തന്നെയൊരു ഭാര്യയായ് കാണാൻ കഴിയില്ലെന്നു പറഞ്ഞ പീറ്ററിന്റെ മുന്നിൽ അവന്റെ ദയയ്ക്കും സ്നേഹത്തിനും വേണ്ടി കെഞ്ചി…

✍️ RJ

“എനിയ്ക്ക് ലില്ലി ചേച്ചിയെ ഒരുപാടിഷ്ടമാണ് ട്ടോ… കുറെ നാളായിത് തുറന്നു ചേച്ചിയോട് പറയണംന്ന് ഞാൻ കരുതീട്ട്… പറ്റീത് ഇന്നാണ്…ഐ ലവ് യൂ ചേച്ചി…. ”

യാതൊരു തിടുക്കമോ വെപ്രാളമോ ഇല്ലാതെ, ലവലേശം പേടിയോ വിറയലോ ഇല്ലാതെ തന്റെ മുഖത്തു നോക്കി പ്രണയം തുറന്നു പറഞ്ഞു നടന്നു നീങ്ങുന്ന പതിനെട്ടുക്കാരനെ തുറിച്ച മിഴികളോടെ നോക്കി നിന്നു പോയ് ലില്ലി…

താൻ ട്യൂഷൻ പഠിപ്പിക്കുന്ന പ്ലസ് ടുക്കാരനാണ് അവനെക്കാൾ മൂന്നു വയസ്സു കൂടുതലുള്ള തന്നോടു പ്രണയം തുറന്നു പറഞ്ഞ് യാതൊരു കൂസലുമില്ലാതെ പോകുന്നത്…

ആന്റണി….

ആദ്യത്തെ പകപ്പു മാറിയതും വിളിച്ചവളവനെ…

“എന്താ ചേച്ചീ… എന്തെങ്കിലും പറയാനുണ്ടോ…?

തികച്ചും സാധാരണയെന്ന പോലെ ചോദിക്കുന്നവനെ അടിമുടി നോക്കി ലില്ലി…

“നീയിപ്പോൾ എന്താണെന്നോടു പറഞ്ഞതെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്….?
ഇതെന്താ തമാശ വല്ലതും ആണോ…?

ചൊടിച്ചു ലില്ലി…

“ഞാൻ തമാശ പറഞ്ഞതാണെന്ന് ചേച്ചിയ്ക്ക് തോന്നിയോ… ഞാൻ കാര്യമായിട്ടു പറഞ്ഞതു തന്നെയാണ്…”

കൂസലില്ല ആന്റണിയിൽ

“എന്റേം നിന്റേം പ്രായം എത്രയാണെന്ന് നിനക്കറിയാമോടാ…?
നിന്റേയീ ഇഷ്ടം അതു നിന്റെ പ്രായത്തിന്റെ വെറും തോന്നലാണ് ആന്റണി.. അതെല്ലാം മനസ്സിലാക്കി വേണ്ടാത്ത ചിന്തകൾ മനസ്സിൽ നിന്നെടുത്ത് കളഞ്ഞ് നന്നായ് പഠിക്കാൻ നോക്ക് നീ… നിന്റെ അമ്മച്ചിയ്ക്കും ചേച്ചിയ്ക്കും നീ മാത്രമേയുള്ളുവെന്ന് മറക്കണ്ട…”

പഠിക്കാൻ മിടുക്കനായ ,യാതൊരു സ്വഭാവ ദൂഷ്യവുമില്ലാത്ത ആന്റണിയെ അവനെ പഠിപ്പിക്കുന്ന ആളെന്ന നിലയിൽ വലിയ ഇഷ്ടമാണ് ലില്ലിയ്ക്ക്…
ആ ഇഷ്ടത്തോടെ തന്നെയാണ് ലില്ലിയവനെ കാര്യങ്ങൾ ബോധിപ്പിച്ച് ഉപദേശിച്ചതും…

“എന്റെ ഇഷ്ടം അതെന്റേതല്ലേ ചേച്ചീ…. ചേച്ചിയ്ക്ക് അതൊരു ബുദ്ധിമുട്ടാവില്ല… ഇന്നീ പറഞ്ഞതല്ലാതെ ഇനി ഇതും പറഞ്ഞ് ഞാൻ ചേച്ചിയെ ബുദ്ധിമുട്ടിയ്ക്കുകയുമില്ല.. പേടിക്കണ്ട…

ചുണ്ടിലെ ചിരി മായാതെ തന്നോട് പറയുന്നവനെ പകപ്പോടെ നോക്കി ലില്ലി… അവൻ വെറുമൊരു തമാശ പറയുകയല്ലാന്ന് അവൾ തിരിച്ചറിയുക കൂടി ചെയ്തന്നേരം…

“പിന്നെ എന്നെക്കാൾ വെറും മൂന്നു വയസു മാത്രമാണ് ചേച്ചിയ്ക്ക് കൂടുതൽ.. അതൊന്നും ഇന്നാർക്കും ഒരു പ്രശ്നമല്ലാട്ടോ ചേച്ചീ…”

തിരിഞ്ഞു നടക്കുന്നതിനിടയിൽ സ്വാഭാവികമെന്നോണം ആന്റണി പറഞ്ഞതും ഒരു വിറയൽ പാഞ്ഞു ലില്ലിയിൽ….

ദിവസങ്ങൾ ഓരോന്നും തികച്ചും സാധാരണമെന്നോണം കടന്നു പൊയ്ക്കൊണ്ടിരുന്നു….

ആന്റണിയുടെ ക്ലാസിൽ ട്യൂഷനെടുക്കാൻ ലില്ലി വരുമ്പോൾ മുതൽ പോവുന്നതു വരെ അവളെ കൺചിമ്മാതെ നോക്കിയിരിയ്ക്കും ആന്റണി….

ആ നോട്ടം വല്ലാത്തൊരു വീർപ്പുമുട്ടൽ സൃഷ്ടിയ്ക്കും ലില്ലിയിലെങ്കിലും അവളവനെ ശ്രദ്ധിക്കുന്നതായ് ഭാവിച്ചയില്ല….

ആ നോട്ടത്തിനപ്പുറം യാതൊരു ശല്യവും ലില്ലിയ്ക്ക് ഉണ്ടാക്കിയില്ല ആന്റണിയെങ്കിലും ലില്ലിയെ കാണുന്ന മാത്രയിൽ ആന്റണിയിൽ തെളിയുന്ന പ്രണയഭാവവും തിളക്കവും ലില്ലിയെ വീർപ്പുമുട്ടിച്ചു പലപ്പോഴും

ഉയർന്ന മാർക്കോടെ പ്ലസ്ടു പാസായ ആന്റണി തുടർ പഠനത്തിന് അമ്മാച്ചന്റെ വീട്ടിലേക്ക് താമസം മാറ്റിയത് ലില്ലിയ്ക്കൊരു ആശ്വാസമായ് തോന്നിയെങ്കിലും തന്നെ കാണുപ്പോൾ പ്രണയത്താൽ തിളങ്ങിയിരുന്ന രണ്ട് മിഴികളുടെ അഭാവം അവളിലൊരു ശൂന്യത നിറയ്ക്കുക തന്നെ ചെയ്തു….

രണ്ട് വർഷങ്ങൾ കടന്നു പോയത് വളരെ വേഗത്തിലാണ്…

ലില്ലി കൊച്ചേ കൊച്ചിന്റെ കല്യാണം ഉറപ്പിച്ചല്ലേ…?

പള്ളിയിൽ വെച്ചൊരുനാൾ ആന്റണിയുടെ അമ്മ ചോദിക്കുമ്പോൾ ലില്ലിയുടെ നോട്ടം ചെന്നെത്തിയത് അവർക്കൊപ്പം നിൽക്കുന്ന ആന്റണിയിലേക്കാണ്

പകപ്പു നിറഞ്ഞൊരു മുഖത്തോടെ തന്നെ നോക്കുന്നവനെ കണ്ടതും മുഖം വെട്ടിച്ചവൾ… അവന്റെ കണ്ണിലപ്പോഴും അവളോടുള്ള പ്രണയത്തിന്റെ ജ്വാലകളാളിയിരുന്നൊരു ഇരുപതുകാരനു ചേരാത്ത വിധത്തിൽ…

“ഒരു ജോലിയൊക്കെ കിട്ടീട്ടു മതിയാരുന്നില്ലേ മോളെ കല്യാണം…?
ചെറുപ്രായമല്ലേ നീ…?

വീണ്ടും അമ്മ ചോദിക്കുമ്പോഴേക്കും അവിടെ നിന്ന് വേഗത്തിൽ മാറി നടന്നിരുന്നു ആന്റണി…

എല്ലാം തകർന്നെന്ന പോലെ നടന്നു നീങ്ങുന്നവൻ മനസ്സിലൊരു നീറ്റൽ സൃഷ്ടിച്ചെങ്കിലും ഒരു ചിരിയണിഞ്ഞതിനെ നേരിട്ടു ലില്ലി

ജീവിതം പലപ്പോഴും നേരം പോക്കല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിച്ചവൾക്ക് അതിനേ പറ്റുമായിരുന്നുള്ളു…. ഉള്ളിലെ ഇഷ്ടത്തെ കുഴിച്ചുമൂടാൻ… ഒന്നുമില്ലെന്നു ഭാവിക്കാൻ…

പള്ളിയിൽ വെച്ച് ലില്ലി പീറ്ററിന്റെ മിന്ന് സ്വീകരിക്കുമ്പോഴും അവന്റെ മണവാട്ടിയായ് അവനൊപ്പം കാറിൽ ലില്ലി കയറുമ്പോഴും അതെല്ലാം കൺ നിറച്ചു കണ്ടു കൊണ്ട് ആൾക്കൂട്ടത്തിൻ മുന്നിൽ തന്നെ അവനും ഉണ്ടായിരുന്നു ആന്റണി… ഉള്ളിലെ നൊമ്പരം കണ്ണിൽ നിറച്ചു കൊണ്ട്….

മാസങ്ങൾ കടന്നു പോയൊരു നാൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് ലില്ലി സ്വന്തം വീട്ടിൽ തിരികെയെത്തി…

ലില്ലി കൊച്ചേ എന്താണ് നിങ്ങൾക്കിടയിലെ പ്രശ്നം….?

കാണുന്നവരെല്ലാം ഒരേ ചോദ്യം മാത്രം ചോദിച്ചു തുടങ്ങിയതും വീട്ടിൽ നിന്ന് പുറത്തേയ്ക്കിറങ്ങാതെയായ് ലില്ലി…..

ആൻറണീ…. നിന്റെ പഠിത്തമെല്ലാം എങ്ങനെ പോവുന്നു….?

തീരെ പ്രതീക്ഷിക്കാതൊരു നാൾ ആന്റണിയെ മുന്നിൽക്കണ്ടതും ഉള്ളിലെ പിടച്ചിൽ അടക്കി നിർത്തി ചോദിച്ചു ലില്ലി

ഡിഗ്രി ക്ലാസ് കഴിയാറായ് ചേച്ചി ….

സാധാരണയെന്ന പോലെ ആൻറണി മറുപടി പറയുമ്പോൾ അവന്റെ കണ്ണിൽ തന്നോടിപ്പോഴും തിളങ്ങുന്ന പ്രണയമുണ്ടോയെന്ന് തേടി ലില്ലി

“ചേച്ചിയെന്താ ജോലിയ്ക്കൊന്നും ശ്രമിക്കാതെ വീട്ടിലിരിക്കുന്നത്…?
ജോലിയ്ക്ക് പൊക്കൂടെ ചേച്ചിയ്ക്ക്…?

തന്റെ കണ്ണിലെ പ്രണയം തിരയുന്നവളോട് ആൻറണി തിരികെ തിരക്കിയതും ഒന്നമ്പരന്നു ലില്ലി

ജോലിക്ക്… ജോലിക്ക് ശ്രമിക്കണം ….

മറുപടി പറഞ്ഞ് തിരികെ നടക്കുമ്പോൾ നിറയുന്നുണ്ട് ലില്ലിയുടെ മിഴികൾ…

ഈയൊരുവന്റെ പ്രണയത്തെ തള്ളിക്കളഞ്ഞ് താൻ നേടിയ ജീവിതത്തിന്റെ കയ്പ് തികട്ടിയവളുടെ ഉളളിൽ …

തന്നെയൊരു ഭാര്യയായ് കാണാൻ കഴിയില്ലെന്നു പറഞ്ഞ പീറ്ററിന്റെ മുന്നിൽ അവന്റെ ദയയ്ക്കും സ്നേഹത്തിനും വേണ്ടി കെഞ്ചി കരഞ്ഞു നിന്ന തന്റെ തന്നെ രൂപം തെളിഞ്ഞവളിൽ….

എത്ര നിസ്സാരമായാണ് പീറ്റർ തന്നെ അവന്റെ ജീവിതത്തിൽ നിന്നൊഴിവാക്കിയതെന്ന ഓർമ്മയിൽ പിടഞ്ഞു ലില്ലി നടന്നു പോവുമ്പോൾ അവളെ കണ്ണുചിമ്മാതെ പുറകിൽ നിന്ന് നോക്കി നിൽക്കുന്നുണ്ടായിരുന്നു ആന്റണി… പഴയ അതേ പ്രണയത്തോടെ….

ഇന്നാണ് ആന്റണി എസ് ഐ ആയി ചാർജ്ജെടുക്കുന്നത്…. അവന്റെ വർഷങ്ങളുടെ ശ്രമത്തിന്റെ ഫലം… ആ ചടങ്ങിലേക്ക് ആരുമറിയാതെ ചെന്ന ലില്ലി ഒരാളുടെയും ശ്രദ്ധയിൽ പെടാതെ ദൂരെ മാറി നിന്നെങ്കിലും കൃത്യമായ് അവളെ തേടി കണ്ടെത്തിയിരുന്നു ആന്റണി…

ചടങ്ങുകൾ കഴിഞ്ഞുള്ള ചെറിയ സൽക്കാര വേളയിൽ പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയ ലില്ലിയുടെ കയ്യിൽ പിടിമുറുക്കി ആന്റണി സദസ്സിനു നടുവിലേക്കവളെ കൊണ്ടുവന്നതും ഞെട്ടി ലില്ലി…

ഇത് ലില്ലി… വർഷങ്ങളായുള്ള എന്റെ പ്രണയം….

തങ്ങളെ നോക്കുന്നവർക്കു മുന്നിലേക്ക് ലില്ലിയെ ചേർത്തു പിടിച്ച് ചെന്ന് ആന്റണി പറഞ്ഞതും ഞെട്ടി ലില്ലി

ഈ കഴിഞ്ഞു പോയ വർഷങ്ങളിലൊന്നിലും പിന്നീടൊരിക്കൽ പോലും അവൻ അവളെ ഇഷ്ടമാണെന്ന് പറഞ്ഞ് ചെന്നിട്ടില്ല… കാണുപ്പോഴുള്ള ചിരിക്കപ്പുറം ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല… എന്നാൽ അവനോടുള്ള പ്രണയത്താൽ ഭ്രാന്തു പിടിച്ചിരുന്നു ലില്ലിയ്ക്ക്… തുറന്നു പറയാൻ ധൈര്യമില്ലാതെ, പ്രണയം പറയാൻ കഴിയാതെ അവനെയോർത്തു നീറി തീർന്നവൾ ഇക്കാലമത്രയും…

എന്നെ…. എന്നെ എന്തിനാടാ നിനക്ക്…

അവന്റെ നെഞ്ചിലേക്ക് ചേർന്ന് പൊട്ടിക്കരഞ്ഞവൾ ചോദിച്ചതും തന്റെ ശരീരത്തിലേക്ക് ചേർത്തുവെച്ചവളെ ആൻറണി…

“നിന്നെ എനിയ്ക്ക് വേണ്ടത് പ്രണയിക്കാനാണെടീ ചേച്ചി…
എന്റെ പ്രണയം പകർന്നു തരാൻ നിന്നെ വേണമെനിയ്ക്ക്…. നിന്റെ പ്രണയം അറിയാനും എനിയ്ക്ക് നിന്നെവേണം…. പിന്നെ ഇതൊന്നുമല്ലാതെ ഒരു പുരുഷന് തന്റെ ഇണയോടു തോന്നുന്നതെല്ലാം ചെയ്യാൻ എനിയ്ക്ക് നിന്നെ വേണം… നിന്നെ മാത്രമേ വേണ്ടൂ….

നെഞ്ചോടടുക്കി പിടിച്ചവളുടെ കാതോരം മെല്ലെ പറയുമ്പോൾ നീണ്ട വർഷങ്ങളുടെ പ്രണയ നോവിനാൽ രണ്ടു തുള്ളി കണ്ണുനീരിറ്റി ചിതറി ആൻറണിയുടെ കണ്ണിൽ നിന്നും

അവന്റെ പ്രണയവും കാത്തിരിപ്പുമെല്ലാം സത്യമായിരുന്നു, അതു കൊണ്ട് മാത്രമാണ് പല വഴി കറങ്ങിയൊടുവിൽ അവരുടെയീ ഒന്നാവൽ സംഭവിച്ചതും…

ഇനി പ്രണയിക്കട്ടെയവർ കാലങ്ങളോളം….

RJ

Leave a Reply

Your email address will not be published. Required fields are marked *