക്കുക…?
വിദ്യ ചോദിച്ചതും ഗീതു അവളെ വെറുതെ നോക്കി….
ഇനിയും സ്വയം തിരിച്ചറിയാത്ത കാരണമില്ലാതെ എല്ലാത്തിനെയും ഭയക്കുന്ന ഇവളെ ഇനിയെന്തു പറഞ്ഞു തിരുത്തും എന്നൊരു ചിന്തയാണ് ഗീതുവിലന്നേരം വന്നത്….
നീ വന്നേ ….നിന്നോടു കുറച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാനുണ്ട്…. വാ….
ഗീതു വിളിച്ചതും അവൾക്കൊപ്പം നടന്നു വിദ്യ …..
‘ നാളെ രാവിലെ ഒരു ഒമ്പതു മണി ആവുമ്പോൾ ഞാനെത്തിക്കോളാം ഓഫീസിൽ… നീ വന്ന് പിക്ക് ചെയ്യൊന്നും വേണ്ട… ഓക്കെ ടാ… ബൈ…
കഴിഞ്ഞ കുറച്ചു ദിവസമായുള്ള പതിവുപോലെ സുഹൃത്തുക്കളിലൊരുത്തന്റെ ബൈക്കിനു പിന്നിൽ വന്നു വീട്ടിലിറങ്ങിയ വിദ്യ
വീടിനുമ്മറത്ത് തന്റെ വരവും കാത്തിരിക്കുന്നവരെ കണ്ടൊന്നു ഉള്ളിൽ ചിരിച്ചു…
“നാണംകെട്ടവളെ…. ഇന്ന് ആരുടെ കൂടെയായിരുന്നെടീ അഴിഞ്ഞാട്ടം…?
വിദ്യ ഉമ്മറത്തേക്ക് കയറിയതും ചീറി കൈ വീശി അവളുടെ അരികിലേക്കെത്തി പ്രമോദിന്റെ സഹോദരി പ്രഭ…
ആ കൈ തന്റെ ദേഹത്തു പതിക്കും മുമ്പ് തട്ടിയെറിഞ്ഞ വിദ്യ കൈനിവർത്തി അവരുടെ കരണത്തൊന്ന് പൊട്ടിച്ചതും അവിടെ കൂടിയവരെല്ലാം ഞെട്ടി…
“സ്വന്തമായിട്ടു വീടും കുടുംബവും ഉണ്ടായിട്ടും നീ ഈ വീട്ടിൽ വന്നു നിൽക്കുന്നത് നിന്റെ അനിയനെ ഊറ്റി ജീവിക്കാനാണെങ്കിൽ അതു ചെയ്താൽ മതി നീ… അല്ലാതെ എന്നെ ഭരിക്കാനും നിയന്ത്രിക്കാനും വരരുത്… വന്നാൽ…”
വിദ്യ പറഞ്ഞതും ഭയന്നാരടി പിറകിലേക്ക് വെച്ചു പ്രഭ…
“കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പറഞ്ഞതറിയാലോ …. മറന്നിട്ടില്ലല്ലോ ആരും….ഈ വീട്ടിലെന്റെ ജീവനു ഭീഷണിയുണ്ടെന്ന് സ്റ്റേഷനിൽ നിങ്ങളുടെ എല്ലാം പേരിലെഴുതി കൊടുത്തിട്ടാണ് ഞാനീ നിൽപ്പ് ഇവിടെ നിൽക്കുന്നത്… എന്നെ തൊട്ടാൽ….”
വിദ്യ പറഞ്ഞതും അവൾക്കരികിലേക്ക് എത്തിയിരുന്നു അവളുടെ പെറ്റമ്മ ലളിത
“നിനക്കീ വീട്ടിലെന്തിന്റെ കുറവുണ്ടായിട്ടാടീ നീ കണ്ടവർക്കൊപ്പം കണ്ടിടം നിരങ്ങി നടക്കുന്നത്..?
മൂർച്ചയോടെ ചോദിയ്ക്കുന്ന തന്റെഅമ്മയെ പുച്ഛത്തിലൊന്നു നോക്കിയവൾ
“എല്ലാം തികഞ്ഞൊരു ഭർത്താവ് നിങ്ങൾക്കുണ്ടായിട്ടും അന്യ ഒരുത്തനെ എപ്പോഴും എല്ലായിടത്തും നിങ്ങൾ കൂടെ കൊണ്ടു നടക്കുന്നത് നിങ്ങളുടെ ഭർത്താവിന് എന്തിന്റെ കുറവുണ്ടായിട്ടാണ്….?
പൊതുവേദിയിൽ വിവസ്ത്രയാക്കപ്പെട്ടതു പോലെ വിളറി അവളുടെ അച്ഛനും അമ്മയും…മകളിൽ നിന്ന് ഇങ്ങനെയൊരു ചോദ്യം അവർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തം…
“ഞാനാഗ്രഹിയ്ക്കുന്ന സന്തോഷങ്ങൾ അതു മാനസീകമാണെങ്കിലും ശാരീരികമാണെങ്കിലും എനിയ്ക്ക് തരാൻ കഴിവില്ലാത്ത ഒരുത്തനാണ് എന്റെ ഭർത്താവ്… അതു കൊണ്ട് ഞാനെന്റെ സന്തോഷം തേടി പുറത്തു പോവുന്നു… ഇനിയും പോവും.. അതിന്റെ പേരിലെന്നെ തടയാനോ തല്ലാനോ വന്നാൽ…
പ്രമോദിനെ നോക്കി വിദ്യ പറഞ്ഞതും അവൾക്കു മുമ്പിൽ തല താഴ്ത്തിയിരുന്നു അവൻ
“എന്റെ ഈ പ്രവർത്തി നിങ്ങൾക് ഉൾക്കൊള്ളാൻ വയ്യെങ്കിൽ കഴിഞ്ഞ ദിവസം ഞാനൊരു മ്യൂച്ചൽ ഡിവോഴ്സ് പേപ്പർ തന്നിരുന്നില്ലേ പ്രമോദിന്, അതിലൊന്നു സൈൻ ചെയ്തു തന്നാൽ മതി നിങ്ങൾ…. എല്ലാം സോൾവ് ആകും… ഓക്കെ….
പ്രമോട്ടിനോട് മാത്രമായ് പറഞ്ഞ് വിദ്യ വീടിനകത്തേയ്ക്ക് പോയതും അവളുടെ മാറ്റത്തിലും ധൈര്യത്തിലും ഞെട്ടി അവൾ പോയ വഴിയേ നോക്കി നിന്നവർ…
മൂന്നു മാസങ്ങൾക്കിപ്പുറം വിടർന്നു തെളിഞ്ഞ ചിരിയോടെ കോടതിയിൽ നിന്ന് ബന്ധം വേർപ്പെടുത്തി വിദ്യ ഇറങ്ങി വരുമ്പോൾ അവളെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാൻ ഗീതു കാത്തുനിൽപ്പുണ്ടായിരുന്നു
നമ്മൾ തെറ്റു ചെയ്യാത്തിടത്തോളം കാലം ഒരാളെയും… ഒന്നിനെയും ഭയന്ന് ജീവിക്കേണ്ടതില്ലെന്ന നിലയിലേക്ക് വിദ്യയ്ക്ക് ധൈര്യം പകർന്ന് അവളെ ഇന്നത്തെ വിദ്യയാക്കിയ ഗീതുവിനോളം മറ്റാർക്കുണ്ട് യോഗ്യത വിദ്യയെ സ്വീകരിക്കാൻ അല്ലേ….?
രജിത ജയൻ
