✍️ RJ
“എനിയ്ക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല… എന്റെ ഹൃദയത്തിലൊരിടം തരാനോ എന്റെ ഭാര്യയായ് അംഗീകരിച്ച് കൂടെ കൂട്ടാനോ കഴിയില്ല… ഇപ്പെഴെന്നല്ല ഒരിക്കലും… ഒരിക്കലും നിന്നെ എന്റെതായ് ഉൾക്കൊള്ളാൻ എനിക്കാവില്ല മൈഥിലി… ”
ഉള്ളിലെ സംഘർഷം മുഖത്തു പ്രകടമാവും വിധം കൈകൾ കൂട്ടിത്തിരുമ്മി തനിയ്ക്ക് മുന്നിൽ നിന്ന് പറയുന്നവനെ യാതൊരു ഭാവഭേതവുമില്ലാതെ നോക്കി നിന്നു മൈഥിലിയെങ്കിൽ താൻ പ്രതീക്ഷിച്ച ഞെട്ടലോ പരവേശമോ ഒന്നുമില്ലാതെ തികച്ചും സ്വാഭാവികമെന്നപ്പോലെ തന്നെ നോക്കുന്നവളെ അമ്പരപ്പോടെയാണ് കിഷോർ നോക്കിയത്
“നിങ്ങളുടെ അമ്മ പറഞ്ഞിരുന്നു നമ്മുടെ വിവാഹത്തിനു മുമ്പുതന്നെ നിങ്ങളുടെ നഷ്ടപ്രണയമുൾപ്പെടുന്ന ജീവിതത്തെ പറ്റി…”
തന്നെ പകപ്പോടെ നോക്കുന്നവന്റെ ഉള്ളറിഞ്ഞ് മൈഥിലി ശാന്തമായ സ്വരത്തിൽ പറഞ്ഞതും അവളിൽ നിന്ന് മുഖം വെട്ടിച്ചു മാറ്റി ബെഡ്ഡിലേക്കിരുന്നു കിഷോർ…
പ്രണയം കൊണ്ട് മുറിവേറ്റവനാണ്, മനസ്സും ശരീരവും കൊടുത്ത് പ്രണയിച്ചവൾ നിഷ്കരുണം വലിച്ചെറിഞ്ഞ് പോ യപ്പോൾ പെണ്ണിനെയും പ്രണയത്തെയും ഒരു പോലെ വെറുത്തു പോയവൻ…
ആ ഓർമ്മയിൽ പോലുമൊരു നിശ്വാസമുതിർന്നു മൈഥിലിയിൽ നിന്ന്…
“ഞാനീ ബെഡ്ഡ് ഷെയർ ചെയ്യുന്നതിൽ കിഷോറിനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…?
അവനെ തന്നെ നോക്കിയത് മൈഥിലി ചോദിക്കുമ്പോൾ തന്നെ പേരു വിളിച്ച അവളെയൊന്നാകെ നോക്കി കിഷോർ…
“ബുദ്ധിമുട്ടാണെന്നു പറഞ്ഞാൽ….?
അവളുടെ ചോദ്യത്തിന് മറുചോദ്യമെറിഞ്ഞു കിഷോർ
“ബുദ്ധിമുട്ടാണെങ്കിൽ എനിയ്ക്ക് കിടക്കാനുള്ള സ്ഥലം കിഷോർ കാണിച്ചു തരണം… നിലത്തും സോഫയിലുമൊന്നും കിടന്നെനിയ്ക്ക് ശീലമില്ല…”
“ഞാൻ വെറുതെ പറഞ്ഞതാണ്… നീ ഇതിൽ തന്നെ കിടന്നോ… ഇഷ്ടമില്ലെങ്കിലും പ്രണയമില്ലെങ്കിലും നീയെന്റെ ഭാര്യയാണല്ലോ… മനസ്സില്ലെങ്കിലും പ്രണയമില്ലെങ്കിലും ഇനിയങ്ങോട്ട് ഒരുമിച്ചുറങ്ങി ശരീരം പങ്കിടേണ്ടവരാണല്ലോ നമ്മൾ… ”
അവളിൽ നിന്ന് കണ്ണുകൾ മാറ്റാതെ താൻ പറഞ്ഞതിനുള്ള അവളുടെ മറുപടി കേൾക്കാനെന്നപ്പോലെ അവളെ നോക്കി കിഷോർ പറഞ്ഞതും പതിവുപോലൊരു ചിരി തെളിഞ്ഞു മൈഥിലിയിൽ…
“മനസ്സിൽ ഇഷ്ടമില്ലാതെ ,പ്രണയമില്ലാതെ നല്ലൊരു പുരുഷനൊരിക്കലുമൊരു പെണ്ണിന്റെ ശരീരത്തിൽ അധികാരം കാണിക്കില്ല കിഷോർ… പ്രണയമുള്ളിടത്തേ കാമത്തിന് സൗന്ദര്യമുള്ളു.. അല്ലാതെയുള്ളത് വെറും കീഴ്പ്പെടുത്തൽ മാത്രമാണ്…”
മൈഥിലിയുടെ സംസാരത്തിൽ പതറി കിഷോർ..
അവളെ പോലൊരു ഗ്രാമവാസി പെണ്ണിൽ നിന്നവനൊട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണത്…
“ഞാൻ നല്ലവനല്ല മൈഥിലി… നിന്റെ അത്തരമൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യവും എനിയ്ക്കില്ല… എന്റെ റൂമിലും എന്റെ ബെഡ്ഡിലും എന്തുണ്ടെങ്കിലും അത് ഞാനെടുത്തുപയോഗിയ്ക്കും… ”
മൈഥിലിക്കു മുമ്പിൽ വല്ലാതെ ചെറുതായ് പോയ് താനെന്ന ചിന്തയുള്ളിൽ വന്നതും അവളെ തോല്പിക്കാനുള്ള വാശി നിറഞ്ഞു കിഷോറിൽ
എന്നാൽ കിഷോറിന്റെയാ സംസാരത്തിന് യാതൊന്നും മറുപടി പറയാതെ ബെഡ്ഡിനോരം കയറി കിടന്ന് കണ്ണടച്ചു മൈഥിലി…
അവളുടെ ആ പ്രവർത്തിയിൽ ദേഷ്യം തോന്നിയെങ്കിലും പിന്നീടൊരു സംസാരത്തിനും മുതിർന്നില്ലവനും..
ദിവസങ്ങൾ പതിവുപോലെ മുന്നോട്ടു പോയതും ഒരു മുറിയിൽ തികച്ചും അപരിചിതരെന്ന പോലെ ജീവിച്ചു കിഷോറും മൈഥിലിയും…
തന്നോടൊരു സംസാരത്തിനോ തന്റെ കാര്യങ്ങളിൽ ഇടപ്പെടാനോ മൈഥിലി വരുന്നില്ലെങ്കിലും തന്റെ അച്ഛനമ്മമാർക്കവൾ പ്രിയപ്പെട്ട മകളായ് മാറുന്നത് അറിയുന്നുണ്ട് കിഷോർ….
അച്ഛനൊപ്പം ഷട്ടിൽ കളിച്ചും അമ്മയ്ക്കൊപ്പം അടുക്കളയിലും നിറഞ്ഞു നിൽക്കുന്നവളുടെ കളിതമാശകൾ വീടിനെ ശബ്ദമുഖരിതമാക്കി തീർക്കുന്നതറിഞ്ഞതും എന്തിനെന്നറിയാതെ, ആരോടെന്നറിയാത്തൊരു പരിഭവം മൊട്ടിട്ടു കിഷോറിന്റെയുള്ളിൽ…
“ഇതെന്താ ഇന്നിവിടെ ആളും അനക്കവുമൊന്നു ഇല്ലേ..?
പതിവു പോലെജോലി കഴിഞ്ഞൊരു വൈകുന്നേരം വീട്ടിൽ വന്നതും നിശബ്ദതയിൽ മുങ്ങി കിടക്കുന്ന വീടു കണ്ട് ഉള്ളിലോർത്തു കിഷോർ
“അമ്മേ… നല്ലൊരു ചായവേണം വല്ലാത്ത തലവേദന… ”
താൻ വന്നതു പോലും ഗൗനിക്കാതെ അലസം സോഫയിൽ കിടക്കുന്ന അമ്മയ്ക്കരികിലായ് ചെന്നിരുന്നവൻ പറഞ്ഞതും മിഴികൾ നിറഞ്ഞു പോയമ്മയുടെ..
അവനെ ഒന്നു നോക്കി വേഗത്തിൽ കിച്ചണിലേക്ക് അമ്മ നടക്കുമ്പോൾ കിഷോർ ഓർത്തത് അമ്മയുടെ മിഴികൾ നിറഞ്ഞത് എന്തിനെന്നാണ്…
“അച്ഛാ…. നിങ്ങൾ രണ്ടാളും വഴക്കിട്ടോ… അതിനാണോ അമ്മ കരഞ്ഞത്…?
അല്ലാ നിങ്ങളുടെ ഓമന പുത്രി എവിടെ… നിങ്ങൾ വഴക്കിട്ടത് അറിഞ്ഞില്ലേ അവൾ…?
എന്നും വരുമ്പോൾ അച്ഛനും അമ്മയ്ക്കും ഒപ്പമുണ്ടാകുന്നവളുടെ ഇന്നത്തെ അസാന്നിധ്യം ശ്രദ്ധിച്ചിട്ടാണവന്റെ ആ ചോദ്യം
“നീയെന്നോടും അമ്മയോടും ഇതുപോലൊന്ന് സംസാരിച്ചിട്ടെത്ര നാളായ് കിച്ചൂ… ?
ഞങ്ങൾ രണ്ടാളുകൾ ഈ വീടിനുള്ളിൽ നീയെന്നു കരുതി ജീവിക്കുന്നത് നീ മറന്നു പോയിട്ടെത്രയായെന്നറിയ്യോ നിനക്ക്…?
നിറ കണ്ണോടെ തന്റെ കൈകൾ കൂട്ടിപ്പിടിച്ച് ചോദിക്കുന്ന അച്ഛനെ പകപ്പോടെ നോക്കി കിഷോർ…
ശരിയാണ് സ്നേഹിച്ച പെണ്ണ് തന്നെ വഞ്ചിച്ച് മറ്റാരുവനൊപ്പം പോയപ്പോൾ അവൾക്കൊപ്പം താൻ മറന്നത് ഇവരെ കൂടിയാണെന്ന ചിന്ത ഉള്ളിൽ വന്നതും അച്ഛനെ തന്നിലേക്കു ചേർത്തു പിടിച്ചവൻ…. നിറമിഴികളോടെ തന്നെ…
അച്ഛന്റെയും അമ്മയുടെയും ഒപ്പം അവരുടെ പഴയ കിച്ചുവായിരിക്കുമ്പോൾ മൈഥിലിയെ വല്ലാതെ മിസ്സ് ചെയ്യും പോലെ തോന്നി കിഷോറിന്…
കഴിഞ്ഞ കുറച്ചു മാസങ്ങളായ് ഈ വീടിനുള്ളിലാകെ നിറഞ്ഞു നിൽക്കുന്നവളുടെ ഇപ്പോഴെത്തെയീ അസാന്നിധ്യം വല്ലാത്തൊരസ്വസ്ഥത സൃഷ്ടിച്ചവന്റെ ഉള്ളിൽ…
അവളെയൊന്നു കാണാൻ വല്ലാതെ തുടിച്ചവന്റെ ഉള്ളം…
അവളെവിടെ അമ്മേ….?
തനിയ്ക്കുള്ള ചായയുമായ് വന്ന അമ്മയെ അരികിലേക്കിരുത്തി വീണ്ടും കിഷോർ ചോദിച്ചതും തന്റെ ഉത്തരത്തിനായ് കാത്തു നിൽക്കുന്നവന്റെ മുഖത്തെ ആകാംക്ഷ അടുത്തിരുന്ന് കണ്ടറിഞ്ഞവർ…
“മൈഥിലി മോള് പോയല്ലോ… നിന്നോട് പറഞ്ഞില്ലേ…?
ഒട്ടൊന്നമ്പരന്ന ശബ്ദത്തിൽ അമ്മ ചോദിച്ചതും ചായ ഗ്ലാസ്സൊന്നു തുളുമ്പി കിഷോറിന്റെ കയ്യിലിരുന്ന്
എവിടേക്കെന്ന ചോദ്യം പകപ്പോടെ അമ്മയോടു ചോദിക്കുമ്പോൾ നിറഞ്ഞ തന്റെ കണ്ണുകളെ അവനറിഞ്ഞില്ല…
“പ്രണയമില്ലാത്തെയിടത്ത് ഇഷ്ടമില്ലാത്തിടത്ത് കടിച്ചു തൂങ്ങി നിൽക്കാൻ വയ്യെന്നു പറഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങിപോയവൾ… ”
തനിയ്ക്കത്ര അടുത്തിരുന്നമ്മ പറയുന്നത് ദൂരെ നിന്നെന്ന പോലെ കേട്ടവൻ…
കേട്ട വാക്കുകൾ നിറഞ്ഞ മിഴികളെ കവിളിലേക്കൊഴുക്കിയതും കാറ്റുപോലെ മുറിയ്ക്കുള്ളിലേക്ക് പാഞ്ഞവൻ…
അടഞ്ഞ വാതിലിനുള്ളിൽ ശ്വാസമെടുക്കാൻ മറന്നു നിന്നു പോയവൻ…
ആ മുറിയാകെ അവളുടെ ഗന്ധമാണ് നിറഞ്ഞു നിൽക്കുന്നത്… ഒപ്പം അവനിൽ മിഴിനട്ട് നേർത്ത ചിരിയോടെ അവളും… മൈഥിലി….
നീ…. പോയില്ലേ….?
തന്റെ ഉള്ളമവൾ തിരിച്ചറിഞ്ഞോ എന്ന ആധിയിൽ വെപ്രാളംകലർന്നിരുന്നത് ചോദിക്കുമ്പോഴവനിൽ…
പോയില്ല…. പോവാനൊരുങ്ങുകയാണ്…
അവന്റെ ഉള്ളിലെ തന്നോടുള്ള ഇഷ്ടമവൻ വീണ്ടും മറച്ചു പിടിക്കാൻ ശ്രമിയ്ക്കുന്നെന്നു ബോധ്യമായതും സ്വാഭാവികമായ് പറഞ്ഞവൾ താനെടുത്തു വെച്ച ബാഗുകളിലേക്ക് നോക്കി…
അവൾ പോയിട്ടില്ലായെന്നറിവിൽ നിറഞ്ഞു മിടിച്ച ഹൃദയം അവളുടെ വാക്കിലും കൺമുന്നിലെ കാഴ്ചയിലും മിടിക്കാൻ മറന്നതു പോലെ നിശ്ചലമായവനിൽ…
“നീ… നീ… പോവാണോ…. ശരിയ്ക്കും പോവാണോ…?
തന്റെ പ്രായം പോലും മറന്നൊരു കുഞ്ഞു കുട്ടിയെ പോലെ തന്റെ മുന്നിൽ കണ്ണ് നിറച്ചു നിന്ന് ചോദിക്കുന്നവനെ അമ്പരപ്പോടെയും അത്ഭുതത്തോടെയും നോക്കി നിന്നു പോയ് മൈഥിലി…
“നിനക്ക് എന്നോട് പ്രണയമില്ലല്ലോ കിഷോർ…ഇഷ്ടമുമില്ലല്ലോ എന്നെ… പിന്നെ ഞാനെന്തിനിവിടെ നിൽക്കണം…. ?
എന്നോ ഒരിക്കൽ ഞാൻ പോലും അറിയാതെ നിന്നെ ഞാൻസ്നേഹിച്ചു പോയതുകൊണ്ടാണ് നീ മറ്റൊരുവളുടേത് ആയിരുന്നു എന്നറിഞ്ഞിട്ടും ഞാനീ പടികടന്ന് നിന്റെ ഭാര്യയായ് വന്നത്…. അറിയ്യോ നിനക്കത്… ?
നിന്നെ നീയറിയാതെ സ്നേഹിച്ച എന്നെ നീ എപ്പോഴെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ… ഇല്ലല്ലോ… അതു കൊണ്ട് മടങ്ങി പോവാൻ തീരുമാനമെടുത്തു ഞാൻ…..”
അവന്റെ മിഴികളിൽ തന്റെ നോട്ടം കൊരുത്തവൾ പറഞ്ഞതും താനേറെ അറിയാനുണ്ട് തനിയ്ക്ക് മുമ്പിൽ നിൽക്കുന്നവളെയെന്ന് തിരിച്ചറിഞ്ഞവനാദ്യമായ്…
അതിലുപരി തന്നെ വിവാഹത്തിനു മുമ്പേ സ്നേഹിച്ചിരുന്നു അവളെന്ന അറിവ് അവനെയാകെ ഉലച്ചു….
അവനറിയാതെയാണവൻ അവളെ തന്നിലേക്ക് ചേർത്തത്….
“നീ പോവുന്നത് ,നിന്നെ നഷ്ടപ്പെടുന്നത് അതൊന്നും വെറുതെ പോലും ചിന്തിക്കാൻ വയ്യെനിയ്ക്ക്…. ഇഷ്ടത്തിനപ്പുറം പ്രണയത്തിനപ്പുറം അതിലുമേറെ പ്രിയപ്പെട്ടൊരു വികാരമാണെനിയ്ക്ക് നിന്നോട്…. നീയ്യില്ലായ്മയിൽ ഞാനുമില്ലെന്ന വിധം എനിയ്ക്ക് പ്രിയപ്പെട്ടവളാണ് നീ… ഇതിലുമപ്പുറം ഇനി ഞാനെന്താണ് നിന്നോട് പറയേണ്ടത്…?
ശ്വാസത്തളിച്ചയോടെ പറയുന്നവനെ നിറഞ്ഞ മനസ്സോടെ കേൾക്കുമ്പോൾ അവളറിയുന്നുണ്ട് അവന്റെ ഓരോ വാക്കിലും നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള ഇഷ്ടമാണെന്ന് … പ്രണയമാണെന്ന്…
അവനിനി ഒരിക്കലും തന്നെ അവനിൽ നിന്ന് അകറ്റി നിർത്തില്ലെന്ന അറിവിൽ അവന്റെ നെഞ്ചോരം അവൾ ചാഞ്ഞതും തന്റെ ഇരു കൈകളും കൊണ്ടവളെ തന്നിലേക്ക് കൂടുതൽ ചേർത്തിനിർത്തിയവന്റെ ചുണ്ടുകൾ അവളുടെ നിറുകയിൽ നിറുത്താതെ പതിയുന്നുണ്ടൊരു പ്രായശ്ചിത്തം പോലെ
ചില ഇഷ്ടങ്ങൾ ഇങ്ങനെയാണ്… നഷ്ടപ്പെടുമെന്ന തോന്നലിൽ മാത്രം പ്രകടമാവുന്ന ഇഷ്ടങ്ങളുണ്ട് ഭൂമിയിൽ ഇതുപ്പോലെ….. ഇനിയവർ പ്രണയിക്കും… ഒരിക്കലും വേർപിരിയാനാവാത്ത വിധം… നീയുണ്ടങ്കിലേ ഞാനുള്ളു എന്ന വിധം ഉയിരിനുയിരായ്…..
ശുഭം
RJ
