ഒരു വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ അവസാനകാലങ്ങളിൽ തനിച്ചായി പോകുമെന്ന് പലപ്പോഴായി പലരും അമ്മയെ…

✍️ Pratheesh

എട്ട് വയസുകാരിയായ മകൾ ഋതുഭേദ ഒരു ദിവസം അച്ഛനോട് ഒരു ചോദ്യം ചോദിച്ചു,

അനിവിനോടാണ് മകൾ ആ ചോദ്യം ചോദിച്ചതെങ്കിലും ആ ചോദ്യം ചെന്നു കയറിയത് അവന്റെ സ്വന്തം അമ്മയിലേക്ക് തന്നെയായിരുന്നു,

കാരണം അനിവ് തിരക്ക് കാരണം അമ്മയോടൊന്നു സംസാരിച്ചിട്ട് പോലും ഇന്ന് മാസങ്ങൾ കടന്നു പോയിരുന്നു,

 

അമേരിക്കയിലേക്ക് ജോലിക്കായി വന്നതിന്റെ തുടക്കത്തിൽ പല കാര്യങ്ങൾക്കും വേണ്ടി അവൻ അമ്മയെ വിളിക്കാറുണ്ടായിരുന്നതാണ് എന്നാൽ പിന്നീട് അവന്റെ ജീവിതത്തിലേക്ക് ഭാര്യയായി ദ്രുമിക കടന്നു വന്നതോടെ ആ വിളികൾ എല്ലാം ഒരുപാട് കുറഞ്ഞു പോയി,

 

മകൾ ഋതുഭേദയുടെ ജനനത്തോടെ അമ്മയുമായുള്ള ആ ബന്ധം ശരിക്കും വേരറ്റുപോയി എന്ന് തന്നെ പറയാം,

 

തുടർന്ന് ഭാര്യ, മകൾ, ജോലി, ചുറ്റുപാടുകൾ തുടങ്ങിയവയിൽ മാത്രമായി എല്ലാം ചുരുങ്ങുകയായിരുന്നു,

 

അതോടെ ഓണം വിഷു തുടങ്ങിയ വിശേഷദിവസങ്ങളിൽ കടന്നു വരുന്ന ഒരു ഫോൺ കോൾ എന്നതു മാത്രമായി അമ്മയും മാറി,

 

ഭാര്യ അമ്മയെ ഇടക്കേ വല്ലപ്പോഴുമോക്കെ വിളിക്കാറുണ്ടായിരുന്നതു കൊണ്ട് തന്റെ ഇവിടത്തെ തിരക്കുകളെല്ലാം അമ്മ അറിയുന്നുണ്ടാവും എന്ന് അവനും കരുതി,

 

എന്നാൽ അവനവനിൽ ഓർമകളുടെ കാണികകൾ നിലനിൽക്കുന്ന കാലത്തോളം ഏതൊരു തിരക്കിനിടയിലും സ്വന്തം ഹൃദയത്തിൽ എല്ലാ തെളിമയോടെയും തെളിഞ്ഞു കത്തേണ്ട വെളിച്ചമാണ് അമ്മയെന്നു അവനും മറന്നുപോയി,

 

എന്നാൽ പെട്ടെന്നുണ്ടായ മകളുടെ

ആ ചോദ്യം അനിവിനെ പിന്നെയും അമ്മ എന്ന യാഥാർഥ്യത്തിലേക്കു കൂട്ടിക്കൊണ്ടു പോയി,

 

കാരണം ചെറുപ്പത്തിൽ ഒരിക്കൽ ഇതേ ചോദ്യം അവൻ അവന്റെ അമ്മയോടും ചോദിച്ചിരുന്നു,

 

” അമ്മക്ക് എന്നെയാണോ ചേച്ചിമാരെയാണോ കൂടുതൽ ഇഷ്ടമെന്ന് ”

 

ഒരു ചിരി മാത്രമായിരുന്നു അതിനുള്ള അമ്മയുടെ ഉത്തരം.

 

ആ ചിന്തകൾക്കിടയിലും അതെ സമയം തന്നെ അമ്മയുടെ ആ പഴയ മുഖവും ആ കാലഘട്ടവും അമ്മയുടേതായ സവിശേഷ ഗുണങ്ങളും ഒക്കെ അവന്റെ ഓർമ്മയിലേക്ക് തള്ളിക്കേറി വന്നു,

 

കുടുംബത്തിനു വേണ്ടി എന്നും സൂര്യനു മുന്നേയുണരുന്ന,

 

മൂന്നു മക്കളിലും ഒരേ സ്നേഹം നിറച്ച, ഒന്നിലും പരാതികൾ പറയാൻ ശ്രമിച്ചിട്ടില്ലാത്ത,

 

കിട്ടിക്കൊണ്ടിരിക്കുന്ന ഒന്നിന്റെയും അളവുകൾ കുറഞ്ഞു പോയെന്ന് ഒരിക്കൽ പോലും പരിഭവം പ്രകടിപ്പിച്ചിട്ടില്ലാത്ത,

 

എന്ത് കിട്ടിയാലും മക്കൾക്കായതു കരുതി വയ്ക്കുന്ന,

 

എപ്പോഴും ചിരിച്ച മുഖത്തോടു കൂടി മാത്രം മക്കളോട് പെരുമാറിയിരുന്ന,

 

ഒരു സാദാ നാട്ടും പുറത്തുക്കാരി അതായിരുന്നു അവന്റെ അമ്മ.

 

അച്ഛന്റെ മരണം സംഭവിക്കുമ്പോൾ അമ്മയ്ക്ക് 35 വയസ്സായിരുന്നു പ്രായം, അവനു എട്ടു വയസ്സും ചേച്ചിമാർക്ക് പന്ത്രണ്ടും പത്തും വയസ്സും അവിടുന്നങ്ങോട്ട് എല്ലാം മറന്ന് അമ്മ നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു

 

അവരുടെ ഒക്കെ ജീവനെയും ജീവിതത്തെയും പിടിച്ചു നിർത്തിയത്,

 

തന്റെതായാ ഒന്നിനെക്കുറിച്ചും അവർ ഓർത്തില്ല അവരുടെ മനസ്സിൽ മക്കളുടെ ഭാവി അവരുടെ ജീവിതം എന്നത് മാത്രമായിരുന്നു,

 

അവരുടേതായ എല്ലാ സുഖങ്ങളും സന്തോഷങ്ങളും വേണ്ടെന്നു വെച്ചു കൊണ്ട് കിട്ടുന്ന പണികളെല്ലാം ചെയ്ത് കിട്ടിയ പണമെല്ലാം മക്കൾക്കായി കൂട്ടിവെച്ചു കൊണ്ട് ജീവിതത്തോട് പടപൊരുതി ആ അമ്മ തന്റെ മൂന്ന് മക്കളെയും ഒരേ പോലെ വളർത്തി കൊണ്ടു വന്നു,

 

ആഘോഷങ്ങളോ അവധി ദിവസങ്ങളോ ഒന്നും തന്നെ അവർക്കുണ്ടായിരുന്നില്ല, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും തുടങ്ങി എല്ലാം അനിവിന്റെ അമ്മയ്ക്ക് സാധാരണ ദിവസങ്ങൾ മാത്രമായിരുന്നു,

 

ഒരു വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ അവസാനകാലങ്ങളിൽ തനിച്ചായി പോകുമെന്ന് പലപ്പോഴായി പലരും അമ്മയെ ഉപദേശിച്ചെങ്കിലും അതൊന്നും കേൾക്കാൻ അമ്മ തയ്യാറാവുകയോ ആ കാര്യങ്ങളെ ഒന്നും തന്നെ അവർ കാര്യമായി എടുക്കുകയോ ചെയ്തില്ല,

 

പകരം മക്കൾ മൂന്നു പേരെയും അവരവരുടെ ആഗ്രഹത്തിനും ഇഷ്ടങ്ങൾക്കും അനുസരിച്ചു തന്നെ പഠിപ്പിക്കുകയും ഒപ്പം രണ്ടു പെൺമക്കളെയും ജോലിക്കാരികളാക്കുകയും അവരെ വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്യുന്നതിൽ ആയിരുന്നു അവരുടെ ശ്രദ്ധ കൂടുതലായി പതിഞ്ഞത്,

 

അതിനോടൊപ്പം അനിവിന്റെ ആഗ്രഹം പോലെ അമേരിക്കയിലേക്ക് പോകുന്നതിനു വേണ്ടിയും അമ്മ ശക്തമായി തന്നെ അവന്റെ കൂടെ നിലകൊള്ളുകയും ചെയ്തു,

 

പഴയതെല്ലാം ഓരോന്നായി ഓർമ്മകളിലേക്ക് കയറി വന്നതും അവന്റെ മനസ്സിൽ തെളിഞ്ഞത്,

 

പണ്ട് അമ്മ അവരെയെല്ലാം വളർത്തി വലുതാക്കുന്നതിനു വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾക്കെല്ലാം ഒരു പ്രത്യുപകാരം എന്നോണം പ്രായമാകുമ്പോൾ മക്കൾ ആരെങ്കിലും കൂട്ടുണ്ടാവും എന്ന് അമ്മ വിശ്വസിച്ചിരിക്കില്ലെയെന്നാണ് ? ”

 

മാത്രമല്ല തന്റെ മക്കൾക്ക്‌ ഒരു നല്ല കാലം വരുമ്പോൾ ഞാൻ അവരെ ചേർത്തു പിടിച്ച പോലെ അവരും തന്നെ ചേർത്തു പിടിക്കും എന്ന് അമ്മ ഉറപ്പായും വിശ്വസിച്ചിരിക്കണം !

 

എന്നാൽ അവിടെയും തിരക്കുകളുടെ പേരും പറഞ്ഞു താൻ അമ്മയെ തന്നിൽ നിന്ന് എപ്പോഴും അകറ്റി നിർത്താൻ ആണ് ശ്രമിച്ചത് എന്ന തോന്നൽ,

 

ആ ഒരു തോന്നൽ അന്നേരം അവനിൽ വലിയ വേദനയുളവാക്കി.

 

അവന്റെ മനസ്സ് അതോർത്തു വല്ലാതെ നീറാൻ തുടങ്ങി,

 

അപ്പോഴാണ് അവിടെ അമേരിക്കയിൽ തന്നെയുള്ള അവന്റെ സുഹൃത്ത് റോമിയെ കുറിച്ച് അവൻ ഓർത്തത് അതോർക്കാനുള്ള കാരണം റോമി ആറുമാസം കൂടുമ്പോൾ അമ്മയെ കാണാനായി നാട്ടിൽ പോകാറുള്ള ഒരുവൻ കൂടി ആയിരുന്നത് കൊണ്ടാണ്.

 

അപ്പോഴും റോമിയുടെ ആ പോക്കിനെ പലപ്പോഴും അനിവും കൂട്ടുകാരും കളിയാക്കാറുമുണ്ട്,

 

” നീ എന്തിനാണ് ഇങ്ങനെ ചുമ്മാ ഫ്ലൈറ്റ് ടിക്കറ്റിനു പൈസ ചിലവാക്കി നാട്ടിൽ പോകുന്നത് ?

 

അതിനു പകരം നിനക്ക് വെക്കേഷൻ സമയത്തോ മറ്റോ കൊല്ലത്തിലൊരിക്കൽ പോയാൽ പോരെ ? ”

 

എന്നൊക്കെ ചോദിക്കാറുമുള്ളതാണ്,

 

റോമി പക്ഷേ അതിനൊന്നും അവരോട് മറുപടി പറയാറുമില്ല,

 

അമ്മയുടെ ഓർമകളെ തുടർന്ന് അനിവിന്റെ ഓർമ്മയിൽ ആദ്യമായി കടന്നു വന്നതും റോമി ആയിരുന്നു ഉടനെ തന്നെ അവൻ റോമിയെ കാണാൻ തീരുമാനിച്ച് റോമിയുടെ അടുത്തേക്ക് ആണ് പോയത്,

 

റോമിയെ കണ്ടതും അവനോട് കാര്യങ്ങളെല്ലാം അനിവ് തുറന്നു പറഞ്ഞതും അവനെ നോക്കി റോമി പറഞ്ഞു,

 

ഞാൻ ആറുമാസം കൂടുമ്പോൾ എന്റമ്മയെ കാണാൻ നാട്ടിൽ പോകുന്ന കാര്യം മാത്രമേ നിങ്ങൾക്കൊക്കെ അറിയൂ പക്ഷേ അത് എന്തു കൊണ്ടാണെന്നൊന്നും നിങ്ങൾക്കാർക്കും അറിയില്ല,

 

ഒരു കാലത്ത് എന്റെ അമ്മ ട്രെയിനിലും മറ്റും ഉണ്ണിയപ്പവും അച്ചപ്പവും പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കി വിറ്റു നടന്നാണ് എന്നെയും അനിയത്തിയെയും നോക്കിയിരുന്നത്,

 

അനിയത്തിയുടെ കല്യാണത്തിനു വേണ്ടി അമ്മ കരുതി വെച്ച പണം കൊണ്ടു എന്നെ അമേരിക്കയിലേക്ക് ജോലിക്ക് വിടണോ അനിയത്തിയെ കെട്ടിച്ചയക്കണമോ എന്ന ഒരു കൺഫ്യൂഷൻ വന്നപ്പോൾ അനിയത്തിയാണ് പറഞ്ഞതു എന്നെ ജോലിക്ക് വിടാൻ.

 

ആ ഞാൻ എങ്ങിനെയാടാ അവരെ മറന്നു സ്വന്തം കാര്യം മാത്രം നോക്കി ഇവിടെ ജീവിക്ക്യാ ??

 

റോമിയുടെ ആ വാക്കുകൾ അനിവിന്റെ നെഞ്ച് തുളച്ചാണ് കടന്നു പോയത് “”

 

റോമി പിന്നെയും അവനോടായി പറഞ്ഞു,

 

അമ്മയെ വീഡിയോ കോളിൽ കാണാൻ പറ്റാത്തത് കൊണ്ടല്ല ഞാൻ നേരിൽ പോകുന്നത്,

 

അമ്മയെ നേരിട്ട് കാണുമ്പോൾ,

 

അമ്മയോടൊപ്പം ഒന്നിച്ച് ഇരിക്കുമ്പോൾ,

 

അമ്മയോട് സംസാരിക്കുമ്പോൾ,

 

അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുമ്പോൾ,

 

എനിക്കും അമ്മക്കും ഒരേ സമയം അനുഭവപ്പെടുന്ന സന്തോഷത്തിനു പകരം തരാൻ ഒരു വീഡിയോ കോളിനും കഴിയില്ല സുഹൃത്തേ,

 

പണത്തിനേക്കാൾ എനിക്ക് അമ്മയെയും അനിയത്തിയെയും കാണുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം തന്നെയാണ് വലുത് !

 

മറ്റാർക്കു വേണമെങ്കിലും നമ്മുടെ അമ്മയെ മറക്കുകയോ ഒഴിവാക്കുകയോ മറ്റോ ചെയ്യാം

നമ്മളും നമ്മുടെ സ്വന്തം അമ്മയോട് അങ്ങനെ ചെയ്താൽ,

 

രാത്രിയെന്നോ,പകലെന്നോ, മഴയെന്നോ, വെയിലെന്നോ നോക്കാതെ അവർ അവരുടെ ചോര നീരാക്കി നമുക്ക് നൽകിയ അവരുടെ ഓരോ പ്രയത്നങ്ങളും,

 

ഒപ്പം അവർ നമുക്ക് നൽകിയ കളങ്കമില്ലാത്ത ആ സ്നേഹത്തിനും പിന്നെന്തു വിലയാണ് ഉള്ളത് ?

 

നമ്മളെപ്പോഴും നമ്മുടെ മുന്നോട്ടേക്ക് മാത്രമാണ് നോക്കുന്നത് സത്യത്തിൽ നമ്മൾക്ക് മുന്നോട്ടേയ്ക്കു പോകുന്നതിനു നമ്മളെ പ്രാപ്തരാക്കി അവരെല്ലാം പിറകിലായി പോവുന്നതാണ്.

 

എന്നെപ്പോലെ നീ ഒരിക്കലും കഷ്ടപ്പെടരുതെന്നും അതിനു വേണ്ടിയാണ് ഞാൻ നിനക്ക് വേണ്ടി കഷ്ടപ്പെടുന്നതെന്നും അമ്മ പറയുമ്പോൾ ആ കഷ്ടപ്പാട് അതെത്രമാത്രം വേദന നിറഞ്ഞതായിരിക്കുമെന്നും അത് ഒരിക്കലും തന്റെ മക്കൾ അനുഭവിക്കേണ്ടി വരരുത് എന്നും അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിസംശയം പറയാം അവർ നമ്മുക്ക് വേണ്ടി സഹിച്ച ആ കഷ്ടപ്പാടുകൾ അത്യധികം ബുദ്ധിമുട്ടു നിറഞ്ഞത് തന്നെയായിരിക്കുമെന്ന്.

 

ഇത്രയൊക്കെ വലുതായിട്ടും അവർക്ക് ഒന്നും തന്നെ പകരം നൽകാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ അവർ നമുക്ക് നൽകിയ ഈ വിദ്യാഭ്യാസം കൊണ്ടു എന്തറിവാണ് നമ്മളിൽ ഉണ്ടായിട്ടുള്ളത് ?

 

അമ്മയുടെ മരണശേഷം

 

അമ്മയ്ക്ക് വേണ്ടി വർഷാവർഷം ബലിയിട്ടതു കൊണ്ടോ,

 

അമ്മയുടെ വലിയ ഫോട്ടോ ഉണ്ടാക്കി അതിൽ മാല ചാർത്തി വീട്ടിനകത്ത് എല്ലാവരും കാൺകേ തൂക്കിയിട്ടതു കൊണ്ടോ ഒന്നും അമ്മയോടുള്ള കടമയോ ഉത്തരവാദിത്തമോ ആകുന്നില്ല,

 

വേണ്ടത് അമ്മയെ അവർക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമായ സ്നേഹം കൊടുത്ത് സംരക്ഷിച്ചു നിർത്തുക എന്നതാണ്,

 

അമ്മയെ സ്നേഹിക്കണം എന്നു നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവർക്ക് പ്രവർത്തിയിലൂടെ തന്നെ ലഭ്യമായിരിക്കണം.

 

ഒന്നു നിർത്തി പിന്നെയും അനിവിനെ നോക്കി റോമി പറഞ്ഞു,

 

എടാ, 35 വയസ്സ് എന്നത് ഒരാളുടെ ജീവിത്തിന്റെ ഏറ്റവും നല്ല പ്രായമാണ് മാനസികമായും ശാരീരികമായും എല്ലാ ആസ്വാദനങ്ങളും അതിന്റെ ഏറ്റവും കൂടിയ അളവിൽ ആസ്വദിക്കാൻ കഴിയുന്നതും ആസ്വദിക്കപ്പെടേണ്ടതുമായ പ്രായം,

 

എന്നിട്ടും നിങ്ങളെയെല്ലാം സംരക്ഷിക്കേണ്ട ചുമതല സ്വയം ഏറ്റെടുത്തത് കൊണ്ട് അവരതെല്ലാം നഷ്ടപ്പെടുത്തുന്നു,

 

നിങ്ങൾ മക്കളെ സംബന്ധിച്ച് അമ്മ എന്നത് നന്മകളിൽ മാത്രം തീർത്ത ഒരു ബിംബമാണ്,

 

അമ്മയെ സംബന്ധിച്ച് അവർ ഏതൊരു സ്ത്രീകളെയും പോലെ ആ പ്രായത്തിലെ എല്ലാത്തരം വികാരങ്ങളും വിചാരങ്ങളും അടങ്ങിയ ഒരു സാധാരണ സ്ത്രീ തന്നെയാണ്,

 

അവരിലെ അത്തരം എല്ല വികാരങ്ങളെയും വിചാരങ്ങളെയും മുറിച്ചു മാറ്റിയാണ് അവർ നിങ്ങളെ സ്നേഹിക്കാൻ ഇറങ്ങി തിരിച്ചത്.

 

അവരുടെ സ്ഥാനത്ത് ആ പ്രായത്തിലുള്ള നമ്മൾ ആയിരുന്നെങ്കിൽ ചിലപ്പോൾ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ നമുക്ക് ഒരു പുതിയ ജീവിത പങ്കാളി ഉണ്ടായേനെ,

 

ഒന്നിനു വേണ്ടി മറ്റൊന്നിനെ നഷ്ടപ്പെടുത്താൻ ഇന്നുള്ള പലരും തയ്യാറാവണം എന്നില്ല,

 

ഇനിയെങ്കിലും നിങ്ങൾ തന്നെ സ്വയം മനസ്സിലാക്കുക അമ്മ നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ചത് നിങ്ങൾക്കൊരിക്കലും അതേ അളവിൽ തിരിച്ചു കൊടുക്കാൻ കഴിയാത്ത വിധം അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും ഉചിതമായ സമയവും, സുഖങ്ങളും, സന്തോഷങ്ങളും തന്നെയായിരുന്നു എന്ന് !!

 

ഇന്ന് നീ നിനക്കാവശ്യമുള്ള സമയത്തെല്ലാം നിന്റെ ഭാര്യയെ ചേർത്തു പിടിച്ച് നിങ്ങൾ ഒന്നിച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്ന അതെ സുഖങ്ങളൊക്കെ തന്നെയാണ് നിനക്ക് വേണ്ടി മുൻ പിൻ ആലോചിക്കാതെ ഒരു കാലത്തവർ വേണ്ടന്നു വെച്ചത്.

 

ചില അമ്മമാർ കുഞ്ഞിന് മുല കൊടുക്കുന്നതിനിടയിൽ ശ്രദ്ധക്കുറവിന്റെ ഫലമായി ഉറങ്ങിപ്പോവുകയും

അതേത്തുടർന്ന് അമ്മയുടെ മാറും ശരീരവും കുഞ്ഞിന്റെ വായിലും മൂക്കിലും അമർന്ന് കുഞ്ഞു ശ്വാസംമുട്ടി മരണപ്പെട്ട സംഭവങ്ങളും,

 

അതുപോലെ പെട്ടെന്നുള്ള ഭർത്താവിന്റെ മരണം കാരണം ജീവിക്കാൻ എന്തു ചെയ്യണം എന്ന് അറിയാതെ മക്കളെയും കൊന്ന് സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങളെയും കുറിച്ചറിയുമ്പോഴാണ് നമ്മൾ ഓരോരുത്തരുടെയും കാര്യത്തിൽ നമ്മുടെയൊക്കെ അമ്മമാർ എത്രമാത്രം വലിയ കരുതലും സ്നേഹവും കാണിച്ചിട്ടായിരിക്കും ഇന്ന് ഈ നിലയിൽ കാണുന്ന നമ്മളെയൊക്കെ സംരക്ഷിച്ചു പിടിച്ചിട്ടുണ്ടാവുക എന്ന് തിരിച്ചറിയാനാവുന്നത്..

 

റോമിക്ക് പറയാനുള്ളതെല്ലാം കൂടി കേട്ടതോടെ അനിവ് എത്രയും പെട്ടെന്ന് നാട്ടിലെത്തി അമ്മയെ കണ്ടാൽ മതിയെന്നായി, തുടർന്ന് അനിവ് അവിടെ വെച്ച് തന്നെ നാട്ടിൽ പോകുന്നതിനും അമ്മയെ കാണുന്നതിനും ഉള്ള തീരുമാനമെടുക്കുന്നു,

 

അനിവിന്റെ ഉദ്ദേശം മനസ്സിലാക്കിയ റോമി അവനോട് ഒന്നു കൂടി പറയുന്നു,

 

നീ നാട്ടിൽ ചെന്ന് അമ്മയെ ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു വരാനായി ക്ഷണിച്ചാൽ ഒരിക്കലും ഇങ്ങോട്ടേക്ക് വരാൻ അമ്മ തയ്യാറാവില്ല,

 

അതിന്റെ കാരണം അമ്മയ്ക്ക് നിന്നോടൊപ്പം ഇങ്ങോട്ട് വരാൻ ഇഷ്ടമില്ലാത്തതു കൊണ്ടല്ല നമ്മൾക്കൊരിക്കലും ഇവിടെ അമ്മ ഒരു ബുദ്ധിമുട്ടുണ്ടായി മാറരുത് എന്ന് അവർ സ്വയം കരുതുന്നത് കൊണ്ടാണ്,

 

അതുകൊണ്ടു തന്നെ

 

നിനക്ക് നിന്റെ അമ്മയെ കൂടെ കൊണ്ട് വരണമെന്നുണ്ടെങ്കിൽ അവരെ നിർബന്ധിക്കുക തന്നെ വേണം.

 

തുടർന്ന് കുറച്ചു ദിവസങ്ങൾക്കകം തന്നെ അവൻ നാട്ടിലെത്തുന്നു അനിവ് നാട്ടിൽ അമ്മയുടെ അടുത്ത് എത്തിയെങ്കിലും റോമി പറഞ്ഞതു പോലെ തന്നെയായിരുന്നു കാര്യങ്ങൾ അമ്മ അവനോടൊപ്പം അമേരിക്കയിലേക്ക് വരാൻ ഒട്ടും താല്പര്യവും കാണിച്ചില്ല,

 

അവസാനം നിർബന്ധിച്ച്

 

ഒരുമാസം മാത്രം തന്റെ കൂടെ വന്നു

നിന്നശേഷം തിരിച്ചു പോരാം എന്ന് ഉറപ്പിൽ അവർ അവനോടൊപ്പം ചെല്ലാം എന്ന് സമ്മതിക്കുന്നു,

 

അനിവ് അങ്ങിനെ അമ്മയെയും കൊണ്ട് അമേരിക്കയിലേക്ക് വിമാനത്തിൽ യാത്ര തിരിക്കുന്നു,

 

വിമാനം പറന്നുയരാൻ തുടങ്ങിയതോടെ ഒരു കൊച്ചു കുട്ടിയെ പോലെ അമ്മ അവന്റെ കൈ മുറുകെ പിടിക്കുകയും കണ്ണടച്ചിരിക്കുകയും ചെയ്യുന്നത് കാണുന്നതോടെ അവനതൊരു വലിയ കൗതുകം ആകുന്നു. അവൻ അമ്മയെയും അവനോടു ചേർത്തു പിടിക്കുന്നു,

 

വിമാനം ആകാശത്ത് സഞ്ചരിക്കാൻ തുടങ്ങിയതും അമ്മ അനിവിനെ നോക്കി പറയുന്നു, എപ്പോഴെങ്കിലും ഒരിക്കൽ ഒന്ന് വിമാനത്തിൽ കയറണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നുയെന്നും,

 

പക്ഷേ അത് ഒരിക്കലും നടക്കും എന്ന് കരുതിയതേയില്ല ” എന്നും.

 

അമ്മ അത് പറഞ്ഞു തീർന്നതും അവന്റെ ഉള്ളു കിടന്ന് തേങ്ങാൻ തുടങ്ങി, കാരണം അമ്മക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരിക്കുമെന്നത്

പോലും തിരിച്ചറിയാൻ സാധിച്ചില്ലല്ലോ എന്നോർത്ത്.

 

” വിമാനം ഒരു ആഡംബരം ആണെങ്കിലും അത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നത്തിന്റെ ഒരു ചെറുഭാഗം അലങ്കരിക്കുന്നുണ്ട് എന്ന് യാഥാർത്ഥ്യം അവൻ ഒരിക്കലും ഓർത്തതേയില്ലായിരുന്നു.

 

എല്ലാം അറിഞ്ഞു സങ്കടപ്പെട്ട്

 

അമ്മയുടെ കൈയും പിടിച്ചിരിക്കവേ

 

ആ സമയം അമ്മ പറഞ്ഞ മറ്റൊരു കാര്യം അതുവരെയും അടക്കിപ്പിടിച്ചു വെച്ചിരുന്ന അവന്റെ എല്ലാ സങ്കടങ്ങളെയും ഒറ്റയടിക്കു പുറത്തേക്കു കൊണ്ടു വന്നു,

 

വിമാനയാത്ര തുടരവേ അവനെ നോക്കി,

 

” ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്,

 

ഈയൊരു ദിവസം തന്നെ ഇങ്ങനെയോരു വിമാനയാത്ര ചെയ്യാൻ കഴിയും എന്ന് ഞാനും വിചാരിച്ചിരുന്നതല്ല എന്ന മുഖവുരയോടെ അവനോടു പറഞ്ഞു,

 

” ഇന്നെന്റെ പിറന്നാളാണ് ” ! എന്ന്

 

അമ്മയുടെ വായിൽ നിന്ന് അത് കേട്ടതും ഒരു നിമിഷം അതു പോലും തന്റെ ഓർമ്മയിൽ ഇല്ലെന്ന ലജ്ജ മൂലം അവൻ ആകെ തകർന്നു പോയി,

 

അവന്റെ കണ്ണ് രണ്ടും നിറയാൻ തുടങ്ങി,

 

ആ സമയം അമ്മയുടെ തോളിലൂടെ കൈയിട്ട് അമ്മയെ ചേർത്തു പിടിച്ചു,

 

ആ സങ്കടത്തിനിടയിലും അവന്റെ മനസ്സിൽ ആ ഒരു സമയം അമ്മയ്ക്ക് വേണ്ടി എന്താണ് പ്രത്യേകമായി ചെയ്യാൻ കഴിയുക എന്ന ചിന്ത തന്നെ ആയിരുന്നു,

 

പെട്ടെന്ന് അവൻ എന്തോ ഓർത്തെടുത്തതും അമ്മയെ അവിടെ തന്നെ പിടിച്ചിരുത്തിയ ശേഷം അവൻ അവിടെ നിന്ന് എഴുന്നേറ്റു കൊണ്ട് നേരെ വിമാനത്തിന് അകവശത്തേക്ക് നടന്നു പോയി അവിടെ കണ്ട ഒരു എയർഹോസ്റ്റസിനോട് അവൻ തന്റെ മനസ്സിലെ ഉദ്ദേശം വെളിപ്പെടുത്തി,

 

കൂടെയുള്ളത് തന്റെ അമ്മയാണെന്നും അമ്മയുടെ പിറന്നാൾ ദിനമാണ് ഇന്നെന്നും അമ്മയെ ഒന്ന് സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഒരു കേക്ക് സംഘടിപ്പിച്ചു തരാമോ ?

എന്ന് അവൻ അവരോട് റിക്വസ്റ്റ് ചെയ്തു അവന്റെ റിക്വസ്റ്റ് അംഗീകരിച്ചു കൊണ്ട് അവർ അവനോടു പറഞ്ഞു,

 

നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ സർ നിങ്ങൾ നിങ്ങളുടെ സീറ്റിൽ തന്നെ പോയിരുന്നോള്ളൂ,

 

നിങ്ങളുടെ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിനുള്ള കേക്കുമായി ഞങ്ങൾ ഉടനെ നിങ്ങളുടെ മുന്നിലേക്ക് എത്താമെന്ന്,

 

അത് കേട്ടതും കൈകൂപ്പി അവരോട് നന്ദി പറഞ്ഞു കൊണ്ട് അവൻ തിരിച്ച് അതേ സീറ്റിൽ തന്നെ വന്നിരുന്നു,

 

വളരെ കുറച്ച് സമയത്തിനകം രണ്ട് എയർ ഹോസ്റ്റസ്സുമാർ ചേർന്ന് ഒരു ട്രേയിൽ ഒരു കേക്കുമായി അവർക്കു അരികിലേക്ക് വന്നു കൊണ്ട് ആ കേക്ക് അമ്മയുടെ മുന്നിൽ കൊണ്ടു വെച്ചതും അതു കൊണ്ട് അമ്മയുടെ കണ്ണും നിറഞ്ഞു പോയി,

അവർക്ക് ശരിക്കും അത്ഭുതമാകുന്നു,

 

തുടർന്നമ്മയെക്കൊണ്ട് ആ കേക്ക് കട്ട് ചെയ്യിപ്പിക്കുകയും പരസ്പരം കേക്ക് കഷ്ണം പങ്കുവെച്ചു കഴിക്കുകയും ചെയ്തു കൊണ്ട് അവർ ആ യാത്ര തുടരുന്നു,

 

ആ സമയം ഇനി ഒരിക്കലും അമ്മയെ തിരിച്ചു നാട്ടിലേക്ക് പറഞ്ഞയക്കേണ്ടതില്ലന്ന് അവനും തീരുമാനിച്ചു……!

 

#Pratheesh

Leave a Reply

Your email address will not be published. Required fields are marked *