✍️ കനി
വലിയ തറവാട്ടിന്റെ നടുമുറ്റത്ത് നിൽക്കുന്ന ആ മനുഷ്യൻ—
അഭിമാനവും പണത്തിന്റെ തണുപ്പും മുഖത്ത് ഒരുപോലെ തിളങ്ങുന്ന ഒരാൾ.
ആദിത്യവർമ്മ.
പഴമയുടെ ഗന്ധം വമിക്കുന്ന, ഇരുനൂറിലേറെ വർഷങ്ങൾ പഴക്കമുള്ള തറവാട്.
അച്ഛനും അപ്പൂപ്പനും സമ്പാദിച്ച കോടികൾ, ആയിരക്കണക്കിന് ഏക്കർ ഭൂമി, ബിസിനസുകൾ, രാഷ്ട്രീയ സ്വാധീനം—
ആദിത്യയ്ക്ക് എല്ലാം പാരമ്പര്യമായി ലഭിച്ചത്.
സ്ത്രീകൾ?
അവന് അവർ ഒരു അനുഭവം മാത്രം…
വൈകുന്നേരങ്ങളിലെ ബോറടുപ്പിനുള്ള മരുന്ന്.
അവരുടെ ചിരി, ശരീരം, ആഗ്രഹം—
എല്ലാം താൽക്കാലികം…
അവന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ എണ്ണം അവൻ തന്നെ മറന്നുപോയി.
പണം ചെലവഴിച്ചാൽ എന്തും സ്വന്തമാക്കാമെന്ന അഹങ്കാരം അവന്റെ ശ്വാസത്തിലേറെ ഉറച്ചിരുന്നു.
അതുകൊണ്ടാവാം,
അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ അവൻ ആദ്യമായി അമ്പരന്നത്.
“ഇനി ഈ ജീവിതം മതി, ആദിത്യ.
നീ ഒരു വിവാഹം കഴിക്കണം.”
അവന്റെ ചിരിയിൽ പരിഹാസമുണ്ടായിരുന്നു.
“വിവാഹം?…
അതെന്താ പുതിയ ഒരു ബിസിനസ് ഡീലാണോ?”
അമ്മയുടെ കണ്ണുകളിൽ ആ വാക്കുകൾ കുത്തിനിന്നു.
അച്ഛൻ ശബ്ദം കടുപ്പിച്ചു.
“നിന്റെ അഹങ്കാരം, നിന്റെ ജീവിതരീതി—
ഇതെല്ലാം നിനക്കൊപ്പമവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറല്ല.
ഈ തറവാട്ടിൽ ഒരു മരുമകളെ കാണണം.” അതൊരു ഉത്തരവ് പോലെ ആയിരുന്നു.
പണം ഉണ്ടായിരുന്നു, പക്ഷേ
അച്ഛനമ്മമാരുടെ മുന്നിൽ ആദിത്യ ആദ്യമായി തോറ്റു.
അവൻ സമ്മതിച്ചു.
പക്ഷേ ഒരു നിബന്ധനയോടെ.
“ഞാൻ തിരഞ്ഞെടുക്കില്ല.
നിങ്ങൾക്കിഷ്ടമുള്ള പെണ്ണ് മതി.
ഞാൻ അവളെ സ്നേഹിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും…” അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ പോയ്.
അങ്ങനെയാണ് അവൾ വന്നത്.
മാളവിക.
ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള,
അച്ഛനെ ചെറുപ്പത്തിൽ നഷ്ടപ്പെട്ട,
അമ്മയെയും അനിയത്തിയെയും നോക്കി വളർന്ന ഒരു പെൺകുട്ടി.
അവളുടെ കണ്ണുകളിൽ ആഡംബരത്തിന്റെ തിളക്കം ഇല്ലായിരുന്നു.
പകരം—
ഒരു നിശ്ശബ്ദത.
ഒരു ഉള്ളിലൊളിച്ച ഭയം.
എന്നിട്ടും ഒരു ആത്മഗൗരവം…
അവളെ ആയിരുന്നു ആദിത്യയുടെ അച്ഛനമ്മമാർ തിരഞ്ഞെടുത്ത്…
വിവാഹം ആർഭാടത്തോടെ നടന്നു.
നാടാകെ സംസാരവിഷയം.
“ഇത്ര പണക്കാരൻ ഇത്ര പാവം പെണ്ണിനെ?”
“ഇത് എത്ര നാൾ നിലനിൽക്കും?” ചോദ്യങ്ങൾ പലവിധം..
ആദിത്യക്ക് ഒന്നും തോന്നിയില്ല.
വിവാഹം കഴിഞ്ഞ രാത്രിയും അവൻ അവളോട് അകലം പാലിച്ചു.
അവൾ മുറിയുടെ ഒരു കോണിൽ നിശ്ശബ്ദമായി ഇരിക്കുമ്പോൾ,
അവൻ ജനലരികിൽ നിന്നു.
“നീ പേടിക്കണ്ട.
നമ്മൾ തമ്മിൽ ഒരു കരാർ മാത്രമാണിത്.”
മാളവിക തലകുനിച്ചു.
പക്ഷേ അവളുടെ കണ്ണുകളിൽ ഒരു ചോദ്യമുണ്ടായിരുന്നു.
“എങ്കിലും ഞാൻ ഭാര്യയാണ്.”
ദിവസങ്ങൾ കടന്നു പോയി.
ആദിത്യ തന്റെ പഴയ ജീവിതരീതിയിൽ തന്നെ.
അവൾ തറവാട്ടിൽ ഒതുങ്ങി.
പക്ഷേ…
അവൾ വീട്ടിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നു.
അമ്മയ്ക്ക് മരുന്ന് സമയത്ത് കൊടുക്കുന്നത്,
അച്ഛന്റെ ഇഷ്ടമുള്ള പഴയ സംഗീതം വെക്കുന്നത്,
ജോലിക്കാരോടുള്ള അവളുടെ വിനയം—
അറിയാതെ പതിയെ പതിയെ ആദിത്യ അവളെ ശ്രദ്ധിച്ചു തുടങ്ങി…
ഒരു രാത്രി,
മഴ ശക്തമായി പെയ്യുമ്പോൾ,
കരണ്ട് പോയി.
ഇരുട്ടിൽ അവൾ ഒറ്റയ്ക്ക് വിറച്ചുനിന്നു.
ആദിത്യയുടെ കൈ അവളുടെ കൈയിൽ പതിഞ്ഞപ്പോൾ ഭയന്നിട്ട് ആവണം
അവൾ അപ്രതീക്ഷിതമായി അവന്റെ നെഞ്ചിലേക്ക് ചേർന്നു.
അത് ഒരു നിമിഷം മാത്രമായിരുന്നു.
പക്ഷേ ആ നിമിഷം
അവന്റെ ശരീരത്തിലൂടെ എന്തോ ഒഴുകി.
ഇതുവരെ അറിയാത്ത ഒരു ചൂട്.
ഉടമസ്ഥതയില്ലാത്ത,
പക്ഷേ ആഴമുള്ള ഒരു അടുപ്പം.
അന്നുമുതൽ
അവൻ അവളെ സ്നേഹത്തിൻ്റെ കണ്ണോടെ കാണാൻ തുടങ്ങി.
അവളുടെ ചിരി—
നിഷ്കളങ്കമായ.. അഭിനയമില്ലാത്തതായ
അവളുടെ മൗനം—
ഒരുപാട് പറഞ്ഞുപോകുന്നത്.
ഒരു ദിവസം അവൻ അസുഖപ്പെട്ടപ്പോൾ
അവൾ രാത്രി മുഴുവൻ അവന്റെ അരികിലിരുന്നു.
നെറ്റിയിൽ കൈ വെച്ചു,മുടി തലോടി.
അവൻ കണ്ണുതുറന്നപ്പോൾ
അവളുടെ മുഖം അത്രയും അടുത്ത്…. കണ്ണുകൾ ചുവന്നു കലങ്ങി… തനിക്ക് വേണ്ടിയുള്ള ഒരു തരം പരിഭ്രമം വേദന…
ആ നിമിഷം
അവൻ മനസ്സിലാക്കി—
ഇതുവരെ അവൻ അറിഞ്ഞിരുന്ന സ്ത്രീകളിൽ
ആരും അവളെപ്പോലെ ആയിരുന്നില്ല….
അവൻ അവളെ ആഗ്രഹിച്ചു.
ശരീരത്തിലൂടെ മാത്രമല്ല!.
ജീവിതത്തിലൂടെ…
അവളുടെ സ്പർശത്തിൽ
അവൻ സുരക്ഷ കണ്ടെത്തി.
അവളുടെ സാന്നിധ്യത്തിൽ
അവന്റെ അഹങ്കാരം അലിഞ്ഞുപോയി… അറിയാതെ തന്നെ അവർ അവളെ പ്രണയിച്ചു പോയി…
ഒരു രാത്രി
അവൻ അവളെ വിളിച്ചു.
“മാളവിക…
ഞാൻ നിന്നെ ഇത്രനാളും ഒരു ഭാര്യയായി പരിഗണിച്ചില്ല.. അങ്ങനെ ചിന്തിച്ചില്ല… തെറ്റാണ്.. പക്ഷേ ഇനി… അങ്ങനെ ഉണ്ടാവില്ല…
അവൾ മിണ്ടിയില്ല.
അവന്റെ കണ്ണുകളിലേക്കു നോക്കി.
“എനിക്ക്… ഞാൻ… അവൻ പറഞ്ഞു.
“ഇത്രകാലം ആരോടും തോന്നാത്തത്
നിനക്കോട് തോന്നുന്നു…” പറയാൻ ബുദ്ധിമുട്ടുന്ന, മറ്റുള്ളവരുടെ മുന്നിൽ അഹങ്കാരി ആയ അവനെ അവൾ സൂക്ഷിച്ചു നോക്കി…
അവൾ പതുക്കെ അവന്റെ കൈ പിടിച്ചു.
ആ സ്പർശത്തിൽ
ഉടമ്പടിയില്ലാത്ത ഒരു സമ്മതം ഉണ്ടായിരുന്നു.
അന്ന് അവർ തമ്മിൽ
വാക്കുകളേക്കാൾ കൂടുതൽ മൗനം സംസാരിച്ചു, സമയം കടന്നു.
അവർ പ്രണയിതാക്കളായി….
ഭർത്താവും ഭാര്യയും മാത്രമല്ല—
സുഹൃത്തുക്കളായി….
ആദിത്യ മാറി…..
അവൻ്റെ ഭാര്യയല്ലാതെ മറ്റൊരു പെണ്ണും അവൻ്റെ ജീവിതത്തിൽ പിന്നെ വന്നിട്ടില്ല..
മാളവിക അവനെ
മനുഷ്യനാക്കി.
മാളവിക ആദിത്യയുടെ ജീവിതത്തിലേക്ക് പതുക്കെ മാത്രമേ കടന്നുവന്നുള്ളൂ.
അവൾ വാതിൽ തകർത്ത് കയറിയില്ല.
ശബ്ദമില്ലാതെ,
ഒരു നനുത്ത കാറ്റുപോലെ
അവന്റെ ഉള്ളിലേക്ക് ഒഴുകിക്കയറി.
അവളുടെ സാന്നിധ്യം ആദിത്യയെ തീർത്തും ഒരു കാമുകൻ ആക്കി മാറ്റി
അതുവരെ സ്ത്രീകളെ കണ്ടപ്പോൾ
അവനിൽ ഉണർന്നത് ശരീരത്തിന്റെ ആവശ്യം മാത്രമായിരുന്നെങ്കിൽ,
മാളവികയെ കണ്ടപ്പോൾ
അവനിൽ ഉണർന്നത്
ഒരു വിചിത്രമായ ഇതുവരെ അവനറിയാത്ത ഒരു തരം അനുഭൂതി ആയിരുന്നു…
അവൾ ചിരിക്കുമ്പോൾ
അവൻ നോക്കി നിന്നുപോകും.
അവൾ മൗനത്തിലാകുമ്പോൾ
അവൻ എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നും.
ഒരു രാത്രി,
വലിയ തറവാട്ടിന്റെ മുകളിലെ നിലയിലെ മുറിയിൽ
മാളവിക ജനലരികിൽ നിന്നു.
നിലാവിന്റെ വെളിച്ചം
അവളുടെ മുഖത്ത് പതിഞ്ഞപ്പോൾ
ആദിത്യയ്ക്ക് അവളെ ചേർത്തണയ്ക്കാൻ തോന്നി.
“എന്താ നോക്കുന്നത്?”
അവൾ മൃദുവായി ചോദിച്ചു.
ആദിത്യക്ക് മറുപടി ഇല്ലായിരുന്നു.
അവൻ അടുത്തേക്ക് നടന്നു.
വളരെ പതുക്കെ.
അവളുടെ ശ്വാസം പോലും അവൻ കേട്ടു.
“നീ പേടിക്കുന്നുണ്ടോ?”
അവൻ ചോദിച്ചു.
“ഇല്ല,”
അവൾ പറഞ്ഞു.
“ഇപ്പോൾ ഇല്ല.”
അവളുടെ ആ വാക്ക്
അവന്റെ നെഞ്ചിൽ ഒരു താളം ഉണ്ടാക്കി.
അവൻ അവളുടെ കൈ പിടിച്ചു.
ആ സ്പർശത്തിൽ
പഴയ ആദിത്യ ഇല്ലായിരുന്നു.
അത് ഒരു ഉടമസ്ഥതയുടെ പിടിയല്ല,
ഒരു ചോദ്യം പോലെയായിരുന്നു.
അവൾ കൈ വിട്ടില്ല.
അവരുടെ ഇടയിൽ
വാക്കുകൾ കുറഞ്ഞു.
ശ്വാസങ്ങൾ മാത്രം.
ഹൃദയമിടിപ്പുകൾ മാത്രം., അവൻ ആദ്യമായി
ഒരു സ്ത്രീയെ മനസ്സിലാക്കി സ്പർശിച്ചു.
അവളുടെ നെറ്റിയിൽ
അവൻ നെറ്റി ചേർത്തപ്പോൾ
അവൾ കണ്ണടച്ചു.
ആ നിമിഷം, അവൻ ആദ്യമായി ഒരുവളെ പ്രണയം കൊണ്ട് ചേർത്തണച്ചു.
ആദിത്യയുടെ ജീവിതത്തിൽ
വിശ്വാസം എന്നൊരു വാക്ക്
ഇത്രയും നാളായി ഇല്ലായിരുന്നു.ആ രാത്രി
അവർ തമ്മിൽ അടുത്തു.
ശരീരങ്ങൾ മാത്രം അല്ല—
ഭയങ്ങളും,
ഒളിച്ചുവച്ച വേദനകളും.
മാളവിക ആദ്യമായി പറഞ്ഞു
തന്റെ കുട്ടിക്കാലത്തെ കുറിച്ച്.
അച്ഛനെ നഷ്ടപ്പെട്ട രാത്രിയെ കുറിച്ച്.
അമ്മയുടെ കണ്ണീർ.
ജീവിതം പഠിപ്പിച്ച കാഠിന്യം.,ആദിത്യ മിണ്ടിയില്ല.
അവളുടെ മുടിയിൽ വിരലോടിച്ചു.
അവളുടെ വാക്കുകൾ,അവന്റെ നെഞ്ചിൽ
പതിഞ്ഞു.
അന്ന് രാത്രി
അവൻ ഉറങ്ങിയില്ല…
അവൾ അവന്റെ നെഞ്ചിൽ തലചായ്ത് ഉറങ്ങിയപ്പോൾ
അവൻ അവളെ കാത്തിരുന്നു.
പുലരുമ്പോൾ
അവൾ അവന്റെ കൈയിൽ പിടിച്ചായിരുന്നു.
അവൾ പോലും അറിയാതെ.
ആദിത്യക്ക് മനസ്സിലായി—ഇത് ശീലമായി
ദിവസങ്ങൾ കടന്നു..
അവരുടെ ബന്ധം
ആഴത്തിലേക്ക് നീങ്ങി.
അവൻ ഓഫീസിൽ നിന്ന് തിരിച്ചു വരും വരെ
അവൾ കാത്തിരിക്കും.
ഒരു ചായ,
ഒരു ചിരി.
അവൻ ക്ഷീണിച്ചാൽ
അവൾ ഒന്നും ചോദിക്കില്ല.
അടുത്ത് ഇരിക്കും.
അതുമതി…. അവനിലെ ക്ഷീണം അകലാൻ…
ഒരു ദിവസം
അവൻ പറഞ്ഞു:
“നിനക്ക് എന്തെങ്കിലും വേണമെങ്കിൽ പറയൂ.”
അവൾ ചിരിച്ചു.
“നിങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.” ആ വാക്ക്
അവനെ നിശ്ശബ്ദനാക്കി.
അവൻ മാറിയിരുന്നു.
പണം അവന്റെ ആയുധമല്ലാതായി.
അഹങ്കാരം അവന്റെ അഭിമാനം അല്ലാതായി.
ഒരു വൈകുന്നേരം
മഴ പെയ്യുമ്പോൾ
അവർ തറവാട്ടിന്റെ വരാന്തയിൽ ഇരുന്നു.
മാളവികയുടെ കൈ
അവന്റെ കൈയിൽ.
ഇനി അത് ചോദ്യം ആയിരുന്നില്ല.
അത് അവകാശമായിരുന്നു.
“നമ്മൾ ഇങ്ങനെ ആയിരിക്കും അല്ലേ?”
അവൾ ചോദിച്ചു.
“എങ്ങനെയെന്ന്?”
അവൻ.
“ഒരുമിച്ച്.”
ആദിത്യ അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ കണ്ണുകളിൽ
ആദ്യം കണ്ട അഹങ്കാരം ഇല്ലായിരുന്നു.
പകരം—
ഭയം.
ഇത്രയധികം പ്രണയിച്ചിട്ട് നഷ്ടപ്പെടുമോ എന്ന ഭയം.
“അതെ,”
അവൻ പറഞ്ഞു.
“നീ ഉണ്ടെങ്കിൽ.”
ആ രാത്രി
അവർ വീണ്ടും അടുത്തു.
ഒരു പറച്ചിലിൻ്റെ മറയില്ലാതെ, നാണത്തിൻ്റെ ഉടയാട ഇല്ലാതെ അവളെ അവൻ കണ്ടു, അറിഞ്ഞു , ആഴ്ന്നിറങ്ങി അവളിലെ പെണ്ണിനെ ലാളിച്ചു, സ്നേഹിച്ചു,കാമിച്ചു……
അത് പുതിയൊരു തുടക്കം പോലെ ആയിരുന്നു.
സ്നേഹം.
വലിയ തറവാട്ടിൽ
ആദ്യമായി
ആദിത്യയ്ക്ക് സ്വന്തമായത്
മാളവിക ആയിരുന്നു…
കാലം പതുക്കെ നീങ്ങി.
വലിയ തറവാട്ടിൽ ദിവസങ്ങൾ ഒരേ പോലെ തോന്നിയെങ്കിലും,
ആദിത്യക്കും മാളവികക്കും ഓരോ ദിവസവും
പുതിയൊരു പരിചയം പോലെ ആയിരുന്നു.
രാവിലെ അവൻ കണ്ണുതുറക്കുമ്പോൾ
അവൾ അടുത്ത് ഉണ്ടെന്നുറപ്പ്—
അതൊരു ശീലമല്ല,
അവനു ലഭിച്ച വലിയ ആശ്വാസമായി.
മാളവികയും മാറി, അവൻ മാറ്റി.. അവൾക്ക് വേണ്ടത് ചോദിച്ചു വാങ്ങാൻ അവൻ പഠിപ്പിച്ചു…
അവളുടെ അഭിപ്രായങ്ങൾ പറഞ്ഞു.
ചിലപ്പോൾ അവനോട് എതിർത്തു.
അത് ആദിത്യയെ ചൊടിപ്പിച്ചില്ല.
പകരം,
അവളുടെ ധൈര്യം അവനെ അത്ഭുതപ്പെടുത്തി.
ഒരു ദിവസം
അവൻ പഴയ കൂട്ടുകാരെ കാണാൻ പോയി.
അവരുടെ സംസാരത്തിൽ
പഴയ ആദിത്യയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു.
ചിരികളും പരിഹാസങ്ങളും.
സ്ത്രീകളെക്കുറിച്ചുള്ള ലഘുത്വം.
ആദിത്യ അവിടെനിന്ന് നേരത്തെ എഴുന്നേറ്റു.
അവൻ സ്വയം മനസ്സിലാക്കി—
അവൻ മാറിയിരിക്കുന്നു.
വീട്ടിൽ എത്തിയപ്പോൾ
മാളവിക അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു.
അവളുടെ നെറ്റിയിൽ വിയർപ്പ്.
മുഖത്ത് സമാധാനം.
അവൻ പിന്നിലൂടെ അടുത്തുചെന്നു.
ശബ്ദമില്ലാതെ.
അവളുടെ ചുമലിൽ കൈവെച്ചപ്പോൾ
അവൾ ഒന്ന് ഞെട്ടി, പിന്നെ ചിരിച്ചു.
“ഇങ്ങനെ വരുമ്പോൾ എനിക്ക് എന്തോ പോലെ..”
അവൾ പറഞ്ഞു.
“പറയാതെ വരുന്നത്
ഇപ്പോൾ എനിക്ക് ഇഷ്ടമാണ്,”
അവൻ മൃദുവായി പറഞ്ഞു.
അവൻ അവളുടെ നെറ്റിയിൽ
ഒരു ചുംബനം നൽകി.
അത് ആവേശത്തിന്റെ ചുംബനം ആയിരുന്നില്ല.
ആദരത്തിന്റെ.
അന്ന് രാത്രി
അവർ വരാന്തയിൽ ഇരുന്നു.
നിലാവും കാറ്റും
അവരുടെ കൂടെയുണ്ടായിരുന്നു.
“നിങ്ങൾ പഴയ ആളായിരുന്നെങ്കിൽ,”
മാളവിക പതുക്കെ പറഞ്ഞു,
“എനിക്ക് ഇവിടെ ജീവിക്കാനാവില്ലായിരുന്നു.”
ആദിത്യ മറുപടി പറഞ്ഞില്ല.
അവൻ അവളുടെ കൈ ചേർത്ത് പിടിച്ചു.
അത് മാപ്പ് പറയുന്ന പോലെ.
“നീ വന്നതുകൊണ്ടാണ്
ഞാൻ മാറിയത്,”
അവൻ പറഞ്ഞു.
“എന്നെ സഹിച്ചതിന്.”
മാളവിക അവന്റെ മടിയിൽ തലചായ്ചു
“സഹിച്ചത് അല്ല,”
അവൾ പറഞ്ഞു.
“തിരഞ്ഞെടുത്തതാണ്… ഭഗവാൻ എനിക്ക് വേണ്ടി…”
ആ വാക്ക്
ആദിത്യയുടെ ഹൃദയത്തിൽ
ആഴത്തിൽ പതിഞ്ഞു.
വലിയ തറവാട്ടിൽ
ഇപ്പോൾ അഹങ്കാരത്തിന്റെ ശബ്ദമില്ല.
പകരം,
രണ്ടുപേരുടെ ശ്വാസങ്ങൾ മാത്രം.
സ്നേഹം—
പണത്തേക്കാൾ വിലയേറിയതായി പലതും ഉണ്ടെന്ന്
അവൻ ഒടുവിൽ മനസ്സിലാക്കി…..
ശുഭം 🙏
💞 കനി 💞
