കൂട്ടുക്കാരൻ മരിച്ചെന്നു കരുതിയവന്റെ ഭാര്യയെ കയറി പ്രണയിക്കാൻ മാത്രം തരം താഴ്ന്നിട്ടില്ല രേവതി ഞാൻ…

✍️ RJ

” നിനക്കെന്താണ് സാജാ ഞാൻ പറഞ്ഞത് മനസ്സിലാവാത്തത്…?

എനിയ്ക്ക് നിന്നെ അത്രയ്ക്കും ഇഷ്ടമായതുകൊണ്ടല്ലേ നീയെത്ര തട്ടിയകറ്റിയിട്ടും ഞാൻ നിന്റെ പുറകെ തന്നെ വീണ്ടും വരുന്നത്…

ഞാൻ സ്നേഹിക്കുന്നതു പോലെ നിനക്ക് എന്നെയും തിരിച്ച് സ്നേഹിച്ചൂടെ സാജാ…. ആരുമറിയാതെ നമുക്കിവിടെ പ്രണയിച്ച് ജീവിക്കാം സാജാ…
പ്ലീസ്…

സാജന്റെ രണ്ടു കയ്യും ചേർത്തു പിടിച്ച് കെഞ്ചികേണു രേവതി അവന്റെ പ്രണയത്തിനു വേണ്ടി…

“എനിയ്ക്ക് നിന്നെ അങ്ങനെ കാണാൻ കഴിയില്ല രേവതി… അന്നും ഇന്നും നീയെനിക്കെന്റെ സഹോദരി സ്ഥാനത്തു തന്നെയാണ്… കൂട്ടുകാരി തന്നെയാണ്….

കൂട്ടുക്കാരൻ മരിച്ചെന്നു കരുതിയവന്റെ ഭാര്യയെ കയറി പ്രണയിക്കാൻ മാത്രം തരം താഴ്ന്നിട്ടില്ല രേവതി ഞാൻ…”

സാജന്റെ വാക്കുകളിൽ ദേഷ്യം തിളച്ചു രേവതിയിൽ

“നിന്റെ കൂട്ടുകാരൻ എന്നെ കെട്ടുന്നതിനു മുമ്പേ നിന്നെ പ്രണയിച്ചവളാണ് സാജാ ഞാൻ… അന്നതെനിയ്ക്ക് നിന്നോട് തുറന്നു പറയാൻ
ധൈര്യമില്ലാതെ പോയെങ്കിലും എന്റെ മനസ്സിലെ നിന്നോടുള്ള പ്രണയവും ഇഷ്ടവും ഒട്ടും കുറഞ്ഞിരുന്നില്ല…

എന്റെ മനസ്സിന്റ ശുദ്ധികൊണ്ടും നിന്നോടുള്ള എന്റെ പ്രണയം സത്യമായതുകൊണ്ടുമാണ് അനൂപ് ഇത്രവേഗം ഈ ഭൂമി വിട്ടു പോയത്… നമ്മളൊന്നിക്കാൻ വേണ്ടിയാണ് ഒരപകടത്തിന്റെ രൂപത്തിൽ ഈശ്വരനവനെ ഈ ഭൂമിയിൽ നിന്ന് വേഗം മടക്കി വിളിച്ചത്…

നമുക്ക് ജീവിക്കാം സാജാ… സന്തോഷത്തോടെ ജീവിക്കാം… നിനക്ക് ഞാനും എനിയ്ക്ക് നീയും മാത്രം മതി സാജാ…”

വികാരം വിവേകത്തെ കീഴടക്കിയ നിമിഷം സാജന്റെ നെഞ്ചിലേക്കു ചേർന്നവനെ ഇറുകി പുണർന്ന് രേവതി പറഞ്ഞതും തന്റെ ദേഹത്തു നിന്നവളെ അവഞ്ജയോടെ തള്ളിമാറ്റി സാജൻ…

“ഇത്രയ്ക്കും ദുഷിച്ചതാണോടീ നിന്റെ മനസ്സ്… ?
നീയും ഞാനും അനൂപുമെല്ലാം ഒരൊറ്റ മനസ്സോടെ കളിച്ചു വളർന്നതല്ലേടി ചെറുപ്പം മുതൽ…
നിനക്കവനെ ഇഷ്ടം ഇല്ലായിരുന്നെങ്കിൽ അതവൻ നിന്നെ ഇഷ്ടമാണെന്നു പറഞ്ഞു വന്ന അന്നു പറയണമായിരുന്നു… അല്ലാതെ അവനെ വിവാഹം കഴിച്ച് അവനൊപ്പം ജീവിച്ച്
ഒടുവിലവൻ മരിച്ചപ്പോഴവന്റെ മരണത്തിൽ സന്തോഷിച്ച് അവന്റെ കൂട്ടുകാരനെ തേടി വരികയല്ല നീ ചെയ്യേണ്ടത്…”

വെറുപ്പും പുച്ഛവും കലർന്നിരുന്നത് പറയുമ്പോൾ സാജന്റെ ശബ്ദത്തിലെങ്കിലും അതൊന്നും തന്നെ ബാധിക്കാത്തതുപോലെ കൊതിയോടെ സാജനെ നോക്കി നിന്നു രേവതി..

സാജന്റെ ഉറച്ച ശരീരത്തിലൂടെ ആർത്തിയോടെ രേവതിയുടെ കണ്ണുകൾ അടിമുടി സഞ്ചരിച്ചു തുടങ്ങിയതും അവളുടെ മുന്നിൽ നിന്ന് തിരിഞ്ഞു നടന്നു സാജൻ ,അവളിൽ നിന്ന് രക്ഷയ്ക്കെന്ന പോലെ…

“സാജാ… എന്നെ കണ്ടില്ലെന്നു നടിച്ച് അനൂപിന്റെ അനിയത്തി അപർണ്ണയെ കെട്ടാനാണ് നിന്റെ തീരുമാനമെങ്കിൽ അവളി ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല… അവളുടെ ഏട്ടൻ പോയിടത്തേക്ക് തന്നെ അവളും പോവും… പറഞ്ഞു വിടും ഞാനവളെ…. ”

പിന്നിൽ നിന്ന് പകയോടെ അലറി വിളിച്ചു പറയുന്ന രേവതിയുടെ വാക്കുകളിൽ പകച്ച് ശ്വാസം വിലങ്ങി നിന്നു പോയ് സാജൻ…

ആരോരും അറിയാതെ തന്റെ മനസ്സിലിട്ട് താൻ സൂക്ഷിച്ചൊരു രഹസ്യമാണ് ഇത്രയുറക്കെ രേവതി വിളിച്ചു കൂവുന്നത്…

അതാരെങ്കിലും കേട്ടോ എന്ന ഭയത്തിൽ സാജൻ ചുറ്റും പകപ്പോടെ നോക്കി പോയറിയാതെ….

അതു കണ്ടതും ഒരു പൊട്ടിച്ചിരിയുയർന്നു രേവതിയിൽ നിന്ന്

“നീ പേടിക്കണ്ട സാജാ… ഞാൻ പറയുന്നതു കേട്ട് നീ ജീവിച്ചാൽ നിനക്കവളെയും കിട്ടും എനിയ്ക്ക് നിന്നെയും കിട്ടും… അതല്ല മറിച്ച് പുണ്യാത്മാവ് ആവാനാണ് നിന്റെ തീരുമാനമെങ്കിൽ അപർണയേയും ഈ വീടിനെയും മറക്കുന്നതാണ് നിനക്ക് നല്ലത്… അല്ലെങ്കിൽ ഇവരായിട്ടു തന്നെ ആട്ടിയിറക്കും നിന്നെ… അതിനുള്ള വഴികളുണ്ടെന്റെ കയ്യിൽ…”

വെല്ലുവിളിയോടെ പറയുന്നവളെ രൂക്ഷമായൊന്നു നോക്കി സാജനാ പടിയിറങ്ങിയെങ്കിലും നീറി പുകഞ്ഞവനാകെ…

രേവതിയുടെ മാറ്റവും സ്വഭാവവും ഒട്ടും ഉൾക്കൊള്ളാൻ വയ്യായിരുന്നവന്…

തന്റെയും അനൂപിന്റെയും കൂടെ കുഞ്ഞു നാൾ മുതൽ ഉണ്ടായിരുന്നവളാണ്… കൂട്ടുക്കാരിയെക്കാൾ കൂടപ്പിറപ്പായിട്ടേ കണ്ടിട്ടുള്ളു…

അനൂപും അവളും വിവാഹം കഴിച്ചപ്പോൾ ഏറെ സന്തോഷിച്ചതും താനാണ്..

തനിക്കേറെ പ്രിയപ്പെട്ടവരെന്നും കൂടെയുണ്ടല്ലോ എന്ന സന്തോഷം

എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുമ്പുള്ള അനൂപിന്റെ ആക്സിഡന്റ് മരണം എല്ലാവരെയും തളർത്തി കളഞ്ഞപ്പോൾ രേവതിയിൽ മാത്രം സന്തോഷം തിളങ്ങി നിന്നു…

ആ സന്തോഷത്തിന്റെ കാരണം താനാണെന്ന അറിവ് സാജനെ വല്ലാതെ തളർത്തി പിന്നീട്…

ആഗ്രഹിച്ച വഴിയിൽ തന്നെ ലഭിക്കാത്തതിന്റെ പ്രതികാരം അവൾ അപർണ്ണയിൽ തീർക്കുമോ എന്ന പേടി നിറഞ്ഞവനിൽ…

ആരോടും പറയാതെ താൻ മനസ്സിൽ കൊണ്ടു നടക്കുന്ന തന്റെ പ്രണയമാണ് അപർണ..

അവളെ നേടുന്നതും അവളൊന്നിച്ചു ജീവിയ്ക്കുന്നതും സ്വപ്നം കണ്ടാണവന്റെ ഓരോ രാവും പുലരുന്നത് തന്നെ…

ജീവിതത്തിൽ ആദ്യമായ് സാജൻ രേവതിയെ ഭയന്നു… അവളുടെ ചിന്തകളെയും പ്രവർത്തികളെയും ഭയന്നു….

ദിവസങ്ങൾ ഓരോന്നായ് മുന്നോട്ടു നീങ്ങിയതും രേവതിയെ ഭയന്ന് അനൂപിന്റെ വീട്ടിലേക്ക് പോവാതെയായ് സാജൻ….

“നീ എന്താ സാജാ ഇപ്പോൾ ഇങ്ങോട്ടൊന്നും വരാത്തത്… ?
നിന്നെയൊന്ന് കാണാൻ കൊതിയായ് എനിയ്ക്കും അമ്മയ്ക്കും… ഞങ്ങടെ അനൂപിന്റെ സ്ഥാനത്ത് ഞങ്ങൾ നിന്നെ അല്ലേടാ മോനെ ഇപ്പോൾ കാണുന്നത്… നിനക്കറിയില്ലേ അത്… എന്നിട്ടും നീയെന്താ വരാത്തത്….?

സാജനെ വീട്ടിലേക്ക് വിളിച്ചു വരുത്തി അനൂപിന്റെ അച്ഛൻ ചോദിച്ചതും നിറമിഴികളോടെ അയാളെ നോക്കി സാജൻ..

അപ്പോഴേത്തേയ്ക്കും അവനെ കാണാനായ് അകത്തു നിന്നോടിയവിടേക്ക് വന്നിരുന്നു രേവതിയും…

സാജനെ കണ്ടതും അവനിലൂടെ ആർത്തിയോടലഞ്ഞു രേവതിയുടെ കണ്ണുകൾ

“നീ എന്താ സാജാ ഇങ്ങോട്ടിപ്പോൾ വരാത്തത്…?

നിനക്കന്യരായോ ഞങ്ങൾ…?

സാജനരികിലേക്ക് ചെന്നവന്റെ കൈകൾ കൊരുത്തു പിടിച്ച് രേവതി ചോദിച്ചതും അറപ്പോടവളെ നോക്കി സാജൻ

അച്ഛൻ അടുത്ത് നിൽക്കുന്നതിനാൽ അവളെ തന്നിൽ നിന്നടർത്തി മാറ്റാനോ ശബ്ദമുയർത്തി ചീത്ത പറയാനോ കഴിയാതെ വീർപ്പുമുട്ടി സാജനെങ്കിൽ കിട്ടിയ അവസരം മുതലെടുത്ത് സാജനിലേക്ക് കൂടുതൽ തന്റെ ശരീരം ചേർത്തുവെച്ചു രേവതി…

അന്നേരം അവളുടെ മിഴികളിൽ തെളിഞ്ഞ കാമ ഭാവത്തിലേക്ക് അറപ്പോടെ നോക്കി സാജൻ…

ഇതെന്താ അച്ഛാ… ഇവരെല്ലാം കൂടി ഇങ്ങോട്ട്….?

സാജനിലേക്ക് ചേർന്നു നിൽക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ വീട്ടിലേക്ക് കയറി വരുന്ന തന്റെ മാതാപിതാക്കളെയും മറ്റു ചില കുടുംബക്കാരെയും കണ്ട രേവതി ആകെ അമ്പരന്നു കൊണ്ട് ചോദിക്കുന്നതിനൊപ്പം സാജനിൽ നിന്നകന്നു വേഗം..

“ഇവിടെ വെച്ചിന്നൊരു ചെറിയ പരിപാടിയുണ്ട് മോളെ… അതിനു വിളിച്ചു വരുത്തിയതാണ് ഇവരെയെല്ലാം.. ”

അച്ഛൻ രേവതിയോട് പറയുന്നത് കേട്ടു നിന്ന സാജൻ കാര്യം അറിയാതെ എല്ലാവരെയും പകപ്പോടെ നോക്കും നേരം തന്നെയാണ് വീടിനകത്ത് നിന്ന് അണിഞ്ഞൊരുങ്ങി ചായ ട്രേയും പിടിച്ച് അപർണ ഇറങ്ങി വന്നത്

കാണുന്ന കാഴ്ചയിൽ മിഴിഞ്ഞു സാജന്റെ കണ്ണുകൾ…
അവന്റെ നോട്ടമത് അപർണയിൽ മാത്രംകൊരുത്തു കിടന്നു

“എന്റെ മോളുടെ പെണ്ണുകാണലാണിന്ന്… ചെക്കൻ നമ്മുടെ ഈ സാജൻ തന്നെയാണ് ട്ടോ… ”

അച്ഛൻ പറഞ്ഞതു കേട്ടൊരു വിറയൽ പാഞ്ഞു സാജനിലൂടെങ്കിൽ കേട്ട വാർത്തയിൽ ആകെ പകച്ചു നിന്നു രേവതി…

അതേ പകപ്പോടെയവൾ അവിടെ കൂടിയവരെയെല്ലാം മിഴിച്ചു നോക്കി

“അ… അച്ഛ … അച്ഛനിത് എന്തൊക്കെയാണ് വിളിച്ചു പറയുന്നത്… അനൂപിനെ പോലെ സാജനും അപർണ്ണ സഹോദരിയാണ്… അവരെ തമ്മിൽ വിവാഹം കഴിപ്പിക്കുക എന്ന് വെച്ചാൽ അതിനോളം പാപം വേറെയില്ല… ഇങ്ങനൊന്നും ചിന്തിക്കുന്നതു കൂടി തെറ്റാണച്ഛാ… സഹിക്കില്ല അനൂപിന്…

കൺമുന്നിൽ നടക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ ഞെട്ടി നിൽക്കുന്ന സാജനെ പുച്ഛത്തോടെ നോക്കി അച്ഛനു മുമ്പിൽ കണ്ണുനിറച്ചു രേവതി

” എന്നാൽ സാജനെ നീ കെട്ട് രേവതീ… ”

രേവതിയിൽ നിന്ന് നോട്ടം മാറ്റാതെ അച്ഛൻ പറഞ്ഞതും അയാളെ മിഴിച്ചു നോക്കി രേവതി

അച്ഛനെന്താ പറഞ്ഞത്….? ഞാൻ കേട്ടില്ല…

ഉള്ളിലെ പിടച്ചിലടക്കി രേവതി വീണ്ടുമൊന്നുകൂടി ചോദിച്ചതും അവളുടെ കവിൾ പുകച്ചു കൊണ്ട് അച്ഛന്റെ കൈ ഉയർന്നു താഴ്ന്നു

അവിടെ കൂടിയിരുന്നവരെല്ലാം ഞെട്ടി അച്ഛന്റെയാ പ്രവർത്തിയിൽ

“അപർണ സാജന് സഹോദരി ആണെങ്കിൽ നീ കെട്ടെടീ സാജനെ… അതിനു വേണ്ടിയല്ലേ സ്വൈര്യം കൊടുക്കാതെ നീയെന്റെ മകനെ കൊന്നത്…പറയെടീ…

വീണ്ടും അവിടെ ഉയർന്ന അച്ഛന്റെ ചോദ്യത്തിൽ വിറച്ചു പോയ് രേവതിയെങ്കിൽ സാജൻ പകപ്പോടെ, നിറഞ്ഞ മിഴികളോടെ അച്ഛനെ നോക്കി

അച്ഛനിത് എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്….?

ആദ്യത്തെപകപ്പു മാറിയതും അടികൊണ്ട കവിളിൽ കൈവെച്ച് അച്ഛനു നേരെ തിരിഞ്ഞു രേവതി

“നിന്റെ മനസ്സിലിരിപ്പും സ്വഭാവവുമെല്ലാം കഴിഞ്ഞ ദിവസം നീ സാജനോട് സംസാരിക്കുന്നത് കേട്ടപ്പോൾ ഞാനറിഞ്ഞെ ടീ ….
എന്റെ മോന് സമാധാനം കൊടുക്കാതെ ,സ്വൈര്യം കൊടുക്കാതെ നീയവനെ കൊലയ്ക്ക് കൊടുത്തതാണെന്ന് എനിയ്ക്ക് മനസ്സിലായ്..

“തെറ്റുപറ്റി പോയച്ഛാന്ന് എന്റെ കുഞ്ഞെന്നോട് പറഞ്ഞത് നിന്നെ പറ്റിയാണെന്ന് ഞാനറിയാൻ വൈകിയെടീ… ഇനിയൊരു നിമിഷം നീ ഉണ്ടാവാൻ പാടില്ല ഈ വീട്ടിൽ… ഇപ്പോഴിറങ്ങണം നീ…. ”

ദേഷ്യത്തിൽ അനൂപിൻെറ അച്ഛൻ പറയുമ്പോൾ രേവതിയുടെ നോട്ടം സാജന്റെ നേർക്കാണ്…

“അച്ഛൻ പറഞ്ഞതൊക്കെ സത്യമാണ്… എനിക്കിഷ്ടം ഇവനെയാണ് ഈ സാജനെ… ഇവനേം കൊണ്ടേ ഞാനീ പടിയിറങ്ങൂ…. ”

രേവതി ചീറിയതും ശക്തിയിലൊരു കൈവന്നവളുടെ മുഖത്ത് പതിച്ചു

ഞെട്ടി നോക്കിയ രേവതി തനിയ്ക്ക് മുമ്പിൽ നിന്ന് കൈ വലിച്ചു കുടയുന്ന അപർണയെ പകപ്പോടെ നോക്കി

“സാജേട്ടൻ എന്റെയാണ്… എന്റെ മാത്രം… എന്റെ അനുപേട്ടൻ എനിക്കായ് കണ്ടെത്തിയവൻ… ഇറങ്ങി പോടി നാശം പിടിച്ചവളെ നീ…. ”

രേവതിയെ പിടിച്ച് പുറത്തേക്ക് ഉന്തി അപർണ

സംഭവിക്കുന്ന കാര്യങ്ങൾ എന്തെന്നു മനസ്സിലാവാതെ പകച്ചു നിന്ന സാജനരികിലെത്തി അച്ഛൻ നിറമിഴികളോടെ

“കഴിഞ്ഞ ദിവസം അവൾ നിന്നോടു സംസാരിച്ചത് കേട്ടു ഞാൻ… കഴിഞ്ഞ കാര്യങ്ങളെല്ലാം കൂട്ടി വായിച്ചതും സത്യം ബോധ്യപ്പെട്ടെനിയ്ക്ക്… നീയെനിക്കെന്റെ മോൻ തന്നെയാണെടാ…

ആ അച്ഛൻ പറഞ്ഞതും അയാളെ തന്നിലേക്ക് ചേർത്ത് ആഞ്ഞു പുൽകി സാജൻ… തന്നെ തിരിച്ചറിഞ്ഞതിന്റെ പ്രതീകമെന്നോണം അവന്റെ കണ്ണുനീർ അയാളിൽ വീണു ചിതറുമ്പോൾ പെരുവഴിയിലെന്ന പോലെ പടിയ്ക്ക് പുറത്തു നിന്നിരുന്നു രേവതി… എല്ലാം നഷ്ടമായ്….

RJ

Leave a Reply

Your email address will not be published. Required fields are marked *