കാണാൻ കൊള്ളാവുന്ന എന്നെ നിന്നെക്കൊണ്ട് കെട്ടിച്ചത് നാലാളുടെ മുന്നിൽ നിന്റെ തന്തക്ക് മരുമകൻ ഇതാണ് എന്നും പറഞ്ഞ് ഞെളിഞ്ഞ് നിൽക്കാൻ വേണ്ടിയാണ്.…

“നിനക്കിവിടെ എന്താടാ കാര്യം? ഇറങ്ങിപ്പോടാ എന്റെ വീട്ടിൽനിന്ന്!”

 

​അമ്മായിയപ്പന്റെ ഈ വാക്കുകൾ കേട്ടപ്പോൾ പ്രകാശിന്റെ തലയിൽ ഇടിത്തീ വെട്ടിയതുപോലെയായിരുന്നു.

ഒരു സപ്പോർട്ടിനായി ചുറ്റും നോക്കിയപ്പോൾ സ്വന്തം ഭാര്യ സിന്ധുവും രണ്ട് മക്കളും അവനെ വെറുപ്പോടെയാണ് നോക്കുന്നത്.

അത്രയും നാൾ അനുഭവിച്ച സുഖസൗകര്യങ്ങളും അഹങ്കാരവും ഒറ്റനിമിഷം കൊണ്ട് അവസാനിച്ച ദിവസം.

 

​കഥ തുടങ്ങിയത് നാല് വർഷം മുമ്പാണ്. പ്രകാശിന് വലിയ ജോലിയോ വരുമാനമോ ഒന്നും ഉണ്ടായിരുന്നില്ല.

നാട്ടിൽ ചെറിയ ചില പണികൾക്ക് പോകുമായിരുന്നെങ്കിലും സ്ഥിരമായി ഒന്നിനും നിൽക്കില്ല.

മടി മാത്രമായിരുന്നു മെയിൻ. അങ്ങനെയിരിക്കെയാണ് സിന്ധുവിന്റെ ആലോചന വരുന്നത്.

സിന്ധുവിന്റെ അച്ഛൻ മാധവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ നല്ല കാശുള്ള ആളായിരുന്നു.

പ്രകാശ് കാണാൻ ലുക്കുള്ള ആളായതുകൊണ്ടും, വലിയ ദോഷങ്ങളൊന്നും ഒറ്റനോട്ടത്തിൽ ഇല്ലാത്തതുകൊണ്ടും അവർ ഈ കല്യാണത്തിന് സമ്മതിച്ചു.

 

​പ്രകാശിന്റെ വീട്ടുകാർ ചോദിച്ചതുപോലെ തന്നെ നല്ലൊരു തുക സ്ത്രീധനവും, 40 പവന്റെ സ്വർണാഭരണങ്ങളും സിന്ധുവിന് കൊടുത്ത് വലിയ രീതിയിലാണ് കല്യാണം നടത്തിയത്.

കൈയിൽ നല്ലൊരു തുക സ്ത്രീധനം കിട്ടിയതോടെ പ്രകാശിന്റെ മടി ഒന്നുകൂടി കൂടി.

 

തനിക്ക് ജീവിക്കാൻ ഇനി ഈ കാശ് മതിയല്ലോ എന്നായിരുന്നു അവന്റെ ചിന്ത.

കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രകാശ് ജോലിക്ക് പോകുന്നത് പൂർണ്ണമായും നിർത്തി.

ഓരോ കാരണങ്ങൾ പറഞ്ഞ് സിന്ധുവിന്റെ ആഭരണങ്ങൾ ഓരോന്ന് വാങ്ങിക്കൊണ്ടു പോയി.

അത് വിറ്റ് കൂട്ടുകാരുമൊത്ത് കുടിച്ച് ഉല്ലസിച്ച് നടന്നു. വീട്ട് ചെലവിനും അതിൽ നിന്ന് എടുത്തു കൊടുക്കും.

പ്രകാശിന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം നടത്തിയിരുന്നത് അവന്റെ ഏട്ടൻ പ്രസാദ് ആണ്..

പ്രസാദ് വലിയ കുഴപ്പമുണ്ടെങ്കിലും അയാളുടെ ഭാര്യ സതി സ്ട്രോങ്ങ് ആയിരുന്നു.

മാസം പ്രകാശന്റെയും സിന്ധുവിന്റെയും പങ്കു കൃത്യമായി കൊടുത്തില്ലെങ്കിൽ സതിയുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കണം.

പ്രകാശിന് യാതൊരു ഭയവും തോന്നിയില്ല ഇനിയും ഇഷ്ടംപോലെ സ്വർണം ഉണ്ടല്ലോ ഓരോന്നോരോന്ന് എടുത്താൽ അടുത്തകാലത്തൊന്നും ജോലിക്ക് പോകുകയും വേണ്ട ആർഭാടമായി ജീവിക്കുകയും ചെയ്യാം എന്ന് അവൻ കരുതി.

സിന്ധുവിന് ആദ്യത്തെ കുട്ടിയുണ്ടായപ്പോഴും പ്രകാശിൽ ഒരു മാറ്റവും വന്നില്ല.

കുട്ടിയുടെ ചെലവുകൾക്കും സിന്ധുവിന്റെ ആവശ്യങ്ങൾക്കും എല്ലാം മാധവനാണ് പണം അയച്ചുകൊടുത്തിരുന്നത്.

 

​രണ്ടാമതും ഒരു കുട്ടി കൂടി ഉണ്ടായതോടെ പ്രകാശിന്റെ ധൂർത്ത് കാരണം അവന്റെ കൈയിലെ പണം മുഴുവൻ തീർന്നു.

വീട്ടിൽ പട്ടിണിയും കഷ്ടപ്പാടും മാത്രമായി. സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ, പ്രകാശ് ഒരു ബുദ്ധി പ്രയോഗിച്ചു.

ഭാര്യയെയും മക്കളെയും കൂട്ടി അവൻ സിന്ധുവിന്റെ വീട്ടിലേക്ക് താമസം മാറി.

അമ്മായിയപ്പൻ ഗൾഫിൽ ആയതുകൊണ്ടും വീട്ടിൽ സിന്ധുവിന്റെ അമ്മ മാത്രമായിരുന്നതുകൊണ്ടും അവർക്ക് ആദ്യം എതിർപ്പൊന്നും ഉണ്ടായില്ല.

 

​പക്ഷേ, പ്രകാശ് അവിടെയും മടി പിടിച്ച് ഇരുന്നു. രാവിലെ എഴുന്നേറ്റ് ചായ കുടിക്കും, പിന്നെ പത്രം വായിക്കും, ഉച്ചയ്ക്ക് നല്ല ഭക്ഷണം കഴിച്ച് ഉറങ്ങും. വൈകുന്നേരം കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകും.

 

സിന്ധുവിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനോ, മക്കളുടെ പഠിത്ത കാര്യങ്ങൾ ശ്രദ്ധിക്കാനോ അവൻ തയ്യാറായില്ല. കുട്ടികൾക്ക് മിഠായി വാങ്ങാൻ പോലും അവൻ സിന്ധുവിന്റെ അമ്മയോട് പൈസ ചോദിക്കാൻ തുടങ്ങി.

 

മരുമകന്റെ ഈ മടിയും ഉത്തരവാദിത്തമില്ലായ്മയും ആ അമ്മയ്ക്ക് വലിയ മാനസികവിഷമം ഉണ്ടാക്കി.

അവൾ ഈ വിവരങ്ങളെല്ലാം ഗൾഫിലുള്ള ഭർത്താവ് മാധവനെ വിളിച്ച് പറഞ്ഞു.

 

​കുറച്ചു മാസങ്ങൾക്ക് ശേഷം മാധവൻ നാട്ടിൽ തിരിച്ചെത്തി. സ്വന്തം വീട്ടിൽ വന്ന് സുഖമായിരുന്ന് തിന്നുന്ന മരുമകനെ കണ്ടപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു.

എങ്കിലും സമാധാനത്തോടെ പ്രകാശിനോട് സംസാരിച്ചു: “പ്രകാശാ, നീ ഇങ്ങനെ ഇരുന്നാൽ പറ്റില്ല. കുട്ടികൾ വലുതാവുകയാണ്.

അവർക്ക് നല്ലൊരു ഭാവി വേണം. ഞാൻ ഒരു കട ഇട്ടുതരാം, നീ അത് നോക്കി നടത്തണം.”

 

​പക്ഷേ, പണിയെടുക്കാൻ മടിയുള്ള പ്രകാശ് ആ ഓഫറും നിരസിച്ചു. തനിക്ക് ബിസിനസ്സ് ചെയ്യാൻ താല്പര്യമില്ലെന്നും, വേറെ എന്തെങ്കിലും നോക്കാമെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.

ദിവസങ്ങൾ കഴിഞ്ഞിട്ടും അവൻ ഒരു പണിക്കും പോയില്ല. അമ്മായിയപ്പന്റെ പൈസയിൽ ജീവിക്കുന്നത് അവനൊരു ശീലമായി മാറി.

​ഇതിനിടയിൽ സിന്ധു പലതവണ അവനോട് കരഞ്ഞുപറഞ്ഞു, “നമുക്ക് സ്വന്തമായി ഒരു ജീവിതം വേണ്ടേ? എന്റെ അച്ഛന്റെ കാശിൽ എത്രനാൾ നമ്മൾ ഇങ്ങനെ കഴിയും? ദയവുചെയ്ത് എന്തെങ്കിലും പണിക്ക് പോകൂ.”

എന്നാൽ പ്രകാശ് അവളെ ചീത്ത പറയുകയും ഉപദ്രവിക്കുകയും ആണ് ചെയ്തത്.

” എനിക്ക് ജോലിയും കൂലിയും ഒന്നുമില്ല എന്ന് അറിഞ്ഞിട്ട് തന്നെയാണ് നിന്റെ തന്ത നിന്നെ എന്റെ തലയിൽ കെട്ടിവച്ചത്.. അല്ലെങ്കിൽ തന്നെ ഒന്ന് നോക്ക് ഒരു ഭംഗിയും ഇല്ലാത്ത നിനക്ക് എന്നെപ്പോലെ ഒരു ചെറുക്കനെ വേറെ എവിടെ നിന്ന് കിട്ടും??

കാണാൻ കൊള്ളാവുന്ന എന്നെ നിന്നെക്കൊണ്ട് കെട്ടിച്ചത് നാലാളുടെ മുന്നിൽ നിന്റെ തന്തക്ക് മരുമകൻ ഇതാണ് എന്നും പറഞ്ഞ് ഞെളിഞ്ഞ് നിൽക്കാൻ വേണ്ടിയാണ്.

അങ്ങനെയൊക്കെ ആകുമ്പോൾ അയാളും കുറച്ച് സഹിക്കേണ്ടിവരും!””
യാതൊരു ഉളുപ്പുമില്ലാതെ പ്രകാശൻ പറഞ്ഞു.

​ഇതോടെ സിന്ധുവിന്റെ മനസ്സിലെ സ്നേഹവും ബഹുമാനവും പൂർണ്ണമായും നഷ്ടപ്പെട്ടു. മടിയനായ, ഉത്തരവാദിത്തമില്ലാത്ത ഒരു ഭർത്താവിനോടൊപ്പം ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് അവൾ തിരിച്ചറിഞ്ഞു.

പ്രകാശിന്റെ പെരുമാറ്റം അമ്മായിയപ്പൻ മാധവന്റെ ക്ഷമയുടെ നെല്ലിപ്പടി കാണിച്ചു.

​ഒരു ദിവസം വൈകുന്നേരം പ്രകാശ് കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന്, രാത്രി വൈകി സിന്ധുവിന്റെ വീട്ടിൽ തിരിച്ചെത്തി.

വന്ന് കേറിയ ഉടനെ അവൻ ഭക്ഷണത്തിന് വേണ്ടി ബഹളം വെക്കാൻ തുടങ്ങി.

സിന്ധുവിന് പനി ആയതുകൊണ്ട് അവളുടെ അമ്മ ആണ് അയാൾക്ക് വിളമ്പി കൊടുത്തത്.

“” ഇതെന്താ ഇന്ന് മീൻ ഒന്നും വാങ്ങിയില്ലേ?? പച്ചക്കറി ചുമ്മാ വേവിച്ചു വച്ചാൽ എങ്ങനെ ഊണ് കഴിക്കാനാണ്?? “”

അവൻ സിന്ധുവിന്റെ അമ്മയുടെ നേരെ തട്ടിക്കയറാൻ തുടങ്ങി.

ഇത് കണ്ട മാധവന് ഇനി സഹിക്കാൻ കഴിഞ്ഞില്ല..

ഒരു ജോലിയും ചെയ്യാതെ തന്റെ വീട്ടിൽ വന്ന് വലിയ അധികാരം കാണിക്കുന്നവരോട് അയാളുടെ മനസ്സിൽ ദേഷ്യം നിറഞ്ഞു…

അദ്ദേഹം പ്രകാശിന്റെ മുന്നിലേക്ക് വന്ന് നിന്നു. സിന്ധുവും മക്കളും അവിടെ ഉണ്ടായിരുന്നു. ഡൈനിങ് ഹാളിൽ നിന്ന് കേട്ട ബഹളം അറിഞ്ഞ് അവൾ എന്താണ് കാര്യം എന്ന് നോക്കാൻ വന്നതായിരുന്നു.

കള്ളും കുടിച്ച് തന്റെ അമ്മയുടെ നേരെ ചാടുന്ന പ്രകാശനെ കണ്ടപ്പോൾ അവൾക്കും വെറുപ്പായി

​മാധവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: “നിനക്കിവിടെ എന്താടാ കാര്യം? ഇറങ്ങിപ്പോടാ എന്റെ വീട്ടിൽനിന്ന്!”
​പ്രകാശ് ഞെട്ടിപ്പോയി.

 

അവൻ സിന്ധുവിന്റെ മുഖത്തേക്ക് നോക്കി. സിന്ധു അത്രയും നാൾ അനുഭവിച്ച സങ്കടവും ദേഷ്യവും അടക്കിപ്പിടിച്ച് അവനോട് പറഞ്ഞു:

“അച്ഛൻ പറഞ്ഞത് ശരിയാണ്. പണിയെടുക്കാൻ മടിയുള്ള, ഭാര്യയെയും മക്കളെയും നോക്കാൻ കഴിവില്ലാത്ത നിങ്ങളെപ്പോലൊരു മനുഷ്യനെ ഇനി ഞങ്ങൾക്ക് വേണ്ട. ഇറങ്ങിപ്പോടോ .”

സിന്ധു ഇങ്ങനെ പറയും എന്ന് പ്രകാശൻ ഒരിക്കലും കരുതിയില്ല എന്തൊക്കെ പറഞ്ഞാലും അവൾക്ക് തന്നോട് വലിയ സ്നേഹമായിരുന്നു.

അതും കൂടി കണക്കിലെടുത്താണ് താൻ മാക്സിമം തന്നിഷ്ടം കാണിച്ച് ഇതുവരെ നടന്നിരുന്നത് എന്തുവന്നാലും അവൾ തന്നെ വിട്ടു പോകില്ല എന്നൊരു വിശ്വാസം പ്രകാശിൽ ഉണ്ടായിരുന്നു.

 

​അതുവരെ താൻ കാണിച്ച അഹങ്കാരവും മടിയും കാരണം സ്വന്തം കുടുംബം പോലും തനിക്ക് നഷ്ടപ്പെട്ടു എന്ന് പ്രകാശ് അപ്പോഴാണ് മനസ്സിലാക്കിയത്.

സിന്ധു അവന്റെ ബാഗ് എടുത്ത് പുറത്തേക്ക് എറിഞ്ഞു. മക്കളുടെയും ഭാര്യയുടെയും അമ്മായിയപ്പന്റെയും വെറുപ്പോടെയുള്ള നോട്ടത്തിന് മുന്നിൽ നിൽക്കാൻ കഴിയാതെ, തലയും താഴ്ത്തി പ്രകാശ് ആ വീട്ടിൽ നിന്നും പടിയിറങ്ങി.

എങ്ങോട്ട് പോകണം എന്നറിയാതെ, ഒരു ജോലിയുമില്ലാതെ അവൻ ആ ഇരുട്ടിലേക്ക് നടന്നു നീങ്ങി..

സ്വന്തം വീട്ടിലേക്ക് ചെന്നപ്പോൾ അവിടേക്ക് അവനെ കേറ്റിയില്ല… ഒടുവിൽ എന്റെ ഷെയർ വേണമെന്ന് പറഞ്ഞ് അവൻ ബഹളം വെച്ചു..

അതൊക്കെ വിവാഹത്തിന്റെ മുമ്പ് തന്നെ അവൻ എഴുതി വാങ്ങിയിരുന്നു ആ സ്ഥലം വിറ്റ് തോന്നിവാസം കാണിച്ച് ആ പണം മുഴുവൻ അവൻ നഷ്ടപ്പെടുത്തിയിരുന്നു.

ഇനി എങ്ങോട്ട് പോകും എന്നറിയാതെ നിന്നു. അതുവരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരും ആ സമയത്ത് അവനെ സഹായിച്ചില്ല.

ഒടുവിൽ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു പിന്നെ ജോലിക്ക് പോകാൻ തുടങ്ങി..

ജോലിക്ക് പോയി ആ പണം കൊണ്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ അവന് മനസ്സിലായി അതാണ് ലോകത്ത് ഏറ്റവും നല്ല കാര്യം എന്ന്.

ഒടുവിൽ അവൻ സിന്ധുവിനെ വിളിക്കാൻ വേണ്ടി ചെന്നിരുന്നു ഇത്തവണ അവനോടുള്ള ദേഷ്യം എല്ലാം മറന്നു സിന്ധുവും ഇറങ്ങി വന്നു.

ചെറിയ ആ വാടകവീട്ടിൽ പിന്നീട് അവർ ഒരു സ്വർഗം തന്നെ നിർമ്മിച്ചു.

✍️സ്റ്റോറി by കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *