പണ്ട് ഭർത്താവ് മദ്യപിച്ചു വരുമ്പോൾ അടുത്ത് പോലും കിടത്താൻ അറപ്പ് കാട്ടിയിരുന്ന തന്റെ ഇപ്പോഴത്തെ ഈ ഗതികെട്ട അവസ്ഥ ഓർത്തിട്ട് ഒരു നിമിഷം ഇന്ദുവിന്റെ ഉള്ളൊന്ന് നീറി.

” ചേച്ചി.. ഇന്നത്തേത് മുട്ടൻ കോളാണ്.. ആൾക്ക് ഇഷ്ടപ്പെട്ടാൽ കൈ നിറയെ കാശ് തരും.”

 

സുധീഷിന്റെ വാക്കുകൾ. കേട്ട് ഒന്ന് പുഞ്ചിരിച്ചു ഇന്ദു. ആ വലിയ ഇരുനില വീട് കാണുമ്പോൾ അവൻ പറയുന്നത് വെറുതെ അല്ല എന്ന് അവൾ മനസിലാക്കി.

 

” ചേച്ചി അകത്തേക്ക് ചെന്നോ സാർ വെയ്റ്റിംഗ് ആണ്..ഞാൻ ഇവിടെ പുറത്ത് ഉണ്ടാകും..”

 

വലിയ ഗേറ്റ് തുറന്നു കൊണ്ടാണ് സുധീഷ് അത് പറഞ്ഞത്. മറുപടിയൊന്നും പറയാതെ മൗനമായി ആ ഗേറ്റു കടന്നു വീട് ലക്ഷ്യമാക്കി നടന്നു ഇന്ദു.

 

കാശിനു വേണ്ടി തന്റെ ശരീരം മറ്റൊരാൾക്ക്‌ വിൽക്കാൻ പോവുകയാണ് അവൾ. ഇതാദ്യമല്ല. സമൂഹം അവളെ വേശ്യ എന്ന് മുദ്ര കുത്തുമായിരിക്കാം എന്നാൽ ഹാർട്ട് സംബന്ധമായ അസുഖമുള്ള തന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള കാശുണ്ടാക്കുവാൻ അവൾക്ക് മറ്റൊരു വഴിയില്ലായിരുന്നു. ഇന്ദുവിന്റെ ഭർത്താവ് വർഷങ്ങൾക്ക് മുന്നേ തന്നെ മരണപ്പെട്ടതാണ്. ഇന്നിപ്പോ അവൾ എത്തിയിരിക്കുന്നത് വലിയൊരു കോടീശ്വരന്റെ മുന്നിലേക്ക് ആണ്. അലക്സ് പോൾ…

 

” ചേച്ചി.. ചേച്ചിയുടെ ഭാഗ്യം ആണ്. അലക്സ് സാർ കോടീശ്വരൻ ആണേലും വല്യ വല്യ സെറ്റപ്പുകൾ ഒന്നും സാറിനു ഇഷ്ടം അല്ല.. നമ്മളെ പോലുള്ള ചെറിയ സെറ്റപ്പ് ആണ് അങ്ങേർക്ക് പ്രിയം. ചേച്ചി ടേ ഫോട്ടോ കണ്ടപ്പോ തന്നെ ആളിന് ഇഷ്ടം ആയി. നല്ലോണം ഒന്ന് സഹകരിച്ചാൽ ഉറപ്പായും കൈ നിറയെ കാശ് തരും ”

 

സുധീഷിന്റെ വിവരണം കേട്ട് വളരെ പ്രതീക്ഷയോടെയാണ് ഇന്ദു അവിടേക്ക് എത്തിയതും. വീടിനു മുൻ വശത്തെ വാതിൽ തുറന്നു തന്നെ കിടന്നിരുന്നു. അലക്സ് അല്ലാതെ മറ്റാരും അവിടെ ഉണ്ടാകില്ല എന്ന് അവൾ ഊഹിച്ചു. അകത്തേക്ക് കയറവേ ഹാളിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു അലക്സ്. കണ്ടാൽ നാൽപതിനകത്തു മാത്രം പ്രായം തോന്നിക്കുന്ന സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെട്ടു പോകും വിധം സുന്ദരനായിരുന്നു അവൻ.

 

” ഹാ.. ആളെത്തിയോ.. ”

 

ഇന്ദുവിനെ കണ്ട പാടെ തന്നെ പുഞ്ചിരിയോടെ സെറ്റിയിലേക്ക് ചാഞ്ഞു അവൻ. ആള് നല്ല ഫിറ്റാണെന്ന് മുഖത്ത് നോക്കിയപ്പോൾ തന്നെ അവൾ മനസിലാക്കി.

 

പണ്ട് ഭർത്താവ് മദ്യപിച്ചു വരുമ്പോൾ അടുത്ത് പോലും കിടത്താൻ അറപ്പ് കാട്ടിയിരുന്ന തന്റെ ഇപ്പോഴത്തെ ഈ ഗതികെട്ട അവസ്ഥ ഓർത്തിട്ട് ഒരു നിമിഷം ഇന്ദുവിന്റെ ഉള്ളൊന്ന് നീറി.

 

” വാ… ഇരിക്ക് ”

 

അടുത്തുള്ള സെറ്റിയിലേക്ക് വിരൽ ചൂണ്ടി അലക്സ് പറയുമ്പോൾ മനസില്ലാ മനസ്സോടെ പതിയെ അവിടേക്കിരുന്നു ഇന്ദു.

 

” ആള് ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരിയാണ് കേട്ടോ.. ഇന്ന് നമുക്ക് തകർക്കണം. ”

 

വഷളൻ ചിരിയോടെ അവൻ ടേബിളിൽ ഇരുന്ന ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗ് കൂടി ഒഴിച്ചു. ശേഷം അത് ഇന്ദുവിനു നേരെ നീട്ടി.

 

” കഴിക്ക്.. ഒരു എനർജി വരട്ടെ.. ”

 

മദ്യത്തിന്റെ ഗന്ധം പോലും അറപ്പ് തോന്നുന്ന അവൾക്ക് ആ ഗ്ലാസ് വാങ്ങുന്നതിനെ പറ്റി ഓർക്കാൻ കൂടി കഴിയില്ലായിരുന്നു. എന്നാൽ അത് വാങ്ങിയില്ലേൽ അലക്സിനു ഇഷ്ടക്കേട് ആകുമോ എന്നൊരു പേടിയും ഉള്ളിൽ തോന്നാത്തിരുന്നില്ല.

 

” അത്… ഒന്നും തോന്നരുത് എനിക്ക് ഇത് ഇഷ്ടമല്ല.. ”

 

അറച്ചറച്ചാണ് അവളത് പറഞ്ഞത്. എന്നാൽ ആ മറുപടി കേട്ട് അവളെ തന്നെ തുറിച്ചു നോക്കി അലക്സ്.

 

” എന്താ വെള്ളം ഒഴിച്ചത് അടിക്കില്ലേ… എന്നാൽ സോഡ ഒഴിച്ച് വേറെ എടുക്കാം.. ”

 

അവന്റെ മറുപടി കേട്ട് മൗനമായി തല കുമ്പിട്ടു ഇന്ദു.

 

” ഞാൻ മദ്യപിക്കില്ല.. എനിക്ക് ഇത് ഇഷ്ടമല്ല.. ”

 

ആ മറുപടി അലക്സിൽ ആശ്ചര്യമുളവാക്കി

 

” ഏ.. കുടിക്കില്ലേ.. അത് കൊള്ളാലോ.. സാധാരണ നിങ്ങടെ ടീംസ് എല്ലാം നല്ല മുട്ടൻ അടിയാണല്ലോ.. ഇവിടെ എന്നെ കാണാൻ വരുന്ന അവളുമാരെല്ലാം അടിച്ചു പൂക്കുറ്റിയായി ഒടുക്കം എന്നെ ഇസ്കി ഓരോ കുപ്പിയും അടിച്ചാ ഇവിടുന്ന് പോകാറ്.. ഇതിപ്പോ ആദ്യമായാ ഒരാള് അടിക്കില്ല എന്ന് പറയുന്നേ.. ”

 

കയ്യിൽ ഇരുന്ന ഗ്ലാസ് ടേബിളിലേക്ക് വച്ച് പതിയെ എഴുന്നേറ്റു അലക്സ്. ആ സമയം ഇന്ദുവാകട്ടെ.. ആകെ പരുങ്ങലിൽ അങ്ങിനെ ഇരുന്നു. അവളുടെ ഭാവം ശ്രദ്ധിച്ചു കൊണ്ട് തന്നെ അരികിലേക്ക് ചെന്നു അലക്സ്. ആ സമയം ചാടി എഴുന്നേറ്റു ഉണ്ട്‌.

 

” എന്നതാ.. ഫീൽഡിൽ ആദ്യമാണോ. ഒരു വിയർപ്പും വിറയലും ഒക്കെ.. മാത്രല്ല മറ്റുള്ളവളുമാരെ പോലെ ഒരു എനർജി ഇല്ല. ”

 

അതു പറഞ്ഞു കൊണ്ട് പതിയെ തന്റെ വലതു കയ്യിലെ പെരുവിരലിനാൽ ചുവന്നു തുടുത്ത ഇന്ദുവിന്റെ കീഴ്ച്ചുണ്ടിൽ അമർത്തി ഒന്ന് തലോടി അവൻ. ശരീരത്തിൽ ആകമാനം ഷോക്ക് അടിച്ച പോലെ അനങ്ങാതെ അങ്ങിനെ നിന്നു പോയി അവൾ. പതിയെ പതിയെ അവളുടെ മുഖത്ത് കൂടി അലക്സ് തന്റെ വിരലുകൾ ഓടിച്ചു.

 

“സുന്ദരിയാണ് നീ… അണിഞ്ഞൊരുങ്ങി നിന്നാൽ ഒരു ദേവത. ”

 

അവന്റെ വാക്കുകളിൽ ആവേശം അലതല്ലി. എന്നാൽ അപ്പോഴും ഭയന്ന് വിറച്ച പോലെ അനങ്ങാതെ നിന്നു ഇന്ദു. അവളുടെ ആ ഭാവം അലക്സും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

 

” എന്താടി നിനക്ക് ഒരു ഉഷാറില്ലാത്തത്.. എന്തെ താത്പര്യം ഇല്ലാതെ വന്നതാണോ.. ”

 

പെട്ടെന്ന് അവന്റെ സ്വരം അല്പം പരുഷമായപ്പോൾ ഒന്ന് ഞെട്ടി അവൾ..

 

” ഏ… ഏയ്.. അല്ല.. താത്പര്യം ഉണ്ട്… അത്. പെട്ടെന്ന് .. പരിചയക്കുറവ് കൊണ്ടാ. സാറ് ക്ഷമിക്കണം.. ”

 

ആ മറുപടി കേട്ട് തിരികെ സെറ്റിയിലേക്കിരുന്നു അലക്സ്..

 

” സാധാരണ വരുന്നവള് മാര് ഇവിടെ വന്നു കേറുമ്പോ തൊട്ട് നമ്മളെ പറഞ്ഞു സുഖിപ്പിച്ചു തുടങ്ങും. പരമാവധി കാശ് അടിച്ചു മാറ്റാൻ ഉള്ള തന്ത്രം അതിനായി എന്ത് പണിയും ചെയ്യും. പക്ഷെ നീ അങ്ങനല്ലല്ലോ വന്നു കേറിയപ്പോ മുതല് ഞാൻ ശ്രദ്ധിക്കുവാ.. ആകെ മൊത്തത്തിൽ സൈലന്റ് ഒരു പേടിച്ച ഭാവം.. എന്താ നിന്റെ പ്രശ്നം.. എന്തായാലും തുറന്ന് പറയ്. ”

 

അവന്റെ ചോദ്യം കേട്ട് വേഗത്തിൽ അരികിലേക്ക് ചെന്നിരുന്നു ഇന്ദു.

 

” ഒന്നുമില്ല സർ.. പ്രശ്നം ഒന്നുമില്ല.. സാറിനു തോന്നിയതാണ് ”

 

അവളുടെ പരുങ്ങൽ ശ്രദ്ധിച്ചത് കൊണ്ട് തന്നെ ആ മറുപടിയിൽ അലക്സ് തൃപ്തനായില്ല.

 

” ഞാൻ ആദ്യമായല്ല പെണ്ണുങ്ങളെ കാണുന്നത്. ഇത്രേമൊക്കെ ഒരു സെറ്റപ്പിൽ വന്നു കേറീട്ട് മാക്സിമം എന്നെ സുഖിപ്പിച്ചു ക്യാഷ് തട്ടാൻ ആണ് എല്ലാരും നോക്കാറ് പക്ഷെ നീ അങ്ങിനല്ല… നിന്റെ പെരുമാറ്റത്തിൽ അറിയാം നീ പൂർണ്ണ തൃപ്തിയിൽ അല്ല ഇവിടിരിക്കുന്നത്. സത്യം എന്താണെന്ന് ഇപ്പോ പറയണം അല്ലാത്ത പക്ഷം നിനക്ക് പോകാം.. ”

 

അറുത്തു മുറിച്ചു അലക്സ് പറഞ്ഞു നിർത്തുമ്പോൾ ആകെ കുഴഞ്ഞു ഇന്ദു. ഇന്ന് അവൻ പറഞ്ഞുറപ്പിച്ച ക്യാഷ് കിട്ടിയില്ലെങ്കിൽ നാളെ മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കഴിയില്ല എന്നോർത്തപ്പോൾ അവളുടെ മിഴികൾ അറിയാതെ തുളുമ്പി പോയി.

 

” സാറെ.. എന്നെ പറഞ്ഞു വിടരുത് നിങ്ങൾ പറയുന്നത് എന്തും ഞാൻ കേട്ടോളം… അനുസരിച്ചോളാം.. ഇന്ന് നിങ്ങൾ പറഞ്ഞ ക്യാഷ് കിട്ടിയില്ലേൽ നാളെ എന്റെ മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റില്ല. അവന്റെ ചികിത്സയ്ക്ക് ഒരു ഗതിയും ഇല്ലാതെ വന്നപ്പോൾ ആണ് ഞാൻ ഈ ജോലി തിരഞ്ഞെടുത്തത്.”

 

ആ മറുപടി കേട്ട് അലക്സ് നെറ്റി ചുളിച്ചു.

 

” നിന്റെ മോന് എന്താ പ്രശ്നം ”

 

ആ ചോദ്യം കേട്ടത്തോടെ എല്ലാം വിവരിച്ചു ഇന്ദു.

 

” അവന് ജനിച്ച നാൾ തൊട്ടേ ഹാർട്ടിനു പ്രശ്നമാണ് സാറെ.. ഒരു സർജറി വേണം അതിനു അഞ്ചു ലക്ഷത്തോളം രൂപ. ചിലവ് വരും.. എന്റെ കെട്ട്യോൻ മരിച്ചിട്ട് രണ്ട് വർഷം ആകുന്നു. കൊച്ചിന്റെ ചികിത്സയ്ക്ക് വേണ്ട ആ വലിയ തുക വേഗത്തിൽ കണ്ടെത്താൻ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു എന്റെ മുന്നിൽ അതാണ് ഞാൻ ഈ തൊഴിൽ ചെയ്യാൻ ആരംഭിച്ചത്. ”

 

പറഞ്ഞു നിർത്തുമ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ അവളുടെ മിഴികൾ തുളുമ്പി. ഒക്കെയും കേട്ട് നടുക്കത്തോടെ മൗനമായി അങ്ങിനെ നിന്നു അലക്സ്. കാര്യങ്ങൾ ഇങ്ങനൊക്കെയാണെന്ന് ഒരിക്കലും അവൻ ചിന്തിച്ചു പോലുമില്ലായിരിന്നു.

 

” സാറ് പേടിക്കണ്ട.. ഇതിപ്പോ എനിക്ക് തൊഴിലാണ്. എന്റെ ജോലി ഞാൻ ഭംഗിയായി ചെയ്യാം. സാറ് ആഗ്രഹിച്ച പോലെ ആനന്ദം കണ്ടെത്തുവാൻ കഴിഞ്ഞാൽ മാത്രം എനിക്ക് കാശ് തന്നാൽ മതി. ”

 

തന്നോട് അലക്സ് പോകാൻ പറയുമോ എന്ന പേടിയിലായി ഇന്ദു അപ്പോൾ എന്നാൽ അത് തന്നെ സംഭവിച്ചു.

 

” ഇന്നിനി വേണ്ട.. എന്റെ മൂഡ് പോയി.. നീ പൊയ്ക്കോ.. ”

 

അത്രയും പറഞ്ഞു അവൻ എഴുന്നേറ്റു തിരിയുമ്പോൾ ദയനീയമായി മുന്നിലേക്ക് ചെന്നു കെഞ്ചി ഇന്ദു

 

” സാർ… പ്ലീസ്.. ഞാൻ പറഞ്ഞില്ലേ സാറിനു ഒരു സുഖ കുറവും വരില്ല.. എന്നെ എന്ത് വേണോ ചെയ്‌തോ.. പ്ലീസ് പോകാൻ മാത്രം പറയല്ലേ.. ”

 

അവളുടെ മുഖത്തേക്ക് തന്നെ അല്പസമയം മൗനമായി നോക്കി നിന്നു അവൻ.

 

” എന്നെയും ഒരു അമ്മ പെറ്റതാണ് ഇന്ദു. ആ എനിക്ക് നിന്നെ പോലൊരു അമ്മയുടെ ദയനീയാവസ്ഥ മുതലെടുത്തു കൂടെ കേറി കിടക്കാൻ മനസ്സ് വരില്ല…. നീ പൊയ്ക്കോ.. ”

 

വീണ്ടുമവൻ ആവർത്തിച്ചു കൊണ്ട് വേഗത്തിൽ മുറിയിലേക്ക് പോയി.. ആ സമയം ആകെ തകർന്നു പോയി ഇന്ദു. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആകെ കുഴഞ്ഞു. മോനെ പിറ്റേന്ന് ഹോസ്പിറ്റലിൽ എങ്ങിനെ കൊണ്ട് പോകും ന്ന് ഓർത്തപ്പോൾ അവൾ അറിയാതെ പൊട്ടിക്കരഞ്ഞു പോയി. എന്നാൽ അകത്തേക്ക് പോയ അലക്സ് വേഗത്തിൽ പുറത്തേക്കും വന്നിരുന്നു. അന്നേരം അവന്റെ കൈവശം എന്തോ ഉണ്ടായിരുന്നു. അവനെ കണ്ട പാടെ വീണ്ടും പ്രതീക്ഷയിൽ നോക്കി ഇന്ദു. അരികിലേക്കെത്തി കയ്യിൽ ഇരുന്ന പേപ്പർ ഇന്ദുവിനു നേരെ നീട്ടി അലക്സ് അതൊരു ചെക്കായിരുന്നു.

 

” ദാ.. ആറു ലക്ഷം എഴുതിയിട്ടുണ്ട്. സർജറി കഴിഞ്ഞും കുറച്ചു നാൾ നല്ലത് പോലെ ശ്രദ്ധിക്കണം. അതിനു ബാക്കി തുക ഉപകാരപ്പെടും നാളെ തന്നെ ബാങ്കിൽ കൊണ്ട് പോയി മാറി കാര്യങ്ങൾ ചെയ്‌തോളൂ.. ”

 

ഒരു നിമിഷം കണ്മുന്നിൽ കാണുന്നത് സത്യമാണോ മിഥ്യയാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത വിധം നടുക്കത്തോടെ അങ്ങിനെ നിന്നു പോയി ഇന്ദു. അവളുടെ ആ ഭാവം കണ്ട് തന്റെ കയ്യിലിരുന്ന ചെക്ക് ബലമായി ഇന്ദുവിന്റെ കൈകളിലേക്ക് പിടിപ്പിച്ചു അലക്സ്.

 

” പേടിക്കേണ്ട.. പറ്റിക്കുവൊന്നുമല്ല.. ഞാൻ ബാങ്കിലേക്ക് മെയിൽ ചെയ്തേക്കാം.. നീ ഈ ചെക്കുമായി ചെന്നാൽ മതി..”

 

അപ്പോഴും നടുക്കത്തോടെ തന്നെ നിന്നു ഇന്ദു അറിയാതെ അവളുടെ മിഴികൾ തുളുമ്പി. പതിയെ പതിയെ അലക്സിനു മുന്നിൽ കൈകൾ കൂപ്പി പൊട്ടിക്കരഞ്ഞു പോയി അവൾ.

 

” സാർ.. ഞാ.. ഞാൻ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ”

 

അവൾ പൊട്ടി പൊട്ടി കരയുമ്പോൾ ചുമലിൽ . പതിയെ തട്ടി അലക്സ്.

 

” നോക്ക്.. മോന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം ഇനി ഈ പണിക്ക് പോകാൻ നിൽക്കരുത്. നല്ലൊരു ജോലി കണ്ടെത്തി സുഖമായി ജീവിക്കണം കേട്ടോ.. ”

 

ആ വാക്കുകളിൽ സ്നേഹം അലതല്ലുമ്പോൾ മറുപടി എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു ഇന്ദു.

 

” സാർ.. ഇത്.. ഒരുപാട് നന്ദി.. ഒരുപാട് ഒരുപാട് നന്ദി.. ”

 

കൈ കൂപ്പി തൊഴുതു കൊണ്ട് അലക്സിന്റെ കാലിക്കലേക്ക് വീണു ഇന്ദു. എന്നാൽ വേഗത്തിൽ ഒഴിഞ്ഞു മറി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു അവൻ.

 

” പൊയ്ക്കോ.. അധികനേരം നിൽക്കേണ്ട ഇവിടെ. ”

 

അത്രയും പറഞ്ഞു കൊണ്ട് അലക്സ് ഉള്ളിലേക്ക് നടന്നു. തന്റെ മിഴികളിൽ നനവ് ഇന്ദു കാണാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു അവൾ.. അല്പസമയം അവനെ തന്നെ നോക്കി നിന്ന ശേഷം വേഗത്തിൽ ഇന്ദു പുറത്തേക്ക് ഓടി .

 

പുറത്ത് ഏജന്റിന്റെ ഓട്ടോയ്ക്ക് മുന്നിൽ അവർ ചെന്ന ശേഷം പരസ്പരം സംസാരിക്കുന്നതും വേഗത്തിൽ വണ്ടി എടുത്തു പോകുന്നതുമെല്ലാം അലക്സ് മുകളിലെ മുറിയുടെ ജന്നലിലൂടെ നോക്കി നിന്നു. താൻ ചെയ്തു കൂട്ടിയ വലിയ തെറ്റുകളെ പറ്റി ചിന്തിക്കുമ്പോൾ അവന് സമനില തെറ്റുന്നത് പോലെ തോന്നി പോയി.

 

‘കർത്താവേ .. തലക്ക് ഭ്രാന്ത്‌ കേറി എത്ര വലിയ തെറ്റാണ് ഞാൻ ചെയ്ത് കൂട്ടിയത്. ‘

 

ആ ചിന്ത അവനെ വല്ലാതെ അലട്ടി. കുറ്റബോധത്താൽ ഒരു ഭ്രാന്തനെ പോലെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അലക്സ്. ഒടുവിൽ തന്റെ പാപങ്ങൾക്കുള്ള ശിക്ഷ അവൻ സ്വയം വിധിച്ചു.

 

*****************************

പിറ്റേന്നത്തെ പ്രഭാതം ആ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഉണർന്നത്.

 

‘ പ്രശസ്ത വ്യവസായ പ്രമുഖൻ അലക്സ് പോളിനെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താൻ ചെയ്ത് കൂട്ടിയ വലിയ തെറ്റുകൾക്ക് മരണമല്ലാതെ മറ്റൊരു പോംവഴിയില്ല എന്ന് എഴുതിയ ഒരു ലെറ്ററും ബോഡിക്കരുകിൽ നിന്നും ലഭിച്ചതായി പോലീസ് അറിയിച്ചു. ‘

 

ഇന്ദുവും ആ വാർത്ത കണ്ട് ഞെട്ടലോടെ അങ്ങിനെ നിന്നു. തലേന്ന് രാത്രി കണ്ട് പിരിഞ്ഞ ആൾ.. അവനെ ദൈവത്തെ പോലെ മനസ്സിൽ കണ്ട് ദീർഘായുസിനു വേണ്ടി പ്രാർത്ഥിച്ചാണവൾ തലേന്ന് രാത്രി ഉറങ്ങാൻ കിടന്നതു പോലും.

 

ആർക്കും പിടി കൊടുക്കാതെ എല്ലാവരിലും ചോദ്യങ്ങൾ അവശേഷിപ്പിച്ചു അങ്ങിനെ അലക്സ് പോൾ വിട പറഞ്ഞു.

 

എന്തിനെ പറ്റിയാകും അലക്സ് ‘താൻ ചെയ്ത് കൂട്ടിയ തെറ്റുകൾ ‘എന്ന് ഉദ്ദേശിച്ചത്. ആ പൊരുൾ അഴിക്കുവാൻ ചാനലുകാർ പരമാവധി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ആ സത്യം അവനിലൂടെ മണ്ണടിഞ്ഞു ഇല്ലാതായി.

 

സത്യത്തിൽ എന്തായിരുന്നു ആ തെറ്റുകൾ.. അലക്സ് കുടുംബ പരമായുള്ള ബിസിനസ്സ് ഏറ്റെടുത്തു നടത്തി വന്നതാണ്. ജനിച്ച നാൾ മുതൽ തന്നെ ആഡംബര ജീവിതം നയിച്ച ആൾ. വിവാഹം അവൻ ഇഷ്ടപ്പെട്ടില്ല .ഈ ചെറു പ്രായത്തിനിടയിൽ തന്നെ സിനിമാ സീരിയൽ താരങ്ങളുൾപ്പെടെ പല സ്ത്രീകളുമായും അവൻ അവിഹിത ബന്ധം സ്ഥാപിച്ചിരുന്നു. ഇടയ്ക്കെപ്പോഴോ ഒരു കൗതുകം തോന്നി നാട്ടിൻ പുറത്തുകാരയാ സ്ത്രീകളിൽ ആകൃഷ്ടനായി. പിന്നെ കാശുകാരെ വിട്ട് അലക്സ് വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്കൊപ്പം ആയി. എന്നാൽ അത്തരത്തിൽ ഉള്ള ഇടപെടലിൽ അപ്രതീക്ഷിതമായി എയ്ഡ്‌സ് എന്ന മാരക രോഗം തന്നിലേക്ക് എത്തി ചേർന്നത് വളരെ ഞെട്ടലോടെ ആണ് അലക്സ് മനസിലാക്കിയത്. മാനസികമായി തകർന്നു പോയ അവന് തന്റെന്ന് കാശു വാങ്ങി ചതിച്ചു എന്ന വാശിയിൽ ലൈംഗിക തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകളോട് കടുത്ത വെറുപ്പ് തോന്നി. അവരോടുള്ള പ്രതികരമായി ദിനം പ്രതി ഓരോരുത്തരെ വീട്ടിലേക്ക് വിളിച്ചു അവർക്കൊപ്പം കിടക്ക പങ്കിട്ടു തന്റെ അസുഖം പകർന്നു കൊടുത്ത് ആനന്ദം കണ്ടു. അന്നേ ദിവസം ഇന്ദുവും അവനരികിൽ എത്തിയതും അങ്ങിനെയാണ്. എന്നാൽ അവളുടെ കഥ കേൾക്കെ.. ഇത്രയും നാളും താൻ ചതിച്ച സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങളിൽ അകപ്പെട്ട പാവങ്ങളും ഉണ്ടാകുമല്ലോ എന്ന് ഓർത്ത നിമിഷം കുറ്റബോധത്താൽ അലക്സിന്റെ മനസ്സ് കൈ വിട്ട് പോയതാണ്. സ്വയം മരണം വരിച്ചതും ആ കുറ്റബോധത്താൽ തന്നെയാണ്. ഇന്നും അലക്സ് പോൾ എന്ന കോടീശ്വരൻ ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് ആർക്കും അറിയില്ല.. ആ ഒരു ചോദ്യം എക്കാലവും അങ്ങിനെ തന്നെ അവശേഷിക്കും..

 

(ശുഭം )

 

പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *