സൗമ്യ രാവിലെ ചായയുമായി ചെന്നിട്ടും മിണ്ടാതെ കിടക്കുന്ന സജീവേട്ടനെ കണ്ടപ്പോൾ ആദ്യം അവൾക്ക് ദേഷ്യമാണ് വന്നത്. എങ്കിലും ഒരു കുസൃതിച്ചിരിയോടെ അവൾ പറഞ്ഞു: “ദേ സജീവേട്ടാ കളിക്കണ്ടാട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട്. ഇന്നും ഉള്ളത് ഇങ്ങനെ ഓരോ കളിപ്പിക്കല്..” അതും പറഞ്ഞ് സജീവനെ തൊട്ടതും അവൾ ആകെ ഞെട്ടിപ്പോയി. ആൾ തണുത്ത് വിറങ്ങലിച്ച് കിടക്കുകയാണ്. എന്താണ് അയാൾക്ക് സംഭവിച്ചതെന്ന് പോലും അവൾക്ക് മനസ്സിലായില്ല. തൊട്ടടുത്ത് ഒന്നുമറിയാതെ കിടന്നുറങ്ങുന്നത് തന്റെ പൊന്നുമോൾ ആയിരുന്നു. ഉറക്കെ കരഞ്ഞതും അവളുടെ കരച്ചിൽ കേട്ട് മറ്റുള്ളവർ റൂമിലേക്ക് ഓടിയെത്തി. എല്ലാവരും കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് അറിഞ്ഞത് സൈലന്റ് അറ്റാക്ക് ആയിരുന്നു എന്ന്. രാത്രിയിൽ എപ്പോഴോ സംഭവിച്ചതാണ്. പക്ഷേ താൻ ഉറക്കത്തിൽ പെട്ടുപോയ കാരണം ഒന്നും അറിഞ്ഞില്ല. രാവിലെ പതിവുപോലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോവുകയും ചെയ്തു. ഇപ്പോൾ വന്നു നോക്കിയപ്പോഴാണ് സത്യം അറിഞ്ഞത്.
പിജി വരെ പഠിച്ചിട്ടുണ്ട് എങ്കിലും ജന്മനാ കിട്ടിയ തന്റെ മുറിച്ചുണ്ട് എന്നും തനിക്ക് ഒരു അഭംഗിയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹകമ്പോളത്തിൽ വലിയ മാർക്കറ്റ് ഒന്നും ഉണ്ടായിരുന്നില്ല. വരുന്ന ആലോചനകൾ മുഴുവൻ അതിന്റെ പേരിൽ മുടങ്ങി. ഇനി വിവാഹമേ വേണ്ട എന്നായിരുന്നു അവളുടെ തീരുമാനം. കാരണം ഓരോരുത്തരും വന്ന് ഈ കാരണം കൊണ്ട് ഒഴിവാക്കുമ്പോഴും തകർന്നിരുന്നത് അവളുടെ മനസ്സ് ആയിരുന്നു. പഠിക്കാൻ മിടുക്കി ആയിരുന്നതുകൊണ്ട് പിജിക്ക് ചേർന്നു. അവിടെ അടുത്തുള്ള ഒരു കടയിലായിരുന്നു സജീവേട്ടൻ ഉണ്ടായിരുന്നത്. സൗമ്യ കോളേജിലേക്ക് വരുന്നതും പോകുന്നതും അദ്ദേഹം കാണുന്നുണ്ടായിരുന്നു. ആദ്യം വെറും ഒരു ചിരിയിൽ ഒതുക്കി. പിന്നെ ഒരിക്കൽ എന്നോട് പറഞ്ഞു, തന്നെ ഒരുപാട് ഇഷ്ടമാണ് എന്ന്. തന്നെ കളിയാക്കുന്നതാവും എന്ന് കരുതി അവൾ അതിനെ വലിയ മൈൻഡ് ഒന്നും കൊടുക്കാൻ പോയില്ല. പക്ഷേ ഒരു ഒഴിവുദിവസം അദ്ദേഹം അച്ഛനെയും കൂട്ടി വീട്ടിൽ പെണ്ണ് ചോദിക്കാൻ വന്നപ്പോഴാണ് അതൊരു തമാശ ആയിരുന്നില്ല എന്ന് മനസ്സിലായത്. വല്ലാത്ത സന്തോഷം തോന്നി, ഈ തന്നെയും സ്നേഹിക്കാൻ ഒരാൾ! വീട്ടുകാർക്കാർക്കും എതിർപ്പുണ്ടായിരുന്നില്ല. ആർഭാടമായിത്തന്നെ വിവാഹം കഴിഞ്ഞു. പിന്നീടങ്ങോട്ട് സ്വർഗം പോലെ ജീവിതമായിരുന്നു. അദ്ദേഹം തന്നെ കൈവെള്ളയിലാണ് കൊണ്ടുനടന്നത്. എന്ത് ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു തരും. സ്നേഹിച്ചു കൊല്ലുക എന്നൊക്കെ പറഞ്ഞാൽ ഇതാണെന്ന് മനസ്സിലാക്കുകയായിരുന്നു അവൾ.
ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ മുതൽ അദ്ദേഹം പറയുന്നതായിരുന്നു ഇതൊരു പെൺകുഞ്ഞ് ആവുമെന്ന്. ഒരു മാലാഖയെപ്പോലെ ഒരു പെൺകുഞ്ഞ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അതുപോലെതന്നെ അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. അവൾക്ക് സായന്തന എന്ന പേരിട്ടതുപോലും അദ്ദേഹമാണ്. തന്റെയും മോളുടെയും ജീവിതം പോലും അദ്ദേഹമായിത്തീർന്നു. അങ്ങനെയുള്ള സമയത്താണ് ഇങ്ങനെയൊരു ദുരന്തം. സൗമ്യക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. എവിടെ നോക്കിയാലും അദ്ദേഹത്തിന്റെ സ്വരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലായിടത്തും അദ്ദേഹം മാത്രം. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല എന്ന് തോന്നി. ഒരു നിമിഷത്തിൽ ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അങ്ങനെയാണ് അവിടെയുണ്ടായിരുന്ന ഉറക്കഗുളികൾ മുഴുവനായി എടുത്തു കഴിച്ചത്. എന്തോ ഒരു ഭാഗ്യത്തിന് അമ്മ അത് കണ്ടുപിടിച്ചു. അവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി. വയറു കഴുകിയപ്പോൾ എല്ലാം നോർമലായി.
“എന്തിനാ എന്നെ രക്ഷപ്പെടുത്തിയത്?” എന്ന് കരഞ്ഞു ചോദിച്ചു അവൾ അമ്മയോട്. അമ്മ തന്റെ മോളെ തന്റെ അടുത്തിരുത്തിക്കൊണ്ട് പറഞ്ഞു: “ദാ ഇതാണ് കാരണം. ഇവളെന്ന്.” അവളുടെ കയ്യിൽ മുറുകെപ്പിടിച്ച് അമ്മ തുടർന്നു: “നിന്റെ അച്ഛൻ എന്നെ വിട്ടുപോകുമ്പോൾ നിനക്ക് എന്റെ വയറ്റിൽ മൂന്നുമാസമായിരുന്നു പ്രായം. എല്ലാവരും പറഞ്ഞതാണ് ഈ കുഞ്ഞിനെ ഒഴിവാക്കാൻ, അങ്ങനെ ഒഴിവാക്കിയാൽ ഇനി നിനക്കൊരു ജീവിതം ഉള്ളൂ എന്ന്. നിന്റെ അച്ഛൻ വളരെ കുറച്ചുകാലം എന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരായുസ്സ് മുഴുവൻ ഓർത്ത് ജീവിക്കാനുള്ള സ്നേഹം അദ്ദേഹം തന്നിരുന്നു. അദ്ദേഹത്തിന്റെ കുഞ്ഞിനെ അങ്ങ് ഇല്ലാതാക്കിക്കളയാൻ എനിക്ക് മനസ്സ് വന്നില്ല. നിന്നെ ഞാൻ പ്രസവിച്ചു വളർത്തി ഇത്രയും വലുതാക്കി. നിനക്കുവേണ്ടി മാത്രം ജീവിച്ചു. എന്നിട്ടിപ്പോൾ ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ നീ ഇങ്ങനെ ചെയ്തല്ലോ മോളെ.” അത് കേട്ടപ്പോൾ സൗമ്യക്ക് എന്തോ വല്ലാത്ത കുറ്റബോധം തോന്നി. അമ്മയെപ്പോലെ താൻ തന്റെ കുഞ്ഞിനെപ്പറ്റി ചിന്തിച്ചില്ലല്ലോ എന്ന് അവൾക്ക് തോന്നിപ്പോയി.
അമ്മ തുടർന്നു: “ഭർത്താവ് മരിച്ചെന്നു കരുതി ഇനി ഒരു ജീവിതം ഇല്ല എന്ന് കരുതരുത്. ദൈവം മനുഷ്യർക്ക് തന്ന ഏറ്റവും വലിയ ഒരു വരദാനമാണ് അവന്റെ മറവി. ഒരിക്കൽ നിനക്കും മറവി ലഭിക്കും. അപ്പോൾ നിനക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയും. ഇപ്പോൾ നീ നിനക്ക് ഇഷ്ടമുള്ളത്ര കരഞ്ഞോളൂ, ആശ്വാസം കിട്ടും. അന്ന് ഒരു പക്ഷേ നിനക്കൊരു ജീവിതം ആരെങ്കിലും വച്ച് നീട്ടാം. നിനക്ക് സമ്മതമാണെങ്കിൽ അത് സ്വീകരിക്കാം. അതിൽ തെറ്റൊന്നുമില്ല. ഇത് ജീവിതത്തിന്റെ നിയമമാണ് മോളെ. മരിച്ചവർക്കുവേണ്ടി കുറച്ച് സമയം ആരും ചെലവഴിക്കും. പക്ഷേ അതുകഴിഞ്ഞാൽ അവരും മറവിയിൽ പോകും. ഓർക്കുമ്പോൾ മാത്രം നോവ് തരുന്ന ഒന്നായി അത് മാറും. മറ്റൊരു വിവാഹം വേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു. പക്ഷേ നിനക്ക് അങ്ങനെ തോന്നിയാൽ ഒരിക്കലും മടിച്ചുനിൽക്കരുത്. ഈ ആശുപത്രിയിൽ നിന്ന് മറ്റൊരു ആളായിട്ട് വേണം നീ ഇറങ്ങി വരാൻ. സ്വന്തമായി ഒരു ജോലി കണ്ടുപിടിക്കണം. നിന്റെ സ്വന്തം കാലിൽ നിൽക്കണം. എന്നിട്ട് മോളെ നന്നായി നോക്കണം. അവളുടെ അച്ഛൻ കൂടെയുള്ളപ്പോൾ അവളെ എങ്ങനെ നോക്കി പരിപാലിക്കുമോ ആ രീതിയിൽ നീ ഒരു കുറവും വരാതെ അവളെ നോക്കണം. നാളെ ഒരുപക്ഷേ വളർന്ന് വലിയ ആളായാൽ അവൾ ഇതെല്ലാം മറന്ന് സ്വന്തം കാര്യം നോക്കി പോയേക്കാം. പക്ഷേ അന്നും നിനക്കായി ഒരു പിടിവള്ളി ദൈവം ഇട്ടു തന്നിരിക്കും. അദ്ദേഹം പോയപ്പോൾ മൂന്നുമാസം പ്രായമുള്ള നീ എന്റെ വയറ്റിൽ ഉണ്ടായിരുന്നത് പോലെ, നിന്റെ ഭർത്താവ് നിന്നെ വിട്ടുപോയപ്പോൾ ഈ പൊന്നുമോള് നിന്റെ കൂടെ ഉള്ളതുപോലെ…”
വല്ലാത്തൊരു ഊർജം ആയിരുന്നു അമ്മയുടെ വാക്കുകൾക്ക്. അമ്മ പറഞ്ഞതുപോലെ ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേറ്റത് പണ്ടത്തെ സൗമ്യ ആയിരുന്നില്ല. തീർത്തും പുതിയ വ്യക്തിയായിരുന്നു. അവൾക്കറിയാമായിരുന്നു ചെയ്തുതീർക്കാനുള്ള കടമ്പകൾ. ഒരിക്കൽപോലും തകർന്നിരിക്കരുത് എന്നൊരു നിശ്ചയദാർഢ്യവും അവൾക്കുണ്ടായിരുന്നു.
Jk