Story by J. K
“” നീ മരുന്ന് കുടിച്ചോ? ”
അയാൾ അത് ചോദിച്ചപ്പോൾ അവൾ കുടിച്ചു എന്ന് കള്ളം പറഞ്ഞു.. ചില സംശയങ്ങൾ എല്ലാം തോന്നാൻ തുടങ്ങിയിട്ട് കുറച്ചുദിവസം ആയി.. തന്നെ അയാൾ വിഡ്ഢി ആകുകയാണോ എന്നൊരു സംശയം.. അതുകൊണ്ടാണ് അയാൾ തന്ന ഗുളിക ഇന്ന് കുടിക്കാതിരുന്നത്…
സാധാരണ ആ ഗോളിക്ക കഴിച്ചാൽ പിന്നെ അധികനേരം പിടിച്ചു നിൽക്കാൻ കഴിയില്ല കണ്ണുകൾ അടഞ്ഞ് വരുന്നതുപോലെ തോന്നും.. പിന്നെ ചത്തത് പോലെ ഒരു ഉറക്കമാണ്.
വൈറ്റമിൻ ടാബ്ലറ്റ് എന്നും പറഞ്ഞാണ് തരുന്നത്..
ആദ്യം ഒന്നും പ്രത്യേകിച്ച് സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ല പക്ഷേ ഇപ്പോൾ അയാളുടെ തന്നോടുള്ള പെരുമാറ്റം കണ്ടപ്പോൾ അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു..
അന്നും പതിവുപോലെ മുറിയിൽ ഉറങ്ങാൻ കിടന്നു.. എന്നാൽ അല്പം കഴിഞ്ഞതും താൻ ഉറങ്ങിയോ എന്ന് നോക്കി അയാൾ റൂം വിട്ട് പുറത്തേക്ക് പോയത് കാണുന്നുണ്ടായിരുന്നു…
അതോടെ നെഞ്ച് ഒന്ന് പിടഞ്ഞു… എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക എന്നോർത്ത് അല്പനേരം ഇരുന്നു പിന്നെ മെല്ലെ റൂമിന് പുറത്തേക്ക് ഇറങ്ങി… മുകളിലെ നിലയിൽ മുഴുവൻ അയാളെ തിരഞ്ഞു എങ്കിലും അവിടെ എവിടെയും കണ്ടില്ല ഇടയ്ക്ക് ബാൽക്കണിയിൽ പോയി നിൽക്കുന്ന സ്വഭാവം ഉണ്ട്.. ഒരു സിഗരറ്റ് തീരുന്നത് വരെ അവിടെത്തന്നെ നിൽക്കും.. എന്നാൽ ബാൽക്കണിയുടെ അങ്ങോട്ടുള്ള ഡോർ തുറന്നിട്ടേയില്ല.. അപ്പോ അവിടെ ഇല്ല എന്നത് വ്യക്തമാണ് താഴെ ലൈറ്റ് ഒന്നും ഇട്ടിട്ടില്ല എങ്കിലും എന്തോ സംശയം തോന്നി അവൾ സ്റ്റെയർ ഇറങ്ങി താഴേക്ക് ചെന്നു..
പെട്ടെന്നാണ് ജോലിക്കാരിയുടെ റൂമിൽ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ പുറത്തേക്ക് കേട്ടത്.. അതോടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി പോയി താൻ ചിന്തിച്ചു കൂട്ടുന്നത് പോലെ ഒന്നും ഉണ്ടാവരുതേ എന്ന് അവൾ പ്രാർത്ഥിച്ചു.
പക്ഷേ അറിയാതെ കാലുകൾ അങ്ങോട്ട് ചലിച്ചു.. ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ അത് ലോക്ക് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി അതോടെ വാതിലിൽ തട്ടി കാത്തിരുന്നു..
ഹാളിലെ ലൈറ്റ് മുഴുവൻ ഇട്ടു വച്ചിട്ടുണ്ടായിരുന്നു.. വാതിൽ തുറക്കാൻ കുറച്ച് താമസം ഉണ്ടായി തുറക്കുന്നത് വരെയും അവൾ വാതിലിൽ തട്ടിക്കൊണ്ടിരുന്നു..
കുറച്ച് കഴിഞ്ഞപ്പോൾ ജോലിക്കാരി തന്നെയാണ് വന്ന് വാതിൽ തുറന്നത് അവളുടെ വേഷവും ആലസ്യം നിറഞ്ഞ മുഖവും കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു..
അറിയാതെയാണ് അകത്തേക്ക് കയറിയതും റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചതും ഡോറിനപ്പുറം ചുമരിനോട് ചേർന്ന് നിൽക്കുന്ന തന്റെ സ്വന്തം ഭർത്താവിനെ കണ്ടപ്പോൾ തകർന്നത് അവളുടെ ഹൃദയം ആയിരുന്നു..
ഒന്നും മിണ്ടാതെ അയാളെ രണ്ടാമത് ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ പുറത്തേക്ക് ഇറങ്ങി..
അറേഞ്ച്ഡ് മേരേജ് ആയിരുന്നു..
പട്ടാളത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ച് റിട്ടയേഡ് ആയ മേജർ പ്രഭാകരൻ മേനോൻ തന്റെ മകളെ കല്യാണം കഴിപ്പിച്ചു കൊടുത്തത് യോഗ്യനായ ഒരാളെ കൊണ്ട് തന്നെയാണ്..
പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ജയമോഹൻ…
ആർക്കും ജയമോഹനെ കുറിച്ച് ഒരു കുറ്റവും പറയാനില്ല അത്രയ്ക്ക് ക്ലീൻ ഇമേജ് ആയിരുന്നു…
പരമ്പരാഗതമായി സമ്പന്നരായ പ്രഭാകരമേനോൻ തന്റെ മകളെ ജയമോഹന്റെ കയ്യിൽ പിടിച്ച് ഏൽപ്പിച്ചത് അവളുടെ പേരിൽ ടൗണിൽ പണികഴിപ്പിച്ച സ്വപ്ന സൗദത്തിന്റെ ചാവി കൂടി കൊടുത്തിട്ട് ആയിരുന്നു..
ജയമോഹൻ അമൃതയെ വളരെ സ്നേഹത്തോടെ തന്നെയാണ് ചേർത്തുപിടിച്ചത്..
വിവാഹം കഴിഞ്ഞ് രണ്ടുവർഷം വരെ അവരുടെ ദാമ്പത്യജീവിതം ആർക്കും അസൂയ തോന്നുന്നത് പോലെ മുന്നോട്ടുപോയി… പക്ഷേ പിന്നീടാണ് വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യം വരാൻ തുടങ്ങിയത്..
അതുകൊണ്ടാണ് ആദ്യമായി അവർ ഒരു ഗൈനക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്തത്..
പ്രശ്നം മുഴുവൻ അവൾക്കായിരുന്നു അമൃതയ്ക്ക് അവളുടെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ ഉൾക്കൊള്ളാനുള്ള കഴിവില്ല…
അതറിഞ്ഞതും അവൾ ആകെ തകർന്നു.
എന്നാൽ ജയമോഹൻ അവളെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.. അത് കണ്ടപ്പോൾ അവൾക്കും വല്ലാത്ത ഒരു സമാധാനം തോന്നി.. എന്തിന്റെ പേരിലായാലും ജയേട്ടനെ അവൾക്ക് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു അത്രത്തോളം ആ മനുഷ്യനെ അവൾ സ്നേഹിക്കുന്നുണ്ട്..
ഈയിടെയാണ് അവൾക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് അതോടെ ജോലി മുഴുവൻ ഒറ്റയ്ക്ക് ചെയ്യേണ്ട എന്ന് പറഞ്ഞ് ഒരു ജോലിക്കാരിയെ ജയമോഹൻ തന്നെ അവിടെ ഏർപ്പാടാക്കി..
അതിന്റെ ബാക്കി എന്നോണം ആണ് രാത്രിയിൽ തനിക്ക് തന്നിരുന്ന വൈറ്റമിൻ ടാബ്ലറ്റ്.
എന്നാൽ ജോലിക്കാരി തന്റെ ഭർത്താവിനോട് കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നത് കണ്ടപ്പോൾ എന്തോ അത് ഉൾക്കൊള്ളാൻ അവളെക്കൊണ്ട് കഴിഞ്ഞില്ല അതുകൊണ്ടാണ് ചെറിയ സംശയത്തിന്റെ പേരിൽ അവൾ കഴിഞ്ഞ ദിവസം ആ ഗുളിക കഴിക്കാതിരുന്നത് അത് കലാശിച്ചത് ഇങ്ങനെയും..
അവളുടെ മിഴികൾ നിറഞ്ഞൊഴുകി…
ജയമോഹൻ എന്തോ പറയാൻ വേണ്ടി വന്നതും അവൾ ദേഷ്യത്തോടെ അയാളുടെ മുഖത്തേക്ക് അടിച്ചു..
അതോടെ ജയമോഹന്റെ തനിസ്വഭാവം പുറത്തേക്കു വന്നു..
“” എടി %%₹₹ മോളെ എനിക്കൊരു കുഞ്ഞിനെ തരാൻ പോലും കഴിവില്ലാത്ത നിന്നെ ഞാൻ ചുമക്കുന്നത് എന്തിനാണ് എന്നാണ് നീ കരുതിയത് നിന്റെ ഈ സ്വത്ത് കണ്ടിട്ട് തന്നെയാണ്..! നിന്നെപ്പോലെ ഉള്ളവരൊന്നും ഈ ഭൂമിക്ക് ഭാരമായി ജീവിക്കാൻ തന്നെ പാടില്ല പിന്നെ എഴുന്നള്ളിച്ചുകൊണ്ട് നടക്കാൻ എനിക്കൊരു ഭാര്യയെ വേണം അതുകൊണ്ട് മാത്രമാണ് നീ ഇപ്പോഴും എന്റെ ജീവിതത്തിൽ തുടരുന്നത്… ഇവളുണ്ടല്ലോ ഇവളായിരിക്കും ഇനിമുതൽ ഈ വീട്ടിനുള്ളിൽ എന്റെ ഭാര്യ എല്ലാ അർത്ഥത്തിലും…!! പക്ഷേ നീ പേടിക്കേണ്ട പുറമേക്ക് പോകുമ്പോൾ നിന്നെ കെട്ടി എഴുന്നള്ളിച്ചു കൊണ്ടു പോകും പ്രസവിക്കില്ലെങ്കിലും കാണാൻ ഒരു മേനയൊക്കെ ഉണ്ടല്ലോ!
പിന്നെ ഇത് നിന്റെ വീട്ടുകാരോട് ആരോടെങ്കിലും പറയാനാണ് നിന്റെ ഭാവം എന്നുണ്ടെങ്കിൽ അറിയാലോ… ഞാനൊരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണ് എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് പൊന്നുമോൾക്ക് അറിയില്ല നിന്റെ വീട്ടുകാരെ ഇല്ലാത്ത കേസിൽ കുടുക്കും!! വയസ്സാംകാലത്ത് നിന്റെ തന്ത അഴിയേണ്ണേണ്ടി വരും!!”
അത് കേട്ടതും ഭയന്ന് എന്തുവേണമെന്ന് പോലും അറിയാതെ അമൃത നിന്നു…
“” അങ്ങനെ നിനക്ക് തോന്നിയതുപോലെ ചെയ്യാൻ ഇത് വെള്ളരിക്ക പട്ടണം ഒന്നുമല്ലല്ലോ മരുമോനെ!””
അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് കടന്നുവരുന്ന പ്രഭാകരമേനോനെ ഒരു ഞെട്ടലോടെ ആണ് ജയമോഹൻ നോക്കിയത്… അയാളെ വിളിച്ചു വരുത്തിയത് അമൃത യായിരുന്നു… അതും ജോലിക്കാരിയുടെ മുറിയിലേക്ക് കയറുന്നതിനു മുൻപ്.. എന്തെങ്കിലും താൻ പ്രതീക്ഷിച്ചതുപോലെ അവിടെ കണ്ടിട്ടുണ്ടെങ്കിൽ ഒരുപക്ഷേ തനിക്ക് ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതിയാണ് അയാളെ വിളിച്ചത്…
ഉടനെ ജയമോഹൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു എന്നാൽ അയാളുടെ മുഖത്തേക്ക് പ്രഭാകരൻ ആഞ്ഞടിച്ചു.
“” ഇത് എന്റെ മകൾക്ക് ഞാൻ ഉണ്ടാക്കി കൊടുത്ത വീടാണ് ഇവിടെനിന്ന് ഇവളെയും വിളിച്ച് ഇപ്പോൾ ഇറങ്ങണം!!” അയാൾ പറഞ്ഞു കൂടുതൽ എന്തെങ്കിലും വഴക്കിന് നിന്നാൽ സംഗതി കൂടുതൽ വഷളാവുകയേ ഉള്ളൂ എന്ന് ജയമോഹന് അറിയാമായിരുന്നു.
അയാൾ വേഗം ആ പാടി ഇറങ്ങി പിന്നെ ഒട്ടും താമസിയാതെ ഡിവോഴ്സിന് പ്രഭാകരൻ മകളെ കൊണ്ട് അപ്ലൈ ചെയ്യിച്ചു..
കുറച്ചുകാലം അതിന്റെ പുറകെ നടക്കേണ്ടി വന്നു എങ്കിലും ഇപ്പോൾ രണ്ടുപേരും രണ്ടായി..
ഇതിനിടയിൽ ബിഎഡ് വരെ പഠിച്ച അവൾ ഒരു സ്കൂളിൽ കയറിയിരുന്നു…
അച്ഛൻ കട്ടക്ക് സപ്പോർട്ട് ചെയ്തപ്പോൾ, അവൾ ജീവിതത്തിൽ നടന്നതെല്ലാം മറന്നു അവൾക്ക് ജയമോഹനി മറക്കാൻ പറ്റി… സ്കൂളിലെ കുട്ടികളെ സ്വന്തമായി കണ്ടതോടുകൂടി അവൾക്ക് ഒരു കുഞ്ഞില്ല എന്ന വിഷമവും അവൾ മറന്നു..
ഇനി ജീവിക്കണം തന്നെ ചതിച്ച അയാളുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം… കഥകൾ ഭംഗിയായി ചെയ്യുകയും ചെയ്തു.
ജോലിക്കാരി എന്ന് പറയുന്നവൾ ഗർഭിണി ആയി. തന്റെ കുഞ്ഞല്ല എന്ന് പറഞ്ഞ് അവളെ അകറ്റിയ ജയമോഹനെ അവൾ പത്രക്കാരുടെയും മീഡിയയുടെയും മുന്നിൽവച്ച് നാറ്റിച്ചു അതോടെ അവളെ അയാൾക്ക് ഏറ്റെടുക്കേണ്ടി വന്നു.. സാവകാശം അയാളുടെ പേരിലുള്ള മറ്റു കേസുകളും പൊന്തി അതോടെ ജോലി നഷ്ടമായി…
ഇപ്പോൾ ഒരു ഭ്രാന്തനെപ്പോലെ കള്ളുകുടിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്…
അയാളെ മാത്രം സ്നേഹിച്ചു ജീവിച്ച ഒരു പെണ്ണിനെ ചതിച്ചതിന്റെ ശിക്ഷ എന്നോണം അയാൾക്ക് ഒടുവിൽ തെരുവിൽ തന്നെ കിടന്നു മരിക്കേണ്ടിയും വന്നു…
ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന് കരുതി തന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ആത്മാർത്ഥമായി അവർക്ക് വിദ്യ പകർന്നു കൊടുക്കുകയായിരുന്നു അമൃത…