കിടക്കയിൽ മൂത്രമൊഴിക്കുകയോ….? അതും പത്തിരുപത്തിയഞ്ച് വയസ്സായ പെൺക്കുട്ടി… അയ്യേ…ചെ… ! നിശ്ചയം കൂടാൻ വന്നവർക്കിടയിൽ….

“കിടക്കയിൽ മൂത്രമൊഴിക്കുകയോ….?
അതും പത്തിരുപത്തിയഞ്ച് വയസ്സായ പെൺക്കുട്ടി… അയ്യേ…ചെ… !

നിശ്ചയം കൂടാൻ വന്നവർക്കിടയിൽ നിന്നൊരു കാർന്നോരെഴുന്നേറ്റു നിന്നുറക്കെ ചോദിച്ചതും അവിടെ നിശ്ചയത്തിനെത്തി കൂടിയവരുടെയെല്ലാം ശ്രദ്ധ ആ കാർന്നോരിലേക്ക് മാത്രമായ് ചുരുങ്ങി….

“നിങ്ങളിത് എന്തൊക്കെ അനാവശ്യമാണ് ചേട്ടാ വിളിച്ചു പറയുന്നത്….?
ഇവിടേതു പെൺകുട്ടിയാണ് പത്തിരുപത്തിയഞ്ച് വയസ്സായിട്ടും കിടക്ക പായിൽ മൂത്രമൊഴിക്കുന്നതെന്ന് ഒന്നു പറഞ്ഞു താ നിങ്ങൾ… ഇതേ എന്റെ തറവാടാണ്…. ഇവിടെ ഉള്ളതെന്റെ രണ്ട് പെൺ മക്കളും…
അവരിലൊരാളെ പറ്റിയാണ് നിങ്ങളിപ്പോഴിത് പറഞ്ഞത്… സത്യം എനിയ്ക്കറിയണം….

നിശ്ചയ സദസ്സിൽ പെൺ വീട്ടുകാരുടെ ഭാഗത്തിരുന്ന രാഘവൻ പെട്ടന്നെഴുന്നേറ്റു നിന്ന് ആ കാർന്നോരുടെ നേരെ തിരിഞ്ഞു ചോദിച്ചതും ആരെയും കൂസലില്ലാത്തൊരു കല്ലിച്ച ഭാവത്തോടെ കാർന്നോരുടെ നോട്ടം ചെന്നു വീണത് രാഘവന്റെ ഭാര്യ രമണിയിലാണ്…

“രാഘവാ…..ഇത് നിന്റെ വീടും ഇവിടെയുള്ളത് നിന്റെ മക്കളുമാണന്നല്ലേ നീ ഇപ്പോൾ പറഞ്ഞത്… എന്നിട്ട് നിന്റെ മൂത്ത മകൾക്ക് ഇങ്ങനൊരു സൂകേട് ഉള്ളത് നീയറിഞ്ഞില്ലായിന്നോ…?

“എന്തായാലും ഇതിപ്പോ നിശ്ചയം നടക്കുന്നതിനു മുമ്പ് തന്നെ അറിഞ്ഞതു നന്നായ്… ഞങ്ങളീ ബന്ധത്തിൽ നിന്നൊഴിയുകയാണ് രാഘവാ….

കാർന്നോർക്ക് പുറകെ സദസ്സിൽ നിന്നെഴുന്നേറ്റ് വരന്റെ അച്ഛനുറക്കെ പറഞ്ഞതും നിന്നിടത്തു നിന്നൊന്ന് ചലിക്കാൻ പോലും കഴിയാതെ തരിച്ചുനിന്ന രാഘവന്റെ നോട്ടം ആൾക്കൂട്ടത്തിനിടയിൽ നിന്ന് തന്നെ ഭയപ്പാടോടെ നോക്കുന്ന ഭാര്യ രമണിയിലെത്തി…

രാഘവന്റെ മാത്രമല്ല അപ്പോഴവിടെ ഉണ്ടായിരുന്നവരിലേറെ പേരുടെ നോട്ടവും രമണിയിലേക്കാണ്…

സ്വന്തം മകളുടെ വിവാഹ നിശ്ചയത്തിന്റെ അന്ന് അമ്മ വിളിച്ചു പറഞ്ഞ കാര്യങ്ങളിൽ കുടുങ്ങിയൊരു പെൺക്കുട്ടിയുടെ കല്യാണം ഇല്ലാതെയാവുക….. അതിലും അപ്പുറം വിളിച്ചു പറഞ്ഞ കാര്യമോ പത്തിരുപത്തിയഞ്ചു വയസ്സുള്ള പെൺകുട്ടി ഈ പ്രായത്തിലും രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിയ്ക്കും എന്ന്….

“എന്റെ മോളെ പറ്റി ഇല്ലാ വചനം വിളിച്ചു പറഞ്ഞതിന്റെ ജീവിതം തുലയ്ക്കാൻ നോക്കുന്നോടി ഒരുമ്പെട്ടവളേ നീ…?

തന്നെ ഭയത്തോടെ നോക്കുന്ന രമണിയുടെ അടുത്തേയ്ക്കെത്തി അവരുടെ കഴുത്തിൽ കൈകൾ മുറുകിയാണ് രാഘവന്റെ ആ ചോദ്യം….

“ഞാൻ പറഞ്ഞതെല്ലാം സത്യമാണ്… നമ്മുടെ അമ്പിളിമോൾക്ക് അങ്ങനെയൊരസുഖമുണ്ട് രാഘവേട്ടാ….
അവള് വയസ്സറിയിച്ച് കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതലുണ്ട് അവൾക്കിത്… നിങ്ങളോട് പറയണ്ട എന്ന് പറഞ്ഞ് മോളെന്റെ കാലു പിടിച്ച് കരഞ്ഞുപറഞ്ഞതുകൊണ്ടാണ് ഞാനിത് നിങ്ങളോട് മറച്ചുവെച്ചത്….

രാഘവന്റെ കയ്യിൽ നിന്ന് പിടഞ്ഞുമാറാൻ നോക്കി രമണി കരഞ്ഞുറക്കെ പറഞ്ഞതും അവരിൽ നിന്നയാളുടെ കൈകൾ താനെ അയഞ്ഞു….

“എന്തൊക്കെയാണ് രമണീ നിങ്ങളീ വിളിച്ചു പറയുന്നത്…?
അതൊരു പെൺക്കുട്ടിയാണ് ..അതിനൊരു ഭാവി ജീവിതമുണ്ട്… അതു മറന്നിതു പോലെ കള്ളങ്ങൾ വിളിച്ചു പറയരുത്….”

എല്ലാവരുടെയും നോട്ടം രമണിയിൽ തന്നെ തറഞ്ഞു നിന്നതും കൂട്ടത്തിലൽപം പ്രായമുള്ളൊരു ചേച്ചി അവർക്കടുത്ത് വന്ന് നിന്ന് ശബ്ദം താഴ്ത്തിയൊരു ഉപദേശമെന്നോണം പറഞ്ഞതും പൊട്ടി കരഞ്ഞാ നിലത്ത് പടിഞ്ഞിരുന്നു രമണി…

“എന്റെ കുഞ്ഞിന്റെ ജീവിതം ഓർത്തു തന്നെയാണ് ലേഖചേച്ചി ഞാനിത് ഇത്രനാളും ആരോടും പറയാതെ മറച്ചുവെച്ചത്… പക്ഷെ അങ്ങനെ കള്ളങ്ങൾ മറച്ചു വെച്ച് നടത്തേണ്ട ഒന്നല്ലല്ലോ കല്യാണം എന്നു തോന്നിയതുകൊണ്ടാണ് ഞാനീ കാര്യം രഹസ്യമായ് ചെക്കന്റെ അമ്മാവനെ അറിയിച്ചത്… അതിങ്ങനെയെല്ലാം ആയി തീരുമെന്ന് സത്യമായും ഞാൻ കരുതിയില്ല ചേച്ചീ… അയ്യോ… എന്റെ കുഞ്ഞിന്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചേ….

നിലത്തിരുന്ന് നെഞ്ചത്തടിച്ച് രമണി ആർത്തു കരഞ്ഞു…..

“നിങ്ങളെന്താണ് രമണീ പിന്നെ കരുതിയത്….? ഇങ്ങനെയൊരു കാര്യം ഭാവി മരുമകളെ പറ്റി വിവാഹത്തിന് മുമ്പ് പെണ്ണിന്റെ അമ്മ തന്നെ പറഞ്ഞു കേട്ടിട്ടും ഞങ്ങളവളെ ഞങ്ങളുടെ മകന്റെ ഭാര്യയാക്കുമെന്നോ….? അറിഞ്ഞു വെച്ചോണ്ട് ഞങ്ങളുടെ കുഞ്ഞിന്റെ ജീവിതം ഞങ്ങളെങ്ങനെയാണ് രമണി കളയുക….?

നിശ്ചയത്തിനൊരുങ്ങി വന്ന ചെക്കന്റെ അമ്മ രമണിയ്ക്കരികിൽ വന്നു നിന്നവരോടു ചോദിച്ചതും ഒന്നുക്കൂടി ഒച്ചയിൽ ആർത്തു കരഞ്ഞു രമണി…

ഞങ്ങള് പിന്മാറുകയാണ് ഈ വിവാഹ നിശ്ചയത്തിൽ നിന്ന്….

വരന്റെ അച്ഛനും അമ്മാവനും അവിടെ കൂടി നിന്നവരെയെല്ലാം നോക്കി പറഞ്ഞു കൈകൂപ്പിയതും ശക്തമായൊരു ഏങ്ങലടി ഉയർന്നു രമണിയിൽ നിന്ന്

അച്ഛാ… എനിയ്ക്ക് അമ്പിളിയെ ഒന്നു കാണണം…..

വന്നവരെല്ലാം മടങ്ങി പോവാനൊരുങ്ങിയതും അത്ര നേരം ഇതെല്ലാം കേട്ടു നിശബ്ദനായ് നിന്നിരുന്ന വരൻ റോഷൻ അച്ഛനും കൂടെയുള്ളവരും കേൾക്കാൻ പാകം ശബ്ദമുയർത്തി പറഞ്ഞതും ബഹളങ്ങൾ നിറഞ്ഞ വിവാഹ നിശ്ചയവേദി ഒരില വീണാൽ കേൾക്കും വിധം നിശബ്ദമായ് പെട്ടന്ന്…

അമ്മുമോളെ കുഞ്ഞേച്ചിയെ ഒന്നിങ്ങോട്ട് വിളിയ്ക്ക്….

തന്നെ ചോദ്യഭാവത്തിൽ നോക്കുന്നവരെയെല്ലാം കണ്ടില്ലെന്ന് ഭാവിച്ച് ആൾക്കൂട്ടത്തിനിനിടയിൽ നിന്നൊരു പെൺക്കുട്ടിയെ കൈകാട്ടി വിളിച്ച് പറഞ്ഞു റോഷൻ …..

അവനുമായ് നിശ്ചയം നടത്താൻ തീരുമാനിച്ച അമ്പിളിയുടെ അനിയത്തിയാണ് അമ്മു.

റോഷൻ പറഞ്ഞതും തന്നെ നോക്കി നിൽക്കുന്ന അച്ഛനെയും മറ്റു ബന്ധുക്കളെയും ഒന്നു നോക്കി അമ്മു വേഗം വീടിനകത്തേയ്ക്ക് ഓടി….

അവളോടി പോയ വഴിയിലേക്ക് കണ്ണുനട്ട റോഷൻ കണ്ടു അമ്മുവിനൊപ്പം തലക്കുനിച്ച് മെല്ലെ പുറത്തേയ്ക്കു വരുന്നൊരുവളെ…

ആരെയും മുഖമുയർത്തി നോക്കാൻ കഴിയാതെ നാണംക്കെട്ട് തല താഴ്ത്തി നിൽക്കുന്നവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

ആഭരണങ്ങളും ചമയങ്ങളുമില്ലാതെ വെറുമൊരു സെറ്റുസാരിയിൽ തന്നെ അതിസുന്ദരിയായ് മുന്നിൽ വന്നു നിൽക്കുന്ന പെണ്ണിലാണ് എല്ലാവരുടെയും കണ്ണുകൾ….

അമ്പിളികലപോലെ തന്നെ തിളങ്ങുന്നൊരുത്തി…..

അമ്പിളീ….

റോഷൻ വിളിച്ചതും അവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്ന ഗൗരവമറിഞ്ഞെന്ന പോലെ ഞെട്ടിയവനെ നോക്കി അമ്പിളി….

“അമ്പിളീ നിന്നെ കണ്ടിഷ്ടമായതുകൊണ്ട് നിന്റെ ഈ വീട്ടിൽ വന്ന് നിന്നെ കല്യാണം ആലോചിച്ചവനാണ് ഞാൻ… ഇന്നിതാ ഇപ്പോൾ ഇവിടെ നടക്കേണ്ടിയിരുന്നത് നമ്മുടെ വിവാഹ മുറപ്പിക്കലും മോതിരകൈമാറ്റവും ആയിരുന്നു…

“നിന്നെ പറ്റി നിന്റെ അമ്മ ആദ്യം എന്റെ അമ്മാവനോടും പിന്നെ അല്പം മുമ്പീ ആളുകൾ മുഴുവനും കേൾക്കെയും പറഞ്ഞൊരു കാര്യം കൊണ്ട് നടക്കാനിരുന്ന നിശ്ചയം വേണ്ടെന്നു വെച്ച് ഈ കല്യാണമേ വേണ്ടെന്നു പറഞ്ഞ് ഇവിടെ നിന്നിപ്പോൾ ഇറങ്ങുകയാണ് ഞാനും എന്റെ വീട്ടുകാരും….

“അതിനു മുമ്പ് ഒരൊറ്റ ചോദ്യം മാത്രമേ എനിയ്ക്ക് നിന്നോട് ചോദിക്കാനുള്ളു… ”

ഗൗരവത്തിൽ പൊതിഞ്ഞൊരു ശാന്തതയോടെ റോഷൻ പറഞ്ഞു നിർത്തുമ്പോൾ എന്താണവന് തന്നോടു ചോദിക്കാനുള്ളതെന്ന ചോദ്യം അമ്പിളിയുടെ ഉള്ളിലൊരു വിറയലോടെ നിറഞ്ഞു നിന്നു….

“ഈ വിവാഹനിശ്ചയം വേണ്ടെന്നു വെയ്ക്കുകയാണ് ഞാൻ ,പകരം ഇപ്പോ ഈ നിമിഷം ഇവിടെയീ കൂടിയവരെ സാക്ഷിനിർത്തി ഞാനൊരു താലി നിന്റെ കഴുത്തിൽ കെട്ടാനൊരുക്കമാണ്… എന്റെ ഭാര്യയായ് എന്റെ കൂടെ കൂട്ടുകയാണ് നിന്നെ ഞാൻ…. എന്തെങ്കിലും എതിർപ്പോ സമ്മതയ്ക്കുറവോ ഉണ്ടോ നിനക്ക്….?

അമ്പിളിയുടെ മുഖം തന്റെചൂണ്ടുവിരലാൽ ഉയർത്തി അവളുടെ കണ്ണിലേക്ക് തന്റെ നോട്ടം കൊരുത്ത് റോഷൻ ചോദിച്ചതു കേട്ട് അമ്പിളിയെക്കാൾ പകച്ചത് അവിടെ കൂടിയവരാണ്….

“റോഷാ…. മോനെ നീ എന്താണ് ഈ പറയുന്നത്…?
ഇതൊന്നും ശരിയാവില്ലെടാ…”

റോഷന്റെ അമ്മാവൻമാരിലൊരാൾ അവനുമുമ്പിലേക്കു വന്നു ചോദിച്ചതും റോഷൻ തന്റെ അച്ഛനെ ഒന്നു നോക്കി..

“അളിയാ… അവന്റെ ജീവിതമാണ്… അവനെടുക്കട്ടെ തീരുമാനം….”

തങ്ങൾക്കൊപ്പം വന്നവരെയെല്ലാം ഒന്നു നോക്കി റോഷന്റെ അച്ഛൻ അമ്മാവനോടു പറഞ്ഞതും അതനുസരിച്ചെന്ന പോൽ നിശബ്ദരായവരെല്ലാം…

അമ്പിളിയൊരു മറുപടി തന്നില്ല…..

ചുറ്റുംകൂടി നിൽകുന്നവർ മുറുമുറുപ്പ് തുടങ്ങും മുമ്പ് ഒരു തീരുമാനമെടുക്കാനുറച്ച് റോഷൻ വീണ്ടും ചോദിച്ചതും അവനൊട്ടും പ്രതീക്ഷിക്കാത്ത വേഗത്തിൽ അവർക്കടുത്തേയ്ക്ക് പാഞ്ഞെത്തി രാഘവനും രമണിയും…..

അതെങ്ങനെ ശരിയാവും റോഷാ.. നിന്റെ വീട്ടുകാർ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞത് നീ കേട്ടില്ലേ….?
പിന്നെങ്ങനെ ഇവളെ നീ നിന്റെ ഭാര്യയാക്കും….?

വെപ്രാളവും പരിഭ്രമവും ഒരു പോലെ നിറഞ്ഞൊരു ശബ്ദത്തിൽ രമണി ചോദിയക്കുന്നത് കേട്ടതും അവിടെ നിന്നവരുടെ നോട്ടം അവരിൽ മാത്രമായ്…

“എന്റെ ജീവിതമാണ്, എന്റെ തീരുമാനമാണ് പ്രധാനമെന്ന് എന്റെ അച്ഛൻ പറഞ്ഞതപ്പോൾ നിങ്ങൾ കേട്ടില്ലേ….?

റോഷൻ തിരിച്ചങ്ങോട്ട് ചോദിച്ചതും ഉത്തരം മുട്ടി നിന്നു രമണി

“അല്ല മോനെ ശരിയ്ക്കും ഒന്നാലോചിക്ക് മോൻ…. ഇപ്പോ ഈ കാണിയ്ക്കുന്ന ആവേശവും ഇഷ്ടവുമൊന്നും ഇവളെ കെട്ടിയാൽ മോനുണ്ടാവില്ല….. കൂടെ കിടന്നുറങ്ങുന്നവൾ ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുക എന്നൊക്കെ പറഞ്ഞാൽ മോനതൊന്ന് ചിന്തിച്ചു നോക്ക്…. ”

റോഷനടുത്തേയ്ക്ക് നീങ്ങി നിന്ന് മറ്റാരും കേൾക്കരുതെന്ന ഉദ്ദേശത്തോടെ ശബ്ദം താഴ്ത്തി രാഘവൻ ചോദിയ്ക്കുമ്പോൾ അയാളുടെ കണ്ണിലേക്ക് സൂക്ഷിച്ചൊന്ന് നോക്കിയവൻ

“നിങ്ങളുടെ മകളെ ഞാൻ കെട്ടുന്നതിനെക്കാളിപ്പോ നിങ്ങൾക്കാവശ്യം ഞാനവളെ ഉപേക്ഷിച്ചു പോവുന്നതാണല്ലോ…. അതെന്താ അങ്ങനെ….?

എല്ലാവരും കേൾക്കും വിധം ഉച്ചത്തിൽ റോഷൻ ചോദിച്ചതും വിളറി വെളുത്തുരമണിയും രാഘവനും….

“അമ്പിളി നിന്റെ ജീവിതമാണ്… നമ്മുടെ ജീവിതമാണ്… ഒരു തീരുമാനം ഇപ്പോ പറയണം നീ…. ”

അമ്പിളിയ്ക്ക് അടുത്തുചെന്ന് റോഷൻ ചോദിച്ചതും അമ്മു തന്റെ ചേച്ചിയുടെ കയ്യിൽ അമർത്തിയൊന്ന് ഞെരിച്ചു….

എനിയ്ക്ക് സമ്മതമാണ്… വിവാഹത്തിനെനിയ്ക്ക് സമ്മതമാണ്….

അമ്പിളിയുടെ മറുപടി റോഷനിൽ ചിരി തെളിയിച്ചതും ഞെട്ടി അവളെ പകപ്പോടെ നോക്കി രമണിയും രാഘവനും

“നിന്റെ സമ്മതം കൊണ്ടു മാത്രം നിന്റെ കല്യാണം നടക്കില്ല അമ്പിളി… ഞങ്ങള് തീരുമാനിയ്ക്കും നീ എന്തു ചെയ്യണമെന്ന്.. ഈ കല്യാണം നടത്താൻ ഞങ്ങളെന്തായാലും തീരുമാനിച്ചിട്ടില്ല.. വാടീ ഇവിടെ…”

ചുറ്റും ഉള്ളവർ കാര്യമറിയാതെ പകച്ചവരെ നോക്കി നിൽക്കുമ്പോൾ അമ്പിളിയെ വലിച്ചിഴച്ചെന്ന പോലെ അവിടെ നിന്ന് കൊണ്ടു പോവാൻ നോക്കിയ രാഘവന്റെ കയ്യിൽ കയറി പിടിച്ചു റോഷൻ…

“ഇവൾ അവിവാഹിതയായ് ഈ വീട്ടിൽ ജീവിതക്കാലം മുഴുവൻ നിന്നാലെ നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യവും നിങ്ങളുടെ ആയുസ്സും നിലനിൽക്കുകയുള്ളു എന്ന അന്ധവിശ്വാസത്തിന്റെ പുറത്ത് ഇവളെ ഇനിയും നിങ്ങൾക്കിട്ടു തട്ടാൻ വിട്ടുതരില്ല ഞാൻ…..

കൂടി നിൽക്കുന്നവരെല്ലാം കേൾക്കേ റോഷൻ വിളിച്ചു പറഞ്ഞതും പകച്ചവനെ നോക്കിയ രാഘവന്റെയും രമണിയുടെയും മുഖം കടലാസു പോലെ വിളറിയിരുന്നു…

“വെറുതെ അനാവശ്യം വിളിച്ചു പറയരുത് നീ… ഞങ്ങൾക്കങ്ങനെയുള്ള അന്ധവിശ്വാസമൊന്നുമില്ല…. ”

റേഷനോട് തിരികെ രാഘവൻ ശബ്ദമുയർത്തിയെങ്കിലും അതിന് ആദ്യത്തെയത്ര ഉറപ്പില്ലായിന്നു….

“ഉണ്ട് റോഷൻ ചേട്ടാ ഉണ്ട്….. എന്റെ ഈ നിൽക്കുന്ന അച്ഛനും അമ്മയ്ക്കും ഒക്കെ ധാരാളം കാര്യങ്ങളിൽ അന്ധവിശ്വാസമുണ്ട്… ചേച്ചി ഈ വീട്ടിൽ നിന്ന് പോയാൽ ഇവിടെ നശിക്കുമെന്നും ഇവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നും ജ്യോത്സൻ പറഞ്ഞതുകൊണ്ടു മാത്രം ചേച്ചിയ്ക്ക് വന്ന എത്ര കല്യാണങ്ങൾ ഇവരുതന്നെ മുടക്കിയിട്ടുണ്ടെന്നറിയ്യോ…

രാഘവന്റെ ശബ്ദത്തിനു മുകളിൽ ഉയർന്ന അമ്മുവിന്റെ സംസാരം കേട്ടതും അവിടെ കൂടിയിരുന്നവരെല്ലാം വെറുപ്പോടെ നോക്കി രാഘവനേം രമണിയേയും…

നുണ പറയുന്നോടീ അസത്തേ നീ…

ചീറ്റി കൊണ്ട് അമ്മുവിനു നേരെ കൈയ്യോങ്ങി രമണി…

“ഞാനൊരു നുണയും പറഞ്ഞിട്ടില്ല.. ചേച്ചിയെ ഭയപ്പെടുത്തിയും പേടിപ്പിച്ചും നിർത്തിയതുപോലെ നിങ്ങൾക്കെന്നെ നിർത്താൻ പറ്റില്ല അമ്മാ…

വിശ്വാസത്തിന്റെ പേരിൽ നിങ്ങൾ രണ്ടാളും എന്റെ ചേച്ചിയെ എങ്ങനെയെല്ലാം ദ്രോഹിച്ചിരിയ്ക്കുന്നു…. എന്തെല്ലാം ചെയ്തിരിയ്ക്കുന്നു…. അതെല്ലാം ചേച്ചി സഹിയ്ക്കും ഞാൻ സഹിക്കില്ല… എന്നാലും
നിങ്ങളെ രണ്ടാളെയും ഞാൻ സമ്മതിച്ചമ്മാ…. സ്വന്തം മകൾക്കിനിയൊരു വിവാഹാലോചനവരാതെയിരിക്കാൻ ഇതുപോലൊരു വേദിയിൽ വെച്ച് നിങ്ങൾ വിളിച്ചു പറഞ്ഞ കാര്യങ്ങൾ…. എങ്ങനെ സാധിയ്ക്കുന്നു അച്ഛാ നിങ്ങൾക്കിതെല്ലാം…

അച്ഛന്റെയും അമ്മയുടെയും ഈ മൂത്ര നാടകത്തെ പറ്റി ആദ്യമേ അറിഞ്ഞതുകൊണ്ടുതന്നെയാണ് സ്കൂളിൽ പോവും വഴി ഞാൻ റോഷൻ ചേട്ടനെ കണ്ട് കാര്യങ്ങളെല്ലാം നേരത്തെ തന്നെ അറിയിച്ചത്…
നിങ്ങൾ നിങ്ങളെ മാത്രം സ്നേഹിക്കുമ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങളും നോക്കണ്ടേ….?

വെട്ടിത്തുറന്നുള്ള അമ്മുവിന്റെ വെളിപ്പെടുത്തലിൽ ഇനിയൊരു വാക്ക് അവരെ എതിർത്ത് പറയാൻ ധൈര്യമില്ലാതെ രാഘവനും രമണിയും കൂടി നിന്ന ആളുകളെ മുഖം ഉയർത്തി ഒന്നു നോക്കാൻ പോലും സാധിയ്ക്കാതെ വിറച്ചും വിയർത്തും നിൽക്കുമ്പോൾ കയ്യിൽ കരുതി കൊണ്ടുവന്ന താലി അമ്പിളിയുടെ കഴുത്തിൽ ചാർത്തി കൊടുത്തു റോഷൻ…. അവരുടെ നല്ല ജീവിതത്തിനായ് പ്രാർത്ഥിച്ചുകൊണ്ടുതന്നെ….

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *