നിങ്ങൾ അശ്രദ്ധമായ് നിങ്ങളുടെ ശാരീരികവികാരങ്ങൾ തീർത്തപ്പോൾ പറ്റിയ പോയൊരബദ്ധം…. അതാണ് ഞാൻ… അല്ലേ മിസ്റ്റർ ദേവൻ….

“നിങ്ങളും നിങ്ങളുടെ ഭാര്യയും നിങ്ങളുടെ ജീവിതം ആഘോഷിച്ചനുഭവിച്ചതിന്റെ ഫലമാണ് എന്റെ ജന്മം… നിങ്ങളാഗ്രഹിച്ച് നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ ജന്മമെടുത്തവളല്ലഞാൻ…
ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ നിങ്ങൾ അശ്രദ്ധമായ് നിങ്ങളുടെ ശാരീരികവികാരങ്ങൾ തീർത്തപ്പോൾ പറ്റിയ പോയൊരബദ്ധം…. അതാണ് ഞാൻ… അല്ലേ മിസ്റ്റർ ദേവൻ…. അങ്ങനെയല്ലേ….?

ശാന്തമായ ശബ്ദത്തിൽ എന്നാൽ മൂർച്ചയുള്ള വാക്കുകളാൽ മുന്നിൽ നിന്ന് ചോദിക്കുന്നവളെ മുഖമുയർത്തി നോക്കിയില്ല ദേവൻ…. തലയിൽ കൈതാങ്ങി മുഖം കുനിച്ചുള്ള അയാളുടെ യാ ഇരിപ്പിൽ ഒട്ടും സഹതാപം അയാളോടു തോന്നിയതുമില്ല അയാളുടെ ഭാര്യ മീനാക്ഷിയ്ക്ക്…

“എനിയ്ക്ക് ബുദ്ധിയുറച്ച കാലം മുതൽ ഞാൻ വളർന്നതും പഠിച്ചതുമെല്ലാം എന്റെ ഇഷ്ടത്തിനാണ്…. ഇനിയും അതങ്ങനെ തന്നെയാവും… അതിനിടയിലേക്ക്
എന്റേതല്ലാന്ന് ഞാൻ കരുതുന്ന ആരും ഒരഭിപ്രായവും നിയന്ത്രണവുമായ് വരുന്നത് എനിയ്ക്കിഷ്ടമല്ല… അതനുവദിച്ച് തരികയുമില്ല ഞാൻ…”

പറഞ്ഞു കഴിഞ്ഞതും ദേവനെ നോക്കി ദിയ…

“എന്നോട് ഇനിയെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ മിസ്റ്റർ ദേവന്….?
ഉണ്ടെങ്കിൽ വേഗം വേണം… എനിയ്ക്ക് തിരിക്കുണ്ട് മടങ്ങി ചെന്നിട്ട്….

ശബ്ദത്തിലെ ശാന്തത കൈ വിടാതെ വീണ്ടും ദേവനോട് തിരക്കിയവൾ….

ദേവൻ പക്ഷെ അവളുടെയാ ചോദ്യമേ കേട്ടില്ലെന്ന് നടിച്ച് അതേ ഇരുത്തം തുടർന്നു… മുഖമോ ശരീരമോ അല്പം പോലും അവൾക്കു നേരെ തിരിക്കാതെ….. എന്തിന് അവളെന്നൊരാൾ അവിടെ നിൽക്കുന്നുവെന്ന ഭാവം പോലും ഇല്ല അയാളിൽ…

ഒരു ഉത്തരത്തിനെന്ന പോലെ കുറച്ചധികനേരം ദേവനെ തന്നെ നോക്കി നിന്നൊടുവിൽ അയാളിൽ നിന്നൊരു മറുപടി തനിയ്ക്ക് കിട്ടില്ലെന്ന തിരിച്ചറിവിൽ
ദിയ അവിടുന്ന് തിരികെ നടന്നതും ആശ്വാസത്തിന്റെ ശക്തമായൊരു നെടുവീർപ്പുതിർന്നുവീണു ദേവനിൽ നിന്ന്…. അയാളറിയാതെ…

പിൻതിരിഞ്ഞു നടന്ന ദിയയുടെ കാതിൽ ആ നെടുവീർപ്പു പതിഞ്ഞ നിമിഷം അവളുടെ കൈ തട്ടി നിലത്തു വീണു വലിയ ശബ്ദത്തോടെ ചിന്നി ചിതറി സൈഡ് സ്റ്റാൻഡിലിരുന്നൊരു വലിയ ഗ്ലാസ്പോട്ട്…..

ഞെട്ടിയ മീനാക്ഷിയുടെ നോട്ടം ദേവനിലെത്തുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ അതേ ഇരിപ്പു തുടർന്ന യാൾ…..

ഇരമ്പിയാർത്ത് ദിയയുടെ ബുള്ളറ്റ് ആ വീടിന്റെ ഗേറ്റുക്കടന്ന് റോഡിലേക്ക് കുതിച്ചതും അവളുടെ അങ്ങനൊരു ഇറങ്ങി പോക്ക് പ്രതീക്ഷിച്ചു നിന്ന ഋഷി വേഗം അവൾക്ക് മുമ്പിലായ് കയറി നിന്നവളെ തടയാൻ ശ്രമിച്ചെങ്കിലും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബുള്ളറ്റ് വെട്ടിയൊഴിച്ച് നിരത്തിലൂടെ കുതിച്ചു ദിയ

അവൾ പോയ വഴിയിലേക്കൊന്ന് നോട്ടമയച്ച് ഋഷി അവളുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ നിലത്തു വീണ ഗ്ലാസ് കഷ്ണങ്ങൾ പെറുക്കി മാറ്റുകയാണ് മീനാക്ഷി….. അവരുടെ കണ്ണിൽ നിന്നിടതടവില്ലാതെ നിലത്തു വീണു ചിതറി തെറിയ്ക്കുന്ന മിഴിനീരിൽ ഋഷിയുടെ കണ്ണുടക്കി….

അവരച്ഛനും മകളും തമ്മിൽ വഴക്ക് ഉണ്ടാവുമെന്ന് തോന്നിയാൽ ആ സ്പോട്ടിൽ തന്നെ എടുത്തുമാറ്റണ്ടേ അമ്മേ ഇതുപോലുള്ളതൊക്കെ…. എന്നാലിങ്ങനെയിരുന്നിത് പെറുക്കികളയേണ്ടി വരുമായിരുന്നോ അമ്മയ്ക്ക്…. ?
അച്ഛനും മകളും നേർക്കുനേർ വന്നാൽ
ഇതൊക്കെ ഉണ്ടാവുമെന്നിതുവരെ പഠിച്ചില്ലേ അമ്മ….?

അവർക്കൊപ്പം നിലത്തേക്കിരുന്ന് ശ്രദ്ധയോടെ ഗ്ലാസ് കഷ്ണങ്ങൾ പെറുക്കിയെടുത്തവൻ ചോദിച്ചതും ഒരു കരച്ചിൽ ചീളുയർന്നവരിൽനിന്ന്…..

“ഇനിയതിന് കരയണ്ട അമ്മ…. കഴിഞ്ഞു പോയതൊന്നും തിരുത്താൻ പറ്റില്ലാർക്കും… പക്ഷെ ഇനിയും അതാവർത്തിക്കാതിരിക്കാൻ പറ്റും നിങ്ങൾക്ക്… ശ്രമിച്ചു നോക്കണമതിന്… അമ്മയും പിന്നെ അങ്കിളും…..”

തങ്ങളുടെ സംസാരമെല്ലാം കേട്ട് സെറ്റിയിലിരിക്കുന്ന ദേവനെ ഒന്നു മുഖമുയർത്തി നോക്കി
മീനാക്ഷിയെ ആശ്വസിപ്പിച്ചവൻ മുകളിലേക്ക് നടന്നതും അവന്റെ അങ്കിൾ വിളിയിൽ ഒന്നുടക്കി നിന്നു ദേവനും….

“ജന്മം നൽകിയവനെ മിസ്റ്റർ ദേവനെന്ന് വിളിയ്ക്കുന്ന മകളും, അങ്കിളെന്ന് വിളിക്കുന്ന മരുമകനും…. വളരെ നന്നായിട്ടുണ്ട് …. വളരെ വളരെ നന്നായിട്ടുണ്ട്….

അച്ഛനെന്നൊരു വിളി അവരിൽ നിന്ന് കേൾക്കാൻ വല്ലാതെയൊന്നു കൊതിച്ചു പോയതുപോലയാൾ സ്വയം പറഞ്ഞതും കണ്ണിലെരിയുന്ന തീയ്യോടെ അയാളെ തുറിച്ചു നോക്കി മീനാക്ഷി..

അങ്ങനൊരു വിളി ആ മക്കളിൽ നിന്ന് കേൾക്കാനുള്ള യോഗം നിങ്ങൾക്കി ജന്മം ഉണ്ടാവില്ല ദേവൻ… ഒരിക്കൽ നിങ്ങൾ നിങ്ങളുടെ മകൾക്കായ് നൽകിയതിന്റെ മുതലും പലിശയുമാണിത്…മറന്നു പോവണ്ട അതൊന്നു ഇതുപോലെയൊക്കെ ആഗ്രഹിക്കുന്ന നേരം….”

വല്ലാത്ത മൂർച്ചയുണ്ട് മീനാക്ഷിയുടെ ശബ്ദത്തിന്…

“അവളുടെ ജനനം എന്റെ ഇഷ്ടത്തിനോ താൽപര്യത്തിനോ സംഭവിച്ച ഒന്നല്ലയെന്ന് അവളെ ഞാനറിയിച്ചത് അത്ര വലിയൊരു തെറ്റായ് എനിയ്ക്ക് അന്നും ഇന്നും തോന്നിയിട്ടില്ല…. പിന്നെ ഞാൻ പറഞ്ഞതൊരു കള്ളമൊന്നുമല്ലല്ലോ…. അന്നാ സമയം വയറിലൊരു കുഞ്ഞിനെ ചുമക്കാൻ നീയ്യും ആഗ്രഹിച്ചിരുന്നില്ലല്ലോ…. ഒരമ്പോർഷൻ നിന്റെ ശരീരം താങ്ങില്ലെന്ന് ഡോക്ടർമാർ പറഞ്ഞതുകൊണ്ടു മാത്രമല്ലേ നീയ്യവളെ വയറ്റിൽ ചുമന്നതും പ്രസവിച്ചതും…. പിന്നെങ്ങനെ ഇതവളോടു തുറന്നു പറഞ്ഞ ഞാൻ മാത്രം കുറ്റക്കാരനായ് തീർന്നു അവൾക്ക് മുന്നിൽ….?

തന്റെ ഭാഗം ന്യായീകരിച്ച് തനിയ്ക്കൊപ്പം മീനാക്ഷിയ്ക്കും പങ്കുണ്ട് ഓരോന്നിനുമെന്ന് ദേവൻ സമർത്ഥിച്ചതും അയാളെ എതിർക്കാതെ നിശബ്ദയായ് മീനാക്ഷി… അയാൾ പറഞ്ഞതെല്ലാം ശരിവെച്ചു കൊണ്ടു തന്നെ….

“സമൂഹത്തിൽ ഉന്നത സ്ഥാനവും വിലയും ഉള്ളൊരുവനാണ് ഞാൻ…ആ എന്റെ മകൾ പാഷനെന്ന പേരുപറഞ്ഞ് കണ്ട ഇടങ്ങളിലെല്ലാം മൈക്കും തൂക്കി പാടി നടക്കുന്നത് എനിയ്ക്കിഷ്ടമില്ല… അതവളോട് തുറന്നു പറഞ്ഞു ഞാൻ… എന്റെ മകൾ എന്റെ ഇഷ്ടത്തിന് നിൽകണം…. അതെനിയ്ക്ക് നിർബന്ധമാണ്….”

“നിങ്ങളുടെ മകൾ നിങ്ങളുടെ ഇഷ്ടത്തിന് നിൽക്കണമായിരുന്നെങ്കിൽ അവളെ നിങ്ങൾ സ്നേഹവും സംരക്ഷണവും നൽകി നിങ്ങൾക്കൊപ്പം വളർത്തണമായിരുന്നു അങ്കിൾ… അല്ലാതെ നിങ്ങളാഗ്രഹിച്ചുണ്ടായ മകളല്ല അവളെന്ന് നാഴികയ്ക്ക് നാല്പത് വട്ടം അവളുടെ മുഖത്തു നോക്കി പറഞ്ഞ് അവൾക്ക് നിങ്ങളായിട്ട് നൽക്കേണ്ട സ്നേഹവും സംരക്ഷണവും ഒന്നും നൽകാതെ ബോർഡിംഗ് സ്കൂളുകളിലെ നിശബ്ദതയിലേക്ക് അവളെ വലിച്ചെറിയുക അല്ലായിരുന്നു വേണ്ടത്…. അങ്ങനെ നിങ്ങൾ ചെയ്തതിന് പകരമാണിന്നവളുടെ ഈ പെരുമാറ്റം… സഹിക്കാൻ ബാധ്യസ്ഥരാണ് നിങ്ങൾ…. ‘

ദേവന്റെ ശബ്ദത്തിന് മുകളിലായ് ഉയർന്ന ഋഷിയുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നത് മുഴുവൻ ദേവനോടുള്ള ദേഷ്യമാണ്….

പതിവില്ലാതെ ഉയർന്നു കേട്ട ഋഷിയുടെ ശബ്ദത്തിൽ ഞെട്ടിയവനെ നോക്കി ദേവനും…

ഇന്നേവരെ തന്നെ എതിർത്തൊരു വാക്കു പോലും പറയാത്തവൻ….. അവന്റെയീ ശബ്ദമുയർത്തൽ അതവന്റെ ഭാര്യയ്ക്ക് വേണ്ടിയാണെന്ന തിരിച്ചറിവിൽ ദേവന്റെ നോട്ടം മീനാക്ഷിയിലേക്ക് പാളി…

ഋഷിയുടെ സംസാരത്തിൽ തേങ്ങിക്കരയുന്നവളുടെ മുഖം നിറയെ കുറ്റബോധമാണ്… എന്നും മകളെ തള്ളി കളഞ്ഞ് ഭർത്താവിന്റെ വാക്കുകൾ മാത്രം അനുസരിച്ച് പോന്നതിന്റെ കുറ്റബോധം…

ദിയയ്ക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവൾ ചെയ്തൊരു തെറ്റിന് കൈ വീശി അവളെ അടിയ്ക്കുന്ന നേരത്താണ് തങ്ങളാഗ്രഹിക്കാതെ, തങ്ങളുടെ ഇഷ്ടമില്ലാതെ അബദ്ധത്തിൽ ജനിച്ചവളാണ് നീയെന്ന് ദേവനവളോട് പറയുന്നത്…..

അതൊരു തുടക്കം മാത്രമായിരുന്നു, പിന്നീടങ്ങോട്ട് തങ്ങൾക്കിഷ്ടമില്ലാത്ത എന്തു പ്രവർത്തി ദിയ ചെയ്താലും അതുപോലെ ഓരോന്ന് പറയും ദേവൻ…. അതിനനുസരിച്ച് ദിയയിൽ നിഷേധസ്വഭാവവും കൂടി… അങ്ങനെയൊടുവിലവളെ എട്ടാം വയസ്സിൽ ബോർഡിംഗ് സ്കൂളിലേക്ക് മാറ്റി…. ഋഷിയുമായുള്ള അവളുടെ വിവാഹം നടക്കും വരെ വളരെ കുറച്ചു ദിവസമേ അവളിവിടെ നിന്നിട്ടുള്ളു… അങ്ങനെ നിന്ന ദിവസങ്ങളിലെല്ലാം ദിയയും ദേവനും വഴക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്….

“ഞാനും ദിയയും മടങ്ങുകയാണ്…. ഞങ്ങൾക്ക് ജീവിക്കാൻ നല്ലത് ഞങ്ങളുടെ ഫ്ലാറ്റാണ്… അവിടെയാകുമ്പോൾ എന്റെ ദിയയ്ക്ക് സന്തോഷം മാത്രമേ ഉണ്ടാവാറുള്ളു… അവളുടെ സന്തോഷമാണെന്റെ സൗഭാഗ്യം… ആരാഗ്രഹിച്ചില്ലെങ്കിലും ഞാനാഗ്രഹിച്ചിട്ടുണ്ട് അവളെ…. എന്നും എപ്പോഴും എനിയ്ക്ക് തന്നേക്കണേ അവളെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നവനാണ് ഞാൻ…. എന്റെ പ്രാണനാണ് അവള്…. ആർക്കു വേണ്ടെങ്കിലും എനിയ്ക്ക് വേണമവളെ…. ”

പറയാനുള്ളത് പറഞ്ഞു തീർത്ത് ബാഗും കയ്യിലെടുത്ത് ഋഷി നടന്നകന്നപ്പോൾ വാക്കുകൾ അന്യമായ് നിശ്ചലം നിന്നുപോയ് ദേവനും മീനാക്ഷിയും…

ഋഷി ഫ്ലാറ്റിലേക്ക് ചെന്നു കയറിയതേ കണ്ടു ബെഡ്ഡിലായ് കമിഴ്ന്ന് കിടക്കുന്നവളെ… കണ്ണീരിൽ കുതിർന്നിട്ടുണ്ടവളുടെ മുഖം…

‘ ഇത്രയ്ക്കേ ഉള്ളോ ദേവന്റെ മകൾ ദിയ… കഷ്ടം…..

അവളിലേക്ക് ചാരി കിടന്നവൻ ചോദിച്ചതും കയ്യിൽ കിട്ടിയ തലയിണ വലിച്ചെടുത്തവനെ എറിഞ്ഞു ദിയ….

“ഞാൻ ദേവന്റെ വെറും മകളല്ല ഋഷീ… ദേവനാഗ്രഹിക്കാതെ അവരുടെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി വന്നവളാണ്… അതു മറക്കണ്ട ഋഷി… ”

അവനോട് ചൊടിച്ചവൾ പറയുമ്പോൾ ഋഷി തിരിച്ചറിയുന്നുണ്ട് കുഞ്ഞുനാളിൽ ദേവൻ പറഞ്ഞ ആ ഒരു വാക്ക് ഇന്നും അവളെ എത്ര വേദനിപ്പിയ്ക്കുന്നുവെന്നത്.. അതല്ലെങ്കിലും അങ്ങനെയാണല്ലോ ദേഷ്യത്തിലും വാശിയിലും നമ്മൾ വിളിച്ചു പറയുന്ന വാക്കുകൾ കേൾക്കുന്നവന്റെ മനസ്സിലൊരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് നമ്മളറിയാറില്ലല്ലോ…. അതുമല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ലല്ലോ….

‘നീ ആരുടെ എങ്ങനെ ജനിച്ച മകളാണെങ്കിലും എനിയ്ക്ക് നീയാണെടീ ജീവൻ….
നീയില്ലായ്മ എന്നത് എനിയ്ക്ക് ഞാനില്ലാതെ ആവുകയാണ്…. എന്റെ പ്രാണൻ നീയ്യല്ലേ ടീ….,

ദിയയെ തന്നോടു ചേർത്ത് പുണർന്ന് ഋഷി പറഞ്ഞതും അവന്റെ ചൂടിലേക്കൊതുങ്ങി കിടന്നു ദിയ… അപ്പോഴും അവൾക്കുള്ളിലുണ്ട് കുഞ്ഞുനാളിൽ അച്ഛൻ തന്നോടു പറഞ്ഞതും കാണിച്ചതുമായ എല്ലാതും….. അതൊന്നും മരണം വരെ അവളെ വിട്ടു പോവില്ല…മറന്നു എന്നഭിനയിക്കാം എന്നല്ലാതെ…. ചില മുറിവുകൾ അങ്ങനെയാണ്… നമ്മുടെ മരണം കൊണ്ടു മാത്രം മായുന്നവ…. വാക്കുകൾ അളന്നുപയോഗിക്കുക…. അറിഞ്ഞുപയോഗിക്കുക….. അതാർക്കും മുറിവുകൾ തീർക്കാതെയിരിക്കട്ടെ….

✍️രജിത ജയൻ….

Leave a Reply

Your email address will not be published. Required fields are marked *