✍️ രചന: സനൽ SBT
ശീതീകരിച്ച ഹോട്ടൽ മുറിയുടെ അരണ്ട വെളിച്ചത്തിൽ ആവണി നന്ദന്റെ മാറിൽ തല ചായ്ച്ചു കിടന്നു. അവൻ തന്റെ വലതുകൈ കൊണ്ട് ആ ചുരുൾമുടിയിൽ തലോടിക്കൊണ്ടിരിരുന്നു. അവളുടെ ആ ദാഹിക്കുന്ന ചുണ്ടുകളിൽ നിന്നും അവൻ തേൻ നുകർന്നുകൊണ്ടേയിരുന്നു ഒരു കുഞ്ഞു ശലഭത്തെപ്പൊലെ .പൂവിൽ പുതിയ പൂന്തെന്നൽ എന്ന പൊലെ ഒന്നുകൂടെ നന്ദനോട് അവൾ ചേർന്ന് കിടന്നു. വീണ്ടും അവൻ അവളുടെ അർധമേനിയിൽ വിരലുകളാൽ വീണമീട്ടിക്കൊണ്ടിരുന്നു. അവളുടെ നേർത്ത നിശ്വാസം നന്ദനെ അടിമുടിയുണർത്തി .എന്നിരുന്നാലും അവളുടെ ആ കുഞ്ഞു കൺപീലികൾ കണ്ണുനീരിനാൽ നനഞ്ഞിരുന്നു. കൺകോണിലൂടെ ഊർന്നിറങ്ങിയ ചുടു കണ്ണുനീർ നന്ദന്റെ മാറിൽ വീണ് ചിതറിത്തെറിച്ചു. നന്ദൻ അവളുടെ തണ്ടൊടിഞ്ഞ താമരപ്പൂ പൊലെയുള്ള ആ കുഞ്ഞു മുഖം അവന്റെ കൈക്കുമ്പിൽ കോരിയെടുത്തു.
, “മിഴിനീർ തുടയ്ക്കെന്റെ തുമ്പപ്പൂവേ …”
നന്ദൻ വീണ്ടും ആവണിയെ തന്റെ മാറോടണച്ചു.
“ഞാനെന്തോ വലിയ ഒരു തെറ്റ് ചെയ്ത പൊലെ എനിക്കിപ്പോൾ തോന്നുന്നു. ഒന്നും വേണ്ടായിരുന്നു നന്ദേട്ടാ ”
“ഹേയ് ആരു പറഞ്ഞു നന്മൾ ഈ ചെയ്തത് തെറ്റാണെന്ന്?”
“സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വഞ്ചിച്ചിട്ട് നമ്മുക്ക് ഇങ്ങനെ ഒരു ജീവിതം വേണ്ടായിരുന്നു. കുറച്ചു കൂടി വെയിറ്റ് ചെയ്യാമായിരുന്നു .”
അല്പനേരത്തെ നന്ദന്റെ മൗനമായിരുന്നു അതിനുള്ള മറുപടി .ഇനി അങ്ങോട്ട് എന്ത് എന്ന് ആലോചിക്കുമ്പോഴേക്കാം കലിയടങ്ങാത്ത കടലു പൊലെ അവന്റെ മനസ്സിൽ തിരമാലകൾ അലതല്ലിക്കൊണ്ടിരുന്നു. .ചെയ്ത് പോയത് പക്വത ഇല്ലാത്ത ഒരു വിഡ്ഢിത്തമാണെന്ന് ഇരുവരുടേയും മനസ്സ് മന്ത്രിച്ചു.
“എന്റെ വീട്ടുകാർ നിന്നെ ഇരുകൈ നീട്ടി സ്വീകരിക്കും എന്ന എന്റെ വിശ്വാസം ആണ് തെറ്റിയത് .”
“നന്ദേട്ടാ ഇനി നമ്മൾ ?”
“ഇനി ഒന്നുമില്ല എല്ലാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട് അതുപൊലെ നടക്കും . ”
ടേബിളിന്റെ ഒരു സൈഡിൽ നിന്നും നന്ദന്റെ ഫോൺ റിങ്ങ് ചെയ്തു. അഴിഞ്ഞമുണ്ട് ഒന്നുകൂടി മടക്കിക്കുത്തി അവൻ ബെഡിൽ നിന്നും എഴുന്നേറ്റു ഫോൺ എടുത്തു.
” മോനെ നന്ദാ അമ്മയാടാ”
” ഹും. എന്താ”
” എന്റെ പൊന്നു മോൻ എവിടെയാ വീട്ടിലേക്ക് തിരിച്ച് വാടാ.”
” ഇല്ലമ്മേ എന്നെയും ഇവളെയും അടിച്ച് ഇറക്കിവിട്ട ആ അമ്പാടി തറവാട്ടിൽ ഞാൻ ഇനി ഒരിക്കലും കാല് കുത്തില്ല .”
“മോനെ നിങ്ങൾക്ക് ചെറിയ പ്രായമാണ് ഒരു തീരുമാനം എടുക്കാനുള്ള പക്വതയായിട്ടില്ല. ”
” എന്നിട്ടാണോ ഞങ്ങളെ അവിടെ നിന്നും ഇറക്കി വിട്ടത്. ആര് എതിർത്താലും അമ്മ എന്റെ കൂടെ നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.”
” അത് മോനെ അച്ഛൻ .”
” ഹാ എന്നാൽ ഞാനും ആ അച്ഛന്റെ മകൻ തന്നെയാണ് എനിക്കും ഉണ്ടാ വാശി .പിന്നെ ഇവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഞാൻ ആവണിയുടെ കഴുത്തിൽ താലിചാർത്തി.”
ഒരു ഞെട്ടലോടെയാണ് സുഭദ്ര ആ വാക്കുകൾ കേട്ടത്.
” നന്ദാ നീ,”
” ഇനി ഞങ്ങളെ അന്വഷിച്ച് ആരും ഈ വഴി വരണം എന്നില്ല ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഞങ്ങൾ സുഖമായി ജീവിച്ചോളാം.”
നന്ദൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടേബിളിന്റെ പുറത്ത് വെച്ചു.
” നന്ദേട്ടാ അമ്മ വിളിച്ചതല്ലേ പിണക്കം മറന്ന് പോകാമായിരുന്നില്ലേ രണ്ട് വീട്ടുകാരുടേയും സർപ്പോർട്ട് ഇല്ലാതെ നന്മൾ എങ്ങനെ ജീവിക്കും .മനസ്സിൽ തോന്നിയ ഒരിഷ്ട്ടം തട്ടിത്തെറിപ്പിക്കാൻ എനിക്ക് തോന്നിയില്ല അതാണ് ഞാൻ നന്ദേട്ടൻ വിളിച്ച പാടെ ഇറങ്ങിപ്പോന്നത്.”
“നിന്നെ ഞാൻ വിളിച്ച് ഇറക്കി കൊണ്ടു പോന്നിട്ടുണ്ടെങ്കിൽ നിന്നെ പോറ്റാനും എനിക്ക് കഴിയും അതിൽ നീ ടെൻഷൻ ആവണ്ട. കണ്ണീരിന്റെ കാലം കഴിഞ്ഞു ഇനിയങ്ങോട്ട് നമ്മുക്ക് ജീവിച്ച് തുടങ്ങണം നന്മൾ ആഗ്രഹിച്ച പൊലെ ഒരു ജീവിതം”
നന്ദൻ വീണ്ടും ബെഡിൽ ഇരുന്ന ആവണിയുടെ മേലോട്ട് മറിഞ്ഞു.
” പിടി വിട് എന്റെ നന്ദേട്ടാ .”
അവൾ നന്ദന്റെ കരവലയത്തു നിന്നും കുതറി മാറി.
നിർത്താതെയുള്ള കോണിംങ്ങ് ബെല്ല് അടി കേട്ടാണ് അവൻ ആ ഉദ്യമത്തിൽ നിന്നും പിൻ തിരിഞ്ഞത്.
” നന്ദേട്ടാ വാതിൽ തുറക്കല്ലേ എനിക്ക് പേടിയാവുന്നു.”
“നീ ഇങ്ങനെ പേടിക്കാതെ നന്മളെ തിരഞ്ഞ് ആര് വരാനാ അതും ഈ കൊടയ്ക്കനാലിൽ .ഞാൻ വാതിൽ തുറക്കാം അത് റും സർവ്വീസിന് വന്നതാവും ”
നന്ദൻ പതിയെ വാതിൽ തുറന്നതും കരണത്ത് ഒരു കൈ വന്ന് പതിച്ചതും ഒരുമിച്ചായിരുന്നു. അല്പസമയത്തേക്ക് ഒരു മൂളിച്ച മാത്രമാണ് നന്ദന്റെ തലയ്ക്കകത്ത് ഉണ്ടായിരുന്നത്.
” അരുണേട്ടൻ.”
ആവണി തന്റെ നഗ്നശരീരം ബെഡ് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. പേടിച്ചരണ്ട മാൻപേടയെ പൊലെ അവൾ റൂമിന്റെ ഒരു മൂലയിലേക്ക് പതുങ്ങി.
“ആവണീ മോളെ നീ ”
അരുൺ അവളെ ഒന്ന് നോക്കി. ആ കണ്ണുകളിൽ നിന്നും തീപ്പൊരി പാറി.
പാതി മാഞ്ഞ സിന്ദൂരം അവളുടെ തിരു നെറ്റിയിൽ ഒരു തിരുശേഷിപ്പായ് അവശേഷിച്ചു.
അരുൺ കോപം കൊണ്ട് വിറച്ചു. ആവണിയുടെ നേർക്ക് പാഞ്ഞടുത്തു. നന്ദൻ അരുണിനെ കടന്നു പിടിച്ചു. ഇരു പേരും പരസ്പരം കൊമ്പുകോർത്തു. അരുൺ വീണ്ടും നന്ദന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു .
“ഏട്ടാ പിടി വിട് നന്ദേട്ടനെ ഒന്നും ചെയ്യല്ലേ. ”
ആവണി അരുണിന്റെ കാൽചുവട്ടിൽ കിടന്ന് ഒരു നാഗകന്യകയെ പൊലെ തല തല്ലിക്കരഞ്ഞു. അരുൺ നന്ദനെ തള്ളി മാറ്റി. ആവണിയുടെ കൈകളിൽ കടന്നു പിടിച്ചു.
“ഇപ്പോ ഇറങ്ങിക്കോണം എന്റെ കൂടെ. ”
ആവണി നിസ്സഹായവസ്ഥത്തോടെ തന്റെ മഞ്ഞ താലിച്ചരടിലേക്ക് ഒന്ന് നോക്കി.
” ഏട്ടാ അത്.”
വീണ്ടും നന്ദൻ അരുണിന്റെ മുന്നിലേക്ക് കയറി നിന്നു.
“ഇന്നലെ വരെ ഇത് ഏട്ടന്റെ പെങ്ങൾ ആവാം പക്ഷേ ഇന്ന് ഇതെന്റെ ഭാര്യയാണ് എന്റെ സന്മതം ഇല്ലാതെ ഇവളെ നിങ്ങൾക്ക് ഇവിടെ നിന്ന് കൊണ്ടു പോകാൻ പറ്റില്ല . ഹീറോയിസം കാണിച്ചത് മതി അരുണേ.”
“ഫാ പുല്ലേ പ്രണയം എന്ന പേരിൽ കഴുത്തിൽ ഒരു മഞ്ഞ ചരടും ചാർത്തി കണ്ട ഹോട്ടൽ മുറിയും എടുത്ത് ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നതാണോടാ നിന്റെ ഹീറോയിസം.”
” അരുണേ അവളുടെ കയ്യിൽ നിന്ന് വിട്.”
” നന്ദാ ഇവളെ ഞാൻ കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ കൊണ്ടുപോയിരിക്കും എനിക്ക് ഒരു 24 മണിക്കൂറ് സമയം താ നാളെ നീ പറയുന്ന സ്ഥലത്ത് ഇതെ സമയത്ത് ഞാൻ ഇവളെ എത്തിച്ചിരിക്കും ഇപ്പോ ഞാൻ ഇവളെ കൊണ്ടു പോകുന്നു.”
അരുണിന്റെ വാക്കുകൾ കേട്ട് ആവണിയും നന്ദനും മിഴിച്ച് നിന്നു.
അരുൺ കാറിന്റെ പുറക് സീറ്റിലേക്ക് ആവണിയെ വലിച്ചിട്ടു. കോടയ്ക്കനാലിലെ മൂടൽമഞ്ഞിലൂടെ കാർ അതിവേഗത്തിൽ ചീറിപ്പാഞ്ഞൂ . കാറിന്റെ ചില്ലു ജാലകത്തിൽ തല ചായ്ച്ച് ആവണി പൊട്ടിക്കരഞ്ഞു കഴിഞ്ഞു പോയ നശിച്ച നിമിഷങ്ങളെയോർത്ത്. മണിക്കൂറുകളുടെ യാത്രയ്ക്കും മൗനത്തിനുമൊടുവിൽ കാർ നിംസ് ഹോസ്പറ്റലിന്റെ വാതിൽക്കൽ ചെന്ന് നിന്നു.
“ഏട്ടാ ഇവിടെ. ”
അരുൺ കാറിൽ നിന്നും ആവണിയെ വലിച്ചിറക്കി മുൻപോട്ട് നടന്നു. ആശുപത്രി വരാന്തയുടെ ബെഞ്ചിൽ നരച്ച കുറ്റിത്താടിയും തടവിക്കൊണ്ട് തല കുമ്പിട്ടിരുന്ന അച്ഛന്റെ കാൽക്കലേക്ക് അവൻ അവളെ വലിച്ചെറിഞ്ഞു. കുമ്പസാരക്കൂട്ടിലെ കൊച്ചു കുഞ്ഞാടിനെ പൊലെ അവൾ അച്ഛന്റെ കാൽ ചുവട്ടിൽ തല കുമ്പിട്ടിരുന്നു. വിറയ്ക്കുന്ന കൈകളാൽ അച്ഛൻ അവളുടെ മുടിയിഴകളിൽ തലോടി. അച്ഛന്റെ കണ്ണിൽ നിന്നും ഈർന്നിറങ്ങിയ മിഴിനീർ പൂക്കൾ പാപത്തിന്റെ ആദ്യ ശബളമായി അവളുടെ ശിരസ്സ് ഏറ്റുവാങ്ങി. ഈ നിമിഷം തന്നെ ഭൂമി പിളർന്ന് താഴേയ്ക്ക് പോകാൻ അവൾ മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.
“അഛാ ഞാൻ ”
അവൾ വാക്കുകൾ ഇരുട്ടിൽ തപ്പി.
പൗരുഷത്തിന്റെ ആൾരൂപമായ തന്റെ അച്ഛനെ ആദ്യമായാണ് അവൾ ഈ രൂപത്തിൽ കാണുന്നത്. വിറയ്ക്കുന്ന ചുണ്ടുകളുമായി അയാൾ ആവണിയോട് പറഞ്ഞു.
“മോളെ നന്മുടെ അമ്മ ”
അയാൾ ഐ സി യുവിലേക്ക് വിരൽ ചൂണ്ടി.
ഏതൊ ഒരു മായാലോകത്തെന്ന പൊലെ അവൾ യാന്ത്രികമായി ഐസിയുവിന്റെ മുന്നിലേക്ക് നടന്നു.
ആ വലിയ ഡോറിന്റെ മഞ്ഞു മൂടിയ ചെറിയ ചില്ലുജാലകം അവൾ കൈകൾ കൊണ്ട് തുടച്ചു. കണ്ണുകൾ തുറന്ന് അമ്മയെ നോക്കാൻ അവൾക്ക് ശക്തിയുണ്ടായിരുന്നില്ല. എങ്കിലും സർവ്വ ദൈവങ്ങളേയും മനസ്സിൽ വിളിച്ച് സർവ്വ ശക്തിയും എടുത്ത് അവൾ പതിയെ തന്റെ മിഴികൾ തുറന്നു . ആ കാഴ്ച അധികനേരം അവൾക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല . ഷാളിന്റെ ഒരു തുമ്പ് കൊണ്ട് അവൾ മുഖം പൊത്തിക്കരഞ്ഞു .കവിളിലൂടെ കണ്ണുനീർ ചുടുചോരയായ് ഒലിച്ചിറങ്ങി.
അരുൺ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു.
“അന്ന് നീ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ നിമിഷം ഞങ്ങൾക്ക് വേണ്ടി നിന്റെ റൂമിൽ ഒരു കത്ത് എഴുതി വെച്ചിരുന്നില്ലേ അത് ആദ്യം കണ്ടത് നമ്മുടെ അമ്മയാണ്. ആ കത്ത് മുഴുവൻ വായിച്ചു തീരുന്നതിന് മുൻപേ ആ പാവം പാതി തളർന്നു വീണു എന്നന്നേക്കുമായി. ഒരു പാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾക്ക് കിട്ടിയ നിധിയാണ് നീ. അതു കൊണ്ടു തന്നെ ആവശ്യത്തിലധികം സ്വാതന്ത്ര്യം ഞങ്ങൾ നിനക്ക് തന്ന് വളർത്തി പക്ഷേ ഇത്രയും കാലം നീ ഞങ്ങളെ സ്നേഹം നടിച്ച് വഞ്ചിക്കുകയായിരുന്നു വെന്ന് ഞങ്ങൾ അറിഞ്ഞില്ല . ”
” ഇനിയെങ്കിലും ഈ മഹാ പാപിയോട് പൊറുക്കണേ ഏട്ടാ .”
ആവണി ഇരു കൈകൾ കൊണ്ട് മുഖം പൊത്തിക്കരഞ്ഞു.
” പെറ്റമ്മയുടെ പാതി തളർത്തിയ നിനക്ക് ഏത് ഗംഗയിൽ പോയി കുളിച്ചാലും മോക്ഷം കിട്ടില്ല .അത്ര വലിയ പാപമാണ് നീ ആ പാവത്തിനോട് കാണിച്ചത്.
” ഞാൻ കാരണം നന്മുടെ അമ്മ.”
“അതെ നീ കാരണം നീ കാരണം മാത്രം . അമ്മയുടെ ഒരു പാതിയായ നീ പോയി ഇനി മറുപതിയായ ഞാൻ മാത്രം മതി അമ്മയ്ക്ക് ഞാൻ നോക്കും പൊന്നു പൊലെ എന്റെ ശിരസ്സ് മണ്ണിൽ തൊടുന്ന വരെ. നിന്നെ അവസാനമായി ഈ കാഴ്ചയൊന്ന് കാണിക്കണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു
അതാണ് ഞാൻ നിന്നെ തേടിപ്പിടിച്ച് വന്നത് കാരണം നീ ജയിച്ചാണ് ഇറങ്ങിപ്പോയതെന്ന് ഒരിക്കലും വിചാരിക്കരുത്. സ്വന്തം അമ്മയയെ ജീവഛവമാക്കിയിട്ടാണെന്ന് ഓർത്ത് നീ ഉരുകി ഉരുകി ജീവിക്കണം. ”
” അഛാ”
ആവണി അച്ഛന്റെ കൈകളിൽ കയറിപ്പിടിച്ചു.
” തൊട്ടു പോകരുത് അച്ഛനെ നീ”
അരുൺ പുറകിൽ നിന്നും അലറി.
” ഇന്നേ വരെ ഒരാളുടേയും മുന്നിൽ തലകുനിയ്ക്കാത്ത നന്മുടെ അച്ഛൻ ഒന്ന് പൊട്ടിക്കരയാനാവാതെ ഇന്നിവിടെ ഈ ആശുപത്രി വരാന്തയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം നീ ഒരുത്തിയാണ്. ഇതിലും ഭേദം നിനക്ക് കുറച്ച് വിഷം ഞങ്ങൾക്ക് വാങ്ങി നൽകാമായിരുന്നില്ലേ. സന്തോഷത്തോടെ ഞങ്ങൾ അത് കഴിച്ചേനെ.”
“മാറി നിൽക്ക് അഛന്റെ മുന്നിൽ നിന്ന് ഇനി നിനക്ക് നിന്റെ വഴിയെ പോകാം .ജീവിതത്തിൽ ഒരിക്കലും ഇനി ഞങ്ങൾക്ക് നിന്നെ കാണണ്ട. നിന്നെ പൊലെ ഒരെണ്ണം അമ്മയുടെ വയറ്റിൽ കുരുത്തിട്ടില്ലെന്ന് കരുതി ഞങ്ങൾ സമാധാനിച്ചോളാം. ”
അരുൺ ആവണിയുടെ കൈ പിടിച്ച് വരാന്തയിൽ നിന്നും നടുമുറ്റത്തേക്ക് അവളെ വലിച്ചിട്ടു.
സൂര്യൻ പാതി മറഞ്ഞു കാർമേഘങ്ങൾ ഇരുണ്ടു കൂടി അത് വലിയൊരു മേഘാവൃതമായി അന്തരീക്ഷത്തിൽ നിലകൊണ്ടു. പിന്നീട് അതിശക്തമായയൊരു പേമാരിയായി അത് ഭൂമിയിലേക്ക് കുതിച്ചു.. പെറ്റന്മയുടെ കണ്ണുനീർ കാലം തെറ്റി പെയ്ത ഒരു വേനൽ മഴ പൊലെ അവളുടെ ശിരസ്സിലേക്ക് പതിച്ചു.
രചന: സനൽ SBT
