കിടപ്പറയിൽ ഭർത്താവിന്റെ ശാരീരിക പരമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുമ്പോൾ മാത്രമാണ്

നല്ല മഴ പെയ്യുന്ന വൈകുന്നേരം.

 

രാത്രിയിലേക്കുള്ള ഭക്ഷണം എല്ലാം പാകം ചെയ്ത് അഞ്ജലി ഓരോരുത്തർക്കുള്ളത് വേറെ വേറെ പാത്രങ്ങളിലാക്കി വെച്ചു. അതായത് അച്ഛന് പൊടിയരികഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും,ഭർത്താവിന് ചപ്പാത്തിയും മുട്ടക്കറിയും,അമ്മയ്ക്ക് ചോറും കറിയും ഇതിനിടയിൽ അവൾക്ക് വേണ്ടി എന്താണ് എന്നുള്ള ചോദ്യത്തിന് അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല.

 

കഴുകാൻ ഉണ്ടായിരുന്ന പാത്രങ്ങളെല്ലാം കഴുകി അടുക്കളയെല്ലാം വൃത്തിയാക്കിയ ശേഷം മുറിയിൽ ചെന്ന് ഫോൺ നോക്കുമ്പോഴാണ് അമ്മയുടെ രണ്ടു മിസ്ഡ് കോൾ കണ്ടത്. അവൾ വേഗം തന്നെ അമ്മയെ തിരിച്ചു വിളിച്ചു.

 

“എന്താ അമ്മേ വിളിച്ചത്?”

 

“മോള് തിരക്കിലായിരുന്നോ?”

 

“അല്ല അമ്മേ അടുക്കളയിൽ കുറച്ച് പണിയുണ്ടായിരുന്നു.മഴ കാരണം ഫോൺ റിങ്ങ് ചെയ്യുന്നത് ഞാൻ കേട്ടില്ല എന്താ അമ്മേ വിശേഷിച്ച്?”

 

“മോൾ നാളെ ഇവിടെ വരെ ഒന്നു വരണം.മനുവിന് തിരക്കില്ലെങ്കിൽ മോനെയും കൂട്ടി വാ..”

 

“എന്താ അമ്മേ കാര്യം? അമ്മ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്..” അവൾ ആശങ്കയോടെ ചോദിച്ചു.

 

“അതൊക്കെ നേരിട്ട് പറയാം നീ നാളെ വാ…”അത്രയും പറഞ്ഞുകൊണ്ട് അവർ ഫോൺ കട്ട് ചെയ്തപ്പോൾ അവൾ നേരെ അനിയത്തിയുടെ ഫോണിലേക്ക് വിളിച്ചു.

 

“എന്താടി അപ്പു.. എന്താ അവിടെ പ്രശ്നം? അമ്മ എന്താ നാളെ തന്നെ വരാൻ പറഞ്ഞത് കാര്യം ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നതുമില്ല..”

 

“ഓഹോ അപ്പോഴത്തേക്കും അമ്മ ചേച്ചിയെയും വിളിച്ചോ?അതൊന്നുമില്ല ലിന്റോയുടെ കാര്യം ഞാൻ അമ്മയോട് സൂചിപ്പിച്ചു.”അവൾ യാതൊരു കൂസലും ഇല്ലാതെ പറഞ്ഞു.

 

“ഓഹ് അതായിരുന്നോ കാര്യം? നീ എന്തിനാ അപ്പു ഇപ്പോഴേ ചാടി കയറി അമ്മയോട് ഇത് പറഞ്ഞത്?അമ്മയ്ക്ക് അത് സങ്കടമാവും എന്ന് അറിയില്ലേ നിനക്ക്?”

 

“ആഹ് അമ്മയുടെ സങ്കടം കണ്ടിട്ടായിരുന്നല്ലോ ചേച്ചിയും ഒരിക്കൽ എല്ലാം വേണ്ടെന്ന് വെച്ചത്. ദേ ചേച്ചി.. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത് കേട്ടല്ലോ.. എന്തായാലും ചേച്ചിയെ പോലെ ത്യാഗി ആകാൻ എനിക്ക് സൗകര്യമില്ല.എന്റെ ജീവിതമാണ് അത് ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട് അതാണ് മുൻകൂട്ടി ഇക്കാര്യം പറഞ്ഞത്. താല്പര്യമുണ്ടെങ്കിൽ നടത്തി തരിക ഇല്ലെങ്കിൽ എനിക്ക് എന്റെ വഴി നോക്കേണ്ടിവരും.” അതും പറഞ്ഞു ദേഷ്യത്തോടെ അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ അഞ്ജലി അല്പനേരം മൗനമായിരുന്നു.

 

” രണ്ടുവർഷം മുന്നേ ഇങ്ങനെയൊക്കെ സംസാരിക്കാൻ തനിക്കും ധൈര്യം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ..”

അവളുടെ മിഴികൾ അവൾ അറിയാതെ തന്നെ തുളുമ്പിപ്പോയി അവൾ അത് കൈത്തലം കൊണ്ട് വേഗം തന്നെ ഒപ്പിയെടുത്തു.

 

ഇനി ആരോടൊക്കെ അനുവാദം വാങ്ങണം അച്ഛൻ,അമ്മ,ഭർത്താവ്… അവൾ തന്റെ ഭർത്താവിന്റെ വരവിനായി കാത്തിരുന്നു. അരമണിക്കൂറിനുള്ളിൽ തന്നെ മനു എത്തി.എത്തിയതും കുളിക്കാൻ പോയതുകൊണ്ട് കുളി കഴിഞ്ഞു വന്നിട്ട് ആകാം പറയുന്നത് എന്ന് അവൾ ഓർത്തു.

 

“നിനക്ക് ആ ബാത്റൂം ഒക്കെ ഒന്ന് വൃത്തിയായി കഴുകികൂടെ എന്റെ അഞ്ചു …വഴിക്കീട്ട് നിൽക്കാൻ വയ്യ.”

 

കുളി കഴിഞ്ഞു വന്നതും തുടങ്ങി എന്ന് അവൾ ഓർത്തു.

 

“എന്റെ മനുവേട്ടാ ഞാൻ എന്നും കഴുകാറുണ്ട്. അമ്മ അതിനുള്ളിൽ കയറി നിന്നാണ് എണ്ണ തേപ്പും കുളിയും എല്ലാം.എണ്ണ കിടന്നിട്ടാണ് വഴുക്കുന്നത്. കുളികഴിഞ്ഞ് അതൊന്ന് അടിച്ചു കഴുകിയാൽ തീരാവുന്നതേയുള്ളൂ അതിനും എന്റെ കൈ ചെല്ലണം. കല്യാണം കഴിഞ്ഞ അന്നുമുതൽ മുറ്റത്ത് ഒരു ഇല വീണു കിടന്നാലോ ഉത്തരത്തിൽ ഒരല്പം പൊടിതങ്ങി നിന്നാലോ അത് എന്റെ മാത്രം ഉത്തരവാദിത്വം ആയി മാറി..” അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

 

“ഓ പിന്നെ.. ഈ ചെറിയ വീട് വൃത്തിയാക്കിയിടുന്നതോ നാലുപേർക്ക് വെച്ചുണ്ടാക്കുന്നതോ അല്ലേ ഇത്ര വലിയ പണി.. ഇകണക്കിന് നിനക്ക് ഒരു ജോലി കൂടി ഉണ്ടെങ്കിൽ ഈ വീട്ടിൽ എല്ലാവരും പട്ടിണി ആവുമല്ലോ.. ഈ വീട്ടിൽ ഇതല്ലാതെ നിനക്ക് എന്ത് പണിയാ അഞ്ചു ഉള്ളത്?” അവൻ അവളെ പുച്ഛഭാവത്തിൽ നോക്കി.

 

“എന്റെ പൊന്നു മനുവേട്ടാ ജോലി ചെയ്യാൻ മടി ഉണ്ടായിട്ടല്ല പക്ഷേ എല്ലാം ഞാൻ തന്നെ ചെയ്യണമെന്ന മനോഭാവം കാണുമ്പോഴാണ് വിഷമം. ചിലപ്പോഴൊക്കെ ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ലാത്തതുപോലെ… അതിന്റെ കൂടെ ഈ കുറ്റപ്പെടുത്തലും.”

 

“എന്നാൽ ഒരു കാര്യം ചെയ്യ്..നീ ഇവിടെ രാവിലെ മുതൽ രാത്രി വരെ ആ സോഫയിൽ കാലും കയറ്റി വെച്ച് ഇരുന്നോ. ജോലിയൊക്കെ ചെയ്യാൻ ഞാൻ ശമ്പളം കൊടുത്ത് ഒരാളെ നിർത്താം.”

 

അവൾ പിന്നെ മറുത് ഒന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം.. വേഗം അടുക്കളയിലേക്ക് ചെന്നു തന്റെ ഭർത്താവിന് വേണ്ടുന്നത് പോലെ കടുപ്പത്തിൽ മധുരം കുറച്ച് ഒരു ചായ ഇട്ടു.

 

ഇപ്പോൾ വീട്ടിൽ പോകുന്ന കാര്യം ചോദിച്ചാൽ എന്തായാലും വേണ്ടെന്ന് പറയുകയുള്ളൂ.. അവൾക്ക് ആകെ ടെൻഷനായി. തന്റെ ഭർത്താവിന് ചായ കൊടുത്ത് അവൻ ഫോണിൽ മുഴുകിയ തക്കം നോക്കി അവൾ മനുവിന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് ചെന്നു. തിരിച്ചും മറിച്ചുള്ള ചോദ്യം ചെയ്യലുകൾക്കിടയിൽ അങ്ങനെ അവസാനം തിരികെ വരേണ്ട സമയവും കുറച്ചു നൽകിക്കൊണ്ട് അനുവാദം കിട്ടി.

 

കിടപ്പറയിൽ ഭർത്താവിന്റെ ശാരീരിക പരമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുമ്പോൾ മാത്രമാണ് താൻ സ്നേഹിക്കപ്പെടാറുള്ളത് എന്ന് അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഭർത്താവ് തന്നെ കീഴ്പ്പെടുത്താൻ തുടങ്ങുന്നതിനു മുന്നേയാണ് അവൾ ആ കാര്യം അവനോട് സൂചിപ്പിച്ചത് ആ നേരത്തേ മൂഡ് കളയാതിരിക്കാൻ ആയി മറുത്തൊന്നും ചോദിക്കാതെ തന്നെ അവൻ സമ്മതം മൂളി.

 

പിറ്റേന്ന് കൊടുത്ത വാക്ക് പാലിക്കണമല്ലോ എന്നോർത്താണ് മനസ്സില്ലാ മനസോടെ അവൻ അവൾക്കൊപ്പം പുറപ്പെട്ടത്.

 

“എന്താ മോളെ നീ ആകെ ക്ഷീണിച്ചു പോയല്ലോ..?” അവരെ കണ്ടതും അമ്മ വിഷമം പറഞ്ഞു.

 

“അത് വെറുതെയിരുന്നിട്ട അമ്മേ..” അല്പം പരിഹാസം കലർത്തി മനു അത് പറഞ്ഞപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.

 

“വാ മോനെ കുറെ നാളായില്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്..” അവർ തന്റെ മരുമകനെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

 

“ഞാനിപ്പോൾ തന്നെ ഇറങ്ങും അമ്മേ ഓഫീസിൽ ഇന്ന് ഒഴിവാക്കാൻ ആകാത്ത ഒരു മീറ്റിംഗ് ഉണ്ട്.” മനു കള്ളം പറയുന്നതാണെന്ന് അറിയാമെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.

 

” അയ്യോ എന്നാൽ വാ കഴിച്ചിട്ട് പോകാം നിങ്ങൾ വരുന്നതുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ കരുതിയിട്ടുണ്ട്. ”

 

ആ ക്ഷണം അവന് നിരസിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അച്ഛനും അപ്പുവും അവർക്ക് ഒപ്പം ചേർന്നു. മനുവിന്റെ പാത്രത്തിലേക്ക് പലഹാരം വിളമ്പിയപ്പോൾ മകളുടെ പാത്രത്തിലേക്ക് ചോറാണ് അവർ വിളമ്പിയത്.

 

“അയ്യേ ഇതെന്താ അമ്മേ രാവിലെ തന്നെ ചോറ്..”

 

“ആഹ് അഞ്ചുവിന് പലഹാരം ഇഷ്ടമല്ലല്ലോ അവൾക്ക് മൂന്നുനേരവും ചോറ് തന്നെയാണ് വേണ്ടത്.”

 

അന്നേരം അവൾ തന്റെ ഭർത്താവിന്റെ കണ്ണിലേക്ക് ചൂഴ്ന്നു നോക്കി രണ്ടു വർഷമായിട്ടും തന്റെ ഇഷ്ടങ്ങൾ അറിയുന്നതിൽ പരാജയപ്പെട്ടല്ലോ എന്നുള്ള ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു. അവൾ ആർത്തിയോടെ ആഹാരം കഴിക്കുന്നത് അവൻ നോക്കിയിരുന്നു പോയി.

 

ഭക്ഷണം കഴിച്ച ഉടനെ മനു മടങ്ങി. അച്ഛനും പണിക്കു പോയി അപ്പുവും കോളേജിലേക്ക് ഇറങ്ങിയശേഷമാണ് അവർ തന്റെ മകളോട് സംസാരിക്കാൻ ഇരുന്നത്.

 

“എന്താ അമ്മേ.. എന്താ പെട്ടെന്ന് വരാൻ പറഞ്ഞത്?”

 

“അപ്പുവിന്റെ കല്യാണക്കാര്യം വേഗം തീരുമാനിക്കണം മോളെ..ഇനിയും അത് വെച്ച് നീട്ടിയാൽ ശരിയാകില്ല.”

 

രണ്ടുവർഷം മുന്നേ തന്റെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോഴും അമ്മ എടുത്തത് ഇതേ തീരുമാനം ആണ് എന്ന് അവൾ ഓർത്തു.

 

“അവൾ പഠിക്കുകയല്ലേ അമ്മേ ഒരു വർഷം കൂടിയുണ്ടല്ലോ അവളുടെ കോഴ്സ് കഴിയാൻ.. അത് കഴിഞ്ഞ് പോരെ കല്യാണം ഒക്കെ?”

 

“അത് കഴിയുന്നതും കാത്തിരുന്നാലേ അവൾ ഈ കുടുംബത്തിന് ചീത്ത പേരുണ്ടാക്കും പിന്നെ നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് എന്തിനാ?”

 

“ചീത്ത പേരോ..?”ഒന്നുമറിയാത്ത മട്ടിൽ അവൾ നെറ്റി ചുളിച്ചു.

 

“അവൾ ഏതോ ഒരുത്തനുമായി ഇഷ്ടത്തിലാണത്രേ..എന്തൊക്കെ വന്നാലും അവൾ അവനെ മാത്രമേ കെട്ടുകയുള്ളൂ എന്ന്..അതും ഒരു ക്രിസ്ത്യാനി ചെക്കൻ..”

 

അവൾ അല്പ നിമിഷത്തേക്ക് ഒന്നും പറഞ്ഞില്ല പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ അമ്മയെ നോക്കി.

 

“അതിനെന്താ നല്ല പയ്യൻ ആണെങ്കിൽ അതങ്ങ് നടത്തി കൊടുക്കണം.” ഒരു കൂസലും ഇല്ലാതെ അവൾ അത് പറഞ്ഞത് കേട്ട് അവർ അന്താളിച്ചു.

 

“നീ എന്താ അഞ്ചു ഈ പറയുന്നത്? നമ്മുടെ ജാതി അല്ലെങ്കിൽ പോട്ടെന്നു വയ്ക്കാം ഹിന്ദു ആയാൽ മതിയായിരുന്നു. ഇത് മതം തന്നെ വേറെയല്ലേ?നാട്ടുകാരുടെ മുഖത്ത് ഞാൻ ഇനി എങ്ങനെ നോക്കും ദൈവമേ?”

 

” ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ അമ്മേ? രണ്ടുവർഷം മുൻപ് എന്റെ ഇഷ്ടത്തെ അമ്മ തച്ചുടച്ചത് ഒരേ ജാതി അല്ല എന്ന പേരിലായിരുന്നു. അപ്പുവിനെ പോലെ ഉറച്ചുനിൽക്കാനുള്ള ധൈര്യം എനിക്ക് അന്ന് ഇല്ലാതിരുന്നത് കൊണ്ട് അന്ന് അമ്മ ജയിച്ചു. നാട്ടുകാർക്ക് വേണ്ടിയാണോ അമ്മേ അമ്മ മക്കളെ വളർത്തുന്നത്? ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ വലിയൊരു തീരുമാനം ആണ് വിവാഹം. അതെങ്കിലും അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു കൂടെ? ”

 

” എന്നുവച്ചാൽ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും യാതൊരു അവകാശവുമില്ല എന്നാണോ? ഞാൻ അന്ന് കടുംപിടുത്തം പിടിച്ചതുകൊണ്ട നിനക്ക് മനുവിനെ പോലെ അന്തസുള്ള ഒരു ചെക്കനെ കിട്ടിയത്. അല്ലെങ്കിൽ മറ്റവന്റെ കൂടെ ജീവിച് ആജീവനാന്തം നീ കിടന്ന് നരകിച്ചേനെ… ” തന്റെ അമ്മയുടെ മറുപടി കേട്ടതും അവളുടെ സകല നിയന്ത്രണവും നഷ്ടമായി.

 

“നിർത്ത് അമ്മേ..മകൾക്ക് വേണ്ടി എന്തോ വലിയ കാര്യം ചെയ്തെന്ന് അഹങ്കരിക്കുന്ന അമ്മ അറിയാൻ വേണ്ടി തന്നെ പറയുകയാണ് സ്വന്തം മകളോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമായിരുന്നു ഈ വിവാഹം. നല്ലൊരു ജോലിയിലാണോ അല്ലെങ്കിൽ കുടുംബ മഹിമയിലോ ജാതിയിലോ ആണോ അമ്മ അന്തസ് കണ്ടെത്തുന്നത്..? എങ്കിൽ അവിടെ അമ്മയ്ക്ക് തെറ്റി അമ്മേ.. വിവാഹം കഴിഞ്ഞ് ഈ വീടിന്റെ പടി ഇറങ്ങിയ നാൾ മുതൽ അമ്മയുടെ മോൾ മറ്റൊരാളാണ്. സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും ത്യജിച്ചു ജീവിക്കുന്ന മറ്റൊരാൾ.. ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ വേണ്ടി ജീവിക്കുന്ന വെറുമൊരു ശരീരം. എന്റെ ഇഷ്ടങ്ങളോ ഇഷ്ടക്കേടുകളോ അവിടെ ആർക്കും അറിയില്ല.. എന്തിന് സ്വന്തം ഭർത്താവിന് പോലും അറിയില്ല.. അതാരും ഇന്നേവരെ എന്നോട് ചോദിച്ചിട്ടില്ല. കുറ്റപ്പെടുത്തലുകൾ കേട്ട് കേട്ട് എന്റെ കാതുകൾ ഇപ്പോൾ തഴമ്പിച്ചു.ഒരല്പം വെളിച്ചെണ്ണ പോലും അധികം എടുക്കാൻ എനിക്ക് പേടിയാണ് കണക്ക് ബോധിപ്പിക്കണമല്ലോ എന്നോർക്കുമ്പോൾ. ചൂട് എടുത്ത് ഉരുകിയാൽ പോലും പകൽ സമയം ഫാൻ ഇടാറില്ല.കരണ്ട് ബില്ല് കൂടുന്നത് ആ ഒരു കാരണത്താൽ മാത്രം ആകുമല്ലോ എന്ന് ആലോചിച്ചിട്ട്. മൂന്ന് നേരവും ചോറ് കഴിക്കാറുള്ള ഞാൻ അവിടെ ആകെ ഒരു നേരം മാത്രമേ ചോറുണ്ണാറുള്ളൂ. അവരെന്ത് കഴിക്കുന്നുവോ അത് ശീലമാക്കാൻ ആയിരുന്നു ആദ്യത്തെ ഉത്തരവ്. സ്ത്രീധനവും കൊടുത്ത് ഒരു വേലക്കാരിയെ അവർക്ക് നൽകിയപ്പോൾ അമ്മ എന്ന നിലയിൽ അമ്മ തോറ്റു പോയമ്മേ.. ”

 

അത്രയും നേരം അടക്കിവെച്ച സങ്കടം അത്രയും അണപൊട്ടി ഒഴുകിയപ്പോഴാണ് അവർ യാഥാർത്ഥ്യങ്ങൾ അത്രയും മനസ്സിലാക്കിയത്.

 

“മോളെ നീ എന്നിട്ട് ഇത്രനാളും ഇതൊന്നും അമ്മയോട് പറഞ്ഞില്ലല്ലോ..” അവരും തന്റെ മകളെ ചേർത്തുപിടിച്ചു തേങ്ങി.

 

“ഇപ്പോഴും പറയണമെന്ന് കരുതിയതല്ല. എന്റെ ജീവിതത്തിൽ സംഭവിച്ചത് അപ്പുവിന്റെ ജീവിതത്തിൽ സംഭവിക്കരുത് എന്ന് കരുതിയാണ് പറഞ്ഞു പോയത്… അവൾ തിരഞ്ഞെടുക്കുന്ന ആളുടെ കൂടെ അവൾ ജീവിക്കട്ടെ.. ഒന്നുമില്ലെങ്കിലും ആര് കുറ്റപ്പെടുത്തിയാലും അവനെങ്കിലും ഉണ്ടാകുമല്ലോ അവളോടൊപ്പം. എന്നെപ്പോലെ തനിച്ചായി പോകില്ലല്ലോ..”

 

അമ്മ പിന്നീട് മറു ത്തൊന്നും പറഞ്ഞില്ല. പറയാൻ അവർക്ക് കഴിയുമായിരുന്നില്ല.

 

അപ്പു തിരികെ കോളേജിൽ നിന്ന് വരുമ്പോഴേക്കും അവൾ തന്റെ അച്ഛനോടും ഇക്കാര്യം പറഞ്ഞു സമ്മതിപ്പിച്ചിരുന്നു.

 

“എന്നാലും എന്റെ ചേച്ചി.. ഒരേ മതത്തിൽപ്പെട്ടിട്ടു പോലും ചേച്ചിയുടെ പ്രണയത്തെ അംഗീകരിക്കാത്ത അമ്മ എങ്ങനെയാ വേറെ മതത്തിൽ പെട്ട എന്റെ പ്രണയത്തെ അംഗീകരിച്ചത്? ഞാനൊരു കലാപമാണ് പ്രതീക്ഷിച്ചത് എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ ആകുന്നില്ല.”രാത്രി ചേച്ചിയെ ചേർന്നു കിടന്നു കൊണ്ട് അപ്പു ചോദിച്ചു.

 

” ഞാൻ പറഞ്ഞാൽ അമ്മയ്ക്ക് കേൾക്കാതിരിക്കാൻ കഴിയില്ലല്ലോ.. ഇപ്പോൾ സന്തോഷമായില്ലേ? മോള് കിടന്നുറങ്ങിക്കോ.. ”

 

അപ്പുവിന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരിക്കവേ തന്നെ അവൾ ഉറങ്ങിപ്പോയി. അപ്പോഴും അഞ്ജുവിന്റെ മനസ്സ് നിറയെ നാളെ തിരികെ പോകണമല്ലോ എന്നുള്ള നിരാശയായിരുന്നു.

 

അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *