ഇനി എന്റെ ദേഹത്ത് തൊട്ടാൽ ഭർത്താവാണ് എന്നൊന്നും ഞാൻ നോക്കില്ല! തിരിച്ച് തല്ലും ഞാൻ!!” ​അടുക്കളയിലെ പാത്രങ്ങൾ…..

“ഇനി എന്റെ ദേഹത്ത് തൊട്ടാൽ ഭർത്താവാണ് എന്നൊന്നും ഞാൻ നോക്കില്ല! തിരിച്ച് തല്ലും ഞാൻ!!”

​അടുക്കളയിലെ പാത്രങ്ങൾ കഴുകുന്നതിനിടയിൽ, വിറയ്ക്കുന്ന കൈകളോടെയാണ് ശോഭ അത് പറഞ്ഞത്. അവളുടെ കണ്ണുകളിൽ ഭയത്തേക്കാൾ ഉപരി കത്തുന്ന കനൽ പോലെ ഒരു വാശി ജ്വലിക്കുന്നുണ്ടായിരുന്നു. ശോഭയുടെ ആ ഭാവം പ്രവീണിന് വല്ലാത്തൊരു പുച്ഛമാണ് ഉണ്ടാക്കിയത്. അവൻ തന്റെ കയ്യിലിരുന്ന സിഗരറ്റ് കുറ്റി ചവിട്ടി അണച്ച് അവളുടെ അടുത്തേക്ക് സാവധാനം നടന്നു.

“എന്നാപ്പിന്നെ അതു തന്നെ ഒന്ന് കാണട്ടെ ടീ!! എന്നെ തല്ലാൻ മാത്രം ഒക്കെ നീ ആയോ? എന്റെ കാശും തിന്ന് എന്റെ തണലിൽ കഴിഞ്ഞ് എന്നേ തന്നെ തല്ലുമെന്നോ?” പ്രവീൺ പരിഹാസത്തോടെ അട്ടഹസിച്ചു. അവളുടെ മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ അവൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.

​”വിട് പ്രവീൺ… എനിക്ക് വേദനിക്കുന്നു… വിടാൻ!” അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു. പക്ഷേ, മദ്യത്തിന്റെ ലഹരിയും തന്റെ ആൺകോയ്മയും തലയ്ക്കു പിടിച്ച പ്രവീണിന് ആ വിലാപങ്ങൾ വെറും സംഗീതം പോലെയായിരുന്നു. അവൾ എതിർക്കാൻ ശ്രമിച്ച ദേഷ്യത്തിന് അയാൾ ക്രൂരമായി അവളുടെ മേൽ തന്റെ അധികാരം സ്ഥാപിച്ചു. പതിവിലും അവളെ വേദനിപ്പിച്ചുകൊണ്ട് അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി..

ആ മുറിക്കുള്ളിൽ അവളുടെ നിലവിളികൾ അലയടിച്ചു കൊണ്ടിരുന്നു. വേദന സഹിക്കവയ്യാതെ അവൾ തളർന്നു വീണു. അവൻ കടിച്ചു പറിക്കാത്ത ഒരിടം പോലും അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല.. എന്തിനാണ് ഇങ്ങനെ ഒരു ജീവിതം എന്ന് അവൾ ചിന്തിച്ചു..

​ഇത് ശോഭയുടെ ജീവിതത്തിൽ ഒരു നിത്യ സംഭവമായിരുന്നു. പ്രവീണിന് പുറത്ത് എവിടെയെങ്കിലും ആരോടെങ്കിലും ദേഷ്യം തോന്നിയാൽ, അല്ലെങ്കിൽ ജോലി സ്ഥലത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന്റെ മുഴുവൻ ദേഷ്യവും പ്രവീൺ തീർക്കുന്നത് ശോഭയുടെ ശരീരത്തിലായിരുന്നു.

ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ശോഭയെ പ്രവീൺ കണ്ടു ഇഷ്ടപ്പെട്ടാണ് വിവാഹം കഴിച്ചത്. വലിയ തറവാട്ടു മഹിമയും സാമ്പത്തികവുമുള്ള പ്രവീണിന്റെ ആലോചന വന്നപ്പോൾ ശോഭയുടെ അമ്മയ്ക്ക് വലിയ സന്തോഷമായി.

“മോനെ , നമുക്ക് വലിയ സാമ്പത്തികമൊന്നുമില്ലല്ലോ. നിങ്ങളുടെ നിലക്കും വിലക്കും ഒത്തു തരാനുള്ള സ്ത്രീധനമൊന്നും നമ്മുടെ കയ്യിലില്ല,” എന്ന് ആ പാവം അമ്മ പ്രവീണിനോട് പറഞ്ഞിരുന്നു.
​”അതൊന്നും സാരമില്ല അമ്മേ, എനിക്ക് ശോഭയെ ആണ് ഇഷ്ടം. വേറെ ഒന്നും വേണ്ട,” എന്ന് അന്ന് പ്രവീൺ മാന്യനായി പറഞ്ഞു.

പക്ഷേ, വിവാഹം ഉറപ്പിച്ചതോടെ അയാളുടെ അമ്മ കണക്കു പറയാൻ തുടങ്ങി. എൻജിനീയർ ആയ തന്റെ മകന് ധാരാളം സ്ത്രീധനം കിട്ടും എന്നും ഇവിടെ വന്ന് ധർമ്മ കല്യാണം കഴിക്കേണ്ട ഗതികേട് ഒന്നും അവന് ഇല്ല എന്നൊക്കെ പറഞ്ഞു, പ്രവീണിന്റെ അമ്മ ശോഭയുടെ അമ്മയെ വളരെയധികം പരിഹസിച്ചു.

തന്റെ മകളുടെ ഭാവി ഓർത്തും, അവൾക്കൊരു നല്ല ജീവിതം കിട്ടുമല്ലോ എന്ന് കരുതിയും ആ അമ്മ സ്വന്തം വീടിന്റെ ആധാരം പണയപ്പെടുത്തി സ്വർണ്ണവും പണവും സംഘടിപ്പിച്ചു..

ഇതെല്ലാം ശോഭ അറിയാൻ വൈകിപ്പോയിരുന്നു.. ഒരുപക്ഷേ തന്നോട് പ്രവീണിന്റെ അമ്മ സ്ത്രീധനം ചോദിച്ച കാര്യം തന്റെ അമ്മ വിവാഹത്തിനു മുൻപ് പറയുകയാണെങ്കിൽ ഈ വിവാഹം പോലും അവൾ വേണ്ട എന്ന് വച്ചിരുന്നു..

അമ്മയെ കൊണ്ട് കഴിയാവുന്നതിന്റെ പരമാവധി അമ്മ ചെയ്തിട്ടും വെറും പുച്ഛം മാത്രമായിരുന്നു പ്രവീണിന്റെ വീട്ടുകാർക്ക്… മൂത്ത മരുമകൾ നിറയെ സ്വർണം ഇട്ട് കേറി വന്നപ്പോൾ വിരലിൽ എണ്ണാവുന്ന എണ്ണം ആഭരണങ്ങൾ ഇട്ടു വന്നവളോട് അവർക്ക് കടുത്ത അവജ്ഞ ആയിരുന്നു..

​വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ തന്നെ പ്രവീണിന്റെ തനിനിറം പുറത്തുവന്നു. അയാൾ ഒരുതരം സൈക്കോ സ്വഭാവമുള്ള മനുഷ്യനായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും അയാൾ ശോഭയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു.

​” നിന്നെപ്പോലെ തിന്നാനും കുടിക്കാനും ഇല്ലാത്ത ഇടത്തുനിന്ന് കല്യാണം കഴിച്ചത് എനിക്ക് തോന്നിയത് പോലെ പെരുമാറാൻ തന്നെയാണടീ.. നിന്നെ ഇവിടെ ഇട്ട് തല്ലിക്കൊന്നാൽ പോലും ചോദിക്കാൻ ഒരു പട്ടിയും വരില്ല!!” എന്ന് പറഞ്ഞായിരുന്നു ഓരോ തല്ലും.

​ശോഭയ്ക്ക് സ്വന്തം എന്ന് പറയാൻ ആകെ ആ വയസ്സായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പ്രവീണിന് നന്നായി അറിയാമായിരുന്നു. അതു കൊണ്ട് തന്നെ താൻ എന്ത് ചെയ്താലും ചോദിക്കാൻ ആരും വരില്ലെന്ന ധൈര്യം അയാൾക്കുണ്ടായിരുന്നു. പലപ്പോഴും ജോലി കഴിഞ്ഞ് വരുന്ന ശോഭയെ അയാൾ മാനസികമായും ശാരീരികമായും തകർക്കുമായിരുന്നു

​”നമുക്ക് പിരിയാം പ്രവീൺ, എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല,” എന്ന് ഒരിക്കൽ ശോഭ കരഞ്ഞുകൊണ്ട് പറഞ്ഞു.

​”പിരിയാനോ? നീ എന്റെ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ല. പോയാൽ നിന്നെയും നിന്റെ അമ്മയെയും ഞാൻ ജീവനോടെ വെക്കില്ല,” എന്നായിരുന്നു അയാളുടെ ഭീഷണി… ഇതുവരെയുള്ള അയാളുടെ സ്വഭാവം വച്ച് പറഞ്ഞതുപോലെ ചെയ്യാനും അയാൾ മടിക്കില്ല എന്ന് ശോഭയ്ക്ക് അറിയാമായിരുന്നതുകൊണ്ട് അവൾ എല്ലാം സഹിച്ചു…

​ദിവസങ്ങൾ കടന്നുപോയി. പ്രവീണിന്റെ സ്വഭാവം കൂടുതൽ വഷളായി കൊണ്ടിരുന്നു എന്ത് ചെയ്താലും താൻ സഹിക്കും എന്നൊരു വിശ്വാസമുള്ളത് കൊണ്ട് തന്നെ അയാൾക്ക് അയാളുടെ കയ്യിലെ കളിപ്പാവ മാത്രമായി മാറി ശോഭ..

പീഡനം സഹിക്കവയ്യാതെ വന്നപ്പോൾ ശോഭ ഒരു തീരുമാനം എടുത്തു. ഇനിയും സഹിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ രഹസ്യമായി വനിതാ കമ്മീഷനെയും പോലീസിനെയും സമീപിച്ചു. തന്റെ ശരീരത്തിലെ പാടുകൾ ഓരോന്നും അവൾ തെളിവായി കാണിച്ചു.
​പോലീസ് പ്രവീണിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

“ഇനി അവളുടെ അടുത്തേക്ക് ചെല്ലരുത്. ഉപദ്രവിച്ചാൽ അകത്തു കിടക്കും,” എന്ന് ഇൻസ്പെക്ടർ കർശനമായ വാണിംഗ് കൊടുത്തു.

സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ പ്രവീൺ കലിതുള്ളുകയായിരുന്നു. തന്റെ അഭിമാനം ശോഭ തകർത്തു എന്നായിരുന്നു അയാളുടെ ചിന്ത. “എന്നെ പോലീസിനെക്കൊണ്ട് ഭീഷണിപ്പെടുത്തുന്നോ? ഇതിനൊരു അറുതി വരുത്തിയിട്ട് തന്നെ ബാക്കി കാര്യം,” അയാൾ ഉള്ളിൽ മന്ത്രിച്ചു.

അയാൾ തന്റെ ബൈക്കിന്റെ സീറ്റിനടിയിൽ ഒരു മൂർച്ചയുള്ള കത്തി ഒളിപ്പിച്ചു വെച്ചു. ശോഭ ജോലി കഴിഞ്ഞ് വരുമ്പോൾ അവളെ ഇല്ലാതാക്കാനായിരുന്നു അയാളുടെ പ്ലാൻ.

എന്നാൽ പ്രൊട്ടക്ഷൻ വേണമെന്ന് ശോഭ നേരത്തെ ആവശ്യപ്പെട്ടിരുന്നതിനാൽ, അവൾക്ക് പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു.
​ശോഭ തന്റെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ പ്രവീൺ കത്തിയും എടുത്ത് അവളുടെ നേരെ പാഞ്ഞടുത്തു. “ഇന്ന് നിന്റെ അന്ത്യമാണ് ശോഭേ!” അയാൾ അലറി.

പക്ഷേ, അടുത്ത നിമിഷം അവിടെ പതിയിരുന്ന രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥർ അവനെ കീഴ്പ്പെടുത്തി. ഉണ്ടായ മൽപ്പിടുത്തത്തിനിടയിൽ പ്രവീൺ ബാലൻസ് തെറ്റി റോഡരികിലെ ഒരു താഴ്ചയിലേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ അവന്റെ നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു.

ആശുപത്രി കിടക്കയിൽ പ്രവീൺ കണ്ണുതുറക്കുമ്പോൾ തനിക്ക് ചലിക്കാൻ കഴിയുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. ഡോക്ടർമാർ വിധി എഴുതി: “ഇനി ഒരിക്കലും ഇയാൾക്ക് എഴുന്നേറ്റ് നടക്കാൻ കഴിയില്ല. ബെഡിൽ തന്നെ കിടക്കേണ്ടി വരും.”

​പ്രവീണിന്റെ കുടുംബം പെട്ടെന്ന് മാറി ചിന്തിച്ചു. അതുവരെ പ്രവീണിന്റെ അഹങ്കാരത്തിന് കൂട്ടുനിന്നവർക്ക് ഇപ്പോൾ അവൻ ഒരു ഭാരമായി. അവന്റെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും വലിയ തുകയാകുമെന്ന് കണ്ടപ്പോൾ അവർ കൈമലർത്തി. ഒടുവിൽ അവർ ശോഭയുടെ അടുത്തെത്തി.

​”മോളേ, നീ ഞങ്ങളോട് ക്ഷമിക്കണം. അവനെ നീ തന്നെ നോക്കണം. നിനക്കല്ലേ അവന്റെ സ്വഭാവം അറിയാവുന്നത്… അവൻ പാവമാ…” അവർ ശോഭയുടെ കാലുപിടിച്ചു.

​ശോഭ ഒന്നും മിണ്ടിയില്ല. അവൾ അപ്പോഴേക്കും തന്റെ അധ്വാനം കൊണ്ട് സ്വർണം വീണ്ടെടുക്കുകയും വീടിന്റെ ആധാരം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. അവൾക്ക് ഇപ്പോൾ പഴയ പേടിയൊന്നുമില്ല. അവൾ പ്രവീണിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് സമ്മതിച്ചു.

​ഇന്ന്, ശോഭയുടെ വീടിന്റെ ഒരു മൂലയിൽ അനങ്ങാൻ കഴിയാതെ പ്രവീൺ കിടക്കുകയാണ്. ശോഭ രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് അയാൾക്ക് ഭക്ഷണവും മരുന്നും നൽകും. വൈകുന്നേരം വരുമ്പോൾ അയാൾ കിടക്കുന്ന മുറി വൃത്തിയാക്കും.

പക്ഷേ, അവൾ അയാളോട് അധികം സംസാരിക്കാറില്ല.
​ഒരിക്കൽ പ്രവീൺ കണ്ണീരോടെ അവളെ നോക്കി ചോദിച്ചു, “ശോഭേ… നീ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്? കൊന്നു കളഞ്ഞൂടായിരുന്നോ? എന്നെ എന്തിനാ നീ ഇങ്ങനെ നോക്കുന്നത്?”
​ശോഭ അവനെ നോക്കി ശാന്തമായി പറഞ്ഞു,

“കൊന്നാൽ ആ വേദന അപ്പോൾ തീരും പ്രവീൺ. പക്ഷേ, ഇപ്പോൾ നീ അനുഭവിക്കുന്ന ഈ കുറ്റബോധമുണ്ടല്ലോ… നീ എന്നോട് ചെയ്ത ഓരോ ക്രൂരതയും ഓർത്ത് ഈ കിടപ്പ് കിടക്കുന്നത്… അതാണ് നിനക്കുള്ള ഏറ്റവും വലിയ ശിക്ഷ. എന്റെ ചിലവിൽ, എന്റെ കാരുണ്യത്തിൽ ജീവിക്കുമ്പോൾ നിന്റെ ആ പഴയ അഹങ്കാരം എവിടെപ്പോയി?”

​പ്രവീൺ മറുപടിയില്ലാതെ മുഖം തിരിച്ചു. പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. തന്റെ ജീവിതം ഇങ്ങനെയൊക്കെ ആകുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ശോഭ അടുക്കളയിൽ സമാധാനത്തോടെ ചായയിടുകയായിരുന്നു. അവൾക്ക് ഇപ്പോൾ ഭയമില്ല, ആരോടും പരാതിയുമില്ല. ജീവിതം അവളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠമായിരുന്നു ഈ അതിജീവനം.

സ്റ്റോറി by ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *