എന്റെ അള്ളോ…ഇത്രയും സുന്ദരിയായിരുന്നോടി നീ…അക്കു അറിയാതെ ചോദിച്ചു പോയി…

അപകടത്തിന് ശേഷം കാമുകനെ മറന്ന പെണ്ണ്

=======

 

എടാ ചെക്കന്മാരെ നമ്മുടെ ചങ്ക് അക്കു വിളിക്കുന്നുണ്ട്…

 

സൂഫിയുടെ മൊബൈൽ ഫോണിലേക്ക് അക്കുവിന്റെ കോൾ റിങ്ങ് ചെയ്തപ്പോൾ ഫോൺ ഉയർത്തി കാണിച്ചു സൂഫി പറഞ്ഞു…

 

 

ലൗഡ് സ്പീക്കറിൽ ഇടു…ലൗഡ് സ്പീക്കറിലിട്….

 

മറ്റു കൂട്ടുകാർ പറഞ്ഞു.

 

സൂഫി അറ്റൻഡ് ചെയ്തു ഫോൺ സ്പീക്കറിലാക്കി…

 

മക്കളെ ചങ്ക്‌സ്….എല്ലാവരും റെഡി ആയിട്ട് നിന്നോ ഈ അക്കു എയർപോർട്ടിൽ എത്തി കഴിഞ്ഞു… ഇനി ഏത് നിമിഷവും നിങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടും…

 

 

 

നീ ആദ്യം വീട്ടിൽ ചെന്ന് മുഖം കാണിക്ക്… ഉമ്മ കാത്തിരിക്കുന്നുണ്ടാവും… ഉമ്മാന്റെ അടുത്തുനിന്ന് ആഫിയത്തും ബർക്കത്തും എല്ലാം വാങ്ങിക്ക്… അത് കഴിഞ്ഞ് മതി ഞങ്ങളോടൊത്തുള്ള കറക്കം..

 

സൂഫി പറഞ്ഞു…

 

സുഹൃത്ത് എന്ന് മാത്രം പറഞ്ഞാൽ പോര നല്ല ആത്മാർത്ഥതയുള്ള സുഹൃത്താണ് സൂഫി.. തങ്ങളെക്കാൾ അവന്റെ ഉമ്മയാണ് അവനെ ആദ്യം കാണാനുള്ള അർഹത… അക്കു വന്നു കഴിഞ്ഞാൽ പിന്നെ റെസ്റ്റ് ഇല്ലാതെ അടിച്ചുപൊളിയും കറക്കമായിരിക്കും..

 

 

ഓ….ഉത്തരവ്… തമ്പ്രാനെ…

 

 

നാട്ടിലുള്ള തന്റെ ചങ്ങായിമാരുടെ ലീഡർ ആയ സൂഫിയുടെ ഫോണിലേക്ക് നാട്ടിലെത്തിയ അക്കു എന്ന അക്ബർ വിളിച്ചതായിരുന്നു…

 

 

അക്കു വീട്ടിലെത്തി…

 

ഉമ്മാന്റെ മടിയിൽ തലവച്ച് കിടന്ന് അബുദാബിയിലെ വിശേഷങ്ങൾ എന്തൊക്കെയോ പറഞ്ഞു..

 

കഞ്ജിബീ ഇഞ്ഞയ്ക്ക് 6 പെൺമക്കൾക്ക് ശേഷം കിട്ടിയ ഒരേ ഒരു ആൺതരിയാണ് അക്കു..6 പെൺമക്കളെ പ്രസവിച്ചിട്ട് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് അവന്റെ ജനനം…ഉമ്മാന്റെ വയറ് കഴുകിവന്നവൻ.. അതുകൊണ്ടുതന്നെ ആ അരുമ മകനോട് കഞ്ജീബി ഇഞ്ഞയ്ക്ക് അതിയായ സ്നേഹവും വാത്സല്യവുമാണ്..

 

 

അക്കുവിന് ചെറുപ്പം മുതലേ വാഹനങ്ങളോട് ഭയങ്കര ക്രേസിയാണ്…

നാലാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ അവന്റെ ആ ഭ്രാന്ത് കണ്ടിട്ട് ബാപ്പ അബൂബക്കർ സൈക്കിൾ വാങ്ങിച്ചു കൊടുത്തപ്പോൾ അതിന്റെ ബാക്ക് വീല് മാത്രമായി സഞ്ചാരം.. ഫ്രണ്ട് വീലൊക്കെ വായുവിലാണ്…

 

സ്കൂൾ പഠനം കഴിഞ്ഞപ്പോൾ നോട്ടം ബൈക്കിലായി…

 

ബാപ്പ അബൂബക്കറിന്റെ ബജാജ് സ്കൂട്ടറിലാണ് തുടക്കം…

 

ബാപ്പായും ഉമ്മയും ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങൾ ആയതുകൊണ്ട് തന്നെ വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര കണ്ട് നല്ലതല്ലായിരുന്നു… ബാപ്പയുടെ കൊപ്ര കച്ചവടത്തിൽ വീട്ടിലെ അത്യാവശ്യം കാര്യങ്ങളെ നടന്നു പോവുള്ളു…അതുകൊണ്ടുതന്നെ അക്കു തന്റെ ആവശ്യങ്ങൾക്ക് കോളേജ് വിട്ടു വന്നു തൊട്ടടുത്തുള്ള സർവീസ് സ്റ്റേഷനിൽ വാഹനങ്ങൾ കഴുകാൻ പോകുമായിരുന്നു..

 

പഠനത്തിനുള്ള ചിലവൊക്കെ കഴിഞ്ഞ് സ്വരൂകൂട്ടിയ പൈസയാൽ ഒരു F Z ബൈക്ക് വാങ്ങിക്കൊണ്ട് അവൻ തന്റെ ആദ്യ മോഹം പൂവണിയിക്കുമ്പോൾ അലസന്മാരായ മറ്റു ചങ്ങായിമാർക്ക് അതൊരു പാഠമായിരുന്നു.. അവനെ മാതൃകയാക്കി പിന്നെ പലരും ജോലിക്ക് പോയി തുടങ്ങി..

 

ബൈക്കിലും അവൻ കസർത്ത് കാണിച്ചു… അവന്റെ ഡ്രൈവിങ്ങിൽ ഉള്ള മികവും ഏകാഗ്രതയും ആർക്കും തന്നെ അനുകരിക്കാൻ സാധിച്ചില്ല.. അക്കാഡമിക് ലെവൽ ഡിഗ്രി സമ്പാദിച്ച ശേഷം അവന് തോന്നി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.. അങ്ങനെ അവൻ ഗൾഫിലേക്ക് കടന്നു.. അവിടെ കുറെ നാൾ അധ്വാനിച്ചു.. ഡ്രൈവിംഗ് ലൈസൻസ് എടുത്തു.. അവന്റെ ഡ്രൈവിങ്ങിൽ ഉള്ള സ്കിൽ കാരണമാണ് ദുബായിലെ പ്രമുഖനായ ഷെയ്ക്കിന്റെ ഡ്രൈവറായി അവനു ജോലി ലഭിച്ചതു.. അതിനൊരു കൂട്ടുകാരൻ അവനെ സഹായിച്ചു..

 

അവതാനതയിലും അതിലേറെ ജാഗ്രതയിലും അതുല്യ വേഗതയിലും വണ്ടിയോടിക്കുന്ന അവനെ ഷെയ്ക്കിന് ഒരുപാട് ഇഷ്ടപ്പെട്ടു..

 

അക്ബർ ദുബായിൽ ഷെയ്ഖിന്റെ ഡ്രൈവറായതോടുകൂടി കുടുംബക്കാരൊക്കെ രക്ഷപ്പെട്ടു തുടങ്ങി..

6 പെങ്ങന്മാരുടെ ഭർത്താക്കന്മാർക്കും സ്ഥിരമായ ഒരു ജോലി ഉണ്ടാക്കി കൊടുക്കാൻ അവനായി.. പണ്ടേ പെങ്ങന്മാരുടെ കണ്ണിലുണ്ണിയായ അക്ബർ ഇപ്പോൾ താര പരിവേഷമുള്ള കൺകണ്ട അനിയൻ ചെക്കനാണ്…

 

 

അവനോട് ദിവസവും ഫോണിൽ വിളിച്ച് മിണ്ടാൻ അവര് മത്സരം ആയിരിക്കും..

 

 

ജോലി കിട്ടിയതിനുശേഷം ഒന്ന് രണ്ടു പ്രാവശ്യം വന്നിട്ട് പോയി… ഓരോ വരവിലും ഉമ്മ നിക്കാഹ് കഴിക്കാൻ നിർബന്ധിച്ചു…

 

പല പല കാരണങ്ങൾ പറഞ്ഞ് അവൻ അതിൽ നിന്നും ഒഴിഞ്ഞുമാറി…

 

എടി പിള്ളേരെ.അവനെ കല്യാണത്തിന് നിർബന്ധിച്ചു ഈ ഉമ്മയ്ക്ക് മടുത്തു. ഇനി നിങ്ങൾ പെങ്ങമ്മാർ വേണം അവനെ പിടിച്ചു കെട്ടിക്കാൻ…

 

ഇപ്രാവശ്യം പെങ്ങമ്മാരും തന്നെ കാനത്തു കഴിച്ചു മാത്രമേ അക്കര വിടുള്ളൂ എന്ന് വാശി പിടിച്ചിരിക്കുകയാണ്…

 

സത്യത്തിൽ അക്കു വിവാഹത്തെക്കുറിച്ച് അത്ര ചിന്തിച്ചിട്ടില്ല…

 

പെണ്ണ് കണ്ടിട്ട് ഇഷ്ടപ്പെടട്ടെ എന്നിട്ട്… അല്പം റൊമാന്റിക് ആവണം… ഇപ്രാവശ്യം പെണ്ണ് കണ്ട് ഉറപ്പിച്ച് പോകണം… അടുത്ത വരവിൽ മതി കല്യാണം…

 

 

അതാണ് അവന്റെ മനസ്സിൽ എങ്കിലും അതൊന്നും അവൻ പുറത്തു പറഞ്ഞില്ല.

പ്ലാൻ സമയമാകുമ്പോൾ പറയാം..

 

കുറച്ചു സമയമേ ആയുള്ളൂ എങ്കിലും പെങ്ങന്മാരൊക്കെ ഹാജരായി…

 

എല്ലാവരും സ്നേഹം കൊണ്ട് അവനെ പൊതിഞ്ഞു… എല്ലാവരുടെയും സംസാര വിഷയം ഒന്നുതന്നെ നിക്കാഹ് കഴിക്കണം..

 

ഓക്കേ കഴിക്കാം ആദ്യം പെണ്ണ് എവിടെയുണ്ട് പറ കാണട്ടെ…

 

ഊയ്യോ…. പെണ്ണ് എത്ര വേണം നിനക്ക്… ഞങ്ങൾ ഒരു നിമിഷം കൊണ്ട് റെഡിയാക്കി തരില്ലേ..

 

ഓഹോ…ആവശ്യമുള്ളത്ര കിട്ടുമോ..? എങ്കിൽ ഒരു നൂറെണ്ണം വേണം…

 

പോടാ….നീ കെട്ടാൻ റെഡിയെങ്കിൽ അടിപൊളി ഒരു പെണ്ണിനെ ഞങ്ങൾ ശരിയാക്കും എന്നാണ് ….

 

ഉം…

 

അക്കുവിന് വേണ്ടുന്ന വിഭവങ്ങൾ ഉണ്ടാക്കി കൊടുത്തു അവനെ തീറ്റിച്ച് അവൻ പോകും വരെ അവിടെത്തന്നെയായിരിക്കും… ഈ പെങ്ങമ്മാരും കുടുംബവും…!

 

 

എന്ത് ഭാഗ്യം ചെയ്ത ചെക്കൻ.. അല്ലെ അക്കു… അവന്റെ പെങ്ങന്മാർ അവനെ സ്നേഹിച്ചു കൊല്ലുകയാണ്…ഞങ്ങൾക്കും ഉണ്ട് പെങ്ങമ്മാർ ഇതൊക്കെ കാണുമ്പോൾ അവരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും….

 

അക്കുവിന്റെ സുഹൃത്തുക്കൾ ഇതൊക്കെ കാണുമ്പോൾ സങ്കടത്തോടെ പറയും.

 

അന്ന് വൈകിട്ട് കൃത്യസമയത്ത് തന്നെ അക്കു ബിഎംഡബ്ല്യുവിന്റെ മിനി കൂപ്പർ കൂട്ടുകാരുടെ അടുത്ത് എത്തി..

 

 

കേറടാ ചങ്ക്‌സുകളെ നമുക്ക് ഒന്ന് അടിച്ചു പൊളിച്ചു കറങ്ങി വരാം…

 

എടാ… ഇതപ്പോൾ എടുത്തു…

 

പുതിയ വണ്ടി കണ്ടു കൂട്ടുകാർ അത്ഭുതത്തോടെ ചോദിച്ചു..

 

ഞാൻ ഗൾഫിൽ നിന്ന് തന്നെ ബുക്കാക്കിയിരുന്നു..വരുമ്പോൾ ഷോറൂം ജീവനക്കാർ എയർപോർട്ടിൽ കാർ കൊണ്ട് തന്നു.. ഇവൻ ഒന്ന് ഒന്നര സാധനമാണ്.. കരിപ്പൂർ എയർപോർട്ടിൽ നിന്നും നാട്ടിലുള്ള എന്റെ വീട്ടിലേക്ക് ഓടിക്കുമ്പോൾ തന്നെ എനിക്ക് മനസ്സിലായി..

 

ഇനി എങ്ങോട്ട്… അക്കൂ

 

 

കൂട്ടുകാർ എല്ലാവരും കാറിൽ കയറിക്കൊണ്ട് ചോദിച്ചു

 

ഇനി ദോപ്പണ്ണയുടെ തട്ടുകടയിലേക്ക്…

 

അള്ളോ… അതെവിടെ…. ഇവിടെ വല്ല റോഡ് വക്കിലായിരിക്കും..

എടാ നീയെന്താ കഞ്ചുസായോ…ഫൈസ്റ്റാർ ഹോട്ടലിൽ ഒന്നും കൊണ്ട് പോകുന്നില്ലേ…ഞങ്ങളെ….

 

എടാ ചെക്കന്മാരെ ….. ഒരു അടിപൊളി തട്ട് കടയാ ഇത്… ദുബായിൽ വരെ ഫേയ്മസാ….

 

ആണോ എങ്കിൽ വിട്ടോ…..

 

 

അക്കു പുതിയ ഹൈവേ 66 വഴി വെച്ചുപിടിച്ചു..

 

ആട്ടെ…. ചങ്ക്‌സ്….ഈ തട്ടുകട എവിടാന്ന് അറിയോ…

 

ഇല്ല… എവിടെടാ….അക്കു…

 

കൂട്ടുകാർ ഏകസ്വരത്തിൽ ചോദിച്ചു

 

കേരളത്തിന്റെ അങ്ങ് വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു…

 

എന്റെ അമ്മോ ഈ മലപ്പുറത്തുനിന്ന് കട്ടൻ ചായ കുടിക്കാൻ മഞ്ചേശ്വരം വരെയോ…300 ഇൽ അധികം കിലോമീറ്റർ ഉണ്ടല്ലോ..

 

 

ഉം.. എല്ലാവരും ബെൽറ്റ്‌ സെറ്റാക്കി ഇരുന്നോ…

 

അത് കേട്ട് സുഹൃത്തുക്കൾ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചു..

 

പിന്നെ ഒറ്റ പോക്ക് ആയിരുന്നു…

എടാ.. മച്ചാനെ അക്കു ….ഹൈവേയുടെ പണി നടക്കുകയാണ് ഒന്ന് സൂക്ഷിച്ചു…

 

അക്കുവിന്റെ വണ്ടി ക്രമേണ സ്പീഡ് വർദ്ധിച്ചു 100…. അയ്യോ.. 200… അവിടുന്ന് പിന്നെയും.. 240 വേഗതയിൽ ആയി…. കലപില ശബ്ദിച്ച കൂട്ടുകാർ പിന്നെ ശ്വാസം അടക്കി പിടിച്ചു കണ്ണുമിഴച്ചിരുന്നു…

 

ചിലരുടെ കിളി പറന്നു പോയി… ചിലർ ബോധം പോയ പോലെ അത്തും പിത്തും പറയാൻ തുടങ്ങി.

 

വെറും രണ്ടു മണിക്കൂർ കൊണ്ട് മഞ്ചേശ്വരത്തെ ദോപ്പണ്ണയുടെ ചായക്കടയിൽ മുന്നിൽ എത്തി…

 

എല്ലാവർക്കും ശ്വാസം നേരെ വീണു….

 

പിള്ളേരെ… നിങ്ങോ ജന്നത്തിലെ ചായ ജന്നത്തിലെ ചായ എന്ന് കേട്ടിട്ടുണ്ടോ..

ആ ചായ കുടിക്കാനാണ് നമ്മൾ ഇപ്പോ പറന്നുവന്നത്..

ആരൊക്കെ ഷെഡിയിൽ തൂറിയിട്ടുണ്ടെന്ന് നോക്കൂ..

 

ഡോറു തുറക്കുന്നതിനിടയിൽ സൂഫി കളിയാക്കി പറഞ്ഞു..

 

 

ഒന്നു പോ…. എന്റെ സൂഫിക്ക…ഉവ്വേ….അക്കുവല്ലേ വണ്ടി ഓടിക്കുന്നത്… സൊ…ഞങ്ങൾ സേഫ് ആണ് എന്നറിയാം…അവിടെ ദുബായിൽ ഷെയ്ക്കിനെ വൈകിട്ടത്തെ ചായ കുടിക്കാൻ കൊണ്ട് പോകുന്ന ദൂരമേ ആയുള്ളൂ…അവനു ഇത്…

 

കൂട്ടത്തിലെ ധൈര്യശാലിയായ

റംഷാദ് പറഞ്ഞു…

 

 

എല്ലാവരും കാറിന് പുറത്തിറങ്ങി…

 

തട്ട് കടയാണെങ്കിലും അവിടെ വന്നു കൂടിയിരിക്കുന്ന കാറുകളുടെ എണ്ണവും തിരക്കും കണ്ടപ്പോൾ അവർക്ക് അത്ഭുതമായി…

 

നിങ്ങളാ കാർ കണ്ടോ….

 

കൂട്ടത്തിൽ നിർത്തിയിരിക്കുന്ന ഒരു വിലകൂടിയ കാറിനെ കാണിച്ച് അക്കു ചോദിച്ചു….

 

അത് ലംബോർഗിനി ആണ്…എനിക്കറിയാടാ…അക്കു..

 

റംഷാദ് പറഞ്ഞു…

 

റംഷാദ് അതിന്റെ രജിസ്ട്രേഷൻ ശ്രദ്ധിച്ചോ

 

ഉവ്വ്…എപി ആന്ധ്ര പ്രദേശ്…. അവരും ആന്ധ്രപ്രദേശിൽ നിന്ന് ചായ കുടിക്കാൻ വന്നതാണോ…. റംഷാദ് അത്ഭുതത്തോടെ ചോദിച്ചപ്പോൾ മറ്റു കൂട്ടുകാരെല്ലാം ചിരിച്ചു…

 

ഹ ഹാ… ഹാ ഹ…

 

 

 

ഇതൊക്കെ ഈ അക്കുവിന്റെ ഒരു തമാശയല്ലേ….. ഇതൊക്കെ എന്ത്…

പണ്ട് ലളിത്തു സ്റ്റാർ ഹോട്ടലിന്റെ വർക്ക് കോഴിക്കോട് നടക്കുമ്പോൾ രാവിലെ ഹെലികോപ്റ്ററിൽ കോഴിക്കോട് വരുന്ന അംബാനിയുടെ ഭാര്യ കോകില അംബാനി

ഹെലികോപ്റ്ററിൽ ഊണ് കഴിക്കാനും ചായ കുടിക്കാനും ഡൽഹിക്ക് പോയിട്ട് മടങ്ങി കോഴിക്കോട് വന്ന് സൈറ്റിൽ വൈകിട്ട് വരെ പണി നോക്കുമായിരുന്നു… അതിനിടയിൽ ഇത് എന്ത്..അല്ലേ സൂഫിക്കാ…

 

 

അക്കുവിന്റെ ചോദ്യത്തിന് സൂക്ഷിക്കാൻ മറുപടി പറഞ്ഞു

 

അല്ല പിന്നെ…

 

ദോപ്പണ്ണയുടെ മാംഗ്ലൂർ ഉരുളക്കിഴങ്ങ് കൊണ്ടുണ്ടാക്കിയ മസാല ദോശ കൂട്ടുകാർക്ക് നാവിന്റെ രുചിയിൽ ഒരു പുത്തൻ അനുഭവമായിരുന്നു.. കനലിൽ പഴുപ്പിച്ചെടുത്ത മണ്ണ് കോപ്പയിൽ പച്ചവെള്ളം ഒഴിച്ചപ്പോൾ തിളച്ചു ചായയായി മാറി.. ഒന്നാന്തരം ഏലക്ക തരിയിട്ട ചായ…

 

അതിന്റെ രുചി വറ്റുമുമ്പ് അവർ വീണ്ടും നാട്ടികയിലേക്ക് തിരിച്ചു..

 

പോയ അതേസമയം കൊണ്ട് തന്നെ.. അക്കുവിന്റെ കാർ ഹൈവേയിൽ നിന്നും നാട്ടിക റോഡിലേക്ക് പ്രവേശിച്ചു. കാർ കുറെ മുന്നോട്ടു നീങ്ങി…

 

ഈ സമയമാണ് ആയിഷ തന്റെ സ്കൂട്ടിയിൽ നാട്ടിക റോഡിനെ ക്രോസ് ചെയ്ത് അവളുടെ വീട്ടിലേക്കുള്ള കട്ട് റോഡിലേക്ക് പോകാൻ ശ്രമിച്ചത്…

 

വണ്ടിയുമായി റോഡ് ക്രോസ് ചെയ്യവേ റോക്കറ്റ് വേഗത്തിൽ മിന്നായം പോലെ ഒരു കാറ് നാട്ടിക റോഡിലൂടെ വരുന്നത് കണ്ടത്… അവളുടെ സ്പീഡിൽ സഞ്ചരിച്ചാൽ അതിനെ തട്ടും എന്ന് അവൾക്ക് തോന്നിയതുകൊണ്ട് പെട്ടെന്ന് ആക്സിലേറ്റർ കൂടുതൽ കൊടുത്തു.

റോഡ് പാസ്സ് ചെയ്യാൻ വേണ്ടി അമിതവേഗം എടുത്തത് കാരണം റോഡിന്റെ മറുവശത്തുള്ള ചെറിയ സ്ഥലത്ത് അവൾക്ക് വണ്ടി നിർത്താൻ പറ്റിയില്ല.. അത് അവിടുന്ന് പോയി താഴെയുള്ള ചളിയും കണ്ടത്തിലേക്ക് അവളടക്കം മറിഞ്ഞുവീണു,.

 

അയ്യോ . ഉമ്മ….അവൾ നിലവിളിച്ചു..

 

 

എടാ നമ്മുടെ വണ്ടിയുടെ വേഗത കണ്ടിട്ട് റോഡ് ക്രോസ് ചെയ്യുന്ന ആ പെൺകൊച്ചു വണ്ടിയെടുത്ത് കണ്ടത്തിലെ ചളിയും കുണ്ടിലിട്ടു…..

 

അക്കു അതു കണ്ടു.. അവൻ പെട്ടെന്ന് വണ്ടി നിർത്തി..

കൂട്ടുകാരൊക്കെ ചാടിയിറങ്ങി കണ്ടത്തിലേക്ക് ഇറങ്ങി…

 

ദേഹമാസകലം ചളിയിൽ പുരണ്ട പെൺകുട്ടി ആൾക്കാരെ കണ്ടപ്പോൾ വേഗം ചാടി എണീക്കാൻ ശ്രമിച്ചു..

 

എട്ടടിയോളം താഴ്ചയുള്ള ഉഴുതുമറിച്ച ആ ചളിയും കണ്ടത്തിലേക്കുള്ള വീഴ്ചയിൽ സ്കൂട്ടർ അടക്കം അവൾ ചളിയിൽ പൂണ്ട് പോയിരുന്നു…

 

അവരൊക്കെ ചേർന്ന അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു മുകളിലെത്തിച്ചു.. കൂട്ടുകാരിൽ രണ്ടുപേർ സ്കൂട്ടറും പൊക്കിയെടുത്ത് മുകളിലെ റോഡിൽ കൊണ്ടുവന്നു..

 

 

വല്ലതും പറ്റിയോ… അക്കു ചോദിച്ചു…

 

ഇനിയെന്ത് പറ്റാൻ ബാക്കി…

 

അവൾ തമാശ പറഞ്ഞതാണെങ്കിലും ഒടുവിൽ കരച്ചിലിന്റെ വളം എത്തി…

 

സത്യത്തിൽ എന്താ സംഭവിച്ചത്….?

 

അക്കു അവളോട് ചോദിച്ചു…

 

തിരിച്ച് അങ്ങോട്ട് ഒരു ചോദ്യമായിരുന്നു…

 

നിങ്ങളാണോ കാർ ഓടിച്ചത്…

 

ആണ്….എന്താ കുഴപ്പം…

 

എന്തൊരു മരണ പാച്ചിൽ ആണ് ഇഷ്ടാ…. നിങ്ങളുടെ കാറിന്റെ വരവ് കണ്ടിട്ട് ഞാൻ പേടിച്ച് അന്തം വിട്ടുപോയിട്ട് കണ്ടത്തിൽ കൊണ്ടിട്ടത്…

 

അത് കേട്ട് ചിരിച്ചു…

 

എന്റെ… കൂട്ടുകാരി.. എന്റെ കാർ ഇനിയും നിങ്ങൾ റോഡ് ക്രോസ് ചെയ്യാൻ പാസ്സായ ഈ സ്ഥലത്ത് എത്തിയിട്ടില്ല.. ദേ 30 മീറ്റർ അപ്പുറമാണ് ഉള്ളത്…

 

അവൾ വീണിടത്തു നിന്നു ആ കാർ അവിടെയെത്താൻ പത്തു മുപ്പതു മീറ്റർ ദൂരമുണ്ടെന്ന് അവൾക്ക് മനസ്സിലായി…

 

എങ്കിലും അവൾ വിട്ടില്ല… നിങ്ങൾ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചു വന്നതും കൊണ്ടല്ലേ എനിക്ക് അപകടം ഉണ്ടായത്…

 

ഏടാ….നിയമം…. ഈ കൊച്ച് നിയമം പറയുകയാണ്…

 

ഒരുവൻ കളിയാക്കി പറഞ്ഞു..

 

എന്നിട്ടും ഞങ്ങൾക്ക് അപകടം ഉണ്ടായില്ലല്ലോ….

 

വേറൊരുത്തൻ പറഞ്ഞു…

 

അപ്പോൾ അക്കു കയറി ഇടപ്പെട്ടു…

 

വണ്ടികൾ തമ്മിൽ കൂട്ടി മുട്ടാത്തിടത്തോളം ഒരു നിയമം പറഞ്ഞിട്ടും കാര്യമില്ല…കൊച്ചേ

അതൊക്കെ പോട്ടെ നിനക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാം…കണ്ടിട്ട് കഷ്ടം തോന്നുന്നു… ഈ ചളി കാരണം നിനക്ക് കണ്ണ് കാണുന്നുണ്ടോ മുഖം ഒന്നും കാണുന്നില്ലല്ലോ.

 

അത് ശരിയാ അക്കു…നിന്റെ വണ്ടിയിൽ വെള്ളമുണ്ടെങ്കിൽ അവൾക്ക് മുഖം കഴുകാൻ കൊടുക്കു ..

 

സൂഫിക്കാ പറഞ്ഞു…

 

വെള്ളമുണ്ട് സീറ്റിനടിയിൽ…

 

അക്കു പറഞ്ഞു….

 

ആരോ ഒരാൾ പോയി വണ്ടിയിൽ നിന്നും നിറയെ വെള്ളമുള്ള കന്നാസ് എടുത്തു കൊണ്ടുവന്നു… അക്കുവിന് നേരെ നീട്ടി..

 

 

ചങ്ക്‌സ്…. ഈ വെള്ളം ഏതാണെന്ന് അറിയോ…. ഇത് എന്റെ അങ്കിളിന് കൊടുക്കാൻ എളയപ്പ മക്കയിൽ നിന്നും കൊടുത്തയച്ച സംസം കിണറ്റിലെ വെള്ളമാണ്.. സാരമില്ല.. അവൾ

മുഖം കഴുകിക്കോട്ടെ….. അത് ഇങ്ങു താ…

 

അക്കൂ ആ കന്നാസ് വാങ്ങിച്ചു അവളുടെ തലവഴി ആ വെള്ളം പതുക്കെ ഒഴിച്ചു കൊടുത്തു.. അവൾ മുഖത്തിലെ അഴുക്കും തട്ടത്തിലെ അഴുക്കും വസ്ത്രത്തിന്റെ മേലിൽ ഉള്ള അഴുക്കൊക്കെ പതുക്കെ തുടച്ചു കളഞ്ഞു…

 

കരി മേഘങ്ങൾക്കിടയിൽ പൂർണ്ണചന്ദ്രൻ പുറത്തുവരുന്നത് പോലെ ആയിഷയുടെ മുഖ സൗന്ദര്യം അക്കു ഒഴിച്ചു കൊടുക്കുന്ന വെള്ളം ധാരധാരയായി മുഖത്ത് വീണപ്പോൾ തെളിഞ്ഞുവന്നു…

 

 

എന്റെ അള്ളോ…ഇത്രയും സുന്ദരിയായിരുന്നോടി നീ…അക്കു അറിയാതെ ചോദിച്ചു പോയി…

 

അവൾ അത് കേട്ട് ചിരിച്ചു…

 

ഇനി ഇച്ചിരി കുടിക്കാൻ താ…

 

അക്കു ഒഴിച്ചു കൊടുത്ത വെള്ളത്തിൽ അവൾ കൈ രണ്ടും നന്നായി കഴുകി…

 

അതിനുശേഷം അവൻ അവളുടെ കയ്യിൽ പകർന്ന വെള്ളം അവൾ ചുണ്ടോട് ചേർത്ത് വലിച്ചു കുടിച്ചു… വെളുത്ത പട്ടുപോലത്തെ കയ്യിൽ മൈലാഞ്ചി ചിത്രങ്ങൾ വെള്ളത്തിൽ തിളങ്ങുന്നത് അവൻ നോക്കി നിന്നു.

 

എങ്ങനെ വീട്ടിൽ പോകും…

 

ഇവിടെ അടുത്ത് ത്തന്നെ എന്റെ വീട് ഞാൻ പൊയ്ക്കോളാം…

 

ചെളിപുരണ്ട അവളുടെ സ്കൂട്ടർ എല്ലാവരും കൂടി സ്റ്റാർട്ട് ആക്കി കൊടുത്തു..

 

ആ വണ്ടിയിൽ കയറി എല്ലാവരെയും നോക്കി ചിരിച്ചിട്ട് അവൾ വണ്ടി മുന്നോട്ട് എടുത്ത് വീട്ടിലേക്ക് പോയി…

 

അക്കുവും കൂട്ടുകാരും ഒരു നിമിഷം അത് നോക്കി നിന്നു…

 

 

പാവം കൊച്ച്…. വാ പോകാം..

 

അക്കു പറഞ്ഞു…

 

 

 

ചമഞ്ഞൊരുങ്ങിപ്പോയ മകൾ കരിപുരണ്ട ഭൂതം പോലെ ചെളി പുരണ്ട് വണ്ടിയിൽ വരുന്നത് കണ്ടു ആയിഷയുടെ ഉപ്പയും ഉമ്മയും അന്തം വിട്ടു…

 

എന്തു പറ്റിയെടി… ഇതെന്താ ഈ കോലത്തിൽ..

 

ഉമ്മ ആദിയോടെ വരാന്തയിൽ നിന്നും മുറ്റത്ത് ഇറങ്ങി വന്നു ചോദിച്ചു..

 

 

അവിടെ ഉണ്ടായിരുന്ന കുട്ടികളൊക്കെ ആയിഷയുടെ രൂപം കണ്ടു കളിയാക്കി ചിരിച്ചു…

 

അവൾ ഉണ്ടായ സംഭവങ്ങളൊക്കെ പറഞ്ഞു..

 

കുറെ ആമ്പിള്ളേർ കയറിയ കാർ തീപ്പന്തം പോലെ ലക്കും ലഗാനും ഇല്ലാതെ വരുന്നത് കണ്ടപ്പോൾ എന്റെ വണ്ടിയുമായി നാട്ടിക റോഡ് ക്രോസ് ചെയ്തു നമ്മുടെ റോഡിലേക്ക് വരികയായിരുന്ന ഞാൻ പേടിച്ചു കണ്ടത്തിലേക്ക് വണ്ടിയും കൊണ്ട് വീണു..

 

റബ്ബ് കാത്തു… ചളിയിൽ ആയതുകൊണ്ട് രക്ഷപ്പെട്ടു….നിനക്ക് മേലിന് ഒന്നും പറ്റിയില്ലല്ലോ…മോളെ..

.

 

ഉമ്മ സഫിയ ആശങ്കയോടെ ചോദിച്ചു..

 

അവൾ ചുരിദാറിന്റെ കാൽ രണ്ടും പൊക്കി നോക്കി… രണ്ടു കാലിന്റെ മുട്ടും അല്പം ചോര പൊടിഞ്ഞിരുന്നു…

 

ഇതുമാത്രം..വേറെ ഒന്നും പറ്റിയില്ല…

 

പറ്റാൻ എന്തു…ആ കണ്ടത്തിൽ നിറയെ ചളിയും വെള്ളമല്ലേ… ചുമ്മാ വണ്ടിയും കൊണ്ട് അതിലേക്ക് പോയി വീണതല്ലേ അതിനാൽ ഒന്നും പറ്റിയില്ല… എന്നിട്ട് അവന്മാരെവിടെ…ആ

പിള്ളേരെ വഴക്ക് പറഞ്ഞൊ… നീ…

 

ഇതൊക്കെ കണ്ടും കേട്ടും കൊണ്ട് അകത്തുണ്ടായിരുന്ന ആങ്ങള സഫീർ മുറ്റത്തിറങ്ങി വന്നു ചോദിച്ചു..

 

എങ്ങനെ വഴക്ക് പറയും…അവരുടെ വണ്ടി 500 കിലോമീറ്റർ ദൂരെ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു…

 

500 കിലോമീറ്ററോ…

 

എന്റെ സഫീർ ഇക്ക….. എന്റെ വണ്ടിയുടെ ഏഴ് അയലത്ത് എത്തുന്നതിനുമുമ്പ് ഞാൻ പേടിച്ചിട്ട് കണ്ടത്തിലേക്ക് പോയി വീണില്ല… അവരാണ് അതിന് കാരണം എന്ന് ഞാൻ എങ്ങനെ സ്ഥാപിക്കും… ഒക്കെ എന്റെ പേടിയല്ലേ കാരണം…..

 

ശരി ശരി മോള് അകത്ത് കയറി കുളിച്ചോ..

വണ്ടിയൊക്കെ സഫീർ കഴുകി വെച്ചോളും..

 

ഉമ്മ സഫിയ പറഞ്ഞു….

 

എന്റെ പട്ടി കഴുകും… ചുമ്മാ കൊണ്ടുപോയി ചളിയും കണ്ടത്തിൽ ഇട്ടത് അവളല്ലേ ഓള് ത്തന്നെ കഴുകട്ടെ..

 

സഫീർ പറഞ്ഞു…

 

എടാ ഈ ചളിയൊക്കെ ഓള് കഴുകിയ പോവോ.. അതുകൊണ്ടാ നിന്നോട് കഴുകാൻ പറഞ്ഞത്

 

പോയില്ലെങ്കിൽ നാളെ സർവീസ് ചെയ്യാൻ പറ… എനിക്ക് വേറെ പണിയുണ്ട് ഞാൻ പോകുന്നു…

 

അതും പറഞ്ഞു സഫീർ ഇറങ്ങി നടന്നു..

 

എടി….സഫിയ…. നാളെ നമ്മുടെ മോൾ ആയിഷയെ നാട്ടികയിലുള്ള ആയുർവേദ ഡിസ്പെൻസറിൽ അയക്കണം.. അതുകൊണ്ട് വണ്ടി കഴുകി ഞാൻ വെച്ചോളാം… ഈ ചളി ഒക്കെ രാവിലെ വരെ വെച്ചാൽ ഉറച്ചിട്ട് പോവൂല.. ഇപ്പത്തന്നെ കഴുകണം….

 

എന്ന് ഭാര്യയോട് പറഞ്ഞുകൊണ്ട് ആയിഷയുടെ ഉപ്പ പൈപ്പിൽ നിന്നും വെള്ളമടിച്ച് അവളുടെ വണ്ടി കഴുകാൻ തുടങ്ങി…

 

 

പിറ്റേന്ന് ആയിഷയോട് ഉപ്പ പറഞ്ഞു..

 

മോളു…. ആയിഷ…ഉമ്മുമ്മാന്റെ കഷായവും കുഴമ്പും തീർന്നു നാട്ടികയിൽ ഉള്ള ആയുർവേദ ഡിസ്പെൻസറിൽ പോയി അത് വാങ്ങിക്കൊണ്ടു വരണം… ഇതാ ചീട്ട്…

 

 

 

അവൾ ഡിസ്പെൻസറിയിലെത്തി… അവൾ അത്ഭുതപ്പെട്ടുപോയി…അവിടെ അക്കു തന്റെ ഉമ്മയെയും മരുന്നു വാങ്ങിക്കാൻ വന്നിട്ടുണ്ടായിരുന്നു..

 

ആയിഷ അക്കുവിനെ കണ്ടു.. അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

അക്കുവിന് ആളെ മനസ്സിലായില്ല…

അക്കു വേഗം അവളുടെ അടുത്ത് ചെന്ന്

 

അയ്യോ ഇതാര്…..

 

അവൻ വിസ്മയം പൂണ്ടതുപോലെ ചോദിച്ചു..

 

അവൾ ചിരിച്ചു..

 

 

ഇത് ആരാ കൂടെ…

 

എന്റെ ഉമ്മയാണ്…ഉമ്മായുടെ ഏഴു മക്കളിൽ ഒരേയൊരു ആൺ സന്തതിയാണ് ഞാൻ.. ഏറ്റവും ഇളയത്.. 6 പെങ്ങമ്മാരും മാരിഡും വെൽ സെറ്റിൽഡും ആണ്….ഇവിടെയാണ് ഉമ്മയെ മുട്ട് വേദനക്ക് ചികിത്സിക്കുന്നത്.. ഉമ്മയ്ക്ക് ഇമ്മാതിരി വിഷയങ്ങളിൽ അലോപ്പതി ഒന്നും ഇഷ്ടമല്ല..

 

ഞാൻ ഉമ്മുമ്മയ്ക്കുള്ള കഷായത്തിനും കുഴമ്പിനും വന്നതാണ്..

 

ആണോ…പേര് പറഞ്ഞില്ല…

 

പേര് ചോദിച്ചില്ല… സൊ…പറഞ്ഞില്ല… നിങ്ങളുടെ പേര് എന്താണ്..

 

 

ഞാൻ അക്ബർ അക്കൂന് എല്ലാവരും വിളിക്കും….

 

ഞാൻ ആയിഷ.. ഐഷുന്നു എല്ലാരും വിളിക്കും..

 

 

അവർ രണ്ടുപേരും കുറെ നേരം സംസാരിച്ചു..

 

ആയിഷ ഡിഗ്രി ഫസ്റ്റ് ഇയർ ആണെന്ന് മനസ്സിലായി..

 

അക്കു ദുബായിൽ ഷെയ്ക്കിന്റെ ഡ്രൈവർ ആണെന്ന് പറഞ്ഞു..

 

ശരി ഞാൻ പോകുന്നു….

ആയിഷ ഡിസ്പെൻസറിയിൽ നിന്നും മരുന്നൊക്കെ വാങ്ങി പോകാൻ തയ്യാറായി..

 

സൂക്ഷിച്ചു പോണം…. ഡ്രൈവിങ്ങിന് ആദ്യം വേണ്ടത് ധൈര്യമാണ് കേട്ടോ..

 

ഉം…. ശരി.

ബൈ…അക്കൂ…… ഞാൻ പോവുകയാണ്…

 

ഓക്കേ… ബൈ..

അക്കു കൈവീശി കാണിച്ചു…

 

അവൾ വണ്ടിയെടുത്തു പോയി…

 

ഉമ്മ ചികിത്സയൊക്കെ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ കണ്ടത് അക്കു സ്കൂട്ടറിൽ പോകുന്ന ഒരു പെണ്ണിനെ കൈ വീശി ടാറ്റ പറയുന്നതാണ്…

 

ആരാ മോനെ അത്…

 

ഒരു ഫ്രണ്ട് ആയിഷ…

 

ഉം…

 

അക്കു ഉമ്മയെയും കാറിൽ കയറ്റി വീട്ടിലേക്ക് പോയി…

 

പിറ്റേന്ന് അക്കു തന്റെ നാലാമത്തെ സഹോദരി ഹബീബ ഇത്തയുടെ മകൾ ഷബ്നയ്ക്ക് ഒരു സ്കൂട്ടിയെടുക്കാൻ അടുത്തുള്ള ഷോറൂമിൽ ചെന്നു..

 

പ്ലസ്ടു പാസായപ്പോൾ അക്കു പഠിക്കാൻ നല്ല ഉഷാറുള്ള തന്റെ മരുമകൾക്ക് വാഗ്ദാനം ചെയ്തതാണ്…കോളേജിൽ പോകാൻ വേണ്ടി ഒരു സ്കൂട്ടി വാങ്ങിച്ചു തരാമെന്നു..അതിനു വേണ്ടി ഷോറൂമിൽ എത്തിയതാണ്..

 

ആയിഷയും അവിടെ ഉണ്ടായിരുന്നു.. അവളുടെ സ്കൂട്ടറിന്റെ ഫ്രീ സർവീസിന് നേരമായി… അങ്ങനെ വന്നതാണ്.. മാത്രമല്ല ഇന്നലത്തെ വീഴ്ചയിൽ എന്തോ പറ്റിയിട്ടുണ്ട് ചെറുതായി…അതും സർവീസ് ചെയ്യണം… അതുകൊണ്ട് രാവിലെ തന്നെ പോന്നതാണ്…

 

അവിടെവച്ച് ആയിഷയും അക്ബറും വീണ്ടും പരസ്പരം കണ്ടു.. അക്ബറിന്റെ കൂടെ ഷബ്നയെ കണ്ടപ്പോൾ അവൾക്കു അത്ഭുതമായി..

 

 

 

ആയിഷ ഓടിച്ചെന്ന് ഷബ്നയെ കെട്ടിപ്പിടിച്ചു..

 

 

ഷബ്ന ആയിഷയുടെ കൂട്ടുകാരിയാണ് ക്ലാസ്മേറ്റ് ആണ്…

 

എടി നീയെന്താ ഇവിടെ…

ഈ അക്കു നിന്റെ ആരാ…

 

ആയിഷ ചോദിച്ചു…

 

ഇത് എന്റെ അങ്കിളാണ്… അക്കു എന്ന അക്ബർ.. ഓൾമോസ്റ്റ് ഫോർ വീലർ അഡ്വഞ്ചർ റൈഡർ..

 

അത് ഞാൻ മിനിഞ്ഞാന്ന് അറിഞ്ഞിരുന്നു അഡ്വഞ്ചർ ഡ്രൈവർ ആണെന്ന്..

 

 

ഹലോ. ഹലോ….ഡ്രൈവർ അല്ല… റൈഡർ എന്നാണ് ഷബ്ന പറഞ്ഞത്…

 

 

അക്കു ആയിഷയെ നോക്കി വിരലിഞ്ഞൊടിച്ചുകൊണ്ട് ശ്രദ്ധ ക്ഷണിച്ചു തിരുത്തി..

 

രണ്ടും ഒന്ന് തന്നെ അവള് പറഞ്ഞു പൊട്ടിച്ചിരിച്ചു..

 

ഷബ്നക്ക് കാര്യം ഒന്നും മനസ്സിലായില്ല എന്താണ് എന്തുപറ്റി..

 

എടി…. മിനിഞ്ഞാന്ന് ഞാൻ ഉപ്പുപ്പാന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഈ പണ്ടാരക്കാലൻ റോഡിലൂടെ പോകുന്നതിന്റെ കാറ്റടിച്ചിട്ട് ഞാൻ കണ്ടത്തിലേക്ക് മറിഞ്ഞു…

 

 

അതുകേട്ട് ഷബ്നയും പൊട്ടിച്ചിരിച്ചു …

 

ആയിഷയും അക്ബറും പല പ്രാവശ്യം കണ്ടുമുട്ടിയതിന്റെ സ്വാതന്ത്ര്യം എടുത്തു തമ്മിൽ സംസാരിച്ചപ്പോൾ ഇരുവർക്കും വല്ലാത്ത അടുപ്പം തോന്നി…

 

ഷബ്ന് ആയിഷയെ പ്രോത്സാഹിപ്പിച്ചു…

 

ഇടക്ക് സ്വകാര്യമായി ആയിഷയെ തഞ്ചത്തിന് കിട്ടിയപ്പോൾ സപ്ന പറഞ്ഞു

 

വലിയ കോടീശ്വരനാണ് എന്റെ അങ്കിൾ… അങ്ങനെ ആരോടും അടുപ്പം കൂടാറില്ല.. നിങ്ങളുടെ എന്തോ പ്രത്യേക പ്രതിബത്തി കാണിക്കുന്നുണ്ട് ചിലപ്പോൾ സ്നേഹം ആയിരിക്കും.. നിനക്ക് കിട്ടിയ ചാൻസ് ആണ്….. കെട്ടി കൂടെ കൂട്ടിക്കോ…

 

ഉം…. ഉം…നോക്കട്ടെ….

 

സുഹൃദ്ബന്ധത്തിനപ്പുറം എന്തോ മുജ്ജമ ബന്ധം പോലെ പെട്ടെന്ന് അവർ നല്ല കമ്പനിയായി…

 

അങ്ങനെ അവർ ഏറെ എടുത്തു. പോരാ നേരം ഇരുവരും മൊബൈൽ ഫോൺ നമ്പർ കൈമാറി..

 

വണ്ടി സർവീസ് ചെയ്ത് കിട്ടിയപ്പോൾ ആയിഷ യാത്രയായി…

 

പോകാൻ നേരം തള്ളവിരലും ചെറിയ വിരലും ചെവിയിൽ ചേർത്ത് കാണിച്ച് വിളിക്കാം എന്ന് ആദ്യം കാണിച്ചു…

 

അക്കു ശരി എന്ന് പറഞ്ഞ് തലയാട്ടി കാണിച്ചു..

 

അപ്പോഴേക്കും രജിസ്ട്രേഷൻ കഴിഞ്ഞ് സ്വപ്നയുടെ വണ്ടി റെഡിയായി…

 

ഷബ്ന…മോളു വണ്ടി എടുത്തു പോയിക്കോ……ഞാൻ ഇച്ചിരി വൈകും…

കാറെടുത്ത് പോകുമ്പോൾ അക്കു പറഞ്ഞു…

 

അന്ന് വൈകിട്ട് ആയിഷ വിളിച്ചു.. അക്കു ആ വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു…

 

ഹലോ… അക്കുവല്ലേ…

 

മാധുര്യമൂർന്ന അവളുടെ മൊഴി കാതിൽ വീണപ്പോൾ അക്കുവിന് കുളിർമഴ പോലെ തോന്നി..

 

ആണല്ലോ…

 

ഉം..എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..

 

എനിക്കും…

 

ഫോണിലൂടെ അവർ ഹൃദയ രഹസ്യങ്ങൾ കൈമാറി…

 

ഉള്ളിൽ ഉറുവ പൊട്ടുന്ന പ്രണയം അവർ പരസ്പരം പങ്കുവെച്ചു…

 

നേരിട്ട് പറയാനും ചോദിക്കാനും പറ്റാത്ത കാര്യങ്ങളൊക്കെ ഫോണിലൂടെ ചോദിച്ചു മനസ്സിലാക്കി.. അങ്ങനെ ഇരുവരും ഫോണിലൂടെ വിളിയും സ്നേഹബന്ധവും തുടർന്നു..

 

താൻ വിവാഹത്തിന് ഒരുങ്ങുകയാണെന്നും തനിക്ക് ഒരു പെണ്ണിനെ വേണം എന്നുള്ള ആഗ്രഹം അക്കു ആയിഷയെ അറിയിച്ചു….. അവൾക്കും അക്കുവിനെ തന്റെ വരനാക്കിയാൽ കൊള്ളാം..

 

അവരങ്ങനെ പ്രേമം തുടർന്നു… തമ്മിൽ ഇഷ്ടമാണെന്നും ഇരുവരും വിവാഹം കഴിക്കാൻ തയ്യാറാണെന്നും വീട്ടുകാരും അറിഞ്ഞു..

 

സമൂഹത്തിൽ നല്ല നിലയിൽ അറിയപ്പെടുന്ന ഇരു കുടുംബങ്ങളും നല്ല ചേർച്ച ആയിരിക്കും ഈ ബന്ധത്തിന്…

അതോടുകൂടി മുതിർന്നവർ ഇടപെട്ടു വിവാഹം കഴിച്ചു കൊടുക്കാം എന്ന് തീരുമാനിക്കുന്നു…

 

ഒരുദിവസം ആയിഷയോട് ഫോണിൽ വിളിച്ചു പറഞ്ഞു..

 

എടി ആയിഷേ…നമ്മൾ തമ്മിൽ വിവാഹം വരെ ഉറച്ച സ്ഥിതിക്ക്..

കുറേക്കൂടി സ്വതന്ത്രമുള്ള പ്രണയ മുഹൂർത്തങ്ങളും ഓർമ്മകളും നമുക്ക്സ്ഥാപിക്കണം …

 

അങ്ങനെ പറഞ്ഞാൽ എന്താണ്…?

 

ഞാൻ കാണിച്ചു തരാം വാ…

 

അവൻ അവളെയും കൂട്ടി ഇരുവീട്ടുകാരും അറിയാതെയും എന്നാൽ അറിഞ്ഞും പലയിടങ്ങളിലും കറങ്ങി…

 

ഇപ്പോഴത്തെ കുട്ടികൾ അല്ലേ കല്യാണം ഉറപ്പിച്ചില്ലേ പിന്നെന്താ..

 

അവരുടെ സഞ്ചാരത്തെ അങ്ങനെയേ കണ്ടുള്ളൂ… കുടുംബക്കാർ..

 

നിമിഷ നേരം കൊണ്ട് കുറെ ദൂരം വണ്ടിയോടിക്കാൻ സാധിക്കുന്ന അക്കുവിന് ആ നാട്ടിലുള്ള ദൂരങ്ങൾ ഒന്നും ഒരു പ്രശ്നമല്ലാത്തതുകൊണ്ട് തന്നെ അവർ ഒരു ദിവസം രാവിലെ തന്നെ കൊടൈക്കനാൽ കാണാൻ പുറപ്പെട്ടു..

 

ദൗർഭാഗ്യം എന്നല്ലേ പറയേണ്ടൂ .

 

എതിരെ വന്ന ഏതോ വണ്ടിക്ക് സൈഡ് കൊടുക്കവേ അക്കുവിന്റെ വണ്ടി ഒരു ചെറിയ കൊക്കയിലേക്ക് മറിഞ്ഞു… വീണു..

 

എന്നാൽ വണ്ടി ഏതോ മരത്തിൽ കുടുങ്ങി.. അക്കു എങ്ങനെയോ പുറത്തിറങ്ങി… വണ്ടിയിൽ ഉള്ള ആയിഷയ്ക്ക് നെറ്റിത്തടത്തിൽ നല്ല പരിക്ക് പറ്റി..

 

ഒടുവിൽ അവിടുത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു

 

ആയിഷയ്ക്ക് തലയ്ക്ക് കാര്യമായി പരിക്ക് പറ്റിയത് കൊണ്ട് തന്നെ കുറെക്കാലത്തുള്ള ഓർമ്മകൾ നശിച്ചു പോയിരുന്നു..

 

ഇപ്പോൾ അവളുടെ മനസ്സിൽ പത്താം ക്ലാസ് പഠനം വരെയുള്ള ഓർമ്മകളെ ഉള്ളൂ… അതുകൊണ്ടുതന്നെ തന്റെ കൂടെ നിൽക്കുന്ന അക്കുവിനെ കണ്ടു ബോധം തെളിഞ്ഞപ്പോൾ അവൾ ചോദിച്ചു..

 

നിങ്ങൾ ആരാ…. ഞാനിത് എവിടെയാണ്…അവൾക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ല..

 

അക്കു നാട്ടിലുള്ള കൂട്ടുകാരെയും ആയിഷയുടെ ഉപ്പയെയും സഹോദരൻ സഫീറിനെയും ഫോണിൽ വിളിച്ചു കാര്യങ്ങൾ അറിയിച്ചു…

 

 

ആയിഷയുടെ സഹോദരൻ സഫീർ അക്കുവിന്റെ മുഖത്തു ആഞ്ഞു തല്ലി..എന്നിട്ട് അവന്റെ കോളറിന് കുത്തിപ്പിടിച്ച് പറഞ്ഞു

 

നിന്റെയീ മരണപ്പാച്ചിൽ ഇങ്ങനെയൊക്കെ ആകും എന്ന് എനിക്ക് അറിയാമെടാ…. ആക്സിലേറ്റർ ചവിട്ടിയാൽ ഏതു വണ്ടിയും ഓടും കമ്പനി പറയുന്ന സ്പീഡിൽ.. പക്ഷേ ലോകത്ത് ആരും ചവിട്ടാറില്ല… കാരണം അവർക്കൊക്കെ തലച്ചോർ ഉണ്ട്.. വിവേകമുണ്ട് നിന്നെപ്പോലെ മണ്ടനല്ല…നീ എന്ത് വലിയ ഡ്രൈവർ ആണെന്ന് പറഞ്ഞിട്ട് വലിയ വേഗത്തിൽ പോയാലും എല്ലാവർക്കും സംഭവിക്കുന്ന പോലെ ആക്സിഡന്റ് നിനക്കും സംഭവിച്ചില്ലേ… ഇപ്പത്തന്നെ എന്റെ പെങ്ങളെ പകുതിക്ക് കൊന്നിലനിന്നെ ഞാൻ കൊല്ലുമല്ലോടാ പട്ടി…എന്നൊക്കെ വിളിച്ചു അവൻ ബഹളം വെച്ചു…

 

മതി മതി… അളിയൻ എന്ന നിലയ്ക്ക് ചിലപ്പോൾ ഒരു തല്ല് അവൻ കൊള്ളും..അതും അവന്റെ തെറ്റ് ഓർത്തുകൊണ്ട് മാത്രം…ഇനിയും അവന്റെ മേലിൽ കൈ വച്ചാൽ ഞങ്ങൾ നോക്കിയിരിക്കില്ല….മനസ്സിലായോ…

 

സൂഫിക്കാ സഫീറിനെ നോക്കിയിട്ടു ഭീഷണിപ്പെടുത്തി..

 

അക്കുവിന്റെ മറ്റു കൂട്ടുകാർ ഇരുവരോടും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു..

 

ഒടുവിൽ അക്ബർ ഇങ്ങനെ പ്രഖ്യാപിക്കും..

 

ഞാൻ എന്റെ ആയിഷ….ഇങ്ങനെ ആയതുകൊണ്ട് അതിന്റെ പേരിൽ ഇട്ടിട്ടു പോകില്ല.. ഇവളെ ഒരിക്കലും ഉപേക്ഷിക്കില്ല… ആ പേടി ആർക്കും വേണ്ട..

ഞാൻ തന്നെ കെട്ടും..

 

ആഴ്ചയ്ക്ക് ശേഷം ആയിഷയുടെ അസുഖമൊക്കെ ഭേദപ്പെട്ടു.. ഓർമ്മ ശക്തി മുഴുവനായി വീണ്ടും കിട്ടിയില്ല എന്ന് മാത്രം..

 

അങ്ങനെ അക്കുവിനെ ആയിഷയ്ക്ക് തിരിച്ചറിയാൻ പറ്റുന്നില്ല… അവളെ സംബന്ധിച്ചിടത്തോളം അക്കു ഹോസ്പിറ്റലിൽ നിന്നും കൂടെ ഉണ്ടായിരുന്നു.. സുഖമായതിനുശേഷം വീട്ടിൽവന്നപ്പോൾ രണ്ടുമൂന്നു പ്രാവശ്യം അക്കുവിനെ കണ്ടതുകൊണ്ട് തന്നെ അക്കു തന്റെ കല്യാണത്തിന് താല്പര്യവുമായി വരുന്ന ഒരു ചെറുക്കൻ ആണെന്ന് മാത്രം അറിയാം….

 

എനിക്ക് 15 വയസ്സ് അല്ലെ ആയുള്ളൂ… എനിക്ക് എന്തിനാ ഇപ്പോഴേ കല്യാണം..ഞാൻ കുഞ്ഞല്ലേ…..എന്നൊക്കെ അവൾ പറയുന്നുണ്ട്…

 

അതല്ല നിനക്ക് 18 വയസ്സായി.. നീ പ്രായപൂർത്തിയായ പെണ്ണാണ്.. വിവാഹ പ്രായമായി ഒക്കെ പറയാൻ ആരും ശ്രമിച്ചില്ല..കാരണം ഡോക്ടർമാർ പറഞ്ഞിരുന്നു അങ്ങനെ ഒന്നും പറയരുതെന്നു .. അവൾക്ക് സ്വയം ഓർമ്മ വരുമ്പോൾ വരട്ടെ.. ഒന്നും ഓർമ്മിപ്പിക്കാൻ ശ്രമിക്കരുത്.. അത് അവളെ മാനസിക വിഭ്രാന്തിയിൽ ആഴ്ത്തും.. ഒരു മിറാക്കിൾ പോലെ ഓർമ്മകൾ തിരിച്ചു വന്നാലായി.. അത് പടച്ചവന്റെ കൃപ… അത് വന്നാൽ മാത്രമേ നമുക്ക് പഴയ ആയിഷയെ തിരിച്ചുകിട്ടുള്ളൂ…

 

അക്കു ദിവസവും അവിടെ വന്ന് അവളെ തന്നെ കെട്ടണമെന്ന് വാശിപിടിച്ചു…

 

അതുകൊണ്ടുതന്നെ അവർ ആയിഷയെ അക്കുവിന് വലിയ ആർഭാടമോ ആഡംബരുമോ ഇല്ലാതെ നിക്കാഹ് കഴിച്ചു കൊടുത്തു..

 

അക്കു അവളെ അവിടെ നിർത്തിയില്ല.. അവളെയും കൊണ്ട് അവൻ പറന്നു.. അങ്ങ് ഗൾഫിലേക്ക് കൊണ്ടുപോയി.

 

അവന്റെ വസതിയിൽ അവളെ ഓമനിച്ചും ലാളിച്ചും അവൻ ഒരു ഓമന കുഞ്ഞിനെ പോലെ നോക്കി.. അവൾക്ക് ഡോക്ടർ നിർദ്ദേശിച്ച മരുന്ന് ഒക്കെ കൃത്യമായി നൽകാൻ ഒരു ഹോം നേഴ്സിനെ റൂമിൽ നിർത്തി..

 

 

ഒരു ലിവുള്ള ദിവസം അക്കു ആയിഷയും കൂട്ടി ഗൾഫിൽ കറങ്ങുകയായിരുന്നു…ഇടയ്ക്ക്

അക്കു സ്റ്റീം ബാത്ത് നടത്താറുണ്ട്.. ഇപ്രാവശ്യം അക്കു അങ്ങനെ സ്റ്റീംബാത്ത് സെന്ററിലേക്ക് പോകുമ്പോൾ ആയിഷയെ കൂടെ കൂട്ടി..അവളെ അവിടെ വിസിറ്റിംഗ് റൂമിൽ ഇരുത്തിയശേഷം അക്കു സ്റ്റീം ബാത്തു ചെയ്തു തുടങ്ങി…

 

ആയിഷ ഇതൊക്കെ കണ്ടു കുറെ നേരം അവിടെ ഇരിക്കുകയായിരുന്നു.. പിന്നെ അവൾ അവിടുന്ന് എഴുന്നേറ്റ് ഒരു സ്റ്റീം ബാത്തിൽ കയറി എന്തൊക്കെ ബട്ടൻസ് പിടിച്ച് പ്രസ്സ് ചെയ്തു.

 

അവളുടെ ശരീരത്തിലും ആവി കൊള്ളാൻ തുടങ്ങി

 

ഇത് ആരും അറിഞ്ഞതേയില്ല…

 

ശരീരത്തിൽ ഇരച്ചു കയറുന്ന ചൂടിന്റെ ഡയറക്ഷനും ക്രമങ്ങളും ഒക്കെ വളരെ അധികം ആക്കിയതുകൊണ്ട് അവൾ വല്ലാതെ എരിവിരുകൊണ്ട് ചൂടെടുത്ത് പിടയാൻ തുടങ്ങി…

 

ഈ സമയം അക്കു അവന്റെ സ്റ്റീം ബാത്തു മെഷനിൽ നിന്നും തല മാത്രം പുറത്തിട്ട് കിടക്കുകയായിരുന്നു..

 

ഒടുവിൽ ആയിഷയുടെ എന്ന് തോന്നിപ്പിക്കുന്ന വല്ലാത്തൊരു നിലവിളി ഞെരുക്കം കേട്ട് അവൻ വേഗം പുറത്തേക്കിറങ്ങി

 

അപ്പോൾ കണ്ടു ഒരു സ്റ്റീംബാത്തിൽ കയറി ആയിഷ നിലവിളിക്കുന്നു..

 

അവൻ ഓടിച്ചെന്ന് ബട്ടൺസ് ഓഫ് ചെയ്ത് അവളെ അതിൽ നിന്ന് പുറത്തിറക്കി..

 

അപ്പോഴും അവളുടെ ദേഹത്തു നിന്നും തലയിൽ നിന്നും ആവി പറക്കുന്നതായിരുന്നു..

 

 

അവൾ പെട്ടെന്ന് അക്കുവിനോട്

 

 

ഞാനെന്താ…ഇവിടെ… ഇത് എവിടെയാ സ്ഥലം….

 

എന്നൊക്കെ ചോദിക്കാൻ തുടങ്ങി..

 

അവൾക്ക് ഓർമ്മ തിരിച്ചുകിട്ടിയിരിക്കുന്നു… ക്രമം തെറ്റിയ അതിശക്തമായ ചൂടേറിയ സ്റ്റീമ് ബാത്തിന് ശേഷം അവളുടെ ശരീരത്തിൽ മാറ്റം സംഭവിച്ചിരിക്കുന്നു…

 

അതുകൊണ്ടുതന്നെ അവൾ ഓർമശക്തി വീണ്ടെടുത്തു…

 

അക്കുവിന് സന്തോഷമായി.. അവൻ നടന്ന കാര്യങ്ങൾ ഒക്കെ സ്വന്തം സ്വന്തം വീട്ടിലും അവളുടെ വീട്ടിലും വിളിച്ചുപറഞ്ഞു.

 

അക്കു അവളെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചുപറഞ്ഞു..

 

മിറാക്കിളാണ് സംഭവിച്ചത്…പക്ഷേ അത് അക്കു കരുതുന്നത് പോലെ ചൂടുകൊണ്ടോ തണുപ്പുകൊണ്ടോ,സംഗീതം കൊണ്ടോ, ദേഷ്യം കൊണ്ടോ, സങ്കടം കൊണ്ടോ, അതുപോലെ പല ഇമോഷണൽ ആയതുകൊണ്ടോ അല്ല സംഭവിക്കുന്നത്…

ഇതിനെയൊക്കെ മെഡിക്കൽ സയൻസിൽ വേറെ പേരാണ് പറയുന്നത്… മാത്രമല്ല.. പഴയ ഓർമ്മകൾ വീണ്ടും കിട്ടിയെങ്കിലും ആക്സിഡന് ശേഷം വിവാഹം കഴിഞ്ഞ് ഗൾഫിൽ വരെ എത്തിയ സംഭവങ്ങളും ഓർമ്മ കാണില്ല.. അത് അക്കുവേണം പറഞ്ഞാൽ മനസ്സിലാക്കി കൊടുക്കാൻ..

 

എനി… വേ ഗുഡ് അക്കൂ.. മരുന്ന് കുറച്ച് മാസങ്ങൾ കൂടി കണ്ടിന്യൂ ചെയ്തോളൂ…

 

ഓക്കേ ഡോക്ടർ…

ഓർമ്മ തിരിച്ചുകിട്ടിയശേഷം തന്നെ നോക്കി വീതുമ്പി കരയുന്നു അവൾക്ക് ഡോക്ടർ പറഞ്ഞതുപോലെ

കൊടൈക്കനാൽ പോയതിനുശേഷം ഉള്ള സംഭവങ്ങൾ ഒന്നും അറിയില്ലായിരുന്നു… തങ്ങൾ കല്യാണം കഴിഞ്ഞ കാര്യവും…

 

നമ്മുടെ വിവാഹം ഉറപ്പിച്ചു എന്നുള്ള സന്തോഷത്തിൽ തമിഴ്നാട്ടിലേക്ക് നമ്മൾ പോകുമ്പോൾ ഒരു അപകടത്തിൽപ്പെട്ട നമ്മുടെ വണ്ടി മറികയും അതിനുശേഷം നിനക്കിങ്ങനെ സംഭവിക്കുകയും ചെയ്തു…അതുകൊണ്ട് ഓർമ്മശക്തി നഷ്ടപ്പെട്ട നിന്നെ വിവാഹം കഴിക്കാതെ ഒഴിവാക്കാൻ പലരും പറഞ്ഞുവെങ്കിൽ പോലും എന്റെ ഒരൊറ്റ നിർബന്ധപ്രകാരം നിന്നെ കല്യാണം കഴിച്ചു എന്നും. അപ്പത്തന്നെ ഞാൻ നിന്നെ ദുബായിൽ കൊണ്ടുവന്നു എന്നും ഇവിടെ ഇങ്ങനെ കുറെ നാൾ കഴിഞ്ഞു എന്നും ഇന്ന് ഇപ്പോൾ ഇങ്ങനെ സ്റ്റീം ബാത്ത് ചെയ്യാൻ വന്നതായിരുന്നെന്നും അപ്പോഴാണ് നീയൊരു അബദ്ധം കാണിച്ചത് അതുവഴി നിനക്ക് ഓർമശക്തി തിരിച്ചു കിട്ടിയത് എന്നും അക്കു ഒരുവിധം പറഞ്ഞു ഒപ്പിച്ചു..

 

അവൾ അതു സ്നേഹപൂർവ്വം ഉൾക്കൊണ്ടു..

 

ആയിഷയ്ക്ക് ഓർമ്മശക്തി തിരിച്ചു കിട്ടിയ വിവരം നാട്ടിലേക്ക് എല്ലാവർക്കും സന്തോഷമായി.

 

എല്ലാം അറിഞ്ഞ ആയിഷ ഒരുപാട് കരഞ്ഞു…തന്നെ ഇത്രയും സ്നേഹിക്കുന്നു ഒരു ഭർത്താവിനെ കിട്ടിയതിൽ അവൾക്ക് സന്തോഷം തോന്നുന്നു… ഓർമ്മ നശിച്ച കാമുകിയെ ആരും ഉപേക്ഷിക്കും.. എന്നാൽ തന്റെ അക്കു തന്നെ കൂടെ ത്തന്നെകൂട്ടിയിരുന്നു… ആ അവസ്ഥയിൽ പോലും.. അതോർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സ്നേഹവും അഭിമാനവും തോന്നി…

 

അവൾക്ക് അവനെ സ്നേഹം കൊണ്ട് പൊതിയാൻ തോന്നിയ ആ നിമിഷം ഒരു ഉമ്മ കൊടുത്തു..

 

അങ്ങനെ ഒരു ദിവസം ആയിഷയും അക്കവും നാട്ടിലേക്ക് എത്തി..

 

വീട്ടുകാരും ബന്ധുക്കളും അക്കുവിന്റെ കൂട്ടുകാരും അവരെ സ്നേഹപൂർവ്വം സ്വീകരിച്ചു

 

അവരുടെ കളിയും ചിരിയും കൊണ്ട് ആ വീട് പിന്നെ ആ നാടും നിറഞ്ഞു.

 

.

 

 

രചന : വിജയ് സത്യ.

 

.

Leave a Reply

Your email address will not be published. Required fields are marked *