ഭർത്താവിന് ഇപ്പോഴും പേരാണോ വിളിക്കുന്നത്? നാട്ടുകാര് കേട്ടാൽ എന്ത് കരുതും

പ്രണയ വിവാഹമായിരുന്നതുകൊണ്ട് തന്നെ വിവാഹശേഷം വിഷ്ണുവിന്റെ വീട്ടിൽ ഇടപഴകാനും സംസാരിക്കാനും ഒന്നും തനിമയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തനിമ വളരെ ബോൾഡ് ആയ ഒരു പെൺകുട്ടിയായിരുന്നു. എന്തും ആരോടും തുറന്നുപറയാൻ അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ഏതൊരു സിറ്റുവേഷനിലും അവൾ തന്റെ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നിരുന്നു. ആ ബോർഡ്നെസ്സ് കണ്ടു തന്നെയാണ് കോളേജിൽ പഠിക്കുന്ന നാൾ മുതൽ വിഷ്ണുതനിമയെ പ്രണയിച്ചു തുടങ്ങിയത്. ഈ എട്ടു വർഷത്തെ പ്രണയത്തിനുള്ളിൽ തന്നെ വിഷ്ണുവിന്റെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അവൾക്ക് ഒരു ധാരണയൊക്കെ ഉണ്ടായിരുന്നു. വിഷ്ണുവടക്കം മൂന്ന് ആൺമക്കളാണ്. മൂത്ത സഹോദരന്റെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയുമുണ്ട്. വിഷ്ണുവിന് താഴെയുള്ളയാൾ ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. അച്ഛനും അമ്മയും മൂന്നു മക്കളും ഉള്ള കുടുംബത്തിലേക്ക് അംഗങ്ങളായി വന്നതാണ് ഹിമ ഏടത്തിയും തനിമയും.

 

“അച്ഛൻ ഒരു പാവമാണ് പക്ഷേ അമ്മയെ ഒന്ന് സൂക്ഷിക്കണം കേട്ടോ തനു…” കല്യാണത്തിന് മുന്നേ തന്നെ വിഷ്ണു സൂചന തനുവിന് നൽകിയിരുന്നു. അതുകൊണ്ട് എല്ലാം അഭിമുഖീകരിക്കാൻ തയ്യാറായി തന്നെയാണ് അവൾ വന്നതും.

 

“മോളെ ആ ആഭരണങ്ങളൊക്കെ ഇങ്ങു തന്നേക്ക്.. ഞാൻ എന്റെ അലമാരയിൽ വെച്ച് പൂട്ടാം. ഹിമയുടെ സ്വർണവും ഞാൻ അവിടെ തന്നെയാ സൂക്ഷിച്ചിരിക്കുന്നത്. പഴയകാലത്തെ പൂട്ടാണ് ഒരു കള്ളന്മാര് വന്നാലും തുറക്കാൻ പറ്റില്ല.” രാവിലെ അമ്പലത്തിൽ നിന്ന് വന്ന പാടെ ഡ്രസ്സ് മാറാൻ പോലും ഇട നൽകാതെ അവർ അവളുടെ അടുത്തേക്ക് ചെന്നു.

 

ഇത്തരം പഴഞ്ചൻ ഏർപ്പാടുകൾ ഇപ്പോഴും ഉണ്ടോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു നിന്നു പോയെങ്കിലും അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തന്നെ അവൾ മറുപടി പറഞ്ഞു.

 

“ഹേയ് അതിന്റെ ഒന്നും ആവശ്യമില്ലമ്മേ..അത് ഞാൻ ഈ അലമാരയിൽ വെച്ചോളാം. അച്ഛനും അമ്മയും പറഞ്ഞുണ്ടാക്കിയ ലോക്കറാ..ഇതും ഒരു കള്ളന്മാരും പൊളിക്കില്ല പിന്നെ മാത്രവുമല്ല രണ്ടുദിവസം കഴിഞ്ഞാൽ ഞങ്ങൾ ഇത് ബാങ്ക് ലോക്കറിലേക്ക് മാറ്റും. വിഷ്ണുവും അതുതന്നെയാണ് പറഞ്ഞത്.”

 

അവളുടെ മറുപടി കേട്ട് അവർക്ക് അരിശം തോന്നിയെങ്കിലും വന്നു കേറിയപ്പോഴേക്കും എങ്ങനെയാ പോര് കാണിക്കുന്നത് എന്ന് ഓർത്ത് പുറമേ ചിരിച്ചു കാണിച്ചു.

 

“ഓ അവന് എന്തറിയാം.. വീട്ടിലിരിക്കുന്ന പോലാണോ ബാങ്കിൽ ഇരിക്കുന്നത്? നാട്ടുകാരും കുടുംബക്കാരും ഒക്കെ വരുമ്പോൾ കാണിച്ചു കൊടുക്കേണ്ടയോ? ബാങ്കിൽ കൊണ്ടു വച്ചാൽ നാട്ടുകാർ വിചാരിക്കില്ലേ ഞങ്ങളതൊക്കെ കൊണ്ട് പണയം വെച്ചന്ന്….എന്റെ മോനല്ലേ അവൻ, ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം..അല്ല മോളെ ഭർത്താവിന് ഇപ്പോഴും പേരാണോ വിളിക്കുന്നത്? നാട്ടുകാര് കേട്ടാൽ എന്ത് കരുതും? പിന്നെ വീട്ടിൽ നിൽക്കുമ്പോൾ ആയാലും ഷാൾ ഉള്ള വസ്ത്രങ്ങൾ ധരിക്കണം ഹിമ ഇടുന്നത് കണ്ടിട്ടില്ലേ ഇവിടെ അച്ഛൻ അടക്കം നാല് ആണുങ്ങൾ ഉള്ളത.. മോളുടെ വീട്ടിൽ ഇതൊന്നും പറഞ്ഞു തന്നിട്ടില്ല ആയിരിക്കും പക്ഷേ എനിക്ക് പറയാതെ വയ്യല്ലോ…”

 

” അതെന്താ അമ്മേ അത്രയ്ക്കും മോശക്കാരാണോ ഇവിടെയുള്ള ആണുങ്ങൾ? ” ഒരു തമാശ രൂപയാണ് അവൾ അത് പറഞ്ഞതെങ്കിലും അവർക്കത് പിടിച്ചില്ല.

 

” അമ്മേ ഞാൻ വർഷങ്ങളായി വിഷ്ണുവിനെ പേരാണ് വിളിക്കുന്നത് വിവാഹം കഴിഞ്ഞെന്ന് കരുതി അത് മാറ്റേണ്ട കാര്യമുണ്ടോ? പിന്നെ നാട്ടുകാരെ ബോധിപ്പിക്കാൻ അല്ലല്ലോ നമ്മൾ ജീവിക്കേണ്ടത് അതൊക്കെ അവിടെ നിൽക്കട്ടെ അമ്മ വാ നമുക്ക് കഴിക്കാം…നല്ല വിശപ്പുണ്ട്. ” അവരെ ഗൗനിക്കാതെ അവൾ ഡൈനിങ് ടേബിളിലേക്ക് നടന്നു.

 

” അന്നേ എനിക്ക് മനസ്സിലായതാണ് ഹിമയെ പോലെയല്ല ഇവളെന്ന്..ഇവൾക്കൊരു എല്ല് കൂടുതലാണ്.ഞാൻ ശരിയാക്കിത്തരാം രണ്ടുദിവസം കഴിയട്ടെ… “അവൾ മുന്നേ പോയതും മനസ്സിൽ പിറുപിറുത്ത് കൊണ്ട് അവർ പിറകെ നടന്നു.

 

“ദേ വിഷ്ണു വന്നപ്പോൾ തന്നെ നിന്റെ അമ്മ കുലസ്ത്രീ ചമയാൻ വന്നിട്ടുണ്ട് കേട്ടോ… ഷാൾ ഇടാതെ പുറത്തിറങ്ങാൻ പാടില്ല അതുമാത്രമല്ല നിന്നെ ഇനി ഞാൻ ഏട്ടാ എന്ന് വിളിക്കണം പോലും. അതും നാട്ടുകാരെ ബോധിപ്പിക്കാൻ…” കഴിച്ച് മുറിയിൽ വന്നതും അവൾ വിഷ്ണുവിനോട് പറഞ്ഞു.

 

“നിന്റെ നാവിൽ നിന്ന് ഏട്ടാന്ന് ഒരു വിളി കേൾക്കാൻ എനിക്കും കൊതി ഇല്ലാതില്ല.” കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു.

 

“ആ ബെസ്റ്റ്.. വിഷുവിനെ പറഞ്ഞിട്ട് കാര്യമില്ല വിത്തുഗുണം പത്ത് ഗുണം എന്നല്ലേ..പിന്നെ..ഇന്ന് രാവിലെ എന്റെ ഗോൾഡും ചോദിച്ചു വന്നിരുന്നു അമ്മയുടെ അലമാരയിൽ വച്ച് പൂട്ടാമത്രേ… വേണ്ടെന്ന് ഞാൻ പറഞ്ഞു.”

 

“അതെന്തിനാ നീ അങ്ങനെ പറയാൻ പോയത്?”

 

” ഇതൊക്കെ പഴഞ്ചൻ ഏർപ്പാടാണ് വിഷ്ണു വിവാഹം കഴിഞ്ഞ ഉടനെ സ്വർണം ഊരി വാങ്ങലും തൂക്കി നോക്കലും എല്ലാം.. എന്റെ വീട്ടുകാർ ഗോൾഡ് തന്നിട്ടുണ്ടെങ്കിൽ അത് നമുക്ക് ഫ്യൂച്ചറിലേക്ക് ഒരു ഇൻവെസ്റ്റ്മെന്റ് ആയിട്ടാണ് അല്ലാതെ ഇവിടെ ഉള്ളവർക്ക് പൊങ്ങച്ചം കാണിക്കാനോ അവരുടെ ഇഷ്ടത്തിന് ചെലവാക്കാനോ അല്ല. ഒന്നുകിൽ ഇത് ഇങ്ങനെ തന്നെ ലോക്കറിൽ സൂക്ഷിച്ചേക്കാം അല്ലെങ്കിൽ നമ്മുടെ രണ്ടാളുടെയും പേരിൽ കുറച്ച് പ്രോപ്പർട്ടി വാങ്ങിയിടാം. ഏതായാലും വിഷ്ണുവിനോട് അമ്മ ഇക്കാര്യം സംസാരിച്ചാൽ പറ്റില്ലെന്ന് പറഞ്ഞേക്ക്. ” അവൾ തീർത്തു പറഞ്ഞു.

 

” അതൊക്കെ ഞാൻ പറഞ്ഞോളാം. ഇപ്പോൾ ഓരോന്ന് പറഞ്ഞ് വെറുതെ എന്തിനാ നമ്മുടെ ഹണിമൂൺ മോഡ് ഇല്ലാതാക്കുന്നത്? ” അതും പറഞ്ഞ് അവൻ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു. അവന്റെ ചുംബനങ്ങളാൽ നെറുകയിൽ തൊട്ട സിന്ദൂരം എല്ലാം അവളുടെ നെറ്റിത്തടങ്ങളിലേക്ക് പടർന്നു.

 

പിറ്റേന്ന് വിരുന്നിനു വേണ്ടി രണ്ടാളും അവളുടെ വീട്ടിലേക്ക് പോയി. രണ്ടു ദിവസം അവിടെ തങ്ങി യാത്രയും വിരുന്നുമൊക്കെ കഴിഞ്ഞ് ക്ഷീണിച്ചാണ് രണ്ടാളും വിഷ്ണുവിന്റെ വീട് എത്തിയത്.

 

“ഏതുസമയവും മുറിയും അടച്ചിട്ട്‌ അകത്തിരിപ്പ് തന്നെ ഇതൊന്നും ഇവിടെ നടക്കില്ല. മറ്റുള്ളവർ കാണും എന്നുള്ള ബോധമില്ലേ രണ്ടിനും.”അന്ന് ഒരു ഞായറാഴ്ചയായിരുന്നു. തനുവിനും വിഷ്ണുവിനും ലീവ് ആയതുകൊണ്ട് തന്നെ ഊണ് കഴിഞ്ഞതും രണ്ടാളും കുറച്ച് നേരം മയങ്ങി. അന്നേരമാണ് ഭർത്താവിന്റെ മുന്നിൽ ക്ഷോഭിച്ചുകൊണ്ട് അവരത് പറഞ്ഞത്.

 

“എന്റെ ശോഭേ നീ ഒന്നു മിണ്ടാതിരിക്… വെറുതെ എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത്? അന്നേരം അയാൾ അവരെ ശകാരിച്ചു.

 

മയങ്ങി കിടന്ന തനുവും വിഷ്ണുവും അമ്മയുടെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ഹിമ ഏടത്തിയെ വഴക്ക് പറയുന്നതാണ്. ശബ്ദമങ്ങ് രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാം.

 

“വിവേക് കഴിച്ച പ്ലേറ്റ് ആണ്. ഇത് ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറായി ഇതൊന്നു കൊണ്ടു പോയി കഴുകി വയ്ക്കാൻ കഴിയാത്ത വിധം എന്തു പണിയാണ് ഇവിടെയുള്ള പെണ്ണുങ്ങൾക്കുള്ളത്?” അവർ ദേഷ്യം കൊണ്ട് കലിതുള്ളുകയാണ്.

 

ഒരു മണിക്കൂർ ഇവർ ആ പ്ലേറ്റ് നോക്കി നിന്ന നേരം മതിയല്ലോ അതൊന്ന് എടുത്തു കഴുകി വയ്ക്കാൻ എന്ന് തനു മനസ്സിൽ ഓർത്തു.

 

ഹിമ മറുത്തൊന്നും പറയാതെ ആ പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി.തനുവും ഹിമയുടെ അടുത്തേക്ക് പോയി അപ്പോഴാണ് ഒരു കുന്ന് തുണി അലക്കാനായി കൂട്ടിയിരിക്കുന്നത് കണ്ടത്. സകല മുറിയിലെയും ബെഡ്ഷീറ്റ് വാരിയിട്ടത് അമ്മ തന്നെയാണ് എന്ന് തനുവിന് മനസ്സിലായി വിവേകിന്റെ അടിവസ്ത്രം വരെ അതിലുണ്ട്.

 

“ഇത്ര തുണി എന്തിനാ ചേച്ചി കല്ലിൽ ഇട്ട് അലക്കുന്നത് മെഷീനിൽ ഇട്ടാ പോരെ..? ഇതും ചേച്ചിയെ കൊണ്ടാണോ കഴുകിക്കുന്നത്? കഷ്ടം തന്നെ,.”വിവേകിന്റെ അണ്ടർവെയർ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.

 

“മെഷീനിൽ ഇടാൻ അമ്മ സമ്മതിക്കില്ല തുണിയിലെ അഴുക്ക് പോകില്ലത്രേ. പിന്നെ കരണ്ട് ബില്ല് കൂടുമെന്ന് പറഞ്ഞ് വഴക്കും പറയും.”

 

“എങ്കിൽ പിന്നെ ആ തള്ളയോട് വന്ന് അലക്കാൻ പറ.. കൈക്കും കാലിനും തളർവാദം ഒന്നുമില്ലല്ലോ വെറുതെ ഇരുന്ന് ഇരുന്ന് പിത്തം പിടിച്ച് ചാവുകയുള്ളൂ…”

 

അത് കേട്ടതും ഹിമ അറിയാതെ ചിരിച്ചു പോയി.

