“ആരെയും മോഹിപ്പിക്കുന്ന അഴകുള്ള നിന്റെയീ മുഖവും കടഞ്ഞെടുത്തതുപോലുള്ള നിന്റെ മാറിടങ്ങളുമെല്ലാം ഏതൊരു ആണിനെയും കൊതിപ്പിക്കുന്നതു പോലെ എന്നെയും കൊതിപ്പിക്കുന്നുണ്ട്… ”
“എന്റെ കയ്യിലിട്ട് ഞെരിച്ചുടയ്ക്കാൻ തോന്നുന്നുണ്ട് എനിയ്ക്ക് നിന്നെ… പക്ഷെ ഞാനായിട്ട് തൊടില്ല വേണീ നിന്നെ…. തൊടണമെങ്കിൽ നീ കെഞ്ചണമെന്നോട് , നിന്നെയൊന്ന് തൊടാൻ പറഞ്ഞ്….
നിനക്കൊരു പുരുഷനെ, ദേവനെന്ന എന്നെ അറിയണമെന്ന് പറഞ്ഞ് കെഞ്ചി യാചിക്കണം നീ…
നീ കെഞ്ചില്ലേ വേണീ എന്നോട്…? യാചിക്കില്ലേ…?
ഞാനെന്ന പുരുഷനെ, ആണിനെ അറിയണ്ടേ നിനക്ക്…?
അഹങ്കാരവും അഹംഭാവവും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന ദേവന്റെ ചോദ്യത്തിനുത്തരം പറയാതെ പകപ്പോടവനെ നോക്കി നിന്നു പോയ് വേണി..
“മിണ്ടാതെ നിന്ന് എന്നെ നോക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ വേണീ ….നിന്റെയീ ഉടൽ ഭംഗി ഞാൻ ആസ്വദിക്കണമെങ്കിൽ ,നിന്നെ ഒരു ഭാര്യയായ് കണ്ട് ഞാൻ തൊടണമെങ്കിൽ നീയെന്നോട് യാചിക്കണം…
യാചിക്കില്ലേ നീയെന്നോട് എന്റെ കാല് പിടിച്ച് നിന്നെ തൊടാൻ പറഞ്ഞ് ….?
“ഇല്ല… എനിയ്ക്ക് വേണ്ട നിങ്ങളെ…. ആഗ്രഹിക്കുന്നില്ല ഞാൻ നിങ്ങളിലെ പുരുഷനെയോ ഭർത്താവിനെയോ…”
ദേവന്റെ ശബ്ദത്തിനും ചോദ്യത്തിനും ഒരു പോലെ മൂർച്ച കൂടിയതറിഞ്ഞ് ഇല്ലെന്നു പറഞ്ഞതിനൊപ്പം ഇരുവശത്തേയ്ക്കും തലയിളക്കി വേണി…
അതു കണ്ടതുമൊരു പുച്ഛം നിറഞ്ഞു ദേവന്റെ മുഖത്തും…
“നീ… കെഞ്ചില്ലേ ടീ…
യാചിക്കില്ലേടീ…? നിനക്ക് വേണ്ടേ അപ്പോ എന്നെ….?
പിന്നെന്തിനാ ടീ എല്ലാം അറിഞ്ഞോണ്ട് ഇങ്ങനെയൊരു കല്യാണത്തിന് നീ സമ്മതിച്ചത്…?
ഇവിടുത്തെ കെട്ടിലമ്മയായ് വാഴാനോ…?
ദേഷ്യമിരച്ചെത്തി മുഖം ചുവന്നവന്റെ വാക്കുകൾക്ക് മൂർച്ചയും പരിഹാസവും ഏറി
” എനിയ്ക്ക് വേണ്ട നിങ്ങളുടെ കെട്ടിലമ്മ സ്ഥാനം …ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടും ഇല്ല….
അതുപോലെയീ വേണിയൊരിക്കലും ചിറ്റോത്തെ ദേവനോട് എന്നെ തൊടാൻ, ഒരു ഭാര്യയായ് കണ്ട് കൂടെ കൂട്ടാനോ കിടത്താനോ ആവശ്യപ്പെട്ട് വരികയുമില്ല, അതിനായ് കെഞ്ചി യാചിക്കുകയുമില്ല…
എനിയ്ക്ക് കുറവുള്ളത് പണത്തിന് മാത്രമാണ്… ആത്മാഭിമാനമുണ്ട് ആവശ്യത്തിനും അതിലേറെയും.., എന്റെ അവസ്ഥ നിങ്ങളും നിങ്ങളുടെ തറവാട്ടുക്കാരും മുതലെടുത്തുവെന്ന് കരുതി ഇനിയും തോൽക്കാൻ വേണി കരുതിയിട്ടില്ല…”
പതർച്ചയേതുമില്ലാതെ ഉറപ്പുള്ള ശബ്ദത്തിൽ മറുപടി പറയുന്നവളെ കണ്ണെടുക്കാതെ ദേവൻ നോക്കി നിൽക്കും നേരത്ത് തന്നെയാണ് അവരുടെ മുറിയിലേക്കുള്ള മായയുടെ കടന്ന് വരവ്…
രാത്രി പത്തു മണിയ്ക്ക് യാതൊരു മടിയുമില്ലാതെ, ഒരനുവാദം പോലും വാങ്ങാതെ ഇന്ന് പകൽ വിവാഹം കഴിഞ്ഞ തങ്ങളുടെ കിടപ്പുമുറിയിലേക്ക് കടന്നു വരുന്നവളെ വെറുതെയെന്ന പോലെ നോക്കി വേണിയും…
ആ മുറിയിലൊന്നാകെ വട്ടംചുറ്റി മായയുടെ കണ്ണുകൾ
മുല്ലപ്പൂക്കൾ കൊണ്ടലങ്കരിച്ചിട്ടുണ്ട് മുറിയാകെ… ബെഡ്ഢിനോട് ചേർത്തിട്ടിരിയ്ക്കുന്ന സൈഡ് ടേബിളിലെ പാടക്കെട്ടി തണുത്ത പാലിലേക്കും അടുക്കി വെച്ച പഴങ്ങളിലേക്കും ചെന്നു മായയുടെ കണ്ണുകൾ…
ഒടുവിലവളുടെ കണ്ണുകൾ വേണിയിലെത്തിയതും
വേണിയെ നോക്കുന്ന ദേവന്റെ മുഖത്തുള്ളതുപോലൊരു പുച്ഛം അവളുടെ മുഖത്തും തെളിഞ്ഞു…
ഒരേ ഭാവത്തിൽ, ഒരേ പുച്ഛത്തിൽ തന്നെ നോക്കുന്നവരെ ശൂന്യമായ മനസ്സോടെ നോക്കി നിന്നു വേണിയും…
“ഇവളെന്തു പറയുന്നു ദേവേട്ടാ…. ദേവേട്ടനെ വേണം ഇവൾക്കെന്ന് പറഞ്ഞില്ലേയിവൾ….?
കെഞ്ചിയില്ലേ അതിനായ്…?
കാലു പിടിച്ചില്ലേ….?
കെട്ടിലമ്മയായ് വാഴാൻ ചിറ്റോത്തെ മരുമകളായ് പടി കയറി വന്നവളല്ലേ… എന്തിനും സമ്മതിച്ചു തരും.. എത്ര വേണമെങ്കിലും കെഞ്ചി കാലു പിടിയ്ക്കും… ”
മുഖത്തെ പുച്ഛത്തിനൊപ്പം പരിഹാസവും കൂടി ശബ്ദത്തിൽ ആവോളം നിറച്ച് ദേവന്റെ ശരീരത്തിലേക്കൊട്ടി നിന്നവന്റെ ശരീരത്തിൽ വിരൽ പടർത്തി ചോദിക്കുന്ന മായയെ വെറുപ്പോടെ നോക്കി വേണി
മറ്റൊരുത്തന്റെ ഭാര്യയായിരുന്നിട്ടും, വേറൊരു പുരുഷന്റെ അല്ല തന്റെ ഭർത്താവിന്റെ ശരീരത്തിലൊട്ടി ചേർന്നു നിൽക്കുന്നവൾ… തന്നെ കാണിക്കാൻ വേണ്ടി, താൻ വേദനിക്കാൻ വേണ്ടി കൈകളാലും നോട്ടങ്ങളാലും ദേവനെ പുണരുന്നവളെ , മായയെ വെറുതെ…. തികച്ചും വെറുതെ നോക്കി നിന്നു വേണി …
“ചിറ്റോത്തെ ദേവന്റെ ഭാര്യ പദവി വേണി മോഹിച്ചിട്ടില്ല മായേ… അതു കൊണ്ടു തന്നെ അതിനായ് തരം താഴാനും കരുതിയിട്ടില്ല…”
“നീ സ്നേഹിച്ച നിന്നെ സ്നേഹിച്ച ഇയാളെ യഥാവിധി വിവാഹം കഴിക്കാൻ നിനക്ക് സാധിച്ചില്ല… കുടുംബത്തെ എതിർത്ത് നിന്നെ സ്വന്തമാക്കാൻ ഇയാൾക്കും സാധിച്ചില്ല… ”
“പക്ഷെ ഇപ്പോൾ മറ്റൊരുവന്റെ ഭാര്യയായിരുന്ന് ഇയാൾക്കൊപ്പം ശരീരം പങ്കിട്ട് ജീവിക്കുന്ന നിന്നെ ഭയന്നാണ് ഇയാളുടെ വീട്ടുകാർ ഇയാൾക്ക് ഭാര്യയായ് എന്നെ ചോദിച്ച് എന്റെ വീട്ടിലെത്തിയത്… അവരുടെ കഷ്ടപാടുകൾക്കും ദുരിതങ്ങൾക്കും അറുതി വരുത്തി ഒരു വിലയിട്ട് എന്നെ ഇയാളുടെ വീട്ടുകാർ എന്റെ വീട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയെടുത്തു…
“എന്നെ ഭാര്യയായ് വേണ്ടാന്ന് ഇയാളൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നു… എനിയ്ക്കത് തടയാൻ കഴിയില്ലെന്ന് ഇയാൾക്കറിയാം… എന്റെ വീട്ടുകാരുടെ കഷ്ടതകൾ തീർക്കാൻ കഴിവില്ല എനിയ്ക്ക് … ഇങ്ങനെ അതങ്ങ് തീരുന്നെങ്കിൽ തീർന്നോട്ടെ എന്നു കരുതി മാത്രമാണ് ഇയാളുടെ കൈ കൊണ്ട് കെട്ടിയ താലിയും അണിഞ്ഞ് ഈ രാത്രി ഞാനീ മുറിയ്ക്കുള്ളിൽ ഇയാൾക്കൊപ്പം നിൽക്കുന്നത്… നിന്നെ പോലെ മറ്റാരും കാണാതെ പതുങ്ങിയല്ല മായേ ഞാനീ വീട്ടിലും മുറിയിലും എത്തിയത്…. ”
കാരിരുമ്പിന്റെ കരുത്തുള്ള മൂർച്ചയേറിയ വേണിയുടെ വാക്കുകൾക്ക് മുമ്പിൽ ഞൊടി നേരം മറുപടി നഷ്ടമായ് ദേവൻ നിന്നു പോയെങ്കിൽ അതിനെക്കാൾ വേഗത്തിൽ വേണിയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തിരുന്നു മായ …
ദേവേട്ടനെന്നും എന്റെ മാത്രമാണ്…
ഞൊടിഞ്ഞു മായ
മായയുടെ നീക്കത്തിൽ പകച്ച് ദേവൻ നിന്നെങ്കിലും പുഞ്ചിരിയോടെയാണ് വേണിയുടെ നിൽപ്…
“നിങ്ങൾ കെട്ടിയ താലി ഇല്ല നീ നിമിഷം മുതൽ എന്റെ കഴുത്തിൽ.. അതുണ്ടായിരുന്നെങ്കിലൊരു പക്ഷെ എന്നെങ്കിലും ഞാൻ നിങ്ങളോട് ക്ഷമിച്ചേക്കുമായിരുന്നു… നിങ്ങൾ എന്നോട് മാന്യത കാണിച്ചിരുന്നേൽ.. ഇനിയതുമില്ല… എല്ലാം അവസാനിച്ചു…
“നിങ്ങളോട് എന്നെ തൊടാനോ ഭാര്യയായ് കരുതാനോ ഒന്നും ആവശ്യപ്പെട്ടുവരില്ല ഞാനൊരിക്കലും … നിങ്ങളും വരരുത് ഒരിക്കലും ഒരു ഭർത്താവിന്റെ അധികാരത്തിൽ എനിയ്ക്കരിക്കിൽ…
ഈ വീട്ടിൽ എവിടെയെങ്കിലും ജീവിച്ചു മരിച്ചോളാം ഞാൻ ആയുസ്സെത്തും വരെ.. ”
ദേവന്റെ മുഖത്തു നോക്കി അത്രയും പറഞ്ഞ് വേണി മറ്റൊരു മുറിയിൽ കയറി വാതിലടച്ചതും അവർക്കായ് ഒരുക്കിയ മണിയറയിൽ ദേവനോടൊത്ത് രതിയുടെ പുതു തലങ്ങൾ തേടി യാത്ര തുടങ്ങി മായയെങ്കിലും അതു വരെ ദേവനെ കീഴടക്കി ഭരിച്ചിരുന്ന ഞാനെന്ന അഹങ്കാരത്തിനേറ്റ അടിയായിരുന്നു വേണിയുടെ സംസാരവും പ്രവർത്തിയും..
അതൊരു തുടക്കം മാത്രമായിരുന്നു….. വാശിയുടെയും നാശത്തിന്റെയും…
ദേവന്റെ വീട്ടിൽ ആരുമല്ലാതെ വേണി ജീവിച്ചു പോരുമ്പോൾ മായയോടൊത്തുള്ള രഹസ്യ ബന്ധം നാട്ടിൽപരസ്യമായ് നടത്തി ദേവൻ.. വേണിയോടുള്ള പക തീർക്കാനെന്ന വിധം…
കഴിവുകെട്ട ഭാര്യയായ് തീർന്നു വേണി എല്ലാവർക്കു മുമ്പിലും… അവളുടെ പോരായ്മയെന്നു പറഞ്ഞു പരിഹസിച്ചു അവളെ വിറ്റ കാശുവാങ്ങി അന്നം തിന്നവരുൾപ്പെടെ…
ആരോടും പരാതി പറയാതെ ജീവിച്ചു വേണിയും
ഭർത്താവുമൊത്ത് ജീവിക്കേ മായ പ്രസവിച്ച ആൺക്കുട്ടി രൂപത്തിലും ഭാവത്തിലും ദേവന്റെ തനിപ്പകർപ്പായത് നാട്ടുകാരുടെ പരിഹാസം കൂട്ടി… ആ ഒരു കുഞ്ഞല്ലാതെ മറ്റൊരു ജീവൻ പിറവിയെടുത്തില്ല പിന്നീട് മായയിൽ നിന്നും
മച്ചിയെന്ന പേര് ചാർത്തി വീട്ടുകാരും നാട്ടുകാരും പൊതുയിടങ്ങളിൽ വേണിയെ പരിഹസിച്ചു രസിച്ചപ്പോൾ അവളിലെ ഇനിയും നഷ്ടപ്പെട്ടു പോവാത്ത കന്യകാത്വം ആരുമറിഞ്ഞില്ല….
മായയുടെ കുഞ്ഞിനെ പേരക്കുഞ്ഞായ് കണ്ടഗീകരിച്ചു ദേവന്റെ വീട്ടുകാർ…മായയും കുഞ്ഞും തറവാട്ടിലെ നിത്യ സന്ദർശകരായ്…
എല്ലാറ്റിനും മൂകസാക്ഷിയായ് നിന്ന വേണിയെന്ന പെണ്ണ് പലപ്പോഴും ദേവനെന്ന പുരുഷനെ മോഹിപ്പിച്ചു കൊണ്ടിരുന്നെങ്കിലും വീണ്ടുമൊരിക്കൽ കൂടി അവളെ തേടി ചെല്ലാൻ മാത്രം ധൈര്യം അവശേഷിച്ചിരുന്നില്ല ദേവനിൽ..
വർഷങ്ങൾ കടന്നു പോകെ മായയും മകനുമൊരപകടത്തിൽ മരിച്ചതോടെ അതിന്റെയും പഴി നാട്ടുകാർ നൽകിയത് വേണിയ്ക്കാണ്…
വേണിയുടെ ശാപം മായയുടെയും മകന്റെയും ജീവനെടുത്തെന്ന് നാടൊട്ടുക്കും പാടി നടക്കുമ്പോഴും ,ചെയ്ത ദുഷ്പ്രവർത്തികളുടെ തിരിച്ചടി കിട്ടി തുടങ്ങിയെന്ന തിരിച്ചറിവിൽ തളർന്നു ദേവൻ
വേണിയെന്ന പെണ്ണിനോട് ചെയ്തു പോയ തെറ്റുകൾ ഓർത്ത് ശിഷ്ടക്കാലം ദേവൻ പശ്ചാതപിക്കുമ്പോളും താനൊരിക്കലും ആരെയും ശപിച്ചിരുന്നില്ലെന്ന ഉത്തമ ബോധ്യത്തിൽ ദേവന്റെ തറവാടിനുള്ളിൽ തലയുയർത്തി തന്നെ ജീവിച്ചു പോന്നു വേണിയെങ്കിൽ അവൾ നൽകുന്ന മാപ്പിനായ് ശിഷ്ടകാലം അവളിലേക്ക് തുറന്നു വെച്ച മിഴികളോടെ കാത്തിരുന്നു ദേവൻ….
മരണം വരെ വേണി തനിയ്ക്ക് മാപ്പു തരില്ലെന്നറിയാതെ…. ചിലരിങ്ങനെയാണ് ,സ്വയം കത്തി തീർന്നാലും തോൽക്കാൻ മനസ്സില്ലാതെ ജീവിച്ചു മരിച്ചു മണ്ണടിയും… മരണംവരെ തോറ്റിട്ടില്ല എന്ന ഉത്തമ ബോധ്യത്തോടെ തന്നെ…
രജിത ജയൻ