ഞാൻ നാളെ രാവിലെ നീ മീറ്റിംഗിന് പോയ പുറകെ തന്നെ വീട്ടിലേക്ക് പോവും ട്ടോ…. മീറ്റിംഗ് കഴിഞ്ഞ് നീയും നേരെ അങ്ങോട്ടു വാ ഞാൻ ടൗണിൽ വന്നു കൂട്ടാം നിന്നെ…. ”
മീറ്റിംഗിനു വേണ്ട ഫയലുകളും മറ്റു പ്രധാന പേപ്പറുകളും ശ്രദ്ധയോടെ എടുത്തടുക്കി വെയ്ക്കുന്നതിനിടയിൽ വേദിക കിഷോറിന്റെ വാക്കുകൾ കേട്ടവനെ ഒന്നു നോക്കി
തന്നെ നോക്കുന്നവളുടെ മുഖത്ത് പെട്ടൊന്നൊരു വല്ലായ്മ പടർന്നതും മുഖത്തെ പ്രസാദം മങ്ങിയതും എളുപ്പത്തിൽ തിരിച്ചറിഞ്ഞു കിഷോറും….
എന്തേ…. തന്റെ മുഖത്ത് പെട്ടന്നൊരു മാറ്റം….?
വീട്ടിലേക്ക് പോവുന്നതിലെന്തെങ്കിലും പ്രശ്നമുണ്ടോ….?
ഞാനമ്മയോടു ചെല്ലുന്ന കാര്യം വിളിച്ചപ്പോൾ പറയുകയും ചെയ്തു… ഇനി മാറ്റി പറയുന്നത് മോശമല്ലേ…?
വേദികയ്ക്ക് അടുത്ത് ചെന്ന് അവളുടെ മുടിയൊന്നൊതുക്കി വെച്ച് കിഷോർ ചോദിച്ചതും അവനെ നോക്കി കണ്ണടച്ചൊന്ന് പുഞ്ചിരിച്ചു വേദിക….
“നമ്മുടെ വീട്ടിലേക്ക് പോവുന്നതിൽ എന്താണ് കിച്ചൂ എനിയ്ക്ക് പ്രശ്നം… ഞാനോർത്തത് മീറ്റിംഗ് കഴിഞ്ഞിട്ട് അങ്ങോട്ടെത്തുമ്പോൾ ഒരു നേരം ആവൂലോന്നാണ്….
ചിരി മായാതെ പറയുന്നവളെ കേൾക്കുമ്പോഴും തന്നിൽ നിന്നെന്തോ അവൾ മറയ്ക്കുന്നില്ലേ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ ശക്തമായ്…
ഇതിപ്പോൾ ഇടയ്ക്കിടയ്ക്ക് പതിവാണ്… തന്റെ വീട്ടിൽ പോവുന്ന കാര്യം പറയുമ്പോഴുള്ള വേദികയുടെ മുഖത്തൊരു സന്തോഷ കുറവ്…
പ്രണയിച്ചവളുടെ വീട്ടുക്കാരെ എതിർത്ത് വിവാഹം കഴിച്ചതുകൊണ്ടാവാം ഒരു ലീവു കിട്ടിയാൽ അവളിഷ്ടപ്പെട്ടിരുന്നത് തന്റെ വീട്ടിൽ പോവാനാണ്… അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണ്…. തന്നെക്കാളേറെ അടുപ്പം തന്റെ വീട്ടുകാരോട് സൂക്ഷിക്കുന്നവളാണ്…
“കിച്ചൂന്റൊപ്പം ഞാനും വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞോ അമ്മയോട്…..?
സാധനങ്ങളെല്ലാം എടുത്തു വെച്ച് റൂമിൽ നിന്ന് പുറത്തേക്കിറങ്ങും വഴി തിരിഞ്ഞു നിന്ന് വേദിക ചോദിച്ചതിന് പറഞ്ഞെന്ന പോലെ കിഷോർ തലയിളക്കിയതും ഒരു ചിരിയവന് നൽകി അടുക്കളയിലേക്ക് നടന്നു വേദിക…
ആ പോക്ക് നോക്കി നിൽക്കേ എന്തിനെന്നറിയാതൊരു പിടപ്പുണർന്നു അവന്റെ ഉള്ളിലും…
“ഇന്നു നല്ല സന്തോഷത്തിലാണല്ലോ ബീനാമ്മേ…. കിച്ചു മോൻ വരുന്നുണ്ടല്ലേ….?
മീൻക്കാരൻ യാക്കൂബ് തെളിഞ്ഞൊരു ചിരിയോടെ ചോദിച്ചു കൊണ്ട് ബീന ചൂണ്ടി കാണിച്ച നല്ല മുഴുത്ത കിളിമീൻ തിരഞ്ഞെടുത്ത് തൂക്കി തുടങ്ങിയതും അയാൾ പറഞ്ഞത് ശരി വെച്ച് തലയിളക്കി ബീന….
“കിച്ചു വരുന്നുണ്ടെങ്കിൽ അതാരും പറയാതെ ബീനയുടെ മുഖം നോക്കി മനസ്സിലാക്കാൻ യാക്കൂബ് ഇക്കായ്ക്ക് അറിയാം ല്ലേ..?
മീൻ വാങ്ങാൻ വന്ന സരു ചോദിച്ചതിന് പൊട്ടിച്ചിരിച്ചു അയാൾ…
“അതറിയാൻ എളുപ്പമാണ് സരൂ… ഒന്ന് ബീനാമ്മ നല്ല സന്തോഷത്തിലാവും… രണ്ട് കിച്ചു വരുമ്പോഴേ ഇവരീ കിളിമീൻ വാങ്ങൂ…. ഓനതല്ലേ ഏറെയിഷ്ടം…. അല്ല പറയും പോലെ കിച്ചൂന്റെ കുട്ടിയും വരണുണ്ടോ ഒപ്പം, എന്നാൽ അതിനിഷ്ടപ്പെട്ട മുള്ളൻമീനും ഉണ്ട് ട്ടോ ഇന്ന്… കുറച്ചെടുത്താലോ….?
യാക്കൂബ് ചോദിച്ചതും ഒന്നയാളെ നോക്കി ബീന….
അവളു വരുന്നില്ല ഇന്ന്…. അതോണ്ട് ആ മീൻ എടുക്കണ്ട…. ഇതു മാത്രം മതി ….
വേദികയെ പറ്റിയവർ ചോദിച്ചതിഷ്ടപ്പെടാത്തൊരു ഭാവം തെളിഞ്ഞു ബീനയിലെങ്കിലും മറ്റുള്ളവർക്കത് മനസ്സിലാവാത്ത വിധമൊരു ചിരിയോടെ പറഞ്ഞ് വീട്ടിലേക്ക് നടന്നു ബീന….
ഇന്നിനിയിപ്പോൾ അമ്മ ആകെ തിരക്കിലാവും അല്ലേ കുഞ്ഞാട്ടാ…. നമ്മളെയൊന്നും കണ്ണിനു പിടിക്കില്ല….. അരുമ സന്താനത്തെ മാത്രേ കണ്ണിൽ പിടിക്കൂ…. വല്യേട്ടന്റെ ഒരു ഭാഗ്യം….
വീട്ടിലേക്ക് ബീന മീനുമായ് കയറിയതും കിഷോറിന്റെ അനിയത്തി കീർത്തി തന്റെ കുഞ്ഞാട്ടൻ കാർത്തിയുമായ് ചേർന്നവരെ കളിയാക്കി…
തങ്ങൾ രണ്ടു മക്കളെക്കാളും അമ്മയ്ക്കെന്നും ഏറെയിഷ്ടം ഏട്ടനെയാണെന്ന് സ്ഥിരം പരാതി പറയുന്നവരാണ് കീർത്തിയും കാർത്തിയും…
ഏട്ടനൊപ്പം അല്ലല്ലോ അമ്മേ അവരു വരുന്നത്….?
രാത്രിയാവില്ലേ അവരെത്താൻ…? ഏട്ടനിപ്പോ എന്തില്ലേ…?
അകത്തേയ്ക്ക് നടക്കുന്ന അമ്മയോടു തിരക്കുന്ന കീർത്തിയുടെ ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് വേദികയോടുള്ള അനിഷ്ടം….
അവള് രാത്രിയാവും എത്താനെന്ന അമ്മയുടെ മറുപടിയിൽ സന്തോഷ ചിരി തെളിഞ്ഞു കീർത്തിയിലും..
“ഓ….. അതറിഞ്ഞപ്പോ എന്താ പെണ്ണിന്റെ സന്തോഷം…. കഷ്ടം ഉണ്ടെടി…. അവരു നമ്മുടെ ഏട്ടന്റെ ഭാര്യയാണ്…. ഏട്ടൻ സ്നേഹിച്ചു വിവാഹം കഴിച്ചവൾ…. മറക്കണ്ട നീയത്…”
കീർത്തിയെ ശകാരിക്കുന്ന കാർത്തിയിലെന്തിനോ ആ നിമിഷം ഏടത്തിയെ പറ്റിയോർത്ത്, ഏട്ടനെ പറ്റിയോർത്തൊരു വേദന തിങ്ങി…
ഏട്ടനവരെ സ്നേഹിച്ചു കെട്ടിയിട്ടുണ്ടെങ്കിൽ അതിനവരെ ഏട്ടൻ സ്നേഹിച്ചോളും… എനിക്കിഷ്ടമല്ല അവരെ…. എന്റെ സങ്കൽപ്പത്തിലെ ഏടത്തിഅമ്മയേ അല്ലവർ… പിന്നെ എനിയ്ക്ക് മാത്രമല്ല അച്ഛനും അമ്മയ്ക്കുമെന്നും ഇഷ്ടമല്ലല്ലോ അവരെ…. അവരു വന്നു പോകുന്നതുവരെ ആ ഇഷ്ടക്കേട് ഏട്ടനറിയാതെ നോക്കാനാ ബുദ്ധിമുട്ട്… അഭിനയിച്ചഭിനയിച്ച് മനുഷ്യന്റെ ഊപ്പാടിളക്കും… അവർക്കിങ്ങോട്ട് ,നമ്മുടെ ഇടയിലേക്ക് വരാതെ ഇരിക്കാലോ…. എന്നാൽ പഴയ പോലെ നമ്മളഞ്ചു പേർ മാത്രം….
എന്തടിപൊളിയായേനെ….
വലിയൊരു കാര്യം പറയുന്ന ലാഘവത്തോടെ വേദികയോടുള്ള ഇഷ്ടക്കേട് തുറന്നു പറയുന്ന അനിയത്തിയെ വെറുതെ നോക്കി കാർത്തി…
വെറുപ്പും ദേഷ്യവും അവരോടല്ലേ ഉള്ളൂ… അല്ലാതെയവർ ജോലിയെടുത്തുണ്ടാക്കുന്ന
കാശിനോടില്ലല്ലോ നിനക്കും അമ്മയ്ക്കും….?
പരിഹസിച്ച് കാർത്തി പറയുമ്പോൾ അവനാ പറഞ്ഞതിഷ്ടപെടാത്തൊരു ഭാവം തെളിഞ്ഞു കാർത്തിയിൽ
അതിനവരോടാര് കാശു ചോദിയ്ക്കുന്നു ഞാനും അമ്മയും ഒന്നും അവരോട് ചോദിക്കാറില്ല…. ഞാനെന്റെ ഏട്ടനോടേ ചോദിക്കാറുള്ളു…. ഏട്ടൻ നമ്മുടെയാ…. അല്ലാതെ അവരുടെയല്ല….
വീറോടെ പറഞ്ഞ് മുറിയ്ക്കുള്ളിലേക്ക് കീർത്തി കയറി പോയതും തലയൊന്നു കുടഞ്ഞ് അവിടിരുന്ന കാർത്തി മെല്ലെ മുറ്റത്തേയ്ക്കിറങ്ങിയതും ഞെട്ടി മുറ്റത്തിനരികിലായ് ഫോൺ നോക്കി നിൽക്കുന്ന കിഷോറിനെ കണ്ട്….
ഏട്ടാ….. ഏട്ടനെപ്പോ വന്നു… വണ്ടിയുടെ ഒച്ചയൊന്നും കേട്ടില്ലല്ലോ….?
ആദ്യത്തെ ഒരു പകപ്പു മാറിയ കാർത്തിവേഗം തന്നെ ഏട്ടനരികെ ചെന്ന് ചോദിച്ചതും അവനെ നോക്കി കണ്ണു ചിമ്മിച്ചിരിച്ചു കിഷോർ…
“ഇപ്പോ എത്തിയേ ഉള്ളെടാ…. ഇങ്ങോട്ടെത്താൻ നേരത്ത് ഒരു പിടുത്തം ബൈക്കിന്… ഞാനപ്പോ അതാ മുകളിലെ വർക്ക്ഷോപ്പിൽ വെച്ച് നടന്നാ വന്നത്…. അതാ ഞാൻ വന്നത് നിങ്ങളറിയാത്തത്….’
ചിരിയോടെ അനിയനോടു പറഞ്ഞ് വീടിനകത്തേയ്ക്ക് കിഷോർ കയറിയതും അകത്തുനിന്നോടിവന്നവന്റെ കയ്യിൽ തൂങ്ങി കീർത്തി..
അമ്മേ…. ദേ കിച്ചേട്ടൻ വന്നു….
ഉറക്കെയവൾ വിളിച്ചു പറഞ്ഞതും അകത്തുനിന്ന് വേഗത്തിലിറങ്ങി വന്ന ബിനയവനെ ചിരിയോടെ നോക്കി
ആകെ മെലിഞ്ഞെന്റെ കുട്ടി…. പറ്റെ കോലം കെട്ടു
ബീന പരാതി പറഞ്ഞതും അമ്മമാരുടെ മാസ്റ്റർ പീസ് ഡയലോഗെന്ന കാർത്തിയുടെ പറച്ചിലിൽ ഒരു കൂട്ടച്ചിരി നിറഞ്ഞവിടെ
അമ്മയുടെ സ്വീകരണവും അനിയത്തിയുടെ സംസാരവും ശ്രദ്ധിച്ചവരുടെയൊപ്പം ഇരിക്കുമ്പോൾ കിഷോറിന്റെ കണ്ണുകൾ പലപ്പോഴും അവരിൽ തങ്ങിനിന്നു…
താൻ വന്നിട്ടു മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. കാർത്തിയല്ലാതെ അമ്മയോ കീർത്തിയോ ഈ നിമിഷം വരെ തന്നോട് വേദികയെ കുറിച്ചൊന്നും ചോദിച്ചില്ലെന്നോർത്തതും തന്റെ പെണ്ണിനെയോർത്തവന്റെ നെഞ്ചുനീറി…
താൻ വരുമ്പോൾ കേട്ട കാർത്തിയുടെ ചോദ്യങ്ങളും അതിനുള്ള കീർത്തിയുടെ മറുപടികളുമെല്ലാം അവന്റെ ഉള്ളിലൊരു വീർപ്പുമുട്ടൽ സൃഷ്ടിക്കുന്നുണ്ട്….
താനവരുടെ സംസാരം കേട്ടത് അവരറിയരുതെന്നു കരുതി തന്നെയാണ് വന്നിട്ടും അകത്തു കയറാതെ മുറ്റത്തു തന്നെ നിന്നത്…
താനറിയാത്ത, തന്റെ ശ്രദ്ധയിൽ പെടാത്ത എന്തൊക്കയോ ദുരനുഭങ്ങൾ വേദികയ്ക്ക് ഇവിടെ ഇവരിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ആ നിമിഷം ഉറപ്പിച്ചവൻ…. തനിയ്ക്ക് തന്റെവീട്ടുകാർ എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് അറിയുന്നതു കൊണ്ടാവാം തന്നോടതേ പറ്റിയൊന്നും പറയാതെ അതെല്ലാം നിശബ്ദം വേദിക സഹിച്ചതെന്ന ഓർമ്മയിൽ അവളെ അപ്പോൾ കാണാനെന്ന പോലെ തുടിച്ചവന്റെ ഉള്ളം…
അലസമെന്നോണം അവർക്കിടയിൽ നിന്നവനെഴുന്നേറ്റു മുറ്റത്തേക്ക് നടന്നതും വേലിയരിക്കിൽ നിന്ന സുമയവന്റെ അടുത്തേക്കൊരു ചിരിയോടെ വന്നു..
“നീ രാവിലെ തന്നെ വന്നൂലേ കിച്ചൂ…. ?
ബീന കിളിമീൻ വാങ്ങിയപ്പോ തന്നെ നിന്റെ വരവുറപ്പിച്ചു ഞാൻ… വേദികയ്ക്ക് ഇന്നു ലീവുണ്ടാവില്ല അല്ലേ…. അതാവും അവൾ വരാത്തത് ല്ലേ… ഇന്ന് വന്നിരുന്നേൽ യാക്കൂബിന്റെ കയ്യിൽ നല്ല മുള്ളൻ മീനും ഉണ്ടായിരുന്നു… അവള് വരാത്തത് കൊണ്ട് മീൻക്കാരൻ ചോദിച്ചിട്ടും വേണ്ടാന്ന് പറഞ്ഞു ബീന….. ഇടയ്ക്കെല്ലാം കൊണ്ടു വാ അവളേയും … ഇഷ്ടത്തിന് വല്ലതും കഴിക്കാൻ അതിനും ഇവിടേക്കു തന്നെ വരണ്ടേ…. അല്ലാതെ അതിനെ അതിന്റെ വീട്ടിലൊന്നും കയറ്റില്ലല്ലോ….
ചോദ്യവും ഉത്തരവും സുമ തന്നെ പറഞ്ഞ് അവരോരോന്ന് സംസാരിക്കുമ്പോഴും അവർ പറഞ്ഞ ഓരോ കാര്യങ്ങളിലും ഉടക്കി നിന്നവന്റെ മനസ്സ്…..
“അമ്മേ…. ഞാൻ പോവാൻ നോക്കാണ്… എനിയ്ക്ക് വൈകിട്ടാവുമ്പോഴേക്കും അങ്ങെത്തണം…..
ഊണു കഴിച്ചെണീറ്റതും കിഷോർ പറഞ്ഞതു കേട്ടവനെ സൂക്ഷിച്ചു നോക്കി ബീന….
നീയെന്താടാ പറയുന്നത്…. നാളെ കഴിഞ്ഞേ പോണുള്ളു പറഞ്ഞിട്ട് എന്താ പെട്ടന്നൊരു തിരിച്ചു പോക്ക്… എന്താ പറ്റീത് നിനക്ക് ചോറും കഴിച്ചില്ലല്ലോ നീ….?
അരികിൽ വന്നു ബിന ചോദിക്കുന്നതൊന്നും കേട്ടതേയില്ല കിഷോർ….
അവളുടെ മീറ്റിംഗ് കഴിയാൻ വൈകും… പിന്നെ ഇങ്ങോട്ടുള്ള വരവ് ബുദ്ധിമുട്ടാവും….
താൻ പറഞ്ഞതും മാറുന്ന അമ്മയുടെ മുഖം അന്നാദ്യമായ് നേരിൽ കണ്ടവൻ….
അവളുടെ മീറ്റിംഗ് വൈകി കഴിഞ്ഞാൽ അവളവിടെ നിങ്ങളുടെ ഫ്ലാറ്റിൽ നിന്നോളില്ലേ… അതിനു നീയിപ്പോ ഇങ്ങനെ ഓടിച്ചെല്ലണോ… നിന്നെ കണ്ട് മതിയായില്ല ഞങ്ങൾക്ക്…
നീ വന്നിട്ടു പുറത്തു പോയി കുറച്ചു സാധനങ്ങൾ വാങ്ങാനും കറങ്ങാൻ പോവാനുമൊക്കെ കുറെ കാര്യങ്ങൾ പ്ലാനിട്ടു ഇരിക്കായിരുന്നു ഞങ്ങൾ….. അവൾക്കു മാത്രമല്ല ഞങ്ങൾക്കും കൂടി അവകാശമുണ്ട് നിന്റെ മേൽ
നീ പോവണ്ട ഇന്ന്…. അവളവിടെ നിന്നോളും ഇന്നത്തെ ദിവസം… ”
പരിഭവത്തിൽ പറയുന്ന അമ്മയിൽ നിറയുന്ന വേദികയോടുള്ള ഇഷ്ടക്കേട് കണ്ടറിയുകയായിരുന്നവൻ….
അങ്ങനെയവളെ അവിടെ തനിച്ച് നിർത്താൻ പറ്റില്ല അമ്മേ…അവൾക്ക് ഞാനെയുള്ളു… എന്നെ വിശ്വസിച്ചു മാത്രംവന്നവളാണ്.. ആരൊക്കെ അവളെ കണ്ടില്ലെന്നു നടിച്ചാലും എനിക്കതിനു പറ്റില്ല… പോയേ പറ്റുള്ളു എനിയ്ക്ക്….
പറയുന്നതിനൊപ്പം തന്നെ പുറത്തേക്കിറങ്ങിയിരുന്നു കിഷോർ…
“നിനക്ക് പോയേ തീരൂള്ളുവെങ്കിൽ കുറച്ചു പൈസ തന്നിട്ടു പോ… കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്… അച്ഛന്റെ കയ്യിലും കാർത്തിയുടെ കയ്യിലുമൊന്നും അധികമില്ല പൈസ….”
അവനു പുറകെ ചെന്ന് ബീന പറഞ്ഞതും അമ്മയെ മുഖമുയർത്തി നോക്കി കിച്ചു……
അധികമൊന്നും എന്റെ കയ്യിലും ഇല്ലമ്മേ…. പറഞ്ഞു കൊണ്ടവൻ പതിനായിരം രൂപയെടുത്ത് അവർക്കു നേരെ നീട്ടിയതും അവനു നേരെ രൂക്ഷമായ് ചെന്നു ബീനയുടെ നോട്ടം…
ഇതുകൊണ്ടെന്താവാനാടാ…. ഈ പെണ്ണിന് ടൂറിനും ഡ്രസ് വാങ്ങാനും തികയില്ല ഇത്… കളിക്കാതെ പൈസ തന്നിട്ടു പോടാ….
ശബ്ദമുയർത്തി ബീന
തരാൻ പറഞ്ഞാൽ എന്റെ കയ്യിൽ വേണ്ടേ… ഇതേയുള്ളു എന്റെ കയ്യിൽ ഇപ്പോ…
അതെന്താ ഏട്ടാ… ഏടത്തിയ്ക്ക് ശബളം കിട്ടീല്ലേ ഈ മാസം…. അങ്ങനെ വരില്ലല്ലോ….?
ചോദിച്ചു കൊണ്ട് കീർത്തി കൂടി അവർക്കിടയിലേക്ക് വന്നതും അവളെ ഒന്നു നോക്കി കിഷോർ…..
ഏടത്തിയുടെ ശമ്പളം ഏടത്തി പഠിച്ച് ജോലി വാങ്ങിച്ചതുകൊണ്ടവൾക്ക് കിട്ടുന്നതാണ്… അതിന്റെ അവകാശി അതവൾ മാത്രമാണ്… നാളെ ഒരു നാൾ ഞാനില്ലാതെ വന്നാലും, ആരൊക്കെ അവളെ തള്ളി പറഞ്ഞാലും അവൾക്കു ജീവിക്കാനുള്ള ധൈര്യത്തിന് ആ പൈസയൊരു സമ്പാദ്യമായ് അവളുടെ കയ്യിൽ തന്നെ ഇരുന്നോട്ടെ… എനിയ്ക്ക് കിട്ടുന്നതിൽ നിന്നൊരു വീതം ഒരുമകന്റെയും സഹോദരന്റെയും കടമയായ് ഞാനിവിടെ ഇതുപോലെ ഓരോ മാസവും തരും… അത്രമാത്രം….”
താൻ പറയുന്നത് പകപ്പോടെ കേട്ടു നിൽക്കുന്ന ബീനയെ ഒന്നു നോക്കി അവിടെ നിന്നിറങ്ങി പോരുമ്പോൾ തന്റെ പെണ്ണിനെ ഒന്നു കാണാൻ കണ്ടു നെഞ്ചോടു ചേർക്കാൻ അത്രയും കൊതിപൂണ്ടൊരു മനസ്സോടെ വേഗത്തിൽ ലക്ഷ്യത്തിലേക്ക് നീങ്ങി കിഷോർ…..
✍️ രജിത ജയൻ