 

“ചേച്ചി ഏതായാലും ഈ തുണികൾ എല്ലാം മെഷീനിൽ ഇട് ഞാനും കൂടാം.പിന്നെ ഇതങ്ങ് മാറ്റി ഇട്ടേക്ക്…” അതും പറഞ്ഞ് ഒരു കോലുകൊണ്ട് പൊക്കിയെടുത്ത് ആ അണ്ടർവെയർ അവൾ മാറ്റിയിട്ടു.

 

പിന്നാമ്പുറത്തേക്ക് എന്തോ കാര്യത്തിന് വന്നപ്പോഴാണ് വാഷിംഗ് മെഷീനിൽ തുണിയിട്ട് രണ്ടാളും കൊച്ചു വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടത്. അവർക്ക് അരിശം വരാൻ ഇതിൽ പരം എന്തു വേണം.

 

“അല്ല ഇതെന്താ പുതിയ ശീലങ്ങളൊക്കെ? മെഷീനിൽ തുണികൾ ഇടാൻ നിന്നോട് ആരാടി പറഞ്ഞത്?” അവർ ഹിമയ്ക്ക് നേരെ പാഞ്ഞ് അടുത്തു.

 

“ഞാനാണ് പറഞ്ഞത്.”തനു ഒരു കൂസലും ഇല്ലാതെ പറഞ്ഞു.

 

“ഓഹോ നീയാണോ പറഞ്ഞത്?ആരോട് ചോദിച്ചിട്ട്? വന്നു കേറിയവർ വന്നു കയറിയവരുടെ സ്ഥാനത്ത് നിന്നാ മതി ഇവിടെ തീരുമാനങ്ങൾ എടുക്കാൻ ആൾക്കാരുണ്ട്.”

 

“എങ്കിൽ പിന്നെ അമ്മയും തീരുമാനങ്ങൾ എടുക്കരുത് അമ്മയും ഇവിടെ വന്നു കയറിയ സ്ത്രീയല്ലേ?. പിന്നെ ഒന്നൂടെ പറയാം ഞങ്ങളിവിടെ നിങ്ങളുടെ മക്കളുടെ ഭാര്യമാരായാണ് വന്നത് വേലക്കാരികളായി അല്ല.ഇനി ഇത് ഉപയോഗിച്ചിട്ട് അമ്മയുടെ മക്കളെ കൊണ്ട് താങ്ങാൻ കഴിയാത്ത വിധം കരണ്ട് ബില്ല് വന്നാൽ ഞാൻ ജോലിക്ക് പോകുന്നുണ്ടല്ലോ ശമ്പളവും ഉണ്ട് ഇതിന്റെ ബില്ല് ഞാൻ അടച്ചോളാം.”

 

തർക്കം കേട്ടാണ് അച്ഛനും മൂത്തവൻ വിനീതും വിഷ്ണുവും അങ്ങോട്ട് വന്നത് വിവേക് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.

 

“കേട്ടോടാ ഇവളുടെ അഹങ്കാരം.. ജോലി ഉണ്ടെന്നുള്ള ഹുങ്കാണ്.ഇതാണ് ഞാൻ പറയുന്നത് കെട്ടിക്കൊണ്ട് വരുന്ന പെണ്ണുങ്ങളെ ജോലിക്ക് വിടരുതെന്ന്. പിന്നെ അവളുമാരുടെ നെഗളിപ്പ് കാണേണ്ടിവരും.വീട്ടു പണിയെടുത്ത് അടങ്ങി ജീവിക്കാൻ രണ്ടാളും ഭാര്യമാരെ പറഞ്ഞു മനസ്സിലാക്കി കോണം കേട്ടല്ലോ…”

 

അമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ടും ഭാര്യമാരുടെ ഭാഗത്താണ് ശരിയെന്ന് മനസ്സിലാക്കിയത് കൊണ്ടും അമ്മയോട് മിണ്ടാതിരിക്കാൻ പറഞ്ഞു അവർ അവിടെ നിന്ന് പോയി.

 

” ഹോ ഇങ്ങനെ രണ്ടു പെൺകോന്തൻമാരെ ആണല്ലോ ദൈവമേ നീ എനിക്ക് തന്നത്.. ഇനി എനിക്ക് എന്റെ വിവേക് മോനിലാണ് ആകെ പ്രതീക്ഷ. അവൻ എങ്കിലും കൊണ്ടുവരുന്നവളെ നിലയ്ക്ക് നിർത്തിയാൽ മതിയായിരുന്നു. ” തലയിൽ തല്ലിക്കൊണ്ട് അവർ പോയപ്പോൾ അവൾ ഹിമയെ നോക്കി കണ്ണിറുക്കി.

 

രാത്രി എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്. ആൺമക്കൾക്കൊപ്പം ഹിമയെ പിടിച്ചിരുത്തി തനുവും കഴിക്കാൻ ഇരുന്നത് അവർക്കത്ര ബോധിച്ചില്ല. ആദ്യം കഴിച്ചു കഴിഞ്ഞത് വിഷ്ണുവാണ് വിഷ്ണുവിന്റെ എച്ചിൽ പാത്രം എടുക്കാൻ ഹിമ എഴുന്നേറ്റതും തനു അവളെ തടഞ്ഞു.

 

” ചേച്ചി അവിടെയിരുന്നു ഭക്ഷണം കഴിക്ക് പ്ലേറ്റ് വിഷ്ണു കഴുകി വെച്ചോളും. ”

 

അന്നേരം വിഷ്ണു അടക്കം എല്ലാവരും അവളെ ഒന്നു നോക്കി.

 

” എന്ത് വിഷ്ണു കഴുകി വയ്ക്കുമെന്നോ? അടുക്കള പണിയെടുക്കാൻ അല്ല ഞാൻ മൂന്ന് ആൺമക്കളെ വളർത്തി വലുതാക്കിയത്. അവരെ അത് ശീലിപ്പിച്ചിട്ടുമില്ല.അതിനാണ് നിങ്ങളെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്. ഇവിടെയാരും പുതിയ ശീലങ്ങൾ ഒന്നും ഉണ്ടാക്കേണ്ട. ” അവർ അരിശത്തോടെ പറഞ്ഞു.

 

” ആണായാലും പെണ്ണായാലും കഴിച്ച പാത്രം കഴുകി വയ്ക്കുന്നത് അന്തസ്സ് കുറവായി കാണേണ്ട അമ്മേ..എച്ചിൽ പാത്രം മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കുന്നതാണ് അന്തസ്സില്ലായ്മ. മകന്റെ എച്ചിൽ പാത്രം എടുപ്പിക്കാൻ അല്ല ആൺമക്കളെ വിവാഹം കഴിപ്പിക്കേണ്ടത്. കുറഞ്ഞത് അവനവൻ കഴിച്ച പാത്രം കഴുകി വയ്ക്കാനും സ്വന്തം അടിവസ്ത്രം കഴുകിയിടാനും പറഞ്ഞുകൊടുത് വേണം അമ്മമാർ ആണ് മക്കളെ വളർത്താൻ . എന്താ വിഷ്ണു പാത്രം കഴുകാൻ ബുദ്ധിമുട്ടുണ്ടോ? ”

 

അവൻ ഇല്ലെന്ന് തലയാട്ടി വേഗം പാത്രവുമായി അടുക്കളയിലേക്ക് നടന്നു. അവനു പിറകെ വിനീതും വിവേകും അച്ഛനും തങ്ങൾ കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോകുന്നത് കണ്ട് ഹിമ തനുവിന്റെ മുഖത്തുനോക്കി അന്തം വിട്ടിരുന്നു. അന്നേരം തോറ്റ മുഖത്തോടെ അവർ അവളെ ദഹിപ്പിച്ചു നോക്കി എഴുന്നേറ്റുപോയി.

 

” അവൾക്ക് എന്നെ അറിയാഞ്ഞിട്ടാണ്.. അവൾ ആരാണെന്ന അവളുടെ വിചാരം. ” മുറിയിൽ കയറി വന്നതും അവർ തന്റെ ഭർത്താവിനോട് കലിതുള്ളി.

 

“ആ കുട്ടി പറഞ്ഞതിൽ എന്താണ് തെറ്റ്? അടുക്കള പണി ചെയ്താൽ ആണത്തം നഷ്ടമാകുന്ന മട്ടിൽ അല്ലേ നീ നിന്റെ മക്കളെ വളർത്തിയത്. ഇനിയെങ്കിലും അവർ ബോധത്തോടെ ജീവിക്കട്ടെ.” മരുമകളെ സപ്പോർട്ട് ചെയ്ത് പറഞ്ഞതിന് അവർ തന്റെ ഭർത്താവിനെ തറപ്പിച്ചു നോക്കി.. അയാൾ പിന്നെ ഒന്നും മിണ്ടിയില്ല.

 

പിറ്റേന്ന് മൂവരും തങ്ങളുടെ അടിവസ്ത്രം സ്വന്തമായി കഴുകിയിട്ടു.

 

” എന്നാലും തനൂ അമ്മയുടെ പത്തി താഴ്ന്ന കാഴ്ച ഇത്ര വേഗം കാണാൻ പറ്റും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല”. അവർ ഇല്ലാത്ത തക്കം നോക്കി അവൾ തനുവിനോട് പറഞ്ഞു.

 

” അവരെ ഇങ്ങനെ വിഷമുള്ള സർപ്പം ആക്കിയത് ചേച്ചി തന്നെയാണ്. ഇന്നത്തെ കാലത്ത് നല്ല അമ്മായിയമ്മമാർ ഇല്ല എന്നല്ല അത് വെറും പത്ത് ശതമാനമേ കാണൂ ബാക്കി വരുന്ന തൊണ്ണൂറ് ശതമാനവും ഇതുപോലെത്തെ ആയിരിക്കും.. ഇനി നമ്മളൊക്കെ അമ്മായിയമ്മമാർ ആയിട്ട് വേണം നമ്മുടെ മരുമക്കളെ കൂട്ടുകാരെപ്പോലെ കാണാനും അവർക്ക് ഫുള്ള് ഫ്രീഡം കൊടുക്കാനും. അതൊക്കെ പോട്ടെ ചേച്ചി ഇത്രയൊക്കെ പഠിച്ചതല്ലേ പിന്നെന്താ ഒരു ജോലി നോക്കിയാല് ഇവിടെത്തന്നെ ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് അവർ തലയിൽ കയറാൻ വരുന്നത്. ”

 

“ആഗ്രഹമില്ലാഞ്ഞിട്ടല്ല തനു.. പിജിയും ബി എഡും കഴിഞ്ഞിട്ട് ഇങ്ങനെ ഇരിക്കുന്നതിൽ എനിക്കും സങ്കടമുണ്ട്. ഇവിടെ അടുത്തൊരു സ്കൂളിൽ ജോലി ശരിയായതാണ് എനിക്ക് ഏട്ടൻ എന്നോട് പൊയ്ക്കോളാനും പറഞ്ഞു. പക്ഷേ അമ്മ സമ്മതിച്ചില്ല. ഇതും പറഞ്ഞ് അമ്മ ഏട്ടനോട് വഴക്കിന് ചെന്നപ്പോൾ ഞാൻ തന്നെയാണ് പോകേണ്ടെന്ന് പറഞ്ഞത്.സാധാരണ പഠിപ്പില്ലാത്ത, ഒരു ഗതിയും ഇല്ലാത്ത പെൺകുട്ടികളാണ് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് പക്ഷേ എല്ലാം ഉണ്ടായിട്ടും ഞാൻ…. എനിക്ക് രണ്ട് അനിയന്മാരാണ് ഞാൻ അവരുടെ ഭാവി കൂടെ നോക്കേണ്ടേ?”അവൾ സങ്കടത്തോടെ പറഞ്ഞു.

 

” ആ ബെസ്റ്റ് കെട്ടിയോന് വേണ്ടിയാണ് ഈ ത്യാഗമെങ്കിൽ പോട്ടെ എന്ന് വയ്ക്കാം. ഇത് ഭർത്താവിന്റെ അമ്മയ്ക്ക് വേണ്ടി… അമ്മ ശ്വാസം വിടേണ്ട എന്ന് പറഞ്ഞാൽ ചേച്ചി അതും അനുസരിക്കുമോ? ഇതൊക്കെ ആർക്കുവേണ്ടി? എന്തിനുവേണ്ടി? ഇനിയെങ്കിലും ചേച്ചി ചേച്ചിക്ക് വേണ്ടി ജീവിക്ക്.. അവരുടെ കാൽകീഴിൽ ഒരു അടിമയെ പോലെ ജീവിക്കാനുള്ളതല്ല നമ്മുടെ ജീവിതം. ആദ്യമേ അടിമയായി കാണിച്ചു കൊടുത്താൽ ജീവിതകാലം മുഴുവൻ അത് തുടരേണ്ടി വരും. അതുകൊണ്ട് ഇനിയെങ്കിലും സ്വന്തം കാലിൽ നിൽക്കുക അപ്പോൾ ചേച്ചിക്ക് ചേച്ചിയോട് തന്നെ മതിപ്പു തോന്നും. അവർ അവിടെ കിടന്നു പറയട്ടെ കുറെ പറഞ്ഞു മടുക്കുമ്പോൾ നിർത്തിക്കോളും.എന്നിട്ട് വിവേകിന്റെ വിവാഹമാകുമ്പോഴേക്കും സ്വന്തമായി ഒരു വീടൊക്കെ ഉണ്ടാക്കാൻ നോക്ക്. ഞാനും അതിനുള്ള പ്ലാനിൽ ആണ്. എത്രയൊക്കെ പറഞ്ഞാലും വിവാഹം കഴിഞ്ഞാൽ അതിനിടയ്ക്ക് അഭിപ്രായം പറയാൻ മൂന്നാമതൊരാളെ അനുവദിക്കാതിരിക്കുകയാണ് നല്ലത്. ”

 

അങ്ങനെ തനുവിന്റെ നിരന്തരമായ സപ്പോർട്ട് കൊണ്ട് ഹിമ ജോലിക്ക് പോകാൻ തന്നെ തീരുമാനിച്ചു.അവർ ശക്തമായി എതിർത്തെങ്കിലും അവൾ അത് കാര്യമാക്കിയില്ല. രണ്ടു മരുമക്കളും ജോലിക്ക് പോകുന്നതോടെ അവർക്ക് ദാസി പണിക്ക് ആളില്ലാതായി ആദ്യമാദ്യം അവർ പറയുന്നതെല്ലാം കേട്ട് നിൽക്കാറുള്ള ഹിമ പിന്നീട് തിരിച്ചു പറയാൻ തുടങ്ങിയതോടെ അവർ വാ അടച്ചു തുടങ്ങി. സ്വന്തമായി അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് സ്വന്തം വില മനസ്സിലായി തുടങ്ങിയത്.

 

ഒരുപക്ഷേ തനു ഇല്ലായിരുന്നെങ്കിൽ ജീവിതാവസാനം വരെ തന്റെ സ്വപ്നങ്ങളും അടക്കിവെച്ച് ഈ വീടിനുള്ളിൽ തന്റെ ജീവിതം തീർക്കേണ്ടി വന്നേനെ എന്ന് ഹിമ മനസ്സിലാക്കി. ആദ്യമേ തന്നെ ഇഷ്ടങ്ങളും സ്വപ്നങ്ങളും അടക്കിവെച്ച് അടിമയായി ഒരു പെൺകുട്ടികളും ഭർതൃ വീട്ടിൽ തുടരേണ്ടതില്ല.. അവളെ അവളായി ജീവിക്കാൻ അനുവദിക്കുമ്പോഴാണ് ഒരു പുരുഷൻ ഭർത്താവ് എന്ന പേരിലും മറ്റുള്ളവർ കുടുംബം എന്ന പേരിലും വിജയിക്കുന്നത്.

 

അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *