“”അമ്മേ ഞാൻ അങ്ങോട്ട് പോന്നോട്ടെ എനിക്ക് ഇവിടെ ഒട്ടും പറ്റാത്തത് കൊണ്ടാ…””
ലക്ഷ്മി അത് വീട്ടിലേക്ക് വിളിച്ചു പറയുമ്പോൾ, അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ശരീരത്തിന് ഏറ്റ പ്രഹരത്തെക്കാൾ മനസ്സിനെറ്റ പ്രഹരമായിരുന്നു അവളെ കൊണ്ട് താങ്ങാൻ കഴിയാത്തത്….
“” എന്റെ പൊന്നുമോളെ നീ എന്താ ഈ പറയുന്നത് കെട്ടിച്ച് വിട്ട വീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിൽക്കുക എന്നൊക്കെ പറയുമ്പോൾ അയൽപക്കത്തുള്ളവരൊക്കെ എന്തൊക്കെ പറഞ്ഞുണ്ടാക്കും എന്ന് അറിയാമോ?? എല്ലാവർക്കും ഭർത്താക്കന്മാരുടെ വീട്ടിൽ ഇതുപോലുള്ള അലറ ചില്ലറ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും അതിന് ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വീട്ടിലേക്ക് പിണങ്ങി വരികയാണോ ചെയ്യുക കുറച്ച് അഡ്ജസ്റ്റ് ചെയ്ത് നിൽക്കു മോളെ “”
“” അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.. ഇന്നലെ രാജേഷേട്ടൻ കുടിച്ചിട്ട് വന്നിട്ട് ഒരുപാട് എന്നെ തല്ലി.. ഞാൻ കാരണമാണ് അദ്ദേഹത്തിന് ആഗ്രഹിച്ച ജീവിതം കിട്ടാത്തത് എന്ന് പറഞ്ഞു..
ഞാൻ അത് രാജേഷേട്ടന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ അതൊന്നും മൈൻഡ് ചെയ്തതു പോലുമില്ല..
പകരം പറഞ്ഞത് എന്താണെന്ന് കേൾക്കണോ അമ്മയ്ക്ക് പറഞ്ഞ തുക മുഴുവൻ കൊണ്ടുവന്നിരുന്നെങ്കിൽ ഇവിടെ ഇങ്ങനെത്തെ നരകം ഒന്നും ഉണ്ടാവില്ലായിരുന്നു ആദ്യം നിന്റെ തന്തയോടും തള്ളയോടും പോയി സ്ത്രീധനത്തിന്റെ ബാക്കി തുക തരാൻ പറ എന്ന്… “”
“” ആഹാ അങ്ങനെ പറഞ്ഞോ ആ തള്ള.. പിന്നെ ഇവിടെ കിണ്ണം കാച്ചിയ നല്ല ഗവൺമെന്റ് ജോലിക്കാര് വന്ന് ക്യൂ നിന്നതാ. അവര് പോലും ഇത്രയും വലിയ തുക ചോദിച്ചിട്ടില്ല ന്യായമായതൊക്കെ നിനക്ക് ഞങ്ങൾ തന്നിട്ടുണ്ട് ഇനിയും കൂടുതൽ വേണമെങ്കിൽ അവരോട് സ്വന്തമായിട്ട് ഉണ്ടാക്കാൻ പറ ഇനി ഒരു ചില്ലി പൈസ ഇവിടുന്ന് കിട്ടുമെന്ന് വിചാരിക്കണ്ട എന്ന് അവരോട് പോയി പറ ഇത് നല്ല സാമർത്ഥ്യം ആയല്ലോ”‘
അതും പറഞ്ഞ് ദേഷ്യപ്പെട്ട് അമ്മ ഫോൺ കട്ട് ചെയ്തു അവൾ പറയാൻ വന്നത് ഒന്ന് കേട്ടത് പോലുമില്ല അവൾക്ക് എന്താണ് പ്രശ്നം എന്ന് ചോദിച്ചത് പോലുമില്ല..
അവൾക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി..
“” പെണ്ണേ നീ ഇതുപോലെ എന്റെ കൂടെ നിന്നാൽ മതി പിന്നെ ഈ ജീവിതം അതിന്റെ അവസാനം വരെ സ്വർഗ്ഗമായിരിക്കും…””
ബെന്നിയുടെ സ്വരം അവളുടെ ചെവിയിൽ പതിഞ്ഞു..
“”ബെന്നി സൈമൺ “”
തന്റെ പ്രണയം..
തന്റെ മുഖം ഒന്ന് മാറിയാൽ കണ്ടുപിടിക്കുന്നവൻ തന്റെ ഓരോ മൂളലിന്റെയും അർത്ഥം ഗ്രഹിച്ചവൻ..
അത്രയ്ക്ക് ഇഷ്ടമായിരുന്നു തനിക്ക് അവനെയും അവന് തന്നെയും ഒരുമിച്ച് ജീവിക്കണം എന്ന് കരുതിയതാണ്…
പക്ഷേ രണ്ടു മതമായിപ്പോയി അത് എല്ലാവർക്കും വലിയ പ്രശ്നമായി പോയി .
അവനെ പിരിയാൻ വയ്യ എന്ന് തോന്നിയ നിമിഷത്തിലാണ് വീട്ടിൽ പോയി അവന്റെ കാര്യം പറഞ്ഞത് അപ്പോഴേക്കും ആത്മഹത്യ ഭീഷണികൾ നിരവധി ഉയർന്നിരുന്നു ചുറ്റും നിന്ന്..
തനിക്ക് ജന്മം തന്നതിന്റെ പേരിൽ തന്റെ പ്രിയപ്പെട്ടവർക്ക് ജീവൻ കളയേണ്ടി വരരുത് എന്നൊരു കാര്യം കൊണ്ട് മാത്രം ചങ്ക് പറയുന്ന വേദനയുണ്ടായിട്ടും അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അവർ പറഞ്ഞയാൾക്ക് കഴുത്ത് നീട്ടി കൊടുത്തു .
സ്ത്രീധനം കണക്ക് വാങ്ങാൻ മിടുക്കുള്ളവർ പെണ്ണിനെ കണ്ടല്ല ഈ ബന്ധത്തിന് തയ്യാറായി വന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരം പോലും സ്വന്തം വീട്ടുകാർക്ക് ഇല്ലാതെ പോയി..
മറ്റു മാർഗ്ഗങ്ങളില്ലാതെ അവൾക്ക് അങ്ങോട്ടേക്ക് പോകേണ്ടിവന്നു ഒരു അറവുമാടിനെ പോലെ.
രാജേഷ് അതായിരുന്നു അയാളുടെ പേര് ഏതോ ഒരു പെണ്ണുമായി അയാൾക്ക് ബന്ധം ഉണ്ടായിരുന്നത്രെ സ്ത്രീധനം കിട്ടും എന്ന് പറഞ്ഞപ്പോൾ അവളെ കളഞ്ഞു ഈ ബന്ധത്തിന് മുതിർന്നതാണ് ഇപ്പോൾ കല്യാണം കഴിഞ്ഞ് സ്ത്രീധനം കിട്ടിക്കഴിഞ്ഞപ്പോൾ അയാൾക്ക് ആ ബന്ധം തുടർന്നാൽ കൊള്ളാം എന്നുണ്ട് അതിന് ഓരോ കാരണങ്ങൾ പറഞ്ഞ് വെറുതെ പ്രശ്നം ഉണ്ടാക്കും..
പറഞ്ഞ സ്ത്രീധനം മുഴുവൻ തരാതെ വീട്ടുകാരും പറ്റിച്ചു.. ആ ഇതിന് ഉള്ളത് ഉള്ളൂ എന്ന് പറഞ്ഞു ചെറുക്കനൊരു വിലയിട്ട് അവർ ആ പണം മാത്രം തന്നു….
അത് പക്ഷേ സ്വൈരക്കേട് സൃഷ്ടിച്ചത് അവളുടെ സ്വന്തം ജീവിതത്തിൽ ആയിരുന്നു അവർ അവളെ അവിടെ ഇട്ട് കൊല്ലാതെ കൊന്നു…
ഒരു സമാധാനത്തിനു വേണ്ടിയാണ് സ്വന്തം വീട്ടിലേക്ക് എല്ലാം വിളിച്ചു പറഞ്ഞത്… എന്റെ പൊന്നുമോൾ ഇങ്ങോട്ട് പോന്നോളൂ ഇതൊന്നും സഹിക്കേണ്ട കാര്യം നിനക്കില്ല ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം എന്ന് അവർ പറയും എന്ന് കരുതി..
കുറെ ഉപദേശങ്ങൾ ആയിരുന്നു അതിനുപകരം കിട്ടിയത് സ്വന്തംകാലിൽ നിൽക്കാതെ മറ്റൊരാളുടെ ചിലവിൽ നിൽക്കുന്നതിന്റെ ഭവിഷത്ത് ശരിക്കും അനുഭവിക്കുകയായിരുന്നു അവളപ്പോൾ…
പിന്നെയും എന്തൊക്കെയോ പ്രശ്നങ്ങൾ പക്ഷേ അതൊന്നും സ്വന്തം വീട്ടിലേക്ക് വിളിച്ചു പറയാൻ അവൾക്ക് തോന്നിയില്ല പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാവുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും പറഞ്ഞു ഉപദേശങ്ങൾ കേൾക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചു…
പകരം സുഹൃത്തിനെ വിളിച്ചു ഇത്തവണ അവൾ പറഞ്ഞത് നീ ഇറങ്ങി വാടി എന്നായിരുന്നു മറ്റൊന്നും ചിന്തിക്കേണ്ട എന്ന്…
അവൾക്ക് സ്വന്തമായി ജോലിയുണ്ട് വരുമാനമുണ്ട് തീരുമാനങ്ങൾ സ്വയം എടുക്കുന്നുണ്ട് അവൾ..
ഇറങ്ങിച്ചെന്നപ്പോൾ അവൾ തന്നെയാണ് മുൻകൈയെടുത്ത് ഡൊമസ്റ്റിക് വയലൻസിന് എന്നെക്കൊണ്ട് കേസ് കൊടുപ്പിച്ചത്..
രാജേഷേട്ടന്റെ വീട്ടുകാരെക്കാൾ എന്നെ ഉപദേശിക്കാൻ എന്റെ സ്വന്തം വീട്ടുകാരാണ് വന്നത് എന്നത് വളരെ പരിതാപകരമായിരുന്നു കേസ് പിൻവലിക്കാൻ അവർക്കാണ് താല്പര്യം ആളുകൾ അറിഞ്ഞാൽ അവർക്ക് നാണക്കേടാണ് പോലും..
കേസ് പിൻവലിക്കാൻ തയ്യാറല്ല എന്ന് തന്നെ ഞാൻ പറഞ്ഞു..
അതോടെ അത് വലിയ പ്രശ്നമായി..
എല്ലാം അറിഞ്ഞു ബെന്നിയും എന്റെ കൂടെ നിന്നു..
വീണ്ടും ആത്മഹത്യ ഭീഷണികൾ എനിക്ക് മനസ്സിലായി ഇതെല്ലാം വെറും പ്രഹസനം മാത്രമാണ് എന്റെ ജീവിതം ഞാൻ തീരുമാനിക്കണം സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നവർക്ക് തന്റെടവും കാണും…
ഇതുപോലെ സ്വയം നഷ്ടപ്പെട്ട് ഒരിടത്ത് കഴിയേണ്ടി വരില്ല ഇതൊക്കെ ജീവിതത്തിൽ പഠിച്ച പാഠങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ എന്റെ പ്രീഫെറെൻസ് പിന്നെ ഒരു ജോലി നേടിയെടുക്കുക എന്നതായി…
അക്കൗണ്ടിങ്ങിൽ ഡിഗ്രി എടുത്തതുകൊണ്ട് തന്നെ അത്യാവശ്യം നല്ലൊരു സ്ഥാപനത്തിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞു..
അതുകഴിഞ്ഞ് മതി നമ്മുടെ വിവാഹം എന്ന് ഞാനും ബെന്നിയും പണ്ടേ തീരുമാനിച്ചിരുന്നു…
അയാളുടെ പേരിൽ കേസ് ഉള്ളതുകൊണ്ട് ഡിവോഴ്സ് നീണ്ടു പോയില്ല പെട്ടെന്ന് തന്നെ ശരിയായി..
അപ്പോഴും വന്നിരുന്നു കുടുംബ മഹിമയും മറ്റും പറഞ്ഞുകൊണ്ട് എല്ലാവരും അവരെയെല്ലാം ഒരു വെളിപ്പാട് അകലെ നിർത്തി..
ഒരു പ്രശ്നം വന്നാൽ അവരുടെ എല്ലാം ആറ്റിറ്റൂഡ് ഞാൻ കണ്ടതാണ് മനസ്സിലാക്കിയതാണ്..
അതുകൊണ്ടുതന്നെ എന്റെ ജീവിതം ഞാൻ തന്നെ തിരഞ്ഞെടുത്തു..
അല്പം വൈകിയാണെങ്കിൽ പോലും..
അപ്പോഴേക്കും പേരുകൾ വീണിരുന്നു തന്നിഷ്ടകാരി അഹങ്കാരി തോന്ന്യാസക്കാരി എന്നെല്ലാം…
ഇപ്പോൾ അതെല്ലാം അലങ്കാരമായാണ് തോന്നുന്നത് സ്വന്തംകാലിൽ നിൽക്കുന്ന ഒരുവൾക്ക് കിട്ടുന്ന അലങ്കാരം..
Jk