മുറപ്പെണ്ണ്
✍️ രചന: സനൽ SBT
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ കിള്ളി കുറുശ്ശിമംഗലം എന്ന ചെറിയ ഗ്രാമത്തിലാണ് ചക്കിങ്ങൽ തറവാട്.
ജന്മി വാഴ്ച ഉള്ള കാലം മുതൽക്കേ പ്രതാപശാലികളാണ് ചങ്ങിങ്ങൽ തറവാട്ടുകാർ അവിടുത്തെ ഇപ്പോഴത്തെ കാരണവരാണ് കുട്ടൻ നായര് .ഏക്കറ് കണക്കിന് നെൽപാടങ്ങളും തെങ്ങിൻ തോപ്പുകളും അടയ്ക്കാ തോട്ടവുമെല്ലാം ഇപ്പോഴും നിലനിൽക്കുന്നു.
ജന്മിമാരുടെ ഏറാൻ മൂളിയായിരുന്ന കുട്ടൻ നായർ അവരെ സോപ്പിട്ട് വാങ്ങിച്ച് എടുത്തതാണ് ഈ കാണുന്ന സ്വത്തെല്ലാം എല്ലാം എന്നാണ് പൊതുവെ നാട്ടിൽ ഉള്ള സംസാരം പക്ഷേ എന്തായാലും ഞാനത് വിശ്വസിക്കില്ല്യ ട്ടോ കാരണം ഇപ്പ പറഞ്ഞ കുട്ടൻ നായരാണ് എന്റെ അമ്മേടെ അഛൻ.
മുത്തശ്ശന് 6 മക്കളാണ് 4 പെണ്ണും 2 ആണും അതിൽ മൂന്നാമത്തെ മകളാണ് എന്റെ അമ്മ സരസ്വതി
പഴയ കാലത്തായതോണ്ട് പത്താം ക്ലാസ് കഴിഞ്ഞാൽ കെട്ടിച്ച് വിടാറാണല്ലോ പതിവ് അമ്മയുടെ കാര്യത്തിലും അത് തെറ്റിയില്ല. റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററായ ഉണ്ണികൃഷ്ണനെ പിടിച്ച് അങ്ങ് കെട്ടിച്ചു. അതായത് ഇപ്പോൾ എന്റെ അഛൻ.
അഛന്റെ ജോലി മംഗലാപുരത്തായതു കൊണ്ട് മൂന്നോ നാലോ മാസം കൂടുമ്പോഴാണ് ഒന്ന് വന്നു പോകുന്നത് അതുകൊണ്ടു തന്നെ അമ്മയും ഞാനും അനിയത്തിയും അമ്മയുടെ വീട്ടിൽ തന്നെ താമസം. അല്ല ഈ നായർ തറവാടുകളിൽ കെട്ടിച്ചു വിട്ട പെൺമക്കൾ അവിടെ തന്നെ താമസിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ലാല്ലോ?
അമ്മയുടെ ഒരു അനിയനാണ് സതീഷ് .
മാമന് രണ്ടു മക്കളാണ് മൂത്തവൾ അനഘ ഞങ്ങടെ അമ്മുക്കുട്ടി എന്റെ മുറപ്പെണ്ണ് പിന്നെ ഒരു മോൻ അഭിനവ്.ഞങ്ങൾ എല്ലാവരും കൂടെ ഒരു കൂട്ടുകുടുംബമായിട്ടാണ് ചക്കിങ്ങൽ തറവാട്ടിൽ താമസിച്ചിരുന്നത്.
അവധിക്കാലം വന്നാൽ പിന്നെ ഞങ്ങൾക്ക് എന്നും ഉത്സവം ആണ് . കൂടെ മഴയുടെ വരവു കൂടി ആവുമ്പോൾ വീട്ടുകാർക്ക് എന്നും ഞങ്ങൾ ഒരു തലവേദനയാണ്.വീട്ടിൽ നിന്നും നോക്കിയാൽ കാണുന്നത് തന്നെ പച്ച വിരിച്ച നെൽപാടം ആയിരുന്നു. കൊയ്ത്ത് കഴിഞ്ഞ് പാടം വിണ്ടുകീറി തുടങ്ങിയാൽ പിന്നെ മത്സരങ്ങളുടെ വേദിയാണ് അവിടം. മഴയുടെ വരവു കൂടി ആയാൽ പാടത്തെ ഞൗഞ്ഞി പെറുക്കലും ചേമ്പിൻ താളിൽ പരൽ മീനാണെന്ന് പറഞ്ഞ് തവള പൊട്ടലുകളെ ( വാൽ മാക്രി) പിടിച്ചു കൊണ്ടുവന്ന് കിണറ്റിൽ ഇടും ഞങ്ങൾ ഇതിന്റെ പേരിൽ തറവാട്ടിൽ എന്നും ബഹളമാണ് കൂട്ടത്തിൽ മൂത്തത് ഞാൻ ആയതു കൊണ്ട് ശകാരം എന്നും എനിക്കാണ് പതിവ്.
മുത്തശ്ശൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കും കൂടെ ഞങ്ങളും. പറമ്പിലെ അടയ്ക്കയും തേങ്ങയും വീണത് പെറുക്കാൻ ഇല്ലെങ്കിൽ നാട്ടുകാർ എല്ലാം പെറുക്കി കൊണ്ടു പോകും എന്ന് മുത്തശ്ശൻ എപ്പോഴും പറയും. കുരുമുളക് അറുക്കാനും വെറ്റില നുള്ളാനും ഞങ്ങൾ ആയിരുന്നു മുത്തശ്ശന്റെ പി.എ. ശങ്കരേട്ടന്റെ കൈയ്യാളുകൾ .
ഓർമ്മ വെച്ച നാൾ മുതൽക്കെ വീട്ടുകാർ പറഞ്ഞത് വെച്ചതായിരുന്നു അമ്മുക്കുട്ടി എനിക്ക് ഉള്ളതാന്നെന്ന് അതുകൊണ്ടു തന്നെ അവളുടെ കാര്യത്തിൽ എന്റെ സ്വന്തം അനിയത്തി അച്ചുവിനോട് ഉള്ളത്തിനേക്കാൾ സ്നേഹം ഞാൻ അവൾക്ക് കൊടുത്തു. സത്യം പറഞ്ഞാൽ കണ്ണേട്ടാ എന്ന് വിളിക്കുമ്പോൾ കിട്ടുന്ന സുഖം അത് ഒന്ന് വെറെ തന്നെയാണ്.
നല്ല വട്ട മുഖം കരിനീല കണ്ണുകൾ ഇടതൂർന്ന മുടി അരയ്ക്കൊപ്പം ഉണ്ട് .ആ ഉണ്ട കാലുകളിൽ വെളിച്ചപ്പാടിന്റെ അരപ്പട്ട പൊലുള്ള പാദസ്വരം ഷീബ അമ്മായിടെ മുറിച്ച മുറിയാ എന്നാ അവളെ കാണുന്നവരൊക്കെ പറയാറ്.
എന്നും വൈകുന്നേരം ആയാൽ ഞങ്ങൾ എല്ലാവരും കൂടി വടക്കേ പറമ്പിലുള്ള കുളത്തിൽ ഒരു കുളിക്കാമ്പോക്കണ്ട് അപ്പോഴാണ് സത്യം പറഞ്ഞാൽ ചകിരി ഇട്ട് ഞങ്ങളെ ഒന്ന് തേപ്പ് ഉരപ്പിച്ച് കുളിപ്പിക്കുന്നത് അമ്മുവിനും അച്ചുവിനും നല്ല ചെമ്പരത്തി താളി ഇട്ടാണ് കുളിപ്പിക്കാറ് കൂടെ നല്ല ചെറു പറയ് പൊടിയും ഇതൊക്കെ കൂടി ആവുമ്പോൾ ഒരു പ്രത്യേക ഗന്ധം ആണ് ഞങ്ങടെ കുളക്കടവിൽ .ഷീബ അമ്മായിയാണ് ഞങ്ങളെ ഒക്കെ നീന്തല് പഠിപ്പിക്കുന്നത് ഉണക്ക തേങ്ങ ചീന്തി എടുത്ത് പിരിച്ച് കെട്ടും എന്നിട്ട് അതിന്റെ നടുക്ക് പിടിച്ച് കിടത്തും അങ്ങിനെയാണ് ഞാനൊക്കെ നീന്തൽ പഠിച്ചത്.കുളി കഴിഞ്ഞാൽ നേരെ നെറ്റിയിൽ ഭസ്മവും വാരിപ്പൂശി മുത്തശ്ശിയിടെ കൂടെ നാമജപമാണ്. അതും ഒരു കാപ്പി കുടിയും കഴിഞ്ഞേ ഞങൾ പുസ്തകം തുറക്കാറുള്ളൂ.
കുട്ടിക്കാലത്തെ വികൃതികൾ കുറെ ഒക്കെ മാറിത്തുടങ്ങി ഞാൻ കുമാരത്തിലേക്ക് എത്തിയ കാലം ചുരുക്കി പറഞ്ഞാൽ പൊടിമീശ മുളയ്ക്കുന്ന കാലം ആവുമ്പോഴേക്കും അമ്മു എന്റെതു മാത്രം ആയിക്കഴിഞ്ഞിരുന്നു.പ്രണയത്തിന്റെ കിന്നരി പൂക്കൾ വിടർന്ന് തുടങ്ങിയപ്പോഴേക്കും പത്താം ക്ലാസ് എന്ന കടമ്പ ഭീമനെപ്പോലെ മുന്നിൽ വന്നു നിന്നും പിന്നെ വീട്ടുകാരും ട്യൂഷൻ ടീച്ചറും എന്നെ കിടത്തിപ്പൊറുപ്പിച്ചിട്ടില്ല എന്നതാണ് സത്യം .അത്യാവശ്യം മാർക്ക് വാങ്ങി പാസ്സായപ്പോൾ +2 സയൻസ് തന്നെ വേണമെന്ന് അമ്മയ്ക്ക് നിർബന്ധം ഈ പല്ലിയെയും കൂറയേയും കീറി മുറിക്കണ കാര്യം ഓർക്കുമ്പോൾ തന്നെ എനിക്ക് പേടിയാണ് വീട്ടുകാരുടെ നിർബന്ധത്തിന് അതിനും വഴങ്ങേണ്ടി വന്നു. അപ്പോഴേക്കും നാട്ടിൽ അത്യാവശ്യം സുഹൃത്തുക്കും തള്ളു കൊള്ളിത്തരവും ആയി എനിക്ക്.
അങ്ങിനെ ഇരിക്കുമ്പോഴാണ് എന്റെ അമ്മുക്കുട്ടി അമ്മു ആയ കാര്യം ഞാൻ അറിയുന്നത് ഒരു ദിവസം സ്ക്കൂള് വിട്ട് വന്നപ്പോൾ മുറ്റം നിറച്ച് ആളുകൾ എന്തായാലും വീട്ടുകാര് അത് ഒരു ആഘോഷമാക്കാൻ തന്നെ തീരുമാനിച്ചിട്ടുണ്ടായിരുന്നു.ദോഷം പറയരുതല്ലോ പത്ത് പവനോളം സ്വർണം കുറെ ചുരിദാറുകൾ ഒരു മാസം തിന്നാനുള്ള ബേക്കറിയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാലും എന്റെ മനസ്സിൽ ഇതൊന്നും ആയിരുന്നില്ല. അമ്മുവിന്റെ നാണം കൊണ്ട് ചുവന്ന മുഖമായിരുന്നു.
പിന്നെ അങ്ങോട്ടുള്ള ഓരോ രാത്രിയും എനിക്ക് എന്റെ ഉറക്കം നഷ്ട്ടപ്പെട്ടു എന്ന് തന്നെ പറയാം അപ്പോഴാണ് കലശലായ ഒരു മോഹം ഉള്ളിൽ ഉദിച്ചത് അമ്മുവിനെ ഒന്ന് ഉമ്മവെക്കണം. ഉറക്കമില്ലാത്ത ഒരു രാത്രി രണ്ടും കൽപിച്ച് ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു. കട്ടിൽ ലക്ഷ്യമാക്കി നടന്നു തൊണ്ട വരണ്ടുപോകുന്ന പൊലെ തോന്നി മനസ്സിൽ ഭീതിയുടെ കനൽ ചൂളകൾ എരിയാൻ തുടങ്ങി എന്നാലും ആഗ്രഹം വിട്ടില്ല. മെല്ല് ചെന്ന് ആദ്യം അവളുടെ വായ പൊത്തി മെല്ലേ കാതിൽ പറഞ്ഞു
ഞാനാ കണ്ണേട്ടനാ ഒച്ചവെയ്ക്കല്ലേ പ്ലീസ്
അയ്യോ കണ്ണേട്ടാ എന്താ ഈ നേരത്ത് ഒന്ന് പോ
എനിക്ക് ഒരു ഉമ്മ വേണം പ്ലീസ്
ഉമ്മയോ അതൊന്നും പറ്റില്ല ആരേലും കാണും ഒന്ന് പോ ഏട്ടാ
അതൊന്നും പറഞ്ഞാൽ പറ്റില്ല ഇല്ലെങ്കിൽ ഞാൻ പോകില്ല നിന്റെ കൂടെ കിടക്കും ഇന്ന് .
അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നെന്നു വരുത്തി .കളഞ്ഞുകിട്ടിയ ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ച സന്തോഷമായിരുന്നു എനിക്ക്.
അത് പിന്നെയും സംഭവിച്ചു സംഭവിച്ചുകൊണ്ടേയിരുന്നു. അവളുടെ അല്ലി ചുണ്ടിലെ തേൻ തുള്ളികളായിരുന്നു പിന്നീട് അങ്ങോട്ടുള്ള എല്ലാ ദിവസത്തേയും എന്റെ അത്താഴം. എനിക്ക് നല്ല കൺട്രോൾ ഉള്ളത് കൊണ്ട് ചെറിയ കൈക്രിയകൾ അല്ലാതെ ഭാഗ്യത്തിന് വെറെ ഒന്നും സംഭവിച്ചില്ല.
പ്രണയം പൂത്തുലഞ്ഞ് തളിർത്ത് വരുന്നതിനിടയ്ക്കാണ് എന്റെ +2 കഴിയുന്നത് അടുത്ത വില്ലൻ അഛനായിരുന്നു. മംഗലാപുരത്ത് ഒരു കോളേജിൽ എഞ്ചിനീയറിങ്ങിന് അഡ്മിഷൻ ശരിയാക്കിയിട്ടാണ് മൂപ്പര് വണ്ടി കയറിയത്.മനസ്സ് ഇല്ലാ മനസ്സോടെ ഞാനും പെട്ടിയും കിടക്കയും എടുത്ത് അഛന്റെ കൂടെ വിട്ടു. അല്ലാ അതൊരു കണക്കിന് നന്നായി ഇല്ലെങ്കിൽ പ്രണയം പൂക്കുക മാത്രമല്ല മൊട്ടിടുകയും ചെയ്തേനെ .
പുതിയ കൂട്ടുകാരും ഹോസ്റ്റലിലെ ഫുഡും ഒക്കെയായി ഞാൻ പെട്ടെന്ന് പൊരുത്തപ്പെട്ടു മാസങ്ങൾ ഒച്ച് ഇഴയും പൊലെ കടന്ന് നീങ്ങി ഒരോ സെമസ്റ്റർ കഴിയുമ്പോഴുള്ള ലീവ് ദിവസങ്ങൾ നേരെ വീട്ടിലേക്ക് വണ്ടി കയറി അതായിരുന്നു മരുഭൂമിയിലെ ഏക മരുപ്പച്ച .
4 വർഷത്തെ പഠിത്തവും കഴിഞ്ഞ് നാട്ടിൽ തന്നെ നിക്കാം എന്ന് വിചാരിച്ചു. എഞ്ചിനീയർമാർക്കുണ്ടോ നാട്ടിൽ വല്ല പണിയും കിട്ടുന്നു. അതും EEE പഠിച്ചു എനിക്ക് ഒടുവിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എർണാംകുളത്ത് ഒരു കമ്പനിയിൽ ജോലിക്ക് കയറി.
ഈ സമയത്താണ് അമ്മു ഫാഷൻ ഡിസൈനിങ് പഠിക്കാൻ ബ്ലാംഗ്ലൂർക്ക് പോയത് ആദ്യം വീട്ടിൽ നിന്നും എതിർപ്പ് ഉണ്ടായെങ്കിലും അവളുടെ വാശിക്ക് മുന്നിൽ വീട്ടുകാർക്ക് സമ്മതിക്കേണ്ടി വന്നു. ഒരു പാട് നാളുകൾക്ക് ശേഷം മുത്തഛൻ മരിച്ചപ്പോഴാണ് ഞാൻ അമ്മുവിനെ കാണുന്നത്. അപ്പോഴേക്കും അവൾ വല്ലാതെ മാറിയിരുന്നു രൂപത്തിലും ഭാവത്തിലും വല്ലാത്ത ഒരു മാറ്റം. എന്റെ ചോദ്യത്തിന് എന്റെ പ്രോഫഷൺ അതല്ലെ കണ്ണേട്ടാ എന്ന മറുപടി മാത്രമാണ് അവൾ പറഞ്ഞത്. അതും എക്സാം ആണെന്ന് പറഞ്ഞ് 10 തികയുന്നതിന് മുൻപേ അവൾ തിരിച്ചു പോയി.വല്ലപ്പോഴും ഉള്ള ഒരു ഫോൺ വിളി ചില വാട്സ് ആപ്പ് മെസ്സേജുകൾ ഇതിൽ മാത്രമായി ഞങ്ങളുടെ ബന്ധം.
ഇങ്ങനെ ഇരിക്കെയാണ് ഒരാഴ്ചത്തെ കമ്പനി പ്രോ ഗ്രാം എനിക്ക് ബ്ലാംഗ്ലൂർ ഒത്ത് വരുന്നത്. അമ്മുവിന് ഒരു സർപ്രൈസ് വിസിറ്റ് കൊടുക്കാം എന്ന് പറഞ്ഞ് ഞാന് നല്ല ത്രില്ലിൽ ആയിരുന്നു. ഹോസ്റ്റലിൽ അന്വേഷിച്ചപ്പോൾ ആണ് കോളേജ് രണ്ട് ദിവസം അവധിയാണെന്ന് ഞാൻ അറിയുന്നത് അവൾ ഏതൊ ഫ്രണ്ടിന്റെ വീട്ടിൽ പോയി എന്ന് കൂടി വാർഡൻ പറഞ്ഞപ്പോൾ ഞാൻ നിരാശയോടെ എന്റെ ഹോട്ടലിലേക്ക് മടങ്ങി. ഇനി തിരിച്ചു പോകുമ്പോൾ ഒന്ന് വിളിക്കാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
എന്റെ റൂമിന്റെ വാതിൽ തുറക്കാൻ നേരം തൊട്ടടുത്ത റൂമിൽ നിന്നും വളരെ പരിചയം തോന്നിയ ഒരു ശബ്ദം കേട്ടു . രണ്ടും കൽപിച്ച് ഞാൻ ആ വാതിലിൽ മുട്ടി. വാതിൽ പതിയെ തുറന്നതും ഭൂമി പിളർന്ന് ഞാൻ താഴെ പോകുന്ന പൊലെ എനിക്ക് തോന്നി. കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റവൾ പുതപ്പ് കൊണ്ട് അവളുടെ ശരീരം മറച്ചു .ഇടിവെട്ടേറ്റ ഞാൻ എന്റെ റൂമിലേക്ക് നടന്നു കതക് കുറ്റിയിട്ടു.കണ്ണിൽ നിന്നും കണ്ണുനീരായിരുന്നില്ല ചുടുചോരയാണ് ഒഴുകിക്കൊണ്ടിരുന്നത്.
.
കുറച്ച് സമയത്തിന് ശേഷം മൊബൈൽ റിംങ്ങ് ചെയ്തു അമ്മുവിന്റെ പതിഞ്ഞ സ്വരം എന്റെ കാതുകളിൽ എത്തി. ഞാനും റോഷനും ഇഷ്ട്ടത്തിലാണ് ദയവ് ചെയ്ത് കണ്ണേട്ടൻ എന്നെ മറക്കണം സമയം ആവുമ്പോൾ ഞാൻ വീട്ടിൽ പറഞ്ഞു കൊള്ളാം പിന്നെ ഇവിടെ കണ്ട കാര്യം പുറത്ത് പറഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നവൾ പറഞ്ഞ് കോള് കട്ട് ചെയ്തു.
നാട്ടിൽ തിരിച്ചെത്തിയ ഞാൻ ആദ്യം ചെയ്തത് ദുബായിലേക്ക് ഒരു വിസ തരപ്പെടുത്തിയെടുക്കുകയാണ് ചെയ്തത്.കാരണം അവളുടെ ഓർമ്മകളിൽ നിന്നും മാറി നിൽക്കാൻ ഇതല്ലാതെ വേറെ മാർഗം ഇല്ല. വീട്ടുകാരുടെ സമ്മതത്തിന് കാത്തുനിൽക്കാതെ ഞാൻ ദുബായിലേക്ക് വണ്ടി കയറി. എന്നിട്ടും അവളുടെ ഓർമ്മകൾ എന്നെ അലട്ടാൻ തുടങ്ങിയപ്പോൾ ഞാൻ മദ്യത്തിൽ അഭയം കണ്ടെത്തി .അവസാനം മദ്യമില്ലാതെ എനിക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയായി.
നീണ്ട ഒന്നര വർഷത്തെ പ്രവാസ ജീവിതം എന്നെ ഞാനല്ലാതാക്കി മാറ്റി. അങ്ങിനെയിരിക്കുമ്പോഴാണ് ഞാൻ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു മേസ്സേജ് കാണുന്നത്.
ഹായ്
കണ്ണേട്ടാ
ഇത് ഞാനാണ് അമ്മു
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന് എനിക്ക് അറിയാം അതിന് ഉള്ള ശിക്ഷയും എനിക്ക് ദൈവം തന്നു. ഒരു ഹിന്ദുവായ എന്നെ വീട്ടുകാർ അംഗീകരിക്കില്ല എന്ന് പറഞ്ഞത് റോഷൻ എന്നെ ഒഴിവാക്കി. ഓരോ ദിവസവും ഞാൻ ഇവിടെ ഉരുകിത്തീരുകയാണ് ആത്മഹത്യ ചെയ്യാത്തത് വീട്ടുകാരെ ഓർത്തതു കൊണ്ടു മാത്രമാണ്. ഇവിടെ വീട്ടുകാർ കണ്ണേട്ടൻ നാട്ടിൽ വന്നാൽ നമ്മുടെ വിവാഹം നടത്താൻ ഇരിക്കുകയാണ്. ഞാൻ എന്താണ് അവരോട് പറയേണ്ടത് അമ്മു പിഴയാണെന്നോ?എനിക്കറിയില്ല ചെയ്തു പോയ തെറ്റിന് ഒരായിരം പ്രാവശ്യം കണ്ണേട്ടന്റെ കാലിൽ വീണ് ഞാൻ മാപ്പു പറഞ്ഞു കഴിഞ്ഞു. കണ്ണേട്ടൻ എന്റെ ശരീരത്തെയല്ല എന്റെ മനസ്സിനെയാണ് സ്നേഹിക്കുന്നതെങ്കിൽ ഈ വിവാഹത്തിന് സമ്മതിക്കണം. എന്റെ മനസ്സിൽ കണ്ണേട്ടനോടുള്ള ആ പഴയ ഇഷ്ട്ടം ഇപ്പോഴുമുണ്ട് .ആ പഴയ കണ്ണേട്ടന്റെ അമ്മു ആയിട്ട് എനിക്ക് ഇനിയും ജീവിക്കണം അവിവേകം ആണെങ്കിൽ പൊറുക്കണം എന്നെ ശപിക്കരുത് ഏട്ടാ മറുപടി എന്താണെങ്കിലും പറയണം മടിക്കണ്ട.
ഇതായിരുന്നു അവരുടെ ആ മെസ്സേജ് അവൾക്ക് എന്ത് മറുപടി കൊടുക്കണം എന്ന് എനിക്ക് അറിയില്ല ഇത്തരത്തിൽ ഉള്ള ഒരുത്തിയെ അംഗീകരിക്കാനും ആവില്ല എന്റെ അമ്മുവിനെ എനിക്ക് മറക്കാനും കഴിയുന്നില്ല. റോയൽ സ്റ്റാഗ് വിസ്കി പൊട്ടിച്ച് ഞാൻ ഓരോന്ന് അടിക്കാൻ തുടങ്ങി. കണ്ണുകൾ മങ്ങി തുടങ്ങി ബോധം പതിയെ മറിഞ്ഞ് തുടങ്ങി അപ്പോഴും ഞാൻ എന്ത് മറുപടി കൊടുക്കണം എന്നതായിരുന്നു എന്റെ ചിന്ത.
രചന: സനൽ SBT