✍️ അംബിക ശിവശങ്കരൻ.
“ഇന്നെങ്കിലും എനിക്ക് എന്റെ ശരീരത്തിന്റെ ദാഹത്തെ ശമിപ്പിച്ചേ പറ്റൂ… എത്രയോ നാളുകളായി ഞാൻ എന്റെ മനസ്സിലേ കാമാഗ്നി ശമിപ്പിക്കാൻ കൊതിക്കുന്നു. ഒരു കെട്ടിപ്പിടിക്കലിനായി, മുറുകെ വരിഞ്ഞുള്ള ഒരു ചുംബനത്തിനായി എന്റെ മനസ്സ് ഇന്ന് ഏറെ ദാഹിക്കുകയാണ്..”
വൈകുന്നേരത്തെ കുളികഴിഞ്ഞ് നല്ലൊരു നീല കളർ സാരി എടുത്ത് നനവാർന്ന മുടിയിഴകൾ അഴിച്ചിട്ട് അവൾ കണ്ണാടിക്ക് മുന്നിൽ വന്നുനിന്നു.. താൻ സുന്ദരി തന്നെ…മുപ്പത്തിയെട്ട് വർഷത്തെ ജീവിതം തന്റെ ശരീര സൗന്ദര്യത്തെ കാർന്നു തിന്നിട്ടുണ്ടോ എന്ന് അവൾക്കിടയ്ക്ക് ഒരു സംശയം. അതിനു കാരണം മറ്റൊന്നുമല്ല വിവാഹം കഴിഞ്ഞ നാളുകളിൽ തന്റെ ഭർത്താവ് സേതുവിനുള്ള ഇഷ്ടമൊന്നും ഇപ്പോൾ തന്നോട് ഇല്ല എന്ന തോന്നലാണ്…അത് വെറും തോന്നൽ മാത്രമായിരിക്കും…കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ സാരി നേരെയാക്കി.
കല്യാണം കഴിഞ്ഞു കുറച്ചു വർഷങ്ങൾ നിർബന്ധിച് തന്നെക്കൊണ്ട് സേതു സാരി ഉടുപ്പിക്കുമായിരുന്നു. തന്റെ പൊക്കിളിനെയും മാറിടത്തെയും കുറിച്ച് പ്രേമത്തോടെ വർണ്ണിക്കാറുള്ള സേതു ഇന്ന് അതൊന്നും ശ്രദ്ധിക്കാറില്ല. എപ്പോഴെങ്കിലും ഒരു തോന്നൽ തോന്നിയാൽ ആയി…അപ്പോഴും തന്റെ തൃപ്തി അവിടെ വെറും ചോദ്യചിഹ്നമാണ്. അവൾ കട്ടിലിൽ വന്നിരുന്നു.
“ഞാൻ എഴുതാറുണ്ട്.. തനിച്ചിരിക്കുമ്പോഴൊക്കെയും ഞാൻ എന്റെ ഉള്ളിലെ ചിന്തകളെയും വികാരങ്ങളെയും അക്ഷരങ്ങളായി കോറിയിടാറുണ്ട്. എനിക്ക് കിട്ടാത്ത സ്നേഹവും പ്രണയവും എല്ലാം എന്റെ കഥയിലെ നായിക അനുഭവിക്കാറുണ്ട്. കഥാകാരികൾ പൊതുവേ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ്.. വരികളിലൂടെ ഞാൻ എന്റെ ആഗ്രഹങ്ങളെ എല്ലാം വരച്ചു കാട്ടാറുണ്ട് ഇഷ്ടങ്ങളെ ആഗ്രഹങ്ങളെ, പ്രണയത്തെ, കാമത്തെ അങ്ങനെ ഞാൻ എന്താണോ അതെല്ലാം എന്റെ എഴുത്തുകളിൽ പ്രകടമാകാറുണ്ട്. പക്ഷേ ഒരിക്കൽ പോലും സേതു ആ എഴുത്തുകൾ വായിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല ഒരുപക്ഷേ സേതു അതെല്ലാം വായിച്ചിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ വീർപ്പുമുട്ടൽ തോന്നില്ലായിരുന്നു. അവൾ നെടുവീർപ്പിട്ടു.
സേതു ഓഫീസിൽ നിന്ന് എത്താൻ പതിവിലും വൈകിയിരുന്നു.
“എന്താ നീ എവിടെയെങ്കിലും പോകാൻ നിൽക്കുവാണോ?” വീണയുടെ വേഷം കണ്ടതും സേതു ചോദിച്ചു.
“അല്ല.” അവൾ അല്പം ചമ്മലോടെ മറുപടി പറഞ്ഞു.
” പിന്നെ എന്താ ഈ വേഷത്തിൽ? ”
” വെറുതെ ഉടുത്തതാണ്.. സേതുവിന് എന്നെ സാരിയുടുത്ത് കാണുന്നത് ഇഷ്ടം ആയിരുന്നില്ലേ? “ഒരു നല്ല വാക്ക് കൊതിച്ച അവളുടെ മനസ്സിന്റെ പ്രതീക്ഷയെ മുറിവേൽപ്പിച്ചുകൊണ്ട് സേതു അകത്തേക്ക് പോയി.
ആഹാരം കഴിക്കാൻ ഇരുന്നപ്പോഴെങ്കിലും സേതുവിന്റെ ഒരു നല്ല വാക്കിനായി അവൾ കാത്തിരുന്നു പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. തന്നോട് സംസാരിച്ചിരിക്കുന്നതിന് പകരം സേതു ഫോണിൽ എന്തൊക്കെയോ ചികഞ്ഞു കൊണ്ടിരുന്നു.
രാത്രി കിടപ്പറയിൽ അവൾ ഏറെനേരം തന്റെ ഭർത്താവിനെ കാത്തിരുന്നു. ഏറെനേരം ആരോടൊക്കെയോ ഫോണിൽ സംസാരിച്ച ശേഷമാണ് സേതു തിരികെയെത്തിയത്.
“ഇതാരാ ഇത്ര നേരമൊക്കെ ഫോണിൽ..? ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു…” അവൾ സ്നേഹത്തോടെ പറഞ്ഞു.
“അത് വിനോദ് ആയിരുന്നു.അവൻ അടുത്തമാസം നാട്ടിൽ വരുന്നുണ്ട്. ഞങ്ങൾ അക്കാര്യം സംസാരിച്ചതാണ്. അല്ല നീ എന്തിനാ എന്നെ കാത്തിരിക്കുന്നത്? നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കൂടെ..? ഭർത്താവിനെയും കാത്തിരിക്കാൻ നമ്മുടെ മധുവിധു ഒന്നുമല്ലല്ലോ..” സേതു നിസ്സാരമട്ടിൽ പറഞ്ഞു.
“പക്ഷേ സേതുവിനോട് ചേർന്ന് ഉറങ്ങുമ്പോൾ കിട്ടുന്ന ആ സുഖം അത് തനിച്ചു കിടന്നാൽ കിട്ടില്ലല്ലോ?” അതും പറഞ്ഞ് അവൾ തന്റെ കരങ്ങൾ കൊണ്ട് സേതുവിനെ മുറുകെ പുണർന്നു. മറുത്തൊന്നു ചിന്തിക്കാൻ നിൽക്കാതെ സേതു അവളുടെ കൈ തട്ടിമാറ്റി.
“നിനക്കെന്താ വീണേ..? നീ ഇപ്പോഴും ഏതോ മായാലോകത്താണ്. നീ കുറിച്ചിടുന്ന പൈങ്കിളി സാഹിത്യം അല്ല ജീവിതം അത് ഓർത്തോ..” സേതു കൈ തട്ടി മാറ്റിയതും വീണയുടെ കണ്ണുകൾ നിറഞ്ഞു.
“ഞാനെന്താ സേതു അതിനുമാത്രം തെറ്റ് ചെയ്തത്? ഞാൻ നിങ്ങളുടെ ഭാര്യയാണ് അല്ലാതെ അപരിചിതയായ ഒരു സ്ത്രീയല്ല. സേതുവിന്റെ എല്ലാവിധ പരിഗണനകളും അനുഭവിക്കാൻ അവകാശമുള്ളവൾ തന്നെ… അത് ശാരീരികമായാലും ശരി മാനസികമായാലും ശരി.എന്റെ ശാരീരിക ആവശ്യങ്ങൾ ഞാൻ എന്റെ ഭർത്താവിനോട് അല്ലാതെ ആരോടാണ് പറയേണ്ടത്? പക്ഷേ സേതു എന്തിനാണ് ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. അതിനുമാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു?” അവൾക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
“കൊള്ളാം വയസ്സ് പത്ത് നാല്പത് ആകാനായി എന്നിട്ടും ഇതുവരെ നിന്റെ ശാരീരിക ആവശ്യങ്ങൾ കഴിഞ്ഞിട്ടില്ല എന്നാണോ?” സേതുപരിഹാസത്തോടെ ചോദിച്ചു.അവൾ തലതാഴ്ത്തി നിന്നു.
“ഇത്രയും നാൾ ഇതൊക്കെ അനുഭവിച്ചിട്ടും മതിയായില്ലേ? എന്തൊക്കെ അനുഭവിച്ചിട്ടും ഇതുവരെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിഞ്ഞിട്ടില്ല.. അങ്ങനെ ഉള്ളവർക്ക് പിന്നെന്തിനാ സെക്സ്?”
അതും പറഞ്ഞ് മടുപ്പോടെ അവളെ നോക്കിക്കൊണ്ട് സേതു മുറിവിട്ട് ഇറങ്ങി അന്നേരം വീണ കരഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു പോയി.
“ഒരു കുഞ്ഞു ഉണ്ടാകാത്തത് തന്റെ മാത്രം തെറ്റാണോ? ഭാര്യയും ഭർത്താവും ശാരീരിക ബന്ധം നിലനിർത്തുന്നത് കുഞ്ഞുണ്ടാവുക എന്ന ലക്ഷ്യത്തിന് മാത്രമാണോ..? ശാരീരിക ബന്ധത്തിൽ നിന്ന് വിലക്ക് കൽപ്പിക്കാനുള്ള ഒരു സ്ത്രീയുടെ പ്രായമാണോ നാല്പത് വയസ്സ്? അത് കഴിഞ്ഞാൽ അവളുടെ ആഗ്രഹങ്ങൾ കുഴിച്ചുമൂടണം എന്നാണോ?”
അവൾ ഒന്നുകൂടി കണ്ണാടിയുടെ മുന്നിൽ വന്നു നിന്ന് തന്റെ ശരീരത്തിലൂടെ ഒന്ന് കണ്ണോടിച്ചു. ഇല്ല..തന്റെ ശരീരത്തിന് യാതൊരു ഉടവും സംഭവിച്ചിട്ടില്ല.. തന്റെ സൗന്ദര്യത്തിന് ഇതുവരെ കുറവ് സംഭവിച്ചിട്ടില്ല പിന്നെയും സേതു എന്തിനാണ്….?
അവൾ കരച്ചിൽ അടക്കാൻ കഴിയാതെ കട്ടിലിൽ വന്നു കിടന്നു. കുറേനേരം തേങ്ങി കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. സ്വപ്നം കണ്ടു പാതിരാത്രി എപ്പോഴോ ആണ് അവൾ ഞെട്ടി ഉണർന്നത് ഇരുട്ടിൽ ഫോൺ തപ്പി സമയം നോക്കുമ്പോൾ രണ്ടുമണി!. തൊട്ടടുത് സേതുവിനെ തപ്പി നോക്കിയപ്പോൾ കണ്ടില്ല. അവൾക്ക് ഒരല്പം ഭയം തോന്നി.
ഇനി തന്നോട് പിണങ്ങി അപ്പുറത്തെ മുറിയിൽ ചെന്ന് കിടക്കുകയായിരിക്കുമോ? അവൾ ലൈറ്റ് ഇടാതെ മൊബൈൽ ഫോണിന്റെ ഫ്ലാഷ് വെളിച്ചത്തിൽ തന്നെ അപ്പുറത്തെ മുറിയിൽ ചെന്ന് നോക്കി പക്ഷേ അവിടെ സേതു ഉണ്ടായിരുന്നില്ല. അന്നേരം അവൾക്ക് വല്ലാത്ത ആശങ്ക തോന്നി. ഈ നേരത്ത് സേതു ഇതെവിടെ പോയി? ബാത്റൂമിൽ ഉണ്ടാകുമെന്ന് കരുതി ഡോർ തുറന്നു നോക്കിയെങ്കിലും അവിടെയും കണ്ടില്ല. അപ്പോഴാണ് അടുക്കളയുടെ ഭാഗത്ത് അടക്കിപ്പിടിച്ച ഒരു സംസാരം അവൾ കേട്ടത്. അതെ. … സേതു തന്നെ വീണയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ഈ സമയത്ത് ആരോടാണ് സേതു സംസാരിക്കുന്നത്? അതും ഇത്ര പതുക്കെ…അവൾ സേതു കാണാതെ ഒളിഞ്ഞുനിന്നു. ശ്വാസം അടക്കിപ്പിടിച്ച് ചെവി കോർത്ത് നിന്നു.
“നീ ഇങ്ങനെ പിണങ്ങല്ലേ സന്ധ്യേ… അവൾ അടുത്തുള്ളപ്പോൾ ഞാൻ എങ്ങനെയാണ് വിളിക്കുന്നത്? നീ കഴിഞ്ഞല്ലേ എനിക്ക് ആരുമുള്ളൂ.. ഞാൻ എന്തായാലും ഞായറാഴ്ച വരാം. രണ്ടുദിവസം നമുക്ക് കൊച്ചിയിൽ റൂം എടുത്തിരിക്കാം.അവളോട് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം നീ നിന്റെ ഭർത്താവിന്റെ കണ്ണുവെട്ടിക്കുന്ന കാര്യം നോക്കിയാൽ മതി.”
ഒരു നിമിഷം അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വാ പൊത്തിക്കൊണ്ട് അവൾ തേങ്ങി കരഞ്ഞു. ” താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു”. ആ തിരിച്ചറിവ് അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ബാത്റൂമിൽ കയറി പൈപ്പ് തുറന്നിട്ട് ഉറക്കെ ഉറക്കെ കരഞ്ഞു. അവൾ ഉണർന്നത് അറിഞ്ഞിട്ട് ആകണം സേതു ഫോൺ കട്ടാക്കി മുറിയിലേക്ക് വന്നു. എവിടെയായിരുന്നു എന്ന് വീണയോ തന്റെ ഭാഗം പറഞ്ഞു കേൾപ്പിക്കാൻ സേതുവോ മുതിർന്നില്ല.
ഏറെ വൈകിയും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സേതു ഉറക്കമായാൽ ആന ചവിട്ടിയാലും അറിയില്ല എന്നത് അറിയാവുന്നതുകൊണ്ട് അവൾ കാത്തിരുന്നു. നേരിയ കൂർക്കം വലി കേട്ടതും അവൾ അവന്റെ ഫോൺ എടുത്ത് സേതുവിന്റെ ഫിംഗർ പ്രിന്റ് വെച്ച് തന്നെ ലോക്ക് മാറ്റി.
ഫേസ്ബുക്ക് വഴി വളർന്നുവന്ന ബന്ധമാണ് ഇതെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്. തന്നെക്കാൾ പ്രായം തോന്നിക്കുന്ന സ്ത്രീയാണ് എന്നതും അവളെ അതിശയിപ്പിച്ചു. അപ്പോൾ പ്രായമായിരുന്നില്ല സേതുവിന്റെ പ്രശ്നം. അവരുടെ ചാറ്റുകളിലൂടെ കണ്ണോടിച്ചപ്പോൾ അവർ തമ്മിൽ കുറെ നാളുകളായി ശരീരം പങ്കുവെക്കൽ തുടങ്ങിയിട്ട് എന്ന കാര്യവും മനസ്സിലായി. സേതു ഇവിടെ തന്നെയാണ് വിഡ്ഢിയാക്കുന്നതെങ്കിൽ അവിടെ അവൾ തന്റെ ഭർത്താവിനെയായിരുന്നു വിഡ്ഢിയാക്കിയിരുന്നത്. വീണ നിറകണ്ണൂകളോടെ ടെ ഫോൺ സൈഡിലെ ടേബിളിലേക്ക് വെച്ചു.
“അപ്പോൾ മറ്റൊരു പെണ്ണിന്റെ ചൂടും മണവും അറിഞ്ഞിട്ടാണ് നീ എന്റെ അടുത്ത് വന്ന് കിടക്കുന്നതല്ലേ?” അവൾക്ക് അന്ന് ആദ്യമായി തന്റെ ഭർത്താവിനോട് അറപ്പും വെറുപ്പും തോന്നി. ഇനി സേതുവിന് വേണ്ടി ഒരു തുള്ളി കണ്ണീർ പോലും കളയില്ല എന്ന വാശിയോടെ അവൾ കണ്ണ് തുടച്ചു.താൻ ഇരിക്കെ ഭർത്താവ് മറ്റൊരുത്തിയെ തേടിപ്പോയത് ഓർത്തു കരയാൻ ഇനി തനിക്ക് മനസ്സില്ല…സേതുവിനെ ഓർത്ത് ഇനി താൻ ജീവിതം തീർക്കില്ല.. തന്നെ ചതിച്ച അതേ രീതിയിൽ ചാട്ടുളി കൊണ്ട് തന്നെ താൻ തിരിച്ചടിച്ചിരിക്കും അവളുടെ മനസ്സിൽ പക ഉടലെടുത്തു.
“വീണ ഈ ഞായറാഴ്ച എനിക്കൊരു ബിസിനസ് ട്രിപ്പുണ്ട്. കൊച്ചിയിലാണ്. രണ്ടു ദിവസത്തെ സ്റ്റേ ഉണ്ട് തനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വീട്ടിൽ പോയി നിന്നോളു.” പിറ്റേന്ന് രാവിലെ സേതു ഇറങ്ങാൻ നേരം വീണയോടായി പറഞ്ഞപ്പോൾ അവൾ യാതൊന്നും പറഞ്ഞില്ല കാരണം സേതുവിന്റെ യാത്ര എങ്ങോട്ടാണെന്നും എന്തിനാണെന്നും അവൾക്ക് വ്യക്തമായിരുന്നു.
സേതു പോയതും അവൾ തന്റെ ഫോൺ എടുത്തു.തന്റെ എഴുത്തുകൾ ടൈപ്പ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന സ്വഭാവം അവൾക്ക് ഉണ്ടായിരുന്നു. കമന്റുകൾ ആയി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്കെല്ലാം നന്ദി പറയാറുണ്ടെങ്കിലും എന്നും ഇൻബോക്സിൽ വന്ന് തന്നെ അഭിനന്ദിക്കുന്ന ഒരു മെസ്സേജ് അന്ന് അവൾ ആദ്യമായി തുറന്നു നോക്കി.
വിനയൻ എന്നാണ് പേര്. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന ഡേറ്റ് ഓഫ് ബർത്ത് വെച്ച് നോക്കുമ്പോൾ തന്നെക്കാൾ മൂന്ന് വയസ്സിന് പ്രായം കൂടുതലുള്ള ആളാണ്. താൻ ഓരോ എഴുത്തുകൾ എഴുതിയിടുമ്പോഴും അതിനെ മനോഹരമായി അഭിനന്ദിച്ചുകൊണ്ട് മെസ്സേജ് ഇടാറുണ്ട്. തന്റെ ഭാഗത്തുനിന്നും മറുപടി ഉണ്ടാകില്ലെന്ന് അറിഞ്ഞിട്ടും ഇന്നുവരെ അതു മുടങ്ങിയിട്ടില്ല. അവൾ ഓരോന്നോരോന്നായി വായിച്ചു നോക്കി എന്തെന്നറിയില്ല അത് വായിക്കുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. ആദ്യമായാണ് ഇത്ര തീവ്രമായി തന്റെ എഴുത്തുകളെ പ്രണയിക്കുന്ന ഒരാളെ കണ്ടത്. കുറച്ചു സമയം ചിന്തിച്ച ശേഷം അവൾ ആ പ്രൊഫൈലിലേക്ക് മറുപടി അയച്ചു. “നന്ദി. എന്റെ എഴുത്തുകൾ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.” അന്ന് ആദ്യമായി അവൾ ഒരു അപരിചിതന്റെ മറുപടിക്കായി കാത്തിരുന്നു. അവളുടെ പ്രതീക്ഷ തെറ്റിയില്ല ഒരു മണിക്കൂറിനുള്ളിൽ തന്നെ മറുപടി വന്നു അവൾക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി.
” ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ ഒരു മറുപടി.ഞാൻ വീണയുടെ വലിയൊരു ആരാധകനാണ് എത്ര മനോഹരമായയാണ് വീണ ഓരോ വരിയും എഴുതുന്നത് സത്യത്തിൽ ഞാനാണ് നന്ദി പറയേണ്ടത്.. ”
വിനയൻ മറുപടി അയച്ചു. തുടർന്നുള്ള സംഭാഷണത്തിൽ വിനയനെ കുറിച്ച് കൂടുതൽ അറിഞ്ഞു. അയാൾ ഒരു ബിസിനസുകാരൻ ആണെന്നും നാൽപത്തി ഒന്ന് വയസ്സ് ആയെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ലെന്നും തൃശൂർ ആണ് വീടെന്നും ഒരു പ്രണയ നഷ്ട്ടത്തെ തുടർന്നാണ് വിവാഹം കഴിക്കാതെ ഇരുന്നതെന്നും വീണ മനസ്സിലാക്കി.
പിന്നീട് ഓരോ ദിവസം കഴിയുംതോറും ആ സൗഹൃദം മുറുകി വന്നു.വീണയ്ക്ക് ആകെയുള്ള ഒരു ആശ്വാസം എഴുത്തും വിനയോടുള്ള സംസാരവും ആയിരുന്നു. വിനയനോട് സംസാരിക്കാൻ കിട്ടിയിരുന്ന ഒരു അവസരവും വീണ പാഴാക്കിയിരുന്നില്ല. ഫോണിൽ മാത്രം ഒതുങ്ങി നിന്നിരുന്ന അവരുടെ സൗഹൃദം ഇടയ്ക്കിടയ്ക്കുള്ള കണ്ടുമുട്ടലുകൾ ആയി മാറി. അവൾ തന്റെ ജീവിതം വിനയന്റെ മുന്നിൽ തുറന്നുകാട്ടി. വിനയന്റെ സാമീപ്യം തികച്ചും അവളിൽ ഒരു സുരക്ഷിത വലയം തീർത്തു. വിനയനെ കണ്ടു മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ഒരു നൊമ്പരം വീണയുടെ നെഞ്ചിനുള്ളിൽ അനുഭവപ്പെട്ടു.പതിയെ പതിയെ അവൾ ആ സത്യം മനസ്സിലാക്കി തങ്ങളുടെ ഇടയിൽ പ്രണയം ഉടലെടുത്തിരിക്കുന്നു എന്നത്. അവന്റെ തലോടലനായി ചേർത് നിർത്തലിനായി അവളുടെ മനസ്സു വെമ്പി.സ്ത്രീകളുടെ മനസ്സ് അങ്ങനെയാണല്ലോ പരിഗണനയും സ്നേഹവും കിട്ടുന്നിടത്തെ അത് എത്തിനിൽക്കു..
അങ്ങനെ വീണ്ടും സേതു ജോലിയുടെ ആവശ്യമെന്ന് പറഞ്ഞ് രണ്ടു ദിവസത്തേക്ക് കൊച്ചിയിലേക്ക് പുറപ്പെട്ടു. അന്ന് അവൾ വല്ലാതെ സന്തോഷിച്ചു. വീട്ടിലേക്കാണെന്ന് പറഞ്ഞ് അവളും വീടുവിട്ടിറങ്ങി. സത്യത്തിൽ വിനയനോടൊപ്പം രണ്ടുദിവസം ചെലവഴിക്കാൻ വയനാട് ഒരു റിസോർട്ടിലേക്കാണ് അവൾ പോയത്.
ഭാര്യയെ ചതിച്ച് മറ്റൊരു പെണ്ണിന് ഒപ്പം സേതു കിടക്ക പങ്കിടുമ്പോൾ വീണ അന്ന് ആദ്യമായി ഒരു അന്യ പുരുഷന്റെ ചൂട് അറിഞ്ഞു. വിനയനോടൊപ്പം ആ മുറിയിൽ അന്ന് ആദ്യമായി ശാരീരിക സുഖം എന്താണെന്ന് അവൾ അറിഞ്ഞു. അവന്റെ കൈവലയത്തിനുള്ളിൽ ചുംബനങ്ങൾ ഏറ്റു അവൾ പിടഞ്ഞു. ഒരാണിന് ഇത്ര തീവ്രമായി ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയുമോ എന്ന് അവൾ അതിശയിച്ചു. രണ്ടുദിവസം കഴിഞ്ഞ് വിനയനെ പിരിയാൻ സത്യത്തിൽ അവൾക്ക് ദുഃഖം തോന്നി. ഇനിയും കാണാം എന്ന് വാക്ക് നൽകി അവർ തൽക്കാലത്തേക്ക് പിരിഞ്ഞു.
വീട്ടിലെത്തി സേതുവിന്റെ മുന്നിൽ നിൽക്കുമ്പോൾ അവൾക്ക് യാതൊരു കുറ്റബോധവും തോന്നിയില്ല. രാത്രി മറ്റൊരു പെണ്ണിന്റെ ചൂടറിഞ്ഞു വന്ന തന്റെ ഭർത്താവിന്റെ അരികിൽ പുച്ഛത്തോടെ തന്നെ മറ്റൊരുവൻ കീഴടക്കിയ ശരീരവുമായി അവൾക്കിടന്നു.
” സാധാരണ ഒരു പെണ്ണിനെ പോലെ എന്നെ വിഡ്ഢിയാക്കാം എന്നാണോ സേതു നീ കരുതിയത്? നീ കളിച്ച അതേ നാണയത്തിൽ തന്നെ ഞാനും തിരിച്ചടിച്ചിരിക്കുന്നു. ഞാൻ ചതിക്കപ്പെട്ടെങ്കിൽ നീയും ചതിക്കപ്പെടണം. കണ്ണുനീർ വാർത്തു കഴിഞ്ഞിരുന്ന പെണ്ണിന്റെ കാലം കഴിഞ്ഞു സേതു… ” ഒന്നുമറിയാതെ സേതു കിടക്കുമ്പോൾ അവൾ ഉള്ളിൽ പകയോടെ ആർത്തു ചിരിച്ചു.
അംബിക ശിവശങ്കരൻ.