പെൺകുട്ടികളിൽ ഇവൾക്ക് മാത്രം എന്താണ് ഇത്ര പുതുമ.. അവളുടെ മൂത്തതുങ്ങൾ പത്തു വരെ പോലും പോയിട്ടില്ല.

” അത് നടക്കില്ല സുഭദ്രേ…ചന്ദ്രോത് വീട്ടിലെ പെൺകുട്ടികളിൽ ഇവൾക്ക് മാത്രം എന്താണ് ഇത്ര പുതുമ.. അവളുടെ മൂത്തതുങ്ങൾ പത്തു വരെ പോലും പോയിട്ടില്ല… അതുകൊണ്ട് എന്താ 18 തികയുന്നതിന് മുൻപ് നല്ല ബന്ധം കണ്ടെത്തി രണ്ട് എണ്ണത്തിനെയും കെട്ടിച്ചുവിട്ടത് കൊണ്ട് സുഖമായി ജീവിക്കുന്നു.. ”

 

രാമചന്ദ്രൻ ഭാര്യയുടെ മുഖത്തുനോക്കി കട്ടായം പറയുമ്പോൾ അവർ പല്ലുകടിച്ചുകൊണ്ട് മുഖം വെട്ടിച്ചു…

 

” ഒരു സുഖ ജീവിതം..അവടൈടെ കഷ്ടപാട് ആ പാവങ്ങൾക്ക് അറിയാം.. സമയത്തിന് രണ്ടക്ഷരം പഠിപ്പിച്ചിരുന്നെങ്കിൽ സ്വന്തം കാലിൽ എങ്കിലും നിൽക്കാൻ കഴിഞ്ഞേനെ അതുങ്ങള്ക്.. ”

 

അയാളോടുള്ള അമർഷവും എന്നാൽ ഭയവും കാരണം പതുക്കുകയാണ് അവർ അത് പറഞ്ഞത്..

 

” നീ എന്തെങ്കിലും പറഞ്ഞായിരുന്നോ സുഭദ്രെ.. ”

 

അയാൾ അവരെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിക്കുമ്പോൾ അവർ പെട്ടെന്ന് തന്നെ കഴുത്തിലെ വിയർപ്പ് ഒപ്പി കൊണ്ട് അയാളെ നോക്കി..

 

” അത് വല്യവള്മാരേ പോലെ അല്ലല്ലോ രാജി മോള്… അവള് പഠിക്കാൻ മിടുക്കി അല്ലേ.. പത്തിലും പ്ലസ്ടുവിനും നല്ല മാർക്ക് മേടിച്ചാണ് ജയിച്ചത്… അവളുടെ മൂത്ത നിങ്ങടെ രണ്ടാമത്തെ മകനു പോലും അത്രയും മാർക്ക് കിട്ടിയിട്ടില്ല… ”

 

 

അവർ ആ പെൺകുട്ടിക്ക് വേണ്ടി വാദിക്കുമ്പോൾ അയാൾ ഉമ്മറത്തിരിക്കുന്ന കോളാമ്പിയിലേക്ക് നീട്ടി ഒന്ന് തുപ്പി..

 

” അത് കൊണ്ട് ആണ് അവളെ ഇത്രയും എങ്കിലും പഠിപ്പിക്കാൻ ഞാൻ തയ്യാറായത്.. അല്ലെങ്കിൽ പത്തിൽ വെച്ച് തന്നെ പഠിപ്പ് നിർത്തി ഒരുത്തനെ കൊണ്ട് കെട്ടിച്ചു വിട്ടേനെ.. പിന്നെ കൂടുതൽ മോഹം ഒന്നും വേണ്ട എന്ന് പറഞ്ഞേക്ക് അവളോട്… പെൺപിള്ളാരെ കൂടുതൽ പഠിപ്പിച്ചാൽ നഷ്ടം നമുക്ക് തന്നെയാണ്… പഠിപ്പിക്കാനും കാശുണ്ടാക്കണം കെട്ടിച്ചു വിടാനും കാശുണ്ടാക്കണം… അതിനൊന്നും ഉള്ളത് എന്റെ കയ്യിൽ ഇല്ല…. ”

 

 

” അപ്പോൾ നിങ്ങടെ മോനെ എഞ്ചിനീയറിങ്ങിന് പഠിപ്പിച്ചതൊ..? അതുപോലെയല്ലേ അവളും… അവൾക്കും കാണില്ലേ മോഹങ്ങൾ.. ”

 

അവൾക്ക് വേണ്ടി വീണ്ടും വാദിച്ചു അവർ..

 

” അയ്യടി മോളെ…, അവനെ പഠിപ്പിച്ചത് കൊണ്ട് എനിക്ക് ഗുണമുണ്ട്… മാസ മാസം അവൻ അയക്കുന്ന കാശ് എന്റെ കീശയിലേക്കാണ് വരുന്നത്.. പഠിപ്പിച്ചത് മൊത്തം ഞാൻ മുതലാക്കുന്നുണ്ട്… രണ്ടു പെമ്പിള്ളാരെ കെട്ടിച്ചു വിട്ടതിന്റെ നഷ്ടം ഞാൻ നികത്തുന്നത് തന്നെ അവനിലൂടെ ആണ്… ഇനി ഇവളെ കെട്ടിച്ചു വിടാനും ഞാൻ കാശുണ്ടാക്കണം… നീ എന്തായാലും അവളോട് ഒരുങ്ങി ഇരിക്കാൻ പറ വൈകുന്നേരം ഒരു കൂട്ടര് വരും അവനെ കാണാൻ കൊള്ളാമെങ്കിൽ ഞാൻ അത് ഉറപ്പിക്കും.. ”

 

 

രാമചന്ദ്രൻ കട്ടായം പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ സുഭദ്രയ്ക്കും മറുപടിയൊന്നും ഇല്ലായിരുന്നു.. അയാളുടെ പെൺമക്കളോടുള്ള മനോഭാവം അവർക്ക് നന്നായി അറിയാം…

 

കണ്ണുനീർ പോലും പൊരിക്കാൻ കഴിയാതെ അവർ അകത്തേക്ക് ചെല്ലുമ്പോൾ കാണുന്നത് പുറത്തു നടക്കുന്ന സംഭാഷണങ്ങളെല്ലാം കേട്ടുകൊണ്ട് താൻ വാങ്ങിക്കൂട്ടിയ സർട്ടിഫിക്കറ്റുകളും നെഞ്ചിൽ ചേർത്ത് വെച്ചിരിക്കുന്ന രാജിയെ ആണ്..

 

” മോളെ… അമ്മ പറഞ്ഞു നോക്കി അച്ഛൻ സമ്മതിക്കുന്നില്ല…”

 

അവർ പറയുമ്പോൾ നിസ്സഹായയായി അവൾ അവരെ ഒന്നു നോക്കി..

 

” ഒരു കാര്യം ചെയ്യ് നമുക്ക് രമേശനോടൊന്ന് പറഞ്ഞു നോക്കാം.. അവന് പഠിപ്പും ജോലിയും ഉള്ളതല്ലേ.. അവന്റെ ഇളയ പെങ്ങളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം അവനും കൂടി ഉള്ളതല്ലേ…ഞാൻ ഒന്ന് പറഞ്ഞു നോക്കാം…”

 

 

അവരുടെ ആ വാക്കിൽ അവളുടെ ഉള്ളിൽ എന്തൊക്കെയോ പ്രതീക്ഷകൾ തെളിഞ്ഞു വന്നു… പക്ഷേ ആ പ്രതീക്ഷകൾ അസ്തമിക്കാൻ അധികം സമയം വേണ്ടി വന്നില്ല… അച്ഛനെ എതിർക്കാൻ തനിക്ക് കഴിയില്ല എന്ന് രമേശൻ അമ്മയുടെ മുഖത്ത് നോക്കി പറയുമ്പോൾ രാജിക്ക് അവളുടെ സ്വപ്നങ്ങൾ കൊഴിഞ്ഞു വീഴുന്നത് മനസ്സിലാക്കാൻ കഴിയുമായിരുന്നു…

 

 

വൈകുന്നേരം ആയപ്പോൾ അച്ഛൻ പറഞ്ഞതുപോലെ ഒരു കൂട്ടർ അവളെ കാണാൻ വന്നു… ചന്ദ്രോത്ത് വീട്ടിൽ രാമ ചന്ദ്രന്റെ വാക്കുകൾ നിഷേധിക്കാൻ കഴിയാത്തത് കൊണ്ട് വന്നവരുടെ മുമ്പിൽ അവളും ഒരുങ്ങി നിന്നു ….

 

” പയ്യൻ ഓട്ടോ ഡ്രൈവർ ആണ്… നാലു പുത്തൻ ഉണ്ടാക്കാൻ ഒരു മടിയും ഇല്ലാത്തവനാണ്… പെണ്ണിന് ഒരു കുറവും ഉണ്ടാവില്ല.. ”

 

ചെറുക്കന് ഒപ്പം വന്ന ഒരു കാരണവർ ഉണ്ണിയപ്പം കടിച്ചു കൊണ്ട് പയ്യനെ പുകഴ്ത്തി പറയുമ്പോൾ അവൾ അയാളെ പാളി ഒന്ന് നോക്കി…

 

സുന്ദരൻ ആണ്… മുഖത്ത് തെളിഞ്ഞു നിൽക്കുന്ന ചിരി… എങ്കിലും ഇനിയുള്ള കാലം സ്വപ്നങ്ങളെല്ലാം ത്യാചിച്ചു അയാളുടെ കാലത്ത് ചുവട്ടിൽ കിടക്കേണ്ടി വരും എന്ന് ഓർത്തപ്പോൾ അവളുടെ ഹൃദയം വിങ്ങി പൊട്ടി..

 

എതിർക്കാൻ അവകാശമില്ലാത്ത ആ പെണ്ണിന്റെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത ആ ചങ്ങല വീഴാൻ അധികം ദിവസം വേണ്ടിവന്നില്ല….

 

ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ ഒന്ന് യാത്ര പറഞ്ഞ് കെട്ടിപ്പിടിക്കാൻ പോലും അയാൾ വന്നില്ല… ഭാരം ഒഴിച്ച് വിടുന്നത് പോലെയുള്ള ആത്മസംതൃപ്തിയായിരുന്നു രാമചന്ദ്രന്റെ മുഖത്ത്… രമേശിന്റെ ചുണ്ടിൽ ആണെങ്കിൽ ഗൂഡമായ ഒരു മന്ദസ്മിതവും… ഒരു പക്ഷെ മൂത്ത സഹോദരിമാരെ പോലെ ഈ സഹോദരിയും ഒഴിഞ്ഞു പോകുന്നതിനുള്ള സന്തോഷമായിരിക്കാം അയാൾക്കും…

 

അധികം കാശ് ഒന്നുമില്ലാത്ത ഒരു വാടക കാറിൽ അയാൾക്കൊപ്പം അയാളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു വീടിന്റെ വലത് ഭാഗത്ത്‌ നീല ടാർപ്പ കൊണ്ട് കെട്ടിയ ചെറിയ ഷെഡിന് താഴെ കിടക്കുന്ന ഓട്ടോ…. ഇനിയുള്ള അവളുടെ ജീവിതം നിർണയിക്കുന്നത് അവനാണ്…

 

” ഇറങ്ങിന്നില്ലേ..? ”

 

അയാളുടെ ചോദ്യം കേട്ടപ്പോഴാണ് അവൾ ഞെട്ടലോടെ നോക്കുന്നത്… ചെറുപുഞ്ചിരിയോടെ കാറിൽ നിന്നും ഇറങ്ങാൻ തയ്യാറായി ഇരിക്കുകയാണ് അയാൾ….

 

മെല്ലെ ഒന്ന് തലകുലുക്കിയതും അയാൾ പുറത്തിറങ്ങി അവൾക്ക് വേണ്ടി ആ ഡോർ തുറന്നു പിടിച്ചു…. പുറത്തിറങ്ങുമ്പോൾ കണ്ടു സാധാരണ ഒരു കല്യാണവീട്ടിൽ ഉള്ളതുപോലെയുള്ള ആൾക്കൂട്ടം….

 

” നന്ദന്റെ ഭാഗ്യമാണ് ഈ ബന്ധം… ചന്ദ്രോത്ത് തറവാട് എന്താ നിസാരമാണെന്ന് ആണോ…. അവിടുന്ന് ഒരു പെണ്ണ് കാലെടുത്തു വെച്ചാൽ തന്നെ കുടുംബത്ത് മഹാഭാഗ്യമാണ് സംഭവിക്കാൻ പോകുന്നത്..”

 

വെറ്റില മുറുക്കാൻ മുറുക്കിക്കൊണ്ട് പ്രായംചെന്ന അമ്മായി പറയുന്നത് അവളുടെ കാതിലേക്ക് പതിച്ചു..

 

” ഭാഗ്യം… മ്മ്ഹ്.. ”

 

അവൾ ചുണ്ടെന്നു കോട്ടി…

 

ആരൊക്കെയോ വന്നു പരിചയപ്പെട്ടു… നന്ദിൻ എന്നാണ് അയാളുടെ പേര് എന്നുപോലും അവൾ മനസ്സിലാക്കിയത് അപ്പോഴാണ്…

 

വൈകുന്നേരം കുളിച്ചു മാറ്റി വന്നപ്പോൾ നന്ദന്റെ അമ്മ അവളുടെ കയ്യിലേക്ക് ഒരു ഗ്ലാസ് പാൽ എടുത്തു കൊടുത്തു..

 

” ചെല്ല് മോളെ… അവൻ അവിടെ കാത്തിരിക്കുന്നുണ്ടായിരിക്കും… കിഴക്കുവശത്തെ ഗോവണി വഴി മുകളിൽ ചെന്നാൽ ആദ്യം കാണുന്ന മുറിയാണ് നിങ്ങളുടെത്… ”

 

അവർ വഴി ചൂണ്ടിക്കാണിച്ചു… അല്ലെങ്കിലും ആരൊക്കെയോ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നടക്കാൻ ആണല്ലോ അവളുടെ വിധി…

 

ഗോവണി കടന്ന് ആ മുറിയുടെ മുൻപിൽ എത്തുമ്പോൾ അത് അടഞ്ഞു കിടക്കുകയാണ്… പതുക്കെ അവൾ അത് തള്ളി തുറന്നു… മുട്ടി നോക്കാൻ ഒന്നും നിന്നില്ല…അകത്ത് ചെല്ലുമ്പോൾ അവിടെയെങ്ങും ആരെയും കാണാനില്ല… അവൾ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു… അറ്റാച്ച്ഡ് ബാത്റൂം ആണ്.. അതിനുള്ളിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.. അയാൾ കുളിക്കുകയാണ് …

 

അമ്മ കൊടുത്തുവിട്ട പാൽ ടേബിളിലേക്ക് വെച്ചുകൊണ്ട് അവൾ തിരിയുമ്പോഴാണ് മറ്റൊന്ന് അവളുടെ കണ്ണിൽ പെടുന്നത്… ഒരു അലമാര നിറയെ പുസ്തകങ്ങൾ… അവളുടെ കണ്ണുകൾ ടേബിളിലേക്കും പോയി….അവളുടെ കണ്ണുകൾ അതിശയത്തോടെ വിടർന്നു വന്നു…

 

സാഹിത്യങ്ങളും നോവലുകളും ഒന്നുമല്ല അതൊന്നും… പകരം എല്ലാം സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ട പുസ്തകങ്ങൾ…

 

അവളുടെ ശ്വാസം ഉയർന്നു പൊങ്ങി… ഒന്നും മനസിലാകുന്നില്ല… ഞെട്ടലോടെ നിൽക്കുമ്പോഴാണ് പുറകിലെ ബാത്രൂം തുറക്കുന്ന ശബ്ദം കേൾക്കുന്നതും… പിന്നിൽ അയാളുടെ കാൽ പെരുമാറ്റവും കേൾകാം…

 

” നോക്കണ്ട എല്ലാം എന്റേത് തന്നെ…തന്നെ പോലെ തന്നെ സിവിൽ സർവീസ് ആണ് എന്റെ ലക്ഷ്യവും… പിന്നെ തന്നെ പോലെ പ്ലസ് ടു അല്ല ഞാൻ… ബിടെക് ആണ്.. അത് റാങ്കോട് ആണ് പാസ്സ് ആയത്.. ”

 

അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ അവൾ ഞെട്ടലോടെ പിന്തിരിഞ്ഞു…

 

” ഞാൻ.. ഞാൻ.. ”

 

” ഒന്നും പറയണ്ട… എല്ലാം എനിക്ക് അറിയാം.. വരൂ നമുക്ക് ഒരിടം വരെ പോകാം.. ”

 

ഒരു ഷർട്ട് എടുത്തിട്ടു കൊണ്ട് അയാൾ പറയുമ്പോൾ അവൾ ഒന്നും മനസ്സിലാകാതെ തന്നെ നോക്കി നിന്നു..

 

” വാടോ.. പൊട്ടി കാളി.. ”

 

” പൊട്ടി കാളി.. ”

 

ആ പേര് അയാളിൽ നിന്ന് കേട്ടതും അവളുടെ കണ്ണുകൾ ഉരുണ്ട് ഉരുണ്ടു… ഒരാൾ മാത്രമാണ് അവളെ അങ്ങനെ വിളിക്കാറുള്ളത്… മറിച്ച് ഒന്നും ചോദിക്കാതെ അയാൾക്ക് പിന്നാലെ ഗോവണി ഇറങ്ങി ചെല്ലുമ്പോൾ അമ്മ അവിടെ ഉണ്ട്…

 

” എടാ നന്ദ നിനക്ക് ക്ഷീണം ഇല്ലെങ്കിലും ആ കൊച്ചിന് ക്ഷീണം കാണും.. അതിനെ ഉറങ്ങാൻ വിട്ടു കൂടെ..നാളെ അതിന് ക്ലാസിനു പോകേണ്ടത് അല്ലെ..”

 

അവരൊരു ചിരിയോടെയാണ് അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നാല് പാടും പാഞ്ഞു……

 

” അവൾക്ക് ഇനി സമാധാനതോടെ ഉറങ്ങാമല്ലോ… അമ്മ എന്തായാലും കതകടിച്ചു കിടന്നോ.. ”

 

 

അവനും ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ഓട്ടോ സ്റ്റാർട്ട് ചെയ്ത് അവളുടെ മുൻപിലേക്ക് വന്നു.. കണ്ണുകൾ കൊണ്ട് അതിലേക്ക് കയറാൻ ആവശ്യപ്പെടുമ്പോൾ ഒരു മടിയും കൂടാതെ അതിലേക്ക് കയറി…. നീണ്ട പാട വരമ്പ് പിന്നിട്ട് അത് ചെന്ന് നിന്നത്… അവളെന്നും പ്രാർത്ഥിക്കാറുള്ള അവളുടെ മഹാദേവന്റെ അമ്പല നടയിലാണ്..

 

ഓട്ടോ ചെന്ന് നിന്നതും വലിയ ആൽത്തറയിൽ നിന്നും അയാൾ ചിരിയോടെ എഴുനേറ്റ് വന്നു… അവളെ എന്നും പൊട്ടിക്കാളി എന്ന് വിളിക്കുന്ന അവളുടെ ഏട്ടൻ രമേശൻ..

 

 

” എടി പൊട്ടി കാളി… ”

 

പെട്ടെന്ന് അവൻ വിളിക്കുമ്പോൾ ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് അവൾ കിടന്നു…

 

” നീ എന്താ വിചാരിച്ചത് പെണ്ണെ..അച്ഛനെ പോലെ നിന്റെ സ്വപ്നങ്ങൾ എല്ലാം തകർക്കുന്ന ഒരു ഏട്ടനാണ് ഞാൻ എന്നോ…അല്ലടി എന്റെ മുമ്പിൽ ഇതു മാത്രമായിരുന്നു വഴി…. നമ്മുടെ വീട്ടിൽ നിന്നാൽ നിനക്ക് ഒരിക്കലും സ്വസ്ഥമായിട്ട് പഠിക്കാൻ കഴിയില്ല… എനിക്കും അച്ഛന്റെ മുമ്പിൽ പല പരിമിതികൾ ഉണ്ട്… അതിന് ഞാൻ കണ്ടെത്തിയതാണ് ഈ മാർഗം… കൂടെ നിന്നത് നിന്നെ പോലെ തന്നെ സിവിൽ സർവീസ് എഴുതി ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ആകാൻ ആഗ്രഹിക്കുന്ന എന്റെ കൂട്ടുകാരൻ നന്ദനും… നന്ദഗോപൻ..

 

ഇന്ന് ഈ കാക്കിയാണ് അവന് അന്നം കൊടുക്കുന്നതെങ്കിൽ.. നാളെ അതേ കാക്കി തന്നെ അവന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കും… ഒപ്പം നിന്റെ സ്വപ്നങ്ങൾക്കും ചിറക് നൽകാൻ അവൻ കൂടെ കാണും… അല്ലേടാ..

 

 

“പിന്നെ അല്ലാതെ…ദാ… രാജഗിരി കോളേജിൽ Bsc ഫിസിക്സ്‌ ന് ഉള്ള അഡ്മിഷൻ ആണ്… നാളെ മുതൽ ജോയിൻ ചെയ്യണം… ഭർത്താവ് ഒരു ഓട്ടോക്കാരൻ ആണെന്ന് പറയാൻ മടിയില്ലെങ്കിൽ ഞാൻ കൊണ്ട് വിടാം..”

 

നന്ദൻ പറഞ്ഞു തീർന്നതും ആ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞവൾ..

 

” എടി പൊട്ടിക്കാളി ഞാനൊരു ആങ്ങള ഇവിടെ നിൽപ്പുണ്ട്… വീട്ടിൽ പോയിട്ട് രണ്ട് പേരും റൊമാന്റിക്കോ… കൂട്ടത്തിൽ പഠിത്തം ഉഴപരുത്… ഞാനും അങ്ങ് വരും…കമ്പയിൻ സ്റ്റഡിക്ക് എനിക്കും ഒരു Ips ആകണം.. എന്നിട്ട് വേണം നമ്മുടെ തന്തക്കാരണവരുടെ മുഖത്ത് നോക്കി രണ്ടു വർത്തമാനം പറയാൻ… ”

 

രമേശൻ പറഞ്ഞതും കണ്ണുനീരിനിടയിലും അവൾ ഉറക്കെ ചിരിച്ചു പോയി..

 

” എങ്കിൽ പിന്നെ നമുക്ക് പോകാം നാളെ കോളേജിൽ പോയി തുടങ്ങേണ്ടത് അല്ലെ.. ”

 

നന്ദൻ ഓട്ടോ സ്റ്റാർട്ട് ചെയ്തപ്പോഴേക്കും അവളും അതിൽ കയറിയിരുന്നു…

 

” ഐഎഎസ്, ഐപിഎസ്, എന്നും ഉള്ള രണ്ട് സ്വപ്നങ്ങൾ മുൻപിൽ കണ്ട് നമുക്ക് യാത്ര തുടങ്ങാം.. എന്തെ…..”

 

അവൻ കിക്കാറിൽ പിടിച്ചു കൊണ്ട് പറയുമ്പോൾ പുറകിലത്തെ സീറ്റിൽ ഇരുന്ന് അവളുടെ കഴുത്തിലൂടെ കെട്ടിപ്പിടിച്ച് ആ കവിളിൽ അമർത്തി ഒന്ന് മുത്തി അവൾ…..

 

ആ നിമിഷം രമേശന് കൈ കാണിച്ചു കൊണ്ട് അവർ അവരുടെ യാത്ര തുടങ്ങി….

 

മിഴി മോഹന ❤❤.

Leave a Reply

Your email address will not be published. Required fields are marked *