പ്രേമാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് തോന്നി. എന്നിലും സൗന്ദര്യമുള്ളതിന്റെ അഹങ്കാരമാണ് അവൾക്ക്. പൊള്ളിയടർന്ന മുഖവുമായി ജീവിക്കുമ്പോൾ മിസ്സ് വേൾഡെന്ന ആ അഹംഭാവമൊക്കെ താനേ മാറിക്കൊള്ളും. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഉറക്കം കെടുത്തിയവളെ വെറുതേ വിടാൻ പാടില്ലല്ലോ…
ഗാഢത കൂടിയ സൾഫ്യൂരിക് ആസിഡ് കൂട്ടുകാരൻ മുഖാന്തരം കൈയ്യിൽ എത്തിയപ്പോൾ അടിമുടി വിറക്കാൻ തുടങ്ങി. എന്തിനാടാ ഇതെന്ന് ചോദിച്ച അവനോട് ആവശ്യമുണ്ടെന്ന് മാത്രം പറഞ്ഞു. സംശയത്തോടെ തുറിച്ച് നോക്കിയിട്ടാണ് അവൻ പോയത്.
അവളെന്നും കോളേജിലേക്ക് പോകുകയും വരുകയും ചെയ്യുന്ന വഴികളിലെല്ലാം തിരക്കാണ്. കൂട്ടത്തിൽ നിന്ന് ആക്രമിക്കുകയെന്നത് ദുഷ്ക്കരമാണെന്ന് തോന്നി. ഇനിയെങ്ങാനും പിടിക്കപ്പെട്ടാലുള്ള അവസ്ഥ…! ഹോ..! ഓർക്കാൻ വയ്യ…! വേണ്ട…! ആസിഡ് ഒഴിക്കേണ്ട.. ഞാൻ പിന്തിരിഞ്ഞു.
സൾഫ്യൂരിക് ആസിഡ് മുഴുവൻ കക്കൂസിലേക്ക് കമിഴ്ത്തുമ്പോൾ മറ്റൊരു മാർഗ്ഗം തെളിഞ്ഞിരുന്നു. അവളെ പെട്രോളൊഴിച്ച് കത്തിക്കുക. അവള് നിന്ന് കത്തുമ്പോൾ കെട്ടിപ്പിടിച്ച് ചുംബിക്കുക. ഒരുമിച്ചങ്ങ് ആളി തീരട്ടെ..! ഹാ…! ആ നിമിഷം…! അതാണ് പ്രണയം…!
അത്രയും ആഴത്തിൽ ഞാൻ സ്നേഹിച്ചിരുന്നുവെന്നത് പെണ്ണ് അറിയണം. അറിയിച്ച് കൊടുക്കാൻ മരണം വരെ കൊണ്ടുപോകുകയെന്ന മാർഗ്ഗമല്ലേ നിലവിൽ ഉള്ളൂ…
പ്രാണനുള്ള കാലം വരെ പ്രണയം വിപ്ലവമാണ്. രക്തസാക്ഷികൾ കൂടിയേ തീരൂ… തീവ്ര പ്രണയമെന്നത് ഒരുമിച്ച് ചാകുക എന്നതിനപ്പുറം മറ്റൊന്നും ഇല്ലെന്ന് തോന്നി. അത് വല്ലാത്തയൊരു ആവേശം തലയിൽ നിർമ്മിച്ചു. പാടേ പരന്ന് അണയാൻ പോകുന്ന തിരി നാളം പോലെ പ്രാണൻ പൊള്ളുന്നുണ്ട്. അഞ്ച് ലിറ്ററിന്റെ കന്നാസ്സിൽ പെട്രോളും വാങ്ങി ഞാൻ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. കത്തുന്ന അരിശവുമായി ഞാനെന്റെ കൊമ്പൻ ഡ്യൂക്കിൽ അങ്ങനെ പായുമ്പോൾ ഹൃദയം വിറക്കുന്നുണ്ടായിരുന്നു…
പണ്ട്, അവളുടെ ചിത്രം പെങ്ങൾക്ക് കാട്ടിയിട്ട് എങ്ങനെയുണ്ട് നിന്റെ ഭാവി സിസ്റ്റർ ഇൻ ലോയെന്ന് ചോദിച്ചിരുന്നു. അവൾ മൂക്കത്ത് വിരൽ വെച്ച് പോയി. സിനിമാ നടി അമീഷാ പട്ടേലിനെ പോലെ ഉണ്ടെന്റെ ബ്രോയെന്നും പറഞാണ് അവളുടെ ചിരി. കാര്യം, എനിക്ക് ആ നടിയെ മനസ്സിലായില്ലെങ്കിലും പ്രേമം തോന്നിയ പെണ്ണ് അതിമനോഹരിയായി പോയി. വേണ്ടായിരുന്നു. ഇത്രത്തോളം ഭംഗി അവൾക്ക് വേണ്ടായിരുന്നു…
കോളേജിൽ വെച്ച് കണ്ടപ്പോഴും, പരിചയപ്പെട്ടപ്പോഴും, ഒരുമിച്ച് സിനിമക്ക് പോയപ്പോഴും, എനിക്ക് അവളോട് ഞരമ്പിന് പിടിച്ച പ്രേമം തന്നെയായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരാണെന്നും പറഞ്ഞ് അവൾ ഇടയ്ക്ക് എന്റെ കാതോരം ചേർന്ന് അപ്പൂവെന്ന് വിളിക്കാറുണ്ട്. അത്രയും അടുത്തിടപെട്ട അവളെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ജന്മം…!
കോളേജ് കാലം പിരിയുമ്പോൾ സകല ധൈര്യവും സംഭരിച്ച് നിന്നെ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞിരുന്നു. നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞ് പെണ്ണ് ഒറ്റ പോക്കങ്ങ് പോയി. എനിക്കത് അംഗീകരിക്കാനേ പറ്റിയില്ല…
എന്റേതെന്ന് വിശ്വസിച്ച പെണ്ണ് ഒരു സുപ്രഭാതത്തിൽ എന്റേതല്ലായെന്ന് തിരുത്തേണ്ടി വരുമ്പോഴുള്ള ഉള്ളിന്റെ സംഘർഷം ചില്ലറയല്ല. നെഞ്ചിൽ ചോര പൊടിയുന്ന ചില്ലുകളാണ്…
തുരുതുരാന്ന് വിളിച്ച് അവളുടെ സ്വസ്ഥത കെടുത്തിയപ്പോൾ യു ആർ ലൈക് മൈ ബ്രദറെന്ന സന്ദേശമയ്ച്ച് അവൾ ഫോൺ ഓഫ് ചെയ്തു. ആ രംഗം മറികടക്കുകയെന്നത് എനിക്ക് എളുപ്പം ആയിരുന്നില്ല. അവൾ ഇല്ലാത്ത ജീവിതം ബൂട്ടും ബൈക്കുമില്ലാത്ത കൗമാരം പോലെ വേദനാജനകമാണ്. എത്ര വാശി കാട്ടിയിട്ടാണ് ഞാൻ അതൊക്കെ എന്റെ കുടുംബത്തിൽ നിന്ന് പിടിച്ച് വാങ്ങിയത്..
അന്നത് കിട്ടാതെ വരുമോയെന്ന സങ്കടത്തിന്റെ പതിനായിരം മടങ്ങ് ഞാൻ ഇന്ന് അനുഭവിക്കുന്നു. അവളെ നഷ്ട്ടമാകുന്നതിനെ കുറിച്ച് ചിന്തിക്കാനെ പറ്റുന്നില്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കും മുമ്പേ അവളെ മരണത്തിലൂടെ വീണ്ടെടുക്കണം. ആ ലക്ഷ്യത്തിലേക്ക് അടുക്കാൻ പോകുകയാണ്.
ബൈക്ക് നിർത്തി അവളുടെ വീട്ടിലേക്കുള്ള നിരത്തിലൂടെ നടക്കുമ്പോൾ നെഞ്ചിന്റെ വിറ കൂടി വന്നു. നിനച്ചിരിക്കാതെ ഫോൺ റിംഗ് ചെയ്തപ്പോഴാണ് യഥാർത്ഥത്തിൽ സ്ഥലകാലബോധം ഉണ്ടാകുന്നത്. ഫോണിൽ അച്ഛനാണ്. മറുകയ്യിൽ അവളോടൊപ്പം കത്തി ചാകാനുള്ള പെട്രോളും…
ഫോണെടുത്തില്ല. അവളോടൊപ്പം ചാകാൻ പോകുന്ന എനിക്ക് എന്തിനാണ് ഫോൺ. ഞാനത് ഓഫ് ചെയ്ത് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. അവളുടെ മുറ്റത്ത് വെളിച്ചമുണ്ട്. ഞാൻ നേരെ വീട്ടിലേക്ക് ചെന്ന് രണ്ട് വട്ടം കാളിങ് ബെല്ലടിച്ച് കാത്തിരുന്നു.
കതക് തുറന്നത് അവളുടെ അച്ഛനായിരുന്നു. എന്റെ കിതപ്പും വെപ്രാളവും കയ്യിലെ കന്നാസ്സ് കണ്ടിട്ടും അങ്ങേർക്ക് യാതൊരു കൂസലുമില്ല. നീ പെട്രോൾ കൊണ്ട് വന്നത് നന്നായെന്നും പറഞ്ഞ് അങ്ങേരതും വാങ്ങി പോർച്ചിലേക്ക് പോയി. കേറി ഇരിക്കെടായെന്നും പറഞ്ഞ് അവളുടെ അമ്മയും വന്നു.
‘ശരി ആന്റി…’
വിറച്ചിട്ടാണെങ്കിലും അങ്ങനെ പറയാനേ ആ നേരം തോന്നിയുള്ളൂ. ഞാൻ വീടിനകത്തേക്ക് കയറി. ഒന്ന് രണ്ട് വട്ടം അവളുടെ കൂടെ വന്നിട്ടുള്ളത് കൊണ്ട്, ഇവിടെയുള്ള എല്ലാവരേയും അറിയാം. ഹാളിലെ സോഫയിൽ ഇരുന്നപ്പോഴേക്കും പനി കയറി മേഞ്ഞ് പോയ മുഖത്തോടെ അവൾ വന്നു. ആ വാടിയ മുഖം കണ്ടപ്പോൾ വിഷമം തോന്നി.
‘കുടിക്കെടാ…’
ഒരു ചില്ല് ഗ്ലാസിൽ പായസവുമായി വന്ന അവളുടെ അമ്മയുടെ ശബ്ദമാണ്. രണ്ട് തവണകളിലായി വലിച്ച് കുടിക്കുമ്പോഴേക്കും മരിച്ച് പോയ മകന്റെ ഓർമ്മ നാളായിരുന്നു ഇന്നെന്ന് അവളുടെ അമ്മ പറഞ്ഞു. കേട്ടപ്പോൾ, സങ്കടത്തോടെ അവൾ അകത്തേക്ക് പോകുകയായിരുന്നു.
‘മോൻ കണ്ടിട്ടില്ലല്ലോ നമ്മുടെ അപ്പുവിനെ…!?’
എന്നും പറഞ്ഞ് ഒരു ഫോട്ടോ ആൽബമെടുത്ത് അവളുടെ അമ്മ എന്റെ മടിയിലേക്ക് വെച്ചു….
‘അപ്പൂ….!’
ആ പേര് ഞെട്ടലോടെയാണ് കാതിൽ പതിഞ്ഞത്. അവൾക്ക് ഒരു സഹോദരനുണ്ടെന്നും, വർഷങ്ങൾക്ക് മുമ്പുള്ള അപകടത്തിൽ പെട്ട് മരിച്ച് പോയെന്നും, അവന്റെ പേര് വിശാലെന്നാണെന്നും എനിക്ക് അറിയാം.. പക്ഷേ, അപ്പൂ…..!
‘വിശാലെന്നാണ് പേര്… എന്നാലും ഇവിടെയെല്ലാവരും അപ്പൂവെന്നായിരുന്നു വിളിക്കാറ്..’
പറഞ്ഞ് തീർന്നപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. വാത്സല്ല്യത്തോടെ ആ കൈകൾ എന്റെ തലയിൽ തൊട്ടും തൊടാതേയും തലോടി. അതൊരു പരിണാമം നടത്തുകയായിരുന്നു ബോധത്തിൽ.
ആരേയും വാശിയോടെ സ്വന്തമാക്കാനുള്ളതാവരുത് ഒരു വികാരവും. കാരണങ്ങൾ എന്തുമായ്ക്കൊള്ളട്ടെ, ഒരുമിച്ച് തുടരാൻ പറ്റാതെ വരുമ്പോൾ പരസ്പരം ചാകാനുള്ള ആയുധമായി മാറുന്ന ബന്ധങ്ങളെല്ലാം അപകടമാണ്. അതിൽ ഉപരി യാതൊരു നേരും ഇല്ലാത്ത വിഡ്ഢിത്തമാണ്..!!!
ശ്രീജിത്ത് ഇരവിൽ