പെൺപിള്ളേർ കമ്പേൽ തുണി ചുറ്റിയത് പോലെ ഇരിക്കുന്നതാണോ സൗന്ദര്യം? സാരിയുടുത്തു തുടങ്ങുമ്പോൾ വല്ലതുമൊക്കെ വെച്ച് കെട്ടി

“ഹ്ഹോ! ഇവൾക്കൊരു മാറ്റവുമില്ലല്ലോ, ഇതെന്താ ചേച്ചി,

കാത്തൂന് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ ?”

 

കോളേജിൽ നിന്ന് എത്തിയ കാർത്തികയെ കണ്ടാണ് രേവതി ചിറ്റ അതിശയം കൊണ്ടത്.

ഒരുപാട് വർഷങ്ങൾ കൊണ്ട് കേട്ട് കാത് തഴമ്പിച്ചതാണെങ്കിലും ആരും അത് അവൾ കേൾക്കെ പറയുന്നത് കാത്തൂന് സുഖിക്കില്ലെന്ന് നന്നായി അറിയാവുന്നത് കൊണ്ട് രാധിക വേഗം വിഷയം മാറ്റി.

 

“നീ..ടിവിയും സിനിമയും ഒന്നും കാണാറില്ലേ രേവതി? ഇപ്പൊ വണ്ണം കൂടിയിട്ട് പലരും മെലിയാനുള്ള എക്സർസൈസ്‌ ചെയ്‌തും,

പട്ടിണി കിടന്നും തടി കുറയ്ക്കുവല്ലേ..”

 

“ചേച്ചി, അല്ലെങ്കിലും അവളെ സപ്പോർട്ട് ചെയ്‌തല്ലേ സംസാരിക്കൂ..

പെൺപിള്ളേർ കമ്പേൽ തുണി ചുറ്റിയത് പോലെ ഇരിക്കുന്നതാണോ സൗന്ദര്യം?

സാരിയുടുത്തു തുടങ്ങുമ്പോൾ വല്ലതുമൊക്കെ വെച്ച് കെട്ടി

നടത്തേണ്ടി വരും

ഇങ്ങനെ വളർത്തിയാൽ. നോക്കിക്കോ.!”

 

ഒന്നും മിണ്ടണ്ട എന്ന് കരുതിയതാണ്..

വല്ലപ്പോഴും കയറിവരുന്ന ചിറ്റയുടെ മുഖത്തു നോക്കി കടുപ്പിച്ചു പറയാനും ഒരു മടി !

പക്ഷെ നിർത്താൻ ഭാവമില്ലാതെ പറഞ്ഞു പറഞ്ഞു കാടു കയറിപ്പോകുന്നത് കേട്ടെത്ര നേരമിരിക്കും?

അമ്മയുടെ, അരുതേ..

എന്നുള്ള നോട്ടം ഒരുനിമിഷം അവൾ അവഗണിച്ചു.

 

“അതെയ്.. ഞാൻ സാരിയുടുക്കാൻ തുടങ്ങുമ്പോൾ വിളിച്ചു പറയാം ചിറ്റയോട്. അപ്പൊ കുറച്ചേറെ മാംസവും കൊണ്ടിങ്ങു പോന്നാൽ മതി വെച്ചു കെട്ടാൻ..”

 

” നീയെന്തൊക്കെ എന്നെ പറഞ്ഞാലും ശരി, എനിയ്ക്കീ കോലം കണ്ടിട്ട് പിടിക്കുന്നില്ല. പെൺപിള്ളേരായാൽ കുറച്ചു തൊലിയും, മിനുപ്പും മുഴുപ്പുമൊക്കെ വേണം..

അല്ലേലുണ്ടല്ലോ വീട്ടിൽ തന്നെ കെട്ടാമങ്കയായിട്ട് നിന്ന് ചെതലരിച്ചു പോകത്തെയുള്ളൂ..”

 

“എന്റെ രേവതീ, നീയവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാതെ..

അവൾക്ക് വേണ്ടത് ആവശ്യത്തിന് അവള് കഴിക്കുന്നുണ്ട്.

പിന്നെ, നീയും പണ്ട് ഇങ്ങനെയൊക്കെ തന്നെ ആയിരുന്നില്ലേ.

കല്യാണം കഴിഞ്ഞ് രണ്ട് പ്രസവിച്ചു കഴിഞ്ഞപ്പോഴല്ലേ നിനക്കും

ഈ കാണുന്ന

തണ്ടും തടിയുമൊക്കെ വെച്ചത്..? ”

 

രേവതിയുടെ നാവിറങ്ങിപ്പോയി.

ഈ ചേച്ചി ഇപ്പോഴും ഇതൊക്കെ പറയുന്നത് എന്തിനാ?

ചിറ്റയുടെ, നാവിനെല്ലില്ലാത്ത മറുപടി കേൾക്കാൻ താല്പര്യമില്ലാത്തതിനാൽ കാർത്തിക

പെട്ടന്ന് മുറിയിലേയ്ക്ക് പോയി.

അപ്പോഴും, ആരോടൊക്കെയോ ഉള്ള കലിപ്പ് മനസ്സിൽ മുരണ്ടു കൊണ്ടിരുന്നു.

 

മെലിഞ്ഞിരിക്കുന്നു, ഒട്ടിയിരിക്കുന്നു, കഴിക്കുന്നതൊക്കെ എല്ലിന്റെ എടേൽ കേറുന്നതാണോ,

നല്ല മനസ്സ് ഉണ്ടാവണം,

എങ്കിൽ പച്ച വെള്ളം കുടിച്ചാലും തടിക്കും എന്നൊക്കെയുള്ള പരിഹാസങ്ങളും ഉപദേശങ്ങളും ഏതൊക്കെ രൂപത്തിലും ഭാവത്തിലും എത്ര വട്ടം കേട്ടിരിക്കുന്നു.

 

അമ്മയ്ക്കും അച്ഛനും അനിയനുമൊക്കെ ആവശ്യത്തിന് തടിയുണ്ടല്ലോ പിന്നെന്താ നീ മാത്രം ഇങ്ങനെ ഉണക്കക്കമ്പു പോലെയായത് എന്നാണ് കാണുന്നവർക്കൊക്കെ അറിയേണ്ടത്!

 

പാവം അമ്മ! തന്നെ ഒന്ന് നന്നാക്കിയെടുക്കാൻ എന്തെല്ലാം നോക്കുന്നു. പലരുടെയും ഉപദേശങ്ങൾ കേട്ട് അതൊക്കെ പരീക്ഷിച്ചു താനിപ്പോൾ അമ്മയുടെ ഒരു പരീക്ഷണ വസ്തുവായിക്കഴിഞ്ഞിരിക്കുന്നു !

 

പല ആയുർവേദ ഡോക്ടേർസിനേയും കാണിച്ചു. അവരൊക്കെ പറഞ്ഞത് മെലിഞ്ഞിരിക്കുന്നത് കൊണ്ട് അത് ഒരു അസുഖമാണെന്നാണ് പലരുടെയും ധാരണ.പക്ഷെ മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കിൽ തനിയെ തടി വന്നുകൊള്ളും. പാരമ്പര്യവും ശരീര പ്രകൃതിയുമൊക്കെ കൊണ്ട് പലരും മെലിഞ്ഞിരിക്കുമെങ്കിലും അവരാരും ആരോഗ്യം ഇല്ലാത്തവരല്ലത്രെ..

ആരോട് പറയാൻ ?

 

പെണ്ണിന് വണ്ണമില്ലെന്ന പേരിൽ കെട്ടാ മങ്കയായി നിന്ന് പോകുമത്രെ!!

 

ചിറ്റയുടെ വാക്കുകൾ പിന്നെയും പിന്നെയും ദേഹത്തേയ്ക്ക് എടുത്തെറിഞ്ഞ ഒരു സർപ്പത്തെപോലെ പുളയുകയും ഇഴയുകയും ചെയ്യുന്നു.

കല്യാണം മാത്രമല്ലല്ലോ ഒരു പെണ്ണിന്റെ അവസാന വാക്കും, ജീവിത ലക്ഷ്യവും!

 

പിന്നെപ്പിന്നെ, ആരെന്തു പറഞ്ഞാലും മറുപടി ഒരു ചിരിയിൽ ഒതുക്കി. വണ്ണമുളളവരുടെ പ്രയാസങ്ങൾ കണ്ട് മനസ്സിനെ ലഘൂകരിക്കാൻ ശ്രമിച്ചു.

 

“കാർത്തിക നീ ഭാഗ്യവതിയാണ്. നോക്കിക്കേ ഞങ്ങളുടെ ഒക്കെ ശരീരം ഇപ്പൊ തന്നെ എന്തൊരു ഫാറ്റാണ്.

ഇനി ഒരു കല്യാണം കൂടി കഴിഞ്ഞാലുള്ള അവസ്ഥ ഒന്നോർത്തു നോക്ക്..”

 

അതിനിടയിലും പോസിറ്റീവ് ആയ ഉപദേശങ്ങൾ തരാനും ആളുകളുണ്ടായിരുന്നു.

 

ഒരു കുട്ടി ജനിച്ചു വീഴുമ്പോൾ മുതൽ അവന്റെ അമ്മയ്ക്ക് കുട്ടിയെ എങ്ങനെ വളർത്തണം,

എന്തൊക്കെ കൊടുക്കണം, എങ്ങനെ പാല് കൊടുക്കണം, ഉറക്കണം,

മുലപ്പാൽ കുറഞ്ഞാൽ എന്തൊക്കെ ചെയ്യണം, ഇനി പാല് കുടി മാറ്റാൻ അതിനും മരുന്നുകൾ..

ഉപദേശങ്ങൾ കൊടുക്കാൻ ജ്ഞാനികളായ ബന്ധുക്കളുടെ

തിക്കും തിരക്കുമാണ്.

 

കുഞ്ഞു കറുത്ത് പോയാൽ അതിനെ വെളുപ്പിച്ചെടുക്കാനും ഉണ്ട് ഉപദേശം !

ഇനി വണ്ണമില്ലെങ്കിൽ വിഷമിക്കേണ്ട മരുന്നുകളുടെ വിവിധ തരത്തിലുള്ള കുറിപ്പടികളുണ്ട് കയ്യിൽ..

ഇതെന്തൊരു ലോകം ??

കാർത്തുവിന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

ആരുടെയും ഉപദേശങ്ങളിൽ ചവിട്ടി വീഴാതിരിക്കാൻ എന്തെങ്കിലും മരുന്നുണ്ടാവുമോ ആവോ!!

 

“നീയിനിയെങ്കിലും ആളുകളെക്കൊണ്ട് അതുമിതുമൊക്കെ പറയിപ്പിക്കാതെ കയ്യിൽ കിട്ടുന്നതൊക്കെ എടുത്തു കഴിക്കാൻ നോക്ക്..”

 

ചിറ്റയുടെ ബ്രെയിൻ വാഷിന്റെ ഫലം അമ്മയുടെ മുഖത്തും സംസാരത്തിലും കണ്ടു തുടങ്ങിയതോടെയാണ് അവൾക്കും വാശി തോന്നിയത്. അന്നത്തെ ആ വാശി കാർത്തികയെ കൊണ്ടെത്തിച്ചത് ഒരുപാട് കടമ്പകൾക്കപ്പുറം ഒരുയർന്ന പൊസിഷനിലായിരുന്നുവല്ലോ !

 

“ആളെങ്ങനെ ഇരുന്നാലെന്താ, ഏത് കേസും പുഷ്പം പോലെയല്ലേ ജയിപ്പിക്കുന്നത്! ”

 

കാർത്തിക കൃഷ്ണൻ എന്ന അഡ്വക്കേറ്റിന്റെ ഒരു തീയതിയ്ക്കായി ആളുകൾ അവളുടെ ഓഫീസിൽ കാത്തിരിക്കാൻ തുടങ്ങിയപ്പോൾ, പണ്ടവളുടെ രൂപത്തെ കുറിച്ച് വിമർശിച്ചവരെല്ലാം ഇന്ന്,

കാഴ്ചയിലല്ലല്ലോ കാര്യം എന്ന് തിരുത്തിപ്പറഞ്ഞു തുടങ്ങി അല്ലെങ്കിൽ അവൾ പറയിപ്പിച്ചു എന്നതാവും ശരി..

 

തിരക്ക് പിടിച്ച ജീവിതത്തിനിടയിലൂടെ ഋതുഭേദങ്ങൾ ഒരുപാട് കടന്നു പോയിരുന്നു !

 

” ഡോ, ഈയിടെയായിട്ട് താൻ ശരീരം പോലും ശ്രദ്ധിക്കുന്നില്ല കേട്ടോ..

ഇനി കുറച്ച് എക്സർസൈസ് ഒക്കെയാവാം..

വയറൊക്കെ ചാടിത്തുടങ്ങി !”

 

തിരക്കിട്ടു കോടതിയിലേയ്ക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് അതാ ഭർത്താവിന്റെ കമന്റ്‌ !

 

അതുകേട്ട് ചിരിക്കണോ കരയണോ എന്ന് ഒരു നിമിഷം അവളോർത്തു.

രേവതി ചിറ്റയെ ഒന്ന് കാണാൻ പോകണം. ചിറ്റയ്ക്കും തരാൻ ഉണ്ടാവുമല്ലോ

ഇനി പുതിയ എന്തെങ്കിലും ഉപദേശങ്ങൾ !!

 

ശാലിനി മുരളി ✍️

Leave a Reply

Your email address will not be published. Required fields are marked *