(രചന: രജിത ജയൻ)
“വല്ലപ്പോഴുമല്ലേ മോളെ നിനക്കൊരു ലീവ് കിട്ടുന്നത്… അന്ന് കുട്ടിയീ അടുക്കളയിൽ കയറി സമയം കളയാതെ വേറെ വല്ലതും ഉണ്ടേൽചെയ്തോ… അമ്മയെ ഞാൻ സഹായിച്ചോളാം…”
അന്നൊരു ഞായറാഴ്ച രാവിലെ എഴുന്നേറ്റ് അടുക്കളയിൽ അമ്മയെ സഹായിക്കാൻ ചെന്ന മാതുവിനെ സ്നേഹത്തോടെ തിരികെ പറഞ്ഞയച്ചു അച്ഛൻ പദ്മനാഭൻ…
അടുക്കളയിൽ നിന്നൊരു ചിരിയോടെ പുറത്തേക്കിറങ്ങുമ്പോൾ സന്തോഷം കൊണ്ട് മാതുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
ഭർത്താവ് അമലിന്റെ വീടാണിത്… അവന്റെ അച്ഛനാണ് പദ്മനാഭൻ… അമ്മ രേവതി..
പ്രേമവിവാഹമാണ് തന്റേം അമലിന്റേം… താൻ അമലിനെക്കാൾ ജാതിയിൽ താഴ്ന്നവളായതിനാൽ തന്നെ സ്വീകരിക്കാൻ അമലിന്റെ വീട്ടുകാർ സമ്മതിക്കുമോ എന്ന് ഭയന്നിടത്താണ് തനിയ്ക്ക് ഇത്രയും നല്ല സ്നേഹവും സഹകരണവും കിട്ടുന്നത്.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തോളമായ്… താനും അമലും ഒരുമിച്ചാണൊരു ഐ ടി ഫേമിൽ വർക്ക് ചെയ്യുന്നത്… ലീവ് കുറവാണെങ്കിലും നല്ല ശമ്പളമുള്ള ജോലിയാണ്…
ഇടയ്ക്ക് വീണു കിട്ടുന്ന ലീവിലെല്ലാം അമ്മയെ സഹായിക്കാൻ മാതു ചെല്ലുമെങ്കിലും അവളെ അതിനനുവദിക്കാറില്ല അച്ഛൻ…
“രാവിലെ അമ്മയെ സഹായിക്കാനെന്നു പറഞ്ഞ് എഴുന്നേറ്റു പോയിട്ടെന്താ പെട്ടന്ന് തന്നെ തിരികെ വന്നത്…?
അച്ഛൻ ഓടിച്ചു വിട്ടോ…?
റൂമിലേക്ക് തിരികെ വന്നവളെ കളിയാക്കി അമലും…
അവനറിയാമായിരുന്നു അച്ഛനവളെ തിരികെ പറഞ്ഞയക്കുമെന്ന്…
താൻ സ്നേഹിക്കുന്നതൊരു ഈഴവ പെൺക്കുട്ടിയെ ആണെന്നു പറഞ്ഞപ്പോൾ തന്നെ എതിർത്ത, വഴക്കു പറഞ്ഞ അതേ അച്ഛൻ തന്നെയാണവളെ ഇന്ന് മറ്റാരെക്കാളും സ്നേഹിക്കുന്നതും ചേർത്തു പിടിക്കുന്നതും…
മനസ്സ് നിറഞ്ഞൊരു സന്തോഷത്തോടെ മാതുവിനെ തനിയ്ക്കരികിലേക്ക് വലിച്ചിട്ട് കെട്ടി പിടിച്ചു അമൽ…
“സന്തോഷമായില്ലേ എന്റെ മാതൂന്… അച്ഛനും അമ്മയ്ക്കും നിന്നെ ഇഷ്ടമാവുമോ എന്ന് ഭയന്നിടത്ത് നിന്ന് അവർക്കിത്രയും പ്രിയപ്പെട്ടവളായ് തീർന്നതിൽ… ”
അവളിൽ കുസൃതി കാണിച്ചവൻ ചോദിക്കുമ്പോൾ നിറഞ്ഞ സന്തോഷത്തോടെ അവനെയിറുക്കെ പുണർന്നവൾ
“എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അമൽ… അച്ഛനില്ലാത്ത എനിയ്ക്ക് ഇത്രയും സ്നേഹമുള്ള ഒരച്ഛനെ തന്ന നിനക്ക് ഞാനെന്താണ് തരേണ്ടത്…?
വിങ്ങിപ്പൊട്ടി ചോദിക്കുന്നവളെ വരിഞ്ഞടുക്കി പിടിച്ചവൻ
“എനിയ്ക്ക് നിന്നെ മതി മോളെ…. ”
പറയുന്നതിനൊപ്പം അവളുമായ് കിടക്കയിലേക്ക് മറിഞ്ഞു കഴിഞ്ഞിരുന്നു അമൻ…
അവിടെ അവരവരുടെ സ്നേഹം പങ്കിട്ട് സ്വർഗ്ഗം തീർക്കുമ്പോൾ അടുക്കളയിൽ വർദ്ധിച്ച ദേഷ്യത്തോടെ രേവതിയോട് ദേഷ്യപ്പെടുകയാണ് പദ്മനാഭൻ, ഒപ്പം മാതു പരത്തി വെച്ച ചപ്പാത്തിയെടുത്ത് പുറത്തെ കാടിവെള്ളത്തിലേക്കിട്ടയാൾ….
“നിന്നോടെത്ര വട്ടം പറഞ്ഞു തരണം രേവതീ അവളെ അടുക്കളയിൽ കയറ്റരുതെന്ന് … എന്റെ വീടിന്റെ ഉമ്മറപടി താണ്ടാൻ യോഗ്യതയില്ലാത്തവളാണ് അവളും അവളുടെ കൂട്ടക്കാരും.. ആ അവളെന്റെ മകന്റെ ഭാര്യയായതു ഞാൻ കണ്ടില്ലാന്നു വെയ്ക്കും… പക്ഷെ ഈ അടുക്കളയിൽ അവൾ വേണ്ട… അവളുടെ കൈ തൊട്ട ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കില്ല ഞാൻ… ഈ അടുക്കളയിൽ കയറ്റരുത് നീയാ&&&&&## യെ….കേട്ടോടീ…
പറയുന്നതിന്റെ കൂടെ വേദനിപ്പിക്കും വിധം രേവതിയുടെ കവിളത്തൊന്നയാൾ തട്ടുക കൂടി ചെയ്ത് അടുക്കളയിൽ നിന്നിറങ്ങി പോയതും നിറഞ്ഞൊഴുകി ആ അമ്മയുടെ മിഴികൾ
അറപ്പും വെറുപ്പുമാണ് പദ്മനാഭന് മാതുവിനോട് … അതും ജാതിയിൽ താഴ്ന്നതിന്റെ പേരിൽ..
അവളുടെ കൈ തൊട്ട ഒന്നും വേണ്ടായെന്ന് വാശിപ്പിടിക്കുന്ന അയാൾക്ക് അവളുടെ പണത്തിനോടും സമ്പത്തിനോടും മാത്രം ആ അയിത്തമില്ല…
സ്നേഹം ചാലിച്ച ശബ്ദത്തിൽ സംസാരിച്ച് മാതുവിന്റെ കയ്യിൽ നിന്ന് പണം വാങ്ങി യഥേഷ്ടം ചിലവാക്കുന്ന അയാൾ പക്ഷെ തന്റെ വീട്ടിലെ ജോലിക്കാരിയെക്കാൾ താഴെ അവളെ കാണുന്നതോർക്കുമ്പോൾ പിടയും ആ അമ്മ മനം പലപ്പോഴും…
പക്ഷെ എതിർക്കാൻ വയ്യ… അനുസരിച്ച് ശീലിച്ചുപോയ്….
താലിക്കെട്ടിയ ഭർത്താവിനോടുള്ള ദേഷ്യമെരിഞ്ഞവരുടെ ഉള്ളിലെങ്കിലും കുടുംബത്തിനകത്തെ സമാധാനം ഓർത്തവരെല്ലാം കണ്ടില്ലാന്നു നടിച്ചു പോന്നു…
രേവതി വിളമ്പി കൊടുത്തതിനപ്പുറം തന്നിഷ്ടത്തിന് ആവശ്യത്തിന് ഭക്ഷണം മാതു എടുത്തു കഴിച്ചതുകൊണ്ടു മാത്രം അവൾ എടുത്തതെന്നും ഞാൻ തൊടില്ലെന്നു പറഞ്ഞ് ദേഷ്യത്തിൽ എഴുന്നേറ്റു പോയ അയാളെ പകപ്പോടെ നോക്കി രേവതി….
“അച്ഛനെന്താ അമ്മേ കഴിക്കാതെ പോയത്…?
ഇഷ്ടപ്പെട്ടില്ലേ കറികൾ….?
നിഷ്കളങ്കമായ് ചോദിക്കുന്നവളെ നിശബ്ദം നോക്കിയിരുന്നവർ
അച്ഛനെന്തു പറ്റിയമ്മേ… ?
കുറെ ദിവസായല്ലോ പലപ്പോഴായ് അച്ഛൻ ആഹാരം മുഴുവൻ കഴിക്കാതെ എഴുന്നേറ്റു പോവുന്നു, എന്താ പറ്റിയത് അച്ഛന്… വല്ല വയ്യായ്കയും ഉണ്ടോ…?
ഹോസ്പിറ്റലിൽ കാണിക്കണോ അച്ഛനെ…?
വിളമ്പിയ മുഴുവൻ ഭക്ഷണവും കഴിക്കാതെ എഴുന്നേറ്റു പോവുന്ന അച്ഛനെ നോക്കി അമൽ ആകുലപ്പെടുമ്പോൾ അവനോടെന്തു മറുപടി പറയണമെന്നറിയാതെ നിന്നു രേവതി
നിന്റെ ഭാര്യയ്ക്കൊപ്പമിരുന്ന് കഴിക്കാൻ നിന്റെ അച്ഛന് പറ്റില്ലെന്നോ, അവളു തൊട്ടത് എന്റെ പ്രമാണിയായ അച്ഛൻ കിഴക്കില്ലെന്നോ വിളിച്ചു പറയാനാവാതെ നിസ്സഹായയായ് നിന്നുരുകി രേവതി…
രണ്ടു ദിവസങ്ങൾക്ക് ശേഷമൊരു ദിവസം രാത്രി നേരത്തെ തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന അച്ഛനെ കണ്ടമ്പരന്നു ജോലി കഴിഞ്ഞെത്തിയ അമലും മാതുവും
“ഇതെന്താ അച്ഛാ പതിവില്ലാതെ നേരത്തെ കഴിക്കുന്നത്…?
രാവിലേം ഇങ്ങനെ തന്നെ കണ്ടല്ലോ…?
അമൽചോദിച്ചതും പദ്മനാഭന്റെ നോട്ടം രേവതിയിൽ വീണു
“അച്ഛന് ഗ്യാസിന്റെ ചെറിയൊരു പ്രശ്നമുണ്ട് അമൽ… നേരത്തെ ഭക്ഷണംകഴിച്ചാൽ അതുണ്ടാവില്ലാന്നാണ് …
മനസ്സിൽ കരുതി വെച്ച മറുപടി അമലിനോടു പറയുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല അവർ…
“അച്ഛാ… ദാ.. അച്ഛൻ രാവിലെ ചോദിച്ച പൈസ… വരുമ്പോഴാ എടുത്തത്…”
ചിരിയോടെ പദ്മനാഭനു നേരെ മാതു നീട്ടിയ പണം യാതൊരു മടിയുമില്ലാതെ കൈ നീട്ടി വാങ്ങുന്ന തന്റെ ഭർത്താവിനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി രേവതി…
” ഈ പണത്തിന് നിങ്ങൾക്ക് അയിത്തമില്ലേ….? നിങ്ങളിലും താണൊരുവൾ തന്നതല്ലേ…?
അയാളെ തനിച്ചു കിട്ടിയപ്പോൾ അവർ ചോദിച്ചതിന് തിരികെയൊരു നോട്ടമായിരുന്നു പദ്മനാഭന്റെ മറുപടി…
“അമലേ… നീയൊന്ന് സിറ്റി ഹോസ്പ്പിറ്റലിലേക്ക് വാ… അച്ഛനൊന്ന് വീണിട്ട് കൊണ്ടുവന്നിട്ടുണ്ട് ഇങ്ങോട്ട്…. ”
ഒരുച്ഛനേരത്ത് അമ്മ വിളിച്ചു പറഞ്ഞതും മാതുവും അമലും ഹോസ്പ്പിറ്റലിലെത്തി…
പറമ്പിൽ തെന്നി വീണ് വലംകയ്യും ഇടം കാലും പ്ലാസ്റ്ററിട്ടു ദേഹം നിറയെ മുറിവുമായ് കണ്ണടച്ച് കിടക്കുന്ന അച്ഛൻ മക്കൾക്കു വേദനയായെങ്കിൽ രേവതിയിൽ ഇനിയും വരാനുണ്ട് നിങ്ങൾക്കെന്ന ഭാവമാണ്…
“വിശപ്പായില്ലാന്ന് പറഞ്ഞ് കഴിക്കാതിരിക്കാൻ പറ്റില്ല അച്ഛാ… ഭക്ഷണം കഴിച്ചിട്ട് വേണം മരുന്നു കഴിക്കാൻ…. അച്ഛൻ മെല്ലെ വാ ഒന്ന് തുറന്നു തന്നാൽ മതി… ഞാൻ ചെറിയ ഉരുളകളാക്കി ചോറുവാരി തരാം…
പദ്മനാഭന് മുന്നിൽ ചോറു പാത്രവുമായ് വന്നിരിക്കുകയാണ് മാതു… അമലിന് ലീവു കിട്ടാത്തതു കൊണ്ട് അവളാണ് ലീവെടുത്ത് വീട്ടിലിരുന്നയാളെ നോക്കുന്നത്…
” മോള് വെറുനെബുദ്ധിമുട്ടണ്ട…
രേവതി തന്നോളും എനിയ്ക്ക് ചോറ്… മോളവളെ വിളിക്ക് …,
ചോറ്റുപാത്രവുമായ് മുന്നിലിരിക്കുന്നവളുടെ കയ്യിൽ നിന്ന് ഭക്ഷണം കഴിക്കില്ല എന്നൊരു വാശി ഉള്ളിൽ മറച്ച് ശാന്തനായ് പദ്മനാഭൻ പറഞ്ഞതും അയാളെ നോക്കി പുഞ്ചിരിച്ചവൾ…
“അമ്മയ്ക്ക് വയ്യ അച്ഛാ… ഇത്രയും ദിവസം ഹോസ്പ്പിറ്റലിൽ നിന്നിട്ടാണ്… അമ്മയാണ് പറഞ്ഞതെന്നോട് അച്ഛന് ആഹാരം തരാൻ…. മറ്റു കാര്യങ്ങൾക്ക് സഹായിക്കാൻ അമ്മ വരും… ബാത്ത് റൂമിലോ മറ്റോ പോണേൽ ഞാനൂടി സഹായിക്കാം അമ്മയെ…”
വളരെ സാധാരണയെന്ന വിധം മാതു പറഞ്ഞതും എന്തു ചെയ്യുമെന്നൊരാധി നിറഞ്ഞു പദ്മനാഭനിൽ…
രേവതി മനപൂർവ്വമാണ് ഇതെല്ലാം ചെയ്യുന്നതെന്നറിവിൽ ഒന്നും ചെയ്യാനോ മാതുവിനോടുള്ള തന്റെ അനിഷ്ടം തുറന്നു കാണിക്കാനോ പറ്റാതെ അയാൾ കിടന്നതും മാതു നീട്ടിയ ഒരുരുള ചോറയാളുടെ ചുണ്ടിനോരം എത്തിയിരുന്നു..
എതിർക്കാനാവാതെ വാ തുറന്നത് സ്വീക്കരിക്കുമ്പോൾ സ്വയം നിയന്ത്രിക്കാൻ പാടുപ്പെടുന്നുണ്ടായിരുന്നയാൾ…
“ഈ…. കിടപ്പിൽ നിന്ന് ഞാനെഴുന്നേറ്റാലന്നു നിന്റെ മരണം എന്റെ കൈ കൊണ്ടാണ് രേവതി… ”
ഭക്ഷണം നല്കി മാതു പോയതിനു പിന്നാലെ മുറിയിലെത്തിയ രേവതിയോട് കിടന്ന കിടപ്പിൽ പദ്മനാഭൻ ശബ്ദമുയർത്തിയെങ്കിലും രേവതിയുടെ മുഖത്ത് തികഞ്ഞ പുച്ഛം മാത്രം നിറഞ്ഞു നിന്നു
“ആ കുട്ടി ജോലിയെടുത്ത് കൊണ്ടുവരുന്ന കാശ് കൈ നീട്ടി വാങ്ങാൻ നിങ്ങൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ അവളുടെ കൈ കൊണ്ടവൾ ഉണ്ടാക്കി നിങ്ങൾക്ക് വാരിത്തരുന്ന ഭക്ഷണവും കഴിക്കാൻ പറ്റണം നിങ്ങൾക്ക്, അല്പ നേരം മുമ്പ് കഴിച്ചതു പോലെ…
ആ കുട്ടിയുടെ സ്നേഹമോ പരിചരണമോ കിട്ടാൻ യോഗ്യനല്ല നിങ്ങൾ എന്നറിഞ്ഞിട്ടും ഞാനിത് ചെയ്യുന്നത് അങ്ങനെയെങ്കിലും നിങ്ങളൊന്ന് നന്നായ്ക്കോട്ടെ എന്നു കരുതിയാണ്….
ഇതൊരവസരമാണ് നിങ്ങൾക്ക് സ്വയം തിരുത്താൻ….
“തിരുത്തിയില്ലെങ്കിൽ നിങ്ങളീ കിടപ്പിൽ നിന്നെഴുന്നേൽക്കുമ്പോൾ നിങ്ങളുടെ യഥാർത്ഥ സ്വഭാവം ഞാൻ മക്കൾക്ക് മുന്നിൽ വെളിവാക്കും… എന്നിട്ടവർക്കൊപ്പം ഞാനും ഈ വീട് വിട്ടു പോവും…
“എന്തു വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം… കഴിക്കാനോ കുടിക്കാനോ വല്ലോം വേണേൽ മോളെ വിളിച്ചാൽ മതി…
പദ്മനാഭനെ പറഞ്ഞേല്പിച്ച് രേവതി മുറി വിട്ടിറങ്ങുമ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ടു മറിയണമെന്നോലോചിച്ച് കിടന്നയാൾ…. ഒരിക്കലും അവസാനിക്കാത്ത ചിന്തകളോടെ….
രജിത ജയൻ