“നിങ്ങൾക്ക് ഞാൻ വേണോ അതോ അമ്മയെ മതിയോ?”””
ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ നിത്യ ചോദിച്ചു..
ഈ ശ്വാസം മുട്ടിക്കുന്ന ജീവിതം എനിക്ക് മടുത്തു, ഒന്നെങ്കിൽ നമ്മൾ രണ്ടുപേരും മാത്രം ആയി എവിടേലും പോയി സമാധാനത്തോടെ ജീവിക്കും, അല്ലെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും.”
നിത്യയുടെ ഈ വാക്കുകൾ വിനോദിന്റെ കാതുകളിൽ ഒരു ഇടിത്തീ പോലെയാണ് വന്നു വീണത്.
അത്രയും നാൾ അനുഭവിച്ച സങ്കടങ്ങളും ദേഷ്യവും എല്ലാം അടക്കിപ്പിടിച്ചാണ് അവൾ അത് ചോദിച്ചത്.
കട്ടിലിൽ തലയിൽ കൈവെച്ചിരുന്ന വിനോദിന് ഭാര്യയുടെ മുഖത്തേക്ക് നോക്കാൻ പോലും പറ്റിയില്ല.
കാരണം, അവൾ പറയുന്നത് അത്രയും സത്യമാണെന്ന് അവന് അറിയാമായിരുന്നു.
വിനോദിന്റെയും നിത്യയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയുള്ളൂ.
ഒരു ഇടത്തരം കുടുംബം ആണ് ഇരുവരുടെയും . വിനോദിന് ഒരു സ്വകാര്യ കമ്പനിയിൽ നല്ലൊരു ജോലിയുണ്ട്.
നിത്യ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഈ ആലോചന വന്നത്.
വിനോദിന്റെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയതാണ്. അമ്മ ചന്ദ്രികയാണ് അവനെ വളർത്തിയത്.
അതുകൊണ്ടുതന്നെ അമ്മയോട് വിനോദിന് വലിയ ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു.
നിത്യ ഈ വീട്ടിലേക്ക് വരുമ്പോൾ വിചാരിച്ചത് വിനോദ് ഒറ്റ മകനല്ലേ അയാളോടുള്ള അമ്മയുടെ സ്നേഹം തനിക്കും കിട്ടും എന്നാണ്.
എന്നാൽ ചന്ദ്രികയുടെ സ്വഭാവം വിചാരിച്ചതുപോലെ ആയിരുന്നില്ല.
ചന്ദ്രികയ്ക്ക് ആ വീട്ടിൽ എല്ലാ കാര്യങ്ങളും അവരുടെ നിയന്ത്രണത്തിൽ തന്നെ നടക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു.
പ്രത്യേകിച്ച് വിനോദിനെ സംബന്ധിക്കുന്നത്..
ചെറുപ്പം മുതൽ വിനോദിന്റെ കാര്യങ്ങൾ എല്ലാം അവർ തന്നെയാണ് തീരുമാനിച്ചിരുന്നത്.
അവൻ എന്ത് വസ്ത്രം ധരിക്കണം, എങ്ങോട്ട് പോകണം, ആരുമായി കൂട്ടുകൂടണം എന്നൊക്കെ ചന്ദ്രിക പറയും.
മകൻ വളർന്നു, അവനൊരു ഭാര്യയായി എന്ന ചിന്തയൊന്നും ചന്ദ്രികയ്ക്ക് വന്നില്ല.
വിവാഹം കഴിഞ്ഞിട്ടും മകനും മരുമകളും തങ്ങളുടെ വാക്കിന് മുകളിൽ ജീവിക്കരുത് എന്ന് അവർ ശാഠ്യം പിടിച്ചു.
തുടക്കത്തിൽ നിത്യ എല്ലാം ക്ഷമിച്ചു. അടുക്കളയിൽ എന്ത് കറി വയ്ക്കണം എന്ന് പോലും ചന്ദ്രികയാണ് തീരുമാനിച്ചിരുന്നത്.
നിത്യയ്ക്ക് ഇഷ്ടമുള്ള ഒരു കറി വയ്ക്കാൻ പോലും അവിടെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.
അടുക്കളയിൽ പോയിട്ട് വിനോദിന്റെ കാര്യങ്ങൾ പോലും അവൾക്ക് നോക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.
നിത്യ ചെയ്യുന്ന നിസ്സാര കാര്യങ്ങൾ പോലും വലുതാക്കി കാണിച്ചു ചന്ദ്രിക വലിയ വഴക്കുണ്ടാക്കി.
അതിനെതിരെ നിത്യയ്ക്ക് ഒന്നും പറയാൻ പോലും അവിടെ അവകാശം ഉണ്ടായിരുന്നില്ല..
“ഈ വീട്ടിൽ ഞാൻ പറയുന്നതാണ് നിയമം, ഇവിടെ ജീവിക്കണമെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം,”
എന്ന് ചന്ദ്രിക പലപ്പോഴും പറയുമായിരുന്നു.
ഒരു ഭാര്യയും ഭർത്താവും തമ്മിൽ സംസാരിക്കേണ്ട കാര്യങ്ങൾക്കോ അവരുടെ സ്വകാര്യതയ്ക്കോ ആ വീട്ടിൽ ഒരു വിലയും ഉണ്ടായിരുന്നില്ല.
വിനോദും നിത്യയും അവരുടെ മുറിയിൽ ഇരുന്ന് സംസാരിക്കുമ്പോൾ പോലും ചന്ദ്രിക വന്ന് വാതിലിൽ മുട്ടും.
അല്ലെങ്കിൽ ജനലിലൂടെ നോക്കും. അവർ രണ്ടുപേരും മാത്രമായി ഒന്നിച്ച് പുറത്തുപോകാൻ ചന്ദ്രിക സമ്മതിച്ചിരുന്നില്ല.
എങ്ങോട്ടെങ്കിലും പോകണം എന്ന് വിചാരിച്ചാൽ ചന്ദ്രികയും കൂടെ വരും. അവർക്ക് വരാൻ പറ്റിയില്ലെങ്കിൽ ആ യാത്ര തന്നെ മുടക്കും.
ഒരു ദിവസം വിനോദ് നിത്യയ്ക്ക് ഒരു സാരി വാങ്ങി നൽകി. അത് ചന്ദ്രികയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“എന്നോട് ചോദിക്കാതെ നീ എന്തിനാ അവൾക്ക് തുണി എടുത്തു കൊടുത്തത്? ഈ വീട്ടിൽ എന്ത് വാങ്ങണമെങ്കിലും എന്റെ അനുവാദം വേണം,” എന്ന് പറഞ്ഞ് ചന്ദ്രിക വിനോദിനോട് ചൂടായി.
എപ്പോഴും അങ്ങനെയാണ് വിനോദ് ചെറിയ കുട്ടിയാണ് അവന് ഒന്നും അറിയില്ല എന്നും പറഞ്ഞ്, അനാവശ്യമായി വിനോദിന്റെ കാര്യത്തിൽ എല്ലാം ചന്ദ്രിക ഇടപെടും..
ചന്ദ്രികയുടെ ഈ പിടിവാശി കാരണം നിത്യ മാനസികമായി ഒരുപാട് വിഷമിച്ചു. അവൾക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലായിരുന്നു.
ഫോണിൽ സംസാരിക്കുമ്പോൾ ചന്ദ്രിക അടുത്തുതന്നെ വന്നു നിൽക്കും.. വിനോദ് ഇതെല്ലാം പതിയെ മനസ്സിലാക്കി തുടങ്ങി..
വിനോദ് പലപ്പോഴും അമ്മയോട് സംസാരിക്കാൻ ശ്രമിച്ചു.
“അമ്മേ, അവൾ ഈ വീട്ടിലേക്ക് വന്ന പുതിയ ആളല്ലേ, കുറച്ച് സ്വാതന്ത്ര്യം അവൾക്കും വേണം. നമ്മൾ എപ്പോഴും ഇങ്ങനെ ഇടപെട്ടാൽ അവൾക്ക് വിഷമമാകും,” എന്ന് വിനോദ് പതുക്കെ പറഞ്ഞു നോക്കി.
എന്നാൽ ചന്ദ്രിക അത് കേൾക്കാൻ തയ്യാറായില്ല. “നീ കല്യാണം കഴിഞ്ഞപ്പോൾ അമ്മയെ മറന്നു, അവൾ പറയുന്നത് കേട്ട് എന്നെ എതിർക്കാൻ തുടങ്ങിയോ?” എന്ന് ചോദിച്ച് അവർ കരയാൻ തുടങ്ങും.
അമ്മയുടെ ഈ കരച്ചിലും സെന്റിമെന്റ്സ് കളിയും കാണുമ്പോൾ വിനോദ് പിന്നെ ഒന്നും മിണ്ടാതാകും.
ദിവസങ്ങൾ കടന്നുപോയപ്പോൾ ഈ ശ്വാസം മുട്ടൽ വിനോദിനും ബാധിക്കാൻ തുടങ്ങി. പിന്നെ
ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിൽ വരുമ്പോൾ സമാധാനത്തോടെ ഭാര്യയോട് സംസാരിക്കാൻ പോലും അവന് പറ്റിയില്ല.
വീട്ടിൽ വന്നാൽ അമ്മയുടെ പരാതികൾ കേൾക്കണം. നിത്യ അത് ചെയ്തില്ല, ഇത് ചെയ്തില്ല, അവൾക്ക് അഹങ്കാരമാണ് എന്നൊക്കെ ചന്ദ്രിക വിനോദിനോട് പറഞ്ഞ് കൊടുക്കും.
മറുഭാഗത്ത് നിത്യയുടെ സങ്കടങ്ങൾ. രണ്ടുപേരുടെയും ഇടയിൽ പെട്ട് വിനോദ് ശരിക്കും ബുദ്ധിമുട്ടി.
അവസാനം ആ വീട്ടിൽ പ്രൈവസി എന്നത് ഇല്ലാതായി. വിനോദിന്റെ ശമ്പളം പോലും ചന്ദ്രികയുടെ കൈയിലാണ് കൊടുക്കേണ്ടിയിരുന്നത്.
നിത്യയ്ക്ക് എന്തെങ്കിലും ഒരു ചെറിയ ആവശ്യം വന്നാൽ ചന്ദ്രികയോട് പണം ചോദിക്കണമായിരുന്നു. ചോദിച്ചാൽ അതിന് നൂറ് ചോദ്യങ്ങളാണ്.
“ഇതൊക്കെ എന്തിനാണ്, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?” എന്ന് ചന്ദ്രിക ചോദിക്കും. നിത്യയുടെ സ്വന്തം വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നത് പോലും ചന്ദ്രികയ്ക്ക് ഇഷ്ടമല്ലായിരുന്നു.
അവരുടെ മുന്നിൽ വെച്ചും നിത്യയെ ചന്ദ്രിക കുറ്റപ്പെടുത്തുമായിരുന്നു.
ഒരു ഞായറാഴ്ച വിനോദും നിത്യയും സിനിമയ്ക്ക് പോകാൻ പ്ലാൻ ചെയ്തു. വിനോദ് ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തിരുന്നു.
അവർ ഇറങ്ങാൻ നേരം ചന്ദ്രിക തടസ്സം നിന്നു. “എന്നെ ഇവിടെ തനിച്ചാക്കി നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? എനിക്ക് സുഖമില്ല, തലവേദന എടുക്കുന്നു,”
എന്ന് ചന്ദ്രിക പറഞ്ഞു.
അമ്മയ്ക്ക് സുഖമില്ല എന്ന് കേട്ടപ്പോൾ വിനോദിന് പോകാൻ തോന്നിയില്ല. യാത്ര മാറ്റിവെച്ചു.
എന്നാൽ വിനോദ് മുറിയിലേക്ക് പോയപ്പോൾ, തലവേദന ഉള്ള ചന്ദ്രിക ടിവി വെച്ച് സീരിയൽ കാണുന്നത് നിത്യ കണ്ടു.
അവർക്ക് ഒരു അസുഖവും ഇല്ലായിരുന്നു, തങ്ങൾ ഒന്നിച്ച് പുറത്തുപോകുന്നത് തടയാൻ വേണ്ടി മാത്രം അഭിനയിച്ചതാണെന്ന് നിത്യയ്ക്ക് മനസ്സിലായി.
ഇത്തരം ചെറിയ ചെറിയ സംഭവങ്ങൾ നിത്യയുടെ മനസ്സിൽ വലിയ മുറിവുകളുണ്ടാക്കി.
ഒരു ദിവസം ചന്ദ്രിക നിത്യയുടെ അലമാര തുറന്ന് അവളുടെ വസ്ത്രങ്ങളും ഡയറിയും ഒക്കെ പരിശോധിക്കുന്നത് നിത്യ നേരിട്ട് കണ്ടു.
നിത്യയ്ക്ക് അത് സഹിക്കാൻ പറ്റിയില്ല. “അമ്മ എന്തിനാണ് എന്റെ അനുവാദമില്ലാതെ എന്റെ സാധനങ്ങൾ തൊടുന്നത്? എനിക്ക് ഈ വീട്ടിൽ ഒരു പ്രൈവസിയും ഇല്ലേ?” എന്ന് നിത്യ ദേഷ്യത്തോടെ ചോദിച്ചു.
ഇത് കേട്ട ചന്ദ്രിക വലിയ ബഹളമുണ്ടാക്കി. വിനോദ് ജോലി കഴിഞ്ഞു വന്നപ്പോൾ ചന്ദ്രിക കരഞ്ഞു നിലവിളിക്കുകയായിരുന്നു.
“നിന്റെ ഭാര്യ എന്നെ നിന്റെ മുറിയിൽ നിന്ന് ആട്ടിപ്പായിച്ചു, കുറേ ദിവസമായി അവൾ എന്നെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നോക്കുന്നു,” എന്ന് അവർ വിനോദിനോട് പറഞ്ഞു.
വിനോദ് നിത്യയോട് കാര്യം ചോദിച്ചപ്പോഴാണ് അവൾ ആ ചോദ്യം ചോദിച്ചത്. “നിങ്ങൾക്ക് ഞാൻ വേണോ അതോ അമ്മയെ മതിയോ?” എന്ന്.
അപ്പോഴാണ് വിനോദിന് ഒരു കാര്യം മനസ്സിലായത്, ഇങ്ങനെ മുന്നോട്ട് പോയാൽ തന്റെ കുടുംബജീവിതം തകർന്നുപോകും.
നന്നായി സ്നേഹത്തോടെ ജീവിക്കേണ്ട ഒരു കുടുംബമാണ് അമ്മയുടെ ഈ പിടിവാശിയും അനാവശ്യ ഇടപെടലുകളും കാരണം ഇല്ലാതാകുന്നത്.
വിനോദ് ഒരു തീരുമാനമെടുത്തു. അമ്മയെ വെറുക്കാനോ ഉപേക്ഷിക്കാനോ അവന് കഴിയില്ല, പക്ഷേ ഭാര്യയുടെ ജീവിതം നശിപ്പിക്കാനും അവന് താല്പര്യമില്ലായിരുന്നു.
അവൻ അമ്മയോട് പറഞ്ഞു, “അമ്മേ, ഞങ്ങൾ ഇവിടെ നിന്ന് മാറുകയാണ്. ഞങ്ങൾ ടൗണിൽ ഒരു ചെറിയ വീട് വാടകയ്ക്ക് എടുക്കുന്നു.
അമ്മ ഒറ്റയ്ക്കാവില്ല, അമ്മയ്ക്ക് ആവശ്യമുള്ള കാര്യങ്ങൾ ഞാൻ ചെയ്തു തരാം.
പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു ജീവിതം വേണം. അമ്മയുടെ ഈ നിയന്ത്രണങ്ങൾ കാരണം എനിക്ക് എന്റെ ഭാര്യയെയും സമാധാനത്തെയും നഷ്ടപ്പെടുകയാണ്.”
മകന്റെ ഈ തീരുമാനം ചന്ദ്രികയ്ക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
അവർ ഒരുപാട് ശാഠ്യം പിടിച്ചു, ഭീഷണിപ്പെടുത്തി. പക്ഷേ വിനോദ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
കാരണം, ഒട്ടും പ്രൈവസി ഇല്ലാത്ത ആ ജീവിതം അവനും അത്രമേൽ മടുത്തിരുന്നു.
അതോടെ ചന്ദ്രിക ആത്മഹത്യാ മുഴക്കി എന്നാൽ അമ്മയുടെ അടവ് ആണെന്ന് വിനോദിന് അറിയാമായിരുന്നു.. അവൻ അത് കണ്ടില്ല എന്ന് നടിച്ചു..
വിനോദും നിത്യയും ആ വീട്ടിൽ നിന്ന് ഇറങ്ങി. അവർ പുതിയൊരു വാടകവീട്ടിലേക്ക് താമസം മാറി.
അവിടെ അവർക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
നിത്യ സന്തോഷവതിയായി. വിനോദിനും സമാധാനം തിരിച്ചുകിട്ടി. ചന്ദ്രിക ഇപ്പോഴും ആ വലിയ വീട്ടിൽ ഒറ്റയ്ക്കാണ്.
മകനും മരുമകളും തങ്ങളെ അനുസരിച്ച് ജീവിക്കണം എന്ന അവരുടെ അനാവശ്യമായ പിടിവാശിയും ഈഗോയും മാത്രമാണ് ആ കുടുംബത്തെ തകർത്തത്.
സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും കൊണ്ടുപോകാമായിരുന്ന ഒരു സുന്ദരമായ കുടുംബം, ഒരു അമ്മായി അമ്മയുടെ അധികാരഭ്രമം കാരണം വെറുതെ താറുമാറായിപ്പോയി.
സ്വന്തം മക്കളുടെ ജീവിതത്തിൽ എവിടെയാണ് അതിർവരമ്പുകൾ ഇടേണ്ടത് എന്ന് മനസ്സിലാക്കാത്ത മാതാപിതാക്കൾക്ക് ഒരു പാഠമാണ് ചന്ദ്രികയുടെ ജീവിതം.
✍️സ്റ്റോറി by കൃഷ്ണ
