നാളെ എന്റെ മകളുടെ വിവാഹമാണ്. എന്നെയും ക്ഷണിച്ചിട്ടുണ്ട്. നിങ്ങൾക്കറിയില്ലേ ഗായത്രിയെ അല്ല ഗായത്രി മേനോനെ ?

ഭ്രാന്തി.

രചന: സജി മാനന്തവാടി .

നാളെ എന്റെ മകളുടെ വിവാഹമാണ്. എന്നെയും ക്ഷണിച്ചിട്ടുണ്ട്. നിങ്ങൾക്കറിയില്ലേ ഗായത്രിയെ അല്ല ഗായത്രി മേനോനെ ? ജനകോടികളുടെ രോമാഞ്ചമായ സുപ്രസിദ്ധ സിനിമ നടി ഗായത്രി മേനോന്റെ അമ്മയാണ് ഈ ഞാൻ . നിങ്ങളുടെ മകൾ വെറും ഗായത്രി മാത്രമല്ലെയെന്ന് നിങ്ങൾ ചോദിച്ചേക്കാം . ശരിയാണ് അന്നവൾ ഗായത്രി മാത്രമായിരുന്നു.

ഗവൺമെന്റ് ആശൂപത്രിയിൽ ഞാനവൾക്ക് ജന്മം കൊടുക്കുമ്പോൾ എനിക്ക് കൂട്ടിന് ഞാൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന എന്റെ ഭർത്താവ് വിശ്വനാഥമനോനുമുണ്ടായിരുന്നു. പക്ഷേ എട്ടാം പക്കം എന്നെ നോക്കാൻ വന്നവളുമായി അയാൾ പോയപ്പോൾ ജനസമൃദ്ധമായ ഈ രാജ്യത്ത് ഞാനൊറ്റയ്ക്കായി .ഇളകി മറിയുന്ന പ്രക്ഷുബ്ധമായ കടലിൽ എങ്ങോട്ട് തുഴയണമെന്നറിയാതെ ഞാൻ കുഴങ്ങി .തീരം എവിടെയെന്ന് എനിക്കറിയില്ലായിരുന്നു .പക്ഷേ തുഴയായി അവളുണ്ടായിരുന്നു എൻ്റെ മകൾ ഗായത്രി .
അവൾ സുന്ദരി ആയിരുന്നു. അതുകൊണ്ട് അവളെ തനിച്ചാക്കി പോകാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല.എന്തിന് നേരാംവണ്ണം ഒന്ന് ടോയ്‌ലറ്റിൽ പോകാൻ പോലും എനിക്ക് സാധിച്ചിരുന്നില്ല. എൻ്റെ കുട്ടിയെ ആരെങ്കിലും കട്ട് കൊണ്ടുപോകും എന്നായിരുന്നു ചിന്ത.എന്റെ ഭർത്താവെന്ന് വിളിക്കുന്ന ആ മനുഷ്യന്റെ വലിയ വീട്ടിലേക്ക് വേണമെങ്കിൽ എനിക്ക് അവളുമായി പോകാമായിരുന്നു. അവിടെ അയാളുടെ രണ്ടാം ഭാര്യയായി ,ചിലപ്പോൾ വെപ്പാട്ടിമാരിൽ ഒരാളായി കഴിയാമായിരുന്നു. പക്ഷേ ഞാനത് വേണ്ടെന്ന് വെച്ചു. ഒരു മുറിയും അടുക്കളയുമുള്ള കൊച്ചുവീട്ടിലേക്ക് ഞാനും അവളും യാത്ര തിരിച്ചു.അന്നെനിക്ക് കച്ചിത്തുരുമ്പായി ഒരു ജോലിയുണ്ടായിരുന്നു അംഗൻവാടി ടീച്ചറെന്ന ജോലി. എനിക്ക് ഏറ്റവും അനുയോജ്യമായ ജോലി. അംഗൺവാടിയിലെ കുട്ടികളിൽ ഒരാളായി അവൾ വളർന്നു. മറ്റു കുട്ടികളെയും ഞാൻ സ്വന്തം മക്കളായി വളർത്തി. സ്നേഹം കൊടുത്താൽ കാന്തം പോൽ ആകർഷിക്കുന്നവർ ലോകത്ത് കുട്ടികളല്ലാതെ മറ്റാരെങ്കിലുമുണ്ടോ ?

പുനർവിവാഹത്തിന്റെ വാതിലൊന്നു തുറന്നിട്ടിരുന്നെങ്കിൽ പലരും കടന്നുവരുമായിരുന്നു. പക്ഷേ വീണ്ടുമൊരു പരീക്ഷണത്തിന് എനിക്ക് യുവത്വമില്ലായിരുന്നു. പകൽ മാന്യമാരിൽ ചിലർ രാത്രിഞ്ചരന്മാറിയതും ഞാനറിയുന്നുണ്ടായിരുന്നു.

സ്കൂളിൽ ചേർക്കുന്ന നേരത്ത് ഗായത്രി മേനോനെന്ന് എഴുതട്ടെയെന്ന് കുഞ്ഞികൃഷ്ണൻ മാഷ് എന്നോട് ചോദിച്ചത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അത്തരം ഏച്ച് കെട്ടലുകളൊന്നും വേണ്ടെന്ന് അസന്നിഗ്ദമായിട്ടാണ് ഞാനന്ന് പറഞ്ഞ്.

അന്ന് വേദനയോ വിശപ്പോ പരിഭവങ്ങളോ പരാതിയോ തലയിണമന്ത്രങ്ങളോ എന്റെ നിഘണ്ഡുവിലില്ലായിരുന്നു. അതുപോലെ സൗന്ദര്യബോധവും എന്നിൽ നിന്ന് അകന്നു പോയിരുന്നു. നൃത്തം പഠിക്കണമെന്നത്
ഗായത്രിയുടെ ആഗ്രഹമായിരുന്നു. അവളെ അത് പഠിപ്പിക്കാൻ ഞാനൊരുപാട് ബുദ്ധിമുട്ടി. പക്ഷേ ഗായത്രി വളരെ വേഗം നൃത്തച്ചുവടുകൾ ഹൃദ്യസ്ഥമാക്കി. ഹൈസ്കൂൾ , പ്ലസ് റ്റു കലോത്സവങ്ങളിൽ കലാതിലമായി തിളങ്ങി. അതോടെ സിനിമക്കാർ അവളെ നോട്ടമിടാൻ തുടങ്ങി.
അവൾക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് അതുവരെ തിരിഞ്ഞു നോക്കാത്ത അവളുടെ അച്ഛൻ അവളെ തേടി വന്നത്. അതോടെ അവൾ എന്നിൽ നിന്ന് പതുക്കെ അകലുകയായി. ഒരു പേക്കോലം പോലെയുള്ള എന്നെ അമ്മയെന്ന് വിളിക്കുന്നത് അവൾ നാണക്കേടായി.ഗായത്രിയെന്ന പേരിന് മേനോൻ എന്ന വാൽ ചേർത്തത് അവളുടെ അച്ഛനായിരുന്നു. ഫിലിം ഇൻഡസ്ട്രിയിൽ ശോഭിക്കാൻ ഉന്നത ജാതി പേര് ഉത്തമമെന്ന് അയാൾ പറഞ്ഞപ്പോൾ അവൾ എന്റെ വാക്കുകളെ അവഗണിച്ചു. അവൾ തൊട്ടതിനും പിടിച്ചതിനും ഞാനുമായി കലഹിച്ചു .

അമ്മയ്ക്ക് ഭ്രാന്താണെന്ന് ഉറക്കെ പറയാൻ അവൾക്ക് മടിയില്ലാതായി. അച്ഛനോടൊപ്പം ചേർന്ന് ഭ്രാന്തിയെന്ന് അവളെന്നെ വിളിച്ചു. മക്കളെ അന്ധമായി സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ് ഭ്രാന്തി. ഞാനും ഒരു ഭ്രാന്തി ഹ ഹ വെറുമൊരു ഭ്രാന്തി.

സജി മാനന്തവാടി .

Leave a Reply

Your email address will not be published. Required fields are marked *