നമ്മുടെ സെക്ഷ്വൽ ലൈഫ്യാടി ഇവരുടെയൊക്കെ പ്രശ്നം… ‘ ഞാൻ പറഞ്ഞതാണ്. ആലീസ് മിണ്ടിയില്ല.

വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പറയുന്നത് വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ശ്രദ്ധിച്ചാൽ തന്നെ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടുമില്ല. ഒരു ഉടലേ ഉള്ളൂവെങ്കിലും തലകൾ രണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഞങ്ങളായത്. ക്ഷമിക്കണം. പരിചയപ്പെടുത്താൻ മറന്നു. ഞാൻ അന്ന. ഇവൾ ആലീസ്. ഞങ്ങൾ സയാമീസ് ഇരട്ടകളാണ്.

 

ഈ ജന്മം ഭാഗ്യമാണോ, ദുരിതമാണോയെന്ന് ചോദിച്ചാൽ നിലവിൽ ഭാഗ്യമെന്ന് തന്നെ പറയാം. സുഖ ദുഃഖങ്ങൾ ആപേക്ഷികമല്ലേ… കയറ്റവും ഇറക്കവും പോലെ… ഞങ്ങൾ ആനന്ദത്തിലാണ്. എല്ലാ മനുഷ്യരിലും ഉള്ളത് പോലെ തന്നെയാണ് ഉണർവ്വുകളും, ഉന്മാദങ്ങളും. എന്നിട്ടും, എന്തുകൊണ്ടാണ് വിവാഹമെന്ന് വന്നപ്പോൾ ഞങ്ങളെ ഇത്രത്തോളം ആഘോഷിക്കുന്നത്. ആശംസകൾ അറിയിക്കാൻ ആണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. പക്ഷേ, ഈ മനുഷ്യർ അതല്ലല്ലോ ചെയ്യുന്നത്…

 

‘ഞാൻ പറഞ്ഞതല്ലേ… ആരെയും അറിയിക്കേണ്ടായെന്ന്.. ഇപ്പോൾ എന്തായി… കളിയാക്കുകയല്ലേ…!’

 

ആലീസ് പറഞ്ഞു. കല്യാണപ്പെണ്ണ് കരയാൻ പാടില്ലെന്ന് പറഞ്ഞ് ഞാൻ അവൾക്കൊരു ഉമ്മ കൊടുത്തു. പെണ്ണിന്റെ സന്തോഷമൊന്ന് കാണേണ്ടത് തന്നെയായിരുന്നു. എനിക്ക് എന്നെ തന്നെ ചുംബിക്കാൻ കഴിയുന്നുവെന്ന് പറയുമ്പോൾ ഓർത്ത് നോക്കൂ… സാധാരണ തലകൾക്ക് അത് ഉൾക്കൊള്ളാനുള്ള ബോധമുണ്ടോ…

 

‘നമ്മുടെ സെക്ഷ്വൽ ലൈഫ്യാടി ഇവരുടെയൊക്കെ പ്രശ്നം… ‘

 

ഞാൻ പറഞ്ഞതാണ്. ആലീസ് മിണ്ടിയില്ല. അവൾക്ക് അല്ലെങ്കിലും പ്രയാസങ്ങളെ നേരിടാൻ അറിയില്ല. മറികടന്ന പ്രതിസന്ധികളെ എണ്ണിയെണ്ണി പറഞ്ഞപ്പോൾ പെണ്ണിന് ഇത്തിരി ധൈര്യം വന്നു. ജനിച്ചപ്പോൾ വർഷം തികയ്ക്കില്ലെന്ന് പറഞ്ഞ രണ്ട് തലകളാണ് ഇപ്പോൾ ഇങ്ങനെ നിവർന്ന് നിൽക്കുന്നത്. പ്രധാനപ്പെട്ട ശരീരാവയവങ്ങൾ രണ്ട് പേർക്കും ഒന്നായത് കൊണ്ട് വെവ്വേറെയുള്ള ജീവിതം ഞങ്ങൾക്ക് അസാധ്യമാണ്.

 

ഗർഭധാരണത്തിന്റെ ആദ്യനാളുകളി‍ലാണ് ഭ്രൂണം വിഘടിക്കുന്നത്. ഇത് പൂർണ്ണമായി നടക്കാതെ വിഭജനം അവസാനിക്കുമ്പോഴാണ് ഞങ്ങളെ പോലെയുള്ള സയാമീസ് ഇരട്ടകൾ ഉണ്ടാകുന്നത്. ആദ്യകാലങ്ങളിൽ മമ്മയ്ക്ക് വലിയ പ്രയാസമുണ്ടായിരുന്നു. പപ്പയുടെ ബുദ്ധിമുട്ടും കണ്ടതാണ്. ഓർമ്മവെച്ച കാലം തൊട്ട് ആലീസിനും വിഷമമായിരുന്നു. എന്ത്‌ കൊണ്ടായിരിക്കും ഞങ്ങൾ ഇങ്ങനെ ആയതെന്ന് ചോദിച്ച് അവൾ വിലപിക്കും. എന്നാൽ, എന്റെ അവസ്ഥ മറിച്ചാണ്. ഞാൻ ഞങ്ങളാണെന്ന് പറയുന്നതിലെ ഭംഗി ആസ്വദിക്കുകയാണ്.

 

പത്ത് വയസ്സുള്ളപ്പോൾ ഞങ്ങളൊന്ന് കുഴഞ്ഞ് വീണിരുന്നു. അത് എന്നെയും സാരമായി ബാധിച്ചു. ആത്മവിശ്വാസമാണ് ഏറ്റവും വലിയ മരുന്നെന്ന് ചികിൽസിക്കുന്ന ഡോക്റ്റർ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. ജീവിക്കണമെന്ന തോന്നൽ ശക്തമായി തലയിൽ കൊണ്ടു. ആവും പോലെയൊക്കെ ആലീസിലേക്കും പകർന്നു. അവൾക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ വായിച്ചാൽ മതി. കിടക്കുമ്പോൾ അതൊക്കെ എന്നോട് പറയും. അവളുടെ കഥ പറച്ചിൽ രസമാണ്.

 

മ്യൂസിക് ക്ലാസ്സിൽ വെച്ചാണ് പരിചയപ്പെടാൻ വന്ന ഒരുവനുമായി ആലീസ് സൗഹൃദത്തിൽ ആകുന്നത്. നമ്മുടെ പ്രൈവസി പോകുമെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ, അവർക്ക് തമ്മിൽ പിരിയാൻ പറ്റില്ലെന്ന് തോന്നി. അത്രത്തോളം നേരം ഞാൻ ഉണ്ടായിട്ടും അവനോട് യാതൊന്നും എനിക്ക് തോന്നിയിരുന്നില്ല. പ്രണയിക്കാനുള്ള തല അവൾക്കും, പ്രതിരോധിക്കാനുള്ളത് എനിക്കും ആണെന്ന് തോന്നുന്നു.

 

എന്തായാലും, ജീവിതം ആസ്വദിക്കുകയെന്നേ ചിന്തിക്കുന്നുള്ളൂ… സ്നേഹിക്കുന്നവർ സ്നേഹിക്കട്ടെ… പ്രണയിക്കട്ടെ… അത്തരം വിചാരങ്ങൾ എന്റെ തലയിലും തൊടട്ടെ… അല്ലെങ്കിലും, ശാരീരികമായി പരസ്പരം ഒട്ടി ചേർന്നില്ലെങ്കിലും ബന്ധങ്ങളെന്ന് വന്നാൽ മനുഷ്യർ സയാമീസ് ഇരട്ടകൾ തന്നെയാണല്ലോ… അടർത്തിയെടുക്കാൻ പറ്റാത്ത വിധത്തിൽ പറ്റിച്ചേരുമല്ലോ…

 

ആഗ്രഹം പോലെ വിവാഹം കഴിക്കാൻ അങ്ങനെയൊക്കെയാണ് ആലിസ് തീരുമാനിക്കുന്നത്. എന്റെ പൂർണ്ണ പിന്തുണയുള്ളത് കൊണ്ട് അവൾ അതീവ സന്തോഷത്തിലുമാണ്. ആ ആഹ്ലാദമാണ് ജനങ്ങൾക്ക് മുമ്പിൽ പങ്കുവെച്ചത്. എല്ലാവർക്കും സന്തോഷമാകുമെന്ന് കരുതി. പക്ഷേ, ഏറെ പേർ… ഏറെയെന്ന് പറഞ്ഞാൽ ഏറെയേറെ പേർ കളിയാക്കുന്നു. എല്ലാ കണ്ണുകളും ഞങ്ങളുടെ ആകൃതി തെറ്റിയ ശരീരത്തിലേക്കാണ്. ഒരാൾക്ക് മാത്രമായി എങ്ങനെ ലൈംഗീകമായി ബന്ധപ്പെടാൻ പറ്റുമെന്ന സംശയത്തിലേക്കാണ്…

 

‘ആലീസെ… നമ്മള് ഇത്രേം കാലം ജീവിക്കുമെന്ന് തന്നെ ആരും കരുതിയിട്ടില്ല. അങ്ങനെയുള്ളപ്പോൾ, മറ്റുള്ളവർ എന്ത് കരുതിയാലും നമുക്കെന്താ…!’

 

അവൾ മൂളി. വിവാഹശേഷം ആലീസും, അവളുടെ പ്രണയവും തമ്മിൽ ബന്ധപ്പെടുന്ന രംഗം മാത്രമേ ഈ പറയുന്നവരൊക്കെ ഓർക്കുന്നുള്ളൂ. ആ നേരം എന്റെ തലയിൽ ഓർഗാസം ഉണ്ടാകുകയോ ഇല്ലാതിരിക്കുയോ ചെയ്യട്ടെ… എനിക്ക് ഇല്ലാത്ത വ്യാകുലത എന്തിനാണ് മറ്റുള്ളവർക്ക്! നമ്മളൊക്കെ എത്രത്തോളം ക്ഷണികമാണെന്ന് അറിയാത്തത് കൊണ്ടാണോ… അതോ, അപരനിലേക്ക് എത്തി നോക്കാനാണ് ജീവിതമെന്ന് തോന്നുന്നത് കൊണ്ടോ…!

 

എന്തായാലും, എനിക്ക് വിഷയമല്ല. ആലീസിന് വേദനിച്ചത് കൊണ്ട് കുറിച്ചെന്നേയുള്ളൂ… സാധിച്ചാൽ. വിവാഹത്തിന് വരുക. അവളെ അനുഗ്രഹിക്കുക. മറ്റൊരു ഭാരിച്ച കാര്യവും തിരക്കേണ്ട ആവിശ്യമില്ല. ഞങ്ങൾ ആനന്ദത്തിലാണ്. എല്ലാവരിലും കൂടുതൽ ഉണർവ്വുകളും ഉന്മാദങ്ങളും ഉണ്ടോയെന്ന സംശയമേ ഞാനെന്ന ഞങ്ങൾക്ക് നിലവിലുള്ളൂ…!!!

 

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *