“നിനക്കെന്നെ പേടിയാണോ മോളേ? നിന്റെ സ്വന്തം അമ്മാവനല്ലേ ഞാൻ…”
ആ ചോദ്യത്തിലെ ‘അമ്മാവൻ’ എന്ന വാക്കിന് കയ്പുള്ള കള്ളിന്റെ മണമായിരുന്നു. മാധവൻ അമ്മാവൻ അവളുടെ തോളിൽ കൈ വെക്കുമ്പോൾ ആ വിരലുകൾ തഴുകുന്നത് വെറുമൊരു വാത്സല്യമല്ലെന്ന് സുമയ്ക്ക് അറിയാമായിരുന്നു. അയാളുടെ കണ്ണുകളിൽ തെളിയുന്ന ആ തരംതാഴ്ന്ന തിളക്കം അവൾക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഒരു വിവാഹമോചിതയായ സ്ത്രീക്ക് സ്വന്തം വീട്ടിൽ പോലും സുരക്ഷിതത്വമില്ലെന്ന് തിരിച്ചറിയുന്ന നിമിഷം നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചുകയറി.
സുമയുടെ വിവാഹമോചനം കഴിഞ്ഞിട്ട് ആറുമാസമേ ആയിരുന്നുള്ളൂ. മൂന്ന് വർഷത്തെ ദാമ്പത്യം അവസാനിച്ചത് വലിയൊരു യുദ്ധത്തിനൊടുവിലൊന്നുമല്ല, മറിച്ച് ശ്വാസം മുട്ടിക്കുന്ന അവഗണനകൾക്കും മാനസിക പീഡനത്തിനും വിരാമമിട്ടുകൊണ്ടാണ്. പക്ഷേ, സമൂഹം അവളെ കണ്ടത് ഒരു ‘തോറ്റവൾ’ ആയിട്ടായിരുന്നു. തിരികെ അച്ഛന്റെ വീട്ടിലെത്തുമ്പോൾ, പഴയ സ്വീകരണമുറിയല്ല അവളെ കാത്തിരുന്നത്. അവിടെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും ഒളിഞ്ഞുനോട്ടങ്ങളും പതിയിരിപ്പുണ്ടായിരുന്നു.
അച്ഛന്റെ ദൂരത്തുള്ള ഒരു ബന്ധുവാണ് മാധവൻ. കുടുംബത്തിലെ കാരണവർ എന്ന പദവി അയാൾ ഭംഗിയായി ഉപയോഗിച്ചു. സുമയുടെ അച്ഛന് അയാളെ വലിയ കാര്യമായിരുന്നു. “നമ്മുടെ സുമക്കുട്ടിയെ ഇനി നമ്മൾ നോക്കണ്ടേ മാധവാ,” എന്ന് അച്ഛൻ പറയുമ്പോൾ, മാധവൻ അമ്മാവൻ അവളെ നോക്കി ഒന്ന് ചിരിക്കും. ആ ചിരിയിൽ ഒരു ഇരയെ കണ്ടെത്തിയ വേട്ടക്കാരന്റെ ആത്മവിശ്വാസമുണ്ടായിരുന്നു.
തുടക്കത്തിൽ അത് വെറും തമാശകളായിരുന്നു.
“നീ ഇപ്പോഴും ഒരു പത്താം ക്ലാസ്സുകാരിയെപ്പോലെയുണ്ട് സുമേ,” എന്നോ, “ആ രാജേഷ് വെറും പൊട്ടനാണ്, നിന്നെപ്പോലൊരു സുന്ദരിയെ കളഞ്ഞല്ലോ,” എന്നോ ഒക്കെയുള്ള പറച്ചിലുകൾ.
പക്ഷേ പതുക്കെ ആ വാക്കുകൾക്ക് മൂർച്ച കൂടി. സുമ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ അയാൾ പിന്നിലൂടെ വരും. തോളത്തോ കയ്യിലോ അറിയാത്ത മട്ടിൽ സ്പർശിക്കും. അവൾ പെട്ടെന്ന് മാറുമ്പോൾ, ഒന്നുമറിയാത്ത ഭാവത്തിൽ ചോദിക്കും, “എന്താ മോളേ, നീ ഇത്ര പേടിക്കാൻ? ഞാൻ നിന്റെ അമ്മാവനല്ലേ?”
ഒരു ദിവസം വൈകുന്നേരം അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോയതായിരുന്നു. മഴ തകർത്തു പെയ്യുന്നു. സുമ ഹാളിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുകയായിരുന്നു. മാധവൻ അമ്മാവൻ അന്ന് അവിടെത്തന്നെ കൂടുമെന്ന് അവൾ കരുതിയിരുന്നില്ല.
അയാൾ മുറിയിലേക്ക് വന്നു. സോഫയിൽ അവൾക്കരികിൽ വന്നിരുന്നു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ അവളുടെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു.
“എന്തിനാ മോളെ എപ്പോഴും എന്നിൽ നിന്ന് ഓടിയകലുന്നത്? നിനക്ക് ഇപ്പോൾ ആരും ഇല്ലല്ലോ. നിന്റെ വിഷമങ്ങൾ പങ്കുവെക്കാൻ ഒരാൾ വേണ്ടേ?” അയാളുടെ ശബ്ദം താഴ്ന്നതായിരുന്നു, വന്യമായ ആഗ്രഹങ്ങൾ പുറത്തുവരുന്നതിന്റെ വിറയൽ അതിലുണ്ടായിരുന്നു.
“അമ്മാവാ, കൈ വിടൂ. എനിക്ക് ജോലിയുണ്ട്,” സുമയുടെ ശബ്ദം വിറച്ചു.
“ജോലിയൊക്കെ പിന്നെ ചെയ്യാം. നിന്റെ ഈ ജീവിതം ഈ ചെറുപ്പം ഇതൊക്കെ ഇങ്ങനെ പാഴാക്കിക്കളയണോ? നിനക്ക് ആവശ്യമുള്ളതൊക്കെ തരാൻ ഈ അമ്മാവന് കഴിയില്ലേ? നിന്റെ വികാരങ്ങൾ ഒക്കെ ഇങ്ങനെ അടക്കി വയ്ക്കണോ? നിനക്ക് ഇപ്പോൾ എന്താണ് ആവശ്യം എന്ന് എനിക്കറിയാം. എല്ലാത്തിനും ഈ അമ്മാവനുണ്ട് കൂടെ.
ഒന്നും ആരും അറിയാൻ പോകുന്നില്ല.”
അയാളുടെ കൈകൾ അവളുടെ മുടിയിഴകളിലൂടെ സാവധാനം ചലിച്ചു അവളുടെ ഇടുപ്പിലേക്ക് എത്തി . സുമയ്ക്ക് അറപ്പും ദേഷ്യവും കൊണ്ട് ശരീരം വിറച്ചു. അവൾ ആ കൈ തട്ടിമാറ്റി ദൂരേക്ക് മാറി നിന്നു.
“അമ്മാവൻ എന്താണ് ഈ പറയുന്നത്? ഇനിയും നിങ്ങളിത് തുടർന്നാൽ എനിക്ക് അച്ഛനെ വിളിച്ച് പറയേണ്ടി വരും,” അവൾ ഉറക്കെ പറഞ്ഞു.
മാധവൻ പൊട്ടിച്ചിരിച്ചു. ആ ചിരിക്ക് വല്ലാത്തൊരു ക്രൂരതയുണ്ടായിരുന്നു. “നീ ആരോട് പറയും? നിന്റെ അച്ഛനോടോ? അയാൾക്ക് എന്നെ എത്ര വിശ്വാസമാണെന്ന് നിനക്കറിയില്ലേ? പിന്നെ നീ ഒരു വിവാഹമോചിതയാണ്. നീ എന്ത് പറഞ്ഞാലും ഈ നാട്ടുകാർ പറയും നീ എന്നെ വശീകരിച്ചതാണെന്ന്. നിന്റെ സ്വഭാവദോഷം കൊണ്ടാണ് നിന്റെ ഭർത്താവ് നിന്നെ ഉപേക്ക്ഷിച്ചതെന്ന് അവർ ഉറപ്പിക്കും. അത് വേണോ നിനക്ക്?”
ആ വാക്കുകൾ ഒരു ചാട്ടുളി പോലെ അവളുടെ നെഞ്ചിൽ തറച്ചു. അതായിരുന്നു കയ്പ്പേറിയ സത്യം. സമൂഹം എപ്പോഴും വിരൽ ചൂണ്ടുന്നത് സ്ത്രീക്ക് നേരെയാണ്, പ്രത്യേകിച്ച് ഒറ്റയ്ക്കായവൾക്ക് നേരെ.
അന്ന് രാത്രി അവൾ ഉറങ്ങിയില്ല. ഭയം അവളെ തളർത്തിക്കളയുമെന്ന് അവൾ കരുതി. പക്ഷേ, നേരം പുലർന്നപ്പോൾ ഉള്ളിൽ ഭയത്തിന് പകരം കനൽ എരിയുകയായിരുന്നു. എന്തിന് സഹിക്കണം? താൻ എന്ത് തെറ്റാണ് ചെയ്തത്? വിവാഹമോചനം എന്നത് ഒരു കുറ്റകൃത്യമാണോ? സ്വന്തം ശരീരത്തിന്മേൽ തനിക്കല്ലേ അവകാശം?
അടുത്ത കുറച്ച് ദിവസങ്ങളിൽ മാധവൻ അവളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. അവസരം കിട്ടുമ്പോഴൊക്കെ അയാൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ തൊടാനും ചുമ്പിക്കാനും ശ്രമിച്ചു.താൻ പറയുന്നത് അവൾ അനുസരിക്കുമെന്ന ആത്മവിശ്വാസം അയാളിൽ നിറഞ്ഞുനിന്നു. പക്ഷേ സുമ തന്റെ ഫോൺ എപ്പോഴും കയ്യിൽ കരുതി. അവൾ അയാളുടെ ഓരോ നീക്കവും ശ്രദ്ധിച്ചു.
ഒരു ശനിയാഴ്ച ഉച്ചയ്ക്ക് സുമയുടെ അച്ഛൻ ടൗണിൽ പോയതായിരുന്നു. അമ്മ അടുത്ത വീട്ടിലും. സുമ കുളി കഴിഞ്ഞ് ഈറനോടെ റൂമിൽ നിക്കുമ്പോൾ മാധവൻ അവിടെക്ക് വന്നു. ഈറനോടെ അവൾ നിൽക്കുമ്പോൾ അവളുടെ ശരീര വടിവുകൾ എടുത്ത് കാണിച്ചു. മാധവൻ അവളെ കൊതിയോടെ നോക്കി നിന്നു.
ഇത്തവണ അയാൾ കൂടുതൽ ധൈര്യം കാണിച്ചു.
അയാൾ പുറകിലൂടെ വന്നു അവളെ കടന്നു പിടിച്ചു. പേടിച്ചുപോയി സുമ അയാളെ തട്ടി മാറ്റി അവളുടെ ഫോണും എടുത്ത് റൂമിന് വെളിയിൽ ഇറങ്ങി.
“മോളെ , ഇന്നും ആരുമില്ല. നീ എന്തിനാ ഇത്ര വാശി പിടിക്കുന്നത്?” അയാൾ അവളെ വീണ്ടും ചേർത്തുപിടിക്കാൻ ശ്രമിച്ചു.
ഇത്തവണ അവൾ ഓടി മാറിയില്ല. പകരം അവൾ അയാളുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. “അമ്മാവൻ വിചാരിക്കുന്നത് ഞാൻ പേടിച്ച് മിണ്ടാതിരിക്കും എന്നാണോ?”
“പിന്നെ നീ എന്ത് ചെയ്യും? നീ ഒച്ച വെച്ചാൽ നിന്റെ കുടുംബത്തിന്റെ മാനമാണ് പോകുന്നത്,” അയാൾ പുച്ഛത്തോടെ പറഞ്ഞു.
അവൾ മെല്ലെ തന്റെ ഫോൺ ഉയർത്തി കാണിച്ചു. അതിൽ കഴിഞ്ഞ അഞ്ചു ദിവസമായി അയാൾ പറഞ്ഞ വൃത്തികെട്ട വാക്കുകളും അയാളുടെ ഉദ്ദേശ്യങ്ങളും എല്ലാം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.
“മാനത്തെക്കുറിച്ച് അമ്മാവൻ വിഷമിക്കേണ്ട. ഇത് ഞാൻ ഇപ്പോൾത്തന്നെ അച്ഛന് അയച്ചുകൊടുക്കും. പിന്നെ നമ്മുടെ കുടുംബ വാട്സാപ്പ് ഗ്രൂപ്പിലും ഇടും. അമ്മാവൻ വലിയ മാന്യനാണല്ലോ, നാട്ടുകാർ അറിയട്ടെ ഈ ‘അമ്മാവൻ വാത്സല്യം’.”
മാധവന്റെ മുഖം പെട്ടെന്ന് വിളറി വെളുത്തു. അയാൾ വിറയ്ക്കാൻ തുടങ്ങി. “മോളെ … അത്… നീ എന്തിനാ ഇത്ര ഗൗരവമാക്കുന്നത്? ഞാൻ തമാശയ്ക്ക്…”
“തമാശയോ?” സുമയുടെ ശബ്ദം ഇടിമുഴക്കം പോലെ ഉയർന്നു. “ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് നിങ്ങൾക്ക് തമാശയായിരിക്കും. പക്ഷേ എനിക്കല്ല. നിങ്ങൾ ഇറങ്ങിപ്പോകണം ഈ വീട്ടിൽ നിന്ന്. ഇപ്പോൾത്തന്നെ!”
മാധവൻ വിയർത്ത് കുളിച്ച്, ഒരക്ഷരം പോലും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി ഓടി. അയാൾക്ക് അറിയാമായിരുന്നു, ആ റെക്കോർഡിംഗ് പുറത്തായാൽ അയാളുടെ മാന്യൻ എന്ന മുഖമൂടി തകരുമെന്ന്.
വൈകുന്നേരം അച്ഛൻ വന്നപ്പോൾ സുമ എല്ലാം പറഞ്ഞു. റെക്കോർഡിംഗ് കേൾപ്പിച്ചു. അച്ഛൻ തകർന്നുപോയി. തന്റെ സുഹൃത്തായിരുന്ന ആൾ മകളെ ഇങ്ങനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നത് അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.
“എന്നോട് ക്ഷമിക്ക് മോളേ, ഞാൻ ഇത് അറിഞ്ഞില്ല,” അച്ഛൻ കണ്ണീരോടെ പറഞ്ഞു.
“അച്ഛൻ എന്തിനാ ക്ഷമ ചോദിക്കുന്നത്? തെറ്റ് ചെയ്തത് അയാളാണ്. ഞാൻ മിണ്ടാതിരുന്നെങ്കിൽ അയാളുടെ ധൈര്യം കൂടുമായിരുന്നു. ഇനി അയാൾ ഈ വഴിക്ക് വരില്ല,” അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
✍️പ്രവീണ കൃഷ്ണ
