“എനിയ്ക്ക് ഈ ഭൂമിയിലിനിയും ജീവിക്കാൻ ഇഷ്ടം പോലെ ആയുസ്സുണ്ട്… അത്ര പെട്ടന്നൊന്നും തീർന്നു പോവുന്ന ജന്മവും അല്ല എന്റേത്… അതോണ്ട് എന്റെ ഏടത്തി അമ്മ ആ വെട്ടുക്കത്തിയങ്ങ് മാറ്റി വെച്ച് നല്ല കുട്ടിയായിട്ട് ഞാൻ പറഞ്ഞതു കേട്ട് എന്റെ മുറിയിലേക്ക് പോര്…. ഇന്നത്തെ രാത്രി നമ്മുക്കങ്ങ് കളറാക്കാന്ന്….
തനിയ്ക്ക് നേരെ വെട്ടുക്കത്തി ഓങ്ങി നിൽക്കുന്ന ചിപ്പിയുടെ നേരെ വഷള ചിരിയോടെ നോക്കി നിസാരമായ് ഗോപി പറയുമ്പോൾ താൻ കൂട്ടി വെച്ച ധൈര്യമൊക്കെ ചോർന്നു പോവുന്നതറിയുന്നുണ്ട് ചിപ്പി…
“എന്നാലും എന്റെയൊരു യോഗമേ.. ഏട്ടന്റെ ഭാര്യയായ് പടി കയറി വന്നവളെ അത്രയ്ക്കും മോഹിച്ച് അവളെയൊന്ന് തൊടാൻ പോലും പറ്റില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ഏട്ടനങ്ങ് തട്ടി പോവുക….
അതോടെ ഏട്ടനെ സ്നേഹിച്ചു സ്വന്തം വീടുപേക്ഷിച്ച് വന്ന എന്റെ ഈ ഏടത്തി അമ്മയ്ക്ക് പോവാനൊരു ഇടമില്ലാതെ, ചെന്നു കേറാനൊരു വീടില്ലാതെ ഏട്ടൻ പരലോകത്തെത്തിയിട്ടും ഇവിടെ തന്നെ നിൽക്കേണ്ടി വരിക… എന്തിനാ അത്…. ഈ എന്റെ പെണ്ണാവാൻ വേണ്ടി… എല്ലാം ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളുടെ ഓരോ കഴിവ്…
ഞാനെ നിന്നെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ടെന്ന് ആ ദൈവങ്ങൾക്കറിയാടി…. നീ ഈ ഗോപിയ്ക്ക് ഉള്ളതു തന്നെയാടി….
നിലത്തുറയ്ക്കാത്ത കാലടികളോടെ ചിപ്പിയ്ക്കടുത്തേയ്ക്ക് ചുവടു വെച്ച് ഗോപി പറയുന്ന ഓരോ വാക്കിലും തന്റെ നിസ്സഹായത ഓർത്തു നീറി ആ പാവം പെണ്ണ്…
ഇന്നൊരു രാത്രി അവന്റെ മുമ്പിൽ തോറ്റവനു താൻ കീഴടങ്ങി കൊടുക്കേണ്ടി വന്നാൽ പിന്നെ തനിയ്ക്ക് രക്ഷ മരണം മാത്രമാണെന്നുറപ്പിച്ചു ചിപ്പിയും ഈ നേരം കൊണ്ട് മനസ്സിൽ…
തന്നെയൊറ്റയ്ക്ക് അവനെ പോലൊരു പിശാച്ചിന്റെ കൂടെ നിർത്തിയിട്ടു പോയ അവിടുത്തെ അമ്മയെ ആ നേരം മനസ്സിലിട്ട് സ്വയമറിയാതെ ശപിച്ചവൾ… ചെറിയ മകന്റെ എല്ലാ കൊള്ളരുതായ്മകളും അറിയാം അവർക്ക്…. എന്നിട്ടും…
ഈ വീട്ടിലേക്ക് ഗോപേട്ടന്റെ ഭാര്യയായ് വന്നതുമുതലവരെ സ്വന്തം അമ്മയായ് കണ്ട് സ്നേഹിച്ചിട്ടേ ഉള്ളു…
ഗോപേട്ടൻ തന്നെയേല്പ്പിക്കുന്ന പണം പോലും താനവരുടെ കയ്യിലേകൊടുത്തിട്ടുള്ളു… ഒരിക്കലും അവരമ്മയുടെയും മകന്റെയും ഇടയിൽ ആളാവാൻ പോയിട്ടില്ല…. അമ്മയായെന്നും സ്നേഹിച്ചിട്ടേയുള്ളു….
ഇപ്പോ ഗോപേട്ടൻ ഇല്ലാതായപ്പോൾ പോലും അടുത്തുള്ള ഷോപ്പിൽ ജോലിയ്ക്ക് പോയവരെ കൂടി സംരക്ഷിക്കുന്നത് താനാണ്… ഗോപിയെന്നും സ്വന്തം കാര്യം നോക്കി കള്ളും കുടിച്ച് കൂട്ടും കൂടി നടന്നിട്ടേ ഉള്ളു….
ചിന്തകൾ മനസ്സിലധികരിച്ചപ്പോൾ കണ്ണുകൾ തുളുമ്പിയൊഴുകി അവളുടെ…
“നീയ്യിപ്പോ ഓർത്തത് എന്റെ അമ്മയെ അല്ലേടീ എടത്തിയമ്മേ…എനിക്കുറപ്പാ നീ അവരെയാണ് ഇപ്പോൾ ഓർത്തതെന്ന്…. നിന്നെ രക്ഷിക്കാൻ അവർ പെട്ടന്നിവിടെ പ്രത്യക്ഷപ്പെടുമെന്നൊന്നും വെറുതെ സ്വപ്നം കാണണ്ട നീ… അങ്ങനെയുള്ള സ്വപ്നമൊക്കെ വെറുതെയാടീ …..നിന്നെ രക്ഷിക്കാനൊന്നും വരില്ലവർ… മാത്രമല്ല നിന്നോടു നല്ല ദേഷ്യത്തിലാ എന്റെ അമ്മ…
ഏട്ടന്റെ പെടുമരണത്തിന് കാരണം നീയാണെന്ന് അവരെയങ്ങ് പറഞ്ഞു വിശ്വസിപ്പിച്ചു ഞാൻ… ഇന്നൊരു രാത്രി നിന്നെയിവിടെ തനിച്ചു നിർത്തി പോയാൽ പിന്നെ നിന്നെയീ വീട്ടിലെ കാണില്ലെന്ന് അവർക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് ഞാൻ…. എന്താണെന്റെ ഉദ്ദേശ്യം എന്നറിഞ്ഞുതന്നെയാണവർ നിന്നെ എന്റെ അടുത്താക്കി പോയത്… അത്രയ്ക്കും അവർക്ക് ശല്യമാടീ നീ…
“നീയൊരു പെഴയാണെന്നും നിനക്ക് ഇപ്പോൾ പോകുന്ന കടയുടെ മുതലാളിയുമായിട്ട് ബന്ധമുണ്ടെന്നും എത്ര പെട്ടന്നാ ഞാനവരെ പറഞ്ഞു വിശ്വസിപ്പിച്ചതെന്നോ….?
ഗോപിയുടെ വാക്കുകളിൽ മിഴിഞ്ഞു പോയവളുടെ കണ്ണുകൾ….
അവന്റെ വാക്കുകൾ ഓരോന്നുംകൂരമ്പുകളായ് തറച്ചു മുറിവേല്പിച്ചു കൊണ്ടിരുന്നവളുടെ ഹൃദയത്തെ…
“നീയെന്തിനാടീ എന്നെ ഇങ്ങനെ മിഴിച്ചു നോക്കുന്നത്….. നീ ഒരു ചാട്ടക്കാരി തന്നെയല്ലേ…?
സ്വന്തം വീടും വീട്ടുക്കാരും അത്രയും നല്ലൊരു കുടുംബവും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് നീയെന്റെ ഏട്ടന്റെ പഞ്ചാര വാക്കിൽ വിശ്വസിച്ച് വീടുവിട്ടിറങ്ങി അവന്റൊപ്പം ചാടി വന്നവൾ തന്നെയല്ലേ….?
“കോടീശ്വരപുത്രിയായ നീ വീട്ടുക്കാരെ ഉപേക്ഷിച്ച് വീട്ടിൽ പെയിന്റ് പണിക്കു വന്നാരുവനെ സ്നേഹിച്ച് വീടുവിട്ടിറങ്ങുക, കെട്ടുകഴിഞ്ഞതിന്റെ നാലാം മാസം പണിക്കിടയിലവൻ വീണു മരിക്കുക…. വല്ലാത്തൊരവസ്ഥ തന്നെടി നിന്റെ…. ശരിയ്ക്കും പറഞ്ഞാൽ കഷ്ടം തന്നെ…
“ആ… തൽക്കാലം എന്നെ എതിർക്കാതെ ഞാൻ പറയുന്നതെല്ലാം അനുസരിച്ചൊക്കെ ഇവിടെ നിന്നാൽ നമ്മുക്കിങ്ങനെ തട്ടീം മുട്ടീം ഒക്കെ ഇവിടെ മെല്ലെ ജീവിച്ചു പോവാം…. എന്റെ അമ്മയെ ഒക്കെ ഞാൻ പറഞ്ഞു നിർത്തിക്കോളാം…. എന്തു പറയുന്നു നീ….? എന്നെ അനുസരിക്കുവല്ലേ…
എനിയ്ക്കീ പരിപാടിയിൽ ഒച്ചപ്പാടും കരച്ചിലുമൊന്നും ഒട്ടും ഇഷ്ടമില്ല… അതാ ഇത്രയ്ക്കും കാര്യമായിട്ടു ഞാനിത് വീണ്ടും പറയുന്നത്…. അനുസരിക്കുവല്ലേ എന്നെ….?
പറയുന്നതിനിടയിൽ പെട്ടന്നവളുടെ കയ്യിലെ വെട്ടുകത്തി പിടിച്ചെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞവൻ… അവന്റെ ആ നീക്കത്തിൽ അവനെ ചെറുക്കാനുള്ള കയ്യിലെ ആയുധം കൂടി നഷ്ടപ്പെട്ടവൾ തരിച്ചുനിന്നതും ക്രൂരമായൊരു ചിരിയോടെ അവളിലേക്ക് ചാഞ്ഞവൻ…
ഭയന്നു പിന്നോട്ടു നീങ്ങിയവൾ ചുമരിൽ തടഞ്ഞു നിന്നതും
അവളുടെ ഇരു ചുമലുകളിലുമായ് കൈവെച്ചവൻ ……
അപ്പോ തുടങ്ങാം ല്ലേ ഏടത്തിയമ്മേ…
ആവേശം തിര തല്ലുന്ന ശബ്ദത്തിലവൻ ചോദിച്ചതും തന്റെ രക്ഷയ്ക്കുളള അവസാന വഴിയും അടഞ്ഞെന്ന പോലെ കണ്ണുകൾ അമർത്തി അടച്ചവൾ നിസ്സഹായതയോടെ….
അം….മ്മേ…
അടക്കിപിടിച്ച ദീനമായൊരു നിലവിളിയോടെ തന്നിൽ നിന്ന് ഗോപിയുടെ കൈ അടർന്നു മാറുന്നതറിഞ്ഞ് ഞെട്ടി കണ്ണു തുറന്ന ചിപ്പി കൺമുന്നിലെ കാഴ്ചയിൽ പകച്ചു പോയ്
ഗോപിയ്ക്ക് പുറകിലായ് ചോരയിറ്റുന്ന വെട്ടുക്കത്തിയുമായ് മുഖമാകെ ചോരയിൽ മുങ്ങി കിതപ്പോടെ നിൽപ്പുണ്ട് അവിടുത്തെ അമ്മ…
അവരുടെ കയ്യിലുള്ളത് അല്പം മുമ്പ് തന്റെ കയ്യിൽ നിന്ന് ഗോപി വാങ്ങി മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അതേ വെട്ടിക്കത്തി തന്നെയാണെന്ന് കണ്ടവൾ….
ചുമലിനും കഴുത്തിനുമിടയിലായ് ഒന്നും നട്ടെല്ലില്ലായ് മറ്റൊരു വെട്ടുക്കൊണ്ട് നിലത്തുവീണു കഴിഞ്ഞിരുന്നു ഗോപി ഇതിനകം….
അ..മ്മേ…
ഇടറി ചിപ്പി അവരെ വിളിയ്ക്കും നേരത്തു തന്നെയാണ് മുറ്റത്തെ ഇരുട്ടിനെ കീറി മുറിച്ച മുറ്റത്തേയ്ക്കൊരു പോലീസ് ജീപ്പ് വന്നു നിന്നത്… മുന്നിലെ കാഴ്ച്ചയിൽ അവരൊന്നു പതറിയെങ്കിലും അടുത്ത നിമിഷം തന്നെ ഗോപിയെ ഹോസ്പ്പിറ്റലിലേക്ക് മാറ്റാൻ വേണ്ടത് അവരും ചെയ്തിരുന്നു…..
“സാറെ എന്റെ മൂത്ത മകനെ ദേ ഇവളുടെ ഭർത്താവിനെ ഇവളെ സ്വന്തമാക്കാൻ വേണ്ടി പണിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെയിട്ടു കൊന്നത് ആ കൊണ്ടുപോയവനാണ്…. കള്ളും പുറത്ത് കഴിഞ്ഞ ദിവസമവൻ വിളിച്ചു പറയുന്നത് ഞാൻ കേട്ടതാ സാറെ…
മുന്നിൽ വന്നു നിൽക്കുന്ന എസ്ഐ സാറിനോട് അമ്മ പറയുന്നതു കേട്ടതും കണ്ണിൽ ഇരുട്ടു കയറി പോയ് ചിപ്പിയ്ക്ക്… കേട്ടതു വിശ്വസിക്കാൻ കഴിയാതെയവൾ തളർന്നുവീണു….
ബോധം വരുമ്പോൾ താൻ ആശുപത്രിയിലാണെന്ന കണ്ട ചിപ്പിയുടെ കണ്ണുകളൊന്നുവട്ടം കറങ്ങിയതും കണ്ടു തനിയ്ക്കും ചുറ്റും നിരന്നു നിൽക്കുന്ന തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും….
തന്നെ തനിച്ചാക്കി ഗോപേട്ടന്റെ അമ്മ പോയത് തന്റെ വീട്ടുക്കാരെ സത്യം ബോധിപ്പിക്കാനായിരുന്നു എന്നറിഞ്ഞതും എന്തേ പറയേണ്ടു അവരോട് എന്നവസ്ഥയിലായ് ചിപ്പി….
“ഞങ്ങൾ നിനക്കരികിലെത്തുമ്പോഴേക്കും നിനക്ക് അപകടമെന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നാണ് നമ്മുടെ അച്ഛൻ പോലിസിനെ വിളിച്ചത്… പക്ഷെ അവരെത്തും മുമ്പ് അവിടെ എത്തിയ അവന്റെ അമ്മ തന്നെ അവനുള്ള ശിക്ഷ കൊടുത്തല്ലോ എന്നു പറഞ്ഞ് ആശ്വാസപ്പെടുന്ന അനിയത്തിയെ നോക്കി നിശബ്ദയായ് കിടന്നു ചിപ്പി….
ഒരിക്കലിറങ്ങി വന്നയിടത്തേക്ക് വീണ്ടും അവരുടെ മകളായ് കയറി ചെല്ലുമ്പോൾ ചിപ്പി ഗോപന്റെ അമ്മയ്ക്ക് ഗോപിയെ വെട്ടിയതിനുള്ള ശിക്ഷ ലഭിക്കാതിരിക്കാനുള്ള വഴികളെല്ലാം ശരിയാക്കിയെന്നുറപ്പിച്ചിരുന്നു…. ഒപ്പം ഹോസ്പ്പിറ്റൽ വിട്ടിറങ്ങിയാൽ ഗോപിയ്ക്ക് ജയിലേക്കുള്ള വഴിയും….
കൂടുമ്പോൾ ഇമ്പമുള്ള കുടുംബം തന്നെയാണ് ഏതൊരു പെൺകുട്ടിയുടെയും ബലമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നവൾ ഇതിനകം… ഇനിയവൾ ജീവിയ്ക്കും…. ആരെയും ഭയക്കാതെ…..
✍️ രജിത ജയൻ
