(രചന: ശ്രീജിത്ത് ഇരവിൽ)
ഗ്രാമത്തിലെ ആരുടെ സന്തതിയാണ് ഞാനെന്ന് അറിയില്ല. മറഞ്ഞിരിക്കുന്ന ആ മനുഷ്യനും, പ്രസവത്തിൽ മരിച്ച അമ്മയ്ക്കും അല്ലാതെ ഈ വിഷയം ആർക്കുമൊട്ട് അറിയുകയുമില്ല. വീർത്ത വയറിന്റെ കാരണക്കാരൻ ആരായെന്ന് ആര് ചോദിച്ചിട്ടും അമ്മ പറഞ്ഞില്ലായെന്നാണ് അറിവ്. അതുകൊണ്ട് തന്നെ, സ്നേഹം കാണിക്കുന്ന മധ്യവയസ്കരായ പുരുഷന്മാരെയെല്ലാം ബാല്യത്തിൽ ഞാൻ സംശയിക്കാറുണ്ടായിരുന്നൂ…
കിളിർത്തതേ ഉള്ളൂവെങ്കിലും പതിനേഴാമത്തെ പ്രായത്തിൽ മീശക്ക് കട്ടി വന്നുവെന്ന് എനിക്ക് തോന്നി. ആ നാളുകളിൽ എപ്പോഴോ, ആകെയുണ്ടായിരുന്ന അമ്മൂമ്മയോട് പോലും പറയാതെ നാട്ടിൽ നിന്ന് ഞാൻ നഗരത്തിലേക്ക് ട്രെയിൻ കയറി. എന്തിനെന്ന് ചോദിച്ചാൽ, തന്തയില്ലാത്തവനെന്ന പരിഹാസം കേട്ട് മതിയായെന്നേ പറയാനുള്ളൂ…
പിറവിയിൽ സംശയിക്കേണ്ടി വരുന്നവരോട് മനുഷ്യർക്കുള്ള മനോഭാവം കൃത്യമായിട്ട് ഞാൻ മനസിലാക്കിയിട്ടുണ്ട്. എന്റെ തലവട്ടം കണ്ടാൽ തന്നെ ഇക്കിളി പടം കണ്ടത് പോലെയൊരു ചിരി പടർത്തുന്നവരെയൊന്നും ഇനിയുള്ള ജീവിതത്തിൽ കാണേണ്ടല്ലോയെന്ന ആശ്വാസം ചെറുതായിരുന്നില്ല. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത ചില ബന്ധുക്കളൊക്കെ അമ്മൂമ്മയ്ക്ക് ആശ്രയമായി ഉണ്ടല്ലോയെന്ന ചിന്തയും ആ ചലനമാറ്റത്തിൽ ഉണ്ടായിരുന്നു. പിന്നീടുള്ള തോന്നലുകളിലെല്ലാം, കൂടെയുള്ള യാത്രക്കാരിൽ ആരെങ്കിലും അച്ഛൻ ആരാണെന്ന് അറിയാത്തവർ ഉണ്ടോയെന്ന സംശയമായിരുന്നൂ…
എന്നെ സ്വാഗതം ചെയ്യാൻ വെമ്പി നിൽക്കുന്നത് പോലെയായിരുന്നു നഗരത്തിലെ ബഹളം. നിഗൂഢ സാഹചര്യത്തിൽ കണ്ടെന്നും പറഞ്ഞ് രണ്ടാമത്തെ നാൾ തന്നെ എന്നെ പോലീസ് പിടിച്ചു. ആദ്യത്തെ അനുഭവമായിരുന്നുവത്. ജീവിതം തന്നെ മാറ്റിക്കളഞ്ഞ സാഹചര്യമായിരുന്നുവത്.
‘നിന്റെ പേരെന്താണ്..?
ഐഡി കാർഡ് തന്നേ…?’
”അപ്പൂ…”
ഞാനത് പറഞ്ഞപ്പോഴേക്കും എന്റെ ചെക്കിടത്ത് തന്നെയൊന്ന് കിട്ടി. പേര് പറയുമ്പോൾ ചിരിച്ചെന്നായിരുന്നു കാരണം. ഇനി ഐഡി കാർഡും കൂടി ഇല്ലെന്ന് അറിഞ്ഞാൽ പോലീസുകാർ എന്നെ കൊല്ലുമോയെന്ന് വരെ തോന്നി. തലയിൽ ആകെയൊരു മൂളക്കം കേൾക്കുകയാണ്. അടി കിട്ടിയ കവിളിൽ കൈവെച്ച് ഞാൻ മിണ്ടാതെ തല കുനിച്ച് നിന്നു.
അപ്പൂവെന്ന പേര് ആരാണ് തന്നതെന്നൊന്നും എനിക്ക് അറിയില്ല. അയലത്തെ പെണ്ണുങ്ങളിൽ നിന്ന് ആരോ വിളിച്ച് തുടങ്ങിയതാണെന്നാണ് അമ്മൂമ്മ പറഞ്ഞത്. സ്കൂളിൽ ചേർത്തതും ആ പേരിലായിരുന്നു.
‘നിന്റെ വീട് എവിടെയാണ്…
അച്ഛന്റെ പേര്…?’
മീശയ്ക്ക് കട്ടി വന്നുവെന്ന് തോന്നിയതൊക്കെ വെറുതേയായിരുന്നു. ആ ചോദ്യത്തിൽ ഞാൻ കരഞ്ഞ് പോയി. അപ്പോഴേക്കും തോളിൽ രണ്ട് നക്ഷത്രമുള്ളയൊരു സാറ് വന്നു. അതിന് ശേഷമാണ് മര്യാദയ്ക്ക് ഞാനൊന്ന് ശ്വസിക്കുന്നത്. എന്നെ അടിച്ച പോലീസുകാരനോട് അദ്ദേഹം ഒച്ചത്തിലാണ് സംസാരിച്ചത്. ശേഷം, അടികൊണ്ട് കരിവാളിച്ച എന്റെ കവിളിൽ തലോടി. തുടർന്നാണ് കാര്യങ്ങളൊക്കെ ആ മനുഷ്യൻ ചോദിച്ചറിഞ്ഞത്.
ആശുപത്രിയില് പോകണോയെന്ന് എന്നോട് ചോദിച്ചു. വേണ്ടായെന്ന് പറഞ്ഞ് ഞാൻ കൈ കൂപ്പി. എന്നിട്ടും അദ്ദേഹം എന്നെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ നിന്ന് പോകുകയായിരുന്നു…
ജീവിതത്തിന്റെ രണ്ടാം ഭാഗം അവിടെ നിന്ന് തുടങ്ങി. തന്റെ ക്വാർട്ടേഴ്സിൽ തനിക്കൊരു സഹായിയായിഅദ്ദേഹം എനിക്ക് ഇടം തന്നു. അഞ്ചാം ക്ലാസ്സുവരെ മാത്രമേ പോയിട്ടുള്ളൂവെന്ന് അറിഞ്ഞപ്പോൾ പഠിക്കാനുള്ള സൗകര്യം ചെയ്ത് തന്നു. ട്യൂഷനും, പുതിയ ജീവിത രീതികളുമായി വർഷങ്ങൾ നാല്ലെണ്ണം കഴിഞ്ഞപ്പോൾ കോളേജിൽ ചേരാനുള്ള യോഗ്യതയിലേക്ക് ഞാൻ എത്തിച്ചേർന്നു.
ചുരുക്കി പറഞ്ഞാൽ കെയർ ഓഫ് എന്ന് എഴുതാൻ ഒരു പോലീസുകാരനെ കിട്ടിയപ്പോൾ അപ്പൂവെന്ന തന്തയില്ലാത്തവൻ അർജുനിലേക്ക് മാറിയിരിക്കുന്നു. രേഖകൾ അങ്ങനെ പറയുമെങ്കിലും എന്റെ മുഖത്തിന് വലിയ മാറ്റമുണ്ടെന്ന് എനിക്ക് തോന്നിയില്ല. പേരിനൊപ്പം മാറ്റാൻ സാധിക്കുന്നതല്ലല്ലോ ഒരു പ്രാണന്റെ കഴിഞ്ഞ കാല അസ്ഥി. ആ ഭൂതത്തിന് കുത്ത് വാക്കുകളുടെ കൊമ്പുകൾ കൂടിയുണ്ടെങ്കിൽ പിന്നെ പറയാനുണ്ടോ…
‘ഇനിയെന്താ നിനക്ക് പഠിക്കേണ്ടത്?ആരാകാനാ നിന്റെ ആഗ്രഹം..?’
ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചതാണ്. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. എന്ത് പഠിച്ചാലും, ആരായാലും, അച്ഛൻ ആരാണെന്ന ചോദ്യം ആയുസ്സിന്റെ ഓരോ ഇടവഴിയിൽ നിന്നും എന്നെ തിരിഞ്ഞ് കൊത്തുമെന്ന് ഞാൻ അറിയുന്നു. അതുകൊണ്ടായിരിക്കണം നിന്റെ ആഗ്രഹമെന്താണെന്ന് വീണ്ടും ചോദിച്ച അദ്ദേഹത്തിനോട് ഞാനത് പറഞ്ഞത്.
‘സാറെ… എനിക്കെന്റെ അച്ഛൻ ആരാണെന്ന് അറിയണം…’
അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. അതൊക്കെ സിമ്പിളായി നമുക്ക് കണ്ടെത്താമെന്നും പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. അമ്മയ്ക്ക് മാത്രമായി അറിയുന്ന ആ രഹസ്യം എങ്ങനെ കണ്ടെത്താനാണ്! അതിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു.
‘അതൊക്കെ കണ്ടെത്താടാ… ആദ്യം നിന്റെ അമ്മയെക്കുറിച്ച് അറിയണം… ശേഷം സംശയമുള്ളവരെയെല്ലാം ചേർത്ത് നമുക്കൊരു ഡി.എൻ.എ ടെസ്റ്റ് നടത്താം. ചില റിസ്ക്കുണ്ട്.. എന്നാലും സാരമില്ല..’
ശരിയാണ്. പഠിച്ചതായി ഓർക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും ജനിതക വിവരങ്ങൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ന്യൂക്ലിക് അമ്ലമാണ് ഡിയോക്സി റൈബോ ന്യുക്ലിക്ക് ആസിഡ് അതായത് ഡിഎൻഎ.
എനിക്ക് സന്തോഷം തോന്നി. അച്ഛനെ കണ്ടെത്താൻ പറ്റുമെന്ന പ്രതീക്ഷയും വന്നു. അത് കെടുത്താൻ എന്നോണമാണ് അദ്ദേഹമൊരു കാര്യം പറഞ്ഞത്. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ആ ചോദ്യം പലയാവർത്തി എന്റെ തലയിൽ മുഴങ്ങി.
‘നിന്റെ അച്ഛനെ കണ്ടുപിടിച്ചിട്ട്, എന്ത് കാട്ടാനാണ്…?’
ശരിയാണ്. അമ്മയെയോ, എന്നെയോ വേണ്ടാത്ത ഒരാളെ കണ്ടെത്തിയിട്ട് എന്ത് കാര്യമാണുള്ളത്! അച്ഛൻ ആരാണെന്ന് അറിയേണ്ടായെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ആ നേരം തന്റെ കസേരയുമായി എന്റെ അടുത്തേക്ക് നിരങ്ങി.
‘കാര്യമായിട്ട് ചോദിച്ചതാണ്. അച്ഛനെ കണ്ടെത്തിയെന്ന് തന്നെ കരുതിക്കൊള്ളൂ… അയാളോട് നീയെന്ത് പറയും…? എന്ത് ചോദിക്കും…?’
ചോദ്യം അത്രയും അടുത്ത് നിന്നായത് കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം ഞാൻ കാണുന്നുണ്ട്. കാഴ്ച്ചയിൽ നനവ് നിറയുന്നുമുണ്ട്. എനിക്ക് ഉത്തരമില്ലെന്ന് കണ്ടപ്പോൾ ആ മനുഷ്യൻ നിരാശ പ്രകടിപ്പിക്കുകയാണ്. എന്താണ് ചോദിക്കേണ്ടതെന്ന് സാറ് പറയൂയെന്ന് പറഞ്ഞ് ഞാൻ കണ്ണുകൾ തുടച്ചു. അപ്പോൾ അദ്ദേഹമൊരു ഉന്മാദിയെ പോലെ ചിരിക്കുകയായിരുന്നു…
‘എനിക്ക് അറിയില്ലെന്റെ മോനേ…’
എന്നും പറഞ്ഞ് എന്റെ ആ രക്ഷിതാവ് എഴുന്നേറ്റ് പോയി. പലപ്പോഴും അറിയാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി കിട്ടാത്തയൊരു ചോദ്യവുമായി അദ്ദേഹത്തെ പിന്തുടരാനായിരുന്നു അപ്പൊഴെനിക്ക് തോന്നിയത്.
‘സാറിന്റെ അച്ഛനും അമ്മയും.?
അറിയാനുള്ള എന്റെ കൗതുകം കണ്ടിട്ടായിരിക്കണം അദ്ദേഹം വീണ്ടും ചിരിച്ചത്. നിന്നെപ്പോലെ അതൊന്നും അറിയാൻ എനിക്ക് തോന്നിയിട്ടില്ലായെന്ന് പറഞ്ഞ് ആ മനുഷ്യൻ എന്റെ തലയിൽ വെറുതേ തലോടി. ആ നിമിഷം സാറിനെ ഞാൻ കെട്ടിപ്പിടിച്ചു. കണ്ണുകൾ നിർത്താതെ ഒഴുകുകയായിരുന്നു. എന്തിനെന്ന് പോലും അറിയാത്ത ആ കുത്തൊഴുക്കിൽ അച്ഛൻ ആരാണെന്ന് അറിയാനുള്ള ചോദ്യവും ഒലിച്ചുപോയി.
ഓരോ ജന്മവും മഹത്തരമാണ്. കണ്ണ് കീറും മുമ്പേ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർ പോലും മാതൃകാപരമായി ജീവിക്കുന്ന ഈ ഭൂമിയിലെ എന്നെ ഓർത്ത് എനിക്ക് ലജ്ജ തോന്നുന്നു. പോയ കാലത്തിൽ കുടുങ്ങി കിടക്കുന്നവർക്ക് ഉള്ളതല്ല ലോകമെന്ന് തോന്നുകയാണ്. അറിഞ്ഞ് വെച്ചതുകൊണ്ട് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങൾക്ക് പിറകേ പോകുന്നതിലെ മണ്ടത്തരം കൃത്യമായി ഞാൻ അറിയുന്നു. ഇനിയെന്താണ് പഠിക്കേണ്ടതെന്നും, ആരാണ് ആകേണ്ടതെന്നും, ആ ബോധത്തിൽ വ്യക്തമായി എനിക്ക് മനസ്സിലായി. അദ്ദേഹത്തോട് ഞാനത് സ്പഷ്ടമായി പറയുകയും ചെയ്തു.
‘എനിക്ക് പഠിക്കണം സാറെ… പഠിച്ച് സാറിനെപ്പോലെയൊരു പോലീസുകാരനാകണം…!!!’
ശ്രീജിത്ത് ഇരവിൽ