✍️ ശാലിനി
“എടാ ആദീ നീയെന്തൊക്കെയാ ഈ പറയുന്നത്. ഇതെന്താ കുഞ്ഞ് കളിയാണെന്ന് വിചാരിച്ചോ. എനിക്ക് ഇതൊന്നും അംഗീകരിച്ചു തരാൻ പറ്റില്ല. കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം പോലുമായില്ല, അവന് ഡിവോഴ്സ് വേണമെന്ന്. നിന്റെ വീട്ടുകാര് ഇത് കേൾക്കണ്ട..”
“അതെ, കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം പോലുമായില്ല. എന്നിട്ടും എനിക്ക് ഡിവോഴ്സ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണം കൂടി ഉണ്ടാകുമെന്ന് നീയെന്താ അമലേ വിചാരിക്കാത്തത്. ഞാൻ അവളെ ഇഷ്ടപ്പെട്ടു തന്നെയാണ് വിവാഹം കഴിച്ചത്. പക്ഷെ..”
“എന്ത് പക്ഷെ, നിന്റെ മനസ്സിലെന്താ ഉള്ളത്. എന്ത് പ്രശ്നം ഉണ്ടെങ്കിലും രണ്ടു പേരും പരസ്പരം പറഞ്ഞു തീർക്കാൻ ശ്രമിക്കണം. ഡിവോഴ്സ് ചെയ്യാനാണെങ്കിൽ ഈ ലോകത്ത് ആൾക്കാർക്ക് അതിനെ നേരം കാണൂ. പക്ഷെ ഒരു ജീവിതമാകുമ്പോൾ ഒരുപാട് അഡ്ജസ്റ്റ്മെന്റിന് രണ്ട് പേരും തയ്യാറാവണം. ചുമ്മാ വെട്ടൊന്ന് മുറി രണ്ടെന്ന മട്ടു നല്ലതല്ല..”
‘ഞാൻ നിന്റെയടുത്ത് കൗൺസിലിംഗിന് വന്നതല്ല. എന്റെ ഒരു ആഗ്രഹം മാത്രമല്ല ഒരാവശ്യമാണ് പറഞ്ഞത്. അത് ഇനി എന്ത് വേണമെന്ന് എനിക്കറിയാം. ഒരു ഉപദേശി വന്നിരിക്കുന്നു. ”
കലിപ്പോടെ ആദി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി.
അമൽ അന്തം വിട്ടിരുന്നു.
ഇവനിതു എന്ത് പറ്റി.
ഇഷ്ടപ്പെട്ടു കെട്ടിയ പെണ്ണിനെ മാസം മൂന്നാകുന്നതിനു മുൻപ് ഉപേക്ഷിക്കണം എന്ന് പെട്ടെന്ന് പറയുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി.
മിത്രയെപ്പോലൊരു പെണ്ണിനെ വേണ്ടെന്ന് വെയ്ക്കാൻ ഇവന് ഭ്രാന്ത് ഉണ്ടോ.
അമൽ ഓടിച്ചെന്ന് അവന്റെ കയ്യിൽ കയറി പിടിച്ചു.
“എടാ നീയതിനു എന്നോട് പിണങ്ങുന്നത് എന്തിനാ. ഞാൻ അതിന് മാത്രം ഒന്നും പറഞ്ഞില്ലല്ലോ. നല്ലയൊരു സുഹൃത്തിനോട് അതെ അധികാരത്തിൽ.. സോറി, സ്വാതന്ത്ര്യത്തിൽ ഞാൻ ചിലതൊക്കെ പറഞ്ഞു എന്നുള്ളത് നേര്. പക്ഷെ, നീ എന്നിട്ടും എന്നോട് മനസ്സ് തുറന്നു പറയുന്നില്ലല്ലോ ഒന്നും. പറയാതെ ഞാൻ എങ്ങനെ അറിയാനാണ്. പറയ്, എന്താ നിന്റെ പ്രശ്നം.. എന്നെ നിനക്ക് പൂർണ്ണമായും വിശ്വസിക്കാം.നീ കാര്യം പറയ്..”
സ്റ്റാർട്ട് ആയ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ആദി അമലിനെ ഒന്ന് തറപ്പിച്ചു നോക്കി.
“എനിക്ക് നിന്നെ വിശ്വാസക്കുറവ് ഒന്നുമില്ല. അല്ലെങ്കിലും ഇനിയെന്ത് വിശ്വാസം. എല്ലാരും എല്ലാം അറിയട്ടെ.. ഞാൻ ഇത് എത്ര നാൾ മറച്ചു വെച്ചു ജീവിക്കും.. ഒന്നും എന്റെ തെറ്റ് കൊണ്ടല്ലല്ലോ. പിന്നെ ഞാൻ എന്തിനു നിന്നെ അവിശ്വസിക്കണം..”
അമലിന് ദേഷ്യം വന്നു.
ഇവൻ പിന്നെയും കാടും പടലും കേറുകയാണല്ലോ.
“നീ പുരാണമടിക്കാതെ കാര്യം പറയ് ചെക്കാ. എനിക്ക് ദേഷ്യം വരുന്നുണ്ട്.”
ആദി ചുറ്റിനും ഒന്ന് നോക്കി.
ഭാഗ്യം, അടുത്തെങ്ങും ആരുമില്ല.
അവൻ ശബ്ദം താഴ്ത്തി മെല്ലെ പറയാൻ തുടങ്ങി.
“എടാ, ഇന്ന് ശരിയാകും നാളെ ശരിയാകും എന്നൊക്കെ കരുതിയാണ് ഞാനും ഇതുവരെയും വെയിറ്റ് ചെയ്തത്. പക്ഷെ, ശരിയാവില്ലെടാ.. ഇങ്ങനെ പോയാൽ ഞാൻ എന്തെങ്കിലും കടും കൈ ചെയ്യും..”
ഒന്ന് നിർത്തിയിട്ട് ആദി ചുറ്റിലും ഒന്ന് നോക്കി. ആരുമില്ല അടുത്തെങ്ങും.
“എടാ ഞാൻ കല്യാണം കഴിച്ചെന്നേയുള്ളൂ.. ഇതുവരെ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് പോലും കഴിഞ്ഞിട്ടില്ല. അവൾ അവളുടെ ഒരു ചെറു വിരലിൽ പോലും ഒന്ന് തൊടാൻ സമ്മതിക്കുന്നില്ല. ഞാൻ സന്യാസിയൊന്നുമല്ല. ഒരു പെണ്ണിനെ കെട്ടിയത് വെറുതെ കണ്ടോണ്ടിരിക്കാനൊന്നുമല്ലല്ലോ ആണോ.. അവൾക്ക് അങ്ങനെ ഉള്ള ബന്ധത്തിലൊന്നും താല്പര്യമില്ല പോലും. എടാ സെക്സ് എന്ന പേര് കേൾക്കുന്നത് പോലും വലിയ പാപം പോലെയാണവൾക്ക്.. എനിക്ക് പിന്നെ എങ്ങിനെയാണെടാ ഒരു കുടുംബം ഉണ്ടാകുന്നത്.. ഞാൻ പെട്ടു പോയെന്ന് പറഞ്ഞാൽ മതിയല്ലോ..”
അമൽ എല്ലാം കേട്ട് അന്തം വിട്ടിരുന്നു.
മിത്ര നല്ല പഠിത്തവും വിവരവുമൊക്കെയുള്ള കുട്ടിയാണ്.. കാണാനും സുന്ദരി..
ആദിയുടേത് ഒരു പ്രേമ വിവാഹമൊന്നമായിരുന്നില്ല.
മാട്രിമോണിയൽ ഏജൻസി വഴിയാണ് അവൻ മിത്രയെ പെണ്ണ് കാണാൻ പോയത്.
ഒരു പ്രൈവറ്റ് കോളേജിൽ ടീച്ചർ ആണ് അവൾ. അച്ഛനും അമ്മയ്ക്കും മിത്രയും അവൾക്ക് ഇളയതായി ഒരു അനിയത്തിയും മാത്രമാണുള്ളത്.
പെണ്ണ് കാണാൻ പോയിട്ട് വന്നിട്ട് തന്നോടാണ് ആദ്യം അവൻ എല്ലാകാര്യങ്ങളും വിളിച്ചു പറയുന്നത്.
മിത്രയെ കുറിച്ച് പറയാൻ അവന് നൂറു നാവായിരുന്നു.
ഒറ്റ കാഴ്ചയിൽ തന്നെ ഇത്രയും താല്പര്യത്തോടെ ഒരു പെണ്ണിനെ കുറിച്ചവൻ പറയുന്നതും ആദ്യമായിട്ടായിരുന്നു.
“എടാ നീ അവളെയൊന്നു കാണണം. എന്തൊരു നാച്ചുറൽ ബ്യൂട്ടി ആണെന്നോ. മുടിയൊക്കെ മുട്ടറ്റം വരെയുണ്ട്. നല്ല ഗോതമ്പിന്റെ നിറം.. ഹ്ഹോ ഇത്രയും നാള് പെണ്ണ് കണ്ട് നടന്നു സമയം കളഞ്ഞ നേരത്ത് ഈ കുട്ടിയെ കണ്ടിരുന്നേൽ രണ്ട് പിള്ളേരെങ്കിലും ഉണ്ടായേനെ ഈ നേരത്ത്..”
അന്നവൻ അത് പറയുമ്പോൾ അവന്റെ മുഖത്ത് അത്രയും സന്തോഷം നിറഞ്ഞു നിന്നിരുന്നു..
വല്ലാത്തൊരു ത്രില്ലുണ്ടായിരുന്നു ആ ശബ്ദത്തിന്..
പക്ഷെ, ഇന്ന് ആകെ നിരാശപ്പെട്ട അവസ്തയിലാണ് അവൻ നിൽക്കുന്നത്. ഏറെ മോഹിച്ച് കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കാൻ തിടുക്കം കൂട്ടുന്ന, ഒരുപാട് സ്വപ്നം കണ്ടിട്ട് അപ്പാടെ അതെല്ലാം തകർന്നു പോയൊരു മനുഷ്യനെ അമൽ അവനിൽ കണ്ടു.
അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു.
അമൽ അവന്റെ തോളിൽ പിടിച്ചു.
“എടാ അവൾക്ക് നിന്നോട് ഇഷ്ടക്കുറവ് എന്തെങ്കിലും ഉണ്ടോ. അതോ സെക്സിനോട് മാത്രമാണോ വെറുപ്പ്..”
“അവൾക്ക് എന്നോട് ഇഷ്ടമുണ്ടായിട്ടെന്തിനാ. സംസാരിക്കാൻ താല്പര്യക്കുറവൊന്നുമില്ല.പക്ഷെ രാത്രിയിൽ ഞാൻ അടുത്തേയ്ക്ക് ചെല്ലുന്നത് മാത്രമാണ് ഇഷ്ടക്കേട്..
എടാ അമലേ ഞാൻ ചോദിക്കട്ടെ.. ഇഷ്ടമുണ്ടെങ്കിൽ ആ പുരുഷനോട് ഒപ്പം കിടക്കാൻ എന്തിനു മടിക്കണം. ഒന്നൂല്ലെങ്കിലും ഞാനവളുടെ ഭർത്താവല്ലേടാ.
നീയും പെണ്ണ് കെട്ടിയതല്ലേ. അവൾക്ക് നിന്നോട് ഇങ്ങനെയാണോ. ആയിരുന്നെങ്കിൽ നീയെങ്ങനെയായിരിക്കും പെരുമാറുന്നത്? ഞാൻ അവളോട് ഒരുപാട് വട്ടം ചോദിച്ചു. എന്താ നിന്റെ പ്രശ്നമെന്ന്. പക്ഷെ., അവൾ ആ വിഷയം പോലും സംസാരിക്കാൻ കൂട്ടാക്കുന്നില്ല. അപ്പോഴേക്കും എഴുന്നേറ്റു പൊയ്ക്കളയും. ഞാൻ എന്താ ചെയ്യേണ്ടത്., നീ പറ.
ഇത്രയും നാളായിട്ടും ഞാൻ ഈ കാര്യം വീട്ടിൽ ആരോടും മിണ്ടിയിട്ടില്ല.
ഈ കാര്യമൊക്കെ എങ്ങനെ പറയും. അവളെന്റെ കൂടെ കിടക്കുന്നില്ല. തൊടാൻ സമ്മതിക്കുന്നില്ല എന്നൊക്കെ എങ്ങനെ ഞാൻ പറയും. ഇപ്പോൾ ആദ്യമായിട്ടാണ് നിന്നോട് പോലും ഇതിനെ കുറിച്ച് പറയുന്നത്.. എനിക്ക് മടുത്തു. ഇത്രയും സുന്ദരിയായൊരു പെണ്ണിനെ കിട്ടിയതിൽ ഞാൻ ഒത്തിരി അഹങ്കരിച്ചിരുന്നു. അതിന്റെ ശിക്ഷയായിരിക്കും..”
അവൻ അത്രയും പറഞ്ഞിട്ട് യാത്ര പോലും പറയാതെ വണ്ടി വളരെ സ്പീഡിൽ മുന്നോട്ടെടുത്തു.
വീട്ടിൽ തിരിച്ചെത്തിയിട്ടും അമലിന്റെ തെളിയാത്ത മുഖം കണ്ട് നീതുവിന് എന്തോ പന്തികേട് തോന്നി.
“എന്താ പതിവില്ലാത്ത ഒരു ഗൗരവം..
എന്ത് പറ്റി. ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?”
അവൻ അവളെയൊന്നു സൂക്ഷിച്ചു നോക്കി..
മിത്രയുടെ സുഹൃത്താണ് നീതു. ഇവളോട് എന്തെങ്കിലും പറഞ്ഞാൽ അത് അവൾ അറിയുമോ.അറിഞ്ഞാൽ മോശമാണ്. മിത്ര എന്ത് വിചാരിക്കും.. ഈ കാര്യങ്ങളൊക്കെയാണോ താനും ആദിയും തമ്മിൽ സംസാരിക്കുന്നത് എന്ന് വിചാരിക്കല്ലേ..അല്ലെങ്കിൽ വേണ്ടാ…
തല്ക്കാലം അവളോട് പറയണ്ട..
“ഓഹ്, ഒന്നുമില്ല.. ചെറിയൊരു തലവേദന പോലെ. ഇന്ന് ഒത്തിരി ജോലി ഉണ്ടായിരുന്നു അതായിരിക്കും.”
“പോയി കുളിച്ചിട്ട് വരൂ.. ഞാൻ ചൂട് ചായ എടുക്കാം..”
അവൾ അടുക്കളയിലേയ്ക്ക് പോകുന്നത് നോക്കി നിന്നു.
ആദിയുടെ വിവാഹത്തിന് ഒരു വർഷം മുമ്പേ അമലിന്റെയും നീതൂന്റെയും വിവാഹം കഴിഞ്ഞതാണ്. കുട്ടികൾ ഒന്നും ആയിട്ടില്ല. നീതുവിന് ജോലി ഒന്നുമില്ല.
അവൾക്ക് ജോലിക്ക് പോകാനും താല്പര്യമില്ല.. വീട്ടിൽ രാവിലെയും, വൈകുന്നേരവും ട്യൂഷൻ ക്ലാസ്സ് നടത്തുന്നുണ്ട്.അതിൽ നിന്ന് അവൾക്ക് വേണ്ടത്ര വരുമാനം കിട്ടുന്നുമുണ്ട്.
ആദി തന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആയത് കൊണ്ട് തന്നെ അവന്റെ വീട്ടിൽ മിക്കവാറും നീതുവിനെയും കൂട്ടിയാണ് പോകുന്നത്.
അവന്റെ കല്യാണത്തിന് അവർ രണ്ട് പേരും എല്ലാ കാര്യങ്ങൾക്കും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു .
കല്യാണ ശേഷം മിത്രയുമായി നീതു കമ്പനിയായതും അങ്ങനെ ആണ്.
പക്ഷെ ഇതൊക്കെ എങ്ങനെ ചോദിക്കും.
അന്ന് രാത്രിയിൽ നെഞ്ചിൽ ചേർന്നു കിടക്കുന്ന നീതൂന്റെ മുടിയിൽ തലോടിക്കൊണ്ട് കിടന്ന അമലിന്റെ മനസ്സ് നിറയെ ആദിയുടെ സങ്കടങ്ങൾ ആയിരുന്നു..
എങ്ങനെ ആണ് അവനെ ഈ കാര്യത്തിൽ ഒന്ന് സഹായിക്കാൻ കഴിയുന്നത്..
തന്നെ പോലെ തന്നെ ഒരു പുരുഷനാണ് അവനും.. മജ്ജയും മാംസവും ഉള്ള ഒരു ചെറുപ്പക്കാരൻ..!
സുന്ദരിയായ സ്വന്തം ഭാര്യയെ ഒന്ന് തൊടാൻ പോലും കഴിയാതെ വീർപ്പു മുട്ടുന്ന അവന്റെ അവസ്ത ഓർത്ത് അമലിന് സഹതാപം തോന്നി..
നീതു തല ഉയർത്തി അമലിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ആള് കൂടെ കിടക്കുന്നെന്നേയുള്ളൂ.
പക്ഷെ മനസ്സ് ഇവിടെയെങ്ങുമല്ല.
എന്തായിരിക്കും കാരണം. ഒന്നും തുറന്നു പറയുന്നുമില്ല.
അവൾ പരിഭവത്തോടെ അവനിൽ നിന്ന് അകന്ന് മാറി തിരിഞ്ഞു കിടന്നു.
അമൽ അത് ഒട്ടും പ്രതീക്ഷിച്ചില്ല.
ഇവൾക്കിതെന്തു പറ്റി. തന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചല്ലാതെ ഉറങ്ങാത്തവളാണ്..
അവൻ അവളോട് ചേർന്നു കിടന്നു കൊണ്ട് അവളുടെ പിൻ കഴുത്തിൽ മുഖം ചേർത്ത് വെച്ചു.
ഒന്ന് പിടഞ്ഞുവെങ്കിലും അവൾ അനങ്ങിയില്ല. കുസൃതി കാട്ടാൻ തുടങ്ങിയ അവന്റെ വിരലുകളെ അവൾ തട്ടി മാറ്റാൻ ശ്രമിച്ചു. അവൻ പക്ഷെ വിട്ടില്ല..
“എന്താ പറ്റിയത് നിനക്ക് പെട്ടെന്ന്..”
“വേണ്ടാ എന്നോട് മിണ്ടണ്ട. എനിക്ക് ഉറക്കം വരുന്നു..”
“അങ്ങനെ ഇപ്പോൾ ഒറ്റയ്ക്ക് കിടന്ന് ഉറങ്ങണ്ട..”
“എങ്കിൽ എന്നോട് തുറന്നു പറ എന്താ ഏട്ടന് സംഭവിച്ചതെന്ന്.. ”
“എനിക്കോ.. എനിക്ക് എന്ത് സംഭവിക്കാനാണ്. അതും നീയറിയാതെ..”
“ഞാൻ കാണാത്ത ആളൊന്നുമല്ലല്ലോ. ഇന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ മുതൽ മനസ്സ് ഇവിടെയെങ്ങുമല്ല. എന്താ പുതിയതായിട്ട് ആരെങ്കിലും മനസ്സിൽ കേറി കൂടിയോ.. ഉണ്ടെങ്കിൽ നേരത്തെ പറഞ്ഞാൽ വല്യ ഉപകാരം ആയേനെ..”
അവൻ ഇരുട്ടിലേയ്ക്ക് നോക്കി അടക്കി ചിരിച്ചു..
“നിന്നെപ്പോലൊരു പെണ്ണിനെ കയ്യിൽ കിട്ടിയ ഞാൻ ഇനി വേറൊരെണ്ണത്തിന്റെ പിന്നാലെ പോകുമെന്ന് തോന്നുന്നുണ്ടോ.. എനിക്ക് നിന്നെ മാത്രം മതിയെടീ കുറുമ്പിപാറൂ. നീ തരുന്ന സുഖം വിട്ടിട്ട് ഞാൻ മറ്റെവിടെ പോകാനാണ്.”
“ഓഹോ അപ്പോൾ എന്നിൽ നിന്ന് ഒരു സുഖവും കിട്ടിയില്ലെങ്കിൽ നിങ്ങൾ വേറെ പോയേനെ അല്ലേ..”
അവൾ പരിഭവിച്ചു.
അവൻ അവളുടെ ചെവിയിൽ ചെറുതായി ഒന്ന് കടിച്ചു.
“അയ്നു വേറെ പോകാൻ നീയൊന്നു
വിട്ടിട്ട് വേണ്ടേ..”
അവൾ തിരിഞ്ഞു കിടന്നിട്ട് അവനെ മുറുക്കെ പുണർന്നു.
“എന്റെ മോന് പോണോ.. എന്നെ വിട്ടിട്ട് പോകാൻ തോന്നുന്നുണ്ടോ. കൊന്ന് കളയും ഞാൻ.”
അമൽ അവളെ ശ്വാസം മുട്ടുന്ന വിധത്തിൽ തന്റെ ശരീരത്തേയ്ക്ക്ചേർത്ത് പിടിച്ചു.
“പെണ്ണേ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ..”
“ഉം.. എന്താ..?”
“ഒരു ചെറുപ്പക്കാരിയായ പെണ്ണ്,സ്വന്തം ഭർത്താവിന്റെ ഒപ്പം കിടക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ അതെന്തു കൊണ്ടായിരിക്കും..”
“ഒന്നുങ്കിൽ അവൾക്ക് മാറ്റാരോടെങ്കിലും അടുപ്പം ഉണ്ടായിരിക്കും..
അതുമല്ലെങ്കിൽ എന്തെങ്കിലും മെന്റൽ ഡിപ്രെഷനോ, ചിലപ്പോൾ ചെറുപ്പത്തിൽ ഉണ്ടായിട്ടുള്ള എന്തെങ്കിലും ശാരീരിക പീഡനങ്ങളോ, ഓർക്കാൻ ഇഷ്ടമില്ലാത്ത അനുഭവങ്ങളോ ഒക്കെയാവും.അല്ലാ
ഏട്ടനിപ്പോൾ ഇതൊക്കെ എന്തിനാണ് ചോദിക്കുന്നത്.ആരാണ് ആ പെണ്ണ്..”
“ഏയ്.. ഞാൻ വെറുതെ ചോദിച്ചതാ.. നീയുറങ്ങാൻ നോക്ക് പെണ്ണെ.”
അവൾക്ക് വിശ്വാസം വന്നില്ല.
“എനിക്ക് നിങ്ങളെ അറിയാത്തതൊന്നുമല്ലല്ലോ.ഈ പാതിരാത്രിയിൽ ഇങ്ങനെ ഒരു കാര്യം തിരക്കണമെങ്കിൽ എന്തെങ്കിലും ഗുട്ടൻസ് ഇല്ലാതിരിക്കില്ല മോനെ അമൂലെ..മര്യാദയ്ക്ക് പറഞ്ഞോണം. ഇല്ലേൽ ഈ രാത്രി ഉറങ്ങാൻ ഞാൻ സമ്മതിക്കില്ല..”
അവൾക്ക് ഇഷ്ടം കൂടുമ്പോൾ അവനെ വിളിക്കാറുള്ളതാണ് അമൂലെന്ന്.
അവൾ കുത്തിയിരുന്ന് അവന്റെ നെഞ്ചിൽ മെല്ലെ തല്ലി.
ശ്ശെടാ.. ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ. ഒന്നിനും പോകാതെ മര്യാദയ്ക്ക് കിടന്നുറങ്ങിയാൽ മതിയായിരുന്നു.എനിക്ക് എന്തിന്റെ കേടായിരുന്നു.
എന്തായാലും പറഞ്ഞേക്കാം. അവൾക്ക് എന്തെങ്കിലും മാർഗ്ഗം പറഞ്ഞു തരാൻ പറ്റിയാലോ.
“ഏതവളാ അത്.. പറഞ്ഞെ പറ്റൂ..”
“അത് നിന്റെ ഇന്റിമേറ്റ് ഫ്രണ്ട് ആ മിത്ര..”
അവൾ ഒന്ന് ഞെട്ടിയോ.
മിത്രയോ..??
“എന്താ വിശ്വാസം വരുന്നില്ല അല്ലേ. എങ്കിൽ അത് സത്യമാണ്. ഇന്ന് ആണ് ഞാനും ആ സത്യം അറിയുന്നത്.പാവം, ആദി ആകെ തകർന്നത് പോലെയാണ്. പോരെങ്കിൽ ഇന്ന് അവൻ വേറൊരു കാര്യം കൂടി പറഞ്ഞു എന്നെ ഞെട്ടിച്ചു കളഞ്ഞു.. മിത്രയെ ഡിവോഴ്സ് ചെയ്യാൻ പോകുന്നു എന്ന്..”
ങ്ങ് ഹേ..!!
നീതു കേട്ടത് വിശ്വസിക്കാൻ കഴിയാതെ തലയിൽ കൈ വെച്ചു.
“ഈ ആദിക്കെന്താ ഭ്രാന്ത് പിടിച്ചോ.. അവൾ എത്ര നല്ല കുട്ടിയാണെന്ന് ഏട്ടന് അറിയില്ലേ.അവളെ ഉപേക്ഷിച്ചു കളയാൻ അവനെങ്ങനെ തോന്നുന്നു.”
“പിന്നെ..അവനെന്താ ജീവിതകാലം മുഴുവനും അവളെ കണ്ടോണ്ടിരിക്കണോ. അവനൊരാണല്ലേ ചോരയും നീരുമുള്ള ചെറുപ്പക്കാരൻ. പണ്ടേ അവന് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്. അതൊക്കെ എങ്ങനെ നടക്കാനാണ്. ഞാനായിരുന്നെങ്കിൽ ഇങ്ങനെ ഉള്ളതിനെയൊക്കെ എപ്പോഴേ കളഞ്ഞിട്ട് വേറെ പെമ്പിള്ളേരെ കെട്ടിയേനെ..”
“കൊല്ലും ഞാൻ.. നിങ്ങൾ ആണുങ്ങൾക്ക് മാത്രമേയുള്ളോ ചോരയും നീരും. പെണ്ണിന്റെ മനസ്സ് ആദ്യം മനസ്സിലാക്കാൻ നോക്ക്. എന്നിട്ട് ആട്ടെ അവളുടെ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത്..”
“അതെന്താ നീയങ്ങനെ പറഞ്ഞത്. നിന്റെ ഇഷ്ടത്തോടെ അല്ലാതെ എപ്പോഴെങ്കിലും ഞാൻ നിന്റെ ദേഹത്ത് തൊട്ടിട്ടുണ്ടോ.. പിന്നെ, ആദിയുടെ കാര്യം പൂർണ്ണമായും എനിക്ക് അറിയില്ലല്ലോ. അവൻ പറഞ്ഞത് മാത്രമല്ലേ എനിക്കും അറിയൂ.. നീയൊന്ന് എങ്ങനെ എങ്കിലും മിത്രയുടെ മനസ്സിൽ എന്താണെന്ന് ഒന്ന് കണ്ട് പിടിക്ക്. വെറുതെ രണ്ടിന്റെയും ജീവിതം പാഴാക്കണ്ടല്ലോ.”
അവളെന്തോ വലിയ ആലോചനയിൽ ആണെന്ന് തോന്നി..
അവൻ അവളെ പിടിച്ചു വലിച്ചു നെഞ്ചിലേയ്ക്കിട്ടു.
“നമ്മുടെ ഒരു രാത്രി എന്തിനാ വെറുതെ ഓരോന്നൊക്കെ ആലോചിച്ചു കളയുന്നത്.”
“എന്റെ ഉറക്കം കളഞ്ഞതും പോരാ..വന്നേക്കുന്നു..
മാറങ്ങോട്ട്.”
അവൾ പരിഭവത്തോടെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു.
പക്ഷെ, പിറ്റേന്ന് രാവിലെ അമൽ ജോലിക്ക് പോയി കഴിഞ്ഞുള്ള നേരത്ത് അവൾ പെട്ടെന്ന് ഒരുങ്ങിയിറങ്ങി.
ഫോൺ വിളിച്ചപ്പോൾ മിത്ര വീട്ടിൽ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് എങ്കിൽ നേരിട്ട് തന്നെ അവളെയൊന്നു കണ്ടേക്കാം എന്ന് കരുതി.
അമൽ പറഞ്ഞത് സത്യം തന്നെ ആണെന്ന് ഇപ്പോഴും ബോധ്യമായിട്ടില്ല. അവൾക്ക് അങ്ങനെ ഒക്കെ പെരുമാറാൻ കഴിയുമോ.എത്ര സ്നേഹത്തോടെ ആണ് ആദിയോട് അവൾ പെരുമാറാറുള്ളത്. എത്ര താല്പര്യത്തോടെയാണ് അവനെക്കുറിച്ച് തന്നോട് പറയാറുള്ളത്. അപ്പോഴൊന്നും സംശയിച്ചിട്ട് കൂടിയില്ല അവൾ അവനുമായി ഇതുവരെയും അടുത്തിട്ടില്ലെന്ന്..!
വാതിൽ അടഞ്ഞു കിടന്നിരുന്നു.
സ്കൂട്ടർ ഒതുക്കി വെച്ചിട്ട് കോളിങ് ബെൽ അടിക്കുമ്പോൾ വീട്ടിൽ ആരുമില്ലെന്ന് സംശയിച്ചു.
അല്പം കഴിഞ്ഞതും വാതിൽ തുറന്ന് മിത്ര ഇറങ്ങി വന്നു. നീതുവിനെ കണ്ട് അവൾ പരിഭവം പറഞ്ഞു.
“കുറെ ആയല്ലോ രണ്ട് പേരെയും ഇങ്ങോട്ടൊക്കെ കണ്ടിട്ട്.. ഞങ്ങളെയൊക്കെ മറന്നോ..”
“നേരം കിട്ടാഞ്ഞിട്ടാണെന്നെ. ട്യൂഷൻ ഉള്ളത് കൊണ്ട് ഈ സമയത്തൊക്കെയല്ലേ ഇറങ്ങാൻ പറ്റൂ. അപ്പോഴാണെങ്കിൽ താനിവിടെ കാണത്തുമില്ല. ഇന്ന് എന്ത് പറ്റി, ലീവ് ആണോ.”
അവളുടെ വെളുത്തു തുടുത്ത മുഖത്ത് പെട്ടെന്നാണ് ഇരുളിമ പടർന്നത്.
പതിഞ്ഞ നേർത്ത.സ്വരത്തിൽ അവൾ പറഞ്ഞു.
“ഇല്ല.. പോയില്ല..
ഇനി മുതൽ പോകുന്നില്ല ജോലിക്ക് ”
“ങേഹേ, അതെന്താ ജോലി വേണ്ടെന്ന് വെച്ചത്. വെറുതെ ഇവിടെ ചടഞ്ഞിരിക്കുന്നത് എന്തിനാ.”
“അതല്ലെടാ, ആദിയേട്ടന് ഇഷ്ടമല്ല. ഞാനിനി ജോലിക്ക് പോകണ്ടെന്ന് എന്നോട് തീർത്തു പറഞ്ഞു..”
നീതു അവളെ സൂക്ഷിച്ചു നോക്കി.
മുഖത്തു കണ്ണീരുണങ്ങിയ പാടുകൾ..!
ഇവൾ കരയുകയായിരുന്നോ..
“അങ്ങനെ ആണെങ്കിൽ ഞാൻ ചെയ്യുന്നത് പോലെ ഹോം ട്യൂഷൻ ചെയ്യാമല്ലോ. താൻ ടീച്ചർ ആയി വർക്ക് ചെയ്തതല്ലേ.. ഒരുപാട് കുട്ടികളെയും കിട്ടും.”
മിത്ര നിഷേധത്തോടെ തല വെട്ടിച്ചു.
“ങ്ങൂഹും.. ഒന്നിനും സമ്മതിക്കില്ല.
ആൾക്ക് ഞാൻ പുറത്തോട്ട് പോകുന്നതോ, ആരോടെങ്കിലും മിണ്ടുന്നതോ, എന്തിനാ, ആരെയെങ്കിലും നോക്കുന്നത് പോലും ഇഷ്ടമല്ല.. എന്നെ സംശയമാണ് നീതു അദ്ദേഹത്തിന്.. ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ അദ്ദേഹത്തെ സ്നേഹിക്കുന്നത് കൊണ്ടാണോ ഇങ്ങനെ ഒരു ശിക്ഷ. എനിക്ക് സൗന്ദര്യം കൂടിപ്പോയത് എന്റെ കുഴപ്പം കൊണ്ടാണോ. ഞാൻ ആരോടോ പ്രണയത്തിലാണെന്നും, തരം കിട്ടിയാൽ ചാടിപ്പോകും എന്നൊക്കെയാണ് ഏട്ടൻ വിശ്വസിച്ചിരിക്കുന്നത്. എനിക്ക് മടുത്തു ഈ ജീവിതം. കഴിഞ്ഞ ദിവസം എന്നോട് എന്താ ആള് പറഞ്ഞതെന്നോ..
നമുക്ക് പിരിയാം എന്ന്. ഞാൻ അദ്ദേഹത്തെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ചതിച്ചിട്ടില്ല. എന്നിട്ടും എന്നോട് അങ്ങനെ വെട്ടിത്തുറന്നു പറയാൻ എങ്ങനെ കഴിഞ്ഞു എന്നോർത്തിട്ടാണ് എനിക്ക് സങ്കടം സഹിക്കാൻ കഴിയാത്തത്..”
നീതു എല്ലാം കേട്ട് നിശ്ചലയായിരുന്നു.
ആരു പറയുന്നതാണ് ശരി. ആരെയാണ് വിശ്വസിക്കേണ്ടത്.
മിത്ര ദേഹത്ത് ഒന്ന് തൊടാൻ പോലും സമ്മതിക്കുന്നില്ല എന്നാണല്ലോ ആദി ഏട്ടനോട് പറഞ്ഞത്. അത് എങ്ങനെ ആണ് ഈ പാവത്തിന്റെ മുഖത്ത് നോക്കി ചോദിക്കുന്നത് ഈശ്വരാ..
മിത്ര പെട്ടെന്ന് മുഖം തുടച്ചിട്ട് എഴുന്നേറ്റു.
“താനിരിക്ക്, ഞാൻ ചായ എടുക്കാം.”
ഒന്നും വേണ്ട എന്ന് പറയാൻ ആഞ്ഞതാണ്, പക്ഷെ എങ്ങനെ എങ്കിലും അവളുടെ നാവിൽ നിന്ന് തന്നെ എല്ലാം അറിയണം.
“ഞാനും കൂടെ വരാം ചായ ഇടാൻ.”
അവർ രണ്ട് പേരും അടുക്കളയിലേയ്ക്ക് നടന്നു.
“അമ്മയും അച്ഛനും ഒരു കല്യാണത്തിന് പോയി. വരുമ്പോൾ കുറച്ചു ലേറ്റ് ആകും.”
നീതു ചോദിക്കാൻ തുടങ്ങിയതാണ് അവരൊക്കെ എവിടെ എന്ന്.
മിത്ര, തിളയ്ക്കുന്ന പാലിലേയ്ക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് ഇളക്കുമ്പോൾ നീതു ഒന്നും അറിയാത്തത് പോലെ ഒരു കുശലം ചോദിച്ചു.
“നിങ്ങള് പ്ലാനിങ്ങിൽ ആണോ..
ഉടനെ ഒന്നും വേണ്ടെന്നാണോ മിത്രയുടെ ആഗ്രഹം. അതോ ഇനി ആദിക്കും അങ്ങനെ ആണോ..?”
മിത്രയുടെ മുഖം വിളറിപ്പോയി..
അവിടെ ഏട്ടനും തിരക്കാറുണ്ട് നിങ്ങളെ പറ്റി.. ഞങ്ങളും വെയ്റ്റിങ്ങിൽ ആണല്ലോ.ചിലപ്പോൾ നമുക്ക് ഒരുപോലെ ആയിരിക്കും ഉണ്ടാവുക.”
നീതു ഒരു തമാശ പറഞ്ഞു.
“അതിന് കുഞ്ഞുങ്ങൾ ഉണ്ടാകണമെങ്കിൽ ഒരിക്കലെങ്കിലും പരസ്പരം ഒന്നാകണ്ടേ. ദേഹത്ത് പോലും തൊടാതെ വെറുതെ നോക്കിയിരുന്നാലും അങ്ങനെ ഒക്കെ സംഭവിക്കുമെങ്കിൽ എത്ര നന്നായിരുന്നു..”
മിത്രയ്ക്ക് ഒരു പിടി വള്ളി കിട്ടി.
അവൾ മിത്രയുടെ ചുമലിൽ പിടിച്ചു തനിക്ക് നേരെ നിർത്തി.
എന്നിട്ട് അവളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി.
“താനെന്താടോ ഈ പറയുന്നത്. ഇതെന്താ ദിവ്യഗർഭം വല്ലതുമാണോ നോക്കിയിരുന്നാൽ ഉടനെ ഗർഭിണി ആകാൻ. അതൊക്കെ പുരാണ കഥകളിൽ അല്ലേ നടക്കുന്നത്. നിങ്ങൾക്ക് അതിന്റെ ആവശ്യമെന്താ..?”
മിത്ര പരിഹാസത്തോടെ ഒന്ന് ചിരിച്ചു.
ഒരു കപ്പിൽ അവൾക്കുള്ള ചായ എടുത്തു നീട്ടിക്കൊണ്ട് പറഞ്ഞു.
“ഞാനും ഏട്ടനും ഇപ്പോൾ പുരാണകാലത്താണ് ജീവിക്കുന്നത്.. സോറി, ഞാൻ അല്ല കേട്ടോ.. ആദിയേട്ടൻ.!
ആൾക്ക് എന്നെ തൊടാൻ പേടിയാണ്. ഞാൻ ഗർഭിണി ആയാല് എന്റെ ഈ സൗന്ദര്യം മൊത്തോം പോകും. കുഞ്ഞിന് പാല് കൊടുത്തു എന്റെ മാറിടം ഇടിഞ്ഞു തൂങ്ങും, ഈ വയറിൽ നിറയെ വരയും കുറിയും പോലെ വൃത്തികെട്ട പാടുകൾ വീഴും. തടിച്ചു വീർത്തിട്ട് എന്റെ ബോഡി ഷേപ്പ് നഷ്ടമാകും ഇനിയും ഇനിയും ഒരുപാട് ഉണ്ട് കാരണങ്ങൾ.. പലതും തന്നോട് പോലും തുറന്നു പറയാൻ പറ്റാത്തത്ര കാരണങ്ങൾ..
അതിനാൽ എനിക്ക് അമ്മയാകാനുള്ള അവസരം എന്റെ ഭർത്താവ് നിഷേധിച്ചിരിക്കുകയാണ്. ഒരു കുഞ്ഞിന് വേണ്ടി ഭാര്യയുടെ സൗന്ദര്യം കളയാൻ അദ്ദേഹം തയ്യാറല്ല.. ഒരു പുതുപ്പെണ്ണും ശരീരത്തിന്റെ കാമനകൾ തീർക്കാൻ വേണ്ടി ഭർത്താവിനോട് ഇരക്കാൻ ചെല്ലാറില്ല.. അവൻ ആർത്തിയോടെ അടുത്തേയ്ക്ക് വന്നാൽ പോലും ചെറിയൊരു നിഷേധത്തോടെ മാത്രമേ അവൾ അവന് വിധേയയാവുകയുള്ളൂ.
ഇവിടെ എന്റെ ഭർത്താവിന് ഞാൻ എന്നും കണ്ടുകൊണ്ടിരിക്കാനുള്ള ഒരു സൗന്ദര്യമുള്ള വസ്തു മാത്രമാണ്..
എനിക്ക് ആഗ്രഹങ്ങൾ പാടില്ല, സ്വാതന്ത്ര്യം മോഹിക്കരുത്.. ആരോടും മിണ്ടാതെ ഈ വീട്ടിൽ കഴിഞ്ഞു കൂടിക്കോണം..
പക്ഷെ, മറ്റെന്തും ഞാൻ സഹിക്കും, എന്റെ ജോലി വേണ്ടെന്ന് വെയ്ക്കാൻ ആൾക്ക് എന്ത് അവകാശമാണുള്ളത്.. ആ ഒരു ജോലി മാത്രമായിരുന്നു ഇവിടുത്തെ എന്റെ നരക ജീവിതത്തിലെ പകലുകളിലെ ഏതാനും മണിക്കൂറുകൾ മാത്രമുള്ള ഒരു വിടുതൽ. ഒരു ആശ്വാസം..
ജോലിക്ക് പോകാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് അങ്ങോട്ട്, എനിക്ക് ഈ ജീവിതം മടുത്തു,. നമുക്ക് പിരിയാം എന്ന്. പക്ഷെ, അതാണ് ഇപ്പോൾ ഏറ്റവും വലിയ അപരാധം പോലെ അദ്ദേഹം കരുതിയിരിക്കുന്നത്.
എനിക്ക് ഡിവോഴ്സ് വേണമെന്ന് ഞാൻ പറഞ്ഞത്രേ.. അച്ഛനും അമ്മയും പോലും എന്നെയിപ്പോൾ ഒരു വൃത്തികെട്ട പെണ്ണായിട്ടാണ് കാണുന്നത്.
ഞാൻ ഏട്ടന്റെ കൂടെ കിടക്കുന്നില്ല, കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് ഇഷ്ടമല്ല എന്നൊക്കെയാണ് എന്നിൽ ചുമത്തപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ..
ഇനി നീതു പറയൂ, ഞങ്ങൾക്ക് ദിവ്യ ഗർഭത്തിൽ കൂടി കുഞ്ഞുങ്ങൾ ഉണ്ടാകാൻ വല്ല വഴിയുമുണ്ടോയെന്ന്.. ”
കയ്യിലിരുന്ന ചായ ആറി തണുത്തിരുന്നു.
കേട്ടത് മുഴുവനും വിശ്വസിക്കാൻ കഴിയാതെ നീതു മരവിച്ചിരുന്നു പോയി.
ദൈവമേ.. ആദി, ഏട്ടനോട് എന്തൊക്കെയാണ് ഇവളെ കുറിച്ച് പറഞ്ഞത്. ഇവൾ തന്നോട് പറഞ്ഞത് എന്തൊക്കെയാണ്.. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്..!
“എനിക്ക് മരണം വരെയും ആദിനാഥിന്റെ
ഭാര്യയായിരുന്നാൽ മതി. പക്ഷെ ആ ചോരയിൽ ഒരു കുഞ്ഞിനെ വേണമെന്ന് ആശിക്കുന്നത് തെറ്റാണോ. ഏഴു മാസമേ ആയിട്ടുള്ളൂ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. പക്ഷെ എഴുപത് വർഷത്തെ ദുഃഖം മുഴുവനും ഞാൻ അനുഭവിച്ചു കഴിഞ്ഞു.. എന്നെയൊന്നു സ്പർശിക്കാൻ പോലും തയ്യാറാകാത്ത ഒരു ഭർത്താവിന്റെ ഒപ്പം ഇനിയും എത്ര നാൾ വേണമെങ്കിലും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കാം. പക്ഷെ, ഈ തടവറയിൽ നിന്ന് ഒരല്പം നേരമെങ്കിലും എന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവാദം ഇല്ലെങ്കിൽ പിന്നെ ഈ കാത്തിരിപ്പ് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്..”
നീതു മിത്രയുടെ ചുമലിൽ ഒന്ന് കൂടി അമർത്തി പിടിച്ചു..
“താൻ വിഷമിക്കണ്ടടോ. എല്ലാം ശരിയാകും. ഞങ്ങളില്ലേ തന്റെയൊപ്പം..
താൻ ധൈര്യമായിട്ടിരിക്ക്..”
മിത്രയുടെ മുഖത്ത് ചെറിയൊരു തെളിച്ചം വീശി..ആരൊക്കെയോ തനിക്കൊപ്പം ഉണ്ടെന്ന് ഒരു തോന്നൽ.
യാത്ര പറഞ്ഞിറങ്ങുമ്പോൾ നീതു വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.
പ്രതീക്ഷയുടെ ഒരു കൈത്തിരി നാളം പോലെ മിത്ര അവളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു.
ശാലിനി
