ശരിക്കും ആത്മാക്കളോട് സംസാരിക്കാൻ പറ്റുമോ എന്ന്.. ?” അവർ എന്നോട് ചോദിച്ച ചോദ്യം ശരിയായിരുന്നു.

“ഡേവിഡ്  നീ തന്നെയാണ് അലക്സിനെ കൊന്നതെന്ന് ഞങ്ങൾക്കറിയാം.

 

എല്ലാ രഹസ്യവും തിരിച്ചറിഞ്ഞുകൊണ്ടുള്ള അവരുടെ സംസാരം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . മാർത്ത കേട്ടറിഞ്ഞ പോലെ തന്നെ വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയായിരുന്നു .

 

**********

 

 

കൃത്യം 9 മണിക്ക് തന്നെ മാർത്തയും സഹായികളും വീട്ടിലെത്തിയിരുന്നു. വീഡിയോകളിൽ കാണുന്ന പോലെ തന്നെ മനോഹരമായ ഒരു പഴയ വാനിൽ ആയിരുന്നു അവർ വന്നത് . ഞങ്ങളുടെ വീട് കണ്ടപ്പോൾ അവർ ഒന്ന് ഞെട്ടിയിട്ടുണ്ടാകും. ജോർജിയ പട്ടണത്തിലെ വലിയൊരു ബാങ്കിൻറെ മാനേജരാണ് എൻറെ പപ്പ. ലൈഫിലെ വലിയ സമ്പാദ്യം ഉപയോഗിച്ച് ആണ് പപ്പ ഈ വീട് നിർമ്മിച്ചത്. ഗോഥിക് മാതൃകയിൽ നിർമ്മിച്ച ഒരു ചെറിയ കൊട്ടാരമാണ് എന്ന് വേണമെങ്കിൽ പറയാം.

 

പപ്പയുടെ പേരും പ്രശസ്തി കൊണ്ടും  മാത്രമാണ് ഇത്രയും പെട്ടെന്ന് തന്നെ  ലോകപ്രശസ്തയായ പാരനോർമൽ ഇൻവെസ്റ്റിഗേറ്റർ ആയ മാർത്തയുടെ സഹായം ഞങ്ങൾക്ക് ലഭ്യമായത്. മാർത്തയും മൂന്ന് സഹായികളും വാനിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ പപ്പ അവരെ ചെന്ന് സ്വീകരിച്ചു.

 

അലക്സിന്റെ മരണശേഷം മമ്മി വീട്ടിൽ നിന്ന് തീരെ പുറത്തിറങ്ങാറില്ലായിരുന്നു. അവൻറെ ഓർമ്മയിൽ വീട്ടിൽ തന്നെയുള്ള ഏകാന്തത വാസമായിരുന്നു മമ്മി.

 

മാർത്ത വീട്ടിൽ വന്നാൽ എന്തൊക്കെ ചെയ്യുമെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു. വീഡിയോകളിൽ കാണുന്ന പോലെ അലക്സിന്റെ പഴയ ഫോട്ടോ എടുത്ത് കയ്യിൽ വെയ്ക്കും. വീടു മുഴുവൻ ഇലക്ട്രോണിക് മീറ്ററുകൾ സ്ഥാപിക്കും. അവൻറെ ആത്മാവിനോട് സംസാരിക്കാൻ ശ്രമിക്കും. ഇതെല്ലാം സത്യമാണോ എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. ആത്മാവിൻ്റെ നീക്കങ്ങൾ അലർട്ട് ചെയ്യുന്ന ആധുനിക സെൻസർ ഉപകരണങ്ങൾ മാർത്തയുടെ കയ്യിൽ ഉണ്ട്.

 

ഇന്നത്തെ കാര്യത്തിൽ എനിക്ക്  ഒരേ സമയം സന്തോഷവും ഭയവും ഉണ്ട്. കാരണം എന്താണെന്ന് വെച്ചാൽ അലക്സിന്റെ ആത്മാവിനെ ഒഴിപ്പിക്കാൻ ആണ് അവർവന്നത്. അതായത് എൻറെ പപ്പയ്ക്കും മമ്മിക്കും ആദ്യമായി അവനെ വേർപിരിയണം എന്ന് തോന്നിയ അവസരം. മരണശേഷവും അവർ അവനോട് വല്ലാത്ത ഒരു ഇഷ്ടം വച്ചുപുലർത്തിയിരുന്നു. പക്ഷേ അലക്സിന്റെ മരണത്തെ പറ്റിയുള്ള രഹസ്യം അവർ കണ്ടെത്തുമോ എന്ന ഭയം മനസ്സ് നിറയെ ഉണ്ടായിരുന്നു.

 

 

ഞാനും അവനും വീടിൻറെ മൂന്നാമത്തെ നിലയിൽ നിന്ന് കളിക്കുമ്പോൾ സംഭവിച്ച ചെറിയ ഒരു അപകടം. അങ്ങനെയാണ് അലക്സ് മരിച്ചതെന്നാണ് ഈ ലോകം വിശ്വസിച്ചിരുന്നത്. എന്നാൽ അവനെ ഈ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ വർഷങ്ങളായി ഞാൻ കാത്തിരിക്കുകയാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. അവനെ എനിക്കിഷ്ടമായിരുന്നോ എന്ന് ചോദിച്ചാൽ വ്യക്തമായി ഒരു ഉത്തരമില്ല. ഇന്ന് വരെ അവനെ കൊന്നതിൽ എനിക്ക് യാതൊരു കുറ്റബോധവും ഇല്ലായിരുന്നു. കാരണം അവൻറെ ജനനശേഷം കൊട്ടാരം പോലുള്ള ഈ വീട്ടിൽ ഞാൻ വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. സ്കൂളിലെ കൂട്ടുകാർക്കെല്ലാവർക്കും അവൻ മതിയായിരുന്നു. പപ്പയ്ക്കും മമ്മിക്കും എപ്പോഴും അവനെ പറ്റി സംസാരിക്കാനായിരുന്നു ആഗ്രഹം. ഞാനും അവരുടെ ഒരു മകൻ ആണെന്നുള്ള കാര്യം അവർ മറന്നു . എനിക്കുള്ള സ്നേഹം കൂടി അവർ അവന് കൊടുക്കുകയായിരുന്നു എന്നുള്ള ചിന്തയായിരുന്നു ഓരോ നിമിഷവും മനസ്സിനുള്ളിൽ.

 

 

അവൻറെ മരണ ശേഷവും കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചപോലെ നടന്നില്ല. ഭൂരിഭാഗം സമയവും വീട്ടുകാർ അവൻറെ വിയോഗത്തിൽ ദുഃഖിതരായിരുന്നു.  അവർക്ക് ഒരിക്കലും എന്നെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. മരണശേഷം അവന്റെ പേര് തന്നെയാണ് വീട് മുഴുവൻ കേട്ടുകൊണ്ടിരുന്നത്. അവൻറെ കൂട്ടുകാർ വരും, അധ്യാപകർ വരും. അവനെ പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും . അവനെ ഒരു ശത്രു എന്ന നിലക്കല്ലാതെ എൻറെ സഹോദരനായിട്ട് ഞാൻ ഒരിക്കലും കണ്ടിരുന്നില്ല..

 

ഏകദേശം ഒരു മണിക്കൂർ കൊണ്ട് എൻറെ വീട്ടിലെ പല സ്ഥലങ്ങളിലും അവർ പലതരത്തിലുള്ള ഇലക്ട്രോണിക് മീറ്ററുകളും സെൻസറുകളും സ്ഥാപിച്ചിരുന്നു. മാർത്ത ചെവിയിൽ ഇയർഫോൺ വച്ച് റൂം മുഴുവൻ നടക്കുകയാണ്.

 

“അലക്സ്, ആർ യു ദേർ..?”

 

മാർത്തയുടെ ചോദ്യം കേട്ടപ്പോൾ എനിക്കാകെ പേടി തോന്നി. അവർക്ക് ഇനി അലക്സിനോട് സംസാരിക്കാൻ സാധിക്കുമോ. അങ്ങനെ സംഭവിച്ചാൽ അവർ പല രഹസ്യങ്ങളും തിരിച്ചറിയും.

 

കഴിഞ്ഞ കുറച്ചു മാസങ്ങളായി വീട്ടിൽ ആകെ പ്രശ്നങ്ങൾ ആയിരുന്നു. വാതിലുകൾ തനിയെ തുറക്കുകയും അടയുകയും ചെയ്യുമായിരുന്നു. വീട്ടിൽ ഒത്തിരി അപകടങ്ങൾ നടന്നുകൊണ്ടിരുന്നു. പപ്പയും മമ്മിയും ആകെ ഭയപ്പെട്ടിരുന്നു. ഓരോ പ്രശ്നങ്ങൾ നടക്കുമ്പോഴും അലക്സിന്റെ ഒരു സാന്നിധ്യം അവിടെ കാണാൻ പറ്റുമായിരുന്നു. അലക്സിന്റെ പാവക്കുട്ടികൾ പലപ്പോഴും തനിയെ സ്ഥാനം മാറിയിരിക്കും. ചുമരിൽ തൂക്കിയിട്ട അലക്സിന്റെ ഫോട്ടോ തനിയെ ഇളകി നിലത്ത് വീഴും. എത്ര ശരിയാക്കി വെച്ചാലും ഇവയെല്ലാം വീണ്ടും വീണ്ടും സംഭവിച്ചു കൊണ്ടിരിക്കും.

 

അങ്ങനെയാണ് അലക്സിന്റെ ദുരാത്മാവ് ഈ വീട്ടിൽ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയത്. ജീവിതത്തിൽ ആദ്യമായി വീട്ടുകാർക്ക് അവനോട് ദേഷ്യം തോന്നി തുടങ്ങിയിരുന്നു. മരണശേഷവും അവനോടുള്ള വീട്ടുകാരുടെ സ്നേഹം എന്നെ വല്ലാതെ അസൂയപ്പെടുത്തിയിരിന്നു. ഇപ്പോഴാണ് അതെല്ലാം എനിക്ക് തകർക്കാൻ സാധിച്ചത്.

 

 

” മാർത്ത, ഇതൊന്ന് നോക്കാമോ?”

 

മാർത്തയുടെ സഹായി കമ്പ്യൂട്ടർ സ്ക്രീനിൽ എന്തോ ചൂണ്ടിക്കാണിച്ചു മാർത്തയെ വിളിച്ചു.

അവരുടെ രണ്ടുപേരുടെ മുഖത്ത് ഒരു സംശയം നിഴലിച്ചു .

 

 

പപ്പ വളരെ ആകാംഷയോടെ അവരുടെ ഓരോ നീക്കങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനും പപ്പയുടെ അടുത്തിരുന്ന് പേടിയോടെ എല്ലാം നോക്കി കാണുകയായിരുന്നു .

എന്താണ് സ്ക്രീനിൽ അവർ കണ്ടതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.

 

കുറച്ച് നേരം എന്തോ ചിന്തിച്ചുകൊണ്ട് മാർത്ത അവിടെ ഇരുന്നു .

മാർത്ത തൻറെ ഇ.എം.എഫ് മീറ്റർ ഓഫ് ചെയ്തു മേശപ്പുറത്ത് വച്ചു. കുറച്ചു നേരം അവർ എന്തോ ചിന്തയിൽ ആഴ്ന്നു .

 

“മിസ്റ്റർ ജോർജ് നിങ്ങൾ കരുതിയ പോലെ ഇവിടെ അലക്സിന്റെ ആത്മാവ് അലഞ്ഞു തിരിഞ്ഞു നടക്കുന്നില്ല”

 

അത് കേട്ടതും പപ്പ ആകെ ഞെട്ടിപ്പോയി . എനിക്കാണേൽ ഉള്ളിൽ പേടി കൂടി വന്നിരുന്നു. അലക്സിന്റെ മരണശേഷവും അവനോടുള്ള ആളുകളുടെ സ്നേഹം കൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്തത്. വീട്ടിലെ വാതിലുകൾ രാത്രി തുറന്നിടുകയും അവൻറെ പാവകൾ മനപൂർവ്വം സ്ഥാനം നീക്കി വെക്കുകയും, പലയിടങ്ങളിൽ തീവെക്കുകയും എല്ലാം ചെയ്തത് ഞാൻ തന്നെയായിരുന്നു. പക്ഷേ പതിവ് പോലെ ദൈവം  അവന്റെ കൂടെയാണ്.

 

അലക്സിൻ്റെ ആത്മാവ് ഈ വീട്ടിൽ ഇല്ല എന്ന് കേട്ട് കണ്ണുകൾ നിറഞ്ഞുകൊണ്ട് പപ്പ അകത്തേക്ക് പോയി

 

മാർത്ത എന്തെല്ലാമോ രഹസ്യങ്ങൾ കണ്ടെത്തിയ സന്തോഷത്തിൽ എൻറെ അടുത്തേക്ക് വന്നു.

 

“ഡേവിഡ് നിനക്കൊരു സംശയം ഉണ്ടായിരുന്നു അല്ലെ ഞങ്ങൾക്ക് ശരിക്കും ആത്മാക്കളോട് സംസാരിക്കാൻ പറ്റുമോ എന്ന്.. ?”

 

അവർ എന്നോട് ചോദിച്ച ചോദ്യം ശരിയായിരുന്നു. എനിക്ക് സത്യത്തിലും അങ്ങനെയൊരു സംശയമുണ്ടായിരുന്നു. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.

 

“ഡേവിഡ്  നീ തന്നെയാണ് അലക്സിനെ കൊന്നതെന്ന് ഞങ്ങൾക്കറിയാം.

 

എല്ലാ രഹസ്യവും തിരിച്ചറിഞ്ഞുകൊണ്ടുള്ള അവരുടെ സംസാരം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു . മാർത്ത  വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയായിരുന്നു.

 

 

അകത്ത് നിന്ന് പുറത്തേക്ക് വന്ന പപ്പ അവരുടെ സംസാരം കേട്ട് ആകെ വല്ലാതെ ആയി. എൻറെ എല്ലാ പദ്ധതികളും അവസാനിച്ചിരിക്കുന്നു. ഒരിക്കലും പപ്പയും മമ്മിയും ഇനി എന്നെ സ്നേഹിക്കില്ല. അവനോടുള്ള സ്നേഹം പതിന്മടങ്ങ് വർദ്ധിക്കുവാനും ഞാൻ തന്നെ കാരണമായി.

 

എനിക്ക് ദേഷ്യം സഹിക്കാൻ പറ്റിയില്ല . ഞാൻ അവിടെ കണ്ട  കസേര എടുത്തു മാർത്തയ്ക്ക് നേരെ വലിച്ചെറിഞ്ഞു.

 

കൃത്യസമയം ഒഴിഞ്ഞു മാറിയതുകൊണ്ട് അവർക്ക് അപായം ഒന്നും പറ്റിയില്ല. പിന്നെ കയ്യിൽ കിട്ടിയത് മേശപ്പുറത്തുള്ള കത്തി  ആയിരുന്നു. അത് എടുക്കാൻ ശ്രമിക്കുമ്പോഴേക്കും മാർത്ത കഴുത്തിലുള്ള കുരിശ്  മാല അഴിച്ച് എടുത്ത് എൻറെ നേരെ നീട്ടി.

 

അതോടെ എന്റെ എല്ലാ ശക്തിയും ക്ഷയിച്ചിരുന്നു. ഞാൻ മുന്നോട്ടു ചെന്നതും അവിടെയുള്ള എല്ലാ സെൻസറുകളും ഓണായി അലാറം അടിക്കാൻ തുടങ്ങി.

 

പപ്പ ആകെ പേടിച്ചിരുന്നു. എന്നെ കാണാൻ പറ്റില്ല എങ്കിലും അവർക്ക് എൻ്റെ സാന്നിധ്യം മനസ്സിലായിരുന്നു.

 

മാർത്തയുടെ കുരിശിന്റെ ശക്തി എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.

 

” ഡേവിഡ്.. നിന്നേ പോലുള്ള ആത്മാക്കൾക്ക് വിധിച്ചത് നരകമാണ്. ദൈവനാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.. എത്രയും പെട്ടെന്ന് നീ അവിടെ ചെന്നെത്തുക”

 

മാർത്തയുടെ കൈയിലുള്ള കുരിശ് കത്തിജ്വലിക്കുന്ന പോലെ തോന്നിയിരുന്നു.

 

 

അലക്സിന്റെ മരണശേഷം കാര്യങ്ങളൊന്നും ഞാൻ വിചാരിച്ചു പോലെയല്ല നടന്നത്. അവനില്ലാത്ത ഒരു ലോകം സന്തോഷത്തോടെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിൽ ഒരു അസുഖം തന്ന് ദൈവം എന്നെയും ഈ ലോകത്ത് നിന്ന് കൊണ്ടുപോയത്. മരണശേഷവും എനിക്ക് എൻറെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അവനെ തോൽപ്പിച്ച് പപ്പയുടെയും മമ്മയുടെയും സ്നേഹം സ്വന്തമാക്കാൻ എനിക്ക് സാധിച്ചില്ല”

 

 

മാർത്തയുടെയും കൂട്ടാളികളുടെയും മുന്നിൽ തോൽവി സമ്മതിച്ചുകൊണ്ട് ഞാൻ അവിടെ തന്നെ നിന്നു. ഈ വീട്ടിൽ നിന്നു എന്നേക്കുമായി പോകാനുള്ള സമയമായി എന്ന് ഞാൻ തിരിച്ചറിഞ്ഞു. ദേഹമാകെ ജ്വലിക്കുന്ന പോലെ തോന്നി. മറ്റൊരു ലോകത്ത് അവൻ്റെ ആത്മാവിനെ കണ്ട് മുട്ടിയാൽ തീർച്ചയായും അവനോട് പ്രതികാരം വീട്ടുമെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് മാർത്തയുടെ ആവശ്യപ്രകാരം ഞാൻ എന്നെന്നേക്കുമായി വീട് വിട്ടൊഴിഞ്ഞു.

 

 

( അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *