മിഴിനീർപ്പൂക്കൾ
✍️ രചന: സനൽ SBT
കേരളത്തിലെ ഓരോ വീടുകളിലും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന കഥ
ഡീ രാധേ രാധേ
ഈ എരണംകെട്ടവൾ എവിടെപ്പോയി കിടക്ക്യാണ്.
ശ്ശോ ദൈവമേ ഇന്നും നാലു കാലിൽ ആണല്ലോ വരവ്.
ഡീ കുറച്ച് ചായപ്പൊടി ഇങ്ങ് എടുത്തേ ഈ മുറിവിൽ ഒന്ന് ഇടാനാ.
പെരുവിരൽ മുറിഞ്ഞ വലതു കാലും നീട്ടിക്കൊണ്ടയാൾ പറഞ്ഞു.
എന്ത് പറ്റിയതാ
ഓ കാല് ഒരു കല്ലിൽ കൊണ്ടതാ നല്ല വേദന നീ ഇച്ചിരി വെള്ളം ഇങ്ങെടുത്തെ ഒരു ഗ്ലാസും.
അരയിൽ നിന്നും തിരുകി വെച്ച ഒരു അര ലിറ്ററിന്റെ ബോട്ടിൽ അയാൾ പുറത്തെടുത്തു.
ഹും ഇപ്പോൾ തന്നെ മൂക്ക് മുട്ടം കേറ്റിയിട്ടുണ്ടല്ലോ ഇനിയും വേണോ?
അതിന് നിന്റെ തന്തയുടെ കാശു കൊണ്ടല്ല ഞാൻ കുടിക്കുന്നത്.
കുടിച്ചോ കുടിച്ച് മരിക്ക് ഇത്ര കാലം ഉണ്ടാവുമെന്ന് ആർക്ക് അറിയാം. ഉപ്പോൾ തന്നെ ഉള്ളിൽ ഉള്ളതൊക്കെ പോയ്ക്കാണും.
അതെടീ ഞാൻ ചത്ത് മുകളിലോട്ട് പോയിട്ട് വേണമല്ലോ നിനക്ക് നിന്റെ മറ്റവനുമായി ജീവിക്കാൻ’.
തുടങ്ങി നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ മക്കൾ രണ്ടും പോത്തുപോലെ വളർന്നു ഇനിയല്ലേ ഞാൻ മറ്റോരാളുടെ കൂടെ പോകുന്നത്.
ചെലക്കാതെ പോടി അസത്തെ ഒരു ദിവസം കയ്യോടെ പിടിക്കും രണ്ടിനേയും.
അങ്ങിനെ പോണമെന്നുണ്ടെങ്കിൽ നിങ്ങളെ കെട്ടയതിന്റെ മൂന്നാംപക്കം ഞാൻ പോയെനെ അന്ന് തുടങ്ങിയതല്ലേ ഈ നരകജീവിതം.
നീ എന്റെ മുൻപിൽ വലിയ ശീലാവതി ഒന്നും ചമയണ്ട നീ ഇവിടെ ദിവസവും ഓരോരുത്തൻന്മാരെ വിളിച്ചു കയറ്റുന്നുണ്ടെന്ന് എനിക്ക് അറിയാം.
നിങ്ങള് കണ്ടോ കണ്ടോന്ന്.
രാധയുടെ കണ്ണുകളിൽ നിന്നും തീപ്പൊരി പാറി.
എന്തിനാ ടീ കാണുന്നത് അതിന്റെ തെളിവല്ലേ ദിവസം തോറും വീർത്തു വരുന്ന നിന്റെ ഈ മാറിടം.
രാധയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. മറുപടി ഒന്നും പറയാതെ അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു.
അയാൾ ബാക്കി കുപ്പിയിൽ ഉണ്ടായിരുന്ന മദ്യവും കാലിയാക്കി ചാരുകസേരയിലേക്ക് മറിഞ്ഞു വീണു.
രാധ അടുക്കളയിൽ കഴുകാൻ ഇരുന്ന പാത്രങ്ങൾ എടുത്ത് മുറ്റത്തേക്കിറങ്ങി.
രാധേ ഇന്ന് നേരത്തെ തുടങ്ങിയോ?
ആ രമണി ചേച്ചിയോ. ഇതെന്നും പതിവുള്ളതല്ലേ ചേച്ചി.
ഇന്നെന്താ പുതിയ പ്രശ്നം?
വഴക്ക് കൂടാൻ കാരണം വേണോ ചേച്ചി. ഈയിടെയായി സംശയ രോഗമാണ് പ്രശ്നം ദിവസം എന്നേക്കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്ന് പറഞ്ഞ് രാത്രിയും പകലും ഉറക്കമില്ലാതെ ആളെ പിടിക്കാൻ നടക്കുകയാണ്. കുറെ കുടിച്ചാൽ ഇതുപോലെ ബഹളം വെച്ച് കുറച്ച് സമയം കിടന്നുറങ്ങും.
നീ എന്തിനാ മോളെ ഇതൊക്കെ സഹിച്ച് ഇവിടെ നിൽക്കുന്നത് നിന്റെ വീട്ടിൽ പോയ്ക്കൂടെ.
എന്റെ കാര്യം മാത്രം നോക്കിയാൽ മതിയോ ചേച്ചി മക്കളെ ഓർത്തിട്ടാ ഞാൻ ഇവിടെ പിടിച്ചു നിൽക്കുന്നത്. ഇത് കണ്ടോ ചേച്ചി ഇന്നലെ ഞാൻ ഉറങ്ങികിടക്കുമ്പോൾ ചവിട്ടിയതാണ് ഇപ്പോൾ എനിക്ക് എന്റെ കൈ അനക്കാൻ വയ്യ.
നിനക്ക് മനുവിനോട് പറഞ്ഞൂടെ ഇതൊക്കെ.
അവൻ അല്ലെങ്കിൽ തന്നെ മൂന്ന് നേരം കഞ്ഞിക്കുള്ളത് ഒപ്പിക്കാൻ കിടന്ന് പെടാപാട് പെടുകയാണ് പിന്നെ കൂലിപ്പണിക്ക് പോകുന്നു എന്നല്ലാതെ അതിന് അതിനുള്ള പ്രായം ഒന്നും ആയിട്ടില്ലല്ലോ.
ഉം. ശരി ചേച്ചി എന്റെ പണികൾ നോക്കട്ടെ ഇത് കണ്ട് വന്നാൽ പിന്നെ അതു മതി.
ഉം ശരി രാധേ.
അമ്മേ ഇന്ന് ഒന്നും കഴിക്കാൻ ഇല്ലേ.
സ്ക്കൂൾ വിട്ടു വന്ന കൊച്ചുമോള് അടുക്കളയിൽ നിന്നും ചോദിച്ചു.
ഇന്നലെ ഏട്ടൻ കൊണ്ടുവന്ന ബിസ്കറ്റ് കാണും അലമാരയിൽ പോയി നോക്ക്.
ഒരു ഗ്ലാസിൽ കട്ടൻ ചായയും മറുകയ്യിൽ ബിസ്കറ്റുമായി അവൾ അമ്മയുടെ അടുത്ത് തിണ്ണയിൽ വന്ന് ഇരുന്നു.
അമ്മക്ക് എന്താവയ്യേ മുഖമൊക്കെ വീർത്തിരിക്കുന്നുണ്ടല്ലോ?
ഒന്നും ഇല്ല.
നനവാർന്ന കണ്ണുകൾ നൈറ്റി കൊണ്ട് തുടച്ചവൾ പറഞ്ഞു.
അച്ഛൻ ഇന്നും വഴക്ക് ഉണ്ടാക്കില്ലേ.
ഉം.
ഇന്നും അടിച്ചോ.
ഇല്ലെടി നീ പോയി യൂണിഫോം ഒക്കെ മാറിക്കേ.
അമ്മേ നാളെ പി ടി എ മീറ്റിംങ്ങ് ഉണ്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളിൽ വരണേ.
എനിക്ക് വയ്യ മോളെ അഛനോട് പറഞ്ഞോ.
ആ കുടിച്ച് നാലു കാലിൽ വന്നു കയറും എന്നിട്ട് വേണം എന്നെ സ്ക്കൂളിൽ നിന്നും പുറത്താക്കാൻ അമ്മ വന്നാൽ മതി.
നീ പോയി മേല് കഴുകി വിളക്ക് വെയ്ക്കാൻ നോക്ക് നേരം സന്ധ്യയായി.
ആ ഇപ്പോ പോകാം അമ്മ എന്റെ തോർത്ത് കണ്ടോ?
അവിടെ എവിടെലും കാണും പോയി നോക്ക്.
അമ്മേ അമ്മേ അഛനെവിടെ?
ദാ കിടക്കുന്നു ‘
അച്ഛൻ ഇന്നും കവലയിൽ കിടന്ന് അടിയുണ്ടാക്കിയല്ലേ.
ആ എനിക്ക് അറിയില്ല. കാലിൽ ഒരു മുറിവും ആയിട്ടാണ് വന്ന് കയറിയത്.
ആ എന്നാൽ ഇന്നും അവിടെ നല്ല ബഹളം ആയിരുന്നു എന്നാ ഭാസ്ക്കരേട്ടൻ പറഞ്ഞത്. എന്റെ പേരും പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നുമെല്ലാം കടം മേടിച്ചാണ് ഇപ്പോൾ കള്ളുകുടി. കിട്ടണ പൈസ ഈ കടം തീർക്കാനേ ഇപ്പോ ഉള്ളൂ.
എന്റെ ഈശ്വരാ ഈ നാശം കഞ്ഞി കുടിച്ച് ജീവിക്കാനും സമ്മതിക്കില്ലേ?
അത് മാത്രം അല്ല ഇന്ന് രാവിലെ പലിശക്കാരന് കൊടുക്കാൻ ഇരുന്ന 250 രൂപ എടുത്തോണ്ട് പോയി എന്നിട്ട് വയറ് നിറച്ച് കുടിച്ച് കുത്തിമറിഞ്ഞ് കിടക്കണ് കണ്ടില്ലേ. ഒരു ചവിട്ടിന് അങ്ങ് മറിക്കാൻ തോന്നും.
ദേഷ്യവും സങ്കടവും മനുവിന് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
ഒന്ന് പതുക്കെ പറ മനു ഇനി ഇത് കേട്ടിട്ട് വേണം അടുത്ത അങ്കം തുടങ്ങാൻ ഒന്ന് ഇപ്പോ കഴിഞ്ഞതേ ഉള്ളൂ.
ഇന്നും അന്മയെ തല്ലിയേ? ആ ചിരവ എടുത്ത് അതിന്റെ തല അടിച്ച് പൊളിക്ക്യായിരുന്നില്ലേ ഇല്ലെങ്കിൽ ഉലക്ക് എടുത്ത് രണ്ട് കാലും തല്ലി മുറിച്ച് ഒരു മൂലയ്ക്കൽ ഇട് ഞാൻ തിന്നാൻ കൊടുത്തോളാം ഇതിലും ഭേദം അതാ.
ഈ ശബ്ദം കേട്ട് അയാൾ കസേരയിൽ നിന്നും എഴുന്നേറ്റ് അഴിഞ്ഞ മുണ്ട് ഒന്ന് മുറുകേ എടുത്തു കുത്തി.
അതെടാ നായെ നീയൊക്കെ എന്റെ കാല് തല്ലിയൊടിക്കാൻ ഇങ്ങ് വാ.
പൊന്നുമോനെ അകത്ത് പോടാ നീ ഒന്നും മിണ്ടല്ലേ.
അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ എത്ര നാൾ എന്ന് വെച്ചാ ഇത് സഹിക്കുന്നത്.
എന്റെ വീട്ടിൽ എനിക്ക് ഇഷ്ട്ടമുള്ളത് ഞാൻ കാണിക്കും അത് ചോദിക്കാൻ നീയാരാടാ.
കഴിഞ്ഞു നിങ്ങളും ഞാനും തമ്മിലുള്ള ബന്ധം.അമ്മയും ഞാനും ഇനി ഇവിടെ നിൽക്കുന്നില്ല വല്ല വാടക വീട്ടിലേക്കും പോവ്വാണ്.
ഓ അപ്പോൾ പിന്നെ സൗകര്യം ആയല്ലോ ആരെയും പേടിക്കാതെ നിന്റെ തള്ളക്ക് ബിസിനസ്സ് നടത്താലോ!
ഇനി ഒരക്ഷരം മിണ്ടിയാൽ അഛനാണ് എന്ന കാര്യം ഞാനങ്ങ് മറക്കും. നാണമില്ലല്ലോ ഇത്രയും പ്രായമായിട്ട് ഇങ്ങനെ പറഞ്ഞ് നടക്കാൻ .
ഞാൻ നുണ പറയുകയാണെങ്കിൽ നോക്കടാ നോക്ക്. കണ്ടോ ഓരോ ദിവസം കഴിയുന്തോറും മുഴുത്ത് ഇരിക്കുന്നത് കണ്ടോ?
അയാൾ വീണ്ടും അവളുടെ മാറിടത്തിലേക്ക് വിരൽ ചൂണ്ടി അലറി വിളിച്ചു..
അപ്പോഴേക്കും മനുവിന്റെ എല്ലാ നിയന്ത്രണവും വിട്ടിരുന്നു.പരിസര ബോധം മറന്ന് അവൻ അയാളെ കിടന്ന് ആക്രമിച്ചു.രണ്ടു പേരും പരസ്പരം മൽപിടുത്തത്തിൽ ഏർപ്പെട്ടു. രാധയും കൊച്ചുവും കരഞ്ഞുകൊണ്ട് അവരെ വേർപ്പെടുത്താൻ ശ്രമിച്ചു. അവസാനം അവർ അയാളെ ഒരു റൂമിൽ ഇട്ടു പൂട്ടി. അപ്പോഴേക്കും ഹാളിൽ നിറയെ കാലിൽ നിന്നും ചോര ഒഴുകി തളം കെട്ടിയിരുന്നു’
അവരാരും അന്ന് ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങി.
രാവിലെ രാധയുടെ വിളി കേട്ടാണ് മനു ഉണർന്നത്.
മനൂ ഇന്ന് പണിക്ക് പോകുന്നില്ലേ?
ഇല്ലമ്മേ എനിക്ക് തീരെ വയ്യ. ഭയങ്കര മേല് വേദന ഉണ്ട്.
ഉം.ഇന്നലത്തെ പിടിവലിയുടെ ആവും അമ്മ കുറച്ച് വെള്ളം ചൂടാക്കിത്തരാം നീ ഒന്ന് കുളിച്ചോ
ഉം. ശരി അമ്മേ. അഛനോ?
അവിടെയുണ്ട്.
ഇന്നലെ ഒരു വഴക്ക് കഴിഞ്ഞ ഒരു കൂസലും അയാളുടെ മുഖത്തില്ല.
ധൃതിയിൽ ഒരു മുണ്ടും ഷർട്ടും ഇട്ട് അയാൾ വേലിക്ക് അടുത്തു നിന്ന ഓട്ടോയിൽ കയറിപ്പോയി.
അർച്ചനയുടെ അമ്മയല്ലേ.
അതെ ടീച്ചർ.
ഉം. എന്ത് പറ്റി അർച്ചനയ്ക്ക് വീട്ടിൽ ഇരുന്ന് പഠിക്കാറില്ലേ.
അത് പിന്നെ
ഓരോ പരീക്ഷ കഴിയുമ്പോഴും മാർക്ക് പുറകോട്ടാണ് വരുന്നത്. ക്ലാസിൽ നന്നായി പഠിച്ചിരുന്ന കുട്ടിയാണ്. ഇങനെ പോയാൽ SSLC കഷ്ട്ടിച്ചു പാസ്സാവും എന്നേ പറയാൻ പറ്റൂ.
വീട്ടിൽ ഇവളുടെ അച്ഛൻ വന്നാൽ എന്നും പ്രശ്നമാണ് ടീച്ചറെ അതു കൊണ്ട് അവൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ പറ്റുന്നില്ല എന്നും വഴക്കാണ്.
കുറെ ഒക്കെ അർച്ചന പറഞ്ഞത് എനിക്ക് അറിയാം. മക്കളുടെ ഭാവി കൂടി നന്മൾനോക്കണ്ടേ.?
ശരിയാണ് ടീച്ചർ ഇനി ഞാൻ എന്റെ വീട്ടിൽ നിർത്തിക്കോളാം പരീക്ഷ കഴിയും വരെ.
ആ ഇതു പൊലെ നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു മനു നിങ്ങൾ പത്താം ക്ലാസ് കഴിഞ്ഞ് അവനെ പഠിക്കാൻ വിട്ടില്ല.
അവൻ പഠിക്കാൻ പോയാൽ വീട്ടിൽ അടുപ്പ് പുകയില്ല എന്ന് എങ്ങനെ ടീച്ചറെ പറഞ്ഞ് മനസ്സിലാക്കും എന്ന് ഓർത്ത് അവൾ നിസ്സഹായതയോടെ നിന്നു .
അടുത്ത പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണം എന്ന് പറഞ്ഞ് ടീച്ചർ പ്രോഗ്രസ്സ് കാർഡ് ഒപ്പിട്ട് അവരെ പറഞ്ഞയച്ചു.
ദിനംപ്രതി പ്രശ്നങ്ങൾ കൂടി വന്നു എന്നല്ലാതെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല.
ചില ദിവസങ്ങളിൽ ബെഡ് റൂമിൽ അയാൾ കാണിക്കുന്നെ ലൈംഗിക ചേഷ്ടകൾ കണ്ട് അവളുടെ ശരീരത്തോട് അവൾക്ക് തന്നെ അറപ്പു തോന്നി.
വൈകുന്നേരം സ്ക്കൂൾ വിട്ട് വരുന്ന വഴിയാണ് കൊച്ചു മോള് ആ കാഴ്ച കാണുന്നത്. ഉടുതുണിയില്ലാതെ നാലു കാലിൽ കവലയിൽ കിടന്ന് ബഹളം വെയ്ക്കുന്ന അയാളെയാണ് അവൾ കണ്ടത്.
ദേഷ്യവും സങ്കടവും അപമാനവും കൊണ്ട് അവൾ എന്ത് ചെയ്യണം എന്നറിയാതെ തല കുനിച്ച് നിന്നു.
എത്രയൊക്കെ പറഞ്ഞാലും സ്വന്തം അച്ഛനല്ലേ നാട്ടുകാരുടെ മുൻപിൽ ഉടു തുണി ഇല്ലാതെ നിൽക്കുന്നത് കണ്ട് കൊച്ചുവിന് സഹിച്ചില്ല.
അവൾ നിലത്ത് കിടക്കുന്ന മുണ്ട് ഉടുപ്പിക്കാൻ പതിയെ അയാളുട അരികിലേക്ക് നീങ്ങി.
മുണ്ട് എടുത്ത് നിവർത്തി അവൾ അയാളുടെ പുറകിലൂടെ ചെന്ന് ഉടുപ്പിക്കാൻ ശ്രമിച്ചു.
അയാൾ തന്റെ പുറകിലൂടെ വന്ന് പിടിക്കുന്നത് ആരെന്നറിയാതെ അവളെ പിടിച്ചു വലിച്ചു.
പക്ഷേ പിടി വീണത് അവളുടെ ചുരിദാറിന്റെ കഴുത്തിൽ ആയിരുന്നു. ബലിഷ്ട്ടമായ കൈ കൊണ്ടുള്ള ഒറ്റവലിക്ക് തന്നെ ചുരിദാറും പെറ്റിക്കോട്ടും കീറി അയാളുടെ കൈയിൽ പോന്നു.
അഛാ ഇത് ഞാനാ കൊച്ചു.കുഞ്ഞു മാറിടങ്ങൾ പൊത്തിപിടിച്ചവൾ ഉറക്കെ അലറിക്കൊണ്ട് പറഞ്ഞു. കൈയിൽ ഉണ്ടായിരുന്ന അയാളുടെ മുണ്ട് കൊണ്ട് പുതച്ച് അവൾ വീട്ടിലേക്ക് ഓടി.
എന്താണ് സംഭവിച്ചത് എന്നറിയാതെ അയാൾ മിഴിച്ച് നിന്നു.
മുണ്ട് കൊണ്ട് മാറ് മറിച്ച് വീട്ടിലേക്ക് ഓടി വരുന്ന കൊച്ചുവിനെയാണ് രാധകണ്ടത്.
എന്താ മോളെ നിനക്ക് എന്താ പറ്റിയെ?
അവിടെ അഛൻ അമ്മേ കവലയിൽ വെച്ച് ….. എന്നെ …. അവൾക്ക് തന്റെ വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല.അവൾ രാധയുടെ മടിയിലേക്ക് തളർന്നുവീണു.
ഇത് കേട്ടു നിന്ന മനു അടുക്കളയിലേക്കോടി. ഒരു ഭ്രാന്തനെപ്പോലെ അവിടെയെല്ലാം പരതി. അവസാനം കയ്യിൽ കിട്ടിയ ഒരു കറി കത്തിയുമായി അവൻ കവലയിലേക്ക് പാഞ്ഞൂ.
കവലയിൽ ബസ്റ്റോപ്പിൽ ഇരുന്ന അയാളെ ഒറ്റ ചവിട്ടിന് മനു ഓടയിലേക്ക് മറിച്ചിട്ടു.കയ്യിൽ കരുതിയിരുന്ന കത്തി അവൻ അയാളുടെ നെഞ്ചിലേക്ക് കുത്തി ഇറക്കി ഇത്രയും വർഷം മനസ്സിൽ കൊണ്ടു നടന്ന പകയും പ്രതികാരവും അവന്റെ ഉള്ളിൽ നിന്നും അണപൊട്ടി ഒഴുകി. ദേഷ്യം അടങ്ങും വരെ അവൻ കത്തി കൊണ്ട് അയാളുടെ നെഞ്ചിൻ കൂട് കുത്തിക്കീറി. ഒരു മദയാനയെപ്പൊലെ അവൻ വീണ്ടും തിരിഞ്ഞ് വീട്ടിലേക്കോടി.
വേലിക്കരികിൽ നിന്നും റൂമിൽ ആളിപ്പടരുന്ന തീ ആണ് മനു കണ്ടത്.വീടിനകത്തേക്ക് ഓടിക്കയറിയവൻ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു.
വാതിൽ തുറക്കില്ലെന്ന് കണ്ടപ്പോൾ വീടിന്റെ പുറകിലെ ജനലരികിലേക്കോടി. വേദന സഹിക്കവെയ്യാതെ പാതിവെന്ത സ്വന്തം മാംസം നാലു ചുവരിലുംവാരിത്തേക്കുന്ന കാഴ്ചയാണ് മനു കണ്ടത്.
ജനലിലൂടെ തന്റെ രണ്ടു കൈകളും നീട്ടി അവൻ അലറി വിളിച്ചു. നാട്ടുകാർ ഓടിക്കൂടി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും രണ്ട് കരിക്കട്ട മാത്രമേ റൂമിൽ അവശേഷിച്ചിരുന്നൊള്ളൂ.
രക്തക്കറ പുരണ്ട കൈകൾ കൊണ്ട് അവൻ കൊച്ചുവിന്റെ പാതിവെന്ത ശരീരം വാരിയെടുത്ത് പൊട്ടിക്കരഞ്ഞു.
വാൽകഷ്ണം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം .മദ്യലഹരിയിൽ എത്ര പെട്ടെന്നാണ് ഒരു കുടുംബം തന്നെ ഈ ഭൂമുഖത്തു നിന്ന് ഇല്ലാതെ ആയത്. ഇത് ഒരു കുടുംബത്തിന്റെ മാത്രം കഥ ഇങ്ങനെ മദ്യപാനം കാരണം ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു പാട് കുടുംബമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആദ്യമൊക്കെ ചില വിഷമഘട്ടത്തിൽ നന്മൾ മദ്യത്തെ ആശ്രയിക്കും പതുക്കെ അത് നന്മെ ഭരിക്കാൻ തുടങ്ങും പിന്നീട് നമ്മൾ മദ്യം കുടിക്കുന്നതിന് പകരം മദ്യം നമ്മെ കുടിച്ച് തുടങ്ങും. ഇതും ഒരു വൈറസാണ് നന്മുടെ സമൂഹത്തിൽ നിന്നും തുടച്ച് മാറ്റാൻ കഴിയാത്ത ഒരു വൈറസ് .ഇത് കാരണം അനേകം ആയിരം അമ്മ പെങ്ങന്മാരുടെ താലിച്ചരട് ഇവിടെ പൊട്ടിച്ചെറിയപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ഓരോ ലിറ്റർ മദ്യത്തിലും ഓരോ അമ്മമാരുടേയും കണ്ണുനീരിന്റെ കയ്പ്പ് നിറഞ്ഞ രുചിയുണ്ട്. ഓർക്കുക ഓർത്താൽ നല്ലത്.കാരണം നമ്മളെ ഓർത്ത് ഓരോ വീട്ടിലും ദിനംപ്രതി ഉരുകിത്തീരുന്ന കുറച്ച് പേർ ഉണ്ടിവിടെ അവർക്ക് വേണ്ടിയെങ്കിലും മദ്യം ഉപേക്ഷിക്കൂ. ഓരോ വീട്ടിലും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂച്ചെണ്ട് വിടരട്ടെ ….
രചന: സനൽ SBT