✍️ RJ
“നിന്നെ മാത്രം മതി ഭാര്യയായിട്ടെന്ന് എന്റെ ആങ്ങള നിർബന്ധം പറഞ്ഞതുകൊണ്ടു മാത്രമാണ് ഹീരേ… രണ്ടാം കെട്ടുക്കാരിയായിട്ടും നിയ്യീ വീടിന്റെ മരുമകളായത്..
വലിയൊരു കാര്യം പറയുന്ന ഭാവത്തിൽ എന്നാൽ തന്നോടുള്ള എല്ലാ പുച്ഛവും ശബ്ദത്തിൽ നിറച്ചുതന്നെ കുത്തി പറയുന്ന ദീപയെ വെറുതെയങ്ങനെ നോക്കി നിന്നു ഹീരയും…
അച്ഛനും അമ്മയ്ക്കും അവൻ പറയുന്നതെന്തും സമ്മതമാണ്.. അവനെ എതിർത്തൊരക്ഷരം പറയില്ലവർ… കുടുംബം നോക്കുന്നവനല്ലേ…
നീയിനി മൂന്നോ നാലോ കെട്ടിയവളാണെങ്കിലും അവൻ പറഞ്ഞാൽ അവരതും സമ്മതിയ്ക്കും…
ഇപ്പോ തന്നെ രണ്ടാം കെട്ടിനു പുറമെ നിനക്ക് ഇത്തിരി മാനസീകം കൂടിയുണ്ടെന്നുള്ള കാര്യം ഞാനവരോട് പറഞ്ഞതാണ്…
അതിനമ്മ പറഞ്ഞത് അവൾക്ക് ഭ്രാന്തുണ്ടേൽ അവൻ സഹിച്ചോളും നീയത് നോക്കണ്ട എന്നാണ്… ഇത്രമാത്രം നിന്നിലെന്തുണ്ടായിട്ടാടീ അവൻ നിനക്ക് വേണ്ടി ചാവാനും കൊല്ലാനും ഒക്കെ ഇറങ്ങി തിരിച്ചൊടുവിൽ നിന്നെ കെട്ടിയത്….?
ഹീരയെ നോക്കിയത് ചോദിക്കുമ്പോൾ പോലും ദീപയുടെ കണ്ണുകൾ ഹീരയുടെ ശരീരത്തിലുടാകമാനം അരിച്ചു നീങ്ങിയിരുന്നു…
ഇരുനിറത്തിൽ ഒട്ടും തടിയില്ലാതെ പറ്റെ മെലിഞ്ഞുണങ്ങിയൊരു പെണ്ണ്….
ഹീരയിൽ നോട്ടം പതിഞ്ഞപ്പോൾ ആദ്യം ദീപയ്ക്ക് തോന്നിയത് അതാണ്… പക്ഷെ അവളുടെ മുഖത്തേയ്ക്കും അരക്കവിഞ്ഞ് പിന്നെയും താഴേക്ക് നീണ്ട് കിടക്കുന്ന തലമുടിയിലേക്കും നോട്ടമെത്തിയതും ഒന്നു നിശ്ചലയായ് ദീപ…
അഴക്കൊത്ത വട്ട മുഖത്തെ വിടർന്ന കണ്ണുകളും ആരെയും ആഘർഷിക്കുന്ന നേർത്ത അധരവും ഹീരയിൽ വല്ലാത്തൊരു സൗന്ദര്യം നിറയ്ക്കുന്നുണ്ടെന്ന് പകപ്പോടെ പോയ് ഓർത്തു ദീപ….
“ഞാനവനെ കൊണ്ടെന്റെ കെട്ടിയവന്റെ കുടുംബത്തിന്ന് പെണ്ണ് കെട്ടിക്കണംന്ന് കൂടി ഉറപ്പിച്ചിടത്തേക്കാണ് നിന്റെയീ വരവ്… അറിയ്യോ നിനക്കത്…?
ആ ,കുടുംബത്തിലെ കൊച്ചായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ ഇന്നീ കല്യാണം ഞാനൊരു ഉത്സവമാക്കുമായിരുന്നു… ഇതൊരുമാതിരി ….
ദീപേ… വായടച്ച് മിണ്ടാതിരി…
ഹീരയെ എത്രയെല്ലാം എന്തെല്ലാം പറഞ്ഞിട്ടും മനസ്സിലെ ദേഷ്യ മടങ്ങാതെ വീണ്ടും വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ടിരുന്ന ദീപ പിന്നിൽ നിന്നമ്മയുടെ ദേഷ്യത്തിൽ കനത്ത ശബ്ദം കേട്ടതും ഞെട്ടിത്തിരിഞ്ഞു
പകച്ചുപോയവളൊരു മാത്ര തനിയ്ക്ക് പുറകിൽ നിൽക്കുന്ന അമ്മയുടെ മുഖത്തെ ദേഷ്യം കണ്ട്… ഇത്രയും ദേഷ്യ ഭാവത്തിൽ ഇതിനു മുമ്പൊരിക്കലും അവൾ അമ്മയെ കണ്ടിട്ടേയില്ല… ആ പകപ്പാണവളിൽ
ദീപേ….
അമർത്തിയ അമ്മയുടെ വിളിയൊച്ച ഒരു വിറയലേകി ദീപയിൽ
“നിനക്ക് ഈ കുട്ടിയെ നിന്റെ അനിയന്റെ ഭാര്യയായ് കാണാൻ കഴിയുന്നില്ലെങ്കിൽ നീ ഇവളോട് മിണ്ടുകയോ ഇവളെ നോക്കുകയോ വേണ്ട… ഇനിയൊരിക്കൽ കൂടി നേരത്തെ സംസാരിച്ചതുപോലൊരു സംസാരം നിന്റെ ഭാഗത്തു നിന്നുണ്ടായാൽ പിന്നെ ഒരിക്കലും എന്റെ മകളായ് നീയ്യീ വീടിന്റെ പടി കയറില്ല…’
കടുത്ത അമ്മയുടെ വാക്കുകൾ… അതും ഹീരയുടെ മുന്നിൽ വെച്ച്…. അപമാനത്താൽ പുകഞ്ഞു ദീപ…
കാറ്റിന്റെ വേഗതയിലാണവൾ ഹീരയ്ക്ക് അരികിലെത്തിയത്…
അമ്മയ്ക്ക് തടയാൻ കഴിയും മുമ്പ് ദീപ ഹീരയെ പിടിച്ചൊന്നുലച്ചു ..
“നിന്റെ കയ്യിൽ ആളെ മയക്കുന്ന വിദ്യയുണ്ടെങ്കിൽ അതെനിയ്ക്കും കൂടി പറഞ്ഞു താടി.. ഞാനും മയക്കട്ടെ ഇതുപോലെ ആളുകളെ…
“നാണമുണ്ടോടി വൃത്തിക്കെട്ടവളെ നിനക്ക് ….
ഒരുത്തനെ കെട്ടി അവന്റെ ഭാര്യയായിരുന്നിട്ടൊടുവിൽ അവനെ കളഞ്ഞ് എന്റെ അനിയനെ മയക്കി കെട്ടി ഈ കുടുംബത്ത് വന്നു കയറിയ ഉടനെ എന്റെ അമ്മയെ എനിയ്ക്കെതിരാക്കാൻ…?
“നിന്റെയീ എല്ലുന്തി അസ്ഥികൂടം പോലുള്ള ശരീരം കാണിച്ചാണോ ടീ നീ എന്റെ അനിയനെ മയക്കിയത്… പറയെടി…?
ദേഷ്യത്തിൽ പറയുന്നതെന്താണെന്ന ബോധം പോലുമില്ലാതെ ദീപ അലറിയതും കരുത്തേറിയൊരു കൈ ദീപയുടെ കവിൾ പുകച്ചു …
കിട്ടിയ അടിയുടെ പകപ്പിൽ തലയിലാകെയൊരു കനത്തോടെ കണ്ണു തുറന്നു നോക്കിയ ദീപ തനിയ്ക്ക് മുമ്പിൽ നിന്ന് കൈ വലിച്ചു കുടയുന്ന അനിയൻ ദീപക്കിനെ കണ്ട് ഞെട്ടി…
തന്നെ അവൻ അടിച്ചത് വിശ്വസിക്കാൻ കഴിയാതെ പകപ്പോടെ ദീപ നിന്നതും ഇതെല്ലാം കണ്ടൊരു ഞെട്ടലോടെ നിന്ന ഹീരയെ തന്റെ നെഞ്ചിലേക്ക് വാരിയണച്ച് ദീപയ്ക്ക് മുന്നിൽ വന്നു ദീപക്ക്…
“ഇവളെന്നെ ഈ ശരീരം കാട്ടി മയക്കി എന്നതല്ലേ ചേച്ചി നീ പറഞ്ഞത്… ശരിയാടി നീ പറഞ്ഞത്… ഇവളെന്നെ ഈ ശരീരം വെച്ചു തന്നെയാ മയക്കിയത്… നീയും ഒന്ന് കണ്ട് നോക്ക് എങ്ങാനും മയങ്ങിയാലോ…”
പല്ലുകൾ കടിച്ചമർത്തി പറയുന്നതിനൊപ്പം തന്നെ ദീപക്ക് ഹീരയുടെ സാരിയിൽ കൈവെച്ചതും ഒരു നോട്ടം അവനെ നോക്കി ഹീര…
അതിനൊന്നവളെ കണ്ണടച്ചു കാണിച്ച് ഹീരയുടെ മാറിൽ നിന്ന് സാരിത്തലപ്പ് ദീപക്ക് എടുത്ത് മാറ്റിയതും ഞെട്ടി ദീപ
പൊള്ളിയടർന്നു വികൃതമായ ഹീരയുടെ മാറിടം…
പകപ്പോടവൾ നോട്ടം വെട്ടിച്ചു മാറ്റിയതും കണ്ടു പൊള്ളിയ പാടുകൾ നിറഞ്ഞ ഹീരയുടെ വയറും പൊക്കിൾ ചുഴിയും..
കണ്ണൊന്നിറുക്കെയടച്ചു പോയ് ദീപ
“ഇത് മാത്രമല്ല ചേച്ചി ഇനിയും ഉണ്ട് ഇവളിൽ എന്നെ മയക്കാൻ ഉപയോഗിച്ച ഇതുപോലെയുള്ള ഇടങ്ങൾ… കാണണോ നിനക്ക്….?
മുരളും പോലെ ദീപക്ക് ചോദിച്ചതും വേണ്ടെന്ന് തലയിളക്കി പോയ് ദീപ
“എന്നെ സ്നേഹിച്ചതുകൊണ്ട് മാത്രം അവൾക്ക് കിട്ടിയ സമ്മാനങ്ങളാണിത്… ഞാൻ സ്നേഹം നടിച്ചൊടുവിൽ കൈവിട്ട് കളഞ്ഞപ്പോൾ അവൾക്ക് കിട്ടിയ സമ്മാനങ്ങൾ…”
നിറക്കണ്ണുകളോടെ ദീപക്ക് പറഞ്ഞതും അവനെ പകച്ചു നോക്കി ദീപ
” നീ ഇഷ്ട്ടപ്പെട്ട പുരുഷനെ നിനക്ക് ഭർത്താവ് കിട്ടാൻ എടുത്താൽ പൊങ്ങാത്ത സ്വർണ്ണവും പണവും വേണമായിരുന്നില്ലേ ചേച്ചീ …
അത് തരാൻ നിവർത്തിയില്ലെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഈ വീട്ടിൽ പട്ടിണി കിടന്നു നീ… മരിക്കാൻ നോക്കി നീ ഓർമ്മയുണ്ടോ ചേച്ചി നിനക്കതൊക്കെ…?
ദീപക്ക് ചോദിച്ചതും തലക്കുനിച്ചു കളഞ്ഞു ദീപ…
“ഒടുവിൽ നിനക്ക് നീ ആഗ്രഹിച്ചവനെ നേടിത്തരാനായ് ഞാൻ കടൽ കടന്നപ്പോൾ എനിയ്ക്കായ് കാഞ്ഞിരുന്നവളാണ് എന്റെ ഹീര…
നിനക്ക് വേണ്ടതെല്ലാം തന്ന് നിന്നെ വിവാഹം കഴിപ്പിച്ചയച്ചപ്പോൾ ഗൾഫെന്ന ആ നാട് വിടാനൊരുങ്ങിയവനാണ് ഞാൻ… പക്ഷെ എന്നെ അതിനനുവദിക്കാതെ നിന്റെ ആവശ്യങ്ങളോരോന്നും കൂടി വന്നു കൊണ്ടേയിരുന്നു…
” അതിനിടയിൽ ഞാനറിഞ്ഞു ഞങ്ങളുടെ പ്രണയം ഇവളടെ വീട്ടിലറിഞ്ഞെന്നും നാട്ടിലിവളുടെ കല്യാണം ഇവളുടെ സമ്മതമില്ലാതെ ഉറപ്പിച്ചെന്നും…
“ഓടി പാഞ്ഞെത്താൻ ആഗ്രഹിച്ചിട്ടും സാധിച്ചില്ല എനിയ്ക്കതിന്… ഒപ്പിട്ടു കൊടുത്ത ബോണ്ടിന്റെ കാലാവധി തീരാതെ മടങ്ങി വരാൻ പറ്റിയില്ലഎനിയ്ക്ക്…
ഒടുവിൽ നിന്നോടും ഞാൻ സഹായിക്കാൻ കെഞ്ചിയില്ലേ ടീ… ഞാൻ വരും വരെ ഇവളെ രഹസ്യമായ് നിന്റെ വീട്ടിൽ താമസിപ്പിക്കാൻ ഞാൻ കരഞ്ഞു പറഞ്ഞത് കേട്ടോ നീ.. ഇല്ലല്ലോ..?
“അറക്കാൻ കൊണ്ടുപോവുന്ന മാടിനെ പോലെയാണ് ഇവളുടെ വീട്ടുകാർ ഇവളുടെ കല്യാണം നടത്തിയത്… അന്ന് മുതലിന്നോളം എന്റെ പേരും പറഞ്ഞ് ഇവളുടെ കെട്ടിയവൻ ഇവൾക്ക് നൽകിയ സമ്മാനങ്ങളാണ് ഇതെല്ലാം…അതിനൊപ്പം ഭ്രാന്തിയെന്ന പട്ടം വേറെയും…
“നിയമത്തിനോടും നീതിപീഠത്തോടും കുറെ യുദ്ധം നടത്തിയിട്ടാണ് ഞാനിന്നിവളെ എന്റെ സ്വന്തമാക്കിയത്…. ഞങ്ങളുടെ ഈ ജീവിതം ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു തീർത്തോളാം… അതിനിടയിലേക്ക് നിന്റെയീ ദുർമുഖവുമായ് നീ കടന്നു വരരുത്… വന്നാൽ…..
കിതപ്പോടെ ദീപക്ക് പറഞ്ഞു നിർത്തുമ്പോൾ അവരെ തലയുയർത്തി നോക്കാൻ പോലും സാധിക്കാത്ത വിധത്തിൽ തല താഴ്ന്നു പോയിരുന്നു ദീപയുടെ…
തന്റെ സ്വാർത്ഥതയാണ് ഹീരയുടെ ജീവിതം ഇത്തരത്തിലാക്കിയതെന്ന കുറ്റബോധം അവളിലാകെ നിറയുമ്പോൾ ദീപക്ക് ഹീരയെ നെഞ്ചോടു ചേർത്ത് തന്റെ മുറിയ്ക്കുള്ളിലേക്ക് കയറി, അവളുടെ മുറിവിന് മരുന്നേക്കാൻ… അവന്റെ പ്രണയത്താലവളുടെ മുറിവുണക്കാൻ അവനല്ലാതെ മറ്റാർക്ക് സാധിയ്ക്കും… പ്രണയിക്കട്ടെ അവർ… ഈ ജന്മം മുഴുവൻ…
RJ
