“എന്റെ ഭർത്താവും സ്വന്തം കൂടപ്പിറപ്പും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു! അതിന്റെ സന്തോഷത്തിന് വാങ്ങിയ ലഡു ആണ്, എടുത്തോ!”
വിദ്യ അത് പറഞ്ഞതും കണ്ണിമ ചിമ്മാതെ മരിയ അവളെ നോക്കി നിന്നു പോയി. ലഡു ഇരിക്കുന്ന ആ കവർ മരിയയുടെ കൈകളിൽ ഇരുന്നു വിറച്ചു. ചുറ്റുമുള്ള ഹോസ്പിറ്റൽ ഇടനാഴിയിലെ ബഹളങ്ങളൊന്നും മരിയ കേൾക്കുന്നുണ്ടായിരുന്നില്ല.
വിദ്യയുടെ മുഖത്ത് ഒരു തരം മരവിച്ച ചിരിയായിരുന്നു. അവൾ ഇനി തന്നോട് തമാശ പറയുകയാണോ എന്ന് കരുതി നോക്കിയ മരിയയ്ക്ക് തെറ്റി, ആ കണ്ണുകളിൽ കനൽ എരിയുന്നുണ്ടായിരുന്നു.
ഗൾഫിലെ പ്രശസ്തമായ ആ ഹോസ്പിറ്റലിൽ നേഴ്സുമാരാണ് രണ്ടു പേരും. മലയാളികൾ ആയതു കൊണ്ട് തന്നെ അവർക്കിടയിൽ സഹോദരിമാരെപ്പോലെയുള്ള ബന്ധമായിരുന്നു.
വിദ്യയെ എല്ലാവർക്കും അറിയാം; അങ്ങേയറ്റം പിശുക്കിയായ, സ്വന്തം കാര്യത്തിന് ഒരു രൂപ പോലും ചിലവാക്കാത്ത പെണ്ണ്. ഒരു മുട്ടായി പോലും ആർക്കും വാങ്ങിത്തരാത്തവളാണ് അവൾ. കിട്ടുന്ന ഓരോ ദിർഹവും കൃത്യമായി നാട്ടിലേക്ക് അയക്കും. അങ്ങനെയുള്ളവളാണ് ഇന്ന് ഒരു വലിയ പാക്കറ്റ് ലഡുവുമായി ഡ്യൂട്ടിക്ക് വന്നിരിക്കുന്നത്.
”വിദ്യാ… നീയെന്താ ഈ പറയുന്നത്? നിനക്ക് വട്ടായോ?” മരിയ പതുക്കെ ചോദിച്ചു.
വിദ്യ ഒരു ദീർഘശ്വാസമെടുത്ത് മരിയയുടെ തോളിൽ കൈവെച്ചു. “വട്ടല്ല മരിയേ, ബോധം ഉദിച്ചതാണ്. കുറെ കാലം പൊട്ടിയായിരുന്നല്ലോ ഞാൻ.
ആ പാവം അഭിനയിച്ച രാജീവിനും, എന്റെ സ്വന്തം ചേച്ചിക്കും വേണ്ടി മരുഭൂമിയിൽ കിടന്ന് ഉരുകിയവളല്ലേ ഞാൻ? അവർക്ക് വേണ്ടത് എന്റെ പണം മാത്രം ആയിരുന്നു.., ഓവർടൈമും മറ്റും ചെയ്ത് ഞാൻ അയച്ചു കൊടുക്കുന്ന പണം കൊണ്ട് അവരവിടെ സുഖിച്ചു ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിയുകയായിരുന്നു..
ഒന്നും മനസ്സിലാക്കാതെ ഞാൻ വെറും ഒരു പൊട്ടിയായി. എന്നാലും സാരമില്ല ഇപ്പോൾ എനിക്ക് സന്തോഷമാണ് വൈകിയാണെങ്കിലും എല്ലാവരുടെയും തനിനിറം എനിക്ക് മനസ്സിലായല്ലോ.” അത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ മരിയയിൽ നിന്ന് ഒളിപ്പിച്ച്
അവൾ പതുക്കെ വാർഡിന്റെ അറ്റത്തുള്ള ബാൽക്കണിയിലേക്ക് നടന്നു.
മരിയയും ഒപ്പം കൂടി. വിദ്യ തന്റെ കഥ പറഞ്ഞു തുടങ്ങി.
മൂന്ന് വർഷം മുൻപാണ് വിദ്യ ആദ്യമായി ഈ മണ്ണിൽ കാലുകുത്തിയത്. അന്ന് നാട്ടിൽ അവളുടെ മോന് വെറും മൂന്ന് വയസ്സ്. ഭർത്താവ് രാജീവ് അവളെ വിട്ടുപിരിയാൻ സമ്മതിക്കാതെ കെട്ടിപ്പിടിച്ചു കരഞ്ഞത് ഇപ്പോഴും വിദ്യയുടെ ഓർമ്മയിലുണ്ട്.
”നീ പോകണ്ട വിദ്യേ… നമുക്ക് ഈ ദാരിദ്ര്യത്തിൽ ഇങ്ങനെ കഴിഞ്ഞു കൂടാം. നിന്നെ വിട്ട് എനിക്ക് പറ്റില്ല.” എന്നായിരുന്നു രാജീവിന്റെ വിലാപം.
പക്ഷേ, തലയ്ക്കു മുകളിൽ നിൽക്കുന്ന കടം വീട്ടാൻ താൻ പോയേ തീരൂ എന്ന് വിദ്യ ഉറപ്പിച്ചു പറഞ്ഞു. അറിയാത്ത ബിസിനസ് ചെയ്ത് രാജീവ് തന്നെ വരുത്തിവെച്ച കടം ആയിരുന്നു..
കടം കൊടുത്തവർ ദിവസവും വന്ന് ഭീഷണിപ്പെടുത്തി എല്ലാംകൊണ്ടും ജീവിതം മടുത്തു പോയ സമയത്താണ് ഇങ്ങനെ ഒരു ജോബ് ഓഫർ നഴ്സിംഗ് പഠിച്ച വിദ്യയ്ക്ക് വന്നത് അവൾക്ക് അത് തട്ടിക്കളയാൻ തോന്നിയില്ല..
വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവ് മരിച്ച തന്റെ ജ്യേഷ്ഠത്തി ദിവ്യയോട് കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചാണ് അവൾ വിമാനം കയറിയത്… മൂന്നു വയസ്സുള്ള കുഞ്ഞിനെ ദിവ്യ ഒരു അമ്മയെപ്പോലെ നോക്കിക്കോളും എന്ന് കരുതി വേറെ ഒന്നും അവൾ ചിന്തിച്ചിരുന്നില്ല..
അതായിരുന്നു അവൾ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരമെന്ന് ഇന്ന് അവൾ തിരിച്ചറിയുന്നു.
”ദിവ്യേച്ചി പാവമാണെന്നാ ഞാൻ കരുതിയത് മരിയേ. അവൾക്ക് ഒരു കൂട്ടില്ലല്ലോ എന്ന് കരുതിയാണ് ഞാൻ അവളെ വീട്ടിലേക്ക് വിളിച്ചു നിർത്തിയത്. എന്റെ മകനെ നോക്കാൻ അവളെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്ന മറ്റാരുണ്ട് എന്നായിരുന്നു എന്റെ ചിന്ത.” വിദ്യയുടെ സ്വരം ഇടറി.
ആദ്യമൊക്കെ നാട്ടിൽ നിന്ന് വിളിക്കുമ്പോൾ രാജീവ് വാചാലനാകുമായിരുന്നു. “വിദ്യേ, ദിവ്യ ഉള്ളതുകൊണ്ട് കുഞ്ഞിന്റെ കാര്യം എനിക്ക് നോക്കണ്ട. അമ്മയും അവളും കൂടെ അവനെ നന്നായി നോക്കുന്നുണ്ട്.” എന്നൊക്കെ കേൾക്കുമ്പോൾ വിദ്യയ്ക്ക് സമാധാനമായിരുന്നു. അതുകൊണ്ട് തന്നെ ഓവറോൾ ഡ്യൂട്ടിയെടുത്തും ഉറക്കമിളച്ചും അവൾ പണമുണ്ടാക്കി നാട്ടിലേക്ക് അയച്ചു കൊണ്ടിരുന്നു.
”കഴിഞ്ഞ ദിവസം ഞാൻ ആരോടും പറയാതെ നാട്ടിലേക്ക് പോയത് അവർക്കൊരു സർപ്രൈസ് കൊടുക്കാനായിരുന്നു. രാജീവിനും മോനും വരാനുള്ള വിസയും പാസ്പോർട്ടും ഒക്കെ റെഡിയാക്കിയിരുന്നു ഞാൻ. അവരെ ഇങ്ങോട്ട് കൊണ്ടു പോരാം എന്ന സന്തോഷത്തിലായിരുന്നു ഞാൻ വീട്ടുമുറ്റത്ത് എത്തിയത്.” വിദ്യ തുടർന്നു.
വീടിന്റെ ഉമ്മറത്ത് എത്തിയപ്പോൾ കണ്ട കാഴ്ച അവളെ തളർത്തിക്കളഞ്ഞു. തന്റെ സ്ഥാനത്ത് തന്റെ ചേച്ചി ആ വീട്ടിലെ അധികാരിയായി മാറിയിരിക്കുന്നു. രാജീവിന്റെ അമ്മയ്ക്കും അവളായിരുന്നു ഇപ്പോൾ പ്രിയപ്പെട്ടവൾ. വിദ്യ അയച്ച പണം കൊണ്ട് അവർ സുഖമായി ജീവിക്കുന്നു. ഒരു അന്യയെപ്പോലെ വിദ്യ വാതിൽക്കൽ നിന്നു.
”നീ എന്തിനാ ഇപ്പോൾ വന്നത് വിദ്യേ? ഒന്ന് വിളിച്ചു പറഞ്ഞിട്ട് വരാമായിരുന്നില്ലേ?” എന്നായിരുന്നു തന്നെ കണ്ടപ്പോൾ രാജീവിന്റെ ആദ്യ ചോദ്യം. സ്നേഹപ്രകടനങ്ങൾക്ക് പകരം അവിടെ കണ്ടത് ഭയമായിരുന്നു.
വിദ്യ എല്ലാം പെട്ടെന്ന് മനസ്സിലാക്കി. തന്നെക്കാൾ അധികം രാജീവിനെ സ്നേഹിക്കുന്നത് ദിവ്യയാണെന്നും, അവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നും വിദ്യയുടെ മുഖത്ത് നോക്കി പറയാൻ അവർക്ക് മടിയുണ്ടായിരുന്നില്ല.
”ദിവ്യ കരഞ്ഞു പറഞ്ഞു, ‘വിദ്യേ, നീ അവിടെ സുഖമായി ജോലി ചെയ്ത് പണം ഉണ്ടാക്കുന്നുണ്ടല്ലോ. എനിക്ക് ഇവിടെ ഇങ്ങനെയൊക്കെയല്ലേ പറ്റൂ. രാജീവേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട്.’ എന്ന്. എന്റെ സ്വന്തം രക്തം തന്നെ എന്റെ നെഞ്ചിൽ കത്തി കേറ്റുകയായിരുന്നു..
ദിവ്യയ്ക്ക് എന്റെ ഭർത്താവിനെ ആയിരുന്നു ആവശ്യം അവൾ എന്നോട് രാജീവിനെ വിട്ടുകൊടുക്കാൻ വേണ്ടി എന്റെ കാലുപിടിച്ചു കരഞ്ഞു.
പക്ഷേ അപ്പോഴും എന്റെ ഭർത്താവ് അഭിനയിച്ച് എന്നെ തോൽപ്പിച്ചു അയാൾക്ക് എന്റെ പണം വേണം എന്ന് അതോടെ എനിക്ക് മനസ്സിലായി.
രാജീവ് പിന്നീട് പിന്നാലെ നടന്നു കരഞ്ഞു. “അതൊക്കെ ദിവ്യ ഓരോന്ന് പറഞ്ഞു എന്നെ വശീകരിച്ചതാണ് വിദ്യേ. എനിക്ക് നിന്നെയാണ് ഇഷ്ടം.” എന്ന് പറഞ്ഞ് കാലുപിടിച്ചു.
വിദ്യ ഒന്ന് പുച്ഛിച്ചു ചിരിച്ചു. “അയാൾക്ക് എന്നോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നെങ്കിൽ ആര് വന്ന് വശീകരിച്ചാലും അയാൾ വീഴില്ലായിരുന്നു മരിയേ.
അവർക്ക് വേണ്ടി ഇവിടെ പണിയെടുത്ത എന്നെക്കുറിച്ച് ഒരു നിമിഷം ആലോചിച്ചിരുന്നെങ്കിൽ അയാൾ ഇത് ചെയ്യില്ലായിരുന്നു. അതുകൊണ്ട് ഞാൻ ആരോടും ക്ഷമിക്കാൻ തയ്യാറായില്ല.”
ഒരു കൂട്ടിനു വേണ്ടി എന്നെ ചതിച്ച കൂടപ്പിറപ്പിനോടും.
.. എന്റെ പണം കിട്ടാൻ വേണ്ടി എന്ത് കളവും പറയാൻ തയ്യാറായ ഭർത്താവിനോടും ഒന്നും ഇനിയും സോഫ്റ്റ് കോർണർ കാണിക്കാൻ എനിക്ക് തോന്നിയില്ല….
പിന്നെ അയാൾ അവസാനത്തെ അടവ് എടുത്തു എന്റെ കുഞ്ഞിനെ എനിക്ക് തരില്ല എന്ന്.. വിദ്യാ ആകെ തകർന്നിരുന്നു മരിയ അവളെ കെട്ടിപ്പിടിച്ചു… ഇത്ര വലിയ പ്രശ്നത്തിന് ശേഷം ആണ് അവൾ ഇവിടെ വന്ന് നിൽക്കുന്നത് എന്ന് മരിയയ്ക്ക് അറിയില്ലായിരുന്നു..
പിന്നീടാണ് വിദ്യ തന്റെ മകനെ ബലമായി പിടിച്ചുവാങ്ങി അന്ന് തന്നെ അവിടെ നിന്നിറങ്ങി. ഇപ്പോൾ ഗൾഫിലേക്ക് തിരിച്ചുവന്നിരിക്കുന്നത് കുഞ്ഞിനെയും കൊണ്ടാണ് എന്നെല്ലാം മരിയ അറിഞ്ഞത്…
തന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ വീട്ടിൽ നിന്ന് അവരെ ഇറക്കി വിടാനോ കേസ് കൊടുക്കാനോ അവൾ നിന്നില്ല.
പകരം തന്റെ സമ്പാദ്യവും കുഞ്ഞിനെയും കൊണ്ട് അവൾ നേരെ എയർപോർട്ടിലേക്ക് തിരിച്ചു.
”ഇപ്പോൾ എന്റെ കൂടെ എന്റെ മോനുണ്ട്. അവനെ ഞാൻ ഇവിടുത്തെ ഒരു നല്ല ഡേ കെയറിൽ ചേർത്തു. ഇനി ആരും ഇല്ല ഞങ്ങൾക്ക്. അവർ രണ്ടുപേരും അവിടെ അടിച്ചുപൊളിച്ചു ജീവിക്കട്ടെ.
ഞാൻ അയക്കുന്ന പണമില്ലാതെ അവർ എങ്ങനെ ജീവിക്കും എന്ന് എനിക്ക് കാണണം. എന്തായാലും ഇത്തവണത്തെ നാട്ടിൽ പോക്ക് എനിക്ക് വലിയ അനുഗ്രഹം തന്നെയായിരുന്നു ഒരു വലിയ കുഴിയിൽ നിന്നാണ് ഞാനിപ്പോൾ രക്ഷപ്പെട്ടത് അതുകൊണ്ടാണ് ഞാൻ ഈ ലഡു വാങ്ങിയത്.”
വിദ്യ ലഡു പാക്കറ്റിൽ നിന്ന് ഒന്ന് എടുത്ത് മരിയയുടെ വായിൽ വെച്ച് കൊടുത്തു.
”കഴിക്ക് മരിയേ… ഇത് ഒരു പുതിയ തുടക്കത്തിന്റെ സന്തോഷമാണ്.
ഇനി ഞാൻ എനിക്ക് വേണ്ടിയും എന്റെ മകന് വേണ്ടിയും മാത്രമേ ജീവിക്കൂ. വേറെ ആർക്കും വേണ്ടിയല്ല.”
വിദ്യയുടെ ആത്മവിശ്വാസം നിറഞ്ഞ മുഖം കണ്ടപ്പോൾ മരിയയ്ക്ക് ആദ്യം തോന്നിയ അമ്പരപ്പ് ബഹുമാനമായി മാറി. തകർന്നു പോകേണ്ടിടത്ത് നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന തന്റെ കൂട്ടുകാരിയെ മരിയ ചേർത്തുപിടിച്ചു.
”നീ ധീരയാണ് വിദ്യേ… നിനക്കും നിന്റെ കുഞ്ഞിനും നല്ലത് മാത്രമേ വരൂ.” മരിയ പറഞ്ഞു.
വിദ്യ പതുക്കെ ചിരിച്ചു. അവൾ വാച്ചിലേക്ക് നോക്കി. “ഡ്യൂട്ടി സമയം തുടങ്ങാറായി മരിയേ, നമുക്ക് പോകാം. ഇനിയും ഒരുപാട് അധ്വാനിക്കാനുണ്ട്, പക്ഷേ ഇത്തവണ ലക്ഷ്യം മറ്റൊന്നാണ്.”
കയ്യിലുണ്ടായിരുന്ന ബാക്കി ലഡു പാക്കറ്റുമായി വിദ്യ ആത്മവിശ്വാസത്തോടെ വാർഡിലേക്ക് നടന്നു പോയി. അവളുടെ ചുവടുകൾക്ക് മുൻപത്തേക്കാൾ വേഗതയും കരുത്തും ഉണ്ടായിരുന്നു.
സ്റ്റോറി by ചന്ദ്ര
