✍️ RJ
“എന്റെ പൊന്നു രാധികേ നിനക്കീ കല്യാണത്തിൽ നിന്ന് ഈ ലാസ്റ്റ് നിമിഷമെങ്കിലും പിന്മാറി കൂട്ടായിരുന്നോ…..
ഈ കല്യാണം നിന്റെ നല്ലതിനു വേണ്ടിയാണെന്ന് നിനക്ക് ഇപ്പോഴും, ഞാനിത്രയ്ക്കും പറഞ്ഞു തന്നിട്ടും തോന്നുന്നുണ്ടോ…?
തനിയ്ക്കു മുമ്പിൽ ജീവനുള്ളൊരു പാവ പോലെയിരിക്കുന്ന രാധികയുടെ ഇരു ചുമലിലും പിടിച്ചുകുലുക്കി ലിജി ചോദിച്ചതിന് വരണ്ടൊരു ചിരി മാത്രമാണ് രാധികയുടെ മറുപടിയാദ്യം…
“താലിക്കെട്ടിയവന്റെ കൂടെ നാലഞ്ചു വർഷം ജീവിച്ചിട്ടും അവന്റെയൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ,സ്വന്തം ഭർത്താവ് എന്റെ അരികിൽ നിന്നെഴുന്നേറ്റ് അന്യ സ്ത്രീകളെ തേടി പോവുന്നുണ്ടെന്നറിഞ്ഞും അത് തടയാനോ അയാളെ വിലക്കാനോ കഴിവില്ലാത്ത എല്ലാറ്റിലും ഉപരി ഇപ്പോൾ അതേ ഭർത്താവ് ഇനി അയാൾക്കൊപ്പം ഭാര്യയായ് ഞാൻ വേണ്ടെന്നു പറഞ്ഞുപേക്ഷിച്ച എനിക്ക് എന്ത് മേന്മ ഉണ്ടായിട്ടാണ് ലിജീ ഞാനീ വിവാഹത്തിൽ നിന്ന് പിന്മാറേണ്ടത്…?
എന്തു കാരണമാണ് ഞാനീ വിവാഹം ഒഴിയാൻ എന്റെ വീട്ടുകാരോട് പറയേണ്ടതെന്ന് കൂടി നീയെനിയ്ക്ക് പറഞ്ഞു താ ലിജീ…”
നിസ്സഹായതയുടെ അങ്ങേ അറ്റത്തു നിന്ന് ഹൃദയം പിടയും
നോവോടെ ചോദിക്കുന്നവളോട് എന്തു മറുപടി പറയുമെന്നാലോജിച്ച് മൗനമായവളെ നോക്കി ലിജിത….
കഥകളിലും നോവലുകളിലുമെല്ലാം വായിക്കും പോലെ ദയനീയതയുടെ അങ്ങേ അറ്റത്തുള്ളൊരുത്തി… അതാണിപ്പോൾ ലിജിതയുടെ മുമ്പിൽ രാധിക
കാര്യമായ പഠിപ്പോ പിടിച്ചു നിൽക്കാൻ സാമർത്ഥ്യമോ ഇല്ലാത്തൊരുവൾ… കെട്ടിച്ചു വിട്ടാൽ ബാധ്യത തീർന്നെന്നും ,കെട്ടിച്ചു വിട്ട പെൺമക്കൾ ബന്ധമൊഴിഞ്ഞ് തിരികെ വന്നാൽ കുടുംബം മുടിയുമെന്നു ചിന്തിക്കുന്ന മാതാപിതാക്കളുടെ മകൾ… അതിലെല്ലാം ഉപരിനാടുനീളെ പെണ്ണുപിടിച്ചു നടക്കുന്നൊരുവൻ മച്ചിയെന്നു പറഞ്ഞുപേക്ഷിച്ചവൾ….
അവളുടെ ചോദ്യത്തിന് അവളോടൊരു മറുപടി താൻ പറയണമെങ്കിൽ അതവളുടെ ജീവിതത്തിന്റെ സുരക്ഷക്കൂടി നോക്കി വേണമെന്നു കണ്ടതും മറുപടിയേതുമില്ലാതെ രാധികയെ നിസ്സംഗതയോടെ നോക്കി നിന്നു ലിജിത…
ലിജിയുടെ ഉത്തരമില്ലാത്ത ഇരുത്തം രാധികയുടെ ചുണ്ടിലൊരു വരണ്ട പുഞ്ചിരി നിറച്ചു… ഉപദേശിക്കാൻ ആർക്കും സാധ്യമാണെന്ന് കഴിഞ്ഞു പോയ ദിവസങ്ങൾ കൊണ്ടത്രയും മനസ്സിലാക്കിയിട്ടുണ്ടവൾ…
“ലിജീ…. അവളെയും കൂട്ടി ഇറങ്ങി വാ… ചെക്കനൊക്കെ വന്നിട്ടുണ്ട്… വേഗം രണ്ടൊപ്പിട്ട് ഇവളെ അവന്റെ കൂടെ പറഞ്ഞയച്ചിട്ടു വേണം എനിയ്ക്കും ഇവളുടെ അച്ഛനും ഇന്ന് രാത്രിയെങ്കിലും സ്വസ്ഥമായൊന്നുറങ്ങാൻ…
രജിസ്റ്ററോഫിസിന്റെ മുറ്റത്തു വന്നു നിർത്തിയ അയാളുടെ ,രാധികയെ രണ്ടാമത് വിവാഹം കഴിക്കാൻ പോവുന്നവന്റെയാകാർ കണ്ടതും രാധികയുടെ അമ്മ വന്നു പറഞ്ഞ വാക്കുകൾ ലിജിയിൽ സങ്കടം നിറച്ചെങ്കിലും യാതൊന്നും സംഭവിക്കാത്ത പോലെ അമ്മയ്ക്കൊപ്പം മുന്നോട്ടു നടന്നിരുന്നു രാധിക
തന്റെ കൂട്ടുകാരിയെ ഓർത്ത്, അവളുടെ ഇനിയുള്ള ജീവിതത്തെ ഓർത്ത്
നിറഞ്ഞു പോയ് ലിജിതയുടെ മിഴികൾ
രണ്ടൊപ്പിലും കഴുത്തിൽ കെട്ടിയ ഒരു നുള്ളു പൊന്നിലും വീണ്ടുമൊരു ഭാര്യയായ് തീർന്ന രാധിക മുഖമുയർത്തി തനിയ്ക്ക് മുമ്പിൽ നിൽക്കുന്ന വാസവനെ ഒന്നു നോക്കി
ഒന്നു വിറച്ചവളുടെ ഉടലാകെ…
ചുറ്റും നിൽക്കുന്ന അത്രയും ആളുകൾക്കിടയിൽ വെച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെ
തന്റെ മാറിടങ്ങളിലേക്ക് നോക്കി ചുണ്ടു നനച്ച് സൂപ്പറെന്നു ചുണ്ടനക്കുന്ന വാസവൻ…
രാധികയുടെ കണ്ണുകൾ പെട്ടെന്നൊരാശ്രയമെന്നോണം തന്റെ അമ്മയെ നോക്കിയതും കണ്ടു വാസവന്റെ പ്രവർത്തി കണ്ട് അയാളിൽ നിന്ന് മുഖം വെട്ടിക്കുന്നവരെ
“അമ്മാ…. ഞാനെങ്ങനെയാണമ്മാ അയാൾക്കൊപ്പം… എനിയ്ക്ക് പറ്റില്ല… ”
അവസാനമായൊന്നു കൂടി തന്റെ രക്ഷക്കായ് ശ്രമിച്ചു രാധിക
” കെട്ടിയ പെണ്ണുങ്ങളോട് അങ്ങനെയൊക്കെ തന്നെയാണ് ആണുങ്ങൾ… അതിനൊക്കെ വേണ്ടി തന്നെയാണ് അവൻ നിന്നെ കെട്ടണത്…
ഒരമ്മ മകളോടു പറയാൻ പാടില്ലാത്ത വാക്കുകൾ യാതൊരു ദയയുമില്ലാതെ അവളുടെ മുഖത്തു നോക്കി പറഞ്ഞിട്ട് അച്ഛനരികിലേക്ക് ഒട്ടിനിന്നു അവളുടെ അമ്മ…
പണത്തിന്റെ പ്രൗഡിയും മഹത്വവും ഒറ്റനോട്ടത്തിലറിയുന്ന വാസവന്റെ കൊട്ടാര തുല്യമായ വീടിനുള്ളിലേക്ക് രാധിക കാലെടുത്തു വെച്ചതും അവളെ കൈക്കുള്ളിൽ കോരിയെടുത്ത് സോഫയിലേക്കിട്ടിരുന്നു വാസവൻ…
നിന്റെ എല്ലാ ചിലവും ഏറ്റെടുത്ത് നിന്നെ ഞാൻ സംരക്ഷിക്കുന്നതിന് നീയെനിക്ക് പകരം തരേണ്ടത് നിന്റെയീ ശരീരമാണ് രാധികേ… അതു നിന്റെ വീട്ടുകാരോടും ഞാൻ പറഞ്ഞിട്ടുണ്ടല്ലോ… ലാഭമില്ലാത്ത കച്ചവടം വാസവൻ ചെയ്യാറില്ലെടീ…
കാതിലയാളുടെ മുരളിച്ച യോടുള്ള സംസാരം കേട്ടതും ഒന്നെതിർക്കാൻ പോലും സാധിക്കാത്ത വിധം രാധിക ഭയന്നു കിടന്നതും അവളെന്നെ പെണ്ണിന്റെ ശരീരത്തിലേക്ക് അവളുടെ അനുവാദമേതുമില്ലാതെ കടന്നു കയറിയിരുന്നു വാസവൻ….
ദിവസങ്ങൾ മാസങ്ങളും വർഷങ്ങളുമായ് കടന്നു പോയൊരു നാൾ നിവർന്നു നിൽക്കാൻ കൂടി ആരോഗ്യമില്ലാത്തൊരവസ്ഥയിൽ രാധികയുടെ അച്ഛനേയും കൂട്ടി അവളെ തിരഞ്ഞെത്തി അവളുടെ അമ്മ….
തന്റെ അച്ഛനും അമ്മയും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്ന് ഒറ്റനോട്ടം കൊണ്ട് തിരിച്ചറിഞ്ഞിട്ടും ദയയുടെ യാതൊരു കണികയുമില്ലാതെ അവരെ നോക്കി നെഞ്ചിൽ കൈ പിണച്ചുകെട്ടി നിന്നു രാധിക
“മോളെ ഇനിയും തനിച്ചു മുന്നോട്ടു പോവാൻ വയ്യടീ…. ഒരു നേരം കഴിക്കാനും കൂടിയില്ല ഞങ്ങളുടെ കയ്യിൽ… എന്തെങ്കിലും …..
ദയനീയതയുടെ പാരമ്യത്തിൽ നിന്നവളുടെ അമ്മ പറഞ്ഞിട്ടും നിന്നിടത്തു നിന്നനങ്ങിയില്ല രാധിക…
നിങ്ങളുടെ കയ്യിൽ ജീവിക്കാൻ ആവശ്യമായതിലും അധികം സമ്പത്തും പണവുമുണ്ടായിട്ടും പെണ്ണുങ്ങൾ പഠിക്കണ്ട എന്നു പറഞ്ഞ് നിങ്ങളെനിക്ക് വിദ്യഭ്യാസം നൽകിയില്ല, അതു കൊണ്ടു തന്നെ എനിയ്ക്കിന്നൊരു ജോലിയില്ല…. വിവാഹ സമയത്ത് ഈ വസ്ത്രമല്ലാതെ മറ്റൊന്നും നിങ്ങളെനിയ്ക്ക് തരാത്തതു കൊണ്ട് പണവുമില്ല എന്റെ കയ്യിൽ…
നിങ്ങളുടെ കയ്യിലുണ്ടായിരുന്നതെല്ലാം ഞാനെന്നൊരു മകൾ ഇവിടെ മരിച്ചു ജീവിക്കുന്നുണ്ടെന്നോർക്കാതെ ധൂർത്തടിച്ച് നശിപ്പിച്ചു കളഞ്ഞതല്ലേ നിങ്ങൾ… ഇപ്പോൾ നിങ്ങൾക്ക് തരാനും എന്റെ കയ്യിൽ ഒന്നുമില്ല അമ്മേ..
രാധികയുടെ സംസാരവും പെരുമാറ്റവും അവളുടെ അമ്മയിൽ ദേഷ്യം നിറച്ചത് പെട്ടന്നാണ്…
“നിന്റെ കയ്യിൽ ഒന്നുമില്ലാഞ്ഞിട്ടും നീ മൂന്നു നേരം ഉണ്ടുറങ്ങി ഉടുത്ത് ജീവിക്കുന്നില്ലേ ടീ… അതിലൊരു പങ്കു തന്നാൽ മതി നീ…”
മകളോടു യാതൊരു നീതിയും പുലർത്തിയില്ലെങ്കിലും അവൾക്കു മുന്നിൽ താഴാൻ വയ്യാതെ ശബ്ദം ഉയർത്തിയവർ… അതു കേട്ടതും സ്വയം പുച്ഛിക്കുന്നൊരു ചിരി തെളിഞ്ഞവളിൽ ഒപ്പം ഓരോ രാത്രിയും അയാൾക്ക് കീഴിൽ അയാളുടെ പരാക്രമണങ്ങൾ സഹിച്ചു കണ്ണീർ വാർക്കുന്ന തന്നെയും മനക്കണ്ണിൽ കണ്ടവൾ….
ജന്മം തന്നവരിത്തിരി ദയ കാണിച്ചിരുന്നെങ്കിൽ തനിതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന ചിന്ത ഉള്ളിൽ വന്നതും അമ്മയെ ക്രോധത്തിൽ നോക്കിയവൾ
“ഞാൻ ഉണ്ണുന്നതും ഉടുക്കുന്നതും
എനിക്കാകെ സ്വന്തമായുള്ള എന്റെയീ ശരീരം അയാൾക്ക് അയാളുടെ ഇഷ്ടത്തിന് വിട്ടു നൽകിയിട്ടാണ്…. അവരുടെ ആവശ്യത്തിനു നമ്മുടെ ശരീരം നമ്മൾ നൽകുന്നതാണല്ലോ അമ്മയുടെ കണ്ണിൽ വിവാഹം… അങ്ങനെ എന്തെങ്കിലും അയാൾക്ക് കൊടുക്കാൻ അമ്മയുടെ കൈവശമുണ്ടെങ്കിൽ മാത്രം നിങ്ങൾക്കിവിടെ അയാളുടെ സമ്മതത്തിൽ കഴിയാം… അയാൾക്ക് ലാഭവും നേട്ടവും ഉള്ളതു മാത്രമേ അയാളെന്നും സ്വീകരിക്കാറുള്ളു … മറക്കണ്ട അത്…”
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതും പിന്നീടവരെയൊന്ന് തിരിഞ്ഞു നോക്കാതെ വീടിനകത്തേക്ക് നടന്നു രാധിക… താൻ പറഞ്ഞതൊക്കെ അവർ അർഹിക്കുന്നതാണെന്ന പൂർണ്ണ ബോധ്യത്തോടെ തന്നെ
ജനിപ്പിച്ച മകളോട് അവർ കാണിക്കാത്ത
ദയവൊന്നും അവരോട് താൻ കാണിക്കേണ്ടതില്ലെന്ന് ജീവിതം കൊണ്ടു പഠിച്ചിരുന്നു രാധിക…
RJ
