പരമാവധി ശരീരം വെട്ടിച്ചു തന്റെ എതിർപ്പ് പ്രകടിപ്പിച്ചു അവൾ പക്ഷെ എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല

‘മോളെ ഈ പെപ്പർ സ്പ്രേ ചുമ്മാ തന്നേക്കുന്നതല്ല.. നിന്നെ ശല്യം ചെയ്യുന്നത് ആരായാലും അത് എവിടേ വച്ചായാലും മടിക്കേണ്ട.. ധൈര്യമായി ഇതെടുത്തു പ്രയോഗിച്ചേക്കണം.. ബാക്കി എന്ത് പ്രശ്നം വന്നാലും ഞങ്ങള് നോക്കിക്കോളാം.. ഞരമ്പൻമാർക്ക് ഇതേ ഉള്ളു മറുപടി.. ‘

 

അമ്മയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുമ്പോൾ ആ അസ്വസ്ഥതതയിലും ഉള്ളിൽ എവിടെയോ ധൈര്യം ഉദിച്ചു തുടങ്ങിയതറിഞ്ഞു ആതിര.

 

സംഗതി ആതിര ഇപ്പോൾ ബസിൽ ആണ് കോളേജിൽ ന്ന് വീട്ടിലേക്കുള്ള യാത്ര. ഏകദേശം അര മണിക്കൂറിൽ കൂടുതൽ ഉണ്ട് ആ യാത്ര. കേറിയ പാടെ തന്നെ ഇരിക്കാൻ സീറ്റ് കിട്ടി. പക്ഷെ ബസ് എടുത്ത് അല്പം കഴിയവേയാണ് തലവേദന ആരംഭിച്ചത്. പിന്നിലെ സീറ്റിൽ ഇരിക്കുന്ന ആളിന്റെ വക ചെറിയ ചെറിയ കൈ പണികൾ..തോണ്ടലും തടവലും.പരമാവധി ശരീരം വെട്ടിച്ചു തന്റെ എതിർപ്പ് പ്രകടിപ്പിച്ചു അവൾ പക്ഷെ എന്നിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല. ആ അവസരത്തിൽ ആണ് ഗതികെട്ട് അവൾ അമ്മയുടെ ഉപദേശം മനസ്സിൽ ഓർത്തത് ഓർത്തത്.

 

‘ ഇത്തരം ഞരമ്പൻമാർക്ക് ഇത് തന്നെ പണി ‘

 

ഒടുക്കം മനസ്സിൽ ഉറപ്പിച്ചു ആതിര. രണ്ടും കല്പ്പിച്ചു കൊണ്ട് പതിയെ അവൾ ബാഗ് തുറന്ന് പെപ്പെർ സ്പ്രേയുടെ ബോട്ടിൽ കയ്യിലെക്കെടുത്തു. ഇനി ഒരു വട്ടം കൂടി അവൻ തന്നെ ശല്യം ചെയ്യാൻ മുതിർന്നാൽ രണ്ടും കല്പ്പിച്ചു അത് ഉപയോഗിക്കുവാൻ തന്നെ മനസ്സിൽ ഉറപ്പിച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. വീണ്ടും അവനൊന്ന് തോണ്ടി. ആ നിമിഷം കലി പൂണ്ടു ചാടി എഴുന്നേറ്റു തിരിഞ്ഞ ആതിര തൊട്ടു പിന്നിൽ ഇരിക്കുന്നവന് നേരെ പെപ്പെർ സ്പ്രേ ആഞ്ഞടിച്ചു.

 

” അമ്മേ… ”

 

അവന്റെ നിലവിളിയിൽ ഒരു നിമിഷം എല്ലാവരും നടുങ്ങി. ഡ്രൈവർ പോലും ഞെട്ടലിൽ ബസ് സഡൻ ബ്രേക്കിട്ട് നിർത്തി.

 

” അമ്മേ.. എന്റെ കണ്ണെ.. അയ്യോ.. ”

 

അവൻ അപ്പോഴും അലറി വിളിക്കുന്നുണ്ടായിരുന്നു.

 

” എന്താ.. എന്താ ഇവിടെ സംഭവിച്ചേ.. ”

 

ഒച്ചയും ബഹളവും കേട്ട് കണ്ടക്ടറും ഓടി പാഞ്ഞെത്തി.

 

” ചേട്ടാ.. ഇയാള് കുറെ നേരമായി പിന്നിൽ ഇരുന്നു എന്നെ തോണ്ടുവാ.. സഹിക്കുന്നെന്നു ഒരു പരിധി ഇല്ലേ.. ഗതി കെട്ടപ്പോ ഞാൻ പെപ്പെർ സ്പ്രേ എടുത്തടിച്ചു.”

 

ആതിരയുടെ മറുപടി കേൾക്കെയാണ് സംഭവിച്ചത് എന്താണെന്ന് എല്ലാവരും മനസിലാക്കിയത്

 

“ആഹാ ഞരമ്പൻ ആണല്ലേ.. ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം..”

 

കേട്ടു നിന്ന യാത്രക്കാരിൽ ഒരുവൻ ആ പയ്യന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തൂക്കിയെടുത്തു.

 

” എന്റെ പൊന്ന് ചേട്ടാ.. ഞാനൊന്നും ചെയ്‌തിട്ടില്ല ഈ കൊച്ചു ചുമ്മാ പറയുവാ.. ഇതിനു ഭ്രാന്താണ് ഞാൻ ദേ ഇവിടിരുന്നു ഉറങ്ങുവായിരുന്നു..”

 

വേദനയ്ക്കിടയിലും അവൻ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.

 

” കള്ളം.. പച്ച കള്ളം.. പിന്നെ എന്നെ തോണ്ടി ന്ന് എനിക്ക് വെറുതേ തോന്നിയതാണോ.. ഇവൻ തന്നെയാണ്.. ”

 

ആതിര തന്റെ വാക്കുകളിൽ ഉറച്ചു നിന്നു.

 

” വണ്ടി നേരെ പോലീസ് സ്റ്റേഷനിൽ വിട് രണ്ട് കിട്ടുമ്പോ ഇവൻ ഉള്ളത് പറയും.. ”

 

കലി പൂണ്ടു ഒരുവൻ ആ പയ്യന്റെ തലയ്ക്ക് ഒന്ന് കൊട്ടി

 

“ഈ ബസിൽ ക്യാമറ ഉണ്ടല്ലോ.. അതിൽ ഒന്ന് നോക്ക് അന്നേരം കാര്യം അറിയാലോ… ”

 

മറ്റൊരു യാത്രക്കാരൻ അഭിപ്രായപ്പെടുമ്പോൾ ആണ് ക്യാമറയുടെ കാര്യം എല്ലാവരും ഓർത്തത്.

 

“അത് ശെരിയാ.. എന്റെ ഫോണിൽ വിഷ്വൽസ് കണക്ടഡ് ആണ് ”

 

ആ കാര്യം അപ്പോഴാണ് കണ്ടക്ടറും ഓർത്തത്.

 

” എന്തിനാ വെറുതേ ഇനി പ്രശ്നത്തിന് പോണത് നമുക്ക് എല്ലാവർക്കും അവരവരുടെ ആവശ്യങ്ങൾക്ക് പോകേണ്ടതല്ലേ.. ഈ ചെക്കൻ ചെയ്തതിനു അവന് കിട്ടി. അത് പോരെ ”

 

ആ പയ്യന്റെ അടുത്തിരുന്ന കാരണവർ ഒടുവിൽ ഇടപെട്ടു.

 

“അത് ശെരിയാ.. അവൻ ചെയ്തതിനു അവന് തിരിച്ചു പണി കിട്ടി ഇനി സ്റ്റേഷനിൽ പോണേൽ രണ്ടിനേം ഇറക്കി ഒരു ഓട്ടോയിൽ എങ്ങാനും വിട്.. നമ്മൾ എല്ലാരും കൂടി ബുദ്ധിമുട്ടാൻ നിൽക്കണോ..”

 

വൃദ്ധയായ ഒരു സ്ത്രീയും അയാളെ അനുകൂലിച്ചു..

 

” അമ്മച്ചി ഒരു മിനിറ്റ് ദേ ക്യാമറ വിഷ്വൽസ് നോക്കുവാ.. കാര്യം എന്താണെന്ന് അറിയണമല്ലോ…. ”

 

കണ്ടക്ടർ അപ്പോഴേക്കും ചെക്കിങ് ആരംഭിച്ചിരുന്നു

 

” നോക്ക് ചേട്ടാ.. സത്യം അറിയണം … എന്റെ കണ്ണ് പൊടിഞ്ഞു പോയെന്ന തോന്നുന്നേ ആരേലും എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവോ..”

 

അമിതമായ വേദന ആ ചെക്കനെ കൂടുതൽ അസ്വസ്ഥനാക്കി.

 

വീഡിയോ ചെക്ക് ചെയ്യവേ ഒരു നിമിഷം കണ്ടക്ടറുടെ മിഴികൾ കുടുങ്ങി. സീറ്റ് ബസിന്റെ ഡോർ സൈഡിൽ ആയതിനാൽ ആ ഭാഗത്തു വച്ചിരുന്ന ക്യാമറയിൽ എല്ലാം കൃത്യമായി പതിഞ്ഞിരുന്നു. പെട്ടെന്ന് ഫോൺ മാറ്റി പിടിച്ച കണ്ടക്ടർ ആ ചെക്കന് നേരെ പാഞ്ഞടുത്തു.

 

” കള്ള തീരുമാലി.. ഒക്കെയും ഒപ്പിച്ചിട്ട് ഒന്നും അറിയാത്ത പോലെ അഭിനയം അല്ലെ… ”

 

അമർഷത്തോടെ അയാൾ ഷർട്ടിന്റെ കോളറിൽ പിടുത്തം ഇടുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. അത് ആ പയ്യനെ ആയിരുന്നില്ല. അവന് തൊട്ടടുത്തിരുന്ന അല്പം മുന്നേ കേസും ബഹളവും ഒന്നും വേണ്ട എന്ന് പറഞ്ഞ ആ മധ്യവയസ്കൻ ആയിരുന്നു.

 

” ങേ.. ഇയാളോ.. ”

 

കണ്ട് നിന്നവർ ഞെട്ടലോടെ നോക്കി ആതിരയും ഒരു നിമിഷം നടുങ്ങി.

 

” ഓ. ഇയാൾ ആണ് ദേ വീഡിയോ നോക്ക് ”

 

ആ ഫോൺ ആതിരയെ ഏൽപ്പിച്ചു അയാളുടെ ചെക്കിടത്ത് ഒന്ന് പൊട്ടിച്ചു കണ്ടക്ടർ.

 

” പന്ന കെളവാ.. ”

 

വിഷ്വൽസ് കണ്ട് ആതിരയ്ക്കും കലി കയറി കൊടുത്തു അവളും ഒരെണ്ണം.. പിന്നെ ബസിൽ ഉണ്ടായിരുന്ന പലരും അയാളുടെ ദേഹത്ത് കൈ വച്ചു.

 

“അബദ്ധം പറ്റി പോയതാ എന്നെ വിട്ടേക്കണേ ”

 

ഇളിഭ്യനായി തൊഴുകയ്യോടെ കെഞ്ചി അയാൾ..

 

“മതി മതി… ഇനി അടിച്ചാൽ അയാൾ തട്ടി പോകും.. ഇത് മതി ഇനി കേസൊന്നും വേണ്ട പോലീസിന്റെ ഇടി കൂടി കൊള്ളാൻ ഈ അമ്മാവന് ഇനി ത്രാണി ഇല്ല… വിട്ടേക്ക് ”

 

ഒടുവിൽ ആതിര തന്നെ എല്ലാവരെയും ശാന്തരാക്കി.

 

“എല്ലാം ഓക്കേ ആയി അപ്പോ ഇനി എന്റെ കാര്യമോ… ”

 

ആ പയ്യന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഒന്ന് പരുങ്ങി അവൾ.

 

“സോറി ചേട്ടാ.. ഞാൻ പെട്ടെന്ന് ചേട്ടൻ ആണെന്ന് കരുതി അതാ.. എന്നോട് ക്ഷമിക്ക് ”

 

ആ ക്ഷമാപണം കേട്ടതോടെ അവന് കലിയിളക്കി. ആ ക്ഷണം തന്നെ കൊടുത്തു ഒരെണ്ണം ആതിരയുടെ ചെക്കിടിനിട്ട് അവൻ

 

” അമ്മേ.. ”

 

കണ്ണിൽ ന്ന് പൊന്നീച്ച പറന്ന പോലെ തോന്നി പോയി അവൾക്ക്.

 

” ഇനി മേലിൽ കാര്യം അറിയാതെ ഇതുമാതിരി എടുത്തു ചാടാൻ നിൽക്കരുത്.. ”

 

ഒപ്പം ഒരു താക്കീതും.. ചുറ്റും നിന്നവർ ഒന്നും പറഞ്ഞില്ല. കാരണം അവന്റെ ആ അവസ്ഥയിൽ ഈ ചെയ്തത് ചെറുതാണെന്ന് തന്നെ വിശ്വസിച്ചു അവർ.

 

“എന്നെ ആരേലും ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണേ.. കണ്ണ് നീറീട്ട് വയ്യ..”

 

അവൻ വീണ്ടും അലറി വിളിക്കുമ്പോൾ ആരൊക്കെയോ ചേർന്ന് ആ പയ്യനെ പിടിച്ചിറക്കി ആദ്യം കണ്ട ഓട്ടോയിൽ കയറ്റി കൊണ്ട് പോകുന്നത് ആതിര കണ്ടു. അതിനിടയിൽ എങ്ങനൊക്കെയോ ആ മധ്യവയസ്കനും രക്ഷപ്പെട്ടു..

 

” വല്യ കാര്യവും ഉണ്ടായിരുന്ന മോളെ ആ പാവം ചെക്കനെ വെറുതേ ഉപദ്രവിച്ചു… കിട്ടിയത് എന്തായാലും അർഹിച്ചത് തന്നാ.. ”

 

അല്പം മുന്നേ വരെ ഒപ്പം നിന്നവർ കുത്തി പറഞ്ഞത് കേട്ട് മൗനമായി തല താഴ്ത്തി ആതിര. വിഷമത്തിൽ അല്ല.. കിട്ടിയ അടിയുടെ പെരുപ്പ് അപ്പോഴും മാറിയിരുന്നില്ല…

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *