അവള് പെഴയാ സാറേ.. ഇതല്ല ഇതിനപ്പുറം പറയും അവൾ. അത് പീഡനം ഒന്നുമല്ല അവള് അറിഞ്ഞോണ്ട് പോയത് തന്നാ. കുറെ ഉണ്ടാക്കി വീണ്ടും തികയാ

” രഞ്ജിത്ത് സാറേ… ആ മറയൂർ പീഡനക്കേസ് കേസ് പുതിയ വഴിത്തിരിവിലാണല്ലോ.. അവളിപ്പോ പ്രതികളുടെ എണ്ണം കൂട്ടിയേക്കുവല്ലേ.. ആ എം എൽ എ ചന്ദ്രൻ സാറിന്റെ പേരും പറയുന്നുണ്ടെന്ന് കേൾക്കുന്നു ”

 

” അവള് പെഴയാ സാറേ.. ഇതല്ല ഇതിനപ്പുറം പറയും അവൾ. അത് പീഡനം ഒന്നുമല്ല അവള് അറിഞ്ഞോണ്ട് പോയത് തന്നാ. കുറെ ഉണ്ടാക്കി വീണ്ടും തികയാതെ വന്നപ്പോൾ കേസെന്നും പറഞ്ഞ് ഇറങ്ങിയേക്കുവാ. പിന്നെ ഈ ചന്ദ്രൻ സാറിന് ആ കേസിൽ ചെറിയ കൈ ഉണ്ട്. ഞാൻ ആ വഴി ചികഞ്ഞപ്പോ പുള്ളി ഇടപെട്ട് തന്നാ എന്നെ ആ കേസിൽ നിന്ന് തട്ടിയതും സ്ഥലം മാറ്റിയതും ”

 

കോടതിയിൽ നിന്നിറങ്ങി വരുന്ന വഴിയിൽ ആണ് സി ഐ രഞ്ജിത്ത് സഹപ്രവർത്തകൻ അനീഷിനെ കണ്ടത്.

 

“എന്തായാലും കൊള്ളാം ഇനീപ്പോ മീഡിയാസ് ഇതൊരു ആഘോഷമാക്കും ”

 

അനീഷ് അത് പറഞ്ഞ് പുഞ്ചിരിച്ചു.

 

” ഇന്നെന്തായിരുന്നു അനീഷേ കേസ്.. ”

 

” ഓ ഇത് ഒരു കൊലപാതക ശ്രമം.. രണ്ട് പേര് വെള്ളമടിച്ചു കോൺതെറ്റി കിടന്ന് അടി കൂടിയതാ ഒരുത്തൻ മറ്റവനെ കത്തിക്ക് കുത്തി. ജാമ്യം കിട്ടീല റിമാൻഡ് ആയി.. ”

 

“ആ അടി പൊളി.. ”

 

മറുപടി പറഞ്ഞു കൊണ്ട് രഞ്ജിത്ത് ജീപ്പിലേക്ക് കയറി.

 

” ഞാൻ വിട്ടേക്കുവാ അനീഷേ.. സിറ്റി ഹോസ്പിറ്റലിൽ ഒന്ന് പോണം. ഒരു ഹിറ്റ്‌ ആൻഡ് റൺ കേസ്. ഒരു പെങ്കൊച്ചിനെ കാർ ഇടിച്ചിട്ട് കടന്ന് കളഞ്ഞു. കൊച്ചിന്റെ അവസ്ഥ ഇച്ചിരി സീരിയസ് ആണ്. പോയി നോക്കട്ടെ ”

 

അനീഷിനോട് യാത്ര പറഞ്ഞു രഞ്ജിത്ത് പതിയെ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി.

 

ഹോസ്പിറ്റലിൽ എത്തുമ്പോൾ എസ് ഐ സാജനും ടീമും അവിടെ ഉണ്ടായിരുന്നു

 

“എന്തായി സാജാ എന്താ അവസ്ഥ.. ”

 

ജീപ്പിൽ നിന്നിറങ്ങി സാജന് അരികിലേക്ക് ചെന്നു രഞ്ജിത്ത്.

 

” സീൻ ആണ് സാറെ… കുട്ടി ടെ തലയ്ക്ക് നല്ല പരിക്ക് ഉണ്ട് ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ്.. ഒരു സർജറി ഉണ്ട്. അത് കഴിഞ്ഞേ എന്തും പറയാൻ പറ്റുള്ളൂ. ”

 

മറുപടി പറയുമ്പോൾ സാജന്റെ മുഖത്ത് നിരാശ നിഴലിച്ചിരുന്നു.

 

” ആരാന്ന് എന്തേലും തെളിവ്… ”

 

സംശയത്തോടെ രഞ്ജിത്ത് നോക്കുമ്പോൾ ‘ഇല്ല’ എന്ന് തലയാട്ടി സാജൻ.

 

” ഒന്നും അറിയില്ല സാർ. കൊണ്ട് വന്നപ്പോഴേ ബോധം ഇല്ലായിരുന്നു ഇപ്പോഴും അത് തന്നെ അവസ്ഥ.പാവം ”

 

ആ മറുപടി രഞ്ജിത്തിന്റെയും മുഖത്തേക്ക് വിഷമം പടർത്തി.

 

” അവിടെങ്ങും സിസിടീവി ഇല്ലാരുന്നോ ”

 

അടുത്ത ചോദ്യവുമായി വീണ്ടും സാജനെ നോക്കി രഞ്ജിത്ത്.

 

” സാറേ… ഇടിച്ച ഭാഗത്തു ക്യാമറ ഒന്നും ഇല്ല. അതൊരു ഗ്രാമ പ്രദേശം ആണ്.കുറച്ചു മുന്നിലോട്ട് ഉണ്ട്. പക്ഷെ..സാർ സംഭവം കണ്ട ഒന്ന് രണ്ട് പേര് പറയുന്നത് ഇത് മനഃപൂർവം കൊല്ലാനായി ആരോ കൊണ്ട് ഇടിച്ചതാണെന്നാ… ഈ കുട്ടിയെ ഇടിച്ചിട്ടിട്ട് വണ്ടി നിർത്തി അവൻ ഒന്ന് തിരിഞ്ഞു നോക്കിയാരുന്നെന്ന് ”

 

ആ കേട്ടത് രഞ്ജിത്തിന്റെ നെറ്റി ചുളിച്ചു.

 

” കൊല്ലാനോ.. ഈ പെൺകുട്ടിയെയോ… എന്നിട്ട് താൻ വിശദമായി കാര്യം തിരക്കിയോ.. ”

 

” ഉവ്വ് സാർ… ഒരു വൈറ്റ് കളർ സ്വിഫ്റ്റ് കാർ ആണ്. പക്ഷെ നമ്പർ ആരും ശ്രദ്ധിച്ചില്ല. ആക്‌സിഡന്റ് നടന്നത് വെയിലൂർ ഭാഗത്താണ്. അതൊരു ഗ്രാമ പ്രദേശം അല്ലേ സാർ.. സ്പോട്ടിൽ നിന്ന് രണ്ട് കിലോമീറ്ററിനിടയ്ക്ക് രണ്ട് ക്യാമറകൾ ഉണ്ട്. രണ്ടും വീടുകളിൽ ആണ്. ഞാൻ അത് ചെക്ക് ചെയ്തു.വണ്ടി പോകുന്നത് രണ്ടിലും വ്യക്തമാണ്. പക്ഷെ നമ്പറോ ഓടിച്ച ആളിനെയോ അറിയാൻ വയ്യ. പിന്നെ ആ റോഡ് ചെന്ന് നാഷണൽ ഹൈവേയിൽ കേറുവല്ലേ.. ആ ഭാഗത്ത് ആണേൽ ക്യാമറയും ഇല്ല അവിടുന്ന് ലെഫ്റ്റ് ആണോ റൈറ്റ് ആണോ പോയതെന്ന് അറിയില്ല… ഇനീപ്പോ ആ രണ്ട് വഴിക്കും പോയി ഉള്ള ക്യാമറകൾ മുഴുവൻ നോക്കണം. ”

 

സാജൻ പറഞ്ഞു നിർത്തുമ്പോൾ അല്പസമയം മൗനമായി രഞ്ജിത്ത്.

 

” സാജാ.. ലേറ്റ് ആക്കേണ്ട. നാഷണൽ ഹൈവേ കേറി രണ്ട് വശത്തേക്കും രണ്ട് ടീമിനെ സെറ്റ് ചെയ്ത് വിട്. മാക്സിമം എല്ലാ ക്യാമറകളും നോക്കണം. അവൻ എവിടേലും ഒരിടത്ത് കുടുങ്ങാതിരിക്കില്ല..”

 

“ഓക്കേ സാർ.. ഉടനെ ചെയ്യാം.. ”

 

നിർദ്ദേശം കേട്ട പാടെ സാജൻ അതിനുള്ള ഏർപ്പാടുകൾ ചെയ്തു. അപ്പോഴേക്കും നടന്നവർ ഐ സി യൂ വിന് മുന്നിൽ എത്തിയിരുന്നു. അവിടെ തളർന്നവശയായിരിക്കുന്ന രണ്ട് പേരെയാണ് ആ സമയം രഞ്ജിത്ത് ശ്രദ്ധിച്ചത്.

 

” ആ കുട്ടിയുടെ അച്ഛനും അമ്മയുമാ സർ… ഒറ്റ മോളാണ്… അവരുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ”

 

തിരികെയെത്തിയ സാജൻ പറഞ്ഞത് കേട്ട് പതിയെ തിരിഞ്ഞു അവൻ.

 

” ഈ കുട്ടിക്ക് ഇരുപത്തേഴു വയസ്സ് എന്നല്ലേ താൻ പറഞ്ഞെ.. ഈ പ്രായത്തിൽ ഒക്കെ ഉള്ള അതും വെറും നാട്ടിൻപുറത്തുകാരിയായ ഒരു കുട്ടിയെ കൊല്ലാനൊക്കെ നോക്കുന്നു ന്ന് വച്ചാൽ.. ഈ കുട്ടിക്ക് പ്രേമം എന്തേലും ഉള്ളതായി അന്യോഷിച്ചോ.. ”

 

“അന്യോഷിക്കുന്നുണ്ട് സാർ.. എനിക്കും അങ്ങനൊരു സംശയം തോന്നാതിരുന്നില്ല.. ഈ കുട്ടി വർക്ക്‌ ചെയ്യുന്നത് ഇവിടെ വെയിലൂർ ഗ്രാമ പഞ്ചായത്ത്‌ ഓഫിസിൽ ആണ്. തത്കാലിക ജോലി ആണ്. അവിടെ ഈ അടുത്ത് മണലു കടത്തൽ ടീം ചെന്ന് എന്തോ ചെറിയ ഇഷ്യൂ ഒക്കെ ഉണ്ടാക്കിയിരുന്നു അന്ന് പഞ്ചായത്ത്‌ പ്രസിഡന്റിനൊപ്പം ഈ കുട്ടിയും അതിൽ ഇടപെട്ടിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി ആ വഴിക്കെങ്ങാനും… അതും അന്യോഷിക്കുന്നുണ്ട് ”

 

ആ മറുപടി കേട്ട് പതിയെ പുറത്തേക്ക് നടന്നു രഞ്ജിത്ത്. പിന്നാലെ സാജനും.

 

” സാജാ ഇപ്പോ കിട്ടിയ ആ വിഷ്വൽസ് നമുക്ക് ഒന്നൂടെ നോക്കാം എന്തേലും ഒരു ഹിന്റ് കിട്ടോ ന്ന്.. ഇവിടിപ്പോ തത്കാലം രണ്ട് പേരെ നിർത്ത് നമുക്ക് സ്റ്റേഷനിലേക്ക് പോകാം. ”

 

” ശെരി സാർ.. ”

 

സാജൻ പതിയെ കൂടെ ഉണ്ടായിരുന്ന പോലീസുകാർക്ക് നേരെ തിരിഞ്ഞു. ആ സമയം രഞ്ജിത്ത് നടന്നു ജീപ്പിനരികിൽ എത്തി. വൈകാതെ തന്നെ സാജനും എത്തി അവർ നേരെ സ്റ്റേഷനിലേക്ക് തിരിച്ചു.

 

” കഷ്ടമാണ് സാറേ ആ കുട്ടിയുടെ അവസ്ഥ. ഒറ്റ മോളാ പഠിക്കാനൊക്കെ മിടുക്കി ആയിരുന്നു. ആ അച്ഛന്റേം അമ്മയുടെയും ഏക പ്രതീക്ഷയായിരുന്നു. പാവം രക്ഷപെട്ടാൽ മതിയായിരുന്നു ”

 

സാജന്റെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു. മറുപടിയായി ഒന്നും പറഞ്ഞില്ല രഞ്ജിത്ത്.

 

സ്റ്റേഷനിൽ എത്തിയ പാടെ വീണ്ടും സിസിടീവി വിഷ്വൽസ് ചെക്ക് ചെയ്യാൻ ആരംഭിച്ചു അവർ. ആദ്യത്തെ ക്യാമറയിൽ ആ കാറു പാഞ്ഞു പോകുന്നത് കാണാൻ പറ്റുന്നുണ്ട് പക്ഷെ സാജൻ പറഞ്ഞ പോലെ നമ്പറോ ഓടിക്കുന്ന ആളെയോ വ്യക്തമല്ല. ആ വീടിനു മുന്നിലായി ഒരു കടയുണ്ട്. ആ കടയുടെ മുന്നിൽ ഒരു പയ്യൻ ബൈക്കിൽ നിന്ന് കടക്കാരനോട് എന്തോ ചോദിക്കുന്നതും കാണാം.

 

” സാജാ ദേ ഇവരോട് തിരക്കിയോ… ”

 

രഞ്ജിത്ത് സാജന് നേരെ നോക്കി

 

” തിരക്കി സാർ.. ഈ റൂട്ട് ഒരു ഷോര്ട്ട് കട്ട് ഉണ്ട് ആ മൊട്ട മലയിലേക്ക്. ഈ പയ്യൻ അവിടേക്കുള്ള വഴി ചോദിക്കാൻ നിർത്തിയതാ. ആ കടക്കാരൻ അത് പറഞ്ഞു കൊടുക്കുകയും ആയിരുന്നു സോ രണ്ട് പേരും ആ വണ്ടി ശ്രദ്ധിച്ചില്ല.. ”

 

ആ മറുപടി നിരാശ ജനിപ്പിച്ചതോടെ അടുത്ത ക്യാമറ ദൃശ്യങ്ങകിലേക്ക് തിരിഞ്ഞു രഞ്ജിത്ത്.

രണ്ടാമത്തെ ക്യാമറയിൽ വണ്ടി പോകുന്നത് മാത്രമാണ് കാണാൻ കഴിയുന്നത് ആ വീടിന്റെ മുൻവശം അല്പം വിജനമായതിനാൽ വേറെ ആളുകളെ ഒന്നും കാണാനില്ല. ആ സ്വിഫ്റ്റ് കാർ പാഞ്ഞു പോകുന്നു പിന്നാലെ ഒരു ബൈക്കും. ഓപ്പോസിറ്റ് ആയി ഒരു ഓട്ടോയും കടന്നു പോയി. എന്നാൽ ആ നിമിഷം രഞ്ജിത്തിന്റെ മിഴികൾ ആ വീഡിയോയുടെ ഒരു ഭാഗത്ത് ഉടക്കി. പെട്ടെന്ന് വീഡിയോ റീവൈന്റ് ചെയ്ത് ആ കാറിന് പിന്നാലെ പോയ ബൈക്കിന്റെ ഭാഗത്തെത്തി സ്റ്റോപ്പ് ചെയ്‌തു അവൻ അൽപനേരം ആ ബൈക്കിലേക്ക് സൂക്ഷിച്ചു നോക്കിയ ശേഷം വീണ്ടും സാജന് നേരെ തിരിഞ്ഞു.

 

” സാജാ.. ആ കടയിൽ വഴി ചോദിക്കാൻ നിന്ന ചെക്കൻ അല്ലേ ദേ ഈ ബൈക്കിൽ പിന്നാലെ പോകുന്നത് ”

 

ആ ചോദ്യം കേട്ട് സ്ക്രീനിലേൽ സൂക്ഷിച്ചു നോക്കി സാജൻ.

 

” അതെ സാർ.. ആ പയ്യൻ തന്നെയാണ്.. ”

 

ആ മറുപടി കേട്ടതും വീണ്ടും ആദ്യത്തെ ക്യാമറ വീഡിയോയിലേക്ക് പോയി രഞ്ജിത്ത്. ആ കടയുടെ മുന്നിൽ ആ പയ്യൻ നിൽക്കുന്ന ഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചു. അവൻ ഊരി നിന്നാണ് വഴി ചോദിക്കുന്നത്. ആ മുഖം എവിടെയോ പരിചയം ഉള്ളത് പോലെ തോന്നി രഞ്ജിത്തിന്.

 

” സാജാ.. എന്റെ ഓർമ ശരിയാണെങ്കിൽ ഈ പയ്യൻ ഒരു ട്രാവൽ വ്ലോഗർ ആണ്. ഇവന്റെ ഒന്ന് രണ്ട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്… ട്രാവൽ കിങ്.. അങ്ങിനെ എന്തോ ആണ് ഇവന്റെ ഇൻസ്റ്റ ഐഡി. ”

 

അത്രയും പറഞ്ഞു തന്റെ ഫോൺ കയ്യിലേക്കെടുത്ത് ഇൻസ്റ്റഗ്രാം ഓപ്പൺ ആക്കി ആ പേര് സേർച്ച്‌ ചെയ്തു അവൻ. ഊഹം തെറ്റിയില്ല. അവൻ ഉദ്ദേശിച്ച ആള് തന്നെയായിരുന്നു ആ പയ്യൻ അതോടെ രഞ്ജിത്തിന്റെ മിഴികൾ വിടർന്നു.

 

” സാജൻ ഈ പയ്യനെ ഉടനെ കോൺടാക്ട് ചെയ്യണം എങ്ങിനെയെങ്കിലും ഇവന് ചിലപ്പോ നമ്മളെ ഹെല്പ് ചെയ്യാൻ പറ്റും ”

 

ആ വാക്കുകൾ കേട്ട് സംശയത്തോടെ അവനെ നോക്കി സാജൻ. ആ സംശയത്തിന്റെ കാരണം മനസിലാക്കി പതിയെ വിശദീകരിച്ചു രഞ്ജിത്ത്

 

” ടോ.. ദേ ഇവന്റെ റീൽസ് ഒന്ന് നോക്ക്യേ… മിക്ക ട്രാവൽ വിഡിയോസിലും റോഡിലൂടെ ബൈക്ക് ഓടിച്ചു പോണത് അവൻ ഷൂട്ട് ചെയ്തിട്ടുണ്ട്. അത് എടുത്തേക്കുന്നത് ഹെൽമറ്റ് ക്യാമറയിൽ ആണ്. അതായത് ഇവന്റെ ഹെൽമറ്റിൽ ഒരു ക്യാമറ ഉണ്ട്. അത് ഓൺ ആയിരുന്നേൽ ഉറപ്പായും തൊട്ട് മുന്നേ പോയ ആ സ്വിഫ്റ്റ് കാറിന്റെ ഡീറ്റെയിൽസ് നമുക്ക് കിട്ടിയേക്കും. മൊട്ടമല ടുറിസ്റ്റ് പ്ലേസ് അല്ലേ സോ അവിടേക്ക് ഇവൻ പോണേൽ അത് വീഡിയോ ചെയ്യാൻ ആകും അപ്പോ ഉറപ്പായും വഴി കൂടി കാണിക്കാൻ ഹെൽമറ്റ് ക്യാമറയും ഓൺ ആയിരിക്കാൻ ആണ് ചാൻസ്. താൻ വേഗം അവനെ കോൺടാക്ട് ചെയ്യ് ”

 

ആ കേട്ടത് സാജനും ഉണർവേകി.

 

” അത് പൊളിച്ചു സാറേ.. ഇങ്ങനെ ഒരു ചിന്ത എനിക്ക് പോയില്ല.. ഈ പയ്യനെയും എനിക്ക് പരിചയം ഇല്ലാലോ. എന്തായാലും ഞാൻ അവനെ എങ്ങനേലും കോൺടാക്ട് ചെയ്യാം സാറ് പറഞ്ഞത് പോലെ ആണേൽ ആ കുട്ടിയെ ദ്രോഹിച്ചവനെ നമുക്ക് എളുപ്പത്തിൽ തൂക്കാം ”

 

ആവേശത്തോടെ മുറി വിട്ട് പുറത്തേക്ക് പോയി അവൻ. ചെറിയൊരു പ്രതീക്ഷയിൽ ആ വീഡിയോസ് തന്നെ വീണ്ടും നോക്കി ഇരുന്നു രഞ്ജിത്ത്‌ .

 

*************************

 

പ്രതീക്ഷ തെറ്റിയില്ല രഞ്ജിത്ത് പറഞ്ഞത് പോലെ തന്നെ ആ വ്ലോഗറുടെ ഹെൽമറ്റിലെ ക്യാമറയിൽ കാറിന്റെ നമ്പർ പതിഞ്ഞു.

 

” സാറേ… ഇതൊരു റെന്റ് എ കാർ ആണ്. ഒരു മാത്യൂസ് ആണ് ആർ സി ഓണർ. അയാളുടേന്ന് ഒരാഴ്ച മുന്നേ ഒരു ആനന്ദ് എടുത്തതാണ് ഈ വണ്ടി. ആക്സിഡന്റ് ഉണ്ടാക്കിയതും അവനാകനാണ് സാധ്യത..പക്ഷെ ഈ പെൺകുട്ടിയുമായി അവനെ കണക്ട് ചെയ്യുന്ന ഒരു ലിങ്കും കിട്ടിയിട്ടില്ല മാത്രമല്ല അവൻ ഒരു പ്രവാസിയാണ്. രണ്ടാഴ്ചത്തെ ലീവിന് നാട്ടിലേക്ക് വന്നപ്പോ എടുത്തതാണ് ഈ കാർ”

 

സാജൻ പറഞ്ഞത് കേട്ട് വീണ്ടും ആശയകുഴപ്പത്തിലായി രഞ്ജിത്ത് അല്പസമയം ചിന്തയിലാണ്ടിരുന്നു അവൻ.

 

” സാജാ.. റെന്റ് എ കാർ ആകുമ്പോ ജി പി എസ് കാണില്ലേ. അപ്പോ ആ കാറിന്റെ കറണ്ട് ലൊക്കേഷൻ അറിയാലോ ”

 

“ട്രേഡ് ചെയ്യാൻ പറ്റും സാർ ആ വഴി നോക്കുന്നുണ്ട്. ”

 

മറുപടി പറയുമ്പോൾ തന്നെ സാജന്റെ ഫോൺ റിങ് ചെയ്തു.

 

” സാർ. ഒരു മിനിറ്റ്. ആ ആ ആനന്ദിനെ തപ്പി പോയ ടീം ആണ് വിളിക്കുന്നത് ”

 

അനുവാദം വാങ്ങി ആ കോൾ അറ്റന്റ് ചെയ്തു സാജൻ. പതിയെ പതിയെ അയാളുടെ മിഴികൾ വിടരുന്നത് ശ്രദ്ധിച്ചു രഞ്ജിത്ത്.

 

” സാർ ആളെ പൊക്കി… ആനന്ദ് അല്ല അവന്റെ അനിയൻ. ജിജോ.. അവനാ ഇന്നലെ രാവിലെ മുതൽ ഈ വണ്ടി കൊണ്ട് നടക്കുന്നത്. പിന്നെ സാർ ഊഹിച്ചത് പോലെ തന്നെ . ജിജോയെ ആ കുട്ടിയുമായി കണക്ട് ചെയ്യാനും പറ്റിയിട്ടുണ്ട്. ഇവര് തമ്മിൽ അടുപ്പത്തിലായിരുന്നു. പക്ഷെ ഇവൻ അല്പം ഡെയിഞ്ചർ ആണ്. കൃത്യമായി പറഞ്ഞാൽ ഒരു സൈക്കോ ടൈപ്പ്. അത് മനസിലാക്കിയതോടെ ഈ കുട്ടി ആ റിലേഷൻ വിട്ടു . ഇപ്പൊ അവൾക്ക് വേറെ ആലോചന വന്നു അത് ഉറപ്പിച്ചു അതിന്റെ വാശിയാണ് ഇവൻ തീർത്തത്.. മനപ്പൂർവം വണ്ടി കൊണ്ട് പോയി ഇടിച്ചതാണ് കൊല്ലാനായിട്ട് ”

സാജന്റെ വാക്കുകൾ കേട്ട് ആശ്വാസത്തോടെ പതിയെ ചെയറിലേക്ക് ചാരി രഞ്ജിത്ത്. കണക്ക് കൂട്ടലുകൾ പിഴക്കാതെ കുറ്റവാളിയിൽ എത്തിച്ചേരാൻ കഴിഞ്ഞതിൽ അവൻ സ്വയം അഭിമാനിച്ചു. അതിലുപരി ആ കുട്ടിയുടെ രക്ഷകർത്താക്കളുടെ ആ ഇരിപ്പ് അതാണ് രഞ്ജിത്തിനെ ആകെ അസ്വസ്തനാക്കിയിരുന്നത്.

 

” ഹോ.. ആ തലവേദന ഒഴിഞ്ഞു.. ”

 

അറിയാതെ പറഞ്ഞു പോയി അവൻ.

 

” സാറേ വീണ്ടും ഹാപ്പി ന്യൂസ്‌ വണ്ടി ട്രാക്ക് ചെയ്ത് ആളെ തൂക്കിയിട്ടുണ്ട്. മേവറ കൈപ്പള്ളി മുക്കിനു അടുത്തുള്ള ഒരു ലോഡ്ജിൽ നിന്ന്. രണ്ട് പൊട്ടിച്ചപ്പോ അവൻ കുറ്റം സമ്മതിച്ചു.”

 

സന്തോഷകരമായ വാർത്തകൾ ഒന്നിന് പിറകെ ഒന്നായി വന്നു.

 

” അവനെ നേരെ ഇങ്ങ് കൊണ്ട് വാ.. ഒന്ന് സൽക്കരിച്ചിട്ട് അറസ്റ്റ് റിപ്പോർട്ട്‌ ചെയ്താൽ മതി… ഇച്ചിരി പഞ്ചാര വെള്ളം കൂടി കലക്കി വച്ചേക്ക് സാജാ മധുര സൽക്കാരം ആകാം. കയ്യോടെ കൊടുത്തേക്കണം . എന്തായാലും ചേട്ടൻ എൻ ആർ ഐ ആയോണ്ട് ചിലപ്പോ ആരേലും പിടിച്ചു ഇറക്കാൻ ഉള്ള വഴി കണ്ടെത്തും. അതിനു മുന്നേ രണ്ട് പൊട്ടിച്ച് പഞ്ചസാര വെള്ളം കുടിപ്പിച്ചു സെറ്റ് ആക്കി നിർത്താം അവനെ.. ”

 

ആവേശത്തോടെ രഞ്ജിത്ത് മുഷ്ടി ചുരുട്ടവേ സാജനും ഉഷാറായി.

 

” ഇപ്പോ ശെരിയാക്കാം സാറേ.. ”

 

അവൻ വേഗത്തിൽ പുറത്തേക്ക് പോകുമ്പോൾ ആശ്വാസത്തോടെ അങ്ങിനിയിരുന്നു രഞ്ജിത്ത്.

 

***********************

 

ജിജോയുടെ കുറ്റസമ്മതത്തോടൊപ്പം തന്നെ കാറ് ഓടിച്ചത് അവനായിരുന്നു എന്ന് തെളിയിക്കാനുള്ള കുറച്ചു സിസിടീവി വിഷ്വൽസ് കൂടി സിറ്റിയിൽ നിന്നും കിട്ടി അതോടെ കേസ് സ്ട്രോങ്ങ്‌ ആയി. കാട്ടിയ ക്രൂരതയ്ക്ക് കാര്യമായി തന്നെ സത്കരിച്ചു നേരെ കോടതിയിൽ ജഹാജരാക്കി. തെളിവുകൾ സ്ട്രോങ്ങ്‌ ആയതിനാൽ തന്നെ ജാമ്യം ലഭിച്ചില്ല. ജിജോ റിമാന്റിലായി.

 

അതിനിടയിൽ ആ പെൺകുട്ടിയുടെ സർജറി കഴിഞ്ഞു അവൾ അപകട നില തരണം ചെയ്തു ന്ന് അറിഞ്ഞപ്പോ തന്നെ രഞ്ജിത്തിനും ആശ്വാസമായി. ബോധം തെളിഞ്ഞ പാടെ അവൾ ജിജോയുടെ പേരും പറഞ്ഞിരുന്നു. ഇതിനിടയിൽ ഏതോ ലോക്കൽ ചാനലുകാർ അപകടം നടന്നു പിറ്റേന്ന് തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത പോലീസിന്റെ ക്രിയാത്മകതയെ പുകഴ്ത്തി വാർത്ത കൊടുത്തു. ആ വാർത്ത വൈറൽ ആയി. അതോടെ സി ഐ രഞ്ജിത്തിന്റെ കീഴിലുള്ള ടീം മുഖ്യമന്ത്രിയുടെ വരെ പ്രശംസയും ഏറ്റു വാങ്ങി. അധികം വൈകാതെ തന്നെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ആ കുട്ടി വീട്ടിലേക്ക് പോയി. പുറത്തിറങ്ങിയാൽ കുട്ടിയെ വീടും അപകടപ്പെടുത്തുമെന്ന വാദം നില നിന്നത് കൊണ്ട് തന്നെ ജിജോയുടെ ജാമ്യാപേക്ഷ തള്ളി ഡിമാൻഡ് വീണ്ടും നീട്ടി.

 

“ജയിലിലെ കൊമ്പന്മാർക്കൊപ്പം അല്ലേ അവൻ ഇപ്പോൾ അവര് നെയ്യെടുത്ത് വിട്ടോളും.. ഇനി ഈ പണിക്ക് നിൽക്കാൻ അവൻ സാഹസം കാട്ടില്ല ”

 

ജാമ്യം നിഷേധിച്ച വിവരം അറിഞ്ഞപ്പോൾ രഞ്ജിത്ത് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു

 

(ശുഭം )

 

പ്രജിത്ത്‌ സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *