തൻ്റെ കുഴപ്പം കൊണ്ടാവും ഇപ്പോഴും പ്രെഗ്നന്റ് ആവാൻ കഴിയാത്തതെന്ന കുറ്റബോധം അഞ്ജലിയെ…

✍️ ഹേര

അഞ്ജലിയും രാഹുലും പ്രണയിച്ച് വിവാഹിതരായവരാണ്. അവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. കോളേജ് കാലത്ത് പിരിയാൻ കഴിയാത്ത സുഹൃത്തുക്കളായി ഇരുന്നവർ, പിന്നീട് പ്രണയത്തിലാവുകയും അവസാനം രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹ ജീവിതത്തിന്റെ ആദ്യകാലം അവർ സ്വപ്നം കണ്ട പോലെ തന്നെ മനോഹരമായിരുന്നു അവരുടെ ജീവിതം. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ ഒരു കുഞ്ഞിക്കാൽ കാണാത്തത് അവർക്കിടയിൽ ഒരു അകൽച്ച ഉടലെടുക്കാൻ കാരണമായി മാറി.
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ കുഞ്ഞുങ്ങൾ ഉടനെ വേണ്ടെന്നും ജീവിതം കുറച്ച് ആഘോഷമാക്കാം എന്നുമായിരുന്നു അവരുടെ തീരുമാനം. അങ്ങനെ മൂന്നു വർഷം രണ്ടുപേരും കുട്ടികളെക്കുറിച്ച് ചിന്തിക്കാതെ കപ്പിൾ ലൈഫ് എൻജോയ് ചെയ്ത് നടന്നു.
എന്നാൽ വർഷം മൂന്ന് പിന്നിട്ടപ്പോഴാണ് അവർ കുട്ടികളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. രണ്ട് വർഷം കുഞ്ഞുങ്ങൾക്ക് വേണ്ടി ട്രൈ ചെയ്തിട്ടും പ്രെഗ്നന്റ് ആവാതെ ആയപ്പോൾ അവർ ഒരു ഡോക്ടറെ പോയി കണ്ടു.
അഞ്ജലിക്ക് ഓവറി സിസ്റ്റിന്റെ പ്രശ്നം ഉള്ളതുകൊണ്ട് പ്രെഗ്നന്റ് ആവാൻ ബുദ്ധിമുട്ടാണെന്നും മെഡിസിൻസ് സ്റ്റാർട്ട് ചെയ്യാനും ഡോക്ടർ അറിയിച്ചു. തുടർന്ന് ആശുപത്രിയും ചികിത്സകളും, പ്രാർത്ഥനകളും ഒക്കെയായി വർഷങ്ങൾ പിന്നെയും കടന്നുപോയി.

ഒരുപാട് നാളത്തെ ട്രീറ്റ്മെൻ്റിന് ഒടുവിൽ അഞ്ജലിയുടെ ഓവറി സിസ്റ്റ് മാറിയെങ്കിലും അവർക്ക് കുട്ടികൾ ഉണ്ടായില്ല. രണ്ടാളും ആരോഗ്യപരമായി ഇപ്പോൾ ഓക്കെയാണെങ്കിലും അഞ്ജലിക്ക് അമ്മയാവാനുള്ള ഭാഗ്യം ദൈവം നൽകിയില്ല. കുറച്ച് വർഷങ്ങൾ തങ്ങൾ കുഞ്ഞുങ്ങളെ വേണ്ടെന്ന് വെച്ചതുകൊണ്ടാകും ദൈവം കുട്ടികളെ തരാതെ തങ്ങളെ ശിക്ഷിക്കുന്നത് എന്നാണ് അഞ്ജലിക്ക് തോന്നിയത്.
ദിവസവും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ തങ്ങൾക്കൊരു കുഞ്ഞിനെ തരണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന. ഇതേസമയം രാഹുൽ, തൻ്റെ കൂടെ ജോലി ചെയ്യുന്നവർക്കും ഫ്രണ്ട്‌സിനും കുട്ടികൾ ഉണ്ടാകുന്നത് അസൂയയോടെയും സങ്കടത്തോടെയുമാണ് നോക്കിക്കണ്ടത്. അച്ഛനാകാനുള്ള ആഗ്രഹം അവനിലും തുടിച്ചുനിന്നു.
നാളുകൾ കഴിയും തോറും ഒരു കുഞ്ഞെന്നുള്ള മോഹം ഇരുവരിലും വർധിച്ചു വന്നു. തൻ്റെ കുഴപ്പം കൊണ്ടാവും ഇപ്പോഴും പ്രെഗ്നന്റ് ആവാൻ കഴിയാത്തതെന്ന കുറ്റബോധം അഞ്ജലിയെ വേട്ടയാടാൻ തുടങ്ങി. തൻ്റെ ഭാഗ്യക്കേട് ഓർത്ത് അവൾ കരയാത്ത രാവുകളില്ല. താലോലിക്കാനും പാലൂട്ടി വളർത്താനും ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു അഞ്ജലിക്ക്. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ കുഞ്ഞു വേണ്ടെന്ന് വെച്ച തീരുമാനം ഓർത്തു ഇപ്പോൾ അവൾക്ക് ഒത്തിരി കുറ്റബോധം തോന്നി.
പക്ഷേ ഈയിടെയായി കുഞ്ഞുണ്ടാവാത്തതിനേക്കാൾ അവളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് രാഹുലിൻ്റെ സ്വഭാവത്തിലെ മാറ്റങ്ങളാണ്. അത് അവൾ ഒട്ടും പ്രതീക്ഷിച്ചതല്ല. കുഞ്ഞുങ്ങൾ ഉണ്ടാവാതിരുന്നപ്പോൾ അവൻ ആദ്യമൊക്കെ അഞ്ജലിയെ ആശ്വസിപ്പിച്ചിരുന്നെങ്കിലും പിന്നീട് രാഹുൽ മാനസികമായി അവളിൽ നിന്ന് അകലാൻ തുടങ്ങിയിരുന്നു. അവർക്കിടയിൽ സംഭവിക്കുന്ന സെക്സ് പോലും കുട്ടികൾ ഉണ്ടാവാൻ വേണ്ടി മാത്രമുള്ളതായി മാറി. അതിൽ സ്നേഹം ഒട്ടും തന്നെയില്ലായിരുന്നു. അഞ്ജലി മുൻകൈയെടുത്താൽ മാത്രമാണ് രാഹുൽ അവളോട് ഇൻ്റിമേറ്റ് ആകുന്നത്. അവൻ ഒട്ടും താൽപ്പര്യമില്ലാതെയാണ് സെക്സ് ചെയ്യുന്നതെന്ന് അഞ്ജലിക്ക് മനസ്സിലായതാണ്. പക്ഷേ ഒരു കുഞ്ഞുണ്ടായാൽ അവൻ്റെ അകൽച്ച മാറുമെന്ന് കരുതി രാഹുലിൻ്റെ ഇഷ്ടക്കേട് അവൾ അവഗണിക്കാറാണ് പതിവ്.
പിന്നെപ്പിന്നെ രാഹുൽ ചെറിയ കാര്യങ്ങൾക്ക് പോലും അവളോട് പൊട്ടിത്തെറിക്കാൻ തുടങ്ങിയിരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കും ബഹളവും ഉണ്ടാക്കും. അതെല്ലാം അവൻ കാണിക്കുന്നത് അവൻ്റെ സങ്കടം കൊണ്ടാകുമെന്ന് കരുതി അഞ്ജലി എല്ലാം ക്ഷമിച്ചുപോന്നു. കാരണം രാഹുൽ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ അവൾക്ക് ആകുമായിരുന്നില്ല.
ദിവസങ്ങൾ കഴിഞ്ഞു പോകവേ രാഹുൽ അവളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ കുറഞ്ഞു വന്നു. അഞ്ജലി അതെല്ലാം സഹിച്ചു. ദൈവം തങ്ങൾക്ക് ഒരു കുഞ്ഞിനെ തരുമെന്നും അതോടെ തനിക്ക് തൻ്റെ പഴയ രാഹുലിനെ തിരിച്ചു കിട്ടുമെന്നും അവൾ വിശ്വസിച്ചു.
അങ്ങനെയിരിക്കേ ഒരു ദിവസം രാവിലെ രാഹുൽ തൻ്റെ പതിവ് ജോഗിങ്ങിന് പോകുമ്പോൾ ഫോൺ എടുക്കാൻ മറന്നുപോയിരുന്നു.
അവൻ ഇറങ്ങി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും രാഹുലിൻ്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയിരുന്നു. ആദ്യം അവളത് അവഗണിച്ചെങ്കിലും നിർത്താതെ ബെൽ മുഴങ്ങുന്നത് കേട്ട് അവൾ ചെന്ന് ഫോൺ എടുത്തുനോക്കി. ആരെങ്കിലും അത്യാവശ്യക്കാർ വിളിക്കുന്നതാണോ എന്നവൾ ചിന്തിച്ചു. രാഹുലിൻ്റെ ഫോൺ എടുത്തുനോക്കിയപ്പോൾ ഡിസ്പ്ലേയിൽ ‘പ്രീതി’ എന്ന പേര് കണ്ടു.
ഈ പ്രീതി അവരുടെ കൂടെ കോളേജിൽ പഠിച്ച പെണ്ണാണ്. ഇടയ്ക്കിടെ രണ്ടുപേരെയും അവൾ കോൺടാക്റ്റ് ചെയ്യാറുണ്ട്. അത് കൂടാതെ പ്രീതിയും ബാംഗ്ലൂർ തന്നെയാണ് താമസം. മൂന്നു കൊല്ലം മുൻപ് സംശയരോഗിയായ ഭർത്താവിനെ ഡിവോഴ്സ് ചെയ്തതിനാൽ ഒറ്റയ്ക്കാണ് അവളുടെ താമസം. ബാംഗ്ലൂരിലുള്ള ഒരു ഐ.ടി കമ്പനിയിലാണ് പ്രീതി ജോലി ചെയ്യുന്നത്.
ഇരുവരുടെയും കോമൺ ഫ്രണ്ട് ആയ പ്രീതി ആ കൊച്ചുവെളുപ്പാൻ കാലത്ത് ഇങ്ങനെ വിളിക്കുന്നത് കണ്ട് അഞ്ജലിയുടെ ഉള്ളിൽ സംശയത്തിൻ്റെ വിത്ത് മുളച്ചു.
അവൾ കാൾ എടുക്കാതെ ഫോണിൻ്റെ ലോക്ക് തുറന്ന് കാൾ ലോഗ് നോക്കി. പരസ്പരം ഫോണിൻ്റെ ലോക്കുകൾ അറിയാമെങ്കിലും പരസ്പര വിശ്വാസത്തിൻ്റെ പുറത്ത് അവർ അങ്ങോട്ടുമിങ്ങോട്ടും ഫോൺ എടുത്തുനോക്കിയിട്ടില്ല ഇതുവരെ.
എന്നാൽ ഇന്ന് ആ പതിവ് തെറ്റിച്ചുകൊണ്ട് അഞ്ജലി രാഹുലിൻ്റെ ഫോൺ പരിശോധിക്കാൻ തീരുമാനിച്ചു. കാൾ ലോഗ് നോക്കിയപ്പോൾ ഒരു ദിവസത്തിൽ ഒരുപാട് തവണ പ്രീതിയും രാഹുലും അങ്ങോട്ടുമിങ്ങോട്ടും വിളിക്കുകയും മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുന്ന ഡ്യൂറേഷൻ കണ്ട് അവൾ ഞെട്ടിപ്പോയി. ഇതിനുമാത്രം അവർക്കെന്താ സംസാരിക്കാനുള്ളതെന്ന് അഞ്ജലിക്ക് മനസ്സിലായില്ല.
വിറയ്ക്കുന്ന കൈകളോടെ അവൾ വാട്സാപ്പ് തുറന്നുനോക്കി. അതിൽ അറപ്പുളവാക്കുന്ന തരത്തിലുള്ള രാഹുലിൻ്റെയും പ്രീതിയുടെയും സെക്സ് ചാറ്റ് വായിച്ച് അവൾക്ക് തൊലിയുരിയുന്ന പോലെ തോന്നി. അവരുടെ ചാറ്റ് പരിശോധിക്കുമ്പോഴാണ് ഒരു വീഡിയോ രാഹുൽ അങ്ങോട്ട് അയച്ചിരിക്കുന്നത് അഞ്ജലി കണ്ടത്. അവൾ അത് ഓപ്പൺ ചെയ്തുനോക്കി.
നൂൽ ബന്ധമില്ലാതെ ബെഡിൽ കിടക്കുന്ന പ്രീതിയുടെ ശരീരത്തിലേക്ക് പടർന്നു കയറുന്ന തൻ്റെ ഭർത്താവിനെ കണ്ട് അഞ്ജലി നടുങ്ങിത്തരിച്ചുപോയി. സുഹൃത്തായി കൂടെ നിന്നവൾ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് അവൾ ഒട്ടും വിചാരിച്ചില്ല. അവരുടെ ചാറ്റിൽ നിന്ന് ആ ബന്ധം തുടങ്ങിയിട്ട് 2 വർഷമായെന്ന് ഞെട്ടലോടെ അഞ്ജലി തിരിച്ചറിഞ്ഞു. അവൾക്ക് ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
രാഹുലിൻ്റെ ഫോണും കയ്യിൽ പിടിച്ച് അഞ്ജലി നടുങ്ങിത്തരിച്ചു നിൽക്കുമ്പോഴാണ് വാട്സാപ്പിൽ പ്രീതിയുടെ മെസ്സേജ് വന്നത്.

“രാഹുൽ… ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തത്. ഒരു അത്യാവശ്യ കാര്യം പറയാനാണ് ഞാൻ വിളിച്ചത്.
ഈ മാസം ഞാൻ പീരിയഡ്‌സ് ആയില്ല. ടെസ്റ്റ് ചെയ്തുനോക്കിയപ്പോ പോസിറ്റീവാണ്. നീ ആഗ്രഹിച്ചത് പോലെ ഞാൻ പ്രെഗ്നൻ്റായി രാഹുൽ. നീ വേഗം ഇങ്ങോട്ട് വാ. എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നു. പിന്നെ എത്രയും പെട്ടെന്ന് അഞ്ജലിയെ ഒഴിവാക്കിക്കോ. നമ്മുടെ കൊച്ചു ഒരു അവിഹിത സന്തതിയാണെന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

ഇതായിരുന്നു പ്രീതിയുടെ മെസ്സേജ്. അത് വായിച്ചതും തൻ്റെ പരാജയം പൂർണ്ണമായെന്ന് അഞ്ജലി മനസ്സിലാക്കി. ഇങ്ങനെ ഒരു ചതി അവൾ പ്രതീക്ഷിച്ചിരുന്നില്ല.
കാൽമുട്ടിൽ മുഖം പൂഴ്ത്തിവെച്ച് ഒത്തിരി നേരം അവളിരുന്നു കരഞ്ഞു. കുറേ സമയം കരഞ്ഞപ്പോൾ മനസ്സിന് തെല്ല് ആശ്വാസം തോന്നിയതും അവൾ എഴുന്നേറ്റുപോയി തൻ്റെ ഡ്രസ്സ് എല്ലാം ഒരു പെട്ടിയിൽ പാക്ക് ചെയ്യാൻ തുടങ്ങി.

ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലാത്ത അഞ്ജലിയെ ഭാര്യയായി കൊണ്ടുനടക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവൻ പ്രീതിയുമായി റിലേഷനിലായത്. അത് അവരുടെ ചാറ്റിൽ നിന്നും അവൾ മനസ്സിലാക്കിയിരുന്നു. രണ്ട് വർഷമായിട്ട് ഇരുവരും അഞ്ജലിയെ ചതിക്കുകയായിരുന്നു. എന്നാൽ രാഹുലിനെ അന്ധമായി വിശ്വസിച്ചവൾ ഇത്രയും നാൾ ഒന്നും അറിഞ്ഞിരുന്നില്ല. അവന് തന്നോടുണ്ടായ അകൽച്ചയുടെ യഥാർത്ഥ കാരണം അന്ന് അഞ്ജലിക്ക് ബോധ്യമായി. അതിനാൽ ഇനിയും രാഹുലിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാൻ അവൾ ആഗ്രഹിച്ചില്ല.
രാഹുൽ ജോഗിംഗ് കഴിഞ്ഞ് വരുമ്പോൾ പെട്ടി പാക്ക് ചെയ്ത് പോകാൻ തയ്യാറായി നിൽക്കുന്ന അഞ്ജലിയെ കണ്ട് അവൻ അന്തംവിട്ടു.

“നീ എങ്ങോട്ടാ ഈ രാവിലെ തന്നെ?”

“ഞാൻ എൻ്റെ വീട്ടിൽ പോവാ. ഇനി വരില്ല.”
അവൾ പറഞ്ഞു.

പെട്ടെന്ന് അവൾ പോവുകയാണെന്ന് പറഞ്ഞത് കേട്ടതും രാഹുൽ ഒന്ന് ഞെട്ടി.

“നീയും പ്രീതിയും തമ്മിലുള്ള റിലേഷനൊക്കെ ഞാൻ അറിഞ്ഞു. നീ ആഗ്രഹിച്ചത് പോലെ അവൾ ഇപ്പോൾ പ്രെഗ്നൻ്റുമാണ്. ഇനി അവൾക്കാണ് നിൻ്റെ ആവശ്യം. ഇത്രയും നാളും പറ്റിക്കപ്പെടുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഒത്തിരി സങ്കടം തോന്നി. ഇനി നിനക്കെൻ്റെ ആവശ്യമില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് നീയായിട്ട് ആട്ടിയോടിക്കുന്നതിന് മുൻപ് ഞാനായിട്ട് സ്വയം ഇറങ്ങിപ്പോവുകയാണ്.
പിന്നെ നിൻ്റെ ഫോൺ ഞാൻ എടുത്തിട്ടുണ്ട്. അത് നീ തിരികെ പ്രതീക്ഷിക്കേണ്ട. നിന്നെ ഞാൻ ഉപേക്ഷിച്ചു പോകുന്നതിൻ്റെ കാരണം എന്താണെന്ന് അവർ കൂടി ഒന്ന് അറിയട്ടെ. തെളിവ് സഹിതം കാണിച്ചില്ലെങ്കിൽ ആരും വിശ്വസിക്കില്ല. ഞാൻ കള്ളം പറയുകയാണെന്ന് പറഞ്ഞ് വേണമെങ്കിൽ നീ എന്നെ തെറ്റുകാരിയാക്കാൻ നോക്കും.
എന്തായാലും നമുക്കിനി കോടതിയിൽ കാണാം.”
അത്രയും പറഞ്ഞുകൊണ്ട് അവൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ വാതിൽ വലിച്ചടച്ച് അവൾ ധൃതിയിൽ പുറത്തേക്കിറങ്ങിപ്പോയി.
അഞ്ജലി പറഞ്ഞിട്ട് പോയതൊക്കെ ഒന്ന് മനസ്സിലാക്കാൻ രാഹുലിന് അല്പസമയം വേണ്ടി വന്നു. എല്ലാം മനസ്സിലായതും അവളിൽ നിന്നും ഫോൺ എങ്കിലും തിരിച്ചു വാങ്ങണമെന്ന് കരുതി അവൻ താഴേക്ക് ഓടിയിറങ്ങി ചെല്ലുമ്പോൾ അവൾ ടാക്സിയിൽ കയറി പോയി കഴിഞ്ഞിരുന്നു.
എല്ലാം അതോടെ കഴിഞ്ഞുവെന്ന് രാഹുലിന് മനസ്സിലായി. നാട്ടിൽ തിരിച്ചെത്തിയ അഞ്ജലി രാഹുലിൻ്റെയും പ്രീതിയുടെയും ബന്ധം ഇരുകുടുംബത്തെയും തെളിവ് സഹിതം അറിയിച്ചു. അധികം വൈകാതെ തന്നെ അവനിൽ നിന്നും ഡിവോഴ്സ് വാങ്ങിയതിനുശേഷം അഞ്ജലി സ്വന്തം ജീവിതം നോക്കി മറ്റൊരു സ്ഥലത്തേക്ക് പോയി.
ജീവിതത്തിൽ തനിക്കുണ്ടായ ഏറ്റവും വലിയ ചതിയുടെ ഓർമ്മകൾ മറക്കാൻ ഒരു മാറ്റം അവൾക്ക് ആവശ്യമായിരുന്നു.

ഹേര

Leave a Reply

Your email address will not be published. Required fields are marked *