എന്റെ മോളെ ഈ ആനക്കാരെയും ലോറിക്കാരെയും വിശ്വസിക്കാൻ പറ്റില്ലാന്നൊരു ചൊല്ലുതന്നെയുണ്ട് നമ്മുടെ നാട്ടിൽ..
നമ്മുക്കിത് വേണോ മോളെ… മോളൊന്നുകൂടി ആലോചിച്ച് നോക്ക്.. എന്നിട്ടുമതി കല്യാണത്തിന് സമ്മതം പറയൽ….
ഗോപികയെ തന്നോടു ചേർത്ത് നിർത്തിയതു പറയുമ്പോൾ സരസ്വതി അമ്മയ്ക്ക് അവൾ തന്റെ മകൾ തന്നെയായിരുന്നു..
അതെന്താ സരസുഅമ്മേ അങ്ങനെ പറയുന്നത്..?
ആനക്കാരെയും ലോറിക്കാരെയും വിശ്വസിക്കാൻ കൊള്ളൂലാന്ന്.. അവരെന്താ മനുഷ്യരല്ലേ…?
ചോദ്യം ചോദിച്ചിട്ട് ഉത്തരമറിയാനൊരു കൊച്ചു കുഞ്ഞിന്റെ ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്നവളുടെ നിഷ്കളങ്ക മുഖത്തേക്ക് നോക്കിയെന്ന് നെടുവീർപ്പിട്ടു സരസ്വതി..
ലോകത്തിന്റെ കാപട്യങ്ങളൊന്നുമറിയാതെ മഠത്തിന്റെ സുരക്ഷയ്ക്കുള്ളിൽ ഓർമ്മ വെച്ച നാൾ മുതൽ ജീവിയ്ക്കുന്നൊരു അനാഥപെൺക്കുട്ടി.. അവളോടെന്തു പറയണമെന്നോർത്തു പോയവർ…
ഉറ്റവരെയെല്ലാം ഒരപകടത്തിൽ നഷ്ടപ്പെട്ട് ബന്ധുക്കളെല്ലാം കയ്യൊഴിഞ്ഞപ്പോൾ അഞ്ചോ ആറോ വയസ്സിൽ ഇവിടെ എത്തിയതാണ് ഗോപിക.. അന്നു മുതൽ മoത്തിലെ ജോലിക്കാരിയായ സരസ്വതി അമ്മയ്ക്കവൾ മകളാണ്..
സരസു അമ്മ എന്താ ഒന്നും പറയാത്തത്… എന്തുകൊണ്ടാ ആനക്കാരെയും ലോറിക്കാരെയും അങ്ങനെ പറയുന്നത്…?
സരസ്വതിയെ വിടാനുള്ള ഉദ്ദേശമില്ല പെണ്ണിന്
എന്റെ മോളെ അവരെല്ലാം നാടായ നാടൊക്കെ ചുറ്റി സഞ്ചരിക്കുന്നവരല്ലേ.. ഓരോ ഇടത്തും ദിവസങ്ങളോളം താമസിക്കുന്നവർ.. അങ്ങനെയുള്ളപ്പോൾ അവിടെയൊക്കെയവർ ഓരോ പെണ്ണിനെയും കണ്ടെത്തുമെന്നാണ് ആളുകൾ പറയാറ്…
ഇതിപ്പോ മോളെ കല്യാണം ആലോചിച്ച് വന്ന കിരൺ ലോറിക്കാരനല്ലേ.. പോരാത്തതിന് തന്തയും തള്ളയുമൊക്കെ മരിച്ച് പോയൊരു വീട്ടിൽ ഒറ്റാം തടിയായ് ജീവിക്കുന്നവൻ.. നിയന്ത്രിക്കാനോ നേർവഴി നടത്താനോ ആരുമില്ലാത്ത ഒരുത്തൻ എങ്ങനെയുള്ളവനായിരിക്കുംന്ന് നമ്മുക്ക് ഊഹിക്കാലോ… അതാണ് കുഞ്ഞിനോട് സരസു അമ്മ പറഞ്ഞത് ഒന്നൂടി ആലോചിച്ച് സമ്മതം പറഞ്ഞാൽ മതീന്ന്.. മോൾടെ ഇഷ്ടത്തിനെതിരായൊന്നും ചെയ്യില്ല മoത്തിലുള്ളവർ..
സരസു അമ്മ പോയ് കഴിഞ്ഞിട്ടും അവർ പറഞ്ഞ വാക്കുകളിൽ ഉടക്കി നിന്നു ഗോപികയുടെ മനസ്.. അവളുടെ മനസ്സിൽ തന്നെ പെണ്ണ് കാണാനായ് വന്ന കിരൺ എന്ന ചെറുപ്പക്കാരന്റെ മുഖം തെളിഞ്ഞു
ഇരുനിറത്തിൽ നല്ല ഉയരമുള്ളൊരുവൻ..ഗൗരവമാണ് മുഖത്തെങ്കിലും പുഞ്ചിരിക്കുന്ന കണ്ണുകളാണവനെന്നോർത്തവൾ
ഒറ്റയ്ക്കായ ജീവിതത്തിലേക്കൊരു കൂട്ടു വേണമെന്ന് തോന്നിയപ്പോൾ മനസ്സിലാദ്യം വന്നത് ഗോപികയുടെ മുഖമാണ്.. ഇയാളെ ഞാൻ കണ്ടിട്ടുണ്ട് പലപ്പോഴും.. തനിയ്ക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഇനിയുള്ള യാത്ര നമ്മുക്കൊരുമിച്ചാവാം… ആലോചിച്ചിട്ടു പറഞ്ഞാൽ മതി.. ജീവിതമാണ്…
തന്നോടവൻ പറഞ്ഞ വാക്കുകൾ.. അതിലെ സ്നേഹം ആത്മാർത്ഥത അതെല്ലാം തിരിച്ചറിയാൻ പറ്റുന്നുണ്ടവൾക്ക്.. തന്നെ പോലൊരുവളെ ചതിച്ചിട്ടവനെന്തു കിട്ടാനാണ് എന്ന ചിന്ത മനസ്സിലുയർന്നതും മറ്റൊന്നുമോർക്കാതെ വിവാഹത്തിന് സമ്മതം പറഞ്ഞവൾ.. താനൊരാളുടെ ഭാരം കുറഞ്ഞാൽ മoത്തിലുള്ളവർക്ക് മറ്റുള്ള കുട്ടികളുടെ കാര്യത്തിലല്പം കൂടി ശ്രദ്ധിക്കാൻ പറ്റും.. ഇവിടെ മൂത്തയാൾ താനാണ്…
ആർഭാടങ്ങളും ബഹളങ്ങളുമില്ലാതെ ഇത്തിരി പൊന്നിലും ഒരു നുള്ള് സിന്ദൂരത്തിലും കിരണിന്റെ ഭാര്യയായ് അവന്റെ വീട്ടിലെത്തിയ ഗോപികയ്ക്ക് ആകെയൊരു അമ്പരമ്പും അത്ഭുതവുമായിരുന്നാ വീട്…
ഒറ്റയ്ക്കൊരു പുരുഷൻ അതുമൊരു ചെറുപ്പക്കാരൻ താമസിക്കുന്ന വീടാണതെന്ന് പറയില്ല ഒറ്റനോട്ടത്തിലാരും…
അത്രയ്ക്കും വൃത്തിയിലും വെട്ടിപ്പിലുമാണാ വീടിന്റെ ഓരോ മുക്കും മൂലയുമിരിക്കുന്നത്…
വാരിവലിച്ചു നിലത്തിട്ടിട്ടില്ല ഒരു സാധനവും.. ഓരോന്നും യഥാവിധി ഇരിക്കേണ്ടിടത്ത് ഭദ്രമായ് ഇരിക്കുന്നുണ്ട്…
വന്നവരുടെ ബഹളങ്ങളൊഴിഞ്ഞാ വീട്ടിൽ അവളും അവനും തനിച്ചയതും ഉടലിനെ പൊതിഞ്ഞൊരു ഭയം അവളിലാകെ അരിച്ചു കയറി… നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും പിടിയിലൊതുങ്ങാതെയത് ഒരു വിറയലായ് അവളിൽ പടർന്ന നേരത്താണ് അവളെ തിരഞ്ഞ് കിരൺ അവൾക്കടുത്തേക്ക് വന്നത്
അവനെ മുന്നിൽ കണ്ടതും ഭയന്നെന്ന പോലെ പുറകിലേക്ക് നീങ്ങുന്നവളെയൊരു കൗതുകത്തിൽ നോക്കി നിന്നു കിരണും..
ഗോപികാ… ഇവിടെയിങ്ങനെ നിൽക്കാതെ താൻ പോയൊന്ന് ഫ്രഷായിട്ട് വാ.. തനിയ്ക്ക് ഇടാനുള്ളതെല്ലാം ആ ഷെൽഫിലുണ്ട്
അവളെയും അവളിലെ ഭയത്തെയും തിരിച്ചറിഞ്ഞതുപോലെയാണ് അവന്റെ സംസാരം…
ഒന്നും മിണ്ടാതെയൊന്ന് ശിരസ്സിളക്കി ബാത്ത് റൂമിലേക്കവൾ നടന്നതും കിരണൊരു ചിരിയോടെ പിൻ വാങ്ങി..
കുളി കഴിഞ്ഞു വന്ന് ഭക്ഷണം കഴിക്കുമ്പോഴൊരിക്കൽ പോലും കിരണിനെ മുഖമുയർത്തി നോക്കിയില്ല ഗോപിക..
ഒരു വല്ലാത്ത ഭയം പൊതിഞ്ഞിരുന്നവളെ..
വിവാഹമെന്താണെന്ന് വിവാഹ ജീവിതത്തിലേ സ്ത്രീയുടെ കടമയെന്തെ ന്നെല്ലാം മoത്തിലുള്ളവർ പറഞ്ഞവൾക്ക് വ്യക്തമായ് അറിയാം.. അതു തന്നെയാണവളുടെ ഭയവും..
കിടക്കാനൊരുങ്ങി മുറിയിലേക്ക് പോവും നേരം കിരൺ ഒന്നു നോക്കി ഗോപികയെ..
പരിഭ്രമവും വിറയലും കൂടി വിറച്ചാണ് അവളുടെ നിൽപ്പെന്ന് കണ്ടതും ഒന്ന് ചുമച്ചവൻ..
ഇവിടെയല്ല ദേ അതാണ് നമ്മുടെ കിടപ്പുമുറി.. അങ്ങോട്ടു വായോ..
ഒന്ന് ശിരസ്സിളകി അവനു പിന്നാലെ ചെന്നതും കിടക്കാതെ മാറി നിന്നവൾ
”ഇവിടെ നമ്മൾ രണ്ടാളും മാത്രമേയുള്ളു ഗോപികാ.. ഒരാൾ മറ്റെയാളെ സ്വന്തമെന്ന പോൽ സ്നേഹിച്ചും സഹകരിച്ചും മാത്രമേ നമ്മുക്ക് മുന്നോട്ടു പോകാൻ പറ്റുകയുള്ളു..
ഞാൻ തന്റെ ഭർത്താവാണ്.. താനെന്റെ ഭാര്യയും.. നമ്മളൊന്നിച്ച് ഒരു മുറിയും ഒരു ബെഡ്ഡും ഷെയർ ചെയ്തേ പറ്റുകയുള്ളു..
“പിന്നെ ചില സിനിമയിലും സീരിയലിലുമെല്ലാം കാണുന്നതുപോലെ ഞാൻ കട്ടിലിലും എന്റെ ഭാര്യ തറയിലും കിടക്കുന്ന പരിപാടിയൊന്നും നമ്മക്കിടയിൽ വേണ്ട.. എനിയ്ക്ക് ഇഷ്ടമില്ല അത്..
“ഞാൻ ഇഷ്ടത്തോടെ വിവാഹം കഴിച്ചവളെ കെട്ടിപ്പിടിച്ചു മാത്രമേ വിവാഹം കഴിഞ്ഞയന്ന് മുതൽ ഉറങ്ങൂവെന്ന് പണ്ടേ തീരുമാനമെടുത്തതാണ് ഞാൻ….
അതു കൊണ്ട് വന്ന് കിടന്നേ ….എനിയ്ക്ക് ഉറങ്ങണം അതും തന്നെ കെട്ടിപ്പിടിച്ചു തന്നെ.. വാ…
അവനരികിൽ കിടക്കാൻ പേടിച്ച് മാറി നിൽക്കുന്നവളെ നോക്കിയവൻ അല്പം കടുപ്പത്തിൽ പറഞ്ഞതും ഗോപിക ഉച്ചത്തിൽ മിടിക്കുന്ന നെഞ്ചോടെ അവനരിക്കിൽ വന്നു കിടന്നതും അവളെ നെഞ്ചോടു ചേർത്തൊരു ഗാഢമായ ഉറക്കത്തിലേക്ക് ആഴ്ന്നുപോയ് കിരൺ…
വർഷങ്ങളായ് അങ്ങനെയൊരു ഉറക്കത്തിന് കാത്തിരുന്നതു പോലെ..
വിവാഹം കഴിഞ്ഞൊരാഴ്ചയോളമായ്.. അതിനിടയിൽ ദൂരെ നാട്ടിലേക്കൊന്നും കിരൺവണ്ടിയുമായ് ഓട്ടം പോവാറില്ലെന്നും വീടാണവന്റെ ലോകമെന്നും മനസ്സിലാക്കിയവൾ
കിരണിനെ, കിരണിന്റെ വീടിനെ അവന്റെ സ്വഭാവത്തെയെല്ലാം നന്നായ് തന്നെമനസ്സിലാക്കി ഗോപിക…
മനസു നിറയെ സ്നേഹമുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നൊരുത്തൻ… അതാണ് കിരൺ…
ഇടയ്ക്കിടെയുള്ള കുഞ്ഞുകുഞ്ഞു ചുംബനങ്ങളിലും അമർത്തിയിറുക്കി നെഞ്ചോടു ചേർത്തുള്ള ഓരോ കെട്ടിപിടുത്തത്തിനുമപ്പുറമൊരു അധികാരമോ അവകാശമോ ഒന്നും അവൾക്കു മേൽ അവനെടുത്തില്ല…
ഓരോ ദിവസവും വണ്ടിയുമായ്പോയ് രാത്രി തിരികെ വരുന്നവനെ കാത്തിരിക്കുമ്പോൾ അവൾ അവന്റെ പ്രണയിനി മാത്രമാവും.. എന്തേ വരാത്തത് എന്ന് സ്വയം ചോദിച്ച് വഴിക്കണ്ണുമായ് അവനെ കാത്തിരിക്കുന്ന പ്രണയിനി..
വൈകിയവൻ വരുന്ന ദിവസങ്ങളിൽ അവളവന്റെ അമ്മയായ് മാറും.. വൈകിയതിന് ശാസിച്ചും ചീത്ത പറഞ്ഞും നടക്കുന്ന അമ്മ..
അന്നു രാത്രി അവന്റെ നെഞ്ചോടു ചേർന്നവൾ കിടന്നതും കുസൃതിയോടവന്റെ വിരലുകളും പിന്നെ അവനും അവളിൽ ആധിപത്യം സ്ഥാപിച്ചൊടുവിലൊരൊറ്റ ശരീരമായ് തീർന്നപ്പോൾ അവൾ അവന്റെ എല്ലാമായ് തീർന്നിരുന്നു..
എല്ലാ അർത്ഥത്തിലും അവന്റെ ഭാര്യയായ് അവൾ..
വിധിയുടെ വിളയാട്ടത്തിൽ അനാഥരാക്കപ്പെട്ട രണ്ടു പേർ ഒന്നായൊരു ജീവിതം തുടങ്ങിയപ്പോൾ അവളെ അത്രമേൽ അറിയുന്ന, ഒരേ സമയംഅവളുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാമാവാൻ കഴിയുന്നൊരുത്തനായ് അവൻ മാറിയപ്പോൾ അവളവന്റ ഭാര്യ മാത്രമായിരുന്നില്ല..അമ്മയും കൂടിയായ് മാറി പലപ്പോഴും…
ഇനിയവർ ജീവിക്കട്ടെ.. സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഈ ലോകത്തെ എല്ലാം തികഞ്ഞവരായ്…
RJ