കുഞ്ഞിന് അഞ്ചു വയസ്സ് ആയപ്പോഴാണ് ഗിരിയെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിക്കുന്നത്. അത് അവന് തീരെ താല്പര്യം….

“ഗോകുൽ നീയെന്ത് കേൾക്കാനാണ് ഇവിടെ വന്നു നിൽക്കുന്നത്. നിന്നോട് പറഞ്ഞിട്ടില്ലേ, മുതിർന്നവർ സംസാരിക്കുന്നത് കേൾക്കാൻ നിൽക്കരുതെന്ന്. പോയി വല്ലതും പഠിക്ക്.”

അച്ഛമ്മയുടെ ശബ്ദം കേട്ടതും ഗോകുൽ മെല്ലെ അവിടുന്നു വലിഞ്ഞു.

അവൻ പോയെന്ന് ഉറപ്പാക്കിയ ശേഷം ഭദ്ര മകന്റെ നേർക്ക് തിരിഞ്ഞു.

“നിന്നോട് പറഞ്ഞിട്ടില്ലേ അവന്റെ കേൾക്കെ ഇത്തരം കാര്യങ്ങൾ പറയരുതെന്ന്.. പോരെങ്കിൽ ഇത് വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ.
മുൻപത്തെ രണ്ട് അനുഭവങ്ങൾ അറിയാമല്ലോ..”

“ഇത് അങ്ങനെ ഒന്നും സംഭവിക്കില്ലമ്മേ. അവരൊക്കെ നല്ല ആൾക്കാരാണ്. നിധിയോടും വീട്ടുകാരോടും ഞാൻ ഒന്നും മറച്ചു വെച്ചിട്ടില്ല.”

“ഊം.. അവർക്കെന്നാണ് കല്യാണത്തിന് സൗകര്യം.. അധികം ആരെയും അറിയിക്കേണ്ട കാര്യമില്ല. നമ്മുടെ വീട്ടുകാർ മാത്രം മതി. അഞ്ചോ പത്തോ പേര് തന്നെ ധാരാളം.. എന്താ..?”

“അതൊക്കെ അമ്മയുടെ ഇഷ്ടം.. അവർക്ക് രണ്ട് ആഴ്ചയ്ക്കുള്ളിൽ നടത്തണം എന്നാണ് ഡിമാൻഡ്. പിന്നെ നിധിയ്ക്ക് ലീവ് കിട്ടുമോന്ന് തിരക്കണം.”

“ജോലിക്ക് പോകുന്നതൊക്കെ കൊള്ളാം. പിന്നെ ഇവിടെ വന്ന് എന്നെ ഭരിക്കാനൊന്നും ഞാൻ സമ്മതിക്കില്ല കേട്ടല്ലോ. പോരെങ്കിൽ ഗോകുലിന്റെ കാര്യങ്ങളും അവള് വേണം ഇനി മുതൽ നോക്കാൻ. ഞാൻ പ്രായമായി വരികയാണ്. ഗംഗയുടെ അടുത്ത് ഉടനെ പോകാൻ എല്ലാം റെഡിയാകുമെന്നാണ് അവൾ ഇന്നലെ വിളിച്ചപ്പോഴും പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഒരു രണ്ടാനമ്മയുടെ പോരും കൊണ്ട് അവന്റെ നേർക്ക് ചെന്നേക്കരുത്. അത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല. അവന് പെറ്റ തള്ളയെ ഇല്ലാതായിട്ടുള്ളൂ.”

“അമ്മയെന്താ ഇങ്ങനെ ഒക്കെ പറയുന്നത്. ഞാൻ അവന്റെ അച്ഛനല്ലേ. എന്നോട് ഇങ്ങനൊക്കെ പറഞ്ഞു തരേണ്ട കാര്യമുണ്ടോ..”

“അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.ഇതുപോലെ  അച്ഛന്മ്മാരുള്ള വീട്ടിലാണ് പലതും നടക്കുന്നത്.. നിന്റെ പിടിപ്പുകേടുകൊണ്ട് ഇനിയും ജീവിതം കുട്ടിച്ചോറാക്കരുത് അതേ എനിക്ക് പറയാനുള്ളൂ..”

അമ്മ മുറിവിട്ട് പോയതും ഗിരി ആരോടെന്നില്ലാതെ പിറുപിറുത്തു.

അമ്മ പറയുന്നത് കേട്ടാൽ എല്ലാം എന്റെ കുറ്റമാണെന്ന് തോന്നുമല്ലോ. ഈ അമ്മ തന്നെയല്ലേ വരുന്ന മരുമക്കളുമാരോടൊക്കെ പോരെടുക്കുന്നത്.. അമ്മയുടെ ദാസ്യപ്പണി ചെയ്യാൻ ഒരു പെണ്ണ് അതാണ് ഈ വീട്ടിൽ അമ്മയ്ക്ക് വേണ്ടത്.അല്ലാതെ തനിക്ക് ഒരു കൂട്ടല്ല.

ഇത്തവണ എന്തായാലും അമ്മ ഗംഗേച്ചിയുടെ പ്രസവത്തിനു വേണ്ടി ദുബായ്ക്ക് പോകുമെന്ന് ഒരു സമാധാനമെങ്കിലും ഉണ്ട്..
ഗിരി ആശ്വസിച്ചു.

അളകാപുരി വീട്ടിലെ ഭദ്രയുടെയും രഘു നന്ദന്റെയും രണ്ട് മക്കളാണ് ഗംഗയും ഗിരി എന്ന് വിളിപ്പേരുള്ള ഗിരിധറും

റബർ ബോർഡിൽ ജോലിയുണ്ടായിരുന്ന രഘുനന്ദൻ റിട്ടയേഡ് ആകാൻ മൂന്ന് മാസങ്ങൾ കൂടി ബാക്കി നിൽക്കെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്..
സർവീസിൽ ഇരിക്കെ മരണപ്പെട്ടതിനാൽ  സ്വാഭാവികമായി
ആ ജോലി ഗിരിക്ക് ലഭിച്ചു.
ഗംഗ കമ്പ്യൂട്ടർ എഞ്ചിനീയർ ആയ കിഷോറുമായുള്ള വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം കഴിഞ്ഞു.. കുട്ടികൾ ഉണ്ടാകാൻ താമസിക്കുന്നത് മൂലം കുറച്ചു നാളുകൾ ഭാര്യയുമായി ഒന്നിച്ചു കഴിയാൻ ഡോക്ടർ നിർദേശിച്ചതിനാലാണ് ഗംഗയെ കിഷോർ ജോലി സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയത്.
ഒരു വർഷം കഴിഞ്ഞപ്പോൾ ഗംഗക്ക് വിശേഷം ഉണ്ടെന്ന സന്തോഷ വർത്തമാനം വീട്ടിൽ അറിഞ്ഞതോടെ ഭദ്രയ്ക്ക് ആശ്വാസമായി.
ഗംഗയുടെ വിവാഹം കഴിഞ്ഞു പിറ്റേ വർഷം ഖാദി ബോർഡിൽ ജോലിചെയ്യുന്ന പെൺകുട്ടിയെക്കൊണ്ട്  ഭദ്ര  മകന്റെ വിവാഹം നടത്തിച്ചു.
വലിയ ആർഭാടത്തോടെയാണ് ആ വിവാഹം നടന്നത്.. പെണ്ണ് അതീവ സുന്ദരിയും, ഉയർന്ന വിദ്യാഭ്യാസമുള്ളവളുമായിരുന്നു. പല്ലവി എന്നായിരുന്നു ആ കുട്ടിയുടെ പേര്.
വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത ദാമ്പത്യത്തിൽ ഒരു വർഷം കഴിഞ്ഞപ്പോൾ പല്ലവി ഗർഭിണി ആയി.. കുടുംബത്ത് ആദ്യമായി ഒരു കുഞ്ഞിക്കാല് പതിയാൻ പോകുന്നതിന്റെ സന്തോഷം എല്ലാവരിലും നിറഞ്ഞ ദിവസമായിരുന്നു അന്ന്.

ഭദ്രയ്ക്ക് മരുമകളോടുള്ള സ്നേഹം ഇരട്ടിച്ചു.. അവളെ സ്വന്തം മകളെക്കാൾ കാര്യമായിത്തന്നെയാണ് നോക്കിയത്. ഒന്നിനും ഒരു കുറവും വരുത്തിയില്ല.ഏഴുമാസം വരെ ഗിരി തന്നെയാണ് കാറിൽ അവളെ ഓഫീസിൽ കൊണ്ട് വീട്ടിരുന്നത്. പ്രസവത്തിനു വിളിച്ചു കൊണ്ട് പോകുന്ന ചടങ്ങ് കഴിഞ്ഞു പല്ലവിയെ തിരികെ കൂട്ടിക്കൊണ്ട്  വരാൻ ചെന്നപ്പോൾ അവരുടെ വീട്ടുകാർ സമ്മതിക്കാഞ്ഞത് കൊണ്ട് മാത്രമാണ് മനസ്സില്ലാമനസ്സോടെ അയാൾ മടങ്ങിപ്പോയത്.
പ്രസവം അടുത്ത ദിവസം കണക്കാക്കി ഒരാഴ്ച്ച മുൻപേ ഗിരി അവളുടെ വീട്ടിൽ പോയി നിന്നു കൊണ്ട് ആണ് ഓഫീസിൽ പോയിരുന്നത്. പ്രസവത്തിനു ഹോസ്പിറ്റലിൽ കൊണ്ട് പോയതും അയാൾ തന്നെ ആയിരുന്നു.
പ്രസവം കഴിഞ്ഞു ഒരു ആൺകുഞ്ഞിനെ സിസ്റ്റർ അവരെ ഏൽപ്പിക്കുമ്പോൾ പല്ലവിയെ പിന്നീട് ഒരിക്കലും കാണാൻ കഴിയില്ലെന്ന് അവരാരും അറിഞ്ഞതേയില്ല.
അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു പ്രസവം. ബ്ലീഡിങ് നിൽക്കുന്നുണ്ടായിരുന്നില്ല.. പല്ലവിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടെഴ്സ് ആവുന്നതും ശ്രമിച്ചു. പക്ഷെ സ്വന്തം കുഞ്ഞിന്റെ മുഖം പോലും ഒരു നോക്ക് കാണാനുള്ള ഭാഗ്യം പല്ലവിക്ക് ഉണ്ടായില്ല. വെള്ള പുതച്ച ദേഹം സ്ട്രച്ചറിൽ കൊണ്ട് വരുമ്പോൾ പലരും ബോധം കെട്ടു വീണു.

പല്ലവിയുടെ മരണം കഴിഞ്ഞു കുറെ നാളുകൾ വേണ്ടി വന്നു ഗിരിയ്ക്ക് ഡിപ്രെഷൻ മാറിക്കിട്ടാൻ. കുഞ്ഞിനെപ്പോലും അവൻ ശ്രദ്ധിച്ചില്ല. തന്റെ ഭാര്യയുടെ ഖാതകനാണ് അവൻ എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
ഭദ്ര ഒരുപാട് കഷ്ടപ്പെട്ടു രണ്ട് പേർക്കിടയിൽ പെട്ട് അവർ ഒരു പരുവമായി.
കുഞ്ഞിനെ നോക്കാനും, ഗിരിയെ മെരുക്കിയെടുക്കാനും ഒക്കെ അവർ ഒത്തിരി കഷ്ടപ്പെട്ടു. പല്ലവിയുടെ വീട്ടുകാർക്ക് കുഞ്ഞിനെ കൊടുത്തു വിടാൻ മടിച്ചു. തന്റെ വീട്ടിലെ ആദ്യത്തെ സന്തതി ഇവിടെ തന്നെ വളരണം എന്നവർ ശഠിച്ചു.

കുഞ്ഞിന് അഞ്ചു വയസ്സ് ആയപ്പോഴാണ് ഗിരിയെ കൊണ്ട് മറ്റൊരു കല്യാണം കഴിപ്പിക്കുന്നത്. അത് അവന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല.
നിന്റെ കുഞ്ഞിനെ നോക്കാൻ ഒരാള് വേണ്ടേ. എല്ലാകാലത്തും ഞാൻ ഉണ്ടാകുമോ ഈ ഭൂമിയിൽ. എന്നവർ ശബ്ദം ഉയർത്തി ചോദിച്ചപ്പോൾ അവൻ നിശബ്ദനായി.

അയാളുടെ അപ്പോഴത്തെ അവസ്ത കണ്ട് ഒരു പുനർ വിവാഹം എന്തുകൊണ്ടും അയാൾക്ക് അത്യാവശ്യമാണെന്ന് സുഹൃത്തുക്കളും വിധിയെഴുതി.
മകൻ വലുതായി വരുന്നു. അവനെ പൊന്ന് പോലെ നോക്കുന്ന ഒരു പെണ്ണിനെ എവിടുന്നു കിട്ടാനാണ്.
ഗിരിക്ക് അതായിരുന്നു ആശങ്ക.

ഒരു രണ്ടാനമ്മയുടെ പോര് കൊണ്ട് മകന് വീട്ടിൽ ജീവിക്കാനുള്ള അവസ്ത ഇല്ലാതാകാനും പാടില്ലെന്ന് അയാൾ അമ്മയോട് തീർത്തു പറഞ്ഞു.
നീയതൊന്നും പേടിക്കണ്ട. ഈ കുട്ടിയും രണ്ടാം വിവാഹമാണ്. അവർക്ക് നമ്മുടെ എല്ലാ കാര്യങ്ങളും അറിയാം എന്നൊക്കെ ധൈര്യം കൊടുത്തു ഭദ്ര അവന്റെ മനസ്സ് മാറ്റിയെടുത്തു.

അങ്ങനെ വീണ്ടും ഒരു വിവാഹത്തിന് അവൻ അനുകൂലിച്ചു. പെൺകുട്ടിയുടെ പേര് ഗൗരി എന്നായിരുന്നു. ഗവണ്മെന്റ് സ്കൂളിൽ ടീച്ചർ ആയിരുന്നു. ആദ്യ വിവാഹം ഒഴിയാൻ കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, അയാളൊരു സ്ത്രീ ലമ്പടനും, മുഴുക്കുടിയനും ആയിരുന്നു എന്നാണ്. രണ്ടു വർഷം മാത്രമാണ് അയാൾക്കൊപ്പം അവൾ ജീവിച്ചത്.
ആ ജീവിതത്തിൽ അവൾക്ക് കുട്ടികളൊന്നും ഉണ്ടായിരുന്നില്ല.
ഗോകുലിനെ സ്വന്തം മോനെപ്പോലെ കരുതണം എന്ന് ആദ്യം തന്നെ ഗിരി ഗൗരിയോട് പറഞ്ഞിരുന്നു.

അവനും അതൊരു പുതിയ അനുഭവം ആയിരുന്നു. ഓർമ്മ വെച്ചപ്പോൾ മുതൽ അച്ഛമ്മയോടൊപ്പമായിരുന്നു അവൻ എന്നും ഉറങ്ങിയിരുന്നത്.
കുളിപ്പിക്കുന്നതും, ആഹാരം കൊടുക്കുന്നതും, ഒരുക്കി സ്കൂളിൽ വിടുന്നതുമെല്ലാം അച്ഛമ്മ മാത്രമായിരുന്നു. ആ സ്ഥാനത്താണ് പുതിയതായി ഒരു അമ്മയെ അവൻ കാണുന്നത്.

എല്ലാവരും അവനോട് ഗൗരിയെ അമ്മയെന്നു വിളിക്കണം എന്ന് പറഞ്ഞു. ഇനി മുതൽ ഗൗരിയാണ് നിന്റെ അമ്മ എന്ന് അച്ഛമ്മയും പറഞ്ഞു കളഞ്ഞതോടെ അവന് ആകെ കൺഫ്യൂഷൻ ആയി. ഇത്രയും നാളുകൾ ഇവരെവിടെയായിരുന്നു.
പക്ഷെ അച്ഛന്റെ ഒപ്പം ഫോട്ടോയിലുള്ള സ്ത്രീ ഇവരല്ല. ആ അമ്മ സ്വർഗ്ഗത്തിൽ ദൈവത്തെ നോക്കാനായി പോയെന്നാണ് അച്ഛമ്മ പറഞ്ഞു തന്നത്.

“മോനെ, നിന്റെ കാര്യങ്ങൾ നോക്കാനായി അച്ഛൻ രണ്ടാമതൊരു കല്യാണം കഴിച്ചതാണ് ഗൗരിയെ മോൻ ഇനിമുതൽ അമ്മേയെന്ന് വിളിച്ചാൽ മതി കേട്ടോ.വിളിച്ചാൽ മാത്രം പോരാ, അമ്മയെ പോലെ കാണുകയും വേണം കേട്ടോ.  ”

അവൻ ഒന്നും മിണ്ടാതെ തലയാട്ടി.
ഗൗരി പക്ഷെ അത്ര പാവമൊന്നും ആയിരുന്നില്ല. ആരും ഇല്ലാത്ത അവസരത്തിൽ അവൾ ഗോകുലിനോട്
മോശമായി പെരുമാറി. അവന്റെ ദോഷം കൊണ്ടാണ് ജനിച്ചപ്പോൾ തന്നെ അമ്മ മരിച്ചു പോയതെന്ന് അവൾ ആ കൊച്ചു കുട്ടിയോട് പറഞ്ഞു. നീ ശാപം പിടിച്ച ജന്മമാണ്. നിന്റെ നിഴൽ വീണാൽ തന്റെ കുടുംബജീവിതം താറുമാറായിപ്പോകും, ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അധികം കാലം ജീവിച്ചിരിക്കില്ല എന്ന രീതിയിൽ പലപ്പോഴും സംസാരിച്ച് അവന്റെ മനസ്സിൽ സ്വയം ഒരു നെഗറ്റീവ് ചിന്ത ഉണ്ടായിത്തീർന്നു.

ഗൗരി സ്കൂളിൽ പോയിട്ട് വരുമ്പോഴേയ്ക്കും അഭി സ്കൂളിൽ നിന്ന് വന്നു വേഷം മാറി കളിക്കുകയായിരിക്കും.അവൻ എന്തെങ്കിലും കഴിച്ചോ, കുടിച്ചോ എന്നൊന്നും തിരക്കുക പോലും ചെയ്യാതെ അവൾ ചായയും പലഹാരങ്ങളും തനിക്ക് മാത്രമായി എടുത്തു കഴിക്കും. ഒരിക്കൽ ഭദ്ര ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ പിന്നെ അമ്മ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് മറു ചോദ്യം ചോദിച്ചു.
തന്റെയും ഗിരിയുടെയും ഇടയിൽ ഗോകുൽ ഒരു വിലങ്ങു തടിയാണെന്ന് അവൾ വിശ്വസിച്ചു. ഗിരിക്ക് തന്നെക്കാൾ കൂടുതൽ സ്നേഹം മകനോടാണ് എന്ന് കാരണം പറഞ്ഞു ഗിരിയോട് പലവട്ടം കലഹിച്ചു.
ഭദ്രയ്ക്ക് ഇതൊക്കെ കാണുമ്പോൾ നിരാശയാണ് തോന്നിയത്.
വെറുതെ വീണ്ടുമൊരു വിവാഹം കഴിപ്പിക്കാൻ തോന്നിയത് ബുദ്ധിമോശമായെന്ന് അവർക്ക് തോന്നിത്തുടങ്ങി.

ഗോകുൽ കേൾക്കാതെ പലപ്പോഴും അവർ മരുമകളെ ശാസിച്ചു., ഉപദേശിച്ചു.. വാണിങ് കൊടുത്തു.

കുട്ടിയോടുള്ള മനോഭാവം മാറ്റിയില്ലെങ്കിൽ നീ അനുഭവിക്കും എന്ന് മുന്നറിയിപ്പും കൊടുത്തു.

പക്ഷെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ വലിയ സന്തോഷത്തിൽ ഒരു പേപ്പർ ഗിരിയെ കാണിച്ചിട്ട് പറഞ്ഞു അവൾക്ക് സ്ഥലം മാറ്റമാണ് നീലേശ്വരത്ത് എന്ന്.

അത് കേട്ടതും ഗിരി ഒന്ന് ഞെട്ടി.
ഇത്രയും ദൂരേയ്ക്ക് അവൾ മനഃപൂർവം സ്ഥലം മാറ്റം ചോദിച്ചു വാങ്ങിച്ചതാണെന്ന് അയാൾക്ക് മനസ്സിലായി. അയാൾക്ക് മാത്രമല്ല, ഭദ്രയ്ക്കും..!

പേരക്കുട്ടിയെ നോക്കാൻ അവൾ തയ്യാറല്ലെന്ന്  ബോധ്യപ്പെടുത്തിയത് പോലെ ഭദ്രയ്ക്ക് മുന്നിലൂടെ അവൾ ഞെളിഞ്ഞു നടന്നു..

“എനിക്ക് ജോലിയുള്ള പെണ്ണിനെതന്നെ ഭാര്യയായി വേണമെന്ന് ഒരു നിർബന്ധവും ഇല്ല..”

ഗിരി ഉറച്ച ശബ്ദത്തിൽ അവളോട് പറഞ്ഞു.
എനിക്ക് ഒരു ഭർത്താവ് ഇല്ലാതെയും ഒറ്റയ്ക്ക് ജീവിക്കാൻ അറിയാം എന്ന് അവളും തിരിച്ചടിച്ചു.

“നീയിത് എന്റെ മകനോടും കുട്ടിയോടും കാണിക്കുന്ന നീതികേടല്ലേ. ഇവിടെ നാട്ടിൽ മര്യാദയ്ക്ക് ജോലിക്ക് പോയികൊണ്ടിരുന്ന നീ ട്രാൻസ്ഫർ വാങ്ങി കണ്ണെത്താത്ത ദൂരേയ്ക്ക് പോകുന്നത് മനഃപൂർവം ആണ്. നിനക്ക് ഇവിടെ എന്തിന്റെ കുറവായിരുന്നു ഗൗരീ..”

“ങ്ങ് ഹും, എനിക്ക് കുറവൊന്നുമില്ല. എല്ലാം കൂടുതൽ മാത്രമേയുള്ളൂ.ഭർത്താവിനോടൊപ്പം ഒരു കുട്ടി കൂടി ഫ്രീ എന്നൊരു കൂടുതൽ..!”

ഭദ്രയുടെ നെഞ്ചിൽ ഇടി വെട്ടിയത് പോലെ ആണ് ആ വാക്കുകൾ വന്നു വീണത്.

“എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറഞ്ഞിട്ടല്ലേ ഞങ്ങൾ കല്യാണം ആലോചിച്ചത് തന്നെ. പിന്നെ ഇപ്പോഴെങ്ങനെ നിനക്ക് ഇതൊരു ബാധ്യതയായിട്ട് തോന്നുന്നത്..”

“പക്ഷെ നിങ്ങളുടെ മകന് എന്നേക്കാൾ ആവശ്യം അയാളുടെ മകനെയായിരുന്നു. ഞാൻ വെറുമൊരു ഉപകരണം മാത്രം.. എനിക്ക് അങ്ങനെ ഒരു ഭർത്താവിനെ ഇനി മുതൽ ആവശ്യമില്ല. ഞാൻ എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കും. എന്നെ ആരും തടയാൻ നോക്കണ്ട.”

ഭദ്രയും ഗിരിയും ശബ്ദിക്കാനാവാതെ നിന്ന് പോയി.ഗോകുൽ ആ നേരത്ത് സ്കൂളിലായിരുന്നു.

അന്ന് അവളുടെ സാധനങ്ങളെല്ലാം എടുത്തു കൊണ്ട് വീട് വീട്ടിറങ്ങിയതാണ്. പിന്നീട് അവളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.

വർഷങ്ങൾ മൂന്ന് കഴിഞ്ഞു. ഗൗരി ഒരു വർഷം മുൻപ് ഗിരിയുടെ പേരിൽ ഡിവോഴ്സ് പെറ്റിഷൻ അയച്ചു.
പിരിയാൻ രണ്ട് കൂട്ടർക്കും സമ്മതമായിരുന്നത് കൊണ്ട് കുടുംബക്കോടതി വഴി ആ ബന്ധം അങ്ങനെ പിരിഞ്ഞു.

ഗോകുൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗിരിയുടെ ജീവിതത്തിലേക്ക് വീണ്ടും ഒരു പെണ്ണ് കടന്ന് വരുന്നത്…
ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന പല്ലവിയും വിവാഹ മോചിതയായിരുന്നു.അവൾ വിവാഹം കഴിച്ചത് ഒരു മിലിട്ടറിക്കാരനെ ആയിരുന്നു. പക്ഷെ ഒരു സംശയരോഗിയായിരുന്ന അയാൾ നാട്ടിൽ വരുമ്പോഴൊക്കെ നിത്യവും വഴക്കും ഉപദ്രവും ആയിരുന്നു.
ഒടുവിൽ സഹികെട്ട് അവൾ അയാളെ ഡിവോഴ്സ് ചെയ്യുകയായിരുന്നു.

സമാനതകളുള്ള ഒരു പെൺകുട്ടിയെ മാത്രമേ ഇനിയൊരു വിവാഹമുണ്ടെങ്കിൽ പങ്കാളിയാക്കൂ എന്ന് ഗിരി ഉറപ്പിച്ചിരുന്നു.
ഗിരിയുടെ ഓഫീസിൽ പല്ലവി ദാസ് എന്ന പെൺകുട്ടി ജോയിൻ ചെയ്തിട്ട് അഞ്ചെട്ടു മാസങ്ങളെ ആയിട്ടുള്ളൂ..
ആദ്യമൊന്നും അവൾ ഓഫീസിൽ അധികം ആരോടും അടുത്തിരുന്നില്ല. എങ്കിലും അവളൊരു ഡിവോഴ്‌സിയാണെന്ന വിവരം എങ്ങനെയോ ഓഫീസിൽ എല്ലാവരും അറിഞ്ഞു. ചെറുപ്പക്കാരിയും സുന്ദരിയുമായ പല്ലവി സിംഗിൾ ആണെന്ന് കൂടി അറിഞ്ഞതോടെ പലരും അവളെ നോട്ടമിട്ടു തുടങ്ങി.
പക്ഷെ ഇതിലൊന്നും പെടാതെ, അവളെ തീരെയും ഗൗനിക്കാതെ നടന്നയൊരെയൊരാൾ ഗിരിധർ മാത്രമായിരുന്നു..
ഒരു ലഞ്ച് ടൈമിലാണ് അടുത്ത സീറ്റിൽ ഇരിക്കുന്ന രേഷ്മ പല്ലവിയോട് ആ കുസൃതി ചോദ്യം ചോദിച്ചത്.

“എടോ തനിക്ക് നമ്മുടെ ഓഫീസിലെ ഗിരിസാറിനെ ഒന്ന് ട്രൈ ചെയ്തുകൂടെ..”

പല്ലവി ചോദ്യഭാവത്തിൽ അവളെയൊന്ന് നോക്കി..
“അതേടോ തനിക്ക് പറ്റിയ കമ്പനി ആയിരിക്കും സാറ്. കാണാനും സ്മാർട്ട്‌ അല്ലെ. പിന്നെ ഒരു ചെറിയ മോനുണ്ട്. വൈഫ്‌ ഡെലിവറി ടൈമിൽ തന്നെ മരിച്ചു പോയതാണ്.. വീട്ടിൽ  സാറിന്റെ അമ്മയും കുട്ടിയും മാത്രമേയുള്ളൂ.”

“ഏയ്‌.. എന്താ ഇത്…?
താനെന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.?”
പല്ലവി വെരണ്ടു പോയി. ഇതുവരെയും പരസ്പരം ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാത്ത ഒരാളെ കുറിച്ചാണ് ഇവൾ ഓരോന്ന് പറയുന്നത്.

“ഏയ്‌.. കൂൾ ഡൌൺ ഞാൻ ഒരു സജക്ഷൻ പറഞ്ഞു എന്നേയുള്ളൂ. അതിനു താനിങ്ങനെ നേർവസാകാതെ..”

പല്ലവി ചുറ്റിനും ഒന്ന് നോക്കി. ആരെങ്കിലും ഇവളുടെ സംസാരം കേട്ടുകാണുമോ.. ഭാഗ്യത്തിന് ആരും
ആ ഭാഗത്തുണ്ടായിരുന്നില്ല.

ഊണ് കഴിഞ്ഞു പാത്രം കഴുകിയെടുക്കുമ്പോൾ ഗിരി ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ഒരു കോർണറിൽ നിൽക്കുന്നത് കണ്ട് രേഷ്മ പല്ലവിയെ ഒന്ന് തോണ്ടി.

“ദേ നോക്കിക്കേ.. അതാണ് ഞാൻ പറഞ്ഞയാള്..!”

സത്യത്തിൽ പല്ലവി അയാളെ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല മുൻപൊന്നും. പക്ഷെ ഇപ്പോൾ രേഷ്മ പറഞ്ഞത് കൊണ്ട് മാത്രമാണ് അയാൾ ആരാണെന്ന്
ഒന്ന് നോക്കിയത്..

നല്ല ഉയരമുള്ള ഒരാൾ, അയാൾ ആരെയും ശ്രദ്ധിക്കാതെ ഫോണിൽ കാര്യമായ സംസാരമാണ്. കണ്ടാൽ ഒരു മകനുണ്ടെന്ന് പറയില്ല.രേഷ്മ പറഞ്ഞത് പോലെ സ്മാർട്ട്‌ ആണ്.

“കണ്ടോ കണ്ടോ.. ഞാൻ ഒന്ന് ചെറുതായി സൂചിപ്പിച്ചപ്പോൾ എന്ത് ചാട്ടമായിരുന്നു എന്റെ നേർക്ക്.
ദേ ഇപ്പോൾ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടോ..”

രേഷ്മ നനഞ്ഞ വിരലുകൾ കൊണ്ട് അവളുടെ കവിളിൽ ഒന്ന് നുള്ളി.

പല്ലവി ചമ്മലോടെ അവളെ പിടിച്ചു തള്ളി.
“ഒന്ന് പോ പെണ്ണെ..”

പക്ഷെ അന്ന് ജോലിചെയ്യുമ്പോഴെല്ലാം പല്ലവിയുടെ കണ്ണുകൾ അയാളിലേയ്ക്ക് അറിയാതെ നീണ്ടു.
ഏതു പെണ്ണിനും ഒറ്റ നോട്ടത്തിൽത്തന്നെ ഇഷ്ടം തോന്നിപ്പോകുന്ന മുഖമാണ്.
പതിവില്ലാതെ എന്ത് കൊണ്ടാണ് തന്റെ ഹൃദയത്തിൽ ചില ചലനങ്ങൾ സംഭവിക്കുന്നത്..
അന്ന് രാത്രിയിൽ അവൾക്ക് ഉറക്കം പോലും വന്നില്ല. രേഷ്മ ഓരോന്ന് പറഞ്ഞപ്പോൾ അത് നിസ്സാരമായി കണ്ടു. അവളെ വഴക്ക് പറയുകയും ചെയ്തു. പക്ഷെ ഇത്രയും നാൾ ഒരേ ഓഫീസിൽ ഉണ്ടായിരുന്നിട്ടും വെറുതെ പോലും ആളിനെ ഒന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കും എന്നാണല്ലോ.

ഡിവോഴ്സിന് ശേഷം  മനസ്സ് കരിങ്കല്ലാക്കി മാറ്റി. ആരോടും ഒരു മമതയും മേലിൽ തോന്നരുത് എന്ന് ഉറപ്പിച്ചു. ഇനിയൊരു വിവാഹവും തന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് വീട്ടുകാരോടും തീർത്തു പറഞ്ഞിരുന്നതാണ്. പക്ഷെ,
ഇപ്പോൾ പതിവില്ലാതെ ഒരു രൂപം മനസ്സിനെ വല്ലാതെ ഹോണ്ട് ചെയ്യുന്നു.
പിറ്റേന്ന് ഓഫീസിൽ വെച്ച് അയാളെ കാണുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ പിന്നീട് രണ്ട് ദിവസവും അയാൾ ഓഫീസിൽ വന്നതേയില്ല. അവളുടെ മനസ്സിൽ അയാളൊരു വിങ്ങലായി തീർന്നത് ആരും അറിഞ്ഞില്ല.
എന്തായിരിക്കും കാരണം, എവിടെ പോയതായിരിക്കും..
ആരോടെങ്കിലും ചോദിച്ചാൽ എന്ത് വിചാരിക്കും.

പക്ഷെ വൈകുന്നേരം ചായയും കൊണ്ട് വരുന്ന ആള്, ഒഴിഞ്ഞു കിടക്കുന്ന ചെയറു കണ്ടിട്ട് ഗിരിസാറിനെ കുറിച്ച് തിരക്കുന്നത് കേട്ട് അവൾ ചെവി വട്ടം പിടിച്ചു.

“സാറിന്റെ മോന് സുഖമില്ല,രണ്ടു ദിവസമായി ഹോസ്പിറ്റലിൽ ആണ്.”

വിപിൻ സാർ അയാൾക്ക് മറുപടി കൊടുക്കുന്നത് കേട്ട് അവൾക്ക് വല്ലായ്മ തോന്നി.. ഇനി എത്ര ദിവസം കഴിഞ്ഞിട്ടാവും സാറ് മടങ്ങി വരുന്നത്..

ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അവൾ ഉറക്കമില്ലാതെ കിടന്ന രാത്രിയിൽ വെറുതെ അയാളുടെ പ്രൊഫൈൽ തിരയാൻ ശ്രമിച്ചു. പക്ഷെ കിട്ടിയില്ല.

പിറ്റേന്ന് അവൾ രണ്ടും കൽപ്പിച്ച് രേഷ്മയോട് തന്നെ അയാളെക്കുറിച്ച് തിരക്കി.

“എന്താ ഒരു പുതിയ അന്വേഷണം..പെണ്ണിന്റെ മനസ്സിന് ഇളക്കം വന്നോ..”

അവൾ ഒന്നും മിണ്ടാതെ വെറുതെ ചിരിച്ചു.

ചുറ്റിലും ഒന്ന് നോക്കിയിട്ട് രേഷ്മ ശബ്ദം അല്പം താഴ്ത്തി.

“ഞാൻ റെഡിയാക്കിത്തരാം. നീ സമ്മതം മൂളിയാൽ മാത്രം മതി. എന്താ.”

പല്ലവിയ്ക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവൾ സമ്മതത്തോടെ തലയാട്ടി.

“പക്ഷെ നീയിതു കുളമാക്കരുത്. എന്നെ നാറ്റിക്കല്ലേ പ്ലീസ്. ഞാൻ ഇനിയൊരു ജീവിതം പോലും വേണ്ടെന്ന് വെച്ചവളാണ്. പേടികൊണ്ടാണ്. പക്ഷെ..”

അവൾക്ക് ബാക്കി തുടരാൻ കഴിഞ്ഞില്ല. അത് മനസ്സിലാക്കി രേഷ്മ അവളുടെ കൈ കവർന്നെടുത്തു.

മൂന്നാം നാൾ ആണ് ഗിരി ഓഫീസിൽ വന്നത്. അത്രയും ദിവസങ്ങളിൽ ഓഫീസ് ആകെ ഇരുണ്ടു പോയത് പോലെയാണ് പല്ലവിക്ക് തോന്നിയത്. സ്വതേ ആരോടും അധികം മിണ്ടാട്ടം ഇല്ലാത്ത പ്രകൃതമായത് കൊണ്ട് അവളുടെ വിഹ്വലതകളൊന്നും ആരുമറിഞ്ഞില്ല.

എന്നാൽ നാലാം ദിവസം ഗിരിധറിന്റെ സീറ്റിൽ അയാൾ ഇരിക്കുന്നത് കണ്ടാണ് പല്ലവി ഓഫിസിലേക്ക് കയറുന്നത്. ശ്വാസം വല്ലാതെ ഉയർന്നു താഴുന്നത് പോലെ.. തൊണ്ട വരളുന്നു. രേഷ്മ അവളെ സൂക്ഷിച്ചു നോക്കുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.

അന്ന് ഒരു ആരാധികയെ പോലെ അവൾ അയാളുടെ ഒരു നോട്ടം കിട്ടാൻ വേണ്ടി വല്ലാതെ ആശിച്ചു.

രേഷ്മ അവളുടെ എല്ലാ ആകുലതകളും മനസ്സിലാക്കുന്നുണ്ടായിരുന്നു.
പല്ലവി അറിയാതെ താനീ കാര്യം ഡീൽ ചെയ്യണം.അവൾ ഉറപ്പിച്ചു.

വൈകിട്ട് ഗിരിയുടെ ഫോണിലേക്ക് ഒരു കോള് വന്നു.

സേവ് ചെയ്യാത്ത നമ്പർ ആയിരുന്നെങ്കിലും അയാളത് പെട്ടന്ന് എടുത്തു.
മറുവശത്ത് കേട്ട സ്ത്രീ ശബ്ദം പെട്ടന്ന് അയാളെ അമ്പരപ്പിച്ചു. ഇതാരാണ് ഇപ്പോൾ എന്നെ വിളിക്കുന്നത്..

“ഹലോ ഗിരിസാർ.. ഇത് ഞാനാ രേഷ്മ..”

പെട്ടന്ന് അയാൾക്ക് ആളെ പിടികിട്ടി.
ഓഫീസിൽ കലപില സംസാരിച്ചു കൊണ്ട് എല്ലാവരുടെയും ഇടയിൽ ഓടിനടക്കാറുള്ള മെലിഞ്ഞു നീണ്ട പെൺകുട്ടി.. ഇവളെന്തിനാണ് പക്ഷെ തന്നെ വിളിക്കുന്നത്..

“ങ്ങ്ഹാ പറഞ്ഞോടോ.. എന്താ എന്തെങ്കിലും വിശേഷമുണ്ടോ..?”
“ചെറിയൊരു വിശേഷമുണ്ട് സർ,
ഒരു ചിന്ന പ്രേമം..!”

ങേഹ്..!
അയാൾ ശരിക്കും ഞെട്ടിപ്പോയി.
“പ്രേമമോ ആർക്ക്,ആരോട്.. താനെന്തൊക്കെയാടോ ഈ പറയുന്നത്. എനിക്കൊന്നും പിടികിട്ടുന്നില്ല.  ”
രേഷ്മ പൊട്ടിച്ചിരിച്ചു. ആള് ശരിക്കും വിരണ്ടിട്ടുണ്ട്.  ചിലപ്പോൾ തന്നെ തെറ്റിദ്ധരിച്ചിട്ടുമുണ്ടാവാം..

“അയ്യോ സർ… പേടിക്കാതെ. എല്ലാം ഞാൻ പറയാം. പക്ഷെ കേട്ട് കഴിഞ്ഞു സർ പറ്റില്ലെന്ന് മാത്രം പറയരുത്. അത്രയ്ക്ക് മൂത്തു പോയി..”

ഈ പെണ്ണിന്റെയൊരു കാര്യം. ഇവൾക്കിനി തന്നോട് പ്രണയം വല്ലതുമായോ..

“സർ, തെറ്റിദ്ധരിക്കരുത്, പ്രേമമാണ്, പക്ഷെ എനിക്കല്ല.. സാറിനോട് വേറൊരു പെണ്ണിനാണ് പ്രേമം. അത് കൊടുമ്പിരി കൊണ്ട് കഴിഞ്ഞു. ഇനി സർ വിചാരിച്ചാലേ രക്ഷയുള്ളൂ..”

“താനെന്തൊക്കെയാണ് വിളിച്ചു കൂവുന്നത്. ഞാൻ ഒരു കുട്ടിയുടെ അച്ഛനാണ്. പ്രേമിച്ചു നടക്കുന്ന പ്രായമൊക്കെ കഴിഞ്ഞു..”
“അയ്യോ സർ അങ്ങനെ നടക്കണം എന്നല്ല പറഞ്ഞത്. സാറിനെ സ്നേഹിക്കുന്ന ആ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. പിന്നെ, ഇതും കൂടി കേട്ടോളൂ സർ, അവൾ ചെറിയൊരു പെൺകുട്ടിയുമല്ല. ഡിവോഴ്‌സി കൂടിയാണ്.. പിന്നെ നമ്മുടെ ഓഫീസിൽ തന്നെ വർക്ക് ചെയ്യുന്ന ആളുമാണ്. ഇനി ബാക്കിയെല്ലാം സർ തന്നെ കണ്ട് പിടിച്ചോളൂ.. വെയ്ക്കട്ടെ..”

ഒരു നിമിഷം പോലും പാഴാക്കാതെ രേഷ്മ ഫോൺ കട്ട് ചെയ്തു.
ഒരു നിമിഷം കൊണ്ട് ഗിരി വിയർത്തു പോയി. പക്ഷെ അവൾ ലാസ്റ്റിൽ പറഞ്ഞ ആ വാചകം അയാൾ ഓർത്തെടുത്തു. അവൾ ഡിവോഴ്‌സിയാണത്രെ.. അതാരായിരിക്കും.. നാളെ തന്നെ കണ്ട് പിടിക്കണം. എന്നിട്ട് ആ പ്രേമകള്ളിയെ കയ്യോടെ പൊക്കി ചോദ്യം ചെയ്യണം..

അയാൾക്ക് അന്ന് സത്യത്തിൽ ഉറക്കമേ വന്നില്ല. തന്നെ പ്രേമിക്കാൻ ഇനിയും ആരെങ്കിലും തയ്യാറാകുമോ. രണ്ട് കല്യാണം കഴിഞ്ഞവന് വിവാഹ കമ്പോളത്തിൽ ഒരു വിലയുമില്ല. ഇനിയും ഒരു വിവാഹം തന്റെ സ്വപ്നങ്ങളിൽ പോലും ഇല്ല..

പിറ്റേന്ന് ഓഫീസിൽ പോകാൻ വല്ലാത്ത ധൃതി കണ്ടപ്പോൾ ഭദ്ര കാര്യം തിരക്കി.

“ഇന്ന് അല്പം നേരത്തെ പോകണം. ഓഫീസിൽ ഇന്ന് ഇൻസ്‌പെക്ഷൻ ഉണ്ട്.”
പിന്നെ അവർ കൂടുതലൊന്നും ചോദിച്ചില്ല.
ഓഫീസിൽ അന്ന് നേരത്തെ എത്തിയത് ഗിരിയായിരുന്നു. അതിന് ശേഷം വരുന്നവരെയെല്ലാം അയാൾ രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു..
രേഷ്മ കടന്ന് വന്നു ഒരു ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ അയാൾക്ക് നേരിയ ചമ്മൽ തോന്നി. അയാൾ അവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിയാണ് തിരിച്ചു വിഷ് ചെയ്തത്.എന്തെങ്കിലും ഒരു ക്ലൂ തരൂ പ്ലീസ്…
അവൾ ചുറ്റും ഒന്ന് നോക്കി. ഇല്ല പല്ലവി വന്നിട്ടില്ല ഇതുവരെയും.. വരട്ടെ എന്നിട്ട് ക്ലൂ കൊടുക്കാം.
അവൾ ഗൂഢമായൊരു ചിരിയോടെ സ്വന്തം സീറ്റിലേക്ക് പോയി. അയാൾക്ക് നിരാശ തോന്നി..

പല്ലവി അന്ന് കുറച്ചു ലേറ്റ് ആയിട്ടാണ് എത്തിയത്. അവളുടെ അമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ടാണ് അവൾ വരുന്നത്. രേഷ്മയ്ക്ക് അവൾ മെസ്സേജ് ഇട്ടിരുന്നു. പല രേഷ്മ തലേന്ന് അയാളോട് സംസാരിച്ച വിഷയം അറിയിച്ചതേയില്ല.

ആരെയും ശ്രദ്ധിക്കാതെയാണ് ധൃതിയിൽ പല്ലവി രെജിസ്റ്ററിൽ ഒപ്പ് വെച്ചിട്ട് സ്വന്തം ഇരിപ്പിടത്തിലേയ്ക്ക് പോയത്. അവളുടെ കോട്ടൺ സാരിയുടെ ഉലച്ചിൽ കേട്ടാണ് ഗിരി മെല്ലെ തലയുയർത്തി നോക്കിയത്.
ആരോ ചോദിക്കുന്നുണ്ട് ഇന്നെന്താ പല്ലവീ ലേറ്റായതെന്ന്. അവൾ അതിന് പതിഞ്ഞ ശബ്ദത്തിൽ മറുപടിയും കൊടുത്തിട്ട് ഗിരി സർ വന്നിട്ടുണ്ടോ എന്നാണ് നോക്കിയത്.
തന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റു നോക്കിയിരിക്കുന്ന രണ്ട് തിളക്കമുള്ള കണ്ണുകൾ കണ്ട് അവൾ ഷോക്കടിച്ചത് പോലെ ഇരുന്നു.. ഈശ്വരാ… ആള് തന്നെത്തന്നെ നോക്കിയിരിക്കുന്നുണ്ടല്ലോ..
ആ കുരുത്തം കെട്ട പെണ്ണ് പണിയൊപ്പിച്ചോ..??
അവൾ ചിരിക്കണോ വേണ്ടയോ എന്നറിയാതെ ആകെ കൺഫ്യൂഷനിലായി..

ഗിരി സംശയത്തോടെ പല്ലവിയെയും രേഷ്മയെയും മാറി മാറി നോക്കി. ഇതേസമയം രേഷ്മ ഗിരിയെത്തന്നെ വാച്ചു ചെയ്യുകയായിരുന്നു. അയാളുടെ നോട്ടം കണ്ട് അവൾ തലയാട്ടി.
ഗിരിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഈ കുട്ടിയോ..??
ഇവളെ താനിതുവരെ ഗൗനിച്ചിട്ടു കൂടിയില്ലല്ലോ..അയാൾക്ക് അവളോട് സംസാരിക്കാൻ തിടുക്കം തോന്നി.
എന്ത് കണ്ടിട്ടാണ് എന്നോട് തനിക്ക് ഇഷ്ടം തോന്നിയത്. ഞാൻ രണ്ട് വിവാഹം കഴിച്ചതാണ്. ഒരു ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ആ കുട്ടിയെ കണ്ടിട്ട് തീരെ ചെറുപ്പമാണല്ലോ. ചിലപ്പോൾ തന്നെ പരിഹസിക്കാൻ വേണ്ടിയാണോ ഈ നാടകം.. അയാൾ ജോലിയിൽ ശ്രദ്ധിക്കാൻ നോക്കി. പിന്നീട് അവളുടെ ഭാഗത്തേയ്ക്ക് നോക്കാതിരിക്കാൻ മനഃപൂർവം ശ്രമിച്ചു.
അവളും..

പക്ഷെ ലഞ്ച് ടൈമിൽ രേഷ്മ രണ്ട് പേരെയും ഒരുമിച്ച് ആക്കിയിട്ട് സൂത്രത്തിൽ മാറിക്കളഞ്ഞു.

എന്തൊക്കെയോ ചോദിക്കാൻ തുടങ്ങിയ അയാളെ തടഞ്ഞു കൊണ്ട് പല്ലവി എല്ലാം തുറന്നു പറഞ്ഞു..
അയാൾക്ക് അവളുടെ പെരുമാറ്റവും പ്രകൃതവും എല്ലാം നന്നായി പിടിച്ചു.
ഒരേ വേവ് ലെങ്തുള്ളവർ..
സമാന ജീവിതക്കാർ.. പക്ഷെ തനിക്ക് ഒരു മകനുണ്ട്.. അത് അവൾക്ക് ഒരു കുറവായി തോന്നുന്നില്ല എന്ന് പറഞ്ഞപ്പോൾ എങ്കിൽ നമുക്ക് ഇത് ആലോചിച്ചാലോ എന്ന് രണ്ടാമത് ഒന്ന് ആലോചിക്കാതെയാണ് ചോദിച്ചത്.
അവൾ ചിരിച്ചു കൊണ്ട് എഗ്രി എന്ന് പറയുന്നത് കേട്ടാണ് രേഷ്മ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
“അപ്പോൾ ഇനി എന്നാണ് ഞങ്ങൾക്ക് ഒരു സദ്യ തരുന്നത്..”
“സദ്യ മതിയോ.. പക്ഷെ ഞങ്ങൾ ബിരിയാണിയാണല്ലോ ഓർഡർ ചെയ്തത്..”

ഗിരിയുടെ തമാശ കേട്ട് രേഷ്മ ഉറക്കെ ചിരിച്ചു, കൂടെ പല്ലവിയും..

✍️ ശാലിനി

Leave a Reply

Your email address will not be published. Required fields are marked *